പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > കണ്ണികള്‍ > കൃതി

അധ്യായം പതിന്നാല്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷൻ ചെറായി

വീട്ടിലേക്കു വന്നു കയറിയ ഭര്‍ത്താവിന്റെ പരിക്ഷീണമായ മുഖം കണ്ടപ്പോള്‍ കുഞ്ഞുപെണ്ണിന്റെ ഉള്ളു പിടഞ്ഞു. ഒരിക്കല്‍ പോലും നാണുക്കുട്ടനില്‍ ഇങ്ങിനെയൊരു മുഖഭാവം കണ്ടിട്ടില്ല.എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് കുഞ്ഞുപെണ്ണ് വിലയിരുത്തി.

‘’ എന്താ എന്തു പറ്റി?’‘

‘’ നീയിത്തിരി വെള്ളം താ’‘

കുഞ്ഞുപെണ്ണ് വേഗം പോയി ഒരു ഗ്ലാസ്സ് വെള്ളം എടുത്തു കൊടുത്തു. നാണുക്കുട്ടന്‍ അതപ്പാടെ കുടിച്ചു. അപ്പോഴേക്കും കല്യാണി ഒരു കൊച്ചു മണ്‍കുടത്തില്‍ സംഭാരവുമായി എത്തി. നാണുക്കുട്ടന്‍ അതും കുടിച്ചു. എല്ലാ വിവരങ്ങളും അറിഞ്ഞപ്പോള്‍ കുഞ്ഞുപെണ്ണ് സമാധാനിപ്പിച്ചു.

‘’ ഇതാണോ കാര്യം? സാരമില്ല ചിലപ്പോള്‍‍ നിങ്ങള്‍ക്ക് അബദ്ധം പറ്റിയതാകാം. നമ്മുടെ പെട്ടിയില്‍ തന്നെ ആധാരം ഉണ്ടാകാം. ധിറുതിയില്‍ നിങ്ങള്‍ എടുത്തത് വിത്തിനിട്ടിരുന്ന ഒണക്കപ്പീച്ചിങ്ങ ആയിരിക്കും’‘

നാണുക്കുട്ടനും ചിന്താധീനനായി അങ്ങിനെ സംഭവിച്ചതാകുമോ?

അപ്പോള്‍ തന്നെ പെട്ടിക്കകത്ത് പരിശോധന നടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പെട്ടിയില്‍ ആധാരം മാത്രമല്ല ഉള്ളത്. സ്വര്‍ണ്ണമുണ്ട്, പണമുണ്ട്, തുണിയുണ്ട്. അല്‍പ്പം സമയമെടുത്തുവേണം നോക്കാന്‍ നാളെയാകട്ടെ ഇപ്പോള്‍‍ കടയില്‍ തിരക്ക് തുടങ്ങാറായി.

കുഞ്ഞുപെണ്ണിന്റെ ന്യായവാദത്തില്‍ ആശ്വാസം തോന്നിയത് കൊണ്ട് പരിശോധന നാളത്തേക്കു മാറ്റി. പിറ്റെ ദിവസവും പരിശോധന നടന്നില്ല. അന്നും കടയില്‍ തിരക്കു തന്നെ. അടുത്ത ദിവസവും തഥൈവ. പിന്നെയത് നീണ്ടു നീണ്ടു പോയി.

പ്രകാശന്‍ ശബരിമലക്കു പോകാന്‍ മാലയിട്ടു. കള്ളന്‍ അയ്യപ്പന്‍ എന്നും കള്ള്‍ അയ്യപ്പനെന്നും വിളിപ്പേരുള്ള അയ്യപ്പനാണ് ‘ പെരിയസ്വാമി' നൂറ്റിപ്പതിനാറിലെ കൊടുങ്കാറ്റില്‍ അയ്യപ്പന്റെ വീടിനു മുകളില്‍ ഒരു തെങ്ങ് വീണു. വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന അഞ്ചു പേര്‍ മരിച്ചു. അയ്യപ്പന്‍ മാത്രം രക്ഷപ്പെട്ടു അതിനു ശേഷം അയ്യപ്പന്‍ എല്ലാ കൊല്ലവും മലക്കു പോകും. അയ്യപ്പന്റെ പേരുള്ളതുകൊണ്ടാണ് അപകടത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടതെന്ന് അയാള്‍ വിശ്വസിക്കുന്നു.

