പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഘടികാരം ഉടയ്‌ക്കരുത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുരളി മങ്കര

കവിത

ക്ലോക്ക്‌വൈസിൽ തന്നെ കറങ്ങുന്ന

ഘടികാരസൂചി

സൂര്യനൊപ്പം യാത്രചെയ്യുന്നു

ചന്ദ്രനൊപ്പം യാത്രചെയ്യുന്നു

കലണ്ടറുകളെ മാറ്റിവരയ്‌ക്കുന്നുഃ-

സാഹിത്യകാരന്‌ പ്രകൃതിദൃശ്യം

ആത്മീയവാദിക്ക്‌ അമ്മ, ബാബ, കരിങ്കുട്ടി.....

ലൗകികർക്ക്‌ താജ്‌മഹൽ, ഈഫൽ ടവ്വർ, ബുദ്ധപ്രതിമ..

ഫെമിനിസ്‌റ്റുകൾക്ക്‌ ഋത്വിക്‌ മസിൽ...

വിപ്ലവകാരികൾക്ക്‌ ഭഗത്‌സിംഗ്‌, ചെ ഗുവേര, ത്രിമൂർത്തികൾ....

ബീഡിക്ക്‌ ശ്രീദേവി

ബോഡിക്ക്‌ ഗണപതി

അല്ലാത്തവർക്ക്‌ ഒഴിഞ്ഞവീട്‌, നിറഞ്ഞനഗരം, പൂമരം, പഞ്ചവർണക്കിളി....

കലണ്ടർചിത്രം നോക്കി ഗൃഹനാഥന്റെ വയസ്സറിയാം.

അച്ഛന്റെയും മകന്റെയും കിടപ്പുമുറിയറിയാം.

മനസ്സറിയാം, മറവിയറിയാം.

ഓടിനടന്ന്‌ പുറപ്പെട്ടിടത്തു തന്നെയെത്തുന്ന

ഘടികാരസൂചി

മഞ്ഞും മഴയും മധ്യവേനലവധിയും

കൊണ്ടുവരുന്നു.

ഇലക്‌ഷനും ഡി.എ. കുടിശ്ശിഖയും

കൊണ്ടുവരുന്നു.

അസൂയ, വാതം, കേൾവിക്കുറവ്‌

ഭഗവദ്‌ഗീത, ആർട്‌ ഓഫ്‌ ലിവിംഗ്‌.....

എവിടെയും സമയം കൂടെവരുന്നു.

ഒടുവിൽ വയസ്സനുമാവാം എന്നാകുന്നു.

സമയവും കാലവും ഞാൻതന്നെ എന്നാകുന്നു.

സമയത്തെ അറിയുന്നതുകൊണ്ട്‌

സമയത്തിനുമപ്പുറത്തുളളവൻ എന്നാകുന്നു.

..................................................................

എന്നാലിനി ഘടികാരത്തെ ചുറ്റിക കൊണ്ടടിച്ചുട.....

നോ​‍ാ​‍ാ......

വീട്ടിയുടെ ഫ്രെയിമാണ്‌

പരസ്യം കണ്ടു വാങ്ങിയതാണ്‌

വിശ്വസിക്കാവുന്ന സമയമാണ്‌

ഘടികാരം ഉടയ്‌ക്കുകയോ?

സമയദോഷം കൊണ്ടാണ്‌ ഇങ്ങിനെയൊക്കെ തോന്നുന്നത്‌.

നാളെയും

നേരത്തിനുണരുവാൻ

അലാറം വയ്‌ക്കണ്ടായോ?

മുരളി മങ്കര

പേര്‌ഃ മുരളീധരൻ സി.കെ. പാലക്കാട്‌ വിക്‌ടോറിയാകോളേജിലും ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിലും വിദ്യാഭ്യാസം. ഇപ്പോൾ കേരളവാട്ടർ അതോറിറ്റിയുടെ പാലക്കാട്‌ ഓഫീസിൽ ഗുമസ്‌തൻ. ആനുകാലികങ്ങളിൽ ഇടയ്‌ക്കെല്ലാം കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്‌. ചിത്രരചനയിൽ അതിയായ താല്പര്യമുണ്ട്‌. തിരുവനന്തപുരം ദൂരദർശനുവേണ്ടി നിർമ്മിച്ച നാലു ഡോക്യുമെന്ററികൾക്ക്‌ തിരക്കഥ എഴുതി (മഹാകവി പി, അക്കിത്തം, കഥാകാരി രാജലക്ഷ്‌മി, പറയിപ്പെറ്റ പന്തിരുകുലം എന്നിവരെകുറിച്ചു നിർമ്മിച്ചത്‌) മാധ്യമപഠന കേന്ദ്രത്തിന്റെ അവാർഡു ലഭിച്ച ‘നിളയുടെ കണ്ണീർച്ചാലുകൾ’ തുടങ്ങി ഇരുപതോളം ഡോക്യുമെന്ററികളുടെ സഹസംവിധായകനായിരുന്നു. 2000ത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ‘സൂര്യ’ സംപ്രേഷണം ചെയ്‌ത ഗാന്ധിജയന്തി സ്പെഷൽ ‘രഘുപതിരാഘവ.....’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായിരുന്നു.

വിവാഹിതൻ. ഭാര്യഃ അഡ്വ.കെ.പി. സുമ. മകൻഃ ബാലമുരളി.

വിലാസംഃ കോമളാനിവാസ്‌, മങ്കര പി.ഒ., പാലക്കാട്‌ - 678613
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.