പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കവിതയിലെ തിരിച്ചറിവുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൃഷ്‌ണനുണ്ണി പി.

കവിത

ഓരോ താളും എഴുതി പഴകിയതാണ്‌

പുനരധിവാസമില്ലാത്ത ഗൃഹങ്ങൾപോൽ

പട്ടണങ്ങളും പഴയ അങ്ങാടികളും

പറയാത്ത കഥയിലെ

പഴഞ്ചൻ ഘടകങ്ങൾ.

* * *

ഓരോ കലാരൂപവും

കണ്ടു പഴകിയതാണ്‌.

നീതി സാരമില്ലാത്തവ, നിരുപദ്രവങ്ങളായവ.

ഒറ്റ തിരിയാത്ത സമൂഹത്തിനേ

ഇവയെ ഗ്രഹിക്കുവാൻ സാധിക്കുകയുളളൂ.

* * *

ഇന്ന്‌ അസ്‌തമയം ചായം പുരണ്ടതായിരുന്നില്ല.

ആകാതിരുന്നതെന്തോ ഭൂഘടനാചലനം കൊണ്ടായിരുന്നു.

എണ്ണമില്ലാത്ത സൂര്യൻമാർ ഒരുപോലസ്‌തമിക്കുന്ന

മനസ്സാണ്‌ രാത്രികളുടെ ജീവൻ.

* * *

കോടതി വളപ്പിൽ പുലഭ്യം പറയുന്ന

ചായക്കാരിയോട്‌ തിന്നുവാൻ സമൂസയാവശ്യപ്പെട്ട്‌

ഇലപൊഴിയുന്ന മരത്തണലിൽ അൽപം

തലചായ്‌ച്ചിരുന്നപ്പോൾ, ഒരു മാത്രയെങ്കിലുമാകാശം

വിശാലമായ കടലാസായ്‌ ക്ഷണിച്ചു.

‘എന്നിലെഴുതുക, എന്നെയെഴുതുക’.

* * *

എഴുത്തിന്റെ നിറം വാടുമ്പോഴാണ്‌

ചുരമാന്തി പല ചിന്തകൾ മനസ്സിനെ

വരിയുന്നത്‌, എഴുത്തിന്റെ ലിപികൾ

വഴങ്ങാതാകുമ്പോൾ കവിതയുടെ തെളിനീരും

വറ്റാതിരിക്കില്ല.

* * *

തൊഴിലിന്റെ അന്യഥാബോധമിന്ന്‌

അപ്രസക്‌തം

ചാട്ടവാറടിയേറ്റിട്ടും പണിയെടുക്കും

അടിമകൾ സുലഭം.

നാമാകുന്ന നിലങ്ങൾ പിന്നിട്ട്‌

നുകംപേറും മരുപ്രയാണത്തിൽ

ശരീരംപോലും പരസ്യവൽക്കരിക്കപ്പെട്ട

ആൾത്താരകളിൽ - ചരിത്രം ‘നിർമ്മിക്കപ്പെടുന്നു.’

* * *

പുഴയുടെ ഒഴുക്ക്‌ അറിയാതിരുന്നതല്ല.

അറിഞ്ഞിട്ടും മിണ്ടാതിരുന്നതാണ്‌.

ഈ വെളളത്തിലാണ്‌ ആദ്യം പിഞ്ചുകാലുകൾ,

പിന്നെ ചോരതിളപ്പാർന്ന കാലുകൾ,

കഴുക്കോലുകൾ,

മുട്ടറ്റവും രോഗബാധിതമായ പുഴുക്കൾ,

നീർവീക്കങ്ങൾ, തർപ്പണം ചെയ്യാതിരുന്ന അർത്ഥശരീരങ്ങൾ,

തലയോടുകൾ, പൊതിഞ്ഞൊരു ചാക്ക്‌...

എന്നിങ്ങനെ സാരവും സർവ്വവും ലയിച്ചമരുന്നത്‌.

ഈ ഒഴുക്കിനെക്കുറിച്ച്‌ മിണ്ടിയെന്നാൽ,

വരും പ്രണയിനിയുടെ ജഡം ഒഴുക്കിൽ

ഞാൻ തിരിച്ചറിഞ്ഞെന്നിരിക്കില്ല.


കൃഷ്‌ണനുണ്ണി പി.

ജനനം 16-05-1968ൽ. വിദ്യാഭ്യാസം എം.എ., എം.ഫിൽ-ഇംഗ്ലീഷ്‌ സാഹിത്യത്തിൽ. മുഖ്യമായും കവിത, ലേഖനങ്ങൾ, സാംസ്‌ക്കാരിക പഠനങ്ങൾ, സിനിമ-കല നിരൂപണങ്ങൾ (മലയാളത്തിലും ഇംഗ്ലീഷിലും) എന്നിവ എഴുതുന്നു. കലാകൗമുദി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, സമകാലിക മലയാളംവാരിക, മാധ്യമം വാരിക, ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്‌), ന്യൂ പോയട്രി ജേർണൽ (ഇംഗ്ലീഷ്‌), പോയട്രി ടുഡെ (ഇംഗ്ലീഷ്‌)കൂടാതെ മറ്റ്‌ അക്കാദമിക്‌ പ്രസിദ്ധീകരണങ്ങളിലും മിനി മാഗസീനുകളിലും സൃഷ്‌ടികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഗബ്രിയൽ ഗാർസിയ മാർക്കേസിന്റെ ‘മുൻകൂട്ടിപ്പറഞ്ഞ മരണഗാഥ’ എന്ന നോവൽ ക്രിട്ടിക്കൽ കംപാനിയനായി എഡിറ്റ്‌ ചെയ്‌തത്‌. 2001-ൽ പ്രസിദ്ധീകരണം. വേൾഡ്‌ വ്യൂ പബ്ലിക്കേഷനാണ്‌ പ്രസാധകർ. ഒരു കവിതാസമാഹാരം ഡി.സി.ബുക്‌സ്‌ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്‌. 1990ൽ മഹാത്മാഗാന്ധി സർവകലാശാലയിലെ ‘കലാപ്രതിഭ’യായി തിരഞ്ഞെടുത്തു. ‘ലോകായത നിയമം’ എന്ന കവിതയ്‌ക്ക്‌ തിരുവനന്തപുരം സംസ്‌ക്കാരയുടെ ‘സാരഥി’ അവാർഡ്‌ നൽകപ്പെട്ടു, 1990-ഒക്‌ടോബറിൽ.

വിലാസംഃ

കൃഷ്‌ണനുണ്ണി പി.

ഇംഗ്ലീഷ്‌ ലക്‌ചറർ,

ദേശ്‌ബണ്ഡു കോളജ്‌,

കൽക്കജി, ഡൽഹി യൂണിവേഴ്‌സിറ്റി,

ന്യൂ ഡൽഹി - 110 019.

242-സി, പോക്കറ്റ്‌-എഫ്‌,

എൽ.ഐ.ജി. ഫ്ലാറ്റ്‌സ്‌,

ദിൽഷത്‌ ഗാർഡൻ,

ഡൽഹി - 95.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.