പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

“പെരുമ്പടവം”- ഏകാന്തതയുടെ നോവറിഞ്ഞ രാജശില്‌പി“

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ഇ.സുനിൽ

അഭിമുഖം

(ഉറങ്ങാത്ത മനസ്സോടും ഉണർന്ന ഇന്ദ്രിയങ്ങളോടും കൂടെ സാഹിത്യത്തിന്റെ അർത്ഥതലങ്ങളെ വെളിപ്പെടുത്തുന്ന മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ പെരുമ്പടവം ശ്രീധരനുമായി സുനിൽ സി.ഇ നടത്തിയ അഭിമുഖത്തിലെ പ്രസക്‌ത ഭാഗങ്ങൾ)

? മലയാളികളുടെ കണ്ണും കാതും കവർന്ന എഴുത്തുകാരനാണല്ലോ താങ്കൾ, താങ്കളുടെ സാഹിത്യജീവിതത്തിന്റെ ആരംഭത്തെക്കുറിച്ച്‌ ഒന്നു വിശദീകരിക്കാമോ

ഏകാന്തമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്‌. കൂട്ടുകാരിൽ നിന്നൊക്കെ ഒറ്റപ്പെട്ട്‌ കുന്നിൻ ചരിവിലോ തോട്ടുവക്കത്തോ ചെന്നിരുന്നു വായിക്കും. കവിതയായിരുന്നു അന്നിഷ്‌ടം. ചങ്ങമ്പുഴ, വളളത്തോൾ, കുമാരനാശാൻ എന്നിവരുടെ കവിതകൾ വായിച്ച്‌ ഞാനെന്റെ സങ്കടങ്ങൾ മറന്നു. കഥകൾ വായിക്കാൻ തുടങ്ങിയപ്പോൾ ജീവിതത്തിന്റെ മഹാസങ്കടങ്ങൾ നേരിട്ടു കണ്ടു. കവികളോടും കഥാകൃത്തുക്കളോടും തോന്നിയ സ്‌നേഹവും ആരാധനയും അവരെപ്പോലെ ഒരെഴുത്തുകാരനായി തീരാനാവുമോ എന്ന മോഹത്തിൽ എന്നെ കൊണ്ടെത്തിച്ചു. അങ്ങനെ കഥയും കവിതയും എഴുതാൻ തുടങ്ങി. ആരും കാണാതെ അതൊക്കെ ഒളിച്ചുവയ്‌ക്കുകയായിരുന്നു പതിവ്‌. പിന്നെ വേറെ വേറെ പേരുകളിൽ പ്രസിദ്ധീകരണങ്ങൾക്ക്‌ അയച്ചുകൊടുത്തു. ചിലതൊക്കെ അച്ചടിച്ചുവന്നു. എഴുത്തിന്റെ വഴിയിൽ തുടർന്നു സഞ്ചരിക്കാൻ അത്‌ പ്രേരണയായി.

? സാഹിത്യജീവിതത്തിൽ കുടുംബവും സൗഹൃദങ്ങളും ഒക്കെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന്‌ ഒന്നു പറയാമോ

സാഹിത്യജീവിതം തീർത്തും ഏകാന്തമായ ഒരു ജീവിതമാണ്‌. അവിടെ എഴുത്തുകാരൻ ഏകാകിയാണ്‌. കുടുംബവും സൗഹൃദങ്ങളും ഒന്നും എനിക്ക്‌ ഇക്കാര്യത്തിൽ തുണയായിരുന്നിട്ടില്ല. വിപരീത സാഹചര്യങ്ങളോട്‌ യുദ്ധം ചെയ്‌തുകൊണ്ടാണ്‌ ഓരോ ചുവടും ഞാൻ വെച്ചത്‌. സാഹിത്യജീവിതത്തിനു സഹായിച്ചവരെക്കുറിച്ച്‌ മറ്റ്‌ എഴുത്തുകാർ പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. ബന്ധുക്കള്‌, ഗുരുനാഥൻമാര്‌, സുഹൃത്തുക്കള്‌... എനിക്കങ്ങനത്തെ സ്‌നേഹവാത്സല്യങ്ങളെക്കുറിച്ച്‌ ഓർക്കാനില്ല. എനിക്ക്‌ ഗോഡ്‌ഫാദർമാരില്ല. അനുഗ്രഹിക്കാൻ ഗുരുനാഥന്മാരില്ല. സൗഹൃദങ്ങളെ കുറിച്ചോർക്കുമ്പോൾ എനിക്ക്‌ പേടിയാണ്‌. തക്കസമയത്ത്‌ പിന്നിൽനിന്നു കുത്തിയ സ്‌നേഹിതൻമാരെക്കുറിച്ചുളള ഓർമ്മ സൗഹൃദങ്ങളിലുളള വിശ്വാസവും നഷ്‌ടപ്പെടുത്തി. എങ്കിലും, സൗഹൃദങ്ങളില്ലാതെ എങ്ങനെ മനുഷ്യൻ ജീവിക്കും...“