കടുക്കയിട്ടു തിളപ്പിച്ച വെള്ളത്തില്‍ വെള്ളത്തുണിയും തോര്‍ത്തും കെട്ടു നിറക്കാനുള്ള സഞ്ചികളും മുക്കിയെടുത്ത് കറുപ്പു നിറം വരുത്തി. മണ്ഡലകാലം മുഴുവനും വ്രതം നോറ്റു. ഗൗരീശ്വര ക്ഷേത്രത്തില്‍ പോയി മാലയിട്ടു. ശാന്തി മഠത്തില്‍ കഴിഞ്ഞിരുന്ന കഞ്ചാവു സ്വാമിയെ കണ്ടു വണങ്ങി.

''കുത്തം കെട്ടവനേ നീ പോയ് തുലയ്’‘

സ്വാമി അനുഗ്രഹിച്ചു.

കഞ്ചാവു സ്വാമിയുടെ പ്രത്യേകതയാണത്. ദര്‍ശിക്കാന്‍ ചെല്ലുന്നവരെ ചീത്ത പറഞ്ഞാല്‍ നന്‍മയും നല്ലതു പറഞ്ഞാല്‍ തിന്‍മയും വരുമത്രേ.

പ്രകാശന്റെ കെട്ടു നിറയോടനുബന്ധിച്ച് അയ്യപ്പന്‍ പാട്ടും വിളക്കും ഉണ്ട്. അതിന് നാടു മുഴുവനും ക്ഷണിച്ചു. പക്ഷെ നാണുക്കുട്ടനോടും കുഞ്ഞുപെണ്ണിനോടും പറഞ്ഞില്ല.

നാണുക്കട്ടന്‍ ചോദിച്ചു.

‘’ കുഞ്ഞു നീയൊന്ന് ഓര്‍ത്തു നോക്ക്. അവരു വന്ന് വിളിച്ചിട്ടുണ്ടാവും തിരക്കിനിടയില്‍ നീ ശ്രദ്ധിച്ചിട്ടുണ്ടാവില്ല’‘

‘’ ഏയ് എന്നോടു പറഞ്ഞില്ല. ചിലപ്പോ നിങ്ങളോടു പറഞ്ഞു കാണും. നിങ്ങള്‍ക്ക് ഈയിടെയായി ഓര്‍മ്മക്കുറവ് കൂടുതലാണല്ലോ’‘

ശരിയായിരിക്കാം എന്ന് നാണുക്കുട്ടന്‍ വിചാരിച്ചു.

അയ്യപ്പന്‍ പാട്ടും വിളക്കും നടക്കുന്ന ദിവസമാണ് തങ്ങളെ അവഗണിക്കുകയായിരുന്നെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്.

കുഞ്ഞുപെണ്ണിന് ആ അവഗണന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്തപരാധം ചെയ്തിട്ടാണ് തങ്ങളോട് ഇങ്ങിനെ കാണിക്കുന്നത്?

പരിസരവാസികളായ മറ്റ് അയ്യപ്പന്‍മാരും കണ്ണുവിന്റെ വീട്ടില്‍ വെച്ചാണ് കെട്ടു നിറക്കുന്നത്. നാട്ടില്‍ വിദഗ്ദരുണ്ടായിട്ടും അയ്യപ്പന്‍ പാട്ടിനും വിളക്കിനും പെരിങ്ങോട്ടു കരയില്‍ നിന്നാണ് സംഘത്തെ വരുത്തിയത്.

അവര്‍ വാഴപ്പിണ്ടിയും കുരുത്തോലയും കൊണ്ട് ഒരു കൊച്ചു ക്ഷേത്രം തന്നെ നിര്‍മ്മിച്ചു. ക്ഷേത്രത്തില്‍ നിറയെ എണ്ണത്തിരി കത്തിച്ചു. ക്ഷേത്രത്തിനകത്ത് ശബരിമല ശാസ്താവിന്റെ ചിത്രം വരച്ചു.

