പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കെനിയൻ കുറിപ്പുകൾ > കൃതി

മസായി മാര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ജി. നായർ

കെനിയൻ കുറിപ്പുകൾ

ജുലായ്‌ മാസത്തിലെ ഉച്ചവെയിലിൽ ‘ശെരംഗറ്റി’ ജ്വലിച്ചു നില്‌ക്കയാണ്‌ അകലെ ഉണങ്ങിയ പുൽമേടുകൾ കത്തിയമരുന്ന പുകമണം വടക്കൻ കാറ്റിൽ പാറി എത്തി. വെള്ളവും പച്ചപ്പുല്ലൂം തേടിയെത്തിയ വിൽഡിബീസ്‌റ്റും, സീബ്രയും ഗസൽമാനുകളും വൻ കൂട്ടങ്ങളായി സമതലങ്ങളിൽ അലഞ്ഞു നടന്നു. അല്ല, ശതലക്ഷക്കണക്കിനുള്ള വിൽഡിബീസ്‌റ്റു പറ്റത്തിന്റെ മുന്നറ്റത്ത്‌ ഒരു തിരയിളക്കം! മുൻ നിര നീങ്ങിത്തുടങ്ങി. വടക്കോട്ട്‌............. ഒരു മഹാപ്രയാണത്തിന്റെ തുടക്കം! കൂലം കുത്തി ഒഴുകുന്ന മാരാ നദി കുറുകെ നീന്തിക്കടക്കുന്നതിനിടയിൽ നൂറുക്കണക്കിനു മൃഗങ്ങൾ കുത്തൊഴുക്കിൽപ്പെട്ടും, മുതലകൾക്കു തീറ്റയായും, ഒപ്പം നീങ്ങുന്ന സിംഹങ്ങൾക്കു പ്രാതലായും ചത്തൊടുങ്ങി. ശേഷിക്കുന്നവ പ്രയാണം തുടരുന്നു. ഗർഭിണികൾ പ്രസവിക്കുന്നതുപോലും ഈ ഓട്ടത്തിനിടയിലാണ്‌. പെറ്റുവീഴുന്ന കുഞ്ഞുങ്ങൾ രണ്ടു മൂന്നു മിനിറ്റുകൾക്കുളളിൽ എണീറ്റ്‌ അമ്മയോടൊപ്പം ഓടിത്തുടങ്ങും. ദിവസങ്ങളോളം നീളുന്ന ഈ പ്രയാണം അവസാനിക്കുന്നത്‌ ‘മസായിമാര’യിലെ പച്ചപ്പുൽത്തടങ്ങളിലാണ്‌. ഒക്‌ടോബറിൽ അവിടെ പുല്ലുണങ്ങിത്തുടങ്ങുമ്പോൾ തിരിയെ ശെരംഗറ്റിയിലേക്ക്‌! അപ്പോഴേക്കും അവിടെ പുൽമേടുകൾ പുതുനാമ്പിട്ടു പച്ച പുതച്ചുതുടങ്ങും. ഈ ചാക്രിക പ്രയാണം അനന്തമായി തുടരുന്നു. ലോകത്തു മറ്റൊരിടത്തും ഇത്തരം ഒരു അത്‌ഭുതപ്രതിഭാസം കാണാനാവില്ല- The Great migration!

ശെരൻഗറ്റി ടാൻസാനിയൻ അതൃത്തിയിലാണ്‌. മസായിമാര കെനിയയിലും. കുറുകെ ഒഴുകുന്ന മാരാനദി ഈ ലോകോത്തര ‘ഗെയിം റിസർവി’നെ രണ്ടായി പകുക്കുന്നു. 1510 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുളള ഈ വന്യമൃഗസങ്കേതം. മെഡിറ്ററേനിയൻ കടൽ മുതൽ സൗത്ത്‌ ആഫ്രിക്കവരെ നീണ്ടു പരന്നുകിടക്കുന്ന ‘ദി ഗ്രേറ്റ്‌ റിഫ്‌റ്റ്‌വാലി’യുടെ മടിത്തട്ടിലാണ്‌. നെയ്‌റോബിയിൽ നിന്നും 170 കി. മീ. ദൂരെ.

