പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കണ്ണികള്‍ > കൃതി

കണ്ണികള്‍ - അധ്യായം ഇരുപത്തിരണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷൻ ചെറായി

വിരല്‍ വണ്ണത്തില്‍ നിറുത്താതെ പെയ്യുന്ന മഴ. അലറിയടിക്കുന്ന കൊടുങ്കാറ്റ്. അവിടവിടെ മരങ്ങളും ചില്ലകളും താഴെക്കു വീണുകൊണ്ടിരിക്കുന്നു. വഴിയില്‍ ഒറ്റ ജീവജാലങ്ങള്‍ പോലുമില്ല. എന്നിട്ടും നാരായണന്‍ നടക്കുകയാണ്. കൈയില്‍ കുടയില്ല. വെളിച്ചം കിട്ടാന്‍ ഒരു കറ്റ ചൂട്ടില്ല. ഏതോ ലക്ഷ്യം തേടി മുന്നോട്ടുള്ള യാത്ര. യാത്രയ്ക്ക് അവസാനമില്ല.. വീണ്ടും... വീണ്ടും.. വഴിയില്‍ വന്‍ മരങ്ങള്‍ വീണുകൊണ്ടിരിക്കുന്നു, യാത്ര തടസപ്പെടുത്താനെന്ന വണ്ണം. .. അല്ലെങ്കില്‍ ഏതോ ദുരന്തത്തിന്റെ മുന്നറിയിപ്പെന്ന പോലെ. പെട്ടെന്നാണ് വെള്ളം പൊന്തിയത്. നിമിഷ നേരം കൊണ്ട് വെള്ളം കഴുത്തോളമായി. നാലുപാടും നിലവിളി ഉയരുന്നു. ഒരു വൈക്കോല്‍ തുമ്പുപോലും കിട്ടാതെ അയ്യപ്പന്‍കുട്ടി വെള്ളത്തില്‍ പൊങ്ങുകയും താഴുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ പലരും ഒഴുകി വരുന്നു. പലര്‍ക്കും മുഖമില്ല. ഒന്നും വ്യക്തമല്ല. ഒരു കുത്തൊഴുക്കില്‍ അയ്യപ്പന്‍കുട്ടി പെട്ടെന്നാണ് ഒഴുകിപ്പോയത്. നാരായണന്‍ അയ്യപ്പന്‍കുട്ടിക്കു നേരെ കൈനീട്ടി. പക്ഷെ പിടുത്തം കിട്ടിയില്ല. ദൂരെ ഒരു കയത്തിലേക്ക് അയ്യപ്പന്‍ കുട്ടി വലിയ അലര്‍യോടെ ചെന്നു വീണു. പിന്നെയും ആളുകള്‍.. ആരൊക്കെയാണെന്ന് അറിയാത്തവര്‍.. അതാ കൗസല്യ.. എന്തു വേഗത്തിലാണ് ഒഴുക്കിലൂടെ വരുന്നത്. അവളുടെ മക്കള്‍ കൗസല്യയെ വട്ടം പിടിച്ചിരിക്കുന്നു. നാരായണന്‍ സര്‍വ ശക്തിയുമെടുത്ത് കൈ വട്ടം പിടിച്ച് അവരെ തടയാന്‍ നോക്കി. പക്ഷെ ശക്തമായ വേഗതയേറിയ ആ പാച്ചിലില്‍ അയാള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അവരോടൊപ്പം ഒരു വലിയ ആര്‍ത്തനാദത്തോടെ നാരായണനും കയത്തിലേക്കു കൂപ്പുകുത്തി...

'അമ്മേ..' എന്ന നിലവിളിയോടെ നാരായണന്‍ താഴെക്കു വീണു.

അതൊരു സ്വപ്‌നമായിരുന്നെന്നു വിശ്വസിക്കാന്‍ പെട്ടെന്നു നാരായണനു കഴിഞ്ഞില്ല. മരണത്തിന്റെ മണം തനിക്കു ചുറ്റും പടരുന്നതുപോലെ.

