പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കെനിയൻ കുറിപ്പുകൾ > കൃതി

ചാൾസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ജി. നായർ

കെനിയൻ കുറിപ്പുകൾ

ഉഹൂറു ഹൈവേയിൽ, ഹെയ്‌ലിസെലാസി അവന്യൂ കഴിഞ്ഞ്‌ വലത്തേക്ക്‌ തിരിഞ്ഞാൽ ഹേമന്ത്‌ പട്ടേലിന്റെ ‘അഹമ്മദാബാദ്‌ ടെക്‌സ്‌റ്റയിൽസ്‌ ആയി. കഴിഞ്ഞയാഴ്‌ച ഒരു പ്രത്യേകതരം ലെയ്‌സ്‌ കർട്ടൻ എത്തിയിട്ടുണ്ടെന്നറിഞ്ഞാണ്‌ മിസ്സിസ്‌. ചൗധരിയേയും കൂട്ടി ഞങ്ങൾ അവിടെ പോയത്‌. കർട്ടൻ മണിയ്‌ക്ക്‌ ഇഷ്‌ടപ്പെട്ടു. മിസ്സിസ്‌ ചൗധരിയാണ്‌ വിലപേശിയത്‌. ഇഞ്ചോടിഞ്ച്‌ പൊരുതി മുപ്പതു ഷില്ലിംഗ്‌ കുറച്ച്‌ അവസാനം മൂവായിരം ഷില്ലിംഗിന്‌ വില ഉറപ്പിച്ചപ്പോൾ സെയിൽസ്‌മാൻ ചോദിച്ചു “ മാഡം ദില്ലിയിൽ നിന്നാണ്‌ അല്ലേ?”

’അതെ. എങ്ങനെ മനസ്സിലായി? “ഞാൻ കുറെക്കാലം കൊണാട്ട്‌പ്ലെയിസിലെ ഒരു തുണിക്കടയിലെ സെയിൽസ്‌മാനായിരുന്നു. മറ്റാരും ഇങ്ങനെ വിലപേശാറില്ല”.

ചമ്മിയത്‌ ഞാനാണ്‌. മിസ്സിസ്‌ ചൗധരി ഹിന്ദിയിൽ പറഞ്ഞു. “ അവനങ്ങനെയൊക്കെപറയും. മുപ്പതു ഷില്ലിംഗ്‌ ആരെങ്കിലും നമുക്കു വെറുതെ തരുമോ?”

കടയിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും ഒരുപറ്റം തെരുവുപിള്ളേർ ചുറ്റിനും കൂടി. എല്ലാം പത്തു പതിനഞ്ചു വയസ്സിനു താഴെയുള്ളവർ. കീറിപ്പറിഞ്ഞ വേഷം. ദാരിദ്ര്യവും അനാഥത്വവും വിളിച്ചോതുന്ന ദൈന്യരൂപങ്ങൾ.

‘സർ. പ്ലീസ്‌ ഹെൽപ്‌, മാം! പ്ലീസ്‌ ഹെൽപ്‌ ഗീവ്‌ സം മണി ഫോർ ബ്രെഡ്‌. പ്ലീസ്‌, പ്ലീസ്‌! കൈകൾ നീട്ടിക്കൊണ്ട്‌ അവർ പിന്നാലെ കൂടി.

മണി ബാഗുതുറന്നു. “സൂക്ഷിക്കണം. കാറിൽ കയറിയിരുന്നിട്ട്‌ പൈസ കൊടുത്താൽ മതി. കൊടുക്കുന്നതു മുഴുവൻ ’ഗ്ലൂ‘ വാങ്ങാനാ ചെലവാക്കുന്നത്‌”; മിസ്സിസ്‌ ചൗധരി ഓർമ്മിപ്പിച്ചു.

“ഗ്ലൂവോ”? മണി ചോദിച്ചു.

“ഹും! മണിയ്‌ക്കറിയില്ല. കണ്ടില്ലേ ആകുപ്പിയിൽ നിന്നും സ്‌ട്രോ പൈപ്പിലൂടെ ആ കൊച്ചുപയ്യൻ മൂക്കിലേക്കു വലിച്ചു കയറ്റുന്നത്‌. അത്‌ ഒരു തരം ഡ്രഗ്ഗാ! ഇവരെല്ലാം കിബേറാ ചേരിയിൽ നിന്നുള്ള കുട്ടികളാ. ബാഗുസൂക്ഷിച്ചോളു. തട്ടിയെടുത്തുകൊണ്ട്‌ ഓടിക്കളയും. എനിക്കു പറ്റിയിട്ടുണ്ട്‌.”

