പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കണ്ണികള്‍ > കൃതി

അധ്യായം ഏഴ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷൻ ചെറായി

വസ്തേരിതോടിന്റെ തെക്കെക്കരയില്‍ വിസ്തൃതമായ ഒരു പാടമുണ്ട്. അതിന്റെ ഒരറ്റത്തായി കുറച്ച് പൊക്കമുള്ള സ്ഥലത്ത് നാരായണന്‍ ഒരു കൂരയുടെ പണി തുടങ്ങി. ചെളികൊണ്ട് തറ പിടിപ്പിച്ചു. മുകളിലേക്ക് പനമ്പിട്ടു മേല്‍ക്കൂര ഓല മേഞ്ഞു. ഇനി തറയില്‍ ചാണകം മെഴുകിയാല്‍ മതി.

പുരപണിക്ക് നാരായണന്റെ കൂട്ടുകാരുടെ ശ്രമദാനമായിരുന്നു.

ആര്‍ക്കാണ് പുരപണിയുന്നതെന്ന് നാരായണന്‍ രഹസ്യമാക്കി വച്ചു. കണ്ണുവോ കൊച്ചുപെണ്ണോ നാരായണനോട് എന്തെങ്കിലും ചോദിക്കുകയോ ചെയ്തുമില്ല. കാര്‍ത്തുവും മകന്‍ വീടുപണിയുന്ന കാര്യം അറിഞ്ഞു. നാരായണന് താമസിക്കാന്‍ വേണ്ടിയെന്നാണ് അവര്‍ കരുതിയത്.

അവര്‍ മകനോടു ചോദിച്ചു.

‘’ നീ വീടുണ്ടാക്കുന്നെന്നു കേട്ടല്ലോ ആര്‍ക്കാ...?

‘’ നമുക്കാ..’‘

‘’ അപ്പ നമ്മളിവിടന്ന് മാറി താമസിക്കുമോ?’‘

‘’ വേണ്ടേ? എന്നും ഈ തടവറയില്‍ കഴിയാനാണോ അമ്മയുടെ ഭാവം?’‘

‘’ തടവറയോ? നീ പഴയ കാര്യങ്ങള്‍ മറന്നു സംസാരിക്കരുത്’‘

‘’ പഴയ കാര്യങ്ങള്‍ ഒന്നും ഞാന്‍ മറന്നിട്ടില്ല’‘

‘’ എടാ നിന്റെ അച്ഛന്‍ പോയേപ്പിന്നെ അമ്മാവനാ നമ്മെ നോക്കിയത് അതോര്‍മ്മ വേണം’‘

‘’ അപ്പോ നമ്മുടെ കുടുംബസ്വത്തോ? അമ്മ കൊണ്ടുവന്ന ആഭരണങ്ങളും വീട്ടുപകരണങ്ങളും എവിടെ ?’‘

‘’ശ്ശോ , പതുക്കെ പറയ് അമ്മാവന്‍ കേള്‍ക്കും’‘

‘’ ഞാന്‍ കേള്‍ക്കുന്നുണ്ട് എല്ലാം കേള്‍ക്കുന്നുണ്ട്?’‘

പെട്ടന്നാ‍ണ് കണ്ണു മുറിയിലേക്കു കടന്നു വന്നത്. കാര്‍ത്തു വല്ലാതെ പരിഭ്രമിച്ചു. പറഞ്ഞതൊന്നും തെറ്റല്ലെന്ന ഭാവത്തില്‍ നാരായണന്‍ ഉറച്ചു നിന്നു.

അമ്മാവന്റെയും മരുമകന്റെയും ദൃഷ്ടികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി . നാരായണന്‍ ദൃഷ്ടി പിന്‍ വലിച്ചില്ല. എന്നാല്‍ കണ്ണു പെട്ടന്നൊരു കള്ളക്കരച്ചില്‍ നടത്തി.

