പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കെനിയൻ കുറിപ്പുകൾ > കൃതി

അമ്മച്ചി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ജി. നായർ

കെനിയൻ കുറിപ്പുകൾ

“ഞങ്ങൾ പതിനൊന്നു മക്കളാ. ആറാണും അഞ്ചു പെണ്ണും. ഞാൻ ആറാമനാ. അപ്പച്ചൻ മരിച്ചിട്ട്‌ 3 കൊല്ലമായി. കുട്ടനാടു പുളിങ്കുന്നിലെ ഒരു പ്രമുഖ കായൽ കൃഷിക്കാരനായിരുന്നു അപ്പച്ചൻ. അപ്പച്ചൻ മരിച്ചതിൽപ്പിന്നെ അമ്മച്ചി എന്നും സർക്കീട്ടാ. മക്കളോടൊപ്പം മാറി മാറി താമസിക്കാൻ.” മൂത്തമകൻ ഫിലിപ്പോസ്‌ തോമസിനോടൊപ്പം ക്യാനഡായിലെ ഹാലിഫാക്സിൽ ആറുമാസത്തെ താമസത്തിനു ശേഷം നെയ്‌റോബി ഫ്ലൈറ്റിനു വരുന്ന അമ്മച്ചിയെ സ്വീകരിക്കാൻ കെനിയാട്ട എയർപോർട്ടിലെ അറൈവൽ ലൗഞ്ചിൽ ഞങ്ങൾ കാത്തിരിക്കുമ്പോൾ അലക്‌സ്‌ പറഞ്ഞു. ഡോക്‌ടർ അലക്‌സാണ്ടർ ആഗാഖാൻ ഹോസ്‌പിറ്റലിലെ ചീഫ്‌ കാർഡിയാക്‌ സർജനാണ്‌. എന്റെ അടുത്ത സുഹൃത്ത്‌.

ഹാലിഫാക്‌സിൽ നിന്നുള്ള ഫ്ലൈറ്റ്‌ പറന്നിറങ്ങിയതായി അനൗൺസുമെന്റും വന്നു. ബാഗേജ്‌ കളക്‌ഷനിലെത്തിയാൽ ഞങ്ങളെ അമ്മച്ചിക്കു കാണത്തക്കവിധം ഞങ്ങൾ കൈവരിയ്‌ക്കടുത്തേക്കു നീങ്ങി നിന്നു. യാത്രക്കാർ വന്നു തുടങ്ങി.“ അതാ അമ്മച്ചി” അലക്‌സ്‌ വിളിച്ചു പറഞ്ഞു.

ഞൊറിഞ്ഞുടുത്ത തുവെള്ള മുണ്ടും ചട്ടയും ചെറിയ നീലപ്പൂക്കൾ ചിതറി വീണ പോലുള്ള വെള്ള കവണി, മേക്കാമോതിരം, മഞ്ഞുപോലെ വെളുത്ത നരച്ച മുടി, സ്വർണ്ണ നിറം. തുടുത്ത സുന്ദരമായ മുഖം. അമ്മച്ചി ഇറങ്ങി വന്നു.

അലക്സിനെകണ്ട്‌ അമ്മച്ചി ഞങ്ങൾക്കു നേരെ കൈ വീശി. ട്രോളിയിൽ പെട്ടിയുമായി വന്ന ആഫ്രിക്കനെ ചൂണ്ടി അമ്മച്ചി ചോദിച്ചു.

“ഈ കഴുവേറിയ്‌ക്കു വല്ലതും കൊടുക്കണ്ടായോടാ കുട്ടപ്പായീ?”

“അതൊക്കെ ഞാൻ കൊടുത്തോളാം, അമ്മച്ചി വാ” അലക്‌സ്‌ അമ്മച്ചിയെ ചേർത്തുപിടിച്ചു നടന്നു.

“ഇവനേതാടാ കുട്ടപ്പായീ?” എന്നെ ചൂണ്ടി അമ്മച്ചി ചോദിച്ചു.

