പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കണ്ണികള്‍ > കൃതി

കണ്ണികള്‍ - അധ്യായം 31

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷൻ ചെറായി

മരണവീട്ടിലെ രംഗങ്ങള്‍ അത്യന്തം ദയനീയമായിരുന്നു. മൂന്നു വയസായ കുഞ്ഞിന്റെ ദേഹം നീലനിറത്തില്‍ കാണപ്പെട്ടു. വയറും വല്ലാതെ ഊതി വീര്‍ത്തിരിക്കുന്നു. വായില്‍ കൂടി നുരയും പതയും വന്നിരുന്നു.

തള്ളയുടെ ശവം കണ്ടുനിന്നവരെ അത്ര സ്പര്‍ശിച്ചില്ല. അവര്‍ക്ക് എണ്‍പതോളം വയസുണ്ട്. ഇന്നോ നാളെയോ ഈ ലോകത്തോട് യാത്രപറയേണ്ടവള്‍.

ചുറ്റുമുള്ള പല വീടുകളിലും ഛര്‍ദിയും വയറിളക്കവുമുണ്ട്. പക്ഷെ, മരണസാധ്യതയില്ല. ദാരിദ്ര്യം തങ്ങള്‍ക്കു മാത്രമല്ലെന്നു കൗസല്യയ്ക്ക് ബോധ്യമായി. പുറമേ കേമത്തം നടിച്ചിരുന്നവരാണ് ഇപ്പോള്‍ കുഴപ്പത്തിലായിരിക്കുന്നത്.

രണ്ടു മൂന്നു ദിവസം ഒന്നും കഴിക്കാനില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അവര്‍ താണ്ടുവിന്റെ വീട്ടിലെ ചത്ത ആടിനെ കൊണ്ടുപോയത്. തിന്നാതെ മരിക്കുന്നതിലും ഭേദം തിന്നു മരിക്കുന്നതാണല്ലോ. ആടിനെ വെട്ടി അവര്‍ ചുറ്റുവട്ടത്തെ എല്ലാ വീട്ടുകാര്‍ക്കും പങ്കിടുകയായിരുന്നു. ഒന്നും തിന്നാതെ രണ്ടു മൂന്നുദിവസം കിടന്നവര്‍, പെട്ടെന്ന് വിഷാംശമുള്ള ആട്ടിറച്ചി കൂടുതല്‍ കഴിച്ചതാണ് മരണത്തിനും രോഗത്തിനും കാരണമാക്കിയതെത്രേ.

നിലവിളിക്കുന്നവരുടെ ദൈന്യം മനസിലേറ്റി വീട്ടിലേക്കു നടക്കുമ്പോള്‍ കൗസല്യയോര്‍ത്തു- ഈ നിലവിളി തന്റെ വീട്ടില്‍ ഉയരേണ്ടതായിരുന്നിേേല്ല? പൂതപ്പാണ്ടിയില്‍ ഉള്ളവര്‍ ചത്ത ആടിനെ കൊണ്ടുപോയിരുന്നില്ലെങ്കില്‍ അത് താന്‍ വാങ്ങി വീട്ടില്‍ കൊണ്ടുവരുമായിരുന്നു. അതില്‍ നല്ലൊരു പങ്ക് രാമകൃഷ്ണനു കൊടുക്കുമായിരുന്നു. മറ്റു മക്കളുമൊത്ത് താനും കഴിക്കുമായിരുന്നു. രണ്ടുമൂന്നു ദിവസമായി പട്ടിണിയിലായിരുന്ന തന്റെ കുടുംബം ഒരു പക്ഷെ എന്നെന്നേയ്ക്കുമായി തുടച്ചുനീക്കപ്പെടുമായിരുന്നു, ചത്തു മലച്ചുകിടക്കുന്ന മൂന്നു വയസുകാരന്റെ സ്ഥാനത്ത് രാമകൃഷ്ണനെ സങ്കല്‍പ്പിച്ചു നോക്കിയ കൗസല്യ പരിസരം മറന്ന് വാവിട്ടു കരഞ്ഞു.