മിസ്സിസ്‌ ചൗധരി മണിയുടെ കയ്യുപിടിച്ച്‌ തിടുക്കത്തിൽ കാറിനടുത്തേക്കു നടന്നു.

പിന്നീടാണ്‌ ’കിബേറ‘യെക്കുറിച്ച്‌ കൂടുതലറിഞ്ഞത്‌. ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ്‌ കിബേറ. നെയ്‌റോബിക്ക്‌ തെക്കു പടിഞ്ഞാറായി ഏകദേശം ഇരുന്നൂറ്റി അമ്പത്താറ്‌ ഹെക്‌ടർ സ്‌ഥലത്തായി പരന്നുകിടക്കുന്ന കിബേറയിൽ ആറേഴുലക്ഷത്തിലധികം ആളുകൾ വസിക്കുന്നു. തൊഴിലില്ലായ്‌മയും കൃഷിനാശവും മൂലം തലമുറകളായി നെയ്‌റോബിയിലേക്ക്‌ തൊഴിലന്വേഷിച്ച്‌ എത്തിയവരാണ്‌ അധികവും. എല്ലാ ഗോത്രത്തിൽപ്പെട്ടവരും ഉണ്ടെങ്കിലും ’കിക്കുയു‘, ’ലുവോ‘ എന്നീ ഗോത്രങ്ങൾക്കാണ്‌ മുൻതൂക്കം. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത നൂബിയൻ പട്ടാളക്കാർക്ക്‌ 1918ൽ കൊളോണിയൻ സർക്കാർ പതിച്ചു നൽകിയ വനപ്രദേശമാണ്‌ ഇന്നത്തെ കിബേറ ചേരിയായി, രൂപാന്തരപ്പെട്ടത്‌. ടർക്കിയിലെ “സുൽത്താൻബെയ്‌ലി’ പോലെ, മുബൈയിലെ ‘ധാരാവി’ പോലെ കിബേറയും ആഫ്രിക്കൻ അധോലോകസംസ്‌ക്കാരത്തിന്റെ തലസ്‌ഥാനമാണ്‌.

കാറിൽകയറി വിൻഡോഗ്ലാസ്‌ അല്‌പം താഴ്‌ത്തി ബാഗിൽനിന്നും കുറെ നാണയങ്ങൾ എടുത്ത്‌ മണി പുറത്തേക്കു നീട്ടി. അത്‌ തട്ടിയെടുക്കാൻ കുട്ടികൾ കലപില കൂട്ടി. ഉന്തിലും തള്ളിലും താഴെവീണ നാണയങ്ങൾ കൈക്കലാക്കി അവർ അതുമായി ഓടി. പെട്ടെന്നാണ്‌ അല്‌പം മാറിനിന്ന്‌ രംഗം വീക്ഷിയ്‌ക്കുന്ന ഒരു കുട്ടി എന്റെ ശ്രദ്ധയിൽപ്പെട്ടത്‌. പത്തുപതിനാലു വയസ്‌ പ്രായം വരും. കീറിതൂങ്ങിയ കുപ്പായത്തിനിടയിലൂടെ അവന്റെ ഒട്ടിയ വയറുകാണാം. നാട്ടിലെ ടോക്ക്‌ എച്ച്‌ പബ്ലിക്‌ സ്‌കൂളിൽ പഠിയ്‌ക്കുന്ന ഞങ്ങളുടെ മകൻ ദീപുവിന്റെ പ്രായംവരും. മണി അവനെ കൈകാട്ടിവിളിച്ചു. അവൻ കാറിനടുത്തേക്കു വന്നു. സ്വന്തം ആവശ്യത്തിന്‌ വാങ്ങിയിരുന്ന ഒരുപായ്‌ക്കറ്റ്‌ ബ്രെഡ്‌ മണി അവനു നേരെ നീട്ടി. വിശ്വാസം വരാതെ അവൻ പകച്ചുനോക്കി. എന്നിട്ട്‌ മെല്ലെ അതുവാങ്ങി. ”താങ്ക്‌യു മാം! “ അവന്റെ വരണ്ട ചുണ്ടുകൾ മന്ത്രിച്ചു.

‘എന്താ നിന്റെ പേര്‌?’

‘ചാൾസ്‌ ’ അവൻ മെല്ലെ പറഞ്ഞു. ‘എവിടെയാ താമസം?’.