മരണം.. ഇതുവരെ മരണത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല. മുമ്പ് എപ്പോള്‍ വേണമെങ്കിലും മരിച്ചോട്ടെ എന്ന ഭാവമായിരുന്നു. അന്ന് മരണത്തേക്കാള്‍ ആശയങ്ങളായിരുന്നു മുഖ്യം. ലക്ഷ്യങ്ങളായിരുന്നു വലുത്. ഒരു പുതിയ ലോകത്തിന്റെ വര്‍ണ പ്രകാശം മാത്രമായിരുന്നു മനസില്‍.

എന്നാല്‍ ഇപ്പോള്‍ മരണത്തോട് എന്തെന്നില്ലാത്ത ഭയം. ചെയ്തു തീര്‍ക്കാന്‍ എത്രയെത്ര കാര്യങ്ങള്‍. തന്നെ മാത്രം ആശ്രയിക്കുന്ന എത്രയെത്ര ജീവിതങ്ങള്‍. .. വേണ്ട മരണം ഇപ്പോള്‍ വേണ്ട.

എല്ലാജീവികള്‍ക്കും മരണമുണ്ട്. ഇന്നെല്ലെങ്കില്‍ നാളെ മരണത്തിനു കീഴടങ്ങിയേ മതിയാകൂ. അതില്‍ ആരുടെയും ഇഷ്ടനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ല. ആരുടെയും സമ്മതമില്ലാതെ, ഒരു നിശ്ചിത സമയം നോക്കാതെ അത് കടന്നു വരുന്നു... അനൗചിത്യത്തോടെ..

മാളു നാരായണന്റെ വൈഷമ്യം കണ്ട് അമ്പരന്നു.

'എന്താ.. എന്താ പറ്റിയത്..?'

നാരായണന്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ അയാളുടെ തൊണ്ടക്കുഴിയില്‍ ബന്ധിക്കപ്പെട്ടുകിടക്കുന്നു. മാളു ഒരു ലോട്ടയില്‍ വെള്ളം പകര്‍ന്നു കുടിക്കാന്‍ കൊടുത്തു. കവുങ്ങിന്‍ പാളകൊണ്ടു വീശി.

പിറ്റേന്ന് നാരായണന് നല്ല പനി അനുഭവപ്പെട്ടു. പേരയിലയും കുരുമുളകും ഉള്ളിയും ശര്‍ക്കരയും തുളസിയിലയും ചേര്‍ത്ത് മാളു കഷായമുണ്ടാക്കി കൊടുത്തു. പനിക്ക് അല്‍പം ശമനം തോന്നിയപ്പോള്‍ത്തന്നെ നാരായണന്‍ പുറത്തേയ്ക്കു പോകാനുള്ള വസ്ത്രം ധരിച്ചു

'നിങ്ങളെവിടെ പോണ്'

' അയ്യപ്പന്‍ കുട്ടിയുടെ വീട്ടില്'

'അത് പിന്നെ പോകാം.. പനി മാറട്ടെ'

'അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. ഇന്നു സാവിത്രിയെ കാണാന്‍ ഒരു കൂട്ടരു വരും'

' കാണാനല്ലേ.. അവര്‍ കണ്ടിട്ടു പോട്ടെ..'

'നിനക്കങ്ങനെ പറയാം..'

'എന്തായാലും ഞാന്‍ നിങ്ങളെ വിടില്ല'

നാരായണന്‍ മാളുവിന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പുറത്തേയ്ക്കു നടന്നു. മാളുവിന്റെ ഏങ്ങലടിച്ചുള്ള കരച്ചില്‍ പുറകില്‍ വീണു ചിതറി.

കൗസല്യയും മക്കളും നാരായണനെ കാത്തിരിക്കുകയായിരുന്നു. മകളെ പെണ്ണുകാണാന്‍ വരുമ്പോള്‍ വീട്ടില്‍ ആണുങ്ങള്‍ ആരും ഇല്ലാതെ വരുന്നത് കുറച്ചിലാണ്.എത്രയോ ബന്ധുക്കളുള്ള വീടാണ, പക്ഷെ ആവശ്യം വന്നപ്പോള്‍ ആരുമില്ലാത്ത അവസ്ഥ.

