പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

എഴുത്തുകാരന്റെ മനസ്സും ബാധ്യതകളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ലോകത്തിലെ മികച്ച കൃതികളെല്ലാം വിവർത്തനരൂപത്തിൽ മലയാളി വായിക്കുന്നുണ്ട്‌. ഇങ്ങനെയാകുമ്പോൾ മലയാളി എഴുത്തുകാരുടെ കൃതികൾ ഇക്കാലത്ത്‌ തേടിപിടിച്ച്‌ വായിക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല എന്നു തോന്നുന്നു. അപ്പോൾ ഏറ്റവും മികച്ചതെന്ന്‌ വരുത്താൻ ഒരു മാർക്കറ്റൈസേഷന്റെ ആവശ്യം കൂടി എഴുത്തുകാരൻ നേരിടുന്നുണ്ട്‌. ഇവിടെ എഴുത്തിന്റെ സ്വതന്ത്രമായ ക്രിയേറ്റിവിറ്റി നഷ്‌ടപ്പെടുകയും, രചന എന്നത്‌ ഒരു മാർക്കറ്റിംഗ്‌ പ്രൊഡക്‌ടായി മാറുകയും ചെയ്യുന്നു. ഇത്തരം എഴുത്തിന്റെ മാർക്കറ്റെസേഷൻ കേരളം അനുഭവിക്കുന്നുണ്ടോ? ഇത്‌ എഴുത്തിനെ എങ്ങിനെ ബാധിക്കുന്നു?

ധാരാളം വിവർത്തനങ്ങൾ നമ്മുടെ ഭാഷയിൽ ഉണ്ടാകുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. എന്നും അങ്ങനെയായിരുന്നു. പ്രത്യേകിച്ച്‌ ഇംഗ്ലീഷിൽ നിന്നും ബംഗാളിയിൽ നിന്നുമുളള നോവലുകൾ. ഡാൻ ബ്രൗണിന്റെ ഡാവിൻചി കോഡിന്റെ വിവർത്തനം പോലും മലയാളത്തിൽ വൻ വിജയമായി. നാലു പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ. വളരെ ചെറുപ്പകാലം തന്നെ ടോൾസ്‌റ്റോയിയുടെയും വിക്‌ടർ ഹ്യൂഗോവിന്റെയും മറ്റും പുസ്‌തകങ്ങളുടെ വിവർത്തനങ്ങളിലൂടെയാണ്‌ ഞാൻ ഗൗരവമുളള വായന വികസിപ്പിച്ചെടുത്തത്‌. പക്ഷേ ഈ കൃതികൾ എല്ലാംതന്നെ അന്യരാജ്യക്കാരുടെ ജീവിതത്തെക്കുറിച്ചു പറയുന്ന പുസ്‌തകങ്ങളാണ്‌. ഈ പുസ്‌തകങ്ങൾ നമ്മുടെ സ്വന്തം ജീവിതത്തെ കുറിച്ചു നമ്മോടു സംസാരിക്കുന്നില്ല. നമ്മുടെ കഥ പറയുന്ന പുസ്‌തകങ്ങൾ നമ്മുടെ ഭാഷയിൽ മാത്രമേ ഉണ്ടാകുകയുളളൂ. അതുകൊണ്ട്‌ തന്നെ മലയാളി എഴുത്തുകാരുടെ കൃതികൾ വായിക്കാതിരിക്കാതിരിക്കുവാൻ നമുക്ക്‌ കഴിയുകയില്ല.