‘’ എല്ലാം എനിക്കു വരണം അളിയന്‍ മരിച്ചപ്പോ രണ്ടു കൊച്ചുമക്കളേയും പെങ്ങളേം ഇങ്ങോട്ടു കൊണ്ടുവന്നതാ എന്റെ തെറ്റായിപ്പോയത്. വെള്ളം തോര്‍ന്നപ്പോ അവന്റെ ചോദ്യം കേട്ടില്ലേ?’‘

ആങ്ങളയുടെ തൊണ്ടയിടറുന്നത് പെങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. കാര്‍ത്തുവും കരഞ്ഞു പോയി.

‘’ എടാ, അമ്മാവനോട് മാപ്പു ചോദിക്ക്’ ‘ ‘’ വേണ്ട പെങ്ങളേ , അവന്‍ പറയണ്ട്. ഇഷ്ടം പോലെ പറയട്ടെ. എടവനക്കാട്ടു നിന്ന് നിങ്ങളേം കൂട്ടി പോരുമ്പോള്‍ ഞാന്‍ ഒക്കത്തെടുത്തത് നാരായണനെയാ. ഇവനെയായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം. അയ്യപ്പന്‍കുട്ടിയെ ഞാന്‍ ഇവിടം വരെ നടത്തിയാ കൊണ്ടു വന്നത്’‘

‘’ഓ വല്യ ത്യാഗമായിപ്പോയി. എന്റെ അച്ഛന്റെ വക ഒരേക്കര്‍ 25 സെന്റ് സ്ഥലം എവിടെ പോയി ? വീട് വിറ്റു കിട്ടിയ കാശ് എവിടെപോയി?’‘

‘’ കേട്ടോ പെങ്ങളെ അവന്റെ കണക്കു പറച്ചില്‍. ഞാന്‍ ആരുടേം ഒന്നും അപഹരിച്ചിട്ടില്ല. എല്ലാം എല്ലാവര്‍ക്കു വേണ്ടിയും ചെലവാക്കി. അന്നും ഇന്നും ഈ തോര്‍ത്തുമുണ്ടാ എനിക്ക് കൂടെയുള്ളത്’‘

‘’ എനിക്ക് കേള്‍ക്കേണ്ട എന്താ ഞങ്ങള്‍ക്കു വേണ്ടി ചെയ്തത്? പഠിപ്പിച്ചോ? സ്വന്തം കാലില്‍ നില്‍ക്കാന്‍ എന്തെങ്കിലും വഴിയുണ്ടാക്കിയോ? കല്യാണത്തിനു മുമ്പുവരെ ഒരു അടിമയേപ്പോലെയല്ലേ അയ്യപ്പന്‍കുട്ടി ഇവിടെ നിന്നിരുന്നത്?’‘

കാര്‍ത്തു ഇടക്കു കയറി പറഞ്ഞു.

‘’ മതി പറഞ്ഞത് ഇറങ്ങിപ്പോടാ ഇവിടന്ന് അമ്മാവനോട് എന്തും പറയാമെന്നായോ നിനക്ക്?’‘

‘’ അമ്മേ .. അമ്മ കരുതുന്നതുപോലെയല്ല ഈ അമ്മാവന്‍ ചതിയനാ കള്ളനാ’‘

തിളച്ചു പൊങ്ങുന്ന അമര്‍ഷത്തിലാണ് നാരായണന്‍ അങ്ങിനെ പറഞ്ഞത്. പിന്നീട് അത് പറയേണ്ടതില്ലായിരുന്നു എന്നും തോന്നി.

കണ്ണുവിനേക്കാള്‍ നാരായണനോട് ദേഷ്യം തോന്നിയത് കാര്‍ത്തുവിനാണ്. എന്നും ദൈവത്തെപ്പോലെ മനസ്സില്‍ പ്രതിഷ്ഠിച്ചു നടന്ന ആങ്ങളയെ മകന്‍ എത്ര നന്ദിഹീനമായാണ് ആക്ഷേപിച്ചത്? ഇനി എങ്ങിനെ ആങ്ങളയുടെ മുഖത്തു നോക്കും?

