പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

ഞാൻ പിളർക്കപ്പെട്ടവരുടെ എഴുത്തുകാരൻ - കോവിലൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഷംസുദ്ദീൻ

(കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്‌ ലഭിച്ച പ്രശസ്‌ത സാഹിത്യകാരൻ കോവിലനുമായി എം.ഷംസുദ്ദീൻ നടത്തിയ അഭിമുഖം)

*ഞാനാണ്‌ ഏറ്റവും വലിയ ദളിത്‌ എഴുത്തുകാരൻ എന്നു പറയാറുണ്ടല്ലോ, സാഹിത്യത്തിൽ അങ്ങനെയൊരു തരംതിരിവ്‌ വേണമെന്നുണ്ടോ?

ദളിതൻ എന്ന വാക്കിന്റെ അർത്ഥം പിളർക്കപ്പെട്ടവൻ എന്നാണ്‌. എനിക്ക്‌ ആ ഭാഷയുടെ വ്യാകരണമൊന്നും അറിഞ്ഞുകൂട. എന്റെ പ്രമുഖ കഥാപാത്രങ്ങളെല്ലാവരും പിളർക്കപ്പെട്ടവരായിരുന്നു. അതുകൊണ്ടാണ്‌ ഞാൻ ദളിത്‌ എഴുത്തുകാരൻ എന്നു പറയുന്നത്‌. പിന്നെ ജനിച്ച സമൂഹത്തെ ഓർത്തു പറയുകയാണെങ്കിൽ അത്‌ ഒട്ടും വരേണ്യമല്ലല്ലൊ.

*കണ്ടാണശ്ലേരിയുടെ ഭൂപ്രകൃതി എഴുത്തിനെ എത്രമാത്രം ബാധിച്ചിട്ടുണ്ട്‌?

അതെനിക്ക്‌ പറയാൻ പറ്റില്ല. ഞാൻ കണ്ടാണശ്ശേരിയിൽ വീട്ടുമുറ്റത്ത്‌ മഴപെയ്യുന്നതും, വരിവെളളം ഒഴുകിവരുന്നതും, മുണ്ടകപ്പാടം കടലുമാതിരി കിടക്കുന്നതും, ഇതാണ്‌ കടല്‌ എന്നു വിചാരിച്ചതും ഒക്കെ എന്റെ മനസ്സിലുണ്ടായിട്ടുണ്ട്‌. അതു ഞാൻ എവിടെയെങ്കിലും എഴുതിയിട്ടുണ്ടാവും. അല്ലാതെ ഭൂപ്രകൃതി എന്നെ സ്വാധീനിച്ചു എന്ന്‌ എനിക്കു തോന്നുന്നില്ല. എന്റെ സുഹൃത്തുക്കളോ, വിമർശകരോ ആയ ചിലർ പറഞ്ഞിട്ടുണ്ട്‌, ‘ചരൽക്കല്ലുമാതിരിയുളള വാക്കുകളൊക്കെ ഇവിടുത്തെയാണെന്ന്‌.’ കണ്ടാണശ്ശേരി ചരൽക്കല്ലുകളുടെ നാടല്ല. ഒന്നാന്തരം തെങ്ങിൻ തോപ്പുകളുടെ നാടാണ്‌. ആ തെങ്ങിൻ തോപ്പുകളുടെ നാടിന്റെ ഒരറ്റത്ത്‌ ഒരു കുന്നാണ്‌. ആ കുന്നിന്റെ ഒരു ചരുവിലാണ്‌ വർഷങ്ങളോളം എന്റെ കുടുംബം പുലർന്നത്‌. മുത്തച്ഛൻ തൊട്ട്‌. ഞാനായപ്പോൾ എന്റെയൊരു കിറുക്കിനോ, സൗകര്യത്തിനോ കുന്നത്തു കയറി ഒരു വീട്‌ വെച്ചു എന്നേയുളളൂ. ചരൽക്കല്ലുകളുടെ ഭാഷ കണ്ടാണശ്ശേരിയുടേതല്ല. കണ്ടാണശ്ശേരിയുടെ തെങ്ങിന്റെ കളള്‌ വീര്യമുളള കളളാണ്‌. ഞാനത്‌ പറഞ്ഞിട്ടുണ്ട്‌. കണ്ടാണശ്ശേരിയുടെ തേങ്ങ കൊപ്ര ആയാൽ എപ്പോഴും തുച്ഛം വില കൂടുതലാണ്‌. ചക്കിൽ ആട്ടിയാൽ വെളിച്ചെണ്ണ കുറച്ചു കൂടും. ഇവിടെ കുഴിച്ചാൽ പത്തുമീറ്റർ ആഴം മണൽ കഴിഞ്ഞിട്ടാണ്‌ കളിമണ്ണ്‌ കാണുക. അത്രയും തെങ്ങുകൾക്ക്‌ വളരാനും കായ്‌ക്കാനും പറ്റിയ മണ്ണാണിത്‌. ഒരു തുടം വെളിച്ചെണ്ണ കൂടുതൽ കിട്ടുന്ന മണ്ണിലാണോ കോവിലന്റെ സാഹിത്യം എന്നു നിങ്ങൾ ചോദിക്കില്ല. കാരണം, എന്നെ നിങ്ങൾ കണ്ടിട്ടുളളത്‌ കുന്നത്ത്‌ ചരൽ പറമ്പിലാണ്‌.

*വേട്ടൈക്കരൻ പാട്ട്‌ (തോറ്റം) എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ? ‘തട്ടകം’ വായിച്ചാൽ ഇങ്ങനെ ചിലത്‌ തോന്നുന്നു.

