പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

പുലിജന്മവുമായി സിനിമയിലെ നെയ്‌ത്തുകാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. വി. മധു

അഭിമുഖം

ഉദയനാണ്‌ താരം എന്ന ചിത്രം കണ്ട്‌ അതിലെ ഉദയൻ താനാണല്ലോ എന്ന്‌ അതിശയിച്ചു പോയ ഒരു സംവിധായകനുണ്ട്‌. സിനിമാലോകത്ത്‌ എത്തിപ്പെട്ട്‌ ഒരു തുടക്കക്കാരന്റെ എല്ലാ ആവലാതികളുമായി അലഞ്ഞുതിരിഞ്ഞ പ്രിയനന്ദനൻ എന്ന സംവിധായകൻ. നെയ്‌ത്തുകാരൻ എന്ന ഒറ്റ സിനിമ കൊണ്ട്‌ തന്നെ നല്ല സിനിമകളെ സ്‌നേഹിക്കുന്ന ചലച്ചിത്ര സ്‌നേഹികൾക്കിടയിൽ ഇടം നേടിയ പ്രിയനന്ദനൻ. സംവിധായകൻ ഒരു നെയ്‌ത്തുകാരനാണ്‌. എപ്പോഴും തന്റെ ഭാവനയുപയോഗിച്ച്‌ നല്ല സിനിമ നെയ്യാൻ പ്രയത്നിക്കുന്ന നെയ്‌ത്തുകാരൻ. അതിൽ പരാജയവും വിജയവും ഏതും സംഭവിക്കാം. എപ്പോഴും സംവിധായകൻ എന്ന നെയ്‌ത്തുകാരൻ പ്രയത്നിച്ചു കൊണ്ടേയിരിക്കും. പ്രിയനന്ദനൻ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്‌. ഡിസംബർ അഞ്ചിന്‌ ഷൂട്ടിംഗ്‌ തുടങ്ങുന്നു. കഥാകൃത്ത്‌ എൻ.പ്രഭാകരന്റെ പുലിജന്മം എന്ന പ്രശസ്‌ത നാടകമാണ്‌ ഇപ്രാവശ്യം പ്രിയൻ ചലച്ചിത്രമാക്കുന്നത്‌. എൻ.പ്രഭാകരനും എൻ.ശശിധരനും ചേർന്നാണ്‌ തിരക്കഥയൊരുക്കുന്നത്‌. പ്രിയനന്ദനന്‌ ആവലാതികൾ അധികം പറയാനില്ല. ദേശീയ പ്രാധാന്യം നേടിയ നെയ്‌ത്തുകാരൻ എന്ന ചിത്രത്തിന്‌ ശേഷം രണ്ടുചിത്രങ്ങൾ പ്ലാൻ ചെയ്‌ത്‌ നടക്കാതെ പോയതിൽ ആധിയുമില്ല. കാരണം സമയം അങ്ങനെ നടക്കാതെ പോയ കാര്യങ്ങളാലോചിച്ച്‌ വിലപിക്കേണ്ടതില്ലെന്ന്‌ പ്രിയനന്ദനന്‌ നല്ല ബോധ്യമുണ്ട്‌. അതുകൊണ്ട്‌ തന്നെ എന്തൊക്കെ സംഭവിക്കുമ്പോഴും മനസ്സ്‌ നിറയെ നല്ല സിനിമയെക്കുറിച്ചുളള സ്വപ്‌നങ്ങളും അതിനുവേണ്ടിയുളള കഠിനപരിശ്രമങ്ങളും മാത്രം. പ്രിയനന്ദനൻ സംസാരിക്കുന്നു.

* നെയ്‌ത്തുകാരന്‌ ശേഷം നീണ്ട ഇടവേളയായിരുന്നല്ലോ?

നെയ്‌ത്തുകാരന്‌ ശേഷം രണ്ട്‌ സിനിമകൾ പ്ലാൻ ചെയ്‌തിരുന്നു. ബഷീറിന്റെ ശബ്‌ദങ്ങൾ മമ്മൂട്ടിയെവച്ച്‌ ചെയ്യാനായിരുന്നു ആദ്യം വിചാരിച്ചത്‌. തിരക്കഥ കഴിഞ്ഞിരുന്നു. പിന്നെ എം.ടിയുടെ ഒരു കഥയെ അടിസ്ഥാനമാക്കി അത്‌ മന്ദാരപ്പൂവല്ല എന്ന ചിത്രം. രണ്ടും നടന്നില്ല.