കണ്ണുവിന് തന്നെ തൊലിയുരിഞ്ഞു കെട്ടിത്തൂക്കിയതു പോലെ തോന്നി. തന്റെ മരുമകന്റെ വാക്കുകളുടെ മൂര്‍ച്ച കണ്ടില്ലേ? തീ കണ്ടില്ലേ ? ഇവനെ സൂക്ഷിക്കണം ഇവന്‍ അപകടകാരിയാണ്. ഇവന്റെ മുന്നില്‍ താന്‍ തോറ്റു പോയിരിക്കുന്നു.

നാരായണന് വീട്ടില്‍ നിന്നു പോന്ന ശേഷം കിടക്കാന്‍ ഒരു താവളം ഇല്ലാതായി. കൂട്ടുകാരില്‍ പലരും അവരുടെ വീടുകളിലേക്കു ക്ഷണിച്ചെങ്കിലും നാരായണന്‍ പോയില്ല. രാത്രിയായപ്പോള്‍ ജെട്ടിയിലെ വെയ്റ്റിംഗ് റൂമിലുള്ള സിമെന്റ് ബഞ്ചില്‍ ഇടം കണ്ടെത്തി. പിന്നെ അതൊരു സ്ഥിര താവളമായി മാറി.

അയ്യപ്പന്‍കുട്ടിക്ക് താമസിക്കാനുള്ള കൂരയുടെ പണി തീര്‍ന്നു. നാരായണന്‍ അയ്യപ്പന്‍കുട്ടിയെ പോയി കണ്ടു വീട് ഏറ്റെടുത്ത് താമസിക്കാന്‍ അയ്യപ്പന്‍കുട്ടിയേയും കൗസല്യയേയും ക്ഷണിച്ചു.

അവര്‍ക്ക് ആദ്യം കൗതുകമാണ് തോന്നിയത്. കേട്ട കാര്യങ്ങള്‍ സത്യമാണൊ എന്നു പോലും അവര്‍ സംശയിച്ചു. അയ്യപ്പന്‍കുട്ടിയും കൗസല്യയും കൂടി നാരായണനോടൊപ്പം വീടു കാണാന്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു.

കൗസല്യക്ക് വീട് വളരെ ഇഷട്ടപ്പെട്ടു. കഞ്ഞിവെക്കാനും കറിവയ്ക്കാനും വെള്ളം കോരാനും ആവശ്യമുള്ളത്ര മണ്‍പാത്രങ്ങള്‍ ശേഖരിച്ചിരുന്നു. അടുക്കളയില്‍ ചില പ്രത്യേക ഉപകരണങ്ങളും കൗസല്യയുടെ ശ്രദ്ധയില്‍ പെട്ടു.

പല ഉപകരണങ്ങളുടേയും ഉപയോഗം എന്താണെന്ന് കൗസല്യക്ക് അറിയില്ലായിരുന്നു. ഓരോന്നോരോന്നായി നാരായണന്‍ അനിയത്തിക്കു പറഞ്ഞു കൊടുത്തു.

മുളയുടെ ഒരു വലിയ കുട്ട കാണിച്ചു കൊടുത്തുകൊണ്ട് നാരായണന്‍ പറഞ്ഞു.

‘’ ഇതാണ് കൊമ്മ പത്തായമില്ലാത്തതുകൊണ്ട് വാങ്ങിയതാ നെല്ലിട്ടു സൂക്ഷിക്കാം’‘

‘’ ഇതെന്താ?’‘

കൗസല്യ ചോദിച്ചു.

‘’ ഇതാണ് ചല്ലട മാവില ഉമി കളയാം ദാ , ഇങ്ങിനെ ‘’

നാരായണന്‍ അത് ചലിപ്പിച്ച് കാണിച്ചു.

