പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > കാലത്തിന്റെ > കൃതി

നമ്മുടെ പ്രപഞ്ച ചിത്രം (ഭാഗം 4)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

ഇമ്മാനുവല്‍ കാന്റ് എന്ന തത്വചിന്തകന്‍ തന്റെ ചരിത്ര പ്രസിദ്ധ(ദുരൂഹവും)മായ (ശുദ്ധകാരണതയുടെ വിമര്‍ശം - 1781) എന്ന പുസ്തകത്തില്‍ പ്രപഞ്ചത്തിന് സമയബന്ധിതമായ ഒരു തുടക്കമുണ്ടായിരുന്നോ , അത് സ്ഥല പരിമിതികള്‍ക്കുള്ളിലായിരുന്നോ എന്നീ ചോദ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ഈ ചോദ്യങ്ങളെ അദ്ദേഹം ശുദ്ധകാരണതയുടെ വൈരുദ്ധ്യങ്ങളായി കണക്കാക്കി. കാരണം പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്ന വാദവും, അത് എക്കാലവും നിലനിന്നിരുന്നു എന്ന എതിര്‍വാദവും ശക്തമായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കം ഇല്ലായിരുന്നുവെങ്കില്‍ , ഓരോ സംഭവത്തിനു മുമ്പും അനന്തകാലദൈര്‍ഘ്യമുണ്ടായിരിക്കും എന്ന അസംബന്ധം അദ്ദേഹം തന്റെ വാദത്തില്‍ ചൂണ്ടിക്കാണിച്ചു. നേരെ മറിച്ച് പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നെങ്കില്‍ അതിനു മുമ്പ ഒരു അനന്തകാലവുമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ പ്രപഞ്ചം എന്തുകൊണ്ട് ഒരു നിശ്ചിത സമയത്ത് ഉണ്ടായി. യഥാര്‍ത്ഥത്തില്‍ സമര്‍ത്ഥത്തിനും നിഷേധത്തിനുമുള്ള അദ്ദേഹത്തിന്റെ വാദം ഒന്നു തന്നെയായിരുന്നു. സമയം പുറകോട്ട് അനന്തമായി നീളുന്നു എന്ന അദ്ദേഹത്തിന്റെ നിഗമനമായിരുന്നു രണ്ടു വാദങ്ങളുടെയും അടിസ്ഥാനം. പ്രപഞ്ചോല്പത്തിക്കു മുമ്പ് കാലമെന്ന സങ്കല്പത്തിന് യാതൊരു അര്‍ത്ഥമില്ലെന്ന് നമുക്ക് കാണാം. ഇത് ആദ്യമായി ചൂണ്ടിക്കാണിച്ചത് സെന്റ് അഗസ്റ്റിനായിരുന്നു. പ്രപഞ്ചസൃഷ്ടിക്കു മുമ്പ് ദൈവം എന്തു ചെയ്തുവെന്ന ചോദ്യത്തിന് അഗസ്റ്റ്യന്‍ മറുപടി പറഞ്ഞില്ല. പകരം ദൈവസൃഷ്ടിയായ പ്രപഞ്ചത്തിന്റെ സ്വഭാവഗുണമാണ് കാലമെന്നും അത് പ്രപഞ്ചോല്പത്തിക്കു മുമ്പ് നിലനിന്നിരുന്നില്ലായെന്നും സെന്റ് അഗസ്റ്റ്യന്‍ പറയുകയുണ്ടായി.