അടുത്ത നിമിഷം അവള്‍ ആലോചിച്ചു- ഈ ജീവിതത്തേക്കാള്‍ നല്ലത് മരണമല്ലേ.. ദൈവം മരണത്തില്‍ നിന്നു രക്ഷിക്കുകയല്ല, മരണം നല്‍കാതെ ശിക്ഷിക്കുകയാണ് ചെയ്തത്...

താണ്ടുവിന്റെ വീട്ടില്‍ നിന്നു കിട്ടിയ അരി കൊണ്ട്. കൗസല്യ മൂന്നു ദിവസം തികച്ചു.

അടുത്ത ദിവസം രാമകൃഷ്ണന്‍ അമ്മ വീട്ടിലേക്കു ചെന്നു. കുഞ്ഞുപെണ്ണ് അമ്മൂമ്മ അവനെ അടുക്കളയിലേക്കു വിളിച്ച് കഞ്ഞികൊടുത്തു. ആര്‍ത്തിയോടെ അവന്‍ കഞ്ഞിവെള്ളം മോന്തിക്കുടിച്ചു. പിന്നെ വറ്റുവാരി തിന്നാന്‍ തുടങ്ങി. പെട്ടെന്നാണ് സുപ്രന്‍ കടന്നുവന്നത്. മരുമകന്‍ ഭക്ഷണം കഴിക്കുന്നത് കണ്ട് സുപ്രന്റെ കോപം ജ്വലിച്ചു. കാലുകൊണ്ട് കഞ്ഞിപ്പാത്രത്തില്‍ ഒറ്റത്തട്ട്. അതു തെറിച്ച് ദൂരെയ്ക്കു വീണു.

രാമകൃഷ്ണന്‍ വല്ലാതെ ഭയപ്പെട്ടുപോയി. അവന്‍ വലിയ വായില്‍ നിലവിളിച്ചു. സുപ്രന്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന വിറകിന്റെ കഷണം എടുത്തു തല്ലാനോങ്ങി. രാമകൃഷ്ണന്‍ നിലവിലിച്ചുകൊണ്ട് ഓടി. സുപ്രന്‍ വിറകുകമ്പുമായി പിറകെയും.

'എടാ.. സുപ്രാ..'.. രംഗം കണ്ട് നാണുക്കുട്ടന്‍ ഉറക്കെ വിളിച്ചു.. പക്ഷെ സുപ്രന്‍ വഴങ്ങിയില്ല...

'എടാ.. വടി താഴെയിട്...' നാണുക്കുട്ടന്‍ വിളിച്ചുപറഞ്ഞു. അപ്പോഴെയ്ക്കും നാണുക്കുട്ടന്‍ തളര്‍ന്നു വീണിരുന്നു. വായുടെ ഒരു കോണില്‍ക്കൂടി രക്തം പുറത്തുചാടി. വീട്ടിനുള്ളിലുള്ള എല്ലാവരും ഓടിയെത്തി. എല്ലാവരും കൂടി പൊക്കിയെടുത്തു നാണുക്കുട്ടനെ കട്ടിലില്‍ കിടത്തി.

' മര്‍മഭാഗങ്ങളില്‍ ക്ഷതമേറ്റതുകൊണ്ടാ ചോര ഛര്‍ദിച്ചത്... സൂക്ഷിക്കണം..' വൈദ്യര്‍ പരിശോധന നടത്തി മരുന്നു നല്‍കി.