‘’ ഇതിന്റെ പേര്‍ ഞാന്‍ പറയട്ടെ’‘

പലഹാരങ്ങള്‍ തിളച്ച എണ്ണയില്‍ നിന്ന് പകര്‍ന്നെടുക്കുന്ന നിറയെ സുഷിരങ്ങളുള്ള ഉപകരണം കാണിച്ച് കൗസല്യ ചോദിച്ചു.

‘’ പറയ്..’‘

നാരായണന്‍ പ്രോത്സാഹിപ്പിച്ചു.

‘’ സാണി’‘

‘’അല്ല’‘

‘’ സ്ലാണി’‘

‘’അല്ല’‘

അപ്പോള്‍ അയ്യപ്പന്‍കുട്ടി പരിഹസിച്ചു പറഞ്ഞു.

‘’ നാണി’‘

കൗസല്യക്കു ശുണ്ഠി വന്നു.

‘’ ഇത്രേം വല്യ ആളാണെങ്കി പറയ് ...കേള്‍ക്കട്ടെ.

‘’ അരിപ്പക്കയില്‍’‘

‘’ ശരിയാണ് ‘’

നാരായണന്‍ വിധി പറഞ്ഞപ്പോള്‍ അയ്യപ്പന്‍കുട്ടി ഒന്നു ഞെളിഞ്ഞിരുന്നു. അപ്പോള്‍ നാരായണങ്കുട്ടി പറഞ്ഞു.

‘’ അയ്യപ്പന്‍ കുട്ടി പറഞ്ഞത് സാധാരണ നാട്ടുംപുറത്തുകാര്‍ പറയുന്ന പേരാണ്. പക്ഷെ ഇതിനു മറ്റൊരു പേരുകൂടിയുണ്ട് - ത്സാര്‍ണി’‘

ആ പേര്‍ എത്ര ശ്രമിച്ചിട്ടും അയ്യപ്പന്‍കുട്ടിക്കും കൗസല്യക്കും ശരിയായി ഉച്ചരിക്കാന്‍ കഴിഞ്ഞില്ല. ഉച്ചാരണം ശരിയാക്കാന്‍ അവര്‍ നടത്തിയ ശ്രമം നാരായണന് ഏറെ നേരം പൊട്ടിച്ചിരിക്കാന്‍ വക നല്‍കി.

ഉപകരണങ്ങള്‍ ഓരോന്നോരോന്നായി കൗസല്യ നോക്കിക്കണ്ടു. വീട്ടുപകരണങ്ങള്‍ മാത്രമല്ല പിന്നെയും സാധനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

കൗസല്യ മനസ്സില്‍ വിചാരിച്ചത് അറിഞ്ഞതുപോലെ നാരായണന്‍ പറഞ്ഞു.

‘’ വീട്ടിലേക്കുള്ള സാധനങ്ങളല്ലാതെയും ചിലത് വാങ്ങിയിട്ടുണ്ട്. അയ്യപ്പന്‍കുട്ടിക്ക് സ്വന്തം ചായക്കട തൊടങ്ങാന്‍ വേണ്ടീട്ടാ’‘

മുളങ്കുറ്റി , സേവനാഴി, കാര , ചെങ്കേട്ടി, മണ്‍കുടുക്ക, ഉറീ, ചിരവ, ഉരലും ഉലക്കയും , മുറം , വെട്ടുകത്തി, കറിക്കത്തി അങ്ങിനെ പോയി സാധനങ്ങളുടെ പട്ടിക.

വീടിനെക്കുറിച്ചുള്ള നാരായണന്റെ കരുതല്‍ കൗസല്യയുടെ മന‍സില്‍ അഭിനന്ദനം വളര്‍ത്തി.