പാട്ടുകാര്‍ വട്ടമിട്ടിരുന്ന് ഉടുക്കു കൊട്ടി ഈണത്തില്‍ പാടി. ശബരിമല അയ്യപ്പന്റെ ജനനം മുതല്‍ മഹിഷാസുര മര്‍ദ്ദിനിയുടെ വധം വരെയുള്ള വീരകഥകള്‍‍ അവര്‍ പാടിത്തീര്‍ത്തു. എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം കൊടുത്തു. വിളിക്കാതെ എത്തിയ ഭിക്ഷക്കാര്‍ക്ക് പന്തലിനു വെളിയില്‍ ധാരാളം എച്ചില്‍ കിട്ടിയതു കൊണ്ട് സന്തോഷമായി.

ഇരുമുടിക്കെട്ടില്‍ പൊതിച്ച തേങ്ങ , ശര്‍ക്കര, അവലോസുണ്ട, അവില്‍, മലര്‍ തുടങ്ങിയ സാധനങ്ങളിട്ട് തലയിലേറ്റുമ്പോള്‍ പ്രകാശന്‍ പൊട്ടിക്കരഞ്ഞു. ബോട്ടു ജെട്ടിവരെ കരഞ്ഞുകൊണ്ട് എല്ലാവരും അയ്യപ്പന്മാരെ അനുഗമിച്ചു.

അച്ഛനേയും അമ്മയെയെയും വിളിക്കാത്തതുകൊണ്ട് കൗസല്യയും അയ്യപ്പന്‍ കുട്ടിയും കെട്ടുനിറക്കു പോയില്ല. നാണുക്കുട്ടനും കുഞ്ഞുപെണ്ണും കൗസല്യയും അയ്യപ്പന്‍ കുട്ടിയും മക്കളുമെല്ലാം ബോട്ടു ജെട്ടിയുടെ തെക്കേക്കരയില്‍ നിന്ന് അയ്യപ്പന്‍മാരെ നോക്കിക്കണ്ടു. പ്രകാശന്‍ തലയില്‍ ഇരുമുടിക്കെട്ട് ഏറ്റി നില്‍ക്കുന്നതു കണ്ടപ്പോള്‍ കുഞ്ഞു പെണ്ണ് വാവിട്ടു കരഞ്ഞു. അവര്‍ ശബരിമല അയ്യപ്പനോട് മനമുരുകി പ്രാര്‍ത്ഥിച്ചു.

‘’ അയ്യപ്പ സ്വാമീ ഞങ്ങടെ കുഞ്ഞിന് ആപത്തൊന്നും വരുത്താതെ കാത്തുകൊള്ളണേ’‘

അയ്യമ്പള്ളിയിലെ 40 സെന്റ് ഭൂമിയില്‍ തെങ്ങുകയറ്റത്തിന് നാണുക്കുട്ടന്‍ എത്തിയപ്പോള്‍ അവിടെ തെങ്ങുകയറ്റം പകുതിയായി.

‘’ ആരാ തെങ്ങു കയറുന്നേ ആരാ നിങ്ങള്‍?’‘

നാണുക്കുട്ടന്‍ തെങ്ങുകയറ്റക്കാരുടെ അടുത്തേക്കോടി ചെന്നു.

‘’ നിങ്ങള്‍ ആരാ ഞങ്ങള്‍‍ മുതലാളി പറഞ്ഞിട്ടാ തെങ്ങു കയറുന്നത്’‘

‘’ മുതലാളിയോ ഇതിന്റെ മുതലാളി ഞാന്‍ തന്നെയാ..’‘

‘’ അതൊന്നും ഞങ്ങള്‍ക്കറിയില്ല. ദാ, ആ നില്‍ക്കുന്ന മുതലാളിയാ ഞങ്ങളോട് തെങ്ങുകയറാന്‍ പറഞ്ഞത്''

നാണുക്കുട്ടന്‍ അവര്‍ പറഞ്ഞ സ്ഥലത്തേക്കു നോക്കി. അവിടെ ഒരാള്‍ പുറം തിരിഞ്ഞിരുന്ന് കരിക്ക് കുടിക്കുന്നു. നാണുക്കുട്ടന്‍ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.