അടുത്ത ദിവസങ്ങളിലും നാണുക്കുട്ടന് ഛര്‍ദിയുണ്ടായി... കുഞ്ഞുപെണ്ണ് നാണുക്കുട്ടന്റെ അരികിലായി ഒരു വട്ടക്കോളാമ്പി എടുത്തുവച്ചിരുന്നു. ഓരോ പ്രാവിശ്യം ഛര്‍ദിക്കുമ്പോഴും ആ കോളാമ്പി നിറയും. കുഞ്ഞുപെണ്ണിന് അതു കണ്ടുനില്‍ക്കാന്‍ വയ്യ. അവര്‍ മാറിയിരുന്ന് ആരുംകാണാതെ കരയും. ഇനി നാണുക്കുട്ടന് അധികനാളില്ലെന്ന് കുഞ്ഞുപെണ്ണ് തിരിച്ചറിഞ്ഞു. മരണത്തിന്റെ ലക്ഷണങ്ങള്‍ തന്നില്‍ കണ്ടു തുടങ്ങിയെന്ന് നാണുക്കുട്ടനും മനസിലായി. കണ്ണുകളിലെ സ്ഫുലിംഗം കെട്ടുപോയിരിക്കുന്നു. ചെവിയുടെ തട്ടിന്റെ ബലം കുറഞ്ഞു താഴേക്കു മടങ്ങിയിട്ടുണ്ട്. മുഖത്ത് മൂക്കില്ലെന്ന തോന്നല്‍. എല്ലാ മരണലക്ഷണങ്ങളും ഒത്തുവന്നിരിക്കുന്നു.

പൊലീസിന്റെ ക്രൂരമര്‍ദനമാണ് എല്ലാറ്റിനും കാരണം. ഒരു വലിയ കുറ്റവാളിയോടെന്നപോലെയാണ് അവര്‍ പെരുമാറിയത്. തോക്കിന്റെ പാത്തികൊണ്ട് വാരിയെല്ലിലും വയറ്റിലും പുറത്തും അവര്‍ ഇടിച്ചു. മുഖത്തേറ്റ അടികൊണ്ട് പല്ലിളകി വീണു. നാഭിക്കുള്ള ചവിട്ടില്‍ മൂത്രം സ്തംഭിച്ചു. വയസുകാലത്ത് ഇത്രയും ക്രൂരമായ മര്‍ദനം ആര്‍ക്കും താങ്ങാന്‍ കഴിയില്ല.

ജീവിതത്തില്‍ ഇനി ആഗ്രഹങ്ങള്‍ ഒന്നും ബാക്കിയില്ല. തന്റെ കുടുംബം സുഖമായി കഴിയണമെന്നു മാത്രം ഒരു പ്രാര്‍ഥനയുണ്ട്. മക്കളൊന്നും ചൊവ്വായില്ല. താന്‍ മരിച്ചാല്‍ അവരെങ്ങനെ ജീവിക്കും.? കേസ് അവസാനിപ്പിച്ച് കട തുറക്കാന്‍ കഴിയുമോ..? മക്കള്‍ സ്വരുമയോടെ ജീവിക്കുമോ..?

'കുഞ്ഞീ..'- നാണുക്കുട്ടന്‍ വിളിച്ചു. കുഞ്ഞുപെണ്ണ് ആരും കാണാതെ കരയുകയായിരുന്നു. അവള്‍ കണ്ണു തുടച്ച് ഭര്‍ത്താവിന്റെ അടുത്തുവന്നിരുന്നു.

' കുഞ്ഞീ..'

നാണുക്കുട്ടന്‍ കൈനീട്ടി. കുഞ്ഞുപെണ്ണ് ആ കൈകള്‍ തന്റെ കൈക്കുള്ളിലൊതുക്കി അമര്‍ത്തിപ്പിടിച്ചു. ഇരുവരും കുറെ നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. പരസ്പരം നോക്കിയിരുന്നപ്പോള്‍ രണ്ടുപേരുടെയും കണ്ണുകളില്‍ നിന്ന് നീര്‍ച്ചാലുകള്‍ ഒഴുകി.

'കുഞ്ഞീ.. നമ്മുടെ മക്കള്‍..'