“അയ്യോ. അമ്മച്ചീ ഇതു നായരുസാറാ ഒരു വലിയ ബ്രിട്ടീഷ്‌ കമ്പനിയുടെ ജനറൽ മാനേജരാ. അവനൊന്നും ഇവനൊന്നും ഒന്നും പറഞ്ഞേക്കല്ലേ.”

“അതെന്നതായാലും ഇവന്‌ എന്റെ തൊമ്മിച്ചനോളം പ്രായമല്ലേ വരു. പിന്നെ എന്നതാ അങ്ങനെ വിളിച്ചാൽ, അല്ല്യോടാ?” എന്നോടാണ്‌ ചോദ്യം.

“ അതു മതി. അമ്മച്ചി അങ്ങനെ പറഞ്ഞാൽ മതി”. ഞാൻ പറഞ്ഞു.

ഗിഫ്‌റ്റ്‌ പേപ്പറിൽ പൊതിഞ്ഞ്‌ ചേർത്ത്‌ പിടിച്ചിരിക്കുന്ന പായ്‌ക്കറ്റുചൂണ്ടി അലക്‌സ്‌ ചോദിച്ചു. “ഇതെന്നതാ അമ്മച്ചീ പിള്ളേർക്കു സമ്മാനം വല്ലതുമാണോ?”

“ഏയ്‌ അല്ലാ ഞാനൊന്നാത്തിനാടാ എന്റെ കൊച്ചുങ്ങക്ക്‌ സമ്മാനവും കൊണ്ടുവരുന്നത്‌? ഇതെന്റെ അടച്ചൂറ്റിയാ. ഇതേൽവെച്ചല്ലിയോടാ കാന്താരിയും ഉള്ളിയും വെച്ചു ചതച്ച്‌ ചമ്മന്തി ഉണ്ടാക്കുന്നത്‌. വിമാനത്തിൽ അടച്ചൂറ്റിയും പ്രദർശിപ്പിച്ചു പോകാൻ സമ്മതിക്കില്ലെന്നും പറഞ്ഞ്‌ തൊമ്മിച്ചന്റെ ജീനമോള്‌ മിനുങ്ങുന്ന കടലാസിൽ പൊതിഞ്ഞു തന്നതാ. ആരു ചോദിച്ചാലും സാദനം എന്നതാന്ന്‌ പറയരുതെന്നും പറഞ്ഞിട്ടുണ്ട്‌.”

അമ്മച്ചി ചിരിച്ചു.

“മറ്റെന്തെല്ലാമുണ്ടേലും കാന്താരീം ഉള്ളീം ചതച്ച ചമ്മന്തിയിൽ ഇറ്റു വെളിച്ചെണ്ണയൊഴിച്ചതും കൂട്ടി തൊട്ടുനക്കിയില്ലേൽ എനിക്ക്‌ ഊണു ശരിയാകത്തില്ല. ” അമ്മച്ചി എന്നോടു വിശദീകരിച്ചു.

“അമ്മച്ചീ ഇതാ പെട്ടിയിൽ വെച്ചാൽ പോരായിരുന്നോ? എന്നാത്തിനാ ഇങ്ങനെ അടുക്കിപ്പിടിച്ചു നടക്കുന്നത്‌? അലക്സ്‌ ചോദിച്ചു.

” ഇതു നല്ല കൂത്ത്‌! ആ കഴുവേറികള്‌ വിമാനത്തീന്ന്‌ പെട്ടിയെടുത്ത്‌ എറിയുമ്പോഴെങ്ങാനും അടച്ചൂറ്റി പൊട്ടിപ്പോയാൽ എന്നാ ചെയ്യും? പത്തറുപതുകൊല്ലം പഴക്കമുളള സാധനമല്ല്യോ? നല്ല പുളിംകാതലിൽ പണിതതാ. ഞാനെവിടെപ്പോയാലും ഇതും കൊണ്ടുപോകും. ഇംഗ്ലണ്ടിൽ കുഞ്ഞച്ചന്റവിടെ പോയപ്പോഴും ജർമ്മനിയിൽ അമ്മിണിക്കൊച്ചിന്റെവിടെ പോയപ്പോഴും എല്ലാം കൊണ്ടുപോയി. കൊച്ചുമക്കൾക്കൊക്കെ മഹാനാണക്കേടാ. എന്നതായാലും ഞാനിതു കളയുകേല. ഓമല്ലൂർ വയൽവാണിഭത്തിനു പോയേച്ചു വന്നപ്പോൾ ഇവരുടപ്പൻ വാങ്ങിക്കൊണ്ടു വന്നതാ. അതിയാന്റെ ഒരോർമ്മേം കൂടെയാ ഇതെന്നു വെച്ചോ“!