കണ്ണു!

നാണുക്കുട്ടന്‍ ഞെട്ടിപ്പോയി.

‘’ എന്താ ചേട്ടായിത്?’‘

‘’ എന്ത്?’'

‘’തെങ്ങു കയറുന്നതെന്താന്നാ ചോദിച്ചത്?’‘

‘’ പിന്നെ കാശു കൊടുത്തു വാങ്ങിയ ഭൂമിയില്‍ തെങ്ങു കയറേണ്ടേ?’‘

‘’ ആര്‍ കാശുകൊടുത്തു വാങ്ങി?’‘

‘’ ഞാന്‍ തന്നെ എന്താ വിശ്വാസം വരണില്ലേ ദാ ആധാരം’‘

കണ്ണു ഒരു കടലാസു കെട്ട് അഴിച്ചു കാണിച്ചു. അത് കുഴുപ്പിള്ളി രജിസ്ത്രാഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരമായിരുന്നു. വസ്തുവിന്റെ ഉടമ കുഞ്ഞുപെണ്ണ് വിരലടയാളം വച്ചിട്ടുണ്ട്. സാക്ഷികളില്‍ ഒരാള്‍ ഇഞ്ചക്കാടന്‍ കുമാരന്‍ ആയിരുന്നു.

നാണുക്കുട്ടന് തല കറങ്ങുന്നതു പോലെ തോന്നി. ചതി നടന്നിരിക്കുന്നു. വന്‍ ചതി. എന്നാലും ചേട്ടന്‍ ഞങ്ങളോട് ഈ ചതി ചെയ്തല്ലോ. നാണുക്കുട്ടന് ദേഷ്യം പെരുവിരല്‍ മുതല്‍ അരിച്ചു കയറി.

‘’ ദുഷ്ട ഞങ്ങളെ നീ ചതിച്ചു അല്ലേ നിന്നെ ഞാന്‍’‘

നാണുക്കുട്ടന്‍ കണ്ണുവിന്റെ കഴുത്തിനു പിടിച്ചു. കണ്ണു നാണുക്കുട്ടന്റെ പിടി വിടുവിച്ചു. എന്നിട്ട് നാഭിക്കിട്ട് ഒരു ചവിട്ടു കൊടുത്തു. നാണുക്കുട്ടന്‍ മലര്‍ന്നടിച്ചു വീണു.

പിന്നെ നാണുക്കുട്ടന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കണ്ണു വേഗം തേങ്ങ പെറുക്കിക്കൂട്ടി വഞ്ചിയിലിട്ടു. എന്നിട്ട് തെങ്ങുകയറ്റക്കാരുമായി വഞ്ചിയില്‍ കയറി സ്ഥലം വിട്ടു.

നാണുക്കുട്ടനെ കൂടെ വന്ന തെങ്ങുകയറ്റക്കാര്‍ എടുത്ത് വഞ്ചിയില്‍ കയറ്റി.

നേരത്തോടു നേരമായപ്പോള്‍‍ നാണുക്കുട്ടന് എഴുന്നേല്‍ക്കാന്‍ വയ്യാതായി. മൂത്രം പോകാതെ വയറ് വീര്‍ത്തു. അയ്യപ്പന്‍ കുട്ടി രായപ്പന്‍ വൈദ്യനെ കൂട്ടിക്കൊണ്ടു വന്നു അദ്ദേഹം നാഭിയിടാന്‍ പച്ചമരുന്നു കൊടുത്തു ഉള്ളില്‍ കഴിക്കാനും മരുന്നു കൊടുത്തു.

ഇനിയൊരിക്കലും ഒന്നിക്കാന്‍ കഴിയാത്ത വിധം കണ്ണുവിന്റെയും നാണുക്കുട്ടന്റെയും കുടുംബങ്ങള്‍‍ തമ്മില്‍ അകന്നു. കുഞ്ഞുപെണ്ണ് ഒന്നും പുറത്തു പറഞ്ഞില്ലെങ്കിലും അവരുടെയുള്ളില്‍ ഒരു അഗ്നി പര്‍വതം പുകയാന്‍ തുടങ്ങി.