വളരെയധികം വായനക്കാർ ടിവിയുടെ മുമ്പിലേക്കു പോയിട്ടുണ്ട്‌. പക്ഷേ ഗൗരവമുളള വായനക്കാർ അവരുടെ കൂട്ടത്തിൽ പെടുന്നില്ല. ടിവിയുടെ മുമ്പിൽ കുത്തിയിരിക്കുന്നവർ അലസവായനക്കാരാണ്‌. മുമ്പൊരിക്കലുമില്ലാത്തവിധം വായന അതിഗൗരവത്തോടെ കാണുന്ന സാഹിത്യരചനകളോട്‌ ആഴത്തിൽ സംവദി ക്കുന്ന ഒരു ചെറിയ വായനാസമൂഹം ഇന്ന്‌ കേരളത്തിലുണ്ട്‌. പക്ഷേ പുസ്‌തകം ഒരു മാർക്കറ്റ്‌ ഉൽപ്പന്നം കൂടിയാണ്‌. അങ്ങനെ വരുമ്പോൾ ഒരു ചെറിയ വായനാ സമൂഹത്തിനുമാത്രം പുസ്‌തകവ്യവസായത്തെ നിലനിർത്തുവാൻ കഴിയില്ല എന്നു വരുന്നു. ഇവിടെയാണ്‌ നാം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നത്‌. പുസ്‌തകം കൂടുതൽ വായനക്കാരുടെ കൈയിൽ എത്തണമെങ്കിൽ അത്‌ സെൻസേഷനലാക്കണം. പ്രസിദ്ധീകരണശാലകൾ മാത്രമല്ല ആഴ്‌ചപ്പതിപ്പുകൾപോലും അതിനുളള കളികളാണ്‌ കളിക്കുന്നത്‌. അവർ വായനക്കാരെ കൊണ്ട്‌ എഴുത്തുകാരെ തെറിപറയിപ്പിക്കുന്നു. എഴുത്തുകാരെ പരസ്‌പരം കലഹിപ്പിക്കുന്നു. എഴുത്തുകാരന്‌ ആത്മാവിൽ നോക്കി എഴുതുവാൻ കഴിയാത്ത അവസ്ഥയാണ്‌ ഇന്ന്‌ ഭാഷയിലുളളത്‌. എഴുത്തുകാർക്ക്‌ വീർപ്പുമുട്ടുകയാണ്‌. പാവം വായനക്കാർ അതൊന്നും അറിയുന്നുമില്ല. ഇതാണ്‌ ഇന്ന്‌ നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.

പുലയപ്പാട്ട്‌- ഒരു ദളിത്‌ നോവൽ എന്ന നിലയിൽ എത്ര മാത്രം വിജയമായിരുന്നു. ദളിത്‌ പ്രശ്‌നങ്ങളെ പുറമെ നിന്ന്‌ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ ആ നോവലിനോട്‌ എത്രമാത്രം സത്യസന്ധനാകാൻ കഴിഞ്ഞു. ആ നോവൽ ദളിതരുടെ യഥാർത്ഥ പ്രശ്‌നങ്ങളെ ഉൾക്കൊണ്ടിരുന്നോ എന്ന്‌ നോവൽ പൂർത്തിയാക്കിയതുശേഷം താങ്കൾ വിശകലനം ചെയ്‌ത്‌ നോക്കിയിരുന്നോ? ആ നോവലിനെ കേരളീയർ എത്രമാത്രം ഉൾക്കൊണ്ടു?

പുലയപ്പാട്ട്‌ ഒരു ദളിത്‌ നോവലല്ല. അങ്ങനെയുളള ഒരു ധാരണയിൽ നിന്നാണ്‌ അതിനെതിരെ ചില വിമർശനങ്ങൾ ഉണ്ടായത്‌. ഒരു ദളിതൻ സ്വന്തം ജീവിതത്തെ കുറിച്ചു എഴുതുന്നതാണ്‌ ദളിത്‌ നോവൽ. നിർഭാഗ്യവശാൽ ഞാൻ ഒരു ദളിതനല്ല. അതുകൊണ്ട്‌ എനിക്ക്‌ ദളിത്‌ സാഹിത്യം രചിക്കുവാൻ കഴിയുകയുമില്ല. അപ്പോൾ എന്താണ്‌ പുലയപ്പാട്ട്‌? അത്‌ ഒരു അദളിതൻ ദളിതരെക്കുറിച്ച്‌ എഴുതിയ ഒരു ആഖ്യായികയാണ്‌. അങ്ങനെയാണ്‌ പുലയപ്പാട്ടിനെ കാണേണ്ടത്‌. പക്ഷേ പലർക്കും അതിനു കഴിയാതെ പോയി. പുലയപ്പാട്ട്‌ എന്നു കേട്ട ഉടനെ അതൊരു ദളിത്‌ നോവലാണെന്ന്‌ അവർ ധരിക്കുകയും ചെയ്‌തു. ഒരു പട്ടാളക്കാരൻ പട്ടാളക്കാരുടെ ജീവിതത്തെക്കുറിച്ച്‌ എഴുതു ന്നതാണ്‌ പട്ടാളക്കഥ. അല്ലെങ്കിൽ പട്ടാള സാഹിത്യം. പട്ടാളക്കാരായ കോവിലനും നന്തനാരും അങ്ങനെ എഴുതിയവരാണ്‌. എന്നാൽ പട്ടാളക്കാർ മാത്രമല്ല ആർമി ജീവിതത്തെക്കുറിച്ച്‌ എഴുതിയത്‌. പട്ടാളക്കാരനല്ലാത്ത ടോൾസ്‌റ്റോയി പോലും ആർമിയെക്കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. മുക്കുവനല്ലാത്ത തകഴിയാണ്‌ മുക്കുവ സമുദായത്തെക്കുറിച്ച്‌ അനശ്വരമായ ഒരു നോവൽ-ചെമ്മീൻ-എഴുതിയത്‌ എന്നുകൂടി നാമിവിടെ ഓർക്കണം.