? ”ഒരു സങ്കീർത്തനം പോലെ“- എന്ന നോവൽ വായിക്കുമ്പോൾ, താങ്കളുടെ മനസ്സ്‌ ഞങ്ങൾ വായിക്കുന്നു. ധ്യാനത്തിനും മൗനത്തിനും ഇടയിൽ നിങ്ങൾ നിരതരായിരിക്കുന്നുവെന്ന്‌ തോന്നുന്നു. വായനക്കാരിൽ ചലനം സൃഷ്‌ടിക്കുന്ന ആ ശൈലിയെപ്പറ്റി എന്തെങ്കിലും

ആറേഴു വർഷത്തെ മൗനത്തിന്റെയും ധ്യാനത്തിന്റെയും വിഭൂതിപോലെയായിരുന്നു എനിക്ക്‌ ”ഒരു സങ്കീർത്തനം പോലെ“. അതെഴുതുമ്പോൾ ഞാനെന്റെയുളളിൽ ഒരു കാട്‌ പോലെ കത്തുകയായിരുന്നു. എഴുത്തുകാരന്‌ ഉളളിൽ ഒരശാന്തി വേണമെന്ന പറച്ചിലിന്റെ പൊരുൾ ഞാനന്ന്‌ ശരിക്കും അറിഞ്ഞു. രക്‌തം വിയർക്കുന്ന നിമിഷങ്ങളായിരുന്നു അത്‌. ”ഒരു സങ്കീർത്തനം പോലെ“യിലെ ശൈലി ഞാൻ മനഃപൂർവ്വം ഉണ്ടാക്കിയതല്ല. എഴുതാൻ തുടങ്ങിയപ്പോൾ അറിയാതെ ആ ശൈലി രൂപപ്പെട്ടു കിട്ടി. ഒരു വെളിപാട്‌ പോലെ.

? ദസ്തയേവ്‌സ്‌കി എന്ന എഴുത്തുകാരൻ താങ്കളെ ബാധിച്ച ആധിയാണല്ലോ; അതിനുളള കാരണം

പീഢാനുഭവങ്ങളിലൂടെ വിശുദ്ധിയിലേയ്‌ക്ക്‌ കയറിപ്പോകുന്ന മനുഷ്യാത്‌മാവിനെ സംബന്ധിച്ച സങ്കല്പം എനിക്കിഷ്‌ടപ്പെട്ട ഒരാശയമാണ്‌. ക്രിസ്‌തുവിന്റെ ജീവിതത്തിൽ നിന്ന്‌ ഞാൻ വായിച്ചെടുത്ത ഒരാശയമാണത്‌. ദുർവിധിയുടെ ഇരയായിരുന്ന ദസ്‌തയേവ്‌സ്‌കിയുടെ ജീവിതത്തിലും സഹനത്തിന്റെ വിശുദ്ധി ഞാൻ കണ്ടു. അതാണ്‌ എന്നെ ആകർഷിച്ചത്‌. ദസ്തയേവ്‌സ്‌കി എന്ന വ്യക്‌തിയിൽ മഹാനായ എഴുത്തുകാരനെന്നതുപോലെ ഒരു വിശുദ്ധനെയും കണ്ടെത്താൻ കഴിഞ്ഞതായിരുന്നു, ”ഒരു സങ്കീർത്തനം പോലെ“ എഴുതാനുളള പ്രചോദനം.

