പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജ്വലനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മോനിച്ചൻ എബ്രഹാം

ചെറുകഥ

കാത്തുനിൽപ്പ്‌ അനന്തമായ്‌ നീളുകയാണ്‌. അന്ധന്റെ പുല്ലാങ്കുഴൽ നാദവും യാചകരുടെ നീണ്ടവിളികളും ചെറുചെറു കച്ചവടക്കാരുടെ വാക്‌ധോരണികളും ബസ്സ്‌സ്‌റ്റാന്റിൽ മുഴങ്ങിനിന്നു.

കിഴക്കോട്ടുളള ബസ്സ്‌ മാത്രം ഇല്ല. യാത്രക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും വീണ്ടും വന്ന്‌ യഥാസ്ഥാനത്ത്‌ നിൽക്കുകയും ചെയ്യുന്നു. കുറേപ്പേർ ഉയരത്തിൽ സ്ഥാപിച്ചിട്ടുളള ടി.വിയിൽ മിഴിനട്ടു നിൽക്കുന്നുണ്ട്‌. ഇപ്പോൾ ഒരു ബസ്സ്‌ വന്നാൽ അസാധാരണമായ തിരക്കായിരിക്കുമെന്ന്‌ അയാളോർത്തു. നിൽക്കുന്നവരെല്ലാം കിഴക്കോട്ടേക്കുളള യാത്രക്കാരാണ്‌.

ഒക്കത്ത്‌ കൈക്കുഞ്ഞും തോളിൽ ബാഗും നിലത്ത്‌ ഒരു സ്യൂട്ട്‌കേസ്സുമായി നിൽക്കുന്ന മുപ്പതുവയസ്സോളം തോന്നിക്കുന്ന പൊക്കം കുറഞ്ഞ ഇരുനിറമുളള അല്‌പം തടിച്ചസ്‌ത്രീയും പലവട്ടം ബസ്സുകൾക്ക്‌ പിന്നാലെ ഓടിയിട്ട്‌ നിരാശയായ്‌ തിരികെ വന്ന്‌ അയാൾ നിൽക്കുന്നതിന്‌ തൊട്ടടുത്തായ്‌ നിലയുറപ്പിച്ചു. ഇനിയുമെത്താത്ത ബസ്സിനെക്കുറിച്ചുളള അസ്വസ്ഥത അവളിലുണ്ടായിരുന്നു. എങ്ങനെയും വീടെത്താനുളള വ്യഗ്രത ആ മുഖത്ത്‌ നിഴലിച്ചിരുന്നു. എത്തിക്കൊണ്ടിരിക്കുന്ന ഓരോ ബസ്സിന്റെ ബോർഡുകളിലേക്കും അവളുടെ മിഴികൾ ആകാംക്ഷയോടെ പാഞ്ഞുകൊണ്ടിരുന്നു.

ടിവിയിൽ അവിചാരിതമായി ഉയർന്ന ശബ്‌ദവ്യത്യാസം കേട്ടപ്പോൾ അയാൾ അങ്ങോട്ടേക്കു കണ്ണുപായിച്ചു. അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിലെ പാട്ടു സീനായിരുന്നു അത്‌. ലക്ഷങ്ങൾ മുടക്കിയ, സൂപ്പർ സ്‌റ്റാറിന്റെ പാട്ടു സീനിൽ മിഴിയൂന്നി പലരോടുമൊപ്പം അയാളും നിന്നു.

പെട്ടെന്നാണ്‌ ബസ്സ്‌ വന്നത്‌. നാലുഭാഗത്തുനിന്നും ഓടിയെത്തിയ യാത്രക്കാർ ബസ്സിന്റെ പ്രവേശന കവാടത്തിൽ ഇടിച്ചുതളളിനിന്നു.

“ദേ മോളെ ഒന്നെടുത്തോളൂ....”

തികച്ചും അപ്രതീക്ഷിതമായിരുന്നു അത്‌. അടുത്തുനിന്നിരുന്ന ആ സ്‌ത്രീ അവളുടെ മകളെ അയാളുടെ കൈകളിലേക്ക്‌ ഇട്ടുകൊണ്ട്‌ ബാഗും തൂക്കി സ്യൂട്ട്‌കെയ്‌സും എടുത്ത്‌ ആൾക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറി ബസ്സിനുളളിലെത്തി. മറ്റാരുടെയോ കുഞ്ഞിനെ സ്വന്തം കൈകളിൽ വയ്‌ക്കാൻ അയാൾക്കു ജാള്യം തോന്നി. ചുരുളൻമുടിയുളള വെളുത്ത സുന്ദരിയായ കുഞ്ഞിനെ അയാൾക്കു ലാളിക്കണമെന്നുണ്ടായിരുന്നു. ആ ആഗ്രഹം ഉളളിലൊതുക്കി അയാൾ മറ്റു യാത്രക്കാരുടെയിടയിൽ ഗൗരവക്കാരനായിനിന്നു.