ചേച്ചിയും ചേട്ടനും കുഞ്ഞുപെണ്ണിന്റെ മനസ്സില്‍ കണ്‍കണ്ട ദൈവങ്ങളായിരുന്നു. തന്റെ കുടുംബത്തോട് ഇത്ര നികൃഷ്ടമായി അവര്‍ക്കെങ്ങിനെ പെരുമാറാന്‍ കഴിഞ്ഞു? എന്താണ് ഈ മാറ്റത്തിന്റെ അടിസ്ഥാനം? ഉത്തരമില്ലാത്ത ഒരു സമസ്യ പോലെ ചോദ്യങ്ങള്‍ ബാക്കി നിന്നു.

നാരായണന്റെ ക്ഷേത്രത്തിനു മുമ്പിലുള്ള വെട്ടു വഴിയില്‍ ഒരു സുഹൃത്തുമാ‍യി സംസാരിച്ചു നില്‍ക്കുമ്പോഴാണ് ഇഞ്ചക്കാടന്‍ കുമാരന്‍ അതു വഴി പോകുന്നത്. ഇഞ്ചക്കാടന്‍ തന്നെ കണ്ടെന്നും അയാള്‍ കാണാത്ത ഭാവത്തിലാണ് പോകുന്നതെന്നും നാരായണന്‍ മനസ്സിലാക്കി.

നാരായണന്‍ ഇഞ്ചക്കാടനെ കൈകാട്ടി വിളിച്ചു.

ഇഞ്ചക്കാടന്‍ അപ്പോള്‍‍ കാണുന്ന പോലെ ചിരിച്ചു കൊണ്ട് അടുത്തു വന്നു. നാരായണന്‍ ചോദിച്ചു.

‘’ കുമാരേട്ടന്‍ എവിടെ പോകുന്നു?’‘

‘’ ഞാന്‍ ദാ അവിടം വരെ ‘’

‘’പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’‘

ഇഞ്ചക്കാടന്‍ ഒഴിഞ്ഞു പോകുന്നത്ന്റെ കാര്യം നാരായണന് പിടി കിട്ടിയിരുന്നില്ല. അത് അയാളെ കൊണ്ടു തന്നെ പറയിപ്പിക്കണം. നാരായണന്‍ ഇഞ്ചക്കാടന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

ഇഞ്ചക്കാടന് പേടികൊണ്ട് നാരായണന്റെ തറച്ച നോട്ടം നേരിടാന്‍ കഴിഞ്ഞില്ല.

അയാള്‍ പോകാന്‍ തിടുക്കം കൂട്ടി.

‘’ പോട്ടെ ധൃതിയുണ്ട്’‘

‘’ എന്തായിത്ര ധൃതി? നമുക്ക് ഒരു ചായ കുടിച്ചിട്ടു പോകാം’‘

ചായയും ഭക്ഷണവും ഇഞ്ചക്കാടന്റെ ദൗര്‍ലഭ്യമാണ്. അതു കൊടുത്താല്‍ ഇഞ്ചക്കാടന്‍ എന്തു വേണമെങ്കിലും ചെയ്യും എന്തു വേണമെങ്കിലും പറയും.

ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍‍ നാരായണന്‍ മിശ്ര വിവാഹത്തെക്കുറിച്ചും നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആശാന്‍ കവിതകളെകുറിച്ചുമെല്ലാം സംസാരിച്ചു. ഇഞ്ചക്കാടന്റെ മനസിലെ ഭയസംഭ്രമം ഒഴിഞ്ഞു പോയി.

‘’ നമുക്ക് അമ്പലപ്പറമ്പില്‍ ഇരിക്കാം’‘

വിശപ്പ് കെട്ടപ്പോള്‍ ഇഞ്ചക്കാടന് ആവേശമായി സന്തോഷമായി.

അമ്പലപ്പറമ്പിലെ മാവിന്‍ ചുവട്ടില്‍ സ്വര്‍ണ്ണ മണലില്‍ ഇരുവരും ഇരുന്നു.