നമ്മുടെ രാജ്യത്ത്‌ പ്രത്യേകിച്ച്‌ മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും ശക്തിയായ ദളിത്‌ സാഹിത്യമുണ്ട്‌. പാമയെ പോലുളള ഈ എഴുത്തുകാർ പൊളളുന്ന അവരുടെ ജീവിതകഥകളാണ്‌ നോവലുകളിൽ പകർത്തുന്നത്‌. അവർ അവരുടെ ജീവിതത്തെ അതിന്റെ ഉളളിൽ നിന്നുകൊണ്ട്‌ കാണുകയാണ്‌ ചെയ്യുന്നത്‌. അങ്ങ നെ കാണുമ്പോൾ അതിനു ചില പരിമിതികളുണ്ട്‌. അവരുടെ സാഹിത്യം കുറെ ഒഴിഞ്ഞ ഇടങ്ങൾ പിറകിൽ വിടുന്നുണ്ട്‌. ഈ പടദഎറ ദെമസപ​‍െ ലാണ്‌ പുലയപ്പാട്ട്‌ എന്നു ചൊല്ലാൻ ശ്രമിക്കുന്നത്‌. അതായത്‌ ദളിതരുടെ ജീവിതാനുഭവങ്ങളെ ബുദ്ധി സം സ്വാതന്ത്രസമരം പോസ്‌റ്റു കോളോണിയൽ ചരിത്രം തുടങ്ങിയ വിശാലമായ പരിസരങ്ങളുടെ ഇടയിൽ അടയാളപ്പെടുത്തുവാനാണ്‌ പുലയപ്പാട്ട്‌ ശ്രമിക്കുന്നത്‌. ഈ നോവലിന്റെ പ്രസക്തി അവിടേയാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

ഒരു എഴുത്തുകാരൻ ആക്‌ടിവിസ്‌റ്റാകേണ്ടതിന്റെ ആവശ്യകത ഉണ്ടോ? അല്ലെങ്കിൽ അങ്ങിനെയൊരു ബാധ്യത അവന്റെ മേൽ ഉണ്ടോ? ഇപ്പോൾതന്നെ ഒരു രാഷ്‌ട്രീയക്കാരന്റെ സാമൂഹിക ഇടപെടലുകളാണ്‌ വി.എസിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത്‌. ഇത്തരം ഇടപെടലുകൾ ജനം ആഗ്രഹിക്കുന്നു എന്നതല്ലേ ശരി? അത്‌ രാഷ്‌ട്രീയക്കാരനിൽ നിന്നായാലും എഴുത്തുകാരനിൽ നിന്നായാലും?