‘കിബേറയിലെ കിയാണ്ട വില്ലേജിൽ”

കാർ ഉഹുറു ഹൈവേയിലേക്ക്‌ തിരിയും വരെ റിയർ ഗ്ലാസ്സിലൂടെ അവന്റെ രൂപം എനിക്കു കാണാമായിരുന്നു. നിന്നിടത്തുതന്നെ കാറുനോക്കി നില്‌ക്കുന്നു.

2006ൽ ഏഴ്‌ അവാർഡുകൾ വാരിക്കൂട്ടിയ ’നാതൻ കോളറ്റിന്റെ ‘കിബേറാകിഡ്‌’ എന്ന ചെറുഫിലിമിലെ ‘ഒട്ടിയനോ’ എന്ന പന്ത്രണ്ടുകാരനെ ഞാനോർത്തു. ഒരു അധോലോക സംഘത്തിൽപ്പെട്ടുപോയെങ്കിലും അതിൽനിന്നുള്ള മോചനത്തിനു വേണ്ടി ദാഹിക്കുന്ന അവന്റെ ആത്മസംഘർഷം നിറഞ്ഞ മുഖം ഞാൻ ചാൾസിലൂടെ കണ്ടു.

പിന്നീട്‌ എപ്പോൾ സിറ്റിസെന്ററിൽ പോയാലും ചാൾസിനു വേണ്ടി ബ്രെഡ്ഡാ പഴമോ എന്തെങ്കിലും മണി കരുതും. അവൻ അവിടെ എവിടെയെങ്കിലും ഉണ്ടാകും. നാണയത്തുട്ടുകൾക്കുവേണ്ടി മറ്റുകുട്ടികൾ ഉന്തും തള്ളുമുണ്ടാക്കുമ്പോൾ അവൻ മാറി നില്‌ക്കും. അവനറിയാം അവനുള്ള ബ്രെഡ്‌ പായ്‌ക്കറ്റ്‌ മാഡത്തിന്റെ കയ്യിലുണ്ടാവുമെന്ന്‌.

ഒരു ദിവസം മണി ചോദിച്ചു. ‘ചാൾസ്‌, നിന്റെ അച്‌ഛനും അമ്മയും എന്തുചെയ്യുന്നു.“?

അവൻ ആദ്യം ഒന്നും മിണ്ടിയില്ല.

”പറയൂ. അമ്മ എന്തുചെയ്യുന്നു.?“

”അമ്മയ്‌ക്ക്‌ ഏഷ്യൻ മാർക്കറ്റിൽ പച്ചക്കറിക്കച്ചവടമാ.“

”അച്ഛൻ?“

”അറിയില്ല. ആരാണെന്നറിയില്ല“

അവൻ താഴേയ്‌ക്കു നോക്കിയാണതു പറഞ്ഞത്‌. ”വീട്ടിൽ മറ്റാരെല്ലാമുണ്ട്‌?“

”ആരുമില്ല. ഇപ്പോൾ എനിക്ക്‌ വീടില്ല.. ഞങ്ങളുടെ വീട്‌ കഴിഞ്ഞ ലഹളയ്‌ക്ക്‌ അവർ കത്തിച്ചുകളഞ്ഞു“.

”ആര്‌?“

”കിക്കുയുകൾ ! ഞങ്ങൾ ലുവോയാ“

”അപ്പോൾ പിന്നെ നിങ്ങൾ എവിടെയാണുറങ്ങുന്നത്‌?“

”ഞാൻ ഗ്ലോബ്‌ സിനിമാ തിയേറ്ററിനുപിന്നിലെ തെരുവിൽ. അമ്മ ഏഷ്യൻ മാർക്കറ്റിൽ“

കണ്ണിൽ ഉരുണ്ടുകൂടിയ നീർത്തുള്ളികൾ തുളുമ്പി വീഴും മുമ്പ്‌ അവൻ തിരിഞ്ഞു നടന്നു.

ഒരു ദിവസം ഷോപ്പിംഗ്‌ കഴിഞ്ഞു മടങ്ങുമ്പോൾ യൂണിവേഴ്‌സിറ്റി സ്‌ക്വയറിൽ ഒരു ട്രാഫിക്‌ ബ്ലോക്ക്‌. മുന്നിലും പിന്നിലും കാറുകളുടെയും ട്രക്കുകളുടെയും നീണ്ടനിര. ട്രാഫിക്ക്‌ നേരെയാകാൻ ഇനി എത്ര സമയം എടുക്കും എന്നറിയില്ല. തെരുവുകുട്ടികളും പിച്ചക്കാരും ഓരോ കാറിനും അരികിൽ കൈ നീട്ടി എത്തി.