അചരവും സ്ഥായിയുമായ ഒരു പ്രപഞ്ചത്തില്‍ മിക്ക ആളുകളും വിശ്വസിക്കുമ്പോള്‍, അതിന്റെ തുടക്കത്തെക്കുറിച്ചുള്ള ചോദ്യം അതിഭൗതികമോ ദൈവശാസ്ത്രമോ സംബന്ധിച്ചുള്ളതായിരുന്നു. പ്രപഞ്ചം എക്കാലവും നിലനിന്നിരുന്നു എന്ന സിദ്ധാന്തവും അല്ലെങ്കില്‍ അങ്ങനെയായിരുന്നു എന്ന് തോന്നത്തക്കവിധം ഒരു പ്രത്യേക സമയത്ത് അത് ചലിക്കപ്പെട്ടു എന്ന സിദ്ധാന്തവും ഒരേ പോലെ ആര്‍ക്കും പരിഗണിക്കാവുന്നതാണ്. എന്നാല്‍ 1929-ല്‍ എഡ്വിന്‍ ഹ്യൂബിള്‍, ദൂരെയുള്ള ഗ്യാലക്സികള്‍ നമ്മില്‍ നിന്നും വളരെ വേഗത്തില്‍ അകന്നുപോവുന്നുവെന്ന് നിരീക്ഷിക്കുകയുണ്ടായി.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രപഞ്ചം വികസിക്കുകയാണ്. ഇതിനര്‍ത്ഥം ആദ്യകാലങ്ങളില്‍ വസ്തുക്കള്‍ വലരെ അടുത്തായിരുന്നിരിക്കണം എന്നാണ്. യഥാര്‍ത്ഥത്തില്‍ പത്തോ ഇരുപതോ ശതകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വസ്തുക്കളെല്ലാം ഒരേ സ്ഥലത്തയിരുന്നുവെന്നും, അന്ന് പ്രപഞ്ചത്തിന്റെ സാന്ദ്രത അനന്തമായിരുന്നെന്നും കാണാം. ഈ കണ്ടുപിടുത്തം പ്രപഞ്ചോല്പത്തിയുടെ പ്രശ്നം ശാസ്ത്രത്തിന്റെ കൈകളിലേക്ക് കൊണ്ടുവന്നു.

പ്രപഞ്ചത്തിന്റെ വലുപ്പം വളരെ ചെറുതും അതിന്റെ സാന്ദ്രത അനന്തവുമായിരുന്നപ്പോള്‍ മഹാവിസ്ഫോടനം എന്നു വിളീക്കാവുന്ന ഒരു കാലം ഉണ്ടായിരുന്നിരിക്കാം എന്ന് ഹ്യൂബിളിന്റെ നിരീക്ഷണങ്ങള്‍ നിര്‍ദേശിച്ചു. ഇത്തരമൊരു അവസ്ഥയില്‍ ശാസ്ത്രത്തിന്റെ എല്ലാ നിയമങ്ങളും ഭാവി പ്രവചനത്തിനുള്ള മുഴുവന്‍ കഴിവും തകര്‍ന്നുപോയേക്കാം. ഈ കാലത്തിന് മുമ്പുള്ള സംഭവങ്ങള്‍ക്ക് അങ്ങനെയാണെങ്കില്‍ ഇന്നുള്ള സംഭവങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. അവയ്ക്ക് നിരീക്ഷണ പരിണതികള്‍ ഇല്ലാത്തതിനാല്‍ അവയുടെ അസ്തിത്വം തന്നെ നമുക്ക് അവഗണിക്കാം.