പാർക്കലാൻഡ്‌സിനുള്ള അലക്‌സിന്റെ ബംഗ്ലാവിൽ അമ്മച്ചിയെ കൊണ്ടാക്കിയിട്ടാണ്‌ ഞാൻ മടങ്ങിയത്‌.

രണ്ടു ദിവസം കഴിഞ്ഞ്‌ ഞാനും മണിയും കൂടെ അമ്മച്ചിയെ കാണാൻ ചെന്നു.

ഡോർ ബെല്ലടിച്ചപ്പോൾ അലക്സിന്റെ മകൾ ഏയ്‌ഞ്ചലാണ്‌ കതകുതുറന്നത്‌. അവൾക്ക്‌ ചിരി അടക്കാൻ കഴിയുന്നില്ല. ”ഓടിവാ ആന്റി. അമ്മച്ചിയും മെയ്‌ഡും കൂടെ കിച്ചണിൽ ഉഗ്രൻ ഫൈറ്റാ. വല്ല്യമ്മച്ചി മലയാളത്തിൽ, എൽസി സ്വാഹിലിയിൽ, വല്ല്യമ്മച്ചി മെയ്‌ഡിനെ ചമ്മന്തി ഉണ്ടാക്കാൻ പഠിപ്പിക്കുകയാ. ഭയങ്കര തമാശയാ“. ഏയ്‌ഞ്ചൽ മണിയുടെ കൈയ്‌ക്കു പിടിച്ചു വലിച്ചുകൊണ്ട്‌ കിച്ചണിലേക്കോടി.

”അലക്‌സും റെയ്‌ച്ചലും എവിടെ?“ പിന്നാലെ ചെന്നു കൊണ്ട്‌ ഞാൻ ചോദിച്ചു.

‘ഡാഡിയും മമ്മിയും കൂടെ ഷോപ്പിംഗിന്‌ പോയിരിക്കയാ. അങ്കിളും വാ!” അവൾ ഓട്ടം നിർത്തുന്നില്ല.

’ഫാ കഴുവേറീടെ മോളെ! ക്യാനഡായീന്ന്‌ ഞാൻ കൊണ്ടുവന്ന നല്ല ഒന്നാംതരം കാന്താരിയായിരുന്നു. കണ്ടില്ലേ. അരച്ചുകലക്കി പുളിങ്കറിപോലെ ആക്കിവെച്ചിരിക്കുന്നത്‌? അടച്ചൂറ്റിയേൽ വെച്ച്‌ ഉളളീം ചേർത്ത്‌ ചതച്ച്‌ വെളിച്ചണ്ണ ഇറ്റിച്ച്‌ ചാലിച്ചെടുത്താൽ മതിയെന്ന്‌ ഞാൻ പലതവണ പറഞ്ഞതല്ലിയോടീ പിശാശേ!“ അമ്മച്ചികലിതുള്ളി നില്‌ക്കുകയാണ്‌. മെയ്‌ഡും വിടുന്നില്ല. കയ്യും മെയ്യുമിളക്കി സ്വാഹിലയിൽ ഉച്ചത്തിലാണ്‌ സംസാരം.

”വല്ല്യമ്മച്ചീ! എൽസിക്ക്‌ മലയാളം അറിയാഞ്ഞിട്ടല്ലേ? വല്യമ്മച്ചി പറഞ്ഞതൊന്നും അവൾക്കു മനസ്സിലായിക്കാണില്ല.“!

ഏഞ്ചൽ ഇടപെട്ടു.

