പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ലക്ഷദ്വീപിലെ സുന്ദരി (കല്‍പേനി) > കൃതി

ഫിഷിംങ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

അടുത്ത ദിവസം രാവിലെ ആറുമണിക്കു തന്നെ മീന്‍ പിടിക്കാന്‍ പോവാനുള്ള തോണി തയ്യാറായി നിന്നു.ഞങ്ങള്‍ അരമണിക്കൂര്‍ വൈകിയാണ് എത്തിയത് നവാസ് അവിടെ കാത്തുനിന്നിരുന്നു. ഒരു സ്പെഷ്യല്‍ ട്രിപ്പായതിനാല്‍ ഫിഷിംങിനെക്കുറിച്ചുള്ള ആധി തോണിക്കാര്‍ക്കുമുണ്ടായിരുന്നില്ല. ചെറിയ നാലഞ്ചു പാത്രങ്ങളും കറിക്കാവശ്യമായ ചേരുവകളും നവാസ് കരുതിയിരുന്നു. എല്ലാവര്‍ക്കുമാവശ്യമായ പ്രഭാതഭക്ഷണവും അയാള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനഞ്ചു ലിറ്റര്‍ കന്നാസില്‍ നിറയെ കുടിവെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം കണ്ടപ്പോള്‍ മുന്‍കരുതലുകള്‍ കുഴപ്പമില്ല എന്ന് എനിക്കു തോന്നി.

തോണിക്കാരുടെ പേര് അഷറഫ്, മുഹമ്മദ് എന്നിങ്ങനെയാണ്. ഞങ്ങളടക്കം ഏഴുപേരാണ് ആകെയുള്ളത്. സാമാന്യം ഇടത്തരം വലിപ്പമുള്ള തോണിയാണ്. ഉച്ചക്ക് രണ്ടുമണിക്ക് തിരിച്ചെത്തണമെന്നതായിരുന്നു ആദ്യമേയുള്ള ലക്ഷ്യം ഞങ്ങളില്‍ രവിയും ഫാറൂക്കും ആദ്യമായിട്ടാണ് തോണിയാത്ര ചെയ്യുന്നതെത്രെ ( കപ്പലിറങ്ങി കരക്കു വരുമ്പോള്‍ ഇരുന്ന യാത്ര വേറെ)

മോട്ടോര്‍ ഘടിപ്പിച്ച തോണി മുന്നോട്ടു നീങ്ങി. തീരത്തേക്ക് വിരുന്നു വരുന്ന തിരകള്‍ ഞങ്ങളെ അടിമുടി നനച്ചു. പിന്നീടവര്‍ തീരത്തു ചെന്ന് പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ മുഖം വിളറിയെങ്കിലും ഒരു വിധ വ്യത്യാസവും അഷറഫിനോ മുഹമ്മദിനോ ഉണ്ടായിരുന്നില്ല. തീരത്തു നിന്നകലുന്തോറും കടല്‍ നിശബ്ദത കൈവരിച്ചു. ഏറെ അകലേക്കൊന്നും പോകേണ്ട എന്ന് ഗഫൂര്‍ പറയുന്നുണ്ടായിരുന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ ഓരോ ചൂണ്ടകള്‍ രവിക്കും ഫാറൂക്കിനും മുഹമ്മദ് കൊടുത്തു. അതില്‍ മീനിനെ ആകര്‍ഷിക്കാനായി ഇരകള്‍ കോര്‍ത്തിട്ടുണ്ട് ചെറിയ കുട്ടിയുടെ കയ്യില്‍ അമൂല്യമായ കളിപ്പാട്ടം കിട്ടിയ കണക്കായിരുന്നു അവര്‍ക്ക്.