കെനിയയിൽ കാൽ കുത്തിയ നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്‌ മസായിമാര വന്യമൃഗസങ്കേതത്തെക്കുറിച്ച്‌. ആഗസ്‌റ്റിലെ ഒരു തെളിഞ്ഞ പ്രഭാതത്തിൽ ഞങ്ങൾ മാരയിലേക്കു യാത്ര പുറപ്പെട്ടു. ഹനീഫും ആയിഷയും, എന്നോടും മണിയോടും ഒപ്പമുണ്ട്‌. ഫാക്‌ടറിയിൽ കൺസൾട്ടന്റ്‌ എൻജിനീയറായി ഇംഗ്‌ളണ്ടിൽ നിന്നെത്തിയ ഹെന്റി ഹഡ്‌സൺ ആണ്‌ യാത്രയ്‌ക്കു മുൻകൈ എടുത്തത്‌. വർഷത്തിൽ മുന്നോ നാലോ തവണ ഇംഗ്‌ളണ്ടിൽ നിന്നും നെയ്‌റോബിയിലെ ഞങ്ങളുടെ ഫാക്‌ടറിയിൽ മെഷീനറി സർവ്വീസിംഗിനെത്തുന്ന ഹെന്റി മുടങ്ങാതെ മസായിമാര സന്ദർശിക്കും. കാരണമുണ്ട്‌, ജെറി എന്ന കെനിയൻ സുന്ദരി അവിടെ ഗെയിം വാർഡനാണ്‌.

ഞങ്ങളെ കാത്ത്‌ (അതോ, ഹെന്റിയേയോ) ജെറി മസായിമാരയുടെ കവാട ഗോപുരത്തിൽത്തന്നെ ഉണ്ടായിരുന്നു. പച്ച യുണിഫോം അണിഞ്ഞ്‌ ഓടി എത്തിയ ജെറിയുടെ തടിച്ചുകൊഴുത്തമേനി ഹെന്റിയുടെ ഗാഢാശ്ലേഷണത്തിലമർന്നു. സാമാനൃം ദീർഘിച്ച ആ പ്രണയ പ്രകടനം ഏതോ ഇംഗ്‌ളീഷ്‌ സിനിമയിലെ ചൂടുരംഗങ്ങളെ ഓർമ്മിപ്പിച്ചു. ആയിഷ മുഖം കുനിച്ചു കളഞ്ഞു. ‘ഛെ! നാണമില്ലാത്ത വർഗം! ഇത്ര പരസ്യമായി....’ മണി പിറുപിറുത്തു. രംഗം നീളുന്നതു കണ്ടപ്പോൾ ഞാൻ ഹനീഫയോടു ചോദിച്ചു. ‘ഇരുളുന്നതിനു മുൻപ്‌ നമുക്ക്‌ ഹോട്ടലിൽ എത്തേണ്ടേ? നിർത്താൻ പറയൂ, ഹനീഫാ!“ ഹനീഫ എന്റെ മുഖത്തു നോക്കാതെ ഒരു ചമ്മിയ ചിരി ചിരിച്ചു.

ഗെയിം പാർക്കിനുളളിലുളള ഹോട്ടലിലേക്ക്‌ ഞങ്ങളെ ജെറി കുട്ടിക്കൊണ്ടുപോയി. വഴിയരികിലെ കുറ്റിക്കാട്ടിൽ തല ഒളിപ്പിച്ച്‌ ഒരു സിംഹരാജനും കാമുകിമാരും മയങ്ങുന്നു. ”സിംഹങ്ങളല്ല, കഴുതപ്പുലികളാണ്‌ അപകടകാരികൾ.“ അല്പം അകലെക്കൂടി തന്റെ കാലിക്കൂട്ടങ്ങളെ തെളിച്ചുകൊണ്ട്‌, നീണ്ട ദണ്ഡുകുത്തി കൂസാതെ നടന്നുപോകുന്ന മസായിയെ ചൂണ്ടി ജെറി പറഞ്ഞു.

ഹോട്ടലിനു ചുറ്റും ആഴമേറിയ കിടങ്ങാണ്‌. വാഹനം അകത്തേക്കു കടന്നാൽ കിടങ്ങിനു കുറുകെയുളള ഇരുമ്പുപാലം തനിയെ ഉയർന്നുമാറും. കവാടത്തിൽ അമ്പും വില്ലുമേന്തിയ മസായികൾ കാവലുണ്ട്‌. ഞങ്ങളെ ഹോട്ടലിൽ വിട്ട്‌ ഹെന്റിയും ജെറിയും വനത്തിനുളളിൽ എവിടെയോ ഒളിഞ്ഞുകിടക്കുന്ന ക്യാമ്പ്‌ ടെന്റിലേക്ക്‌ പാഞ്ഞുപോയി. ”രാവിലെ കാണാം“ ഹെന്റി കൈ വീശി.