അവരെ അന്വേഷിക്കുകയാണെന്നാണ് കുഞ്ഞുപെണ്ണ് കരുതിയത്.

'അവരിവിടെയുണ്ട്..'

'അവരെങ്ങനെ ജീവിക്കും..?'

'സങ്കടപ്പെടേണ്ട, ആങ്കുട്ടികളല്ലേ.. എങ്ങനേം ജീവിച്ചോളും'

'കള്ളനെന്ന പേരുമാത്രം വരുത്തിവയ്ക്കരുതെന്നു അവരോട് പറയണം.'

പിന്നെ ഒന്നും പറയാന്‍ നാണുക്കുട്ടന് ആയില്ല. പുറത്തേയ്ക്കു തികട്ടിവന്ന ചോരയോടൊപ്പം ആ ജീവനും ശരീരത്തില്‍ നിന്നു പുറത്തേയ്ക്കു ചാടി.

അടുത്ത പ്രദേശങ്ങളിലെല്ലാം മരിച്ച അറിയിപ്പുമായി ആളുകള്‍ പോയി. അയ്യപ്പന്‍ കുട്ടിയുടെ അടുത്തേയ്ക്കു പോകാന്‍ മാത്രം ആളെ കിട്ടിയില്ല. അയ്യപ്പന്‍ കുട്ടിയെ അറിയിക്കേണ്ടെന്നു ചിലര്‍ രഹസ്യമായി തീരുമാനിച്ചിരുന്നു. കുഷ്ഠരോഗാശുപത്രിയില്‍ ചെന്നു വിവരം പറഞ്ഞ് ആളെ കൂട്ടിക്കൊണ്ടു വരുന്നതും മരണാനന്തര ചടങ്ങുകളില്‍ സംബന്ധിപ്പിക്കുന്നതും പലര്‍ക്കും അസ്വീകാര്യമായിരുന്നു. എന്നാല്‍ കൗസല്യയും മക്കളും അയ്യപ്പന്‍കുട്ടിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഉറക്കെ കരഞ്ഞു.

' വിലാസം തന്നാല്‍ ഞാന്‍ പോയി പറയാം'- അറിയിപ്പു പോകുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്ന കാരണവന്മാരുടെ മുന്നിലേക്ക് ഒരു ചെറുപ്പക്കാരന്‍ കടന്നു ചെന്നു. ഇഷ്ടപ്പെടാത്ത മട്ടില്‍ കാരണവന്മാര്‍ മുഖത്തോടുമുഖം നോക്കി.

' പോര്‍ട്ടര്‍ കുഞ്ഞാണ്ടിയുടെ മകനാ.. ശശി.. ഞൊണ്ടനാ..'- ഒരാള്‍ പതുക്കെ പരിചയപ്പെടുത്തി. അല്‍പനേരത്തെ ചര്‍ച്ചയ്ക്കു ശേഷം കാരണവന്മാര്‍ പറഞ്ഞു. - ' നീപോയാല്‍ ശരിയാവില്ല..'

'അതെന്താ?'

'ശരിയാവില്ല, അത്രതന്നെ'

'അതിന്റെ കാരണമാ ചോദിച്ചത്'

'ഈ ഞൊണ്ടുകാലും വച്ച് ഇത്ര ദൂരെ നിന്നെ വിടാന്‍ പറ്റില്ല..'

'എന്നാ കാലുള്ളവര് പോ..'

'പിന്നെ കുഷ്ഠരോഗാശുപത്രിയിലല്ലേ പോണത്..'

' ആരെതിര്‍ത്താലും ഞാന്‍ പോകും.. കുഷ്ഠരോഗികളും മനുഷ്യരാ... നിങ്ങളെക്കാളും നല്ല മനുഷ്യര്..'

'പ്ഫാ.. തെമ്മാടി.. തര്‍ക്കുത്തരം പറേണോ..?'