അഷറഫ് കടലിലേക്ക് വലവീശി ബോട്ടിന്റെ വേഗം നന്നേ കുറച്ചു. കടല്‍ക്കാറ്റ് ഞങ്ങളെ തഴുകികൊണ്ടിരുന്നു. എട്ടരമണിയായപ്പോള്‍ നവാസ് ഭക്ഷണപൊതികള്‍ പുറത്തെടുത്തു. അതില്‍ പൊറോട്ടയും മീന്‍ കറിയും ഓംലെറ്റുമാണുള്ളത്. ഞങ്ങള്‍ ഭക്ഷണം നന്നായി കഴിച്ചു. ഇടക്കിടെ ചൂണ്ടകള്‍ കൈമാറി മീന്‍പിടുത്തം നടത്തി. ചൂണ്ടയില്‍ നിന്നുതന്നെ പത്തുമണിക്കകം അമ്പതോളം മീനുകള്‍ കിട്ടി. അവയില്‍ വലുതിന് ഏകദേശം ഒരടിനീളവും കൈക്കുഴയുടെ അത്രയും വണ്ണവുമുണ്ടായിരുന്നു. മൂന്നു കുട്ടയോളം മത്സ്യം എല്ലാം കൂടിയുണ്ട്.

അഷറഫിനും മുഹമ്മദിനും മുഖം നന്നേ തെളിഞ്ഞിരിക്കുന്നു. അവര്‍ സന്തുഷ്ടരാണെന്ന് മുഖഭാവം പറയുന്നുണ്ട്. ഞങ്ങള്‍ കയറിയിട്ട് വല്ല ശകുനപ്പിഴയും ഉണ്ടോയെന്ന് ഞാന്‍ അവരോട് ഭംഗി വാക്ക് ചോദിച്ചു. മുഹമ്മദിന് വളരെ സന്തോഷമാണുണ്ടായത്. ചുരുങ്ങിയ സമയത്തിനകം ഇത്രയും മത്സ്യം ആദ്യമായിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് എന്നെ സന്തോഷിപ്പിച്ചു.

തിരകളോട് കിന്നാരം പറഞ്ഞാണ് ഇപ്പോള്‍ തോണി നീങ്ങുന്നത്. ഇടക്കിടെ ഇടത്തരം മീനുകളും ചെറിയവയും വെള്ളത്തില്‍ ഉയര്‍ന്നു ചാടി കളിച്ചു. ഇതിനിടക്കാണ് ഞാന്‍ നവാസിനോട് എന്റെ ആഗ്രഹം അറിയിച്ചത്. ചെറിയം , പിട്ടി, തിലാക്കം, കോടി എന്നീ ചെറിയ ദ്വീപുകള്‍ വഴി തിരിച്ചു പോകാന്‍ പറ്റുമോ എന്നായിരുന്നു എന്റെ ആഗ്രഹം ഏറെക്കുറെ ഇതേ അഭിപ്രായം തന്നെയായിരുന്നു മറ്റുള്ളവര്‍ക്കും ഉണ്ടായിരുന്നത്. അഷറഫിനും മുഹമ്മദിനും ഇത് സമ്മതമായിരുന്നു. ഞങ്ങള്‍ തോണി തിരിച്ചു വിട്ടു.