ഞങ്ങളുടെ കുടുംബങ്ങളിൽ ഒരു മണ്ടകപ്പുര ഉണ്ടാവും. തറവാട്ടിലെ വലിയ കാരണവൻമാരെ, മുത്തപ്പൻമാരെന്നോ തറവാടിന്റെ അമ്മാമൻമാരെന്നോ ഉളള പേരിലൊക്കെ അന്തരിച്ചവരെ ആദരിക്കുന്ന ഒരു സമൂഹമാണ്‌. അവിടെ മുത്തപ്പൻ പാട്ടുണ്ടാവും, പാമ്പുംകാവിനോട്‌ ബന്ധപ്പെട്ട്‌ പുളളുവൻ പാട്ടുണ്ടാവും. ഞാൻ ആദ്യമിങ്ങനെ എഴുതാൻ പഠിച്ചു. എഴുതാൻ പരിചയിച്ചു. അല്‌പം പരിചയമായി എന്നു കണ്ടപ്പോൾ ഞാൻ കേട്ട്‌ എന്നെ സ്വാധീനിച്ച ഈ പഴമകളായ ഭഗവതിപ്പാട്ടും തോറ്റംപാട്ടും വടക്കൻപാട്ടും ഒക്കെ എന്റെ രചനയുടെ ശൈലിയെ സ്വാധീനിച്ചിട്ടുണ്ട്‌.

*ദർശനം കഥകളിൽ ജൈവികമായ ഒരനുഭവമാക്കാൻ താങ്കൾക്കു കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. ആനന്ദിന്റെയും മറ്റും കഥകളിൽ ദർശനം കഥയുടെ മുകളിൽ ഒരു വച്ചുകെട്ടുപോലെ തോന്നുന്നു എന്ന ഒരാക്ഷേപമുണ്ട്‌. ഏതെങ്കിലും ആശയത്തിൽനിന്നാണോ കഥയുടെ വഴിയിലെത്തുന്നത്‌. അതോ, ജീവിത സന്ദർഭമോ, ഏതെങ്കിലും ദൃശ്യമോ? ഏതെങ്കിലും ദൃശ്യമായിരിക്കും കഥയുടെ പ്രചോദനമെന്ന്‌ മാർക്കേസ്‌ പറയുന്നുണ്ട്‌.

ദർശനം എന്ന്‌ ഒരിക്കലും ഞാൻ എന്റെ മാനസികാവസ്ഥയെക്കുറിച്ചു പറയില്ല. ഞാൻ ഒട്ടും ദാർശനികനല്ല. ആനന്ദിനെക്കുറിച്ചുളള ആക്ഷേപത്തോട്‌ എനിക്ക്‌ അത്ര അനുകൂല പ്രതികരണമില്ല. ഞാൻ ഉടനെ പറയുക ‘നാലാമത്തെ ആണി’ ഒന്നു വായിച്ചുനോക്കാനാണ്‌. ഒരു ദാർശനിക ബോധത്തെ, ദാർശനികഭാവത്തെ വിശദീകരിക്കാൻ ആനന്ദ്‌ എഴുതുന്നു. ദാർശനിക സമസ്യകളെ വ്യക്തമായി, വിശദമായി അവതരിപ്പിക്കാൻ ആനന്ദിന്റെ മാധ്യമം കഥയോ നോവലോ ആകുന്നു. ആനന്ദിന്‌ യാന്ത്രികത ഉണ്ട്‌ എന്നോ വച്ചുകെട്ടൽ ഉണ്ട്‌ എന്നോ എനിക്കു തോന്നിയിട്ടില്ല. ആശയം എന്നെ പ്രചോദിപ്പിച്ചു എന്ന്‌ എനിക്കു തോന്നുന്നില്ല. എന്റെ സഹജീവികളുടെ മുഖം, സ്വഭാവം, അവർ വർത്തമാനം പറയുന്ന രീതി, അവരുടെ നടപ്പിന്റെയും കിടപ്പിന്റെയും ശൈലി, ഇതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. ഈ കൂട്ടുകാരുടെ അനുഭവങ്ങളാണ്‌ ആർമിയിലുളളപ്പോൾ എന്നെ കഥകളെഴുതാൻ പ്രേരിപ്പിച്ചതും എന്നെക്കൊണ്ട്‌ കഥകൾ എഴുതിച്ചതും. അപൂർവ്വമായി ഒരു കഥയിൽ കെട്ടുകഥയുടെ അന്ത്യം വന്നേക്കാം. സാമാന്യേന വസ്‌തുതകളാണ്‌ ഞാൻ എഴുതിപ്പോന്നത്‌.

*കഥ എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങുന്ന കാലത്ത്‌ എന്തായിരുന്നു അനുഭവം? അടുപ്പമുളളവരുടേയും അപരിചിതരുടേയും പ്രോത്സാഹനം-അങ്ങനെ ചിലതാണ്‌ ഉദ്ദേശിക്കുന്നത്‌.