അയ്യപ്പന്‍കുട്ടിക്ക് ഈ വക ചിന്തകളില്ല. പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യും. ഒന്നും സ്വന്തം അഭിപ്രായത്തില്‍ ചെയ്യില്ല. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് തന്റെ ഭര്‍ത്താവിന് സ്വന്തം അഭിപ്രായം ഉണ്ടാകണമെന്നാണ്. ചീത്ത പറഞ്ഞാലും തല്ലിയാലും ആണത്തമുള്ള ഭര്‍ത്താവിനെയാണ് അവര്‍ ഇഷ്ടപ്പെടുക. ഒരു നിമിഷത്തെ പകര്‍ച്ചക്കു ശേഷം കൗസല്യയുടെ മനസ്സ് തിരിച്ചു വന്നു. തന്റെ സ്നേഹനിധിയായ ഭര്‍ത്താവ് തന്റെ ദൈവം തന്നെ.

പുതിയ വീട്ടില്‍ താമസം തുടങ്ങണം. വിശ്വാസം ഇല്ലെങ്കിലും ഗൃഹപ്രവേശ ദിവസം തീരുമാനിക്കണം. അയ്യപ്പന്‍കുട്ടിക്കും കൗസല്യക്കും നല്ല ദിവസം നോക്കണമെന്ന് ഒരേ നിര്‍ബന്ധം. അവരുടെ സംതൃപ്തിക്കു വേണ്ടി നാരായണന്‍ വേലു കണിയാരെ കണ്ട് ദിവസം കുറിപ്പിച്ചു. പോരും വഴിക്ക് നരായണന്‍ ചിന്തിച്ചു. തന്റെ ആദര്‍ശങ്ങള്‍ക്ക് ഭംഗം വന്നുവോ? വീടു വയ്ക്കാന്‍ സ്ഥലത്തിനു വേണ്ടി ചെന്നപ്പോള്‍ പ്രഫസറോടു പറഞ്ഞു. താന്‍ താഴന്ന ജാതിയില്‍ പെട്ട ഈഴവനാണെന്ന. സ്ത്രീയും പുരുഷനും എന്ന രണ്ടു ജാതികളെയുള്ളുവെന്ന വാദം അവിടെ ഉപേക്ഷിച്ചു. ഇപ്പോള്‍ യുക്തിയില്‍ നിന്നു മാറി കണിയാന്റെ അടുത്തു പോയിരിക്കുന്നു . ഛേ ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടാ നാരായണന്‍ ഗൃഹപ്രവേശത്തിന്റെ കുറിപ്പടി ചുരുട്ടിയെറിഞ്ഞു.

ഉടനെ താമസം മാറണമെന്ന നാരായണന്റെ ആഗ്രഹത്തിനു ചില തടസ്സങ്ങള്‍ വന്നു ആങ്ങളയുടെ വീട്ടില്‍ നിന്നും താമസം മാറ്റാന്‍ കാര്‍ത്തു വിസമ്മതിച്ചു. അതിന് അവര്‍ ചില ന്യായങ്ങള്‍ ‍നിരത്തി. ആങ്ങളെയെ അറിയിക്കാതെയും ആലോചിക്കാതെയുമാണ് വീടു പണിതത്. എന്ന് താമസം തുടങ്ങണമെന്ന് മുന്‍കൂട്ടി ആങ്ങളയോടു ചോദിച്ചില്ല, വീടുപണി പൂര്‍ത്തായ ശേഷം ആങ്ങളയോടു വഴക്കുണ്ടാക്കി, വീടുമാറാനുള്ള കാരണം ഉണ്ടാക്കാന്‍ വേണ്ടിയാണ് വഴക്കുണ്ടാക്കിയത്, ഇപ്പോള്‍ താന്‍ ഇവിടെ നിന്നു താമസം മാറ്റിയാല്‍ താനും കൂടി അറിഞ്ഞുകൊണ്ടുള്ള നാടകമായിരുന്നു ഇതെന്ന് എല്ലാവരും കരുതും.