”അതൊന്നുമല്ലെടീ കൊച്ചേ! അവളുടെ അഹമ്മതിയാ. ഇവളെ നന്നാക്കാൻ പറ്റുമോ എന്ന്‌ ഞാനൊന്നു നോക്കട്ടെ“.

അമ്മച്ചി ചവിട്ടിത്തകർത്ത്‌ അടുക്കള വിട്ടു.

അലക്സും റെയ്‌ച്ചലും വരും വരെ അമ്മച്ചി ഞങ്ങളുടെ വിട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൂട്ടത്തിൽ അമ്മച്ചിയുടെ വിശേഷങ്ങൾ ഞങ്ങളോടു പറഞ്ഞു, തനികുട്ടനാടൻ ശൈലിയിൽ.

”പന്ത്രണ്ടുപെറ്റതാ ഞാൻ. എന്റെ ഏലികൊച്ചിനെ മാത്രം കർത്താവു നേരത്തേ അങ്ങുവിളിച്ചു. കുട്ടപ്പായിയുടെ നേരെ ഇളയവളായിരുന്നു.“

അമ്മച്ചി നെടുവീർപ്പിട്ടു.

”അപ്പോൾ അമ്മച്ചിയുടെ കല്ല്യാണം എത്രാമത്തെ വയസ്സിലായിരുന്നു.“? മണിചോദിച്ചു. പതിമൂന്നാം വയസ്സിലായിരുന്നു എന്റെ കെട്ടുകല്ല്യാണം. പിള്ളേരുടെ അപ്പന്‌ അന്ന്‌ ഇരുപതു വയസ്സാ. കൈനകരി പാലത്രക്കാരെന്നുകേട്ടിട്ടുണ്ടോ? അതാ പിള്ളേരുടപ്പന്റെ കുടുംബം. വലിയ കായൽ രാജാക്കന്മാര്‌. എന്റെ കുടുംബം കാവാലത്ത്‌ കണ്ടൻ ചിറയിൽ. ഞങ്ങള്‌ പാവത്തുങ്ങളായിരുന്നു. എന്റെപ്പന്‌ കായലിൽ കട്ടകുത്തായിരുന്നു പണി.

അമ്മച്ചി പറഞ്ഞു.

”പിന്നെങ്ങനാ അമ്മച്ചിയെ പാലത്രജന്മിവീട്ടിൽ കെട്ടിച്ചയച്ചത്‌?“ ഞാൻ ചോദിച്ചു.

”അതല്ലേ തമാശ! കൈനകരിയിലുള്ള മറ്റൊരു ചെക്കനുവേണ്ടിയാ എനിക്ക്‌ ആലോചന വന്നതും മനസ്സമ്മതം നടന്നതും. തോട്ടിറമ്പിലെ കൊപ്രാക്കച്ചവടക്കാരൻ ഉണ്ണൂണ്ണിച്ചന്റെ മോൻ കൊച്ചോയി. സ്‌ത്രീധനോം ഉറപ്പിച്ച്‌ മനസ്സമമതോം കഴിഞ്ഞു. നൂറു ബ്രിട്ടീഷ്‌ രൂപയും ഒരു പവനുമാ സ്‌ത്രീധനം. പവന്‌ പതിമൂന്നര രൂപയാ അന്ന്‌ വില. ഒറപ്പീര്‌ ദിവസം എൺപതുരൂപയും അച്ചാരം കൊടുത്തു. ബാക്കി തൊക കെട്ടു ദിവസം പള്ളീൽ കൊടുത്തോളാമെന്നാ കരാറ്‌. പക്ഷേ കെട്ടുദിവസം എത്തിയിട്ടും ബാക്കി തൊക അപ്പന്‌ സൊരുവിക്കാൻ കഴിഞ്ഞില്ല. ഉണ്ണൂണ്ണിച്ചനോട്‌ ഒരവധി ചോദിക്കാമെന്നാ അപ്പൻ നിരുവിച്ചത്‌. മൂന്നു വള്ളത്തിലായി ഞങ്ങളു പെണ്ണുവീട്ടുകാരും കരക്കാരും പള്ളീലെത്തി. മണവാളനും കൂട്ടരും പള്ളീലൊണ്ട്‌. മാറ്റിനിർത്തി ഉണ്ണൂണ്ണിച്ചനോട്‌ അപ്പൻ കാര്യം പറഞ്ഞു. ഏങ്ങ്‌ഹേ! ഉണ്ണൂണ്ണിച്ചൻ അമ്പുക്കും വില്ലുക്കും അടുക്കുന്നില്ല. അപ്പൻ കാലുപിടിച്ച്‌ അവതാ പറഞ്ഞു. വികാരിയച്ചനും കൈക്കാരും ഇടപെട്ടു. രക്ഷയില്ല. അപ്പഴാ എല്ലാം കണ്ടും കേട്ടും നിന്ന പാലത്ര പത്രോസുമൊതലാളി മുമ്പോട്ടു വന്നത്‌. “ഇതെന്നതാ ഉണ്ണൂണ്ണീ കണ്ണിച്ചോരയില്ലാത്ത വർത്തമാനം പറേന്നത്‌? കാവാലത്തുകാര്‌ നിന്റെ കാലു പിടിച്ചല്ലിയോടാ ഒരവധി ചോദിക്കുന്നത്‌. ഒരു പെണ്ണിന്റെ ജീവിതമല്ലിയോടൊ നീ തൊലയ്‌ക്കാൻ ഒരുമ്പെടുന്നത്‌? അതും, നോക്കിയാട്ടെ, മാലാഖ പോലൊരുപെണ്ണ്‌!”