ഗാന്ധിജിയും നാരായണ ഗുരുവും തമ്മില്‍ കണ്ടതും അവരുടെ സംവാദവും ചര്‍ച്ചയിലെത്തി. ഇഞ്ചക്കാടന്‍ അഭിപ്രായപ്പെട്ടു.

‘’ ഗുരു നല്ല നല്ല കാര്യങ്ങള്‍ ഒരു പാടു പറയുന്നുണ്ട് പക്ഷെ അദ്ദേഹത്തിന്റെ അനുയായികള്‍‍ അത് അനുസരിക്കുന്നില്ല.

‘’ എന്താ അങ്ങിനെ പറഞ്ഞത്?’‘

നാരായണന്‍ ചൊടിച്ചു കൊണ്ടു ചോദിച്ചു.

''ഗുരു പറഞ്ഞു ആന നാറുന്ന മൃഗമാണ് അതിനെ അമ്പലപ്പറമ്പില്‍ കയറ്റരുതെന്ന്. എന്നിട്ട് ആനയെ കയറ്റുന്നില്ലേ? നമ്മുടെ ഉത്സവങ്ങള്‍ക്ക് ആനയില്ലെങ്കില്‍ ആളുണ്ടാവുമോ?’‘

‘’ ശരിയാണ്’'

നാരായണനും അതംഗീകരിച്ചു.

‘’ കള്ളു ചെത്തരുത് അതുകുടിക്കരുത് മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് എന്നെല്ലാം പറഞ്ഞിട്ടും നമ്മുടെയാലുകള്‍‍ അതു കേട്ടോ?’‘

ഇഞ്ചക്കാടന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നാരായണന് വാക്കുകള്‍ ഉണ്ടായിരുന്നില്ല.

‘’ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് നരജാതിയില്‍ നിന്നത്രെ പിറന്നീടുന്നു വിപ്രനും...’‘

ഗുരുദേവന്റെ ശോകം നീട്ടിച്ചൊല്ലിക്കൊണ്ട് ഇഞ്ചക്കാടന്‍ പറഞ്ഞു.

‘’ ഏതു ജാതിയില്‍ പെട്ട മനുഷ്യരാണെങ്കിലും എല്ലാവരും ഒരു പോലെയാണെന്ന് ഗുരുദേവന്‍ പറഞ്ഞു എന്നാല്‍ നേതാക്കന്മാര്‍ പോലും അതംഗീകരിക്കുന്നുണ്ടോ?’‘

‘’ എന്താ കുമാരേട്ടന്‍ അങ്ങിനെ പറഞ്ഞത്?’‘

‘’ നമ്മുടെ നേതാക്കന്മാരുടെ കല്യാണം കഴിക്കുണ്ടല്ലോ സ്വന്തം ജാതിയില്‍ നിന്നല്ലാതെ ഒരാളെങ്കിലും അന്യജാതിയില്‍ നിന്ന് കല്യാണം കഴിച്ചതായി പറയാമോ?’‘

‘’ അത് മറ്റു ജാതിക്കാരും സമ്മതിക്കേണ്ടേ?’‘

‘’ സമ്മതമാണോ എന്ന് ചോദിച്ചിട്ടുണ്ടോ?’‘

‘’ ചോദിച്ചാല്‍‍ സമ്മതിക്കുമോ?’‘

‘’ ചോദിച്ചു നോക്ക്...!! ‘’

നാരായണന്റെ മനസില്‍ ഒരാശയം മുളപൊട്ടി. മിശ്രവിവാഹം കഴിച്ച് സമൂഹത്തിന് മാതൃക കാട്ടിക്കൊടുക്കണം.

‘‘ കുമാരേട്ടന് ഞാന്‍ വാക്കു തരുന്നു. ഞാന്‍ വിവാഹം കഴിക്കുന്നെങ്കില്‍ അത് അന്യ ജാതിക്കാരിയെ ആയിരിക്കും’‘

ഇഞ്ചക്കാടന്‍ വിശ്വാസം വരാത്ത പോലെ നാരായണനെ നോക്കി എന്നിട്ടു പറഞ്ഞു .