? താങ്കളുടെ ചില കൃതികളിലൊക്കെ ദൈവശാസ്‌ത്ര പണ്ഡിതൻമാരേക്കാൾ സൗന്ദര്യാത്‌മകമായി ബൈബിളിനെയും ക്രിസ്‌തുവിനെയുമൊക്കെ വ്യാഖ്യാനിക്കുന്നതായി കാണുന്നു. ഇത്‌ എങ്ങനെ സാധിക്കുന്നു

പീഢാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയും വിശുദ്ധീകരിക്കപ്പെടുന്ന മനുഷ്യാത്മാവ്‌ എന്ന സങ്കല്പത്തോടുളള എന്റെ പ്രിയത്തെക്കുറിച്ച്‌ ഞാൻ പറഞ്ഞല്ലോ. ആ പീഢാനുഭവവും സഹനവും തനിക്കുവേണ്ടിയല്ല, മറ്റുളളവർക്കുവേണ്ടിയാണ്‌. ലോകത്തിന്റെ പാപത്തെപ്രതി മനുഷ്യപുത്രൻ തന്റെ രക്‌തം കുരിശിൽ ഒഴുക്കുന്നു. മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ അങ്ങനെയൊന്ന്‌ ഞാൻ വേറെ കണ്ടിട്ടില്ല. നോക്ക്‌, മനുഷ്യന്റെ പാപം കൊണ്ട്‌ ലോകത്തുളള സകല കുരിശുകളിലും മിശിഹായുടെ രക്‌തം ഒഴുകിക്കൊണ്ടേ ഇരിക്കുന്നു. ഇത്‌ എന്റെ ക്രിസ്‌ത്യാനുഭവമാണ്‌. ലോകഭാഷകളിലെ ഏറ്റവും സാഹിത്യമൂല്യമുളള കൃതികളിൽ ഒന്നെന്ന വിശ്വാസത്തോടെ ഞാൻ ബൈബിൾ വായിക്കുന്നു. ധാർമ്മികലാവണ്യത്തിന്റെ അനശ്വരശോഭ അതിന്റെ ഏതു വഴിയിലുമുണ്ട്‌. ഞാനത്‌ അനുഭവിക്കുന്നേ ഉളളൂ, വ്യാഖ്യാനിക്കുന്നില്ല. വ്യാഖ്യാനിക്കാനുളള ജ്ഞാനം എനിക്കില്ല.

? ഒരു എഴുത്തുകാരൻ എന്ന നിലയിലാണോ ധാർമ്മികതയ്‌ക്ക്‌ താങ്കൾ വില കൽപ്പിക്കുന്നത്‌, ഒരു മനുഷ്യനെന്ന നിലയിലോ

മനുഷ്യനെന്ന നിലയ്‌ക്ക്‌ ഒന്നാമതും എഴുത്തുകാരനെന്ന നിലയ്‌ക്ക്‌ രണ്ടാമതും ഞാൻ ധാർമ്മികമായ നന്‌മ ഇഷ്‌ടപ്പെടുന്നു. ധാർമ്മികമായ നന്‌മയും വിശുദ്ധിയുമില്ലാത്തവൻ മനുഷ്യനാണോ?

? രചനയിലെ അവക്രത കണ്ടിട്ട്‌ ഉളളിൽ നന്‌മയും കനിവും ഒക്കെയുളള ഒരു എഴുത്തുകാരനായി താങ്കളെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്‌. ഇതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ

കഴിയുന്നത്ര ഋജുവായും ലളിതമായും എഴുതാനാണ്‌ ഞാൻ ശ്രമിക്കാറ്‌. പ്രമേയം അത്ര കണ്ട്‌ സുതാര്യമാവണം. എന്തിന്‌ വക്രതയും ദുർഗ്രഹതയും? തനിക്കു പറയാനുളളതിനെക്കുറിച്ച്‌ വ്യക്‌തമായ അറിവും കാഴ്‌ചയുമുണ്ടെങ്കിൽ എഴുത്ത്‌ എന്തിനു വക്രീകരിക്കുന്നു? മഹത്തായ കാര്യങ്ങൾ എത്ര ലളിതമായാണ്‌ പറയപ്പെട്ടിരിക്കുന്നത്‌? നോക്ക്‌, ക്രിസ്‌തുവിന്റെ വചനങ്ങൾഃ നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുക. ഒട്ടകം സൂചിക്കുഴയിൽ കടക്കുന്നതിനേക്കാൾ എളുപ്പമാണ്‌ ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത്‌. ഇവരെന്താണ്‌ ചെയ്യുന്നതെന്ന്‌ ഇവരറിയുന്നില്ല. ഇനി ശ്രീനാരായണഗുരു പറഞ്ഞത്‌ ഓർമ്മിക്ക്‌ഃ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌. ക്രിസ്‌തുവും ശ്രീനാരായണഗുരുവും അതുപോലുളള മറ്റു മഹാത്‌മാക്കളും മനുഷ്യനെയും ജീവിതത്തെയും കാലത്തെയും കുറിച്ചുപറഞ്ഞത്‌ എത്ര ലളിതമായിട്ടാണ്‌! പറയാൻ പോകുന്നതിലെ മഹത്വത്തെക്കുറിച്ച്‌ വിശ്വാസമില്ലാത്തപ്പോൾ പറച്ചിൽ ക്ലിഷ്‌ടമായി തീരുന്നു. എന്റെ ഒരു തോന്നലാണിത്‌. എന്റെ ശൈലിയുടെ ലാളിത്യം എന്റെ ഉളളിലെ നന്‌മയുടെ അടയാളമാണെന്ന്‌ ഞാൻ എങ്ങനെ പറയും? എന്റെ ഉളളിൽ നന്‌മയുണ്ടോ? സത്യത്തിൽ അതല്ലേ ഞാൻ അന്വേഷിക്കുന്നത്‌?

? ഒരു സാഹിത്യകാരന്റെ ജോലി എഴുത്ത്‌ മാത്രമല്ല. ചിന്തിക്കാൻ വിസമ്മതിക്കുന്ന സദസ്സിനുമുമ്പിൽ (സമൂഹം) ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും കൂടി ചെയ്യണമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഇതിനോട്‌ യോജിക്കുന്നോ

ഒരു സാഹിത്യകൃതി വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ മാന്ത്രികമായ ഒരുതരം പ്രകമ്പനമുണ്ടാവണം. ജീവിതമൂല്യങ്ങളെക്കുറിച്ചുളള ആഴമേറിയ വിചാരം ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌.

? രചനകളിൽ വിമർശകന്റെ ഇടപെടലിനെ ഇഷ്‌ടപ്പെടുന്നുവോ

സാഹിത്യകൃതിയുടെ സൗന്ദര്യതലം അന്വേഷിക്കുന്ന വിമർശകന്റെ സാന്നിധ്യം സാഹിത്യകലയിൽ എന്നും പ്രസക്‌തമാണ്‌. വിമർശകന്റെ ഇടപെടൽ എഴുത്തുകാരന്‌ ഇഷ്‌ടപ്പെടുകയോ ഇഷ്‌ടപ്പെടാതിരിക്കുകയോ ചെയ്യാം. വിമർശകന്റെ ഇടപെടൽ വിമർശകന്റെ പ്രശ്‌നമാണ്‌. എഴുത്തുകാരൻ അതിനെച്ചൊല്ലി അസഹിഷ്‌ണു ആവേണ്ട കാര്യമില്ല. എനിക്കതൊട്ടുമില്ല. എഴുതിക്കഴിഞ്ഞ കൃതിയെക്കുറിച്ച്‌ ആർക്കും എന്തും പറയാം.

? നാലുപേരെ കിട്ടിയാൽ പ്രസംഗിച്ചു തുടങ്ങുന്ന രാഷ്‌ട്രീയക്കാരെപ്പോലെയാണ്‌ ഇപ്പോഴത്തെ എഴുത്തുകാർ. അവർ ഒരു വായനക്കാരനെ കിട്ടിയാൽ സംസാരിച്ചു തുടങ്ങുന്നു. ഇതിൽ നിന്നൊക്കെ വ്യത്യസ്‌തമാണ്‌ വായനക്കാരോടുളള താങ്കളുടെ സമീപനം എന്ന്‌ കേട്ടിട്ടുണ്ട്‌. ഇതിനുളള പ്രചോദനം