“തനിക്കത്തറ ദെണ്ണമാണേൽ തന്റെ മോനൊരുത്തനും പള്ളീൽ വന്നിട്ടൊണ്ടല്ലോ! അവനേക്കൊണ്ട്‌ ഈ മാലാഖേ അങ്ങ്‌ കെട്ടിക്ക്‌! അല്ല പിന്നെ!”

ഉണ്ണൂണ്ണിച്ചനും കൂട്ടരും കലിതുള്ളി ഇറങ്ങിപ്പോയി. പിന്നെ നടന്നതൊക്കെ ഒരു സ്വപ്‌നം പോലാരുന്നു മോളെ. പത്രോസുമൊതലാളി അച്ചനുമായിട്ട്‌ ആലോചിച്ചു. അന്നു മനസ്സമ്മതം. അടുത്താഴ്‌ച കല്ല്യാണം. പത്രോസു മൊതലാളിടെ മൂന്നാമത്തെ മോൻ തോമസുകുട്ടി, ഇവരുടെപ്പൻ അങ്ങനെയാ എന്റെ കഴുത്തിൽ മിന്നു കെട്ടിയത്‌. പിറ്റേക്കൊല്ലം പീലിപ്പോച്ചൻ പിറന്നു. പിന്നെ പൊറകെ പൊറകെ പതിനൊന്നെണ്ണം കൂടെ. ഒന്നിനേ മാത്രം കർത്താവു വിളിച്ചു. എന്റെ ഏലുക്കൊച്ചൊണ്ടാരുന്നേൽ നിന്റെ പ്രായമായിരുന്നേനെ മോളെ!“

അമ്മച്ചി വാത്സല്യപൂർവ്വം മണിയുടെ കരം ഗ്രഹിച്ചു.

അധികനാൾ വേണ്ടിവന്നില്ല. അമ്മച്ചിനെയ്‌റോബി മലയാളികളുടെ പ്രിയപ്പെട്ട അമ്മച്ചി ആയി മാറാൻ. അമ്മച്ചിയുടെ പാചകത്തിന്റെ കൈപ്പുണ്യം അറിയാത്ത മലയാളികൾ നെയ്‌റോബിയിലി​‍്‌ല്ല.

ഇതിനിടെ ഒരു ദിവസം അലക്‌സ്‌ ഞങ്ങളെ ഡിന്നറിനു ക്ഷണിച്ചു. ഊണുകഴിക്കുന്നതിനിടെ ഞാൻ പറഞ്ഞു.