കേരളത്തിൽ എഴുത്തുകാരെക്കുറിച്ച്‌ വായനാസമൂഹത്തി നുളള കാഴ്‌ചപ്പാടിൽ ഈ അടുത്ത കാലം ഒരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്‌. ഏകാകിയും സ്വപ്‌നാടനക്കാരനുമായ എഴുത്തുകാരനെ സമൂഹം തിരസ്‌കരിക്കുകയാണ്‌. പൊതുജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിലും എഴുത്തുകാർ ഇടപെട്ടു കാണുവാൻ വായനക്കാർ ആഗ്രഹിക്കുന്നു. മുത്തങ്ങ ആദിവാസി പ്രശ്‌നമായാലും മാറാട്‌ കൂട്ടക്കൊലയായാലും പെൺവാണിഭക്കേസായാലും ശരി എഴുത്തുകാർ ഒരു നിലപാട്‌ എടുക്കണമെന്ന്‌ വായനക്കാർ ശഠിക്കുന്നു. എന്റെ കാര്യം പറയാം. കൊല്ലത്തിൽ മൂന്നുമാസം നാട്ടിലും ബാക്കി സമയം ദൽഹിയിലുമാണ്‌ ഞാൻ ചിലവഴിക്കുന്നത്‌. ദൽഹിയിലിരിക്കുന്ന എനിക്ക്‌ ഇടയ്‌ക്കിടെ നാട്ടിലെ മാധ്യമ പ്രവർത്തകരിൽ നിന്നു ഫോൺ കോൾ ലഭിക്കുന്നത്‌ ഒരു പതിവാണ്‌. സാമൂഹ്യ സാംസ്‌കാരിക പരിസരത്തിൽ എന്തെങ്കിലും ഒരു ചെറിയ സംഭവവികാസം ഉണ്ടാകുമ്പോൾ പോലും അവർ എന്റെ പ്രതികരണം തേടുന്നു. വായനക്കാരും മാധ്യമങ്ങളും എഴുത്തുകാരന്റെ വാക്കിനു ഇത്രയേറെ വില കല്പിക്കുന്നത്‌ കാണുമ്പോൾ സന്തോഷം തോന്നും. അതേ സമയം അതെന്നെ അസ്വസ്ഥനാക്കുകയും ചെയ്യുന്നു.

എഴുത്തുകാരൻ ആക്‌റ്റിവിസ്‌റ്റ്‌ ആകേണ്ടതുണ്ടോ എന്നത്‌ എഴുത്തുകാരന്റെ ദപന​‍്ണമാ സലൂവസപ ആണ്‌. എഴുത്ത്‌ എന്നതുതന്നെ ഒരുതരം ആക്‌ടിവിസമാണെന്നാണ്‌ എന്റെ വിശ്വാസം. കെ.പി.അപ്പൻ പറഞ്ഞതുപോലെ എഴുത്ത്‌ കലാപ വും പ്രതിഷേധവുമാണ്‌.

എഴുത്തുകാരൻ തീർച്ചയായും ജനങ്ങളുടെ പ്രശ്‌നങ്ങളും വേ ദനകളും അറിയണം. ഈ പ്രശ്‌നങ്ങളിൽ ഇടപെടണം. എന്നാൽ അത്‌ എഴുത്തിലൂടെ ആയിരിക്കുന്നതല്ലേ നല്ലത്‌? ഞാൻ കൊക്കോ കോളയ്‌ക്കെതിരായുളള പ്ലാച്ചിമട സമരത്തിൽ പങ്കെടുത്തിട്ടുണ്ട്‌. എങ്കിലും കഴിയുന്നത്ര അത്തരം ആക്‌ടിവിസം ഒഴിവാക്കാനാണ്‌ എന്റെ ആഗ്രഹം. കാരണം എന്റെ മാധ്യമം ഭാഷയാണ്‌. ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാനും അവരുടെ വേദനകൾ ഒപ്പിയെടുക്കുവാനും എനിക്ക്‌ കഴിയുമെങ്കിൽ അത്‌ എന്റെ രചനകളിലൂടെയായിരിക്കും. ചുരുക്കത്തിൽ ഞാനിപ്പോൾ ഒരു വലിയ ആശയക്കുഴപ്പത്തിലാണ്‌. വി.എസിനെ പോലെ പാവങ്ങളുടെ ഒപ്പം നിന്നുകൊണ്ട്‌ സത്യത്തിനും നീതിയ്‌ക്കും വേണ്ടി പോരാടുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതേ സമയം എഴുത്ത്‌ ആവശ്യപ്പെടുന്ന സ്വകാര്യതയും മൗനവും എന്നെ സമരമുഖത്തിറങ്ങുന്നതിൽനിന്നു പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. ഇന്ന്‌ കേരളത്തിൽ ഏറ്റവും ഒച്ചവെക്കുന്ന ആളാണ്‌ ഏറ്റവും പോപ്പുലർ. മൗനത്തിന്റെ ശുദ്ധിയും ശക്തിയും മലയാളികൾ മറന്നുപോയിരിക്കുന്നു.