'പേടിപ്പിക്കേണ്ട.. രോഗം ഒരു കുറ്റമല്ല... അത് ആര്‍ക്കും മനസിലാകുന്നതാ. മനസില് നന്മയുണ്ടെങ്കിലേ നല്ലത് മനസിലാകൂ..'

തങ്ങള്‍ക്കു വേണ്ടി വീറോടെ വാദിക്കുന്ന ചെറുപ്പക്കാരനെ സാവിത്രി ഈറന്‍കണ്ണുകളോടെ കണ്ടു. അവളുടെ മനസ് കൃതജ്ഞതാഭരിതമായി..

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ശശി അയ്യപ്പന്‍കുട്ടിയുടെ അടുത്തേയ്ക്ക് പോകുന്നെങ്കില്‍ പോകട്ടെയെന്നു തീരുമാനിച്ചു.

ചടങ്ങുകളെല്ലാം കഴിയുന്നതു വരെ അയ്യപ്പന്‍കുട്ടി മരണവീട്ടില്‍ കഴിച്ചുകൂട്ടി. പക്ഷെ, ആരും അയ്യപ്പന്‍കുട്ടിയോട്അടുത്ത് ഇടപഴകിയില്ല. എന്നാല്‍, ശശി മാത്രം അതില്‍നിന്നു വ്യത്യസ്തനായിരുന്നു. സ്വന്തം അച്ഛനോടെന്നവണ്ണം അയാള്‍ അയ്യപ്പന്‍കുട്ടിയോട് സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിച്ചു.

നാട്ടുകാരുടെ അകല്‍ച്ച അയ്യപ്പന്‍കുട്ടിയെ വേദനിപ്പിച്ചു. എന്നാല്‍ അയാളത് പുറത്തുകാട്ടിയില്ല. തന്നോടൊപ്പമുള്ള എല്ലാ രോഗികളും ഇത്തരം തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ്. ഇങ്ങോട്ടുവന്നു ബന്ധപ്പെടുന്നവരല്ലാതെ അങ്ങോട്ടുചെന്നു ആരുടെയും വെറുപ്പ് സമ്പാദിക്കരുതെന്ന് അയ്യപ്പന്‍കുട്ടി ശ്രദ്ധിച്ചു.

നാണുക്കുട്ടന്‍ മരിച്ചതിനു ശേഷം പലവട്ടം സാവിത്രിയും ശശിയും തമ്മില്‍ സംസാരിക്കാനും ഇടപഴകാനും അവസരമുണ്ടായി. മാന്യതയോടു കൂടിയ പെരുമാറ്റത്തിലും നോട്ടത്തിലും സാവിത്രിക്ക് ശശിയോടുള്ള മതിപ്പ് വര്‍ധിച്ചുവന്നു.

ഒരു ദിവസം സാവിത്രി പ്രസന്നയോടൊപ്പം കുടിവെള്ളമെടുക്കാന്‍ തൈക്കാടംപള്ളി കിണറ്റിന്‍ കരയിലെത്തി. ചെറായി ശുദ്ധജല ക്ഷാമമുള്ള പ്രദേശമാണ്. ദൂരെപോയി വേണം വീട്ടിലേക്ക് ആവശ്യമുള്ള വെള്ളം എടുക്കേണ്ടത്. കുളിക്കാന്‍ ചെറുപറമ്പത്ത് കുളത്തിലും കുടിക്കാന്‍ തൈക്കാടം പള്ളി കിണറ്റിലുമാണ് പോകുന്നത്.

കിണറ്റില്‍ വെള്ളം കോരി മണ്‍കുടത്തില്‍ നിറയ്ക്കുന്ന ശശിയെ കണ്ട് സാവിത്രി അത്ഭുതപ്പെട്ടു.

'ഞാന്‍ നിറച്ചു തരാം..'- സാവിത്രി ബക്കറ്റിനു വേണ്ടി കൈനീട്ടി.

' വേണ്ട.. ഞാന്‍ നിറച്ചോളാം..'

