പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

അംബികാചന്ദ്രശേഖർ -ആരോഗ്യരംഗത്തെ നവസാന്നിദ്ധ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലക്ഷ്‌മീദേവി

അഭിമുഖം

ആരോഗ്യരംഗത്തെ മികച്ച സേവനത്തിന്‌ ഈ വർഷത്തെ ഗ്ലോബൽ ഇക്കണോമിക്‌ കൗൺസിൽ നൽകിയ ‘പ്രൈസ്‌ ഓഫ്‌ ഇന്ത്യാ’ അവാർഡു നേടിയ വനിതയാണ്‌ തൃശൂർ ഒല്ലൂക്കര സ്‌റ്റെറിമെസ്‌ ഇൻകോർപറേറ്റിന്റെ സാരഥ്യം വഹിക്കുന്ന ശ്രീമതി അംബികാചന്ദ്രശേഖർ. ‘ആശുപത്രികളിലെ ശുചിത്വവും രോഗികളുടെ സുരക്ഷിതത്വവും മനസ്സിൽ കണ്ടുകൊണ്ട്‌ തുടങ്ങിയ ഈ സംരംഭം കൈനീട്ടി സ്വീകരിച്ചവരാണ്‌ ഇവിടുത്തെ ഡോക്‌ടർമാർ’. സൗദി അറേബ്യയയിലെ രണ്ട്‌ ആശുപത്രികളിലായി മെഡിക്കൽ സെക്രട്ടറി പദം അലങ്കരിച്ച ശ്രീമതി അംബിക പറയുന്നു. “അവിടെ ഒരു ഈജിപ്‌ഷ്യൻ ഡോക്‌ടർ മൈക്രോസ്‌കോപ്പിലൂടെ കാണിച്ചുതന്ന മൈക്രോ ഓർഗാനിസം ആണ്‌ ആശുപത്രികളുടെ ശുചിത്വത്തെ കുറിച്ചറിയാൻ എന്നെ പ്രേരിപ്പിച്ചത്‌. ഇതിനായി പല ആശുപത്രികൾ സന്ദർശിക്കുകയും അവിടുത്തെ സർജൻമാരുമായും മാനേജ്‌മെന്റുമായും കൂടിക്കാഴ്‌ച നടത്തുകയും ഇതിനായി സെമിനാറുകളും ശില്പശാലകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തുകയും ചെയ്ത ശേഷമാണ്‌ 1996-ൽ സ്‌റ്റെറിമെസ്‌ ഇൻക എന്ന മോഹം പൂവണിയിച്ചത്‌.”

അണുബാധ മൂലം രോഗി മരണപ്പെടുന്ന നിരവധി കേസുകൾ ഇവിടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഒരു രോഗിയിൽ ഉപയോഗിക്കുന്ന തുണി വേണ്ടതുപോലെ സ്‌റ്റിറിലൈസേഷന്‌ വിധേയമാകാതിരിക്കുമ്പോൾ സുരക്ഷിതത്വം കുറയുന്നു. ചിലപ്പോൾ രക്തക്കറപോലും അപകട കാരണമാവാറുണ്ട്‌. അതുപോലെ തന്നെ ഓപ്പറേഷൻ നിയേറ്ററിനകത്ത്‌ നഴ്‌സുമാർ ചെരുപ്പുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. സാധാരണ ശസ്‌ത്രക്രിയകളിൽ പ്രതിരോധശക്തിമൂലം രോഗി ഒരു പരിധിവരെ രക്ഷപ്പെടാം. പക്ഷെ വലിയ ശസ്‌ത്രക്രിയകളിൽ തീർത്തും അണുവിമുക്തമായ സാധനങ്ങൾതന്നെ ഉപയോഗിക്കുന്ന പതിവുണ്ടാകണം. ശസ്‌ത്രക്രിയകൾക്കുപയോഗിക്കുന്ന സാധനങ്ങൾ മേന്മയുളളതാണോ എന്നറിയാനുളള അവകാശം രോഗിക്കും ഉണ്ടാവണം. ഒരിക്കൽ സർജന്മാരുടെ സമ്മേളനത്തിൽ വെച്ച്‌ ഒരു ബീഹാറി ഡോക്‌ടർ ഇങ്ങിനെ പറയുകയുണ്ടായി. ‘ഒരു ഉരുളക്കിഴങ്ങിനകത്തേക്ക്‌ കത്തി കടത്തുമ്പോൾ അതിൽ കിഴങ്ങ്‌ പറ്റിപ്പിടിക്കുന്നില്ലെങ്കിൽ കത്തി തീർത്തും സ്‌റ്റിറിലൈസേഷൻ ആവശ്യമില്ലാത്തതാണ്‌. ഈ രീതിയിൽ ചിന്തിക്കാൻ മറ്റൊരു ഡോക്‌ടർക്കു കഴിയുമെന്നു തോന്നുന്നില്ല. ഇന്ത്യയിലെ മറ്റു പല ഡോക്‌ടർമാരും ശുചിത്വത്തിന്റെ കാര്യത്തിൽ പൂർണ്ണ നിഷ്‌കർഷ പുലർത്തുന്നവരാണ്‌. മാനേജ്‌മെന്റും കൂടി യോജിക്കയാണെങ്കിൽ നമ്മുടെ ആശുപത്രികളിൽ അപകടസാധ്യതകൾ പരമാവധി കുറക്കാനാവും.’