‘’ വേണ്ട മോനെ വേറെ ആരെങ്കിലും നടത്തിക്കോട്ടെ. പക്ഷെ മോന്‍ വേണ്ട ‘’

‘’ അതെന്താ കുമാരേട്ടാ?’‘

‘’ മിശ്ര വിവാഹം കഴിഞ്ഞാ നന്നേ പ്രയാസമായിരിക്കും. സ്വന്തം ജാതിക്കാര്‍ അംഗീകരിക്കില്ല .മറുവശവും അംഗീകരിക്കില്ല. ഇവര്‍ക്കുണ്ടാകുന്ന മക്കളായിരിക്കും ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുക. സമൂഹം ഇവരെ ഒറ്റപ്പെടുത്തിക്കളയും’‘

‘’ എല്ലാം ഞാന്‍ നേരിടും. എനിക്കതിനു കഴിയും. ഇന്നുവരെയുള്ള എന്റെ ജീവിതം ഇങ്ങിനെ വെല്ലുവിളിച്ചുതന്നെ ആയിരുന്നല്ലോ’‘

‘’ പക്ഷെ ആരാ മോന് പെണ്ണുതരിക?’‘

ശരിയാണ് ആരാണ് പെണ്ണു തരാന്‍ ഉണ്ടാവുക? തനിക്കു പറ്റിയ ഇണയുടെ മുഖം നാരായണന്‍ മനസില്‍ പരതി. ഇഷ്ടപ്പെട്ട ആളാണെങ്കില്‍ മാളുവുണ്ട്. അവരുടെ വീട്ടുകാര്‍ക്കു തന്നെ സ്നേഹമാണ്.. ആദരവുണ്ട് ഇഷ്ടമുണ്ട് .പക്ഷെ വിവാഹത്തിന് അവള്‍ തയ്യാറാവുമോ? വീട്ടുകാര്‍ സമ്മതിക്കുമോ ആ‍ദ്യം അവളുടെ സമ്മതം അറിയണം. പിന്നെ അവള്‍ടെ വീട്ടുകാരുടെ അംഗീകാരം നേടണം. ഇതിന് കുമാരേട്ടന്‍ തന്നെ പറ്റിയ ആള്.

‘’ കുമാരേട്ടന്‍ എനിക്കൊരു സഹായം ചെയ്തു തരുമോ?’‘

‘’ എന്തു സഹായം?’‘

‘’ എനിക്കൊരാളെ ഇഷ്ടമാണ് അന്യജാതിയില്‍ പെട്ടതാ. അവളുടേയും വീട്ടുകാരുടേയും സമ്മതം അറിയണം’‘

‘’ ബുദ്ധിമുട്ടാ മോനേ...’‘

‘’ എന്താ പേടിയുണ്ടോ?’‘

‘’ പേടിയുണ്ട്’‘

‘’ എന്തിനാ പേടിക്കുന്നത്?’‘

‘’ വല്ല ചക്കയോ മാങ്ങയോ കൊടുക്കുമോ എന്നല്ല അറിയേണ്ടത് അവരുടെ സ്വന്തം മോളെ ഒരന്യജാതികാരന് കൊടുക്കുമോ എന്നാണ് . ഞാന്‍ അവിടെ ചോദിക്കാന്‍ ചെല്ലുമ്പോത്തന്നെ അവര്‍ ചൂലും കെട്ടെടുത്ത് അടിച്ചോടിക്കും ‘’

‘’ ഇല്ല അവര് അത്തരക്കാരല്ല ‘’

‘’ എന്താ ഉറപ്പ്?’‘

‘’ അവര്‍ വിവരോം വിദ്യാഭ്യാസോം ഉള്ളവരാ’‘

‘’ കൊള്ളാം വിവരോം വിദ്യാഭ്യാസോം ഉള്ളവരോട് ചോദിക്കാം. എത്രവന്നാലും അവര്‍ മാന്യമായി പെരുമാറും. ആകട്ടെ ആരാ കക്ഷി?’‘

‘’ യക്ഷിത്തറക്കടുത്തുള്ള ചാത്തുവിന്റെ മകള്‍ മാളു’‘

‘’ അതിന് ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞതല്ലെ?’‘

‘’ അതെ പക്ഷെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ആ ബന്ധത്തില്‍ ഒരു മോനുണ്ട്’‘