അയ്യപ്പന്‍കുട്ടി ഒരിക്കലും സ്വന്തം കാര്യത്തിനു വേണ്ടി ജീവിച്ചിട്ടില്ല. അമ്മാവന്‍, അമ്മായി, അവരുടെ കുടുംബം പിന്നെ തന്റെ വീട്.. പക്ഷെ എല്ലാവരും കൈയൊഴിഞ്ഞിരിക്കുന്നു. നാരായണന്‍ ചേട്ടന്‍മാത്രം തങ്ങള്‍ക്കു തുണ.

പെണ്ണുകാണാന്‍ വരുന്ന വിവരം അയ്യപ്പന്‍കുട്ടിയെ അറിയിച്ചില്ല. ചെറുക്കന്‍ പെണ്ണിനെ കണ്ടുപോട്ടെ. പെണ്ണിനെ ഇഷ്ടപ്പെട്ടിട്ടു മതിയല്ലോ തുടര്‍ന്നുള്ള നടപടികള്‍. ഇതായിരുന്നു നാരായണന്റെയും കൗസല്യയുടെയും കാഴ്ചപ്പാട്.

പെണ്ണിനു സ്ത്രീധനമായി എന്തുകൊടുക്കാന്‍ കഴിയുമെന്ന് ആരും ആലോചിച്ചില്ല. വരുന്നത് വരട്ടെ. എല്ലാം നടക്കും എന്നൊരു ശുഭാപ്തി വിശ്വാസം കൗസല്യയുടെ മനസില്‍ തെളിഞ്ഞു.

രാവിലെ ചെറുക്കനും അളിയനും അമ്മാവനും കൂടി വരുമെന്നാണ് വിവാഹദല്ലാള്‍ അറിയിച്ചിരുന്നത്. നേരം പുലര്‍ന്നപ്പോള്‍ തന്നെ സാവിത്രി ഒരുങ്ങി നിന്നു..

പതിനാറു വയസേ ഉള്ളെങ്കിലും ഒരുങ്ങി നിന്നപ്പോള്‍ അവള്‍ ഒരു വലിയ പെണ്ണായിയെന്നു നാരായണനു തോന്നി. ഇത്ര നേരത്തേ ഇവളെ കല്യാണം കഴിച്ചു വിടണമോ എന്ന് നാരായണന്‍ ഒരു നിമിഷം ചിന്തിച്ചുപോയി.

നടക്കുന്നെങ്കില്‍ നടക്കട്ടെ. പെണ്‍കുട്ടിയുടെ അമ്മയ്ക്കല്ലേ ഇക്കാര്യത്തില്‍ മുഖ്യചുമതല. താഴെ രണ്ടു പെണ്‍കുട്ടികള്‍ കൂടി വളര്‍ന്നു വരുന്നു. കുടുംബനാഥന്‍ ഒരു രോഗിയുമായി തീര്‍ന്നു. എത്രയും വേഗം ഉത്തരവാദിത്വങ്ങള്‍ തീര്‍ത്തുവയ്ക്കണം.

ഉച്ചയായിട്ടും ചെറുക്കനെയും കൂട്ടരെയും കാണാതായപ്പോള്‍ നാരായണന്‍ സാവിത്രിയെ വിളിച്ചു.

'മോളെ, നീ വല്ലതും കഴിച്ചിട്ടാണോ നില്‍ക്കുന്നത്'

' കഴിച്ചോളാം'

'അല്ല, നീയെന്തെങ്കിലും കഴിക്ക്'

'ശരി..'

അവള്‍ അടുക്കളയില്‍ കയറി. ആദ്യം നാരായണന് ചോറു വിളമ്പി. പിന്നെ. മറ്റെല്ലാവരും ചോറുണ്ടു.