വരണ്ട പുൽപ്പരപ്പ്‌. അങ്ങിങ്ങു പൊന്തക്കാടുകൾ. ഒരു ക്യാൻവാസിൽ വരഞ്ഞിട്ട ഓയൽ പെയിന്റിംഗ്‌ പോലെ, അടുത്തടുത്തു മേഞ്ഞു നിൽക്കുന്ന സീബ്രകൾ, മാനുകൾ, വിൽഡിബീസ്‌റ്റുകൾ! സന്ദർശകരേയും കയറ്റി മൺപാതകളിലൂടെ, തലങ്ങും വിലങ്ങും ചീറി ഓടുന്ന, മേൽമൂടി തുറന്ന നൂറുക്കണക്കിനു വാഹനങ്ങൾ (സഫാരികൾ). ചക്രവാളച്ചെരിവോളം പരന്നു കിടക്കുന്ന മാരാസമതലം. ജെറി കാണിച്ചുകൊടുക്കുന്ന കാട്ടുപാതകളിലൂടെ ഞങ്ങളുടെ സഫാരി ഇരച്ചു പാഞ്ഞു. പെട്ടെന്നാണ്‌ ജെറിയുടെ കോഡ്‌ലസ്‌ ഫോണിൽ സന്ദേശം എത്തിയത്‌. ”കിഴക്കോട്ടു നീങ്ങൂ! ചതുപ്പിനരികെ ബൊവാബാബ്‌ മരത്തിനു കീഴെയുളള പാറമേൽ ഒരു ചീറ്റപ്പുലി ’കില്ലി‘നു തയ്യാറെടുത്തിരിക്കുന്നു. ചതുപ്പിനക്കരെ മേഞ്ഞു നീങ്ങുന്ന വിൽഡിബീസ്‌റ്റിൻ പറ്റമാണു ലക്‌ഷ്യം. ഹറി അപ്‌ !“

ജെറി ഡ്രൈവറോട്‌ അലറി. ”ഗുഗീ! വണ്ടി ഇടത്തോട്ടു തിരിക്കൂ! വേഗം! ദാ, അവിടെ ബൊവാബാബ്‌ മരം കാണുന്നില്ലേ? അങ്ങോട്ട്‌! വേഗം! ഭാഗ്യമുണ്ടെങ്കിൽ നമുക്ക്‌ ഒരു ’കിൽ‘ നേരിൽ കാണാം!“ സഫാരി ബൊവാബാബ്‌ മരം ലക്‌ഷ്യം വെച്ചു പാഞ്ഞു.

നരച്ച ആകാശത്തിന്റെ പശ്‌ചാത്തലത്തിൽ ’അവന്റെ‘ രൂപം ആദ്യം അവ്യക്‌തമായി കണ്ടു. അടുക്കുന്തോറും മെലിഞ്ഞു നീണ്ട മഞ്ഞദേഹത്തെ തവിട്ടുപുളളികൾ തെളിഞ്ഞു വന്നു. ദൂരെ മേയുന്ന ഇരയിൽ നിന്നും കണ്ണു പറിക്കാതെ, നിശ്ചലനായി, പരിസരം മറന്ന്‌......! നാനാവഴിക്കുനിന്നും ചീറി പാഞ്ഞടുക്കുന്ന സഫാരികളൊന്നുപോലും അവന്റെ കണ്ണിൽ പെടുന്നില്ല. പാറക്കൂട്ടത്തിനരികിൽ ഞങ്ങളുടെ സഫാരി കിതച്ചു നിന്നപ്പോൾ ജെറി ചുണ്ടിൽ വിരൽ ചേർത്തു ”ശ്‌​‍്‌ ശ്‌ശ്‌...!’ കാറ്റുപോലും ശ്വാസം അടക്കിനിന്ന നിമിഷങ്ങൾ!