*അത്‌ മന്ദാരപ്പൂവല്ല എന്ന ചിത്രത്തിൽ പൃഥ്വിരാജിനെ മാറ്റി മധുവാര്യരെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട്‌ ഒരു വിവാദമുണ്ടായിരുന്നല്ലോ?

ഒരു പുതിയ ആൾ എന്ന നിലയ്‌ക്ക്‌ നിരവധി വിട്ടുവീഴ്‌ചകൾക്ക്‌ നമ്മൾ തയ്യാറാകേണ്ടതുണ്ട്‌. അതു തന്നെയാണ്‌ എന്നെ സംബന്ധിച്ച്‌ ഈ സിനിമയിലും സംഭവിച്ചത്‌.

*ഒരു നടന്‌ വേണ്ടി രൂപപ്പെടുത്തിയ കഥാപാത്രം മറ്റൊരാൾ ചെയ്യുന്നതിൽ പ്രശ്‌നമൊന്നുമില്ലെന്നാണോ?

ഒരു നടനെ മുന്നിൽ കണ്ടല്ല തിരക്കഥയൊരുക്കുന്നത്‌. നല്ല തിരക്കഥയുടെ പിൻബലത്തിൽ ഏതൊരു നല്ല നടനും തന്റേതായ രീതിയിൽ കഥാപാത്രത്തെ വിജയകരമായി അവതരിപ്പിക്കും.

*നടക്കാതെ പോയ ചിത്രങ്ങളെപ്പറ്റി?

അതൊന്നും അത്രവലിയ നഷ്‌ടങ്ങളായി വിചാരിച്ച്‌ സമയം പാഴാക്കേണ്ടതില്ല. അതുപോലെ മുമ്പ്‌ നാടകപ്രവർത്തനങ്ങളുമായി നടന്നിരുന്ന കാലത്ത്‌ ചില സ്ഥലങ്ങളിൽ എത്തുമ്പോൾ വെറുതെയാകുന്ന യാത്രകളെക്കുറിച്ച്‌ ചിലർ പറയാറുണ്ട്‌. ഒരു യാത്രയും വെറുതെയല്ല എന്ന്‌ വിചാരിക്കുന്ന ആളാണ്‌ ഞാൻ. അന്ന്‌ നാടകത്തിന്റെ പേരിൽ കടന്നുപോയ പല സ്ഥലങ്ങളും ഇന്ന്‌ ലൊക്കേഷനെക്കുറിച്ച്‌ ആലോചിമ്പോൾ മനസ്സിൽ വരാറുണ്ട്‌. നാടകകാലത്ത്‌ നടത്തിയ യാത്രകളിൽ കണ്ട പല സഥലങ്ങളും ഇന്ന്‌ സിനിമയുടെ ലൊക്കേഷനായി തെരഞ്ഞെടുക്കാൻ സാധിച്ചു. അതുകൊണ്ടാണ്‌ പറയുന്നത്‌ ഒരു യാത്രയും വെറുതെയല്ല.

*സിനിമാമേഖല പുതുമുഖങ്ങളെ എങ്ങനെയാണ്‌ വരവേൽക്കുന്നത്‌?

പൊതുവെ മുഖ്യധാരയിൽ ഉണ്ടാക്കപ്പെടുന്ന ഒരു ഇമേജുണ്ടല്ലോ. ഒരവാർഡ്‌ കിട്ടിപ്പോയാൽ ആ സിനിമയ്‌ക്കും അതിന്റെ പിന്നണി പ്രവർത്തകർക്കും അവാർഡ്‌ സിനിമക്കാർ എന്ന ലേബലിടുക തുടങ്ങിയ കാര്യങ്ങൾ തുടക്കക്കാരെ ശരിക്കും ബാധിക്കും. അവാർഡ്‌ സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുളള തരംതിരിവുകൾക്കിടയിൽ പെട്ട്‌ പാടുപെടുന്ന സിനിമാപ്രവർത്തകർ നിരവധിയാണ്‌. അതുകൊണ്ട്‌ തുടർന്ന്‌ വരുന്ന ചിത്രത്തിനും അതിന്റെ പിന്നണി പ്രവർത്തകർ ആഗ്രഹിക്കുന്ന തരത്തിലുളള സദസ്‌ അകന്നു പോകുന്ന ഒരു നിലയാകും ഉണ്ടാകുക.