പ്രവാസജീവിതമാണ്‌ മലയാളികൾക്ക്‌ ഏറ്റവും തീവ്രമായ രചനകൾ നല്‌കിയത്‌. കേരളത്തിന്‌ പുറത്ത്‌ ജീവിച്ച എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ രചനകളെ പ്രവാസജീവിതം എങ്ങിനെയാണ്‌ സ്വാധീനിച്ചത്‌?

പ്രവാസിയല്ലെങ്കിലും ഞാൻ എഴുതുമായിരുന്നു. കാരണം എന്നിലെ സർഗ്ഗാത്മകതയ്‌ക്ക്‌ ആധാരം എന്റെ നാടും അവിടുത്തെ ജനങ്ങളുമാണ്‌. പക്ഷേ നാട്ടിൽ തന്നെ ജീവിച്ചിരുന്നെങ്കിൽ അത്‌ മറ്റൊരു തരത്തിലുളള സാഹിത്യമാകുമായിരുന്നു. ചെറുപ്പകാലം തന്നെ ജന്മനാട്‌ വിട്ട്‌ ദൽഹിയിൽ വന്നതുകൊണ്ട്‌ ഒരു പുതിയ കാഴ്‌ച. അവബോധം സ്വന്തം ജനതയെക്കുറിച്ചു വളർത്തിയെടുക്കുവാൻ അതെന്നെ സഹായിച്ചിട്ടുണ്ട്‌. മയ്യഴിയെന്ന ഒരു ഇത്തിരിവട്ടത്തിൽ നിന്ന്‌ ഒരു മഹാനഗരത്തിലേക്കാണ്‌ ഞാൻ പറിച്ചു നടപ്പെട്ടത്‌. തുടർന്ന്‌ നാട്ടിൽ ലഭിക്കുവാൻ ഇടയില്ലാത്ത ഒരു വിശാലമായ അനുഭവലോകം അങ്ങനെ എനിക്ക്‌ സ്വായത്ത മാക്കുവാൻ കഴിഞ്ഞു. മലയാളികൾ പൊതുവെ ജീവിതാനുഭ വങ്ങൾ കുറഞ്ഞവരാണ്‌. ചരിത്രത്തിനു പുറത്ത്‌ ജീവിക്കുന്നവ രാണ്‌. യുദ്ധങ്ങളുടേയോ രാജ്യത്തിന്റെ വിഭജനത്തിന്റെയോ എന്നല്ല ജാതിവ്യവസ്ഥയുടേതുപോലും യാതനകളും പീഡനങ്ങളും ഉത്തരേന്ത്യക്കാരെ പോലെ നാം അറിഞ്ഞിട്ടില്ല. അനുഭവങ്ങളുടെ നഗ്‌നതയുമായി ദൽഹിയിൽ വന്ന എനിക്കു മുമ്പിൽ അമ്പരപ്പിക്കുന്ന ഒരു മഹാലോകമാണ്‌ തുറന്നു വന്നത്‌. ദൽഹി യെപോലെ ചരിത്രസാന്ദ്രതയുളള മറ്റൊരു നഗരം നമ്മുടെ രാജ്യത്തില്ല. മുമ്പ്‌ ഞാൻ താമസിച്ചിരുന്ന നെഹ്‌റു പ്ലെയിസിനു സമീപം ഒരു ക്ഷേത്രത്തിൽ ഒരു പുരാതനമായ അരയാലുണ്ട്‌. മഹാഭാരത യുദ്ധം നടക്കുന്ന കാലത്തേയുളള വൃക്ഷമാണതെന്നാണ്‌ പറയ പ്പെടുന്നത്‌. ഐതിഹ്യങ്ങളും ചരിത്രവും എല്ലാം കലങ്ങിച്ചേർന്നു കിടക്കുന്ന ഒരു നഗരമാണ്‌ ദൽഹി... എഴുത്തിനെ ഉത്തേജിപ്പിക്കുന്ന നഗരം... അതുകൊണ്ടാണ്‌ എനിക്ക്‌ ഈ നഗരത്തിൽ നിന്നു രക്ഷപ്പെടാൻ കഴിയാത്തത്‌. ചുരുക്കിപ്പറഞ്ഞാൽ പ്രവാസി ജീവിതം എഴുത്തുകാരനെ സഹായിക്കുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ജന്മനാട്ടിൽ നിന്നും എത്രയും ദൂരെ പോകുന്നുവോ അത്രയും നല്ലത്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.