കഥ എഴുതി പ്രസിദ്ധീകരിച്ചിട്ടുളള അനുഭവമല്ല എനിക്കുളളത്‌. കഥ എഴുതി മൂന്നിലേറെ സുഹൃത്തുക്കൾക്ക്‌ സ്വയം വായിച്ച്‌ കേൾപ്പിച്ച്‌ അവരിൽനിന്ന്‌ അഭിപ്രായം കേട്ട ശീലമാണ്‌ എനിക്കുളളത്‌. ആദ്യത്തെ അനുമോദനവും വിമർശനവും അംഗീകാരവും ഈ വെളളരിക്കണ്ടം സദസ്സുകളിൽ നിന്നാണ്‌ എനിക്കു കിട്ടിയിട്ടുളളത്‌. പിന്നെ കഥ നന്നായി എന്ന്‌ എൻ.വി.കൃഷ്‌ണവാരിയരോ അല്ലെങ്കിൽ വേറൊരു പത്രാധിപരോ ഒരു കത്തെഴുതുമ്പോൾ എനിക്കു വലിയ തൃപ്‌തിയുണ്ടായിട്ടുണ്ട്‌. നല്ല വാക്കു കേൾക്കാൻ മോഹവും ഉണ്ടായിരുന്നു. ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത്‌ മംഗളോദയം മാസികയിലാണ്‌. മംഗളോദയം മാസിക അന്നത്തെ മലയാളത്തിലെ ഏറ്റവും കനപ്പെട്ട സാഹിത്യമാസികയാണ്‌. അതുതന്നെ നല്ലൊരു ബഹുമതിയല്ലെ. കേശവദേവുമായുണ്ടായിട്ടുളള ഒരു കണ്ടുമുട്ടലിന്റെ കഥ ഞാൻ പറഞ്ഞിട്ടുണ്ട്‌. എന്റെ ‘മകൻ’ എന്ന കഥ മംഗളോദയം മാസികയുടെ പത്രാധിപരുടെ ഓഫീസിൽ കയ്യെഴുത്തുകോപ്പി കൊണ്ടുകൊടുത്തിട്ട്‌ അവിടെ നിൽക്കാതെ ഞാൻ താഴേക്ക്‌ ഇറങ്ങിപ്പോന്നു. ആ കഥയുടെ ആദ്യത്തെ വാക്യം വായിച്ചാൽ സാമാന്യം ഒരു പത്രാധിപർ, സാമാന്യം ഒരു കഥാകൃത്ത്‌ അതു മുഴുവൻ വായിച്ചുതീർക്കും എന്ന്‌ എനിക്കുറപ്പാണ്‌. അന്ന്‌ എനിക്ക്‌ ഇരുപത്തിമൂന്ന്‌ വയസ്സൊക്കെയാണ്‌ പ്രായം. ഞാൻ തൃശൂർ റൗണ്ടിലൂടെ നടന്നു. മുനിസിപ്പൽ റോഡിലൂടെ നടന്നു. അന്നു ഞാൻ നന്നായി പുകവലിക്കും. തൃശൂരങ്ങാടിയിൽ കിട്ടുന്ന ഏറ്റവും കടുപ്പംകൂടിയ ഒരു പൊതി ബീഡി വാങ്ങി അവിടെ വച്ചുതന്നെ വലിക്കാൻ തുടങ്ങുമ്പോൾ എന്റെ പുറത്ത്‌ ഒരടിയാണ്‌. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ കേശവദേവാണ്‌. കേശവദേവ്‌ പറഞ്ഞത്‌ ‘തകർത്തുകളഞ്ഞിരിക്കുന്നനിയാ തകർത്തു കളഞ്ഞിരിക്കുന്നു’ എന്നാണ്‌. എനിക്ക്‌ വലിയ ഒരു പകപോക്കലായിരുന്നു അത്‌. ഈ കേശവദേവിന്‌ ‘തകർന്ന ഹൃദയങ്ങൾ’ ഞാൻ ഒരു കോപ്പി അയച്ചുകൊടുത്തു. ഭേദപ്പെട്ട സാഹിത്യകാരൻമാർക്കൊക്കെ ഒരു കോപ്പി അയച്ചുകൊടുക്കണമെന്ന്‌ പൊൻകുന്നം ദാമോധരൻമാഷ്‌ എന്നെ ഉപദേശിച്ചതുകൊണ്ട്‌ ചെയ്‌തതാണ്‌. പിന്നെ ഒരു ദിവസം മുണ്ടശ്ശേരിമാസ്‌റ്ററുടെ അടുത്തുവെച്ച്‌ കേശവദേവിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. ‘അങ്ങ്‌ തകർന്ന ഹൃദയങ്ങൾ വായിച്ചോ’ എടുത്ത വഴിക്ക്‌ കേശവദേവ്‌ എന്നോട്‌ പറഞ്ഞ മറുപടി ‘അതൊക്കെ വായിക്കാൻ എവിടെ സമയം അനിയാ’ എന്നാണ്‌. എന്റെ ചങ്കിൽ ഒരു കഠാരി തറച്ചപോലെ തോന്നി. അന്നത്തെ ആ വേദന, പരിഭ്രമം മുഴുവനും മാറി വലിയ സന്തോഷമായി, ഈ കേശവദേവ്‌ എനിക്ക്‌ ഇത്രയും വലിയ അനുമോദനം ആൾത്തിരക്കുളള മുനിസിപ്പൽ റോഡിൽ വെച്ചു നല്‌കിയപ്പോൾ.

*അക്കാദമികളെക്കൊണ്ട്‌ സാഹിത്യത്തിന്‌ എന്തെങ്കിലും പ്രയോജനമുളളതായി തോന്നുന്നുണ്ടോ?

കേരള സാഹിത്യ അക്കാദമിയെക്കൊണ്ട്‌ കഴിഞ്ഞ അഞ്ചുവർഷമായി (അതിന്റെ മുമ്പത്തെ കാര്യം എനിക്ക്‌ ശരിക്ക്‌ ഓർമ്മയില്ല) വളരെ സാരമായ സഹായങ്ങളുണ്ട്‌. കേരള സാഹിത്യ അക്കാദമി നമ്മുടെ പഴയ ഗ്രന്ഥങ്ങൾ, അന്തരിച്ചുപോയവരുടെ ശ്രദ്ധിക്കാതെപോയ ഏറ്റവും നല്ല രചനകൾ ഇതൊക്കെ പുനഃപ്രസാധനം ചെയ്യുന്നു. തീർച്ചയായും കേരള സാഹിത്യ അക്കാദമിയെക്കൊണ്ട്‌ ഇപ്പോൾ ഉപയോഗമുണ്ട്‌.