”അമ്മച്ചീ താറാവു റോസ്‌റ്റും കരിമീൻ മപ്പാസും അസ്സലായിരിക്കുന്നു. തനിക്കുട്ടനാടൻ ഫ്ലേവർ. ഇതുരണ്ടും മണിയ്‌ക്ക്‌ ഒന്നു പഠിപ്പുച്ചു കൊടുക്കണം.“

”അതിനെന്നതാടാ! “ അമ്മച്ചി ചിരിച്ചുകൊണ്ട്‌ അടുക്കളയിലേയ്‌ക്ക്‌ നോക്കി നീട്ടി വിളിച്ചു.” എടീ ഏലിക്കുട്ടിയേ..........“

”എന്തോ! “ ആഫ്രിക്കക്കാരി മെയ്‌ഡ്‌ എൽസി വളികേട്ടുകൊണ്ട്‌ ചിരിച്ചുകൊണ്ട്‌ ഊണു മുറിയിലേക്കു വന്നു.

”കേട്ടോടി ഏലിക്കുട്ടീ! ദേ, ഇവന്‌ നീവെച്ച താറാവ്‌ റോസ്‌റ്റും മപ്പാസും നല്ലോണം പിടിച്ചെന്ന്‌! ഇതു രണ്ടും വെയ്‌ക്കാൻ നീ ഈ കൊച്ചിനെ ഒന്നു പഠിപ്പുച്ചു കൊടുക്കണം. മനസ്സിലായോടീ?“

”ഉവ്വേ!“ എൽ.സി. ചിരിച്ചു കൊണ്ട്‌ തലയാട്ടി.

അത്‌ഭുതപ്പെട്ടു പോയ ഞങ്ങളോട്‌ റെയ്‌ച്ചൽ പറഞ്ഞു.

”എൽസിയ്‌ക്ക്‌ ഇപ്പോൾ മലയാളം അസ്സലായി മനസ്സിലാകും. കുറച്ചു സംസാരിക്കയും ചെയ്യും. അമ്മച്ചി പഠിപ്പിച്ചതാ. കൂടുതലും തെറിപ്രയോഗങ്ങളാണെന്നേയുള്ളു. കേൾക്കുന്ന നമ്മള്‌ ചെലപ്പോൾ നാണം കെട്ടുപോകും.“

”ആദ്യമാദ്യം അമ്മച്ചിസ്വാഹിലി പഠിക്കണോ, മെയ്‌ഡ്‌ മലയാളം പഠിക്കണോ എന്നായിരുന്നു ഞങ്ങളുടെ സംശയം. അവസാനം അമ്മച്ചി ജയിച്ചു. മെയ്‌ഡിന്‌ മലയാളം പഠിക്കേണ്ടിവന്നു. അമ്മച്ചിപോകുമ്പോ ഇവളെകൂടെ കുട്ടനാടിനു കൊണ്ടുപോകുമോ എന്നാ ഞങ്ങളുടെ പേടി“... അലക്‌​‍്‌സ്‌ ചിരിച്ചുകൊണ്ടു പറഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിവസം ഏയ്‌ഞ്ചൽ മണിക്കു ഫോൺ ചെയ്‌തു. ” ആന്റി! ഈ വരുന്ന പതിനാറാം തിയതിയാ അമ്മച്ചിയുടെ ബർത്‌ഡേ. സംഭവം അമ്മച്ചിയ്‌ക്ക്‌ ഓർമ്മയില്ല. പാസ്‌പോർട്ടിൽ കണ്ടതാ. എൺപത്തിനാലാം വയസ്‌. നമുക്ക്‌ ഒന്നു സെലിബ്രേറ്റ്‌ ചെയ്യണ്ടേ? ഡാഡിയോടും മമ്മിയോടും പറഞ്ഞപ്പോൾ ആന്റിയോട്‌ ആലോചിച്ച്‌ പ്ലാൻ ചെയാൻപറഞ്ഞിരിക്കയാ. വാട്‌ ഡു യു സേ?“

” സംശയമെന്താ? അമ്മച്ചിയോടു പറയേണ്ട. ഒരു സർപ്രൈസ്‌ ആയിക്കോട്ടെ. ശതാഭിഷേകമല്ലേ? നമുക്കൊരു ഗ്രാന്റ്‌ സെലിബ്രേഷൻ സംഘടിപ്പിക്കാം. ഞാൻ ബാബു ചേട്ടനോട്‌ പറഞ്ഞ്‌ എല്ലാം ഓർഗനൈസ്‌ ചെയ്‌തു കൊള്ളാം.“ മണി പറഞ്ഞു.