അമ്മയുടെ തീരുമാനം നാരായണനെ ഏറെ വിഷമിപ്പിച്ചു. താമസം മാറാന്‍ തീരുമാനിച്ചത് അയ്യപ്പന്‍കുട്ടിയെ അളിയന്മര്‍ തല്ലിയതുകൊണ്ടാണ്. പക്ഷെ അത് തുറന്നു പറയാന്‍ വയ്യ.

സഹോദരിയുടെ തീരുമാനം കണ്ണുവിന് വളരെ സന്തോഷമുളവാക്കി. സഹോദരി തന്റെയടുത്തു നിന്നു മാറിയാല്‍ ഉടന്‍ അവരുടെ പേരിലുള്ള സ്ഥലം തിരിച്ചേല്‍പ്പിക്കേണ്ടി വരും. നാരായണന്‍ അത് ചോദിക്കുക തന്നെ ചെയ്യും.

ഒട്ടും പ്രതീക്ഷിക്കാതെയാണ് നാരായണന്‍ അടിമയുടെ മകള്‍ മാളുവിനെ കണ്ടത്.

ഒരു യോഗത്തില്‍ സംസാരിച്ച ശേഷം മടങ്ങിപ്പോവുകയായിരുന്നു നാരായണന്‍. ആ യോഗത്തില്‍ പങ്കെടുത്ത ചില സ്ത്രീകളും പുരുഷന്മാരും വഴിയില്‍ നില്‍പ്പുണ്ടായിരുന്നു. നാരായണനെ കണ്ടപ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരു യുവതി മുന്നോട്ടു വന്നു.

‘’ എന്നെ മനസിലായോ?’‘

കൂസാതെയുള്ള ചോദ്യം കേട്ടപ്പോള്‍ നാരായണന്‍ ചോദ്യകര്‍ത്താവിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി.

‘’ മനസിലായില്ല’‘

‘’ എന്റെ പേര്‍ മാളു അടിമയുടെ മകളാണ്. ചാത്തന്റെ ഇളയത്’‘

‘’ ഓ മുമ്പ് കണ്ടിട്ടില്ല അതാ മനസിലാകാതിരുന്നത്''

‘’ പക്ഷെ ഞാന്‍ കണ്ടിട്ടുണ്ട് ‘’

‘ ആ‍ദ്യമായിട്ടാണോ യോഗത്തില്‍ വരുന്നത്?’‘

‘’ അല്ല പലവട്ടം വന്നിട്ടുണ്ട്’‘

‘’ പ്രവര്‍ത്തനം വല്ലതുമുണ്ടോ?’‘

‘’ ഉവ്വ്‘’

‘’ എന്തു ചെയ്യുന്നു?’‘

‘’ കുട്ടികള്‍ക്ക് എഴുത്തും വായനയും പറഞ്ഞു കൊടുക്കുന്നു’‘

‘’ കൊള്ളാം അതാണ് ശരിയായ പ്രവര്‍ത്തനം. അറിവില്ലായ്മയാണ് അനാചാരങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ഗുരു പറയും’‘

ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം നാരായണന്‍ ചോദിച്ചു.

‘’ എത്രവരെ പഠിച്ചു?’‘

‘’ പഠിത്തം കുറവാണ് , എന്നാലും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പ്രയാസമില്ല’‘

‘’ ആര്‍ക്കൊക്കെയാണ് എഴുത്തും വായനയും പഠിപ്പിക്കുന്നത്?’‘

‘’ ഞങ്ങളുടെ സമുദായക്കാരു മാത്രമാ പഠിക്കാന്‍ വരുന്നത്’‘

‘’ എല്ലാ സമുദായക്കാരേയും പഠിപ്പിക്കാമോ?’‘

‘’ പഠിപ്പിക്കാം പക്ഷെ ആളുവരേണ്ടേ?’‘

‘’ നോക്കട്ടെ ഞാനും വരാം എന്തെങ്കിലും പറഞ്ഞു കൊടുക്കാന്‍. പള്ളിക്കൂടത്തില്‍ രണ്ട് ഈഴവക്കുട്ടികളെ കൂടി കിട്ടി’‘