*സ്‌ത്രീയെഴുത്ത്‌ എന്നൊക്കെ പറയാറുണ്ടല്ലോ. സ്‌ത്രീക്കുമാത്രം പകർന്നുതരാൻ കഴിയുന്ന ഏറ്റവും വിശേഷപ്പെട്ട ഒരു കഥാനുഭവം മലയാളകഥയിൽ കണ്ടിട്ടുണ്ടോ....

ഈ നിലക്കു മറുപടി പറയാൻ, അതിനെ വിശദീകരിക്കാൻ ഉളള കഴിവ്‌, തന്റേടം, അറിവ്‌ ഒന്നും എനിക്കില്ല. സ്‌ത്രീക്കുമാത്രം അറിയുന്ന പല വൈകാരിക മുഹൂർത്തങ്ങളും ഉണ്ട്‌. ഉണ്ടാവും. കാരണം, അതൊരു മനുഷ്യജീവിയല്ലെ. ഇവിടെ പുരുഷൻ സ്‌ത്രീയുടെ വക്താവ്‌ എന്ന നില ഏറ്റെടുത്തിട്ടാണ്‌ ധാരാളം പ്രശസ്‌ത സ്‌ത്രീ കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിട്ടുളളത്‌.

*നാടോടിക്കഥകളാണ്‌ നല്ല കഥകൾ എന്ന്‌ താങ്കൾ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയെങ്കിൽ നാടോടിക്കഥയുടെ ലാളിത്യത്തിലേക്ക്‌ എത്താനാണോ കഥാകൃത്തുക്കൾ ശ്രമിക്കേണ്ടത്‌?

കഥാകൃത്തുക്കൾ എത്തേണ്ടതാണെന്നൊന്നും ഞാൻ പറയില്ല. നാടോടിക്കഥകളാണ്‌ കഥാ സാഹിത്യം എന്നും പറയില്ല. എന്റെ അനുഭവത്തിൽ, ഒരു പാറ്റേണിൽ നാല്‌ കഥയിൽ കൂടുതൽ എനിക്ക്‌ എഴുതാൻ സാധിക്കില്ല. വാചകശൈലി, തുടക്കം, ഒടുക്കം ഇങ്ങനെയുളള സംഗതികളാണ്‌ പാറ്റേൺ എന്നതുകൊണ്ട്‌ ഞാൻ ഉദ്ദേശിച്ചത്‌. അപ്പോൾ എനിക്കതു മാറ്റാൻ തോന്നും. മിക്കവാറും അഞ്ചാമത്തെ കഥ മാറ്റിയിട്ടുണ്ട്‌. അങ്ങിനെ ഞാൻ വടക്കൻപാട്ടുകൾ, തോറ്റംപാട്ടുകൾ ഒക്കെ സന്നിവേശിപ്പിച്ചു നോക്കി. അതുതന്നെ തുടരില്ല. ഇതുകൊണ്ടാണ്‌ എനിക്ക്‌ വായനക്കാർ നഷ്‌ടപ്പെട്ടുപോയത്‌ എന്നും ശങ്കിക്കണം. കാരണം, കഴിഞ്ഞ മാതിരിയല്ല പിന്നെ ഇവൻ എഴുതുന്നത്‌. ഒരച്ചിൽ വാർത്ത കുറേ സംഗതികൾ കാണുന്നമാതിരി എന്റെ കഥ കാണാൻ പറ്റില്ല. അങ്ങനെവന്ന്‌ എനിക്കു തോന്നി ഏറ്റവും മനോഹരമായ ശൈലി നാടോടിശൈലിയാണെന്ന്‌. ഞാൻ നാടോടിശൈലിയിൽ മൂന്നു കഥകളെങ്കിലും എഴുതിയിട്ടുണ്ട്‌. എനിക്ക്‌ വലിയ ഇഷ്‌ടമാവുകയും ചെയ്‌തു. പിന്നെ ഞാനതു തുടർന്നില്ല. എനിക്ക്‌ തട്ടകത്തിന്റെ ഹാല്‌ തലക്കുകയറുകയായിരുന്നു. പത്തുവർഷമൊന്നും ഞാൻ ഒന്നും എഴുതിയിട്ടുണ്ടാവില്ല. ‘തട്ടകം’ ആലോചിച്ചു നടന്നിട്ടും അതിന്മേൽ പണിയെടുത്തിട്ടും ശ്രമിച്ചിട്ടും പരാജയപ്പെട്ടിട്ടും മിനിമം പത്തുവർഷമെങ്കിലും ഞാൻ ഒന്നും എഴുതിയില്ല. തട്ടകമായിരുന്നു എന്റെ മനസ്സിലെ പ്രമേയം.