ഞാൻ ഒരു പ്രസംഗകനല്ല. പൊതുവേദികളിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കാനാണ്‌ എനിക്കിഷ്‌ടം. ആചാര്യന്മാരും നേതാക്കൻമാരും പ്രസംഗിച്ചു പ്രസംഗിച്ച്‌ നമ്മുടെ നാട്‌ കുട്ടിച്ചോറാക്കിയില്ലേ? എല്ലാവരും പ്രസംഗിക്കുന്നത്‌ നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യത്തേയും മനുഷ്യസ്‌നേഹത്തേയും കുറിച്ചല്ലേ? എന്നിട്ട്‌ നമ്മളെന്താണ്‌ കാണുന്നത്‌? ജാതിയുടേയും മതത്തിന്റേയും അഴിമതിയുടെയും വിഷപ്പല്ലുകൾ നമ്മുടെ സാമൂഹിക ജീവിതത്തിൽ ആഴ്‌ന്നിറങ്ങുന്നു. സകല ജീർണ്ണതകളും തിരിച്ചുവരികയാണ്‌. വിഭാഗീയതയുടെ വന്യവികാരം നമ്മുടെ ഹൃദയങ്ങളെ കീഴടക്കുന്നു. സഹിഷ്‌ണുതയുടെയും സാഹോദര്യത്തിന്റെയും സുവർണ്ണ ഗോപുരങ്ങൾ ഇടിഞ്ഞുവീഴുന്നു. ഗാന്ധിജിയുടെ ഗുജറാത്ത്‌ ശവപ്പറമ്പായി തീരുന്നു. ഗർഭിണിയുടെ വയർ വെട്ടിപ്പിളർന്ന്‌ കുഞ്ഞിനെ വലിച്ചെടുത്ത്‌ ശൂലത്തിൽ കോർക്കുന്നു. പ്രാണനുവേണ്ടി കരയുന്ന നിസ്സഹായനെ വെട്ടി നുറുക്കി തീയിടുന്നു. നാദാപുരവും മാറാടും കത്തുന്നു. എവിടെയും നിസ്സഹായരാണ്‌ പീഡിപ്പിക്കപ്പെടുന്നത്‌. എന്നിട്ട്‌ പ്രസംഗങ്ങൾ തുടരുകയാണ്‌. പൊളള വാക്കുകളുടെ മുഴക്കം എങ്ങും! ഒടുവിൽ കപട ദേശീയതയും കപട ആദ്ധ്യാത്‌മികതയും നമ്മുടെ സംസ്‌കാരമായി തീരുന്നു. ജനങ്ങളെ ഭാഗിച്ചെടുത്ത്‌ രാഷ്‌ട്രീയപ്പാർട്ടികളും മതങ്ങളും ചൂതുകളിക്കുകയാണ്‌. ജനങ്ങൾക്കും അതു മതിയെന്നായിട്ടുണ്ടെന്ന്‌ തോന്നുന്നു. ഏതു പാർട്ടിയ്‌ക്ക്‌ പിന്നാലെയും ഏതു നേതാവിന്‌ പിന്നാലെയും ഉണ്ടല്ലോ ലക്ഷങ്ങള്‌! പാർട്ടികളെയും നേതാക്കന്മാരേയും തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട ഒരു ജനതയല്ലേ നമ്മള്‌?

? ശിഷ്‌ടകാലങ്ങളിൽ സമൂഹം താങ്കളെ എങ്ങനെ കാണണം എന്നാണ്‌ താങ്കൾ ആഗ്രഹിക്കുന്നത്‌

സമൂഹം നാളെ എന്നെ എങ്ങനെ കാണണമെന്ന്‌ ആഗ്രഹിച്ചിട്ട്‌ എന്തുഫലം? അത്രയ്‌ക്ക്‌ ദയയുണ്ടോ കാലത്തിന്‌? അത്രയ്‌ക്ക്‌ ദയയുണ്ടോ സമൂഹത്തിന്‌? ഉണ്ടെങ്കിൽ ഏകാകിയും നിരാലംബനും ബഹിഷ്‌കൃതനുമായ ഒരാൾ ഇതിലേ കടന്നുപോയെന്ന്‌ വിചാരിക്കട്ടെ. സ്വന്തം നിഴലല്ലാതെ വേറെ ആരും അയാൾക്കു കൂട്ടില്ലായിരുന്നുവെന്നും ഓർമ്മിക്കട്ടെ.

സി.ഇ.സുനിൽ

വിലാസം

“ബോധി”

തില്ലേരി

കൊല്ലം -1.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.