നാരായണന്‍ സമയം കിട്ടുമ്പോഴൊക്കെ മാളുവിന്റെ കുട്ടികള്‍ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാന്‍ ചെല്ലും. കുട്ടികള്‍ക്ക് നാരായണന്റെ വാക്കുകളിലെ ദൃഢത ഇഷ്ടമാണ്. മാ‍ളുവിന്റെ ക്ലാസ്സുകളില്‍ കൂടുതല്‍ നാടന്‍പാട്ടുകളായിരിക്കും. പുലയരുടെ കൊയ്ത്തുപാട്ടും അതിന്റെ നല്ല ശീലുകളോടെ മാളുവിന് പാരമ്പര്യമായി കിട്ടിയതാണ്.

പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത് എത്രയും വേഗം വേണമെന്ന് നാരായണന്‍ ആഗ്രഹിച്ചു.

കൗസല്യ ചോദിച്ചു.

‘’ താമസിക്കുന്നതിനു നല്ല ദിവസം നോക്കാന്‍ പോയിട്ടെന്തായി?’‘

‘’ നോക്കി വേലുക്കണിയാനാ നോക്കിയത്''.

‘’ എവിടെ ? ഒന്നു കാണട്ടെ ‘’

‘’ അത് ...അത് എന്റെ കയ്യീന്നു പോയി’‘

‘’ അതു ചീത്ത ലക്ഷണമാ ഇന്നാള് വീട് കാണാന്‍ കാഞ്ചന വന്നിരുന്നു അവള്‍ക്ക് അടുക്കള കണ്ടപ്പോ നന്നായി ഇഷ്ടപ്പെട്ടെന്ന്. ഞാന്‍ അപ്പത്തന്നെ കരുതിയതാ അവളുടെ കരിനാക്കും കണ്ണേറും കൊഴപ്പമാണെന്ന്’‘

‘’ അതൊക്കെ അന്ധവിശ്വാസങ്ങളല്ലേ?’‘

‘’ അല്ല ചെലരുടെ നോട്ടോം പറച്ചിലും ദോഷമുണ്ടാക്കും ഇപ്പ അനുഭവമായില്ലേ?’‘

‘’ കൗസല്യേ നീ എന്തൊക്കെയാ പറയുന്നത്? നിന്റെ മനസ്സില്‍ നിറയെ അന്ധവിശ്വാസങ്ങളാ’‘

‘’ ചേട്ടന്‍ ഈ വീടുപണിതപ്പോ അതിനുമുമ്പില്‍ കണ്ണൂകെട്ടാതിരിക്കാന്‍ നോക്കുകുത്തിവച്ചോ?’‘

‘’ ഇല്ല’‘

‘’അതാ പുരവാസലിന്റെ കുറിപ്പടിപോയത്’‘

അവളെ സമാധാനിപ്പിക്കാന്‍ നാരായണന്‍ പറഞ്ഞു.

‘’ അതിനു പുതിയ വീടിന്റെ മുമ്പില്‍ കുമ്പളങ്ങയില്‍ മുഖം വര‍ച്ച് കെട്ടിത്തൂക്കിയാല്‍ മതിയല്ലോ’‘

‘’ മതി പക്ഷെ പുരവാസലിന് ന‍ല്ല ദിവസം നോക്കണം. എന്നാലെ ഞാന്‍ പുരക്കകത്തു കയറു’‘

‘’ ശരി’‘

നാരായണന്‍ കടലാസുകളഞ്ഞ വഴിയില്‍ ചെന്ന് ചുറ്റുപാടും പരിശോധിച്ചു. ഭാ‍ഗ്യം കടലാസ് അവിടെത്തന്നെയുണ്ട്. പക്ഷെ അതിനു മുകളില്‍ ചാണകം കിടക്കുന്നു. സാരമില്ല കടലാസു കിട്ടിയല്ലോ. ആശ്വാസത്തോടെ നാരായണന്‍ രണ്ടു വിരലുകൊണ്ട് കടലാസ് പൊക്കിയെടുത്തു. കൈയില്‍ ചാണകമായെങ്കിലും കടലാസ് നിവര്‍ത്തി നോക്കി. പക്ഷെ അക്ഷരങ്ങള്‍ ചാണകത്തില്‍ മാഞ്ഞുപോയിരുന്നു.