*ഉത്തരാധുനികത എന്ന്‌ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന ഒരു പ്രവണതയുണ്ടല്ലോ ഇപ്പോൾ. അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

സ്ഥാനത്തും അസ്ഥാനത്തുമാണെന്ന്‌ എനിക്ക്‌ പറയാൻ പറ്റില്ല. നമുക്കിന്ന്‌ ഗ്ലോബൽ ട്രേഡ്‌ ആണ്‌. എല്ലാം ആഗോളമാണ്‌. ആഗോള വിത്ത്‌ പേറ്റന്റ്‌ വരെ എത്തി. ഭാരതം എന്ന മഹാരാജ്യത്തിൽ യുഗങ്ങളായി വളർന്ന്‌ വികസിച്ച്‌ കൃഷിചെയ്‌തു വികസിപ്പിച്ചെടുത്ത നെൽവിത്തുകൾ, ചണവിത്തുകൾ, ഗോതമ്പുവിത്തുകൾ, തെങ്ങിന്റെ നല്ല വിത്തുകൾ ഇതിന്റെ ഒക്കെ പേറ്റന്റ്‌ ഇന്ത്യയുടേതല്ല, അത്‌ ഞങ്ങളുടേതാണ്‌ എന്ന്‌ വിദേശ കമ്പനികൾ സമർത്ഥിക്കുന്നതുവരെ കാര്യങ്ങളെത്തി. ഇത്‌ ചുമ്മാ അങ്ങനെ എത്തിയതല്ല. ഇതിന്റെ പിന്നിൽ അതിസമർത്ഥരായ ധിഷണാശാലികൾക്കു സാധിക്കുന്ന പ്രചരണങ്ങൾ നടന്നിട്ടുണ്ട്‌. അതിൽപ്പെട്ട കുറെ സാധനങ്ങളാണ്‌ ഈ ആധുനികത, ഉത്തരാധുനികത, ആധുനികോത്തരത ഇങ്ങനെ പറഞ്ഞ ഉത്തരതകൾ. ഇപ്പോൾ സംഭവിച്ചതെന്തെന്നാൽ ഒരുവിത്തും ഇന്ത്യയുടേതല്ല. കുറച്ചു കഴിയുമ്പോൾ സാഹിത്യം മുഴുവൻ, കല മുഴുവൻ ഇവരുടേതല്ല, ഞങ്ങളുടേതാകുന്നു എന്നുവരെ എത്തും ഇത്‌.

*എഴുത്തുകാരനായില്ലെങ്കിൽ ഒരു കർഷകനാകുമായിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. കൃഷി വളരെ സർഗ്ഗാത്മകമാണെന്ന്‌ അനുഭവത്തിലൂടെ അറിഞ്ഞിട്ടുണ്ടോ?

തീർച്ചയായിട്ടും. ഒരു വിത്ത്‌ മണ്ണിലിട്ട്‌, മുളച്ച്‌ അതു വളർന്ന്‌, അതിന്റെ വളർച്ചയും വികാസവും എല്ലാം കാണുന്നതുതന്നെയല്ലേ സർഗ്ഗാത്മകത. ഒരു സർഗക്രിയ തന്നെയാണ്‌ കൃഷി.

*താങ്കളുടെ കുട്ടിക്കാലത്തെ മഴക്കാലം, വേനൽക്കാലം, മഞ്ഞുകാലം... അതൊക്കെ വല്ലാ​‍െ മാറിയതുപോലെ തോന്നുന്നുണ്ടോ? കുട്ടിക്കാലം മനസ്സിലേക്കു കൊണ്ടുവരാൻ ശ്രമിക്കാറുണ്ടോ?

കുട്ടിക്കാലം കൊണ്ടുവരുമല്ലൊ. അന്നത്തെപ്പോലെ മഴക്കാലം ഇന്നില്ല. അന്നത്തെ ഓലപ്പുരയുടെ മേലെ പെയ്യുന്ന മഴ. അതിന്റെ ഇറയത്തുനിന്നും ഏറാലി വെളളം വീണ്‌ മുറ്റത്തുകൂടെ ഇങ്ങനെ പോളകൾ പൊന്തിയിട്ട്‌ പൂരംപോണമാതിരിയാണ്‌ തോന്നുക. അന്ന്‌ നാലാള്‌ കൂടുന്നതു പൂരമാണ്‌. അപ്പോൾ പൂരം പോവുക, പൂരത്തിന്റെ കുടയാണ്‌, പൂരത്തിന്റെ ചെണ്ടയാണ്‌...അത്രയും ശക്തമായ മഴ, വെളളമുളള മഴ ഇന്നില്ല. ഇന്ന്‌ എനിക്ക്‌ ഓടിട്ട വീടായതുകൊണ്ട്‌ മഴയുടെ ആ ഭംഗിമുഴുവൻ എനിക്കറിയില്ല. ഞങ്ങളുടെ വീട്‌ കുന്നിന്റെ താഴെയാണെന്ന്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌. ഞാനും എന്റെ പെങ്ങളും കൂടി കുന്നത്തേക്ക്‌ കയറി വന്ന്‌ പറങ്കിമാവിൻ കാട്ടിൽനിന്ന്‌ ചവറ്‌ അടിച്ചുകൂട്ടി അപ്പോൾത്തന്നെ തീയിട്ട്‌ തീക്കാഞ്ഞ്‌ ഇരുന്നുപോയിട്ടുണ്ട്‌. ഇപ്പോൾ ആ മഞ്ഞും തണുപ്പും ഉണ്ടോ എന്ന്‌ എനിക്കറിയില്ല. അന്ന്‌ ഷർട്ട്‌ ഇല്ല. ഒരു തോർത്തുമുണ്ടാണ്‌ അന്ന്‌ എന്റെ വേഷം. ഇന്ന്‌ ഷർട്ടിടാം. വൂളൻ ഇടാം. വസ്‌ത്രധാരണരീതി കാലാവസ്ഥക്കനുസരിച്ച്‌ മാറിയിട്ടുണ്ട്‌. എനിക്കത്‌ സാധിക്കുകയും ചെയ്യും. അതുകൊണ്ട്‌ എനിക്കതിപ്പോൾ മനസ്സിലാവില്ല.