ഒരൊറ്റ കുതിപ്പ്‌! ശരവേഗത്തിൽ ചതുപ്പുതാങ്ങിയ അവന്റെ രൂപം, ചിതറി ഓടിയ വിൽഡിബീസ്‌റ്റുകളുടെ കുളമ്പുകളിൽ നിന്നുയർന്ന പൊടിപടലത്തിൽ മറഞ്ഞു. പിടിയിലമർന്ന മൃഗത്തിന്റെ ദീനമായ ഒരു അമറൽ! പൊടി അടങ്ങിയപ്പോൾ ഒരു കൂറ്റന്റെ കഴുത്തിൽ പല്ലുകൾ ആഴ്‌ത്തി അമർന്നിരിക്കയാണവൻ. ഇരയുടെ ആകാശത്തേക്കുയർന്ന കാലുകളുടെ ചലനം നിലച്ചിട്ടും അവൻ പിടിവിട്ടില്ല. എവിടെ നിന്നെന്നറിഞ്ഞില്ല; രണ്ടുമൂന്നു ചീറ്റകൾകൂടി അവിടേക്ക്‌ ഓടി എത്തി - അമ്മയും രണ്ടു മക്കളും! അവറ്റകൾ ഇരയെ കടിച്ചു പൊളിക്കുമ്പോൾ അവൻ മന്ദം നടന്ന്‌ പാറമേൽ കയറി നിന്ന്‌ ഗർവ്വോടെ രംഗം വീക്ഷിച്ചു. ‘ദി പ്രൗഡ്‌ ഫാദർ! ദി ബ്രെഡ്‌ വിന്നർ!’

ഹെന്റി ഹാൻഡ്‌ക്യാമിൽ രംഗം ആദ്യവസാനം പകർത്തി. ‘വി ആർ സോ ലക്കി! വളരെ അപൂർവ്വമായേ ’ചീറ്റ‘യുടെ കിൽ കാണാൻ കഴിയൂ!’ ജെറി തുളളിച്ചാടികൊണ്ട്‌ ഹെന്റിയുടെ കവിൾ മുത്തംകൊണ്ടു ചുവപ്പിച്ചു.

“ജെറി! എന്നാണു നിങ്ങളുടെ കല്യാണം?” ഹോട്ടലിലേക്കു മടങ്ങുമ്പോൾ മണി ചോദിച്ചു.

“ദേ, ഇവനോടു ചോദിക്കൂ, മാഡം!” ജെറി ഹെന്റിയുടെ പുറത്തു പ്രേമപൂർവ്വം തുരുതുരെ ഇടിച്ചു. നാണം കുണുങ്ങിയായ ഹെന്റി ഒന്നും പറയാതെ ഹാൻഡ്‌ക്യാമിന്റെ ലെൻസ്‌ ജെറിയുടെ നേരെ തിരിച്ചു.

“അടുത്ത വേനലിൽ! ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. അപ്പോഴേ ഇവനു ‘ലോറ’യിൽ നിന്നും വിവാഹമോചനം കിട്ടൂ. ഇംഗ്‌ളണ്ടിൽ കേസു നടക്കുകയാ....” ജെറിയുടെ ശബ്‌ദത്തിൽ ഇടർച്ച.

പക്ഷേ, അവൾ വേഗം പ്രസാദം വീണ്ടെടുത്തു. “ഞങ്ങളുടെ കല്യാണം ആകാശത്തു വെച്ചായിരിക്കും മാഡം! ഈ മസായിമാരയ്‌ക്കു മുകളിലൂടെ പറന്നുകൊണ്ട്‌! ഞാൻ ഇവനെ ആദ്യം കണ്ടത്‌ ഇവിടെ പറന്നിറങ്ങുമ്പോഴാ... പക്ഷേ ഇവനെ ഭൂമിയിൽ ഇറക്കാൻ ഈ ഞാൻ തന്നെ വേണ്ടിവന്നു.” ജെറി കുലുങ്ങി ചിരിച്ചു.

അവൾ ആ കഥ പറഞ്ഞു.