പെട്ടെന്നാണ്‌ അവൻ കണ്ണിൽപെട്ടത്‌. ചാൾസ്‌! മൂന്നാലു കുട്ടികൾ വേറെയുമുണ്ട്‌.

മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്ന മണി ചാൾസിനെ ചൂണ്ടിക്കാട്ടി. മണിയെക്കണ്ട്‌ അവൻ ചിരിച്ചുകൊണ്ട്‌ ഓടിയെത്തി. കൂടെ മറ്റുകുട്ടികളും ചാൾസിനോട്‌ സംസാരിക്കാൻ വേണ്ടി മണി വിൻഡോഗ്ലാസ്‌ പകുതി താഴ്‌ത്തി. പെട്ടെന്നാണ്‌ എന്റെ ഡ്രൈവിംഗ്‌ സീറ്റിന്റെ വിൻഡോഗ്ലാസിൽ ആരോ തട്ടിയത്‌. മുട്ടുകേട്ട്‌ ഞങ്ങൾ തിരിഞ്ഞു നോക്കിയ നിമിഷാർദ്ധം കൊണ്ട്‌ മണിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്തുകൊണ്ട്‌ അവർ ഓടി. മുന്നിലോടുന്ന സംഘത്തിന്റെ ഏറ്റവും പിന്നിൽ ചാൾസുമുണ്ട്‌. തിരിഞ്ഞു നോക്കാതെയുള്ള നെട്ടോട്ടം! ഞെട്ടലാണോ സങ്കടമാണോ മണിയെ സ്‌തബധയാക്കിയതെന്നറിയില്ല. എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ്‌ കാറുകളുടെ നിര നീങ്ങിത്തുടങ്ങി.

ഞാൻ പറഞ്ഞുഃ ” സാരമില്ല, ഒരു മൊബൈൽ ഫോണല്ലെ? പോകട്ടെ.“

” അതല്ല എങ്കിലും അവൻ...... ചാൾസ്‌! അവനിതെങ്ങനെ എന്നോട്‌ ചെയ്യാൻ തോന്നി?...

“തെരുവു ചെക്കനല്ലെ? അതും കിബേറയുടെ സന്തതി. ഇതൊക്കെയേ പ്രതീക്ഷിക്കാവൂ! നമുക്കാ തെറ്റുപറ്റിയത്‌.!” ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ആ സംഭവം സൃഷ്‌ടിച്ച ഷോക്കിൽ നിന്നും മുക്തയാകാൻ മണി ദിവസങ്ങളെടുത്തു. ചാൾസിനെ കണ്ടുമുട്ടാനിടയുള്ള തെരുവുകൾ ഞങ്ങൾ പിന്നീട്‌ മനഃപ്പൂർവ്വം ഒഴിവാക്കി. തെരുവുകുട്ടികളെ കാണുന്നതുപോലും മണിയ്‌ക്ക്‌ പേടിയായിത്തുടങ്ങി.

അഞ്ചാറുമാസം കഴിഞ്ഞുകാണും. ’യായാസെന്ററി‘ലെ ഇന്ത്യൻ റെസ്‌റ്റോറന്റിൽ നിന്നും ലഞ്ചുകഴിഞ്ഞ്‌ കാറിനടുത്തേയ്‌ക്കു നടന്ന ഞങ്ങൾ പകച്ചുപോയി. ചാൾസ്‌ ഒറ്റയ്‌ക്ക്‌ കാറിനടുത്തു കാത്തു നില്‌ക്കുന്നു. ഞങ്ങളെ കണ്ടതും അവൻ കയ്യിലിരുന്ന മൊബൈൽ പൊക്കിക്കാണിച്ചു.

“ഇത്രയും നാൾ ഞാൻ മാഡത്തിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇന്ത്യൻ റെസ്‌റ്റോറന്റല്ലെ? എന്നെങ്കിലും ഇവിടെ ഭക്ഷണം കഴിക്കാൻ വരുമെന്നെനിക്കറിയാമായിരുന്നു. അയാം സോറി മാം! എന്റെ കൂട്ടത്തിൽപ്പെട്ട ഒരു കിക്കുയുചെക്കനാണ്‌ മാഡത്തിന്റെ മൊബൈൽ തട്ടിപ്പറിച്ചുകൊണ്ട്‌ ഓടിയത്‌. പിന്നാലെ ഓടി അന്നു തന്നെ ഞാനിത്‌ പിടിച്ചുവാങ്ങിച്ചു. അവനെ ഞാൻ പൊതിരെ തല്ലിച്ചതച്ചു. അവൻ എന്നെയും തല്ലി. ദാ, കണ്ടില്ലെ?”