' തരൂന്നേ... ആണുങ്ങളാണോ വെള്ളം കോരുന്നത്.?'

'എന്താ ആണുങ്ങള്‍ കോരിയാല്..'

'അയ്യേ.. ഇവിടങ്ങളിലൊന്നും ആണുങ്ങള്‍ വെള്ളം കോരില്ല.. വീട്ടില് അമ്മയില്ലേ..?'

'ഉണ്ട്.. പക്ഷെ. അമ്മയ്ക്കു സുഖമില്ല... പിന്നെ വീട്ടില് വേറെ പെണ്ണുങ്ങളില്ലെന്ന് അറിഞ്ഞുകൂടെ..?'

'എന്നാ ഒരാളെ കൊണ്ടുവാ..'

'കൊണ്ടുവരണം. അതിന് ഒരാളെ കണ്ടുവച്ചിട്ടുണ്ട്..'

അതാരാണെന്നു സാവിത്രി ചോദിക്കുമെന്നാണ് ശശി കരുതിയത്. എന്നാല്‍ അത്തരം ഒരൂ ചോദ്യം സാവിത്രിയില്‍ നിന്നുണ്ടായില്ല. അയ്യപ്പന്‍കുട്ടിയുടെ മക്കള്‍ കല്യാണത്തെക്കുറിച്ച് ആലോചിച്ചിട്ട് എന്തു പ്രയോജനം.?

നാണുക്കുട്ടന്‍ മരിച്ചിട്ട് പതിനാറ് രാത്രികള്‍ കഴിഞ്ഞു. അയ്യപ്പന്‍ കുട്ടിയും കുടുംബവും വീട്ടിലേക്കു തിരിച്ചുപോന്നു. അയ്യപ്പന്‍കുട്ടി ആസ്പത്രിയിലായ ശേഷം നാലോ അഞ്ചോ തവണയാണ് നാട്ടില്‍ വന്നിട്ടുള്ളത്. ആസ്പത്രിയില്‍ ജോലിയാണെന്ന പ്രസ്താവം തുടക്കത്തിലേ പൊളിഞ്ഞു. കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസിയാണെന്ന യാഥാര്‍ഥ്യം കൗസല്യയും മക്കളും ഉള്‍ക്കൊണ്ടു. ഇങ്ങനെയൊരു രോഗം വന്നാല്‍ തങ്ങള്‍ക്കെന്തു ചെയ്യാനാകും? എല്ലാം ദൈവഹിതം. വഹിക്കുക തന്നെ.

അയ്യപ്പന്‍കുട്ടിയുടെ അഭാവത്തില്‍ കുടുംബത്തിനു നേരിട്ട ദുരന്തങ്ങള്‍ കൗസല്യ വിശദമായി പറഞ്ഞുകേള്‍പ്പിച്ചു. പട്ടിണികൊണ്ടു നട്ടം തിരിഞ്ഞതും മകന്റെ കഞ്ഞിപ്പാത്രം അമ്മാവന്‍ തട്ടിത്തെറിപ്പിച്ചതും അവനെ തല്ലാന്‍ വിറകുകമ്പുമായി ഓടിച്ചിട്ടതുമെല്ലാം പറഞ്ഞപ്പോള്‍ കൗസല്യയോടൊപ്പം അയ്യപ്പന്‍കുട്ടിയും കരഞ്ഞുപോയി. കരച്ചിലിനൊടുവില്‍ വെളിപാടുണ്ടായ പോലെ കൗസല്യ ചോദിച്ചു

'നിങ്ങളോടൊപ്പം ഞങ്ങളും പോരട്ടേ..?'

'എവിടെ.. ആശുപത്രിയിലേക്കോ..?'

'എവിടെയാണെങ്കിലും ഞങ്ങളു പോരാം..'