ആളുകളെ വകഞ്ഞുമാറ്റി ബസ്സിന്റെ മുൻവശത്തെ സീറ്റിലെത്തിയ അവൾ പുറത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

“കയറിപ്പോരൂ...”

യാതൊരു പരിചയവുമില്ലാത്ത അവരുടെ ഇടപെടൽ അയാളിൽ അത്ഭുതം ഉളവാക്കി. യാത്രക്കാരുടെ പിന്നാലെ തിങ്ങി ഞെരുങ്ങി അയാൾ മോളുമായി ബസ്സിനുളളിൽ ചെന്നപ്പോൾ മുൻപിൽ നിന്നും അവളുടെ വിളി.

“ഇങ്ങോട്ടു പോരു. ഇവിടെ സീറ്റുണ്ട്‌”

അയാൾക്ക്‌ ഇടക്ക്‌ ഇറങ്ങേണ്ടതുളളതുകൊണ്ട്‌ കൂടുതൽ ഉളളിലേക്കു പോകണമെന്നുണ്ടായിരുന്നില്ല. അവൾ വീണ്ടും വിളിച്ചപ്പോൾ ചെന്നു. സ്യൂട്ട്‌ കെയ്‌സും ബാഗും താഴെവച്ച്‌ അവൾ ഒരു സീറ്റ്‌ ഒഴിച്ചിട്ടു. അവളോടൊപ്പമിരിക്കാൻ അയാൾക്ക്‌ ബുദ്ധിമുട്ടുണ്ടായിരുന്നു. ചുറ്റും ആളുകൾ നോക്കുന്നുവെന്നറിഞ്ഞപ്പോൾ അയാൾ അധികം നിൽക്കാതെ സീറ്റിലിരുന്ന്‌ കുഞ്ഞിനെ അവളുടെ കൈയ്യിൽ ഏൽപ്പിക്കാൻ ശ്രമിച്ചു.

“ഇത്തിരിനേരം മോളെ എടുക്കൂ. എത്രനേരമായ്‌ ഞാൻ അവളെ എടുക്കുന്നു....”

ഒരു പരിഭവംപോലെ അവൾ പറഞ്ഞു. എന്നിട്ട്‌ കുഞ്ഞിനെ ലാളിക്കാനായ്‌ അടുത്തേക്ക്‌ വരികയും അയാളുടെ ദേഹത്തോട്‌ ചേർന്നിരിക്കുകയും ചെയ്‌തു. അപ്പോഴൊക്കെ അസ്വസ്‌ഥത ഉളളിലൊതുക്കി അവളിൽ നിന്നും അകലെയായിരിക്കുവാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു.

“ഏതായാലും ചേട്ടന്റെ മരുമകനെ എനിക്കത്ര പിടിച്ചില്ല. നല്ല പഠിപ്പും ജോലീം ഉളള പെണ്ണല്ലേ? കുറേകൂടി ഉയർന്ന ഒരു ബന്ധം കിട്ടുമായിരുന്നു. ചേട്ടന്‌ എല്ലാത്തിനും ധൃതിയല്ലേ. മൂത്തവൾക്ക്‌ താൽപ്പര്യക്കുറവുണ്ടെന്നു കരുതി ഇപ്പോൾ ഇളയവളുടെ കല്യാണം നടത്തേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. എല്ലാം ദൈവനിശ്ചയാ..... ഇവളുടെ ജീവിതം ഇനി എങ്ങനാണാവോ. ദൈവാ നിശ്ചയിച്ചിരിക്കുക....”

അവൾ പറഞ്ഞതിനൊക്കെ അയാൾ മൂളിക്കൊണ്ടിരുന്നു.