എന്തെല്ലാം സാധനങ്ങളാണ്‌ ആശുപത്രികൾക്കു നൽകുന്നത്‌?

വിശ്വാസ്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ടൈം, സ്‌റ്റീം, ടെംപറേച്ചർ ഇൻടഗ്രേറ്റേർസ്‌, ബ്രിട്ടീഷ്‌ സ്‌റ്റാൻഡേർഡ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും കൈറ്റ്‌മാർക്ക്‌ അവാർഡ്‌ നേടിയ ലോകത്തിലെ ആദ്യത്തെ ടി.എസ്‌.ടി ബോവി ടെസ്‌റ്റ്‌പാക്ക്‌ (സമയം, ആവി, താപം എന്നിവ നിർണ്ണയിക്കുന്നതിനുളള ഉപകരണം), 48 മണിക്കൂറിനകം ഫിൽട്ടർ പേപ്പറിന്റെ നിറമാറ്റം കൊണ്ട്‌ ബാക്‌ടീരിയയുടെ പ്രവേശനം മനസ്സിലാക്കാവുന്ന ബയോ മോണിറ്റേർസ്‌, ചെലവു കുറഞ്ഞ മൾട്ടി വേരിയബിൾ ഇൻഡിക്കേറ്റർ, സ്‌റ്റെറിലൈസേഷൻ പൂർണ്ണമാണെന്ന്‌ ഉറപ്പു വരുത്താനുളള എത്തിലിൻ ഓക്‌സൈഡ്‌ ഇൻടഗ്രേറ്റേർസ്‌, വായു എല്ലായിടത്തും പ്രവേശിച്ചു എന്നറിയാനുളള ഫോർമൽ ഡിഹൈഡ്‌ കൺട്രോൾ ഇൻഡിക്കേറ്റേർസ്‌, സ്‌റ്റിറിലൈസേഷൻ ചെയ്‌ത സാധനങ്ങൾ തുറക്കുന്നതുവരെ ഭദ്രമായി സൂക്ഷിക്കാനുളള കൺട്രോൾ ട്യൂബ്‌സ്‌, പാക്കേജിങ്ങ്‌ റീൽസ്‌ ഇവയെല്ലാമാണ്‌ ആശുപത്രികൾക്ക്‌ വിതരണം ചെയ്യുന്നത്‌. ആശുപത്രികളിൽ ഐ.വി. ഫ്ലൂയിഡ്‌ രോഗികൾക്കു നൽകുന്ന നഴ്‌സുമാർക്കുളള ടീച്ചിങ്ങ്‌ എയ്‌ഡ്‌ എന്ന പദ്ധതി നടപ്പിലായി വരുന്നു. ബോംബെ, ഡൽഹി, മദ്രാസ്‌, ഹൈദരാബാദ്‌, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട ആശുപത്രികൾക്കെല്ലാം ഉല്പന്നങ്ങൾ നൽകി വരുന്നു. സാധനങ്ങളെല്ലാം തന്നെ വിദേശത്തുളള കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്‌ ഇപ്പോൾ. അടുത്തുതന്നെ ഇതിനായി ഒരു ഫാക്‌ടറി ഉദ്ദേശിക്കുന്നു. ആദ്യത്തെ രണ്ടരവർഷം ബാലാരിഷ്‌ടതകൾ ഏറെ ഉണ്ടായെങ്കിലും ഇപ്പോൾ ഒരു കോടിയിലധികം വിറ്റുവരവുണ്ട്‌. ഈ രംഗത്ത്‌ മത്സരം ഏറെയുണ്ടെങ്കിലും മികച്ച സാധനവും, വിലക്കുറവും കാരണം വിപണി കണ്ടെത്താൻ ബുദ്ധിമുട്ടില്ല. കസ്‌റ്റംസാണ്‌ വലിയ പ്രതിസന്ധി. കനത്ത ഡ്യൂട്ടിക്കുപുറമെ ഇരുപത്‌ ദിവസങ്ങളോളം കാത്തിരുന്ന ശേഷമാണ്‌ ക്ലിയറൻസ്‌ നടത്തി സാധനം ലഭിക്കുന്നത്‌. തെക്കെ ഇന്ത്യയിൽ നേരിട്ടും ബാക്കി ഏജൻസി മുഖേനയും ഉല്പന്നങ്ങൾ വില്‌ക്കുന്നു. സൗദിയിലെ ഒരു പാക്കേജിങ്ങ്‌ കമ്പനിയിൽ ജോലി നോക്കിയിരുന്ന ഭർത്താവ്‌ ശ്രീ ചന്ദ്രശേഖർ എല്ലാറ്റിനും മേൽനോട്ടം വഹിക്കുന്നു. പതിനൊന്നു പേരുടെ സഹകരണവും