ഞങ്ങൾ നെയ്‌റോബി വെസ്‌റ്റിലുള്ള നഗാരാ സ്‌പോർട്‌സ്‌ ക്ലബ്ബിന്റെ ഹാൾ ബുക്കു ചെയ്‌തു. രഹസ്യമായി ക്ഷണക്കത്തുകൾ വിതരണം ചെയ്‌തു. റോസും ഓർക്കിഡും വൈറ്റ്‌ലില്ലിയും ചേർത്ത്‌ ഒരു കൂറ്റൻ ബൊക്കേയ്‌ക്ക്‌ ഓർഡർ കൊടുത്തു. വെസ്‌റ്റ്‌ ലാൻഡ്‌സിലെ സ്വീറ്റ്‌ കോർണറിൽ നിന്നും ഒരു ഭീമൻ കേക്കും 84 മെഴുകുതിരികളും ഓർഡർ ചെയ്‌തു.

ഡിന്നറിനു മുൻപുള്ള പ്രാർത്ഥനയ്‌ക്ക്‌ അപ്പൻ ഹില്ലിലുള്ള സെന്റ്‌ മേരീസ്‌ ചർച്ച്‌ ക്വയർ, രാജൻ വല്യത്താന്റെ നേതൃത്വത്തിൽ ഹനുമാൻ ചാലീസ്‌ ഭജന സംഘം. ഇവർ തയ്യാറായി. അതു കഴിഞ്ഞ്‌ കുട്ടനാടൻ വിഭവങ്ങൾ നിറഞ്ഞ ഗ്രാന്റ്‌ ഡിന്നർ. പിന്നീട്‌ കലാപരിപാടികൾ. ഏയ്‌ഞ്ചലും കൂട്ടുകാരികളും അതിനുള്ള തയ്യാറെടുപ്പ്‌ നടത്തി. കെനിയൻ സന്ദർശനത്തിനെത്തിയ പന്തളം ബാലന്റെ ഗാനമേള....... മണിയും റേയ്‌ച്ചലും ഏൻജലും അടങ്ങുന്ന മുന്നംഗ കമ്മറ്റിയാണ്‌ പരിപാടികൾക്കു രൂപം കൊടുത്തത്‌. ഞാനും അലക്സും സഹായികൾ. റിഹേഴ്‌സലുകൾ അമ്മച്ചിയെ അറിയിക്കാതെ ഞങ്ങളുടെ ജാംബോ അപ്പാർട്ടുമെന്റിൽ തകൃതിയായി മുന്നേറി.

പതിനഞ്ചാം തിയതി വൈകുന്നേരം തന്നെ ബൊക്കെയും ഞങ്ങളുടെ അപ്പാർട്ടുമെന്റിൽ എത്തി. ഏയ്‌ഞ്ചലും കൂട്ടുകാരികളും റിഹേഴ്‌സൽ കഴിഞ്ഞ്‌ രാത്രി മടങ്ങുമ്പോൾ ഞാൻ ചോദിച്ചു. ”മോളെ, അമ്മച്ചിയ്‌ക്ക്‌ വിവരമൊന്നും അറിയില്ലല്ലോ?“

”ഇല്ല അങ്കിൾ!..... ഒരു ഹിന്റും കിട്ടിയിട്ടില്ല. അമ്മച്ചിയ്‌ക്ക്‌ ഒരു ഷോക്കിംഗ്‌ സർപ്രൈസ്‌ ആയിരിക്കും തീർച്ച!“