*ഹിമാലയത്തിൽ കുറെകാലം ഉണ്ടായിരുന്നല്ലൊ. മഹാഭാരതം വായിച്ച ഒരാൾക്ക്‌, ഹിലാമയപ്രദേശം കാണുമ്പോൾ ഭാവനയും യാഥാർത്ഥ്യവും തമ്മിലുളള ഒരു അനുരഞ്ഞ്‌ജനം ഉണ്ടായതുപോലെ തോന്നുമോ...

ഞാൻ ചെറിയ യുക്തിവാദിയും ഇടതുപക്ഷ അനുയായിയും ആയിട്ടാണ്‌ ഹിമാലയം കയറുന്നത്‌. അവിടെ ചെന്ന്‌ അഞ്ചാറുമാസം കഴിയുമ്പോഴേക്കും യുക്തിവാദം പോയി. മഹാഭാരതംപോലെയുളള ഇതിഹാസ പുരാണങ്ങളിൽ വായിച്ച ആ കഥാപാത്രങ്ങൾ. അവരെ കഥാപാത്രങ്ങൾ എന്നു ഞാൻ പറയുമ്പോൾ എനിക്കു പേടിക്കണം. ശിവൻ, പാർവ്വതി എന്നൊക്കെ പറയുന്നത്‌ കഥാപാത്രങ്ങളാവാൻ പറ്റുമോ? വേറെ പലതുമല്ലെ. അവിടെ ചെന്നപ്പോൾ ശിവൻ എന്നു പറയുന്ന സങ്കല്പത്തിന്റെ മുഴുവൻ പൊരുളും എനിക്കു മനസ്സിലായി. ഞാനത്‌ ‘ഹിമാലയ’ത്തിൽ എഴുതിയിട്ടുണ്ട്‌. ‘നീയോ പരമശിവൻ! ആദികലാകാരൻ, കയ്യിൽ ഗംഗ പിന്നിൽ ദുർഗ്ഗ. ആനത്തോലുടുത്തവൻ, ശരീരം മുഴുവൻ ശ്‌മാശാനത്തിലെ വെണ്ണീറ്‌ പുരട്ടുന്നവൻ.’ ഇതൊക്കെ കേട്ടാൽ എത്ര ഭീകരനും, എത്ര വൃത്തികെട്ടവനുമായിട്ടാണ്‌ തോന്നുക. പക്ഷെ അദ്ദേഹത്തിന്റെ ജടയിൽ തിങ്കളാണ്‌. പിന്നിൽ ഗംഗയാണ്‌. ശ്‌മശാനത്തിലാണ്‌ നില്‌ക്കുന്നത്‌. നില്‌ക്കുകയല്ല. നടനമാണ്‌. അകമ്പടിത്തുടിയാണ്‌. ആദികലാകാരനാണ്‌. ഇത്രയും വ്യത്യസ്‌ത ഭാവങ്ങൾ ഏകീകരിച്ചിട്ടുളള ഒരു ക്യാരക്‌ടറിനെ (കഥാപാത്രമെന്നു പറയുന്നില്ല) വേറെ എവിടെയെങ്കിലും ചിത്രീകരിച്ചിട്ടുണ്ടോ? ലോകസാഹിത്യമൊന്നും എനിക്കറിയില്ല. എഴുത്തച്ഛന്റെ മഹാഭാരതമാണ്‌ അറിയുന്നത്‌. പിന്നെ കുഞ്ഞുകുട്ടൻ തമ്പുരാന്റെ മഹാഭാരതം തർജ്ജമയും.

ഒരു നാട്‌ സമ്പന്നമായിരിക്കുക വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി ഏറ്റവും ഉന്നത നിലവാരം പുലർത്തുമ്പോഴാണ്‌. ഉദാത്തമായ സാഹിത്യമുണ്ടാവുക അപ്പോഴാണ്‌. ഇംഗ്ലീഷ്‌ സാഹിത്യമെടുക്കുക. ഷേക്‌സ്‌പിയർ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനി ലോകം വെട്ടിപ്പിടിക്കുമ്പോഴത്തെ ഇംഗ്ലീഷ്‌ ജനതയുടെ പ്രതീകമാണ്‌. ഇന്നത്തെ ഇംഗ്ലീഷ്‌ സാഹിത്യം എവിടെയാണ്‌? അവർക്ക്‌ ആ ലോക പ്രമാണിത്തം പോയി. ആ സാമ്പത്തികശേഷി അവസാനിച്ചതോടെ അവരുടെ ജനതയുടെ നിലവാരം പോയി. സാഹിത്യം മൂന്നാംതരമായി. ഞാനിതു പറഞ്ഞാൽ ചിലപ്പോൾ എനിക്കു അടികിട്ടുമെന്നാണ്‌ തോന്നുന്നത്‌.

*മനുഷ്യന്റെ വേദനയും ദൈന്യതയും നിലനില്‌ക്കുന്ന ഇടങ്ങളിൽനിന്ന്‌ നല്ല കലാസൃഷ്‌ടികൾ ഉണ്ടായിക്കാണുന്നുണ്ട്‌. പീഡനമനുഭവിക്കുന്ന ജനതയുടെ ആത്മാവിഷ്‌കാരമായി നല്ല രചനകൾ ഉണ്ടാവാമല്ലോ.