ഒരു നിമിഷം അയ്യപ്പന്‍കുട്ടി ഭാര്യയെ സൂക്ഷിച്ചു നോക്കി. എന്നിട്ടു പറഞ്ഞു.' കൗസൂ, നീയെന്താ പറയുന്നത് ? ഞാനവിടെ വീടെടുത്തു സുഖമായി കഴിയുകയാണെന്നാണോ നിന്റെ വിചാരം... ഞാനവിടെ ആശുപത്രീലാ.. അവിടെ രോഗികളെ മാത്രമേ താമസിപ്പിക്കൂ..'

'ദൈവമേ ! ഞങ്ങള്‍ക്കീ രോഗം തരണേ...'- കൗസല്യ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചു.

അയ്യപ്പന്‍കുട്ടി കാലത്തുതന്നെ ആശുപത്രിയിലേക്കു പോകാന്‍ തയാറായി. സാവിത്രി മുറ്റമടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.

'സാവിത്രി..'

മധുരമായ വിളി കേട്ട് സാവിത്രി അത്ഭുതത്തോടെ നോക്കി..

ശശി!

' അച്ഛന്‍ പോയോ?'

'ഇല്ല .. ഇപ്പോ പോകും..'

ശശി വീടിന്റെ മുന്‍വശത്തു ചെന്നു മുരടനക്കി.

'അല്ല, ഇതാര്? കയറിയിരിക്കൂ മോനേ..' -അയ്യപ്പന്‍കുട്ടി സ്‌നേഹപൂര്‍വം ശശിയെ ക്ഷണിച്ചു.

'പോകാന്‍ തിടുക്കമുണ്ടോ?'

'ഇല്ല, മോന്‍ കാര്യം പറയ്'

മനസിലുള്ള വാക്കുകള്‍ എവിടെയോ തടഞ്ഞു. പിന്നെ, ഒന്നു രണ്ടു നിമിഷങ്ങള്‍ക്കകം വാക്കുകളെ തേടിപ്പിടിച്ചു.

'വളച്ചുകെട്ടില്ലാതെ കാര്യം പറയാം.. എനിക്ക് സാവിത്രിയെ ഇഷ്ടപ്പെട്ടു. മോളെ കല്യാണം കഴിച്ചു തരുമോ..?

അയ്യപ്പന്‍ കുട്ടിയുടെയും കൗസല്യയുടെയും മേലേക്ക് സന്തോഷത്തിന്റെ സമുദ്രം ഇരച്ചു കയറി. ഇരുവര്‍ക്കും എന്തുപറയണമെന്ന് അറിയാതെയായി.

' ഇഷ്ടമെങ്കില്‍ തുറന്നു പറയണം. എന്റെ കുറവുകള്‍ എനിക്കറിയാം.. ഒരു ഞൊണ്ടന് പെണ്ണിനെ കൊടുക്കാന്‍ അച്ഛനമ്മമാര്‍ക്ക് താത്പര്യമുണ്ടാകില്ല. ഞാന്‍ ചോദിച്ചതു തെറ്റാണെങ്കില്‍ എന്നോടു ക്ഷമിക്കുക'

ശശി തിരിച്ചു നടന്നു..

'മോന്‍ നില്‍ക്ക്' -കൗസല്യയാണ് പറഞ്ഞത്..

'ഞങ്ങള്‍ക്ക് മോനെ ഇഷ്ടമാ.. പക്ഷെ, അതുപോരല്ലോ... മോന്‍ ചെന്ന് കാരണവന്മാരെ അയക്ക്..'

'അത് അയക്കാം.. പക്ഷെ അതിനുമുന്‍പ് നിങ്ങളുടെ അഭിപ്രായം അറിയണമല്ലോ... '

ശശി തിരിഞ്ഞു നടന്നു..

' മോനെ ചായ കുടിച്ചിട്ടു പോകാം..'

'വേണ്ട,, വരട്ടെ.. '

Previous Next

പുരുഷൻ ചെറായി

“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514.


Phone: 9349590642




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.