കഴിഞ്ഞതിനു മുമ്പുളള വേനലിലാണ്‌​‍്‌, നെയ്‌റോബിലെ വിൽസൺ എയർപോർട്ടിൽ നിന്നും മസായിമാരിയിലെ സെറീന എയർസ്‌റ്റ്രിപ്‌ ലക്ഷ്യമാക്കി, മറ്റ്‌, അഞ്ചു സഹയാത്രികരോടൊപ്പം ‘ജിപ്‌സിമോത്ത്‌’ എന്ന ഒറ്റ എഞ്ചിൻ വിമാനത്തിൽ ഹെന്റി പറന്നത്‌. ആകാശത്തുവെച്ചു തന്നെ മസായിമാരയിലെ വിസ്‌തൃതമായ പുൽമേടുകളിൽ കത്തിപ്പടരുന്ന കാട്ടുതീയും പുകയും കാണാമായിരുന്നു. മാരാനദി കലങ്ങിമറിഞ്ഞ്‌ നുരകുത്തി പുളഞ്ഞൊഴുകുന്നു. എയർസ്‌റ്റ്രിപ്പ്‌ ലക്ഷ്യം വെച്ച്‌ ജിപ്‌സി താണിറങ്ങാൻ തുടങ്ങി. പെട്ടെന്നാണതു സംഭവിച്ചത്‌. പൂത്തു നിന്ന മേഫ്‌ളവർ മരത്തിന്റെ ചില്ലകളിൽ ശക്‌തിയായി ഇടിച്ചു ജിപ്‌സി മലക്കം മറിഞ്ഞു. വിമാനത്തിന്റെ ഇടതു വാതിൽ ഇളകി തെറിച്ചു. ഹെന്റി സീറ്റോടു കൂടി പുറത്തേക്ക്‌ എറിയപ്പെട്ടു. ബോധം വീണുകിട്ടുമ്പോൾ മരച്ചില്ലയിൽ ബെൽറ്റിൽ തുങ്ങിയാടുന്ന സീറ്റിൽ സുരക്ഷിതനാണു താനെന്നു ഹെന്റി തിരിച്ചറിഞ്ഞു. താഴെ എയർസ്‌റ്റ്രിപ്പിൽ ചീറിപ്പാഞ്ഞു വന്നുനിന്ന വാഹനങ്ങളിൽ നിന്നും ആളുകളുടെ ആരവം കേൾക്കാം. ഏറെ താമസിച്ചില്ല. ക്രെയിനിൽ പൊങ്ങി ഉയർന്നുവന്ന ഫ്ലാറ്റ്‌ഫോമിൽ നിന്നും മരച്ചില്ലയിലേക്ക്‌ എറിഞ്ഞുപിടിച്ച കയർ കോണിയിലൂടെ പച്ച യൂണിഫോം അണിഞ്ഞെത്തിയ ‘ജെറി’ എന്ന ഗെയിം വാർഡന്റെ ചുമലിൽ തൂങ്ങി എയർസ്‌റ്റ്രിപ്പിലിറങ്ങിയ ഹെന്റി ഒടിഞ്ഞ കയ്യുമായി ആബുലൻസിൽ ആശുപത്രിയിൽ എത്തി. പ്ലാസ്‌റ്റിറിട്ട കയ്യുമായി മൂന്നാഴ്‌ചത്തെ ആശുപത്രി വാസം. ഒടുവിൽ മസായിമാര വിടുമ്പോൾ യാത്രയാക്കാൻ ജെറി ഉണ്ടായിരുന്നു. “എന്റെ ഏതു വീഴ്‌ചയിലും ഈ ചുമലുകൾ എനിക്കു താങ്ങായി എന്നെന്നും ഉണ്ടാവണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. എന്താ, ഉണ്ടാവുമോ?” ഹെന്റി പ്രണയപൂർവ്വം ചോദിച്ചു.

“തീർച്ചയായും” ജെറി പ്രതിവചിച്ചു.

പിന്നീട്‌ നെയ്‌റോബിയിലെത്തുമ്പോഴെല്ലാം ഹെന്റി മുടങ്ങാതെ മസായിമാരയിലെത്തും. മാരാനദിയിലൂടെ ഒരുപാടുവെളളം പിന്നീട്‌ ഒഴുകി. ഇനി താമസിപ്പിച്ചുകൂടാ. ക്യാമ്പ്‌ ടെന്റിന്റെ അരണ്ട വെളിച്ചത്തിൽ ഹെന്റിയുടെ മാറിൽ പറ്റിച്ചേർന്നുകൊണ്ട്‌ ജെറി പറഞ്ഞുഃ “നമ്മുടെ കല്യാണം ആകാശത്തുവെച്ചായിരിക്കണം. ഒരു ജിപ്സിമോത്തിൽ വെച്ച്‌. പൂത്തുലഞ്ഞു നിൽക്കുന്ന മേഫ്ലവർ മരത്തിനു മുകളിലൂടെ പറന്നുകൊണ്ട്‌...!

പിറ്റേന്നു രാവിലെ നെയ്‌റോബിയിലേക്കു മടങ്ങുമ്പോൾ ജെറി കവാട ഗോപുരത്തോളം വന്നു. ഹെന്റിയോടു കൈവീശി യാത്ര പറയുമ്പോൾ അവളുടെ ഹൃദയം മിടിക്കുന്നതു ഞങ്ങൾക്കു കേൾക്കാമായിരുന്നു ‘അടുത്ത വേനൽ എത്ര അകലെയാണ്‌!’

Previous Next

ബാബു ജി. നായർ

പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു.

രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.
Phone: 9446435975




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.