നെറ്റിയിലെ ഉണങ്ങിയ മുറിപ്പാട്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ചാൾസ്‌ പറഞ്ഞു. അവന്റെ വലിയ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“സാരമില്ല, ചാൾസ്‌ കരയാതെ. നീയാണ്‌ ഫോൺ തട്ടിയെടുത്തതെന്ന്‌ ഞങ്ങൾ തെറ്റിദ്ധരിച്ചു. സാരമില്ല കരയാതെ!”

മൊബൈൽ വാങ്ങിക്കൊണ്ട്‌ മണി പറഞ്ഞു. ഞാൻ പേഴ്‌സ്‌ തുറന്ന്‌ നൂറുഷില്ലിംഗ്‌ എടുത്ത്‌ അവനു നേരെ നീട്ടി.

’വേണ്ട സർ, വേണ്ട‘ എന്നോടുക്ഷമിച്ചാൽ മതി.“ അവൻ തിരിഞ്ഞോടി.

പിന്നീടും ആ പതിവു തുടർന്നു. ചാൾസും ഞങ്ങൾക്കു വേണ്ടി കാത്തു നില്‌ക്കാൻ തുടങ്ങി. ബ്രെഡ്ഡാ പഴമോ, വീട്ടിലുണ്ടാക്കിയ എന്തെങ്കിലും പലഹാരങ്ങളോ ഞങ്ങൾ എപ്പോഴും അവനുവേണ്ടി കരുതി.

അങ്ങനെയിരിക്കെ ക്രിസ്‌തുമസ്‌ദിവസങ്ങളെത്തി. ഒരിക്കൽ കണ്ടപ്പോൾ മണി ചോദിച്ചു. ”ചാൾസ്‌! എന്താ നിന്റെ ക്രിസ്‌തുമസ്‌ പരിപാടി? എവിടെയെങ്കിലും ക്രിസ്‌തുമസ്‌ ആഘോഷിക്കാൻ പോകുന്നുണ്ടോ?“

”ഉണ്ട്‌ മാം! ഞാനും മമ്മയും കൂടെ കി​‍്‌സുമുവിൽ ഗ്രാൻഡ്‌മായെ കാണാൻ പോകും.! പക്ഷേ മമ്മയുടെ കയ്യിൽ പൈസതികയുമെങ്കിൽ മാത്രം.....! അവൻ പറഞ്ഞു.

അതു സാരമില്ല. പൈസ ഞാൻ തരാം. നീയും മമ്മയും കൂടെ ഗ്രാൻഡ്‌മായെ കാണാൻ പോകണം.“

മണി പറഞ്ഞു.

ക്രിസ്‌തുമസ്സിന്‌ ഒരാഴ്‌ച മുമ്പ്‌ ഞങ്ങൾ ചാൾസിനുവേണ്ടി ഒരു ജീൻസും ടീ ഷർട്ടും ഒരു ജോഡി ഷൂവും വാങ്ങി. അവനൊരു സർപ്രൈസ്‌ ആകട്ടെ. അതുകൊടുക്കാൻവേണ്ടി സിറ്റിസെന്ററിലും അവനെ സാധാരണ കാണാറുള്ള തെരുവുകളിലും എല്ലാം തെരഞ്ഞു. തെരുവു കുട്ടുകളോട്‌ പലരോടും ചോദിച്ചു. ആർക്കുമറിയില്ല. അവസാനം അവന്റെ കൂട്ടത്തിൽ കാണാറുള്ള ഒരു ചെക്കൻ പറഞ്ഞു.

”അവന്റെ മമ്മ കഴിഞ്ഞയാഴ്‌ച മരിച്ചു. എയ്‌ഡ്‌സ്‌ ആയിരുന്നു. ചാൾസിനെ പിന്നീടാരും കണ്ടിട്ടില്ല. എവിടെയുണ്ടെന്നറിയില്ല“...........

Previous Next

ബാബു ജി. നായർ

പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു.

രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.
Phone: 9446435975




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.