മുമ്പുള്ള സമയം നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല എന്ന അര്‍ത്ഥത്തില്‍, മഹാവിസ്ഫോടനത്തോടൊപ്പമാണ് സമയം ആരഭിച്ചതെന്ന് ഒരാള്‍ക്ക് പറയാം.ഈ സമയോത്ഭവം മുന്‍ ധാരണകളീല്‍നിന്ന് വ്യത്യസ്തമാണെന്ന് ഊന്നിപ്പറയേണ്ടതുണ്ട്. മാറ്റമില്ലാത്ത പ്രപഞ്ചത്തില്‍ സമയോത്ഭവം പ്രപഞ്ചത്തിന്റെ ബാഹ്യമായ ഒരു പ്രേരണയുടേ ഫലമായിരിക്കാം. ആരംഭത്തിന് ഒരു ഭൗതിക സാന്നിദ്ധ്യം ആവശ്യമില്ല. ഭൂതകാലത്തിലെ ഏതോ ഒരു സമയത്ത് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്ന് ഒരാള്‍ക്ക് സങ്കല്പിക്കാം. മറിച്ച് പ്രപഞ്ചം വികസിക്കുകയാണെങ്കില്‍, അതിന്റെ തുടക്കത്തിന് ഒരു ഭൗതിക കാരണം ഉണ്ടാകണം. എന്നിരുന്നാലും മഹാവിസ്ഫോടനസമയത്ത് ദൈവം പ്രപഞ്ചസൃഷ്ടി നടത്തി എന്ന് സങ്കല്പിക്കാം അല്ലെങ്കില്‍ ഒരു മഹാവിസ്ഫോടനം ഉണ്ടായിരുന്നുവെന്ന് തോന്നത്തക്കവിധത്തില്‍ അതിനുശേഷവും ദൈവത്തിന് പ്രപഞ്ചസൃഷ്ടി നടത്താം. എന്നാല്‍ വിസ്ഫോടനത്തിനു മുമ്പ് പ്രപഞ്ചസൃഷ്ടി നടത്തി എന്ന് ചിന്തിക്കുന്നത് അര്‍ത്ഥശൂന്യമാണ്. വികസിക്കുന്ന പ്രപഞ്ചത്തിന് സ്രഷ്ടാവിനെ ഒഴിവാകാനാവില്ല. എന്നാല്‍ എന്ന് സൃഷ്ടി നടത്തി എന്ന് ചിന്തിക്കുന്നതിന് ചില പരിമിതികളുണ്ട്.

പ്രപഞ്ചാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനും പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവും ഉണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മുമ്പായി ശാസ്ത്രത്തിന്റെ തത്വങ്ങളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായിരിക്കണം. ഞാന്‍ ലളിതമായ കാഴ്ചപാടിലൂടെ വിശദീകരിക്കാം. തത്വമെന്നത് പ്രപഞ്ചത്തിന്റെ മാതൃകയോ അല്ലെങ്കില്‍ ഒരു നിയന്ത്രിത ഭാഗമോ ആണ്. കൂടാതെ അത് നമ്മുടെ നിരീക്ഷണങ്ങളെ , മാതൃകയിലെ പരിമാണങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം നിയമങ്ങളാണ്.

ഒരു സിദ്ധാന്തം രണ്ടു വ്യവസ്ഥകള്‍ പാലിക്കുന്നുവെങ്കില്‍ അതൊരു നല്ല സിദ്ധാന്തമാണെന്ന് പറയാം. കുറച്ച് പ്രാഥമിക കാര്യങ്ങളടങ്ങിയ ഒരു മാതൃകയുടെ അടിസ്ഥാനത്തില്‍ അതിന് ധാരാളം കണ്ടെത്തലുകളെ സാധൂകരിക്കാനാകണം. ഭാവിയിലുള്ള കണ്ടെത്തലുകളുടെ ഫലത്തെ സംബന്ധിച്ച് അതിന് വ്യക്തവും കൃത്യവുമായ പ്രവചനവും സാധ്യമാവണം. ഉദാഹരണത്തിന് അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തമെടുക്കാം. ഭൂമി,വായു,അഗ്നി,ജലം ഇവ ചേര്‍ന്നതാണ് പ്രപഞ്ചത്തിലെ സകല വസ്തുതകളുമെന്ന അദ്ദേഹത്തിന്റെ തത്വം ലളിതവും അംഗീകരിക്കാവുന്നതുമാണ്. പക്ഷേ അത് കൃത്യമായ ഒരു പ്രവചനവും നടത്തുന്നില്ല. മറുഭാഗത്ത് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷനസിദ്ധാന്തം കുറെക്കൂടി ലളിതമായ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ്. വസ്തുക്കള്‍ അന്യോന്യം ആകര്‍ഷിക്കുന്നുവെന്നും ആകര്‍ഷണബലം ഇവയുടെ പിണ്ഡത്തിന് ആനുപാതീകമായും അവ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗ്ഗത്തിന് വിപരീതാനുപാതത്തിലും ആണെന്ന ന്യൂട്ടന്റെ സിദ്ധാന്തം, സൂര്യന്റെയും ചന്ദ്രന്റെയും മറ്റു ഗ്രഹങ്ങളുടെയും ചലനത്തെ കൃത്യമായി പ്രവചിക്കുന്നു.

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.