രാത്രിതന്നെ ഞാനും അലക്‌സും കൂടെ ഹാളിലെ ഡെക്കറേഷനും സീറ്റിംഗ്‌ അറേഞ്ച്‌മെന്റും എല്ലാം പരിശോധിച്ചു. കൊള്ളാം. എവരിതിംഗ്‌ ഈസ്‌ ഫൈൻ. അവസാന നിമിഷം ഒരു പരിഷ്‌ക്കാരം വരുത്തി. ‘വെറ്റ്‌ കോർണർ’ സ്‌റ്റേജിന്റെ സൈഡിൽ നിന്നും മറുവശത്തുള്ള റൂമിലേയ്‌ക്കു മാറ്റി. ‘മറ്റൊന്നും കൊണ്ടല്ല. അമ്മച്ചികാണണ്ട. സ്‌ക്കോച്ചു കണ്ടാൽ അമ്മച്ചിക്ക്‌ കഴിച്ചേപറ്റു. കഴിച്ചാൽ പിന്നെ സർവ്വത്ര അലമ്പാ. വഞ്ചിപ്പാട്ടും തെറിപ്പാട്ടും മാർഗ്ഗംകളീം.... അതുവേണ്ട....” അലക്‌സ്‌ പറഞ്ഞു.

രാത്രി രണ്ടു മണിയായിക്കാണും. നിർത്താതെ അടിക്കുന്ന ഫോൺ ബെൽ കേട്ടാണ്‌ ഉണർന്നത്‌. മറുതലയ്‌ക്കൽ അലക്‌സാണ്‌.

“ എന്താ അലക്‌സ്‌, ഈ സമയത്ത്‌......” എന്റെ ശബ്‌ദത്തിൽ പരിഭ്രമമുണ്ടായിരുന്നു.

“അമ്മച്ചി........ അമ്മച്ചി....... അമ്മച്ചിപോയി, സർ....” കൂടുതലൊന്നും പറയാൻ കഴിയാതെ അലക്‌സ്‌ ഫോൺ വെച്ചു.

പതിനഞ്ച്‌ മിനിറ്റിനകം ഞങ്ങൾ അലക്‌സിന്റെ വീട്ടിലെത്തി. ഏയ്‌ഞ്ചലും എൽസിയും വാവിട്ടുകരയുന്നു. വിതുമ്പിക്കൊണ്ട്‌ റെയ്‌ചൽ പറഞ്ഞു. ഡിന്നർ കഴിച്ച്‌ പ്രാർത്ഥനയും കഴിഞ്ഞാ അമ്മച്ചി ഉറങ്ങാൻ കിടന്നത്‌. രണ്ടു മണിയായിക്കാണും“ ഏലിക്കുട്ടി......’ എന്ന്‌ എൽസിയെ ഉറക്കെ വിളിച്ചു. പരവേശം എടുക്കുന്നു വെള്ളം വേണം എന്നുപറഞ്ഞു എൽസി വെള്ളവുമായി ഓടിച്ചെന്നു. ഒരിറക്കുവെള്ളം കുടിച്ചു. എൽസിവന്നു പറഞ്ഞ്‌ ഇച്ചായനും ഞാനും ഓടിച്ചെന്നപ്പോഴേക്കു എല്ലാം കഴിഞ്ഞു.....

പിറ്റേന്ന്‌ എയർ കാർഗോയിലേക്ക്‌ അമ്മച്ചിയുടെ ബോഡി കിടത്തിയ പെട്ടി എടുക്കുന്നതിനുമുമ്പ്‌ പിറന്നാൾ കേക്കും ബൊക്കെയും ഒരു പെട്ടിയിലാക്കി ഒപ്പം വെച്ചു. പെട്ടിയുടെ മൂടി അടയ്‌​‍്‌ക്കുന്നതിനുമുൻപ്‌ ഏങ്ങിക്കരഞ്ഞുകൊണ്ട്‌ ഗിഫ്‌റ്റു പേപ്പറിൽ പൊതിഞ്ഞ ഒരുപായ്‌ക്കറ്റ്‌ എൽസി അമ്മച്ചിയുടെ തലയ്‌ക്കൽ വെച്ചു. അമ്മച്ചിയുടെ പ്രിയപ്പെട്ട അടച്ചൂറ്റി.

Previous Next

ബാബു ജി. നായർ

പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു.

രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.
Phone: 9446435975




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.