സാവിത്രി വിരിച്ചുകൊടുത്ത പായില്‍ നാരായണന്‍ കിടന്നു. അയാളുടെ മനസിലേക്ക് ഒരോരോ ചിന്തകള്‍ തിക്കിതിരക്കി കടന്നുവന്നു.

കച്ചവടം നിലച്ചപ്പോള്‍ മുതല്‍ വീട്ടിലേക്കു ദാരിദ്ര്യം കടന്നു വന്നിരുന്നു. അയ്യപ്പന്‍ കുട്ടിയുടെ മുഖത്തെ ചുവപ്പ് ദൈവാനുഗ്രഹമായി കൗസല്യയും മക്കളും കരുതിയെങ്കിലും ലോകപരിചയുള്ള നാട്ടുകാര്‍ അതൊരു മഹാരോഗത്തിന്റെ ലക്ഷണമാണെന്നു തിരിച്ചറിഞ്ഞു. ആ മാറാരോഗിയുടെ കടയില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ അയ്യപ്പന്‍കുട്ടിയോട് സ്‌നേഹമുള്ളവര്‍ പോലും തയാറായില്ല. അയ്യപ്പന്‍ കുട്ടിക്കു പകരം സാവിത്രി കച്ചവടം ഏറ്റെടുത്തെങ്കിലും കടയില്‍ ആരും കയറിയില്ല. വില്‍ക്കാന്‍ വച്ചിരുന്ന പുട്ടും കടലയും അപ്പവും ഉരുളക്കിഴങ്ങ് കറിയും പാലുമെല്ലാം ദിവസവും വീട്ടിലേക്കു മടക്കിക്കൊണ്ടു വന്നു. ആ നില തുടരാന്‍ കഴിയാതെ വന്നപ്പോള്‍ കട പൂട്ടിയിട്ടു.

രാജകുമാരനെപ്പോലെ ആദ്യദിവസം പഠിക്കാന്‍ ചെന്ന രാമകൃഷ്ണന്‍ സ്‌കൂളിലെ ഏറ്റവും ദരിദ്രനായ കുട്ടിയായി മാറി. ദിവസവും സ്‌കൂളില്‍ നിന്നു കിട്ടിയ പായസ കഞ്ഞി വലിയ ആശ്വാസമായി അവന്. ക്ലാസ് കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ കഴിക്കാന്‍ ഒന്നുമില്ലാതെ രാമകൃഷ്ണന്‍ നിലവിളിക്കുന്നത് പതിവായി.

അസ്വസ്ഥമായ ഒരു തണുപ്പ് ശരീരത്തിലേക്കു അരിച്ചു കയറിവന്നപ്പോള്‍ നാരായണന്‍ ചിന്തകളുടെ ലോകത്തുനിന്നു മടങ്ങി വന്നു. പനിയുള്ളപ്പോള്‍ മോര് കഴിക്കേണ്ടിയിരുന്നില്ല എന്നു നാരായണന് തോന്നി. നല്ല രുചിയുണ്ടായിരുന്നതു കൊണ്ട് മോര് കൂടുതല്‍ കഴിക്കുകയും ചെയ്തു.

മണി നാലു കഴിഞ്ഞിരിക്കുന്നു. ഇനിയും പെണ്ണിനെ കാണാന്‍ വരുമെന്ുപറഞ്ഞവര്‍ എത്തിച്ചേര്‍ന്നിട്ടില്ല.

ആരോ 'കുത്തി'യതാകാമെന്നു കൗസല്യ സംശയം പറഞ്ഞു. എന്തായാലും അന്വേഷിക്കാമെന്നു നാരായണന്‍ വാക്കു കൊടുത്ത്. ഒരുങ്ങി നിന്ന കല്യാണപ്പെണ്ണിന്റെ സന്തോഷം നിരാശയുടെ കുണ്ടില്‍ പോയൊളിച്ചു.

വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങുമ്പോഴാണ് നാരായണന് പെട്ടെന്നൊരു തലകറക്കം തോന്നിയത്. കൗസല്യയും സാവിത്രിയും കയറിപ്പിടിച്ചില്ലായിരുന്നെങ്കില്‍ നാരായണന്‍ വീണു പോകുമായിരുന്നു.

'എന്തു പറ്റി ചേട്ടാ.. എന്തു പറ്റി...'... കൗസല്യയുടെ ചോദ്യം അയാള്‍ കേട്ടില്ല. അപ്പോഴെയ്ക്കും അയാളുടെ ബോധം മറഞ്ഞിരുന്നു.

കൗസല്യ അല്‍പം തണുത്ത വെള്ളം നാരായണന്റെ മുഖത്ത് തളിച്ചു. അതോടെ അയാള്‍ കണ്ണു തുറന്നു. ശരീരം നല്ലപോലെ വിയര്‍ക്കാന്‍ തുടങ്ങി. ശരിക്കും മുങ്ങിക്കുളിച്ചതു പോലെ. ശരീരത്തിലൂടെ വിയര്‍പ്പു തുള്ളികള്‍ ഒഴുകി. സാവിത്രി വിശറിയെടുത്ത് വീശി. അല്‍പം കഴിഞ്ഞപ്പോള്‍ നാരായണന് ആശ്വാസമായി. അയാള്‍ എഴുന്നേറ്റു.

പടിഞ്ഞാറു നിന്ന് വിവാഹ ദല്ലാള്‍ ഒറ്റയ്ക്കു വരുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേടുള്ളപോലെ എല്ലാവര്‍ക്കും തോന്നി

ദല്ലാള്‍ ഒന്നും മിണ്ടാതെ താടിക്കു കൈയും കൊടുത്ത് തിണ്ണയില്‍ കുത്തിയിരുന്നു.

' എന്താ അവരു വരാതിരുന്നേ?' അല്പനേരത്തെ മൗനത്തിനു ശേഷം നാരായണന്‍ ചോദിച്ചു.

ദല്ലാള്‍ ചുറ്റും നിന്നവരെ നോക്കി വീണ്ടും മിണ്ടാതിരുന്നു.

'എന്താണേലും പറയ്'

നാരായണന്‍ അയാള്‍ക്കു ധൈര്യം കൊടുത്തു.

'വാ...നിങ്ങളൊന്നു പുറത്തേയ്ക്കു വന്നേ' ദല്ലാള്‍ സ്ത്രീകളുടെ കേള്‍വിപ്പാടില്‍ നിന്നു നാരായണനെ മാറ്റി നിര്‍ത്തിക്കൊണ്ടു പറഞ്ഞു.

'അവര്‍ക്കു കല്യാണത്തിനു താത്പര്യമില്ല'

'താത്പര്യമില്ലെങ്കില്‍ വേണ്ട.. പക്ഷെ അവര്‍ കാര്യം വല്ലതും പറഞ്ഞോ'

'വേണ്ട നിങ്ങളത് അറിയേണ്ട'

' നമ്മള് അങ്ങോട്ട് അന്വേഷിച്ചു ചെന്നതല്ല. അവര് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടാണ് ഇങ്ങനെയൊരു ആലോചനയുമായി വന്നത്. അതു കൊണ്ട് വേണ്ടെന്നു പറഞ്ഞതിന്റെ കാരണം അറിയണം'

നാരായണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ദല്ലാള്‍ക്കു പറയാതെ നിവൃത്തിയില്ലാതായി. അയാള്‍ വിക്കി വിക്കി പറഞ്ഞു...

'അതേയ് .. പെണ്ണിന്റെ അച്ഛന് കുഷ്ഠരോഗമാണെന്ന് ആരോ പറഞ്ഞ് അവരറിഞ്ഞു'

നാരായണന്‍ വെള്ളിടിയേറ്റ പോലെ സ്തംഭിച്ചു നിന്നു..

Previous Next

പുരുഷൻ ചെറായി

“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514.


Phone: 9349590642




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.