‘’ മോനേ ഈ കേസില്‍ ഞാന്‍ ഇടപെടില്ല. മോന്റെ അമ്മാവന്‍ ചോദിച്ചാല്‍ ഞാന്‍ എന്തു മറുപടി പറയും?’‘

‘’ അതൊന്നും സാരമില്ല കുമാരേട്ടന്‍ തന്നെ ഇത് ശരിയാക്കി തരണം’‘

ഇഞ്ചക്കാടന്‍ എഴുന്നേറ്റു. നാരായണനും എഴുന്നേറ്റു. ഇഞ്ചക്കാടന്‍ മറുപടി പറയാത്തതുകൊണ്ട് അത് സമ്മതമാണെന്ന് നാരായണന്‍ കണക്കു കൂട്ടി.

അമ്പലത്തില്‍ ദീപാരാധനക്കുള്ള മണി മുട്ടി. ഇഞ്ചക്കാടന്‍ നടക്കല്‍ നിന്നു തൊഴുതു. നാരായണന്‍ കാത്തു നിന്നു. വെട്ടു വഴിയിലേക്ക് ഇറങ്ങുമ്പോള്‍ ഇഞ്ചക്കാടന്‍ പറഞ്ഞു . .

‘’ ഞാന്‍ വിചാരിച്ചത് മോന്‍ ആധാരത്തിന്റെ കാര്യം ചോദിക്കുമെന്നാ’‘

‘’ അതെന്താ കാര്യം?’‘

‘’ അമ്മാവന്‍ പറ്റിച്ച പണിയാ. അയ്യപ്പന്‍കുട്ടിക്കു കൊടുക്കാന്‍ അയ്യമ്പിള്ളിയിലെ 40 സെന്റിന്റെ ആധാരം നാണുക്കുട്ടന്‍ കണ്ണുവിനെ ഏല്‍പ്പിച്ചിരുന്നു. അയ്യപ്പന്‍കുട്ടിയും കൗസല്യക്കും കൂടി അവിടെ വീടു പണിയുന്നതിനാ ആധാരം കൊടുത്തത്. പക്ഷെ അമ്മാവന്‍ അതിലൊരു തിരിമറി ചെയ്തു. ഇപ്പോ ഭൂമിയുടെ ഉടമ കണ്ണുവാണ്’‘

‘’ ആധാരത്തില്‍ തിരിമറിയോ?’‘ അതെങ്ങിനെ നടക്കും?’‘

‘’ എന്താ നടത്താന്‍ പറ്റാത്തത്? ആധാരം കുഞ്ഞുപെണ്ണിന്റെ പേരിലുള്ളതാണ്. കുഞ്ഞുപെണ്ണ് ആരാണെന്ന് രജിസ്ത്രാപ്പീസില്‍ ഉള്ളവര്‍ക്ക് അറിയാമോ? കുഞ്ഞുപെണ്ണിന്റെ അതേ പ്രായത്തിലുള്ള കറുമ്പിത്തള്ളയാണ് രജിസ്ത്രാഫീസില്‍ ചെന്നത്. കുഞ്ഞുപെണ്ണാണെന്ന നാട്യത്തില്‍ അവര്‍ ആധാരത്തില്‍ പെരുവിരലടയാളം വെച്ചു. സെന്റിന് നാല്‍പ്പതു രൂപ വച്ച് ആയിരത്തി അറുനൂറു രൂപക്ക് കണ്ണുവിന് സ്ഥലം വിറ്റതായി കള്ള ആധാരം ഉണ്ടാക്കി. അതിനവര്‍ക്ക് പത്തു രൂപയും കൊടുത്തു ഞാനും ഒരു സാക്ഷിയായിരുന്നു’‘

നാരായണന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തില്‍ നിന്ന് അപ്പോഴും മണിയൊച്ച മുഴങ്ങിക്കൊണ്ടിരുന്നു.

Previous Next

പുരുഷൻ ചെറായി

“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514.


Phone: 9349590642




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.