ഇരുവശവുമുളള പുഞ്ചപാടങ്ങളെ പിന്നിലാക്കിക്കൊണ്ട്‌ ബസ്സ്‌ പായുകയാണ്‌. ഒന്നും മിണ്ടാതെ പിന്നെയവൾ പുറത്തേക്കുനോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന്‌ മഴ പെയ്‌തു തുടങ്ങി. ഏതാനും നേരത്തിനകം അതുകനത്തു. വശങ്ങളിലൂടെ ഈർപ്പമുളള കാറ്റടിച്ചുകയറിയപ്പോൾ അവൾ പറഞ്ഞുഃ

“ഹോ എന്തൊരു കുളിര്‌”

അവൾ കുറേകൂടി തന്നോട്‌ ചേർന്നിരിക്കുന്നതായ്‌ അയാളറിഞ്ഞു.

ബസ്സിന്റെ സൈഡ്‌ ഷട്ടറുകൾ വീണു. തെരുവിൽ മുടിയഴിച്ചാടുന്ന മഴയുടെ ഭാവങ്ങൾ മുന്നിലെ ഗ്ലാസ്സിലൂടെ കാണാമായിരുന്നു.

“എന്താ മോളേ വിശക്കുന്നോ......”

കയ്യിലിരുന്ന്‌ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന കുഞ്ഞിനെ നോക്കി അവൾ ചോദിച്ചു. എന്നിട്ട്‌ കുഞ്ഞിനെ വാങ്ങി മടിയിലിരുത്തി ചുരിദാറിന്റെ ബട്ടണുകൾ അഴിച്ച്‌ മുലയൂട്ടാൻ തുടങ്ങി. അയാൾ മുന്നിലേക്കുനോക്കി മഴയുടെ ഭാവങ്ങൾ കണ്ടുകൊണ്ടിരുന്നു. തീർത്തും അന്യനായ തന്നോട്‌ അവൾക്കുണ്ടായിരുന്ന പരിചിതഭാവത്തിൽ അയാൾ അത്ഭുതപ്പെട്ടു.

“കല്യാണത്തിനു രണ്ടുദിവസം മുൻപേ ലീവെടുക്കണം കേട്ടോ......” മുലയൂട്ടുന്നതിനിടയിൽ കയ്യിൽതട്ടി അവൾ പറഞ്ഞു.

“ങും..” പൊരുളറിയാതെ അയാൾ മൂളി.

മുലയൂട്ടലിന്റെ നിർവൃതിയിൽ അവൾ മൂളിപ്പാട്ടുപാടി. കുഞ്ഞിന്റെ തലയിൽ തഴുകിക്കൊണ്ട്‌ പറഞ്ഞു.

“അച്‌ഛനെപ്പോലെ നീയും ഒരു പാട്ടുകാരിയാവണം കേട്ടോ.”

അവളുടെ കൊഞ്ചൽകേട്ട്‌ കുഞ്ഞ്‌ ചിരിച്ചു. മുലകുടി അവസാനിപ്പിച്ച്‌ കുഞ്ഞ്‌ കളി തുടങ്ങി.

“ഇന്നാ ഇവളെയെടുത്തോ, മതിയായവൾക്ക്‌.”

അവൾ വീണ്ടും കുഞ്ഞിനെ അയാളെ ഏൽപ്പിച്ചു.

ഇരുവശവുമുളള പുഞ്ചപ്പാടങ്ങൾ അവസാനിച്ചിരിക്കുന്നു. മലഞ്ചെരിവുകളിലൂടെയാണ്‌ ഇപ്പോൾ ബസ്സ്‌ പായുന്നത്‌. അവിടെ റബ്ബർ മരങ്ങൾ പാൽചുരത്തി നിന്നു.

അവൾ സ്യൂട്ട്‌ കെയ്‌സും ബാഗും സീറ്റിലിട്ടിരുന്ന ടൗവ്വലുമൊക്കെയെടുത്ത്‌ പോകാനൊരുങ്ങി. അവൾ എഴുന്നേൽക്കുന്നതുകണ്ട്‌ കണ്ടക്‌ടർ ബല്ല്‌ കൊടുത്തു. ബസ്സ്‌ സാവധാനം നിന്നു.

“എന്താ ഇറങ്ങുന്നില്ലേ...?”

അവൾ അയാളുടെ സീറ്റിന്‌ ഇപ്പുറം വന്നുനിന്നു ചോദിച്ചു. മറ്റ്‌ യാത്രക്കാർ ശ്രദ്ധിക്കുന്നു. അയാൾ കുഞ്ഞിനെയും എടുത്ത്‌ ധൃതിയിൽ അവൾക്കു പിന്നാലെ ഇറങ്ങി.

ബസ്സ്‌ അടുത്ത സ്‌റ്റോപ്പ്‌ ലക്ഷ്യമാക്കി പാഞ്ഞു.