ചെറിയ ദ്വീപുകളുടെ ( തുരുത്തുകളുടെ) കരയിലേക്ക് ചെല്ലുമ്പോള്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് കാണുവാനുള്ളത്. നീലയും കടും നീലയും ഇടകലര്‍ന്ന് കടല്‍ വെള്ളം നട്ടുച്ചനേരത്തെ സൂര്യകിരണങ്ങളേറ്റ് അലകളുടെ തിളക്കം. ലഗൂണ്‍ മത്സ്യങ്ങളുടെ പറന്നു ചാട്ടം. കരയോടടുത്തുള്ള മടക്കുപാറകളില്‍ തിരകളുടെ ആഞ്ഞാഞ്ഞുള്ള പ്രഹരം. ദ്വീപുകളിലെ തെങ്ങിന്‍ തലകളില്‍ കാറ്റിന്റെ തലോടലും താഢനവും. നിലത്ത് പൊന്തച്ചെടികളാണ് നിറയെ അതില്‍ മുള്‍ച്ചെടികള്‍ കാടുപിടിച്ചു കിടക്കുകയാണ് ഇടക്കിടെ മുകളിലേക്കു പറന്നുയരുന്ന ചെറുകുരുവികള്‍ അസ്ത്രം കണക്കെയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പിട്ടിയും ചെറിയ പിട്ടിയും ഏതോ രണ്ടുപേരുടെ മാത്രം കുടുംബസ്വത്താണെന്ന് നവാസ് പറഞ്ഞു. ഈ രണ്ടു ദ്വീപുകള്‍ക്കും യഥാക്രമം ഏഴും നാലും ഏക്കര്‍ വലി‍പ്പമാണുള്ളത്. തിലാക്കം ദ്വീപിന് പത്ത് ഏക്കറോളം വലിപ്പം വരും. ഏറ്റവും ചെറിയ ദ്വീപാണ് കോടിത്തല രണ്ട് ഏക്കറിലധികം വലിപ്പം ഉണ്ടാവാനിടയില്ല തനി മുള്‍ക്കാടുകളാണ് ഇവിടെയുള്ളത്. ഒരു തെങ്ങുപോലും ഇവിടെ കാണാന്‍ കഴിഞ്ഞില്ല പലരും തെങ്ങുവച്ചു നോക്കിയെങ്കിലും അത് വളര്‍ന്നില്ല എന്നാണ് നവാസ് പറഞ്ഞത്.

കൊച്ചു കൊച്ചു ദ്വീപുകള്‍ ചുറ്റിവരുവാന്‍ ഏറെയൊന്നും അധ്വാനം എടുക്കേണ്ടതില്ല കാരണം ചെറിയ പിടി, വലിയ പിടി , കോടിത്തല എന്നിവ തമ്മില്‍ ശരാശരി അഞ്ഞൂറുമീറ്ററില്‍ താഴെ മാത്രമേ അകലമൊള്ളു. ഇവയെല്ലാം കല്പേനി ദ്വീപിന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ നേരെ മറിച്ചാണ് തിലാക്കവും ചെറിയവും ഇവ ദ്വീപിന്റെ ( കല്പേനി) വടക്കു ഭാഗത്താണ്. ദ്വീപുകള്‍ ചുറ്റി യാത്ര പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തുമ്പോള്‍ സമയം മൂന്നുമണിയായിരുന്നു. ദ്വീപുകള്‍ ചുറ്റുന്നതിനിടക്കും മുഹമ്മദ് വലയെറിഞ്ഞിരുന്നു. ഇപ്പോള്‍ സാമാന്യം അഞ്ചുകുട്ടയിലധികം മീനുണ്ട്. ഇന്ന് കൊള്ളാവുന്ന കോളാണെന്ന് അഷരഫ് നവാസിനോട് പറയുന്നതു കേട്ടു. കരയ്ക്കടുത്ത് ഞങ്ങള്‍ ഇറങ്ങി. തോണിക്കാര്‍ക്ക് എന്തെങ്കിലും കൊടുക്കണമല്ലോ എന്നു കരുതി ഞാന്‍ ഇരുനൂറുരൂപയെടുത്ത് മുഹമ്മദിനു നേരെ നീട്ടി. അവര്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഇന്ന് ധാരാളം മത്സ്യം കിട്ടിയിട്ടുണ്ട് ഇക്കണി നിങ്ങളാണ് അതുതന്നെ ധാരാളം അഷറഫും പറഞ്ഞു. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചില്ല. റൂമില്‍ തിരിച്ചെത്തുമ്പോള്‍ നാലുമണിയായിട്ടുണ്ട്. ഞങ്ങള്‍ക്കുവേണ്ടി വാങ്ങി വച്ചിരുന്ന ഭക്ഷണപൊതികള്‍ ആറുമുഖന്‍ തന്നു ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കത്തന്നെ മീന്‍ പിടുത്ത വിശേഷങ്ങളും കൂടെയുള്ളവരെ അറിയിച്ചുകൊണ്ടിരുന്നു.

തുടരും......

Previous Next

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.