അങ്ങനെയും പറയാം. അറിവും ചിന്താശേഷിയും ഇല്ലാത്ത കാലത്ത്‌ എവിടെയാണ്‌ സാഹിത്യം ഉണ്ടാവുക? ലിയോ ടോൾസ്‌റ്റോയ്‌ ദരിദ്രരെക്കുറിച്ച്‌ എഴുതി. ടോൾസ്‌റ്റോയ്‌ ദരിദ്രനായിരുന്നോ? റഷ്യയിലെ ഏറ്റവും വലിയ പ്രഭുക്കളിൽ ഒരുവനായിരുന്നു. ദൈന്യത്തിൽ നിന്നല്ല സാഹിത്യം ഉണ്ടാവുന്നത്‌. ദൈന്യത ഒരു കലാകാരന്റെ മനസ്സിനെ വേദനിപ്പിക്കും. അവൻ കരയാൻ തുടങ്ങും. കല ദുഃഖത്തിൽ നിന്നാണ്‌ ഉണ്ടാവുന്നത്‌. കലയുടെ അടിസ്ഥാനഘടകം ദുഃഖമാകുന്നു. ഷേക്‌സ്‌പിയറുടെ നാടകങ്ങൾ മുഴുവൻ ട്രാജഡിയല്ലെ. സീത കാട്ടിൽ പോയി താമസിച്ചില്ലെങ്കിൽ രാമായണത്തിനു വിലയില്ല. ശ്രീരാമൻ തന്റെ ജീവിതം പരാജയപ്പെട്ട്‌ സരയൂനദിയിൽ ചാടി ആത്മഹത്യ ചെയ്‌തു എന്നു ഞാൻ പറഞ്ഞാൽ എനിക്ക്‌ അടികിട്ടും. വാസ്‌തവത്തിൽ അതാണ്‌. വളരെ യുക്തിസഹമായി ജീവിക്കാൻ ശ്രമിച്ചതാണ്‌ അദ്ദേഹം. ആ രാമന്‌ ഒരിക്കൽ ഭാര്യയെ നഷ്‌ടപ്പെട്ടു. ഭാര്യയെ ഉപേക്ഷിച്ചു. ഭാര്യയുടെ സ്വർണ്ണപ്രതിമയുണ്ടാക്കി. എന്നിട്ടും യാതൊരു മനഃസമാധാനവും ഇല്ല! മനസ്സിന്‌ ശാന്തിയില്ല. സരയൂ നദിയിൽ ചാടി ആത്മഹത്യ ചെയ്‌തു. ഇങ്ങനെ വ്യാഖ്യാനിക്കുന്ന വേറെയും ആളുകളുണ്ടാവും. രാമൻ ആത്മഹത്യ ചെയ്‌തു. അതിന്‌ മോക്ഷം പ്രാപിച്ചു എന്നൊക്കെയാണ്‌ പറഞ്ഞിട്ടുണ്ടാവുക. എന്റെ സാഹിത്യത്തിന്റെ മുഴുവൻ ഭാഗവും മനുഷ്യന്റെ ദൈന്യതയല്ലെ. എന്റെ വിദ്യാഭ്യാസം വളരെ പരിമിതമാണ്‌. അതെന്റെ എഴുത്തിലും ഉണ്ടായിട്ടുണ്ട്‌. എനിക്ക്‌ പെട്ടെന്ന്‌ ഒരു സിദ്ധനോ ജ്ഞാനിയോ ആവാൻ പറ്റുമോ?

*ലോക സാഹിത്യ കൃതികളിൽ ഏറ്റവും മഹത്തായ കൃതി എന്നു തോന്നിയത്‌?

ലോകസാഹിത്യത്തിൽ മഹത്തായ കൃതി ഏത്‌ എന്ന്‌ ഞാൻ ഇപ്പോൾ പറയുന്നില്ല. എനിക്ക്‌ ഇഷ്‌ടപ്പെട്ടത്‌, ക്രിസ്‌തുവിന്റെ അന്ത്യപ്രലോഭനമോ, ഏകാന്തതയുടെ നൂറ്‌ വർഷങ്ങളോ ഒക്കെ ആവാം. രണ്ടാഴ്‌ചമുമ്പ്‌ ഞാനൊരു മലയാള പുസ്‌തകം വായിച്ചു തീർത്തു. അതിന്റെ പേര്‌ നിലാമഴ. നിലാവും മഴയും കൂടിയുളള ഒരു ദൃശ്യം. ആ പേരിൽത്തന്നെ കവിതയുണ്ട്‌. 2004ലെ ഏറ്റവും നല്ല പുസ്‌തകമാണിതെന്ന്‌ ‘കേരള സാഹിത്യം’ എന്ന മാഗസിനിൽ ലേഖനം വന്നുവെന്നറിഞ്ഞു. ഒരു പുസ്‌തകം വായിച്ച്‌ അത്യാഹ്ലാദം ഉണ്ടാവുക. കാവ്യമോ നോവലോ എന്തുമാവട്ടെ... സ്‌മാരക ശിലകൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, സൂഫി പറഞ്ഞ കഥ, സുന്ദരികളും സുന്ദരൻമാരും‘ ഇങ്ങനെയുളള ഗ്രന്ഥങ്ങൾ വായിക്കുമ്പോഴാണ്‌ നമ്മൾ ആഹ്ലാദിക്കുക. അങ്ങനെയുളള ഒരു രചനയാണ്‌ നിലാമഴ. നമ്മുടെ ഇവിടെ ചെറിയ മുളകളുണ്ട്‌. അതു ശരിയായി മുളക്കാനും വളരാനുമാണ്‌ നാം ശ്രമിക്കേണ്ടത്‌.

*സിനിമകൾ കണ്ട അനുഭവങ്ങൾ?