*നിർമ്മാതാക്കൾ?

പല നിർമ്മാതാക്കളും തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. നെയ്‌ത്തുകാരൻ എന്ന ചിത്രം സാധാരണ വീട്ടമ്മമാർ പോലും ആസ്വദിച്ചിരിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അതിൽ ഒരു ദുർഗ്രഹതയുമില്ല. പറഞ്ഞ്‌ പറഞ്ഞ്‌ അങ്ങനെയൊരിമേജുണ്ടാക്കുന്നതാണ്‌. എന്തായാലും ഞാൻ സിനിമയെടുക്കുന്നത്‌ സാധാരണ മനുഷ്യർക്കുവേണ്ടി തന്നെയാണ്‌.

പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്‌. ഒരു വലിയ പരസ്യചിത്രം നിർമ്മിക്കുന്ന പൈസയുണ്ടെങ്കിൽ നല്ല ഒരു മലയാള ചിത്രം നിർമ്മിക്കാം. മാത്രമല്ല പരസ്യചിത്രം ഉണ്ടാക്കുന്നതിനേക്കാൾ ഫലം ഉണ്ടാക്കുന്ന വിധത്തിൽ അത്തരം ചിത്രം എടുക്കുന്നതിനോട്‌ എനിക്ക്‌ വിയോജിപ്പില്ല. എന്തായാലും നിർമ്മാതാവിന്‌ മുടക്കുമുതൽ തിരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം സംവിധായകനുണ്ട്‌ എന്ന്‌ ഞാൻ വിശ്വസിക്കുന്നു. അത്തരം സിനിമയെ എന്റെ ഭാഗത്തുനിന്നുണ്ടാകുകയുളളൂ. എന്നുവച്ച്‌ ഒറ്റയടിക്ക്‌ പണം വാരുന്ന തരത്തിലുളള ചിത്രമല്ല. അതിന്‌ സിനിമ ഒരു ചൂതാട്ടമല്ലല്ലോ.

*പ്രശസ്‌തനായ ഒരു നാടകപ്രവർത്തകനായിരുന്നല്ലോ. നാടകത്തിൽ നിന്ന്‌ സിനിമയിലേക്ക്‌ വരുമ്പോൾ ഉണ്ടാകുന്ന കാര്യമായ വ്യത്യാസം?

നാടകാനുഭവങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ഒരുതരത്തിൽ സിനിമയും നാടകവും രണ്ടാണെങ്കിലും പലപ്പോഴും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്‌. സിനിമ എന്തായാലും മുതലാളിത്തത്തിന്റെ കലയാണ്‌. നാടകം കൂട്ടായ്‌മയുടെയും ത്യാഗത്തിന്റെയും കലയാണ്‌. നാടകത്തിന്‌ ഇന്ന്‌ സമ്പത്തിന്റെ ഒരിടപെടൽ ഉണ്ടാകുന്നുണ്ട്‌. കാരണം ഒരു നാടകം നിർമ്മിക്കാൻ ഇന്ന്‌ വൻചിലവ്‌ വരുന്ന അനുഭവമാണ്‌. മുമ്പ്‌ കൂട്ടായ്‌മയുടെ ഭാഗമായി തീർന്നിരുന്നത്‌ കൊണ്ട്‌ തന്നെ പണം അത്ര വലിയ പ്രശ്‌നമായിരുന്നില്ല. പിന്നെ സിനിമ സംവിധായകനായി മുഖ്യധാരയിൽ ചർച്ച ചെയ്‌ത്‌ തുടങ്ങിയപ്പോൾ പലരും ഉദ്‌ഘാടനത്തിന്‌ വിളിക്കാൻ തുടങ്ങി എന്നതാണ്‌ പ്രധാന വ്യത്യാസം.

*പ്രിയപ്പെട്ട സിനിമകൾ?