“ഒരു മഴ പെയ്‌തതേയുളളു, ആകെ ചെളിയായി.....”

ലതർ ചെരിപ്പ്‌ ഊരി കയ്യിൽ പിടിച്ച്‌ വഴിയെ പഴിചാരി അവൾ പറഞ്ഞു.

“ഇതോർക്കുമ്പഴാ ഇവിടം വിറ്റ്‌ പട്ടണത്തിൽ പോയി താമസിക്കണമെന്ന്‌ പറയുന്നത്‌. എത്ര വികസനം വന്നാലും ഇതൊന്നും നേരെയാവാൻ പോകുന്നില്ല......”

അവൾ പറഞ്ഞുകൊണ്ടു നടന്നു.

“ചേട്ടന്റെ മകളുടെ വിവാഹമൊക്കെ ഉറച്ചോ ഫിലോമിനേ....?” എതിരെവന്ന പ്രായംചെന്ന ഒരു സ്‌ത്രീ ചോദിച്ചു.

“ഉറച്ചു നാണിയമ്മേ. അടുത്ത മാസാദ്യം കല്യാണമാ...”

ചിരിച്ചുകൊണ്ട്‌ വൃദ്ധപോയി.

അവൾ ഒരു പടുകൂറ്റൻ ബംഗ്ലാവിനു മുന്നിൽ പോയിനിന്ന്‌ ഗെയിറ്റ്‌ തുറന്ന്‌ അകത്തേക്കു നടന്നു. ആ വീട്‌ കണ്ട്‌ അയാൾ അത്ഭുതപ്പെട്ടു. ഇതുപോലൊരു വീട്‌ ആ നാട്ടിലുണ്ടാവില്ല.

ഉരുളൻകല്ലുകൾ ചവിട്ടി അവൾ നടക്കുമ്പോൾ അൽസേഷൻ നായ കൂട്ടിൽ കിടന്ന്‌ സ്‌നേഹപ്രകടനം നടത്തി.

“ബിക്കീ ഞാൻ നിനക്കു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്‌ തരാം കേട്ടോ....”

അവൾ നായയോടു വിളിച്ചുപറഞ്ഞ്‌ പേഴ്‌സിൽ നിന്നും താക്കോലെടുത്ത്‌ വാതിൽ തുറക്കാൻ തുടങ്ങി.

അയാൾ കുട്ടിയെയും എടുത്ത്‌ മുറ്റത്തുനിന്നു.

വാതിൽ തുറന്ന്‌ അകത്തു കടന്നതും അവൾ ഞെട്ടിത്തിരിഞ്ഞു.

“ആരാണു നിങ്ങൾ, എന്തുവേണം...”

അയാൾ കുഞ്ഞിനെയും പിടിച്ച്‌ നിസ്സഹായനായ്‌ നിന്നു. അവൾ അരിശപ്പെട്ട്‌ വന്ന്‌ കുഞ്ഞിനെ വാങ്ങി. യാതൊന്നും മിണ്ടാതെ തിരികെ പോയപ്പോൾ അയാൾ കണ്ടു, സ്വീകരണമുറിയിലെ ഭിത്തിയിൽ ചില്ലിട്ടുപൂമാല ചാർത്തിവച്ചിരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്റെ ചിത്രം. അവൾ ആ ചിത്രത്തിനു താഴെ ഒരുപാടു കുറ്റബോധത്തോടെ, സ്‌നേഹത്തോടെ, ഭയത്തോടെ നിൽക്കുന്നതുകണ്ട്‌ ഒന്നും മിണ്ടാനാവാതെ അയാൾ ഇറങ്ങിനടന്നു.

മോനിച്ചൻ എബ്രഹാം

1982 മുതൽ ചെറുകഥകൾ എഴുതുന്നു. രഷ്‌ട്രദീപിക ആഴ്‌ചപ്പതിപ്പ്‌, സൺഡേ സപ്ലിമെന്റ്‌ എന്നിവയിലായി ഇരുപതോളം ചെറുകഥകൾ വന്നിട്ടുണ്ട്‌. സർക്കാർ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയിൽ കഥകൾ എഴുതാറുണ്ട്‌. ആകാശവാണിയിലെ യുവവാണിയിലും സായന്തനത്തിലുമായി 5 ഓളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

വിലാസം

പുതുപ്പറമ്പിൽ

ആശ്രമം വാർഡ്‌

ആലപ്പുഴ - 6.


Phone: 9446711835
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.