വളരെ മുമ്പ്‌ ഹിന്ദി പടങ്ങൾ കണ്ടിട്ടുണ്ട്‌ കിസ്‌മത്ത്‌, മഹദ്‌... പേരുകൾ ഓർമ്മയില്ല. വളരെ നല്ല പടങ്ങൾ ധാരാളം കണ്ടിട്ടുണ്ട്‌. പിന്നെ സിനിമയോടുളള താല്‌പര്യം കുറഞ്ഞു. അതിനുശേഷം മലയാളത്തിലെ ജോൺ അബ്രഹാമിന്റെ ’അമ്മ അറിയാൻ‘ എം.ടിയുടെ ’നിർമ്മാല്യം‘ അങ്ങനെയുളള അപൂർവ്വം സിനിമകൾ കണ്ടിട്ടുണ്ട്‌. അടുത്ത കാലത്ത്‌ സിനിമകളൊന്നും കണ്ടിട്ടില്ല.

*സംഗീതം സാഹിത്യത്തിന്‌ സംഭാവന ചെയ്‌ത അനുഭവങ്ങൾ...?

മാധവിക്കുട്ടിയുടെ ’നഷ്‌ടപ്പെട്ട നീലാംബരി‘ ഉത്തമ ഉദാത്ത സുന്ദര മോഹന മനോഹര കഥയാണ്‌.

*പട്ടാളത്തിൽ ഉണ്ടായിരുന്ന ആൾ എന്ന നിലയിൽ ഇന്ത്യൻ ആർമിയെക്കുറിച്ചുളള അഭിപ്രായം? അതിർത്തി കാക്കുന്ന പട്ടാളക്കാർ ചിലപ്പോൾ ശത്രുരാജ്യങ്ങളിലെ പട്ടാളക്കാരുമായി സൗഹൃദം പങ്കിടാറുണ്ടല്ലോ. അത്തരം അനുഭവങ്ങൾ...?

ഇന്ത്യൻ ആർമിയെക്കുറിച്ച്‌ എനിക്ക്‌ നല്ല അഭിപ്രായമല്ലേ. ഇരുപതുവർഷം എന്നെ പോറ്റി. ഇപ്പോൾ എനിക്ക്‌ പെൻഷൻ. വാങ്ങിയ സാലറിയെക്കാൾ അഞ്ചിരട്ടി പെൻഷൻ ഇപ്പോൾ വാങ്ങിക്കഴിഞ്ഞു. എന്റെ ചികിത്സക്കുളള പണമെല്ലാം പെൻഷനിൽനിന്നു കിട്ടുന്നുണ്ട്‌. ഇന്ത്യൻ ആർമിയെക്കുറിച്ച്‌ എനിക്ക്‌ വലിയ ഇഷ്‌ടവും വലിയ ആദരവുമാണ്‌.

അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ സൗഹൃദം... എനിക്ക്‌ അതത്ര ഉണ്ടായിട്ടില്ല. കാരണം, ഞാൻ അതിർത്തിയിൽ ഉണ്ടായിട്ടില്ല. അതൊക്കെ വസ്‌തുതകളാണെന്നാണ്‌ പറയുന്നത്‌.

*എന്റെ ജന്മം നീട്ടിക്കിട്ടിയതാണെന്ന്‌ സംഭാഷണത്തിൽ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട്‌. നീട്ടിക്കിട്ടിയ ആയുസ്സിനെക്കുറിച്ച്‌...

അത്‌ സത്യമാണ്‌. എനിക്കിപ്പോൾ വലിയ അത്ഭുതമാണ്‌. എന്റെ സഹധർമ്മിണി 1999-ൽ മരിച്ചു. എനിക്കു ദീർഘായുസ്സിനുവേണ്ടി ആ പാവം പെട്ട പാടുകൾ പറയാൻ വയ്യ. കാരണം എന്റെ ജീവിതത്തിൽ ഒരു സന്ദിഗ്‌ദ്ധഘട്ടമായിരുന്നു പത്തുവർഷം മുമ്പ്‌. അയാൾ നോമ്പ്‌, വ്രതം, പൂജ ഇതെല്ലാം ചെയ്‌തു. അന്നു ഞാൻ പോവേണ്ടതായിരുന്നു. പോയില്ല. പോയത്‌ അയാളാണ്‌.

*തൃശൂർ കറന്റ്‌ ബുക്‌സുമായുളള ബന്ധം?

അതൊരു ആജീവനാന്ത സൗഹൃദമാണ്‌. ജന്മാന്തര സൗഹൃദമാണ്‌. പ്രൊഫസർ ജോസഫ്‌ മുണ്ടശ്ശേരിക്ക്‌ എന്നോടുളള സഹാനുഭൂതിയിൽനിന്നും തുടങ്ങിയതാണത്‌. ഇപ്പോൾ അദ്ദേഹത്തിന്റെ പേരക്കിടാവാണ്‌ കൊണ്ടുനടക്കുന്നത്‌. ജന്മാന്തര സൗഹൃദമാണത്‌.

*മലയാള കവിതയിൽ വായിച്ച ഏറ്റവും നല്ല വരികൾ... ഒരുപക്ഷെ ജീവിതത്തെ പല നിലകളിലും സ്വാധീനിച്ച വരികൾ...

തൊട്ടുപോകരുതെന്നു തമ്പുരാൻ

കല്‌പിച്ചിട്ടും കൂട്ടാക്കാതെ അദ്ദേഹത്തിൻ

തോട്ടത്തിൽ പണിയുമ്പോൾ

മുന്തിരിക്കുല പിഴിഞ്ഞ്‌ ആവോളം

കുടിച്ചു ഞാൻ, ഭ്രാന്തന്റെ വീണ-

യാണെൻ ജീവിതം, ആയിക്കോട്ടെ. (കെ.കെ.രാജ)

(കടപ്പാട്‌ ഃ തൃശൂർ കറന്റ്‌ ബുക്‌സ്‌ ന്യൂസ്‌ലെറ്റർ)

എം.ഷംസുദ്ദീൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.