മുൻതലമുറയിലെ നല്ല സിനിമാപ്രവർത്തകരെയെല്ലാം ബഹുമാനത്തോടെ കാണാറുണ്ട്‌. വലിയ ഒരു മാറ്റമുണ്ടാക്കിയത്‌ കെ.ജി.ജോർജിന്റെ കോലങ്ങളാണ്‌. അന്ന്‌ തൊട്ടടുത്ത തിയറ്ററുകളിൽ ഉണ്ടായിരുന്ന പടയോട്ടം പോലുളള ചിത്രങ്ങൾ കണ്ടിരുന്ന ഞങ്ങളുടെ സിനിമ ആസ്വാദനാഭിരുചിയെ ഏറെ സ്വാധീനിക്കുകയുണ്ടായി ഈ ചിത്രം. പിന്നീടാണ്‌ അത്തരത്തിലുളള ഗൗരവതരമായ ചിത്രങ്ങൾ തിരഞ്ഞുപിടിച്ച്‌ കാണുന്നത്‌.

*പുലിജന്മം എന്ന സിനിമയ്‌ക്ക്‌ എന്ത്‌ പ്രസക്തിയാണുളളത്‌?

കബളിപ്പിക്കപ്പെടുന്ന സാധാരണക്കാരന്റെ ഒരു ചിത്രമാണ്‌ വർത്തമാനകാലം നമുക്ക്‌ മുന്നിൽ വരച്ചുവയ്‌ക്കുന്നത്‌. പലപ്പോഴും അത്‌ തിരിച്ചറിയപ്പെടാതെ പോകുന്നു.

ജീവിച്ചിരിക്കുമ്പോൾ ഒരാളെയും സമൂഹം തിരിച്ചറിയുന്നില്ല. അത്‌ നല്ല സിനിമ ചെയ്യുന്ന ആളായാലും സമൂഹത്തിന്‌ വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ആളായാലും നല്ല കലാകാരനായാലും ഒക്കെ അതാണ്‌ സംഭവിക്കുന്നത്‌. ചരിത്രത്തിൽ അത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ട്‌. വാൻഗോഗ്‌, ചെഗുവേര... സമൂഹത്തിന്റെ നല്ല ഭാവിക്ക്‌ വേണ്ടി ത്യാഗം സഹിച്ച്‌ പുലി വേഷം കെട്ടി തിരിച്ച്‌ വരാനാകാത്തവിധം അകപ്പെടുന്ന ഒരു ദുരന്ത കഥാപാത്രത്തിന്റെ മിത്താണ്‌ വടക്കേ മലബാറിൽ നിലനിൽക്കുന്ന കാരിഗുരുക്കളുടെ തെയ്യത്തിന്റെ മിത്തിന്‌ പിന്നിലുളളത്‌. ഈയൊരു സംഭവമാണ്‌ എൻ.പ്രഭാകരന്റെ പുലിജന്മം എന്ന നാടകത്തിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആ നാടകത്തിന്‌ ആവശ്യമായ മാറ്റങ്ങളോടെ വർത്തമാന കാലത്തുളള പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ട്‌ ആണ്‌ സിനിമയെടുക്കുന്നത്‌.

ജീവിച്ചിരിക്കുമ്പോൾ സമ്പന്ന വിഭാഗം ജാതിയുടെയും മതത്തിന്റെയും പേരിൽ പീഡിപ്പിക്കുകയും മരണശേഷം ദൈവമായി ആരാധിക്കുകയും ചെയ്‌ത എത്രയോ കഥാപാത്രങ്ങൾ വടക്കേ മലബാറിൽ തെയ്യങ്ങളുടെ മിത്തുകളിലുണ്ട്‌. അത്തരത്തിലുളള ഒരു കഥയാണ്‌ പുലയത്തെയ്യത്തിന്റേത്‌. ഈ വിഷയത്തിന്‌ വലിയ സമകാലിക പ്രസക്തിയുണ്ട്‌.

കെ. വി. മധു

കേരള പ്രസ്‌ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ, ഡി.ടി.പി. ഇപ്പോൾ ഫ്രീലാൻസായി ഫീച്ചറുകളും അഭിമുഖങ്ങളും മറ്റും എഴുതുന്നു. സാഹിത്യ-നാടൻ കലാസംബന്ധിയായി കുറച്ച്‌ കൂടുതൽ ചെയ്‌തിട്ടുണ്ട്‌.

വിലാസംഃ

ക്ലായിക്കോട്‌ പി. ഒ.

കാസർകോട്‌ ജില്ല

671313




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.