മനസില്ലാ മനസ്സോടെ നാരായണന്‍ വേലുകണിയാന്റെ അടുത്തു പോയി.

കണിയാന്‍ കവടി നിരത്തി പറഞ്ഞു.

‘’ ദോഷമുണ്ട് പരിഹാരം ചെയ്തില്ലെങ്കില്‍ ഗൃഹനാഥനാ ദോഷം. ഗണപതിക്ക് തേങ്ങയുടക്കണം. ഒരു വിഘേനേശ്വര പൂജയും നടത്തണം’‘

കൗസല്യക്ക് ഗ്രഹപ്രവേശ തീയതി കണ്ടപ്പോള്‍ സന്തോഷമായി. പക്ഷെ ദോഷമുണ്ടെന്നറിഞ്ഞപ്പോള്‍ വേവലാതിയുമായി.

അടുത്ത ദിവസം തന്നെ അയ്യപ്പന്‍കുട്ടിയും കൗസല്യയും നാരായണനേയും കൂട്ടി അമ്പലത്തില്‍ പോയി. നാരായണന്‍ അമ്പലത്തിന്റെ അകത്തേക്കു കയറിയില്ല. ചുറ്റുമതിലിനു പുറത്തു നിന്നു.

നാരായണനെ പരിചയമുള്ള ചിലര്‍ അടക്കം പറഞ്ഞു.

‘’ ഇയാള്‍ക്ക് എന്തു പറ്റി വല്യ യുക്തിവാദി ആയിരുന്നു‘’

പുരവാസലിനു അമ്മയും അമ്മാവനും അമ്മായിയും വന്നില്ല. ഇതില്‍ നാരായണന് അതിയായ ദു:ഖം തോന്നി. എന്നാല്‍ അയ്യപ്പന്‍കുട്ടിയും കൗസല്യയും അതത്ര ഗൗരവമുള്ള കാര്യമായി പരിഗണിച്ചില്ല.

കുഞ്ഞുപെണ്ണ് കത്തിച്ചു കൊടുത്ത നിലവിളക്കുമായി കൗസല്യ വലതുകാല്‍ വച്ച് അകത്തുകയറി. നിലവിളക്കിന് 5 തിരിയിട്ടിരുന്നു. ഒറ്റത്തിരി വ്യാധിക്കു കാരണമാകുമെന്നും 2 തിരി ധനലാഭം ഉണ്ടാകുമെന്നും 4 തിരി ദാരിദ്ര്യത്തിനും 5 തിരി ശുഭകാര്യത്തിനും കാരണമാകുമെന്നാണു വിശ്വാസം.

അടുപ്പില്‍ ചൂട്ടുകത്തിച്ച് കൗസല്യ പാലുകാച്ചി. അടുപ്പില്‍ തൂവും വരെ തിളപ്പിച്ചു. അയ്യപ്പന്‍കുട്ടി എല്ലാവര്‍ക്കും പാലു വിളമ്പി.

ഓടിക്കിതച്ച് ഇഞ്ചക്കാടന്‍ വരുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് എല്ലാവര്‍ക്കും തോന്നി.

കുമാരന്‍ നാരായണനെ അരികില്‍ വിളിച്ച് എന്തോ മന്ത്രിച്ചു.

‘’ എന്റെ അമ്മേ...’‘

നാരായണന്‍ വെട്ടിയിട്ട വാഴപോലെ നിലത്തേക്കു മറിഞ്ഞു വീണു.

Previous Next

പുരുഷൻ ചെറായി

“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514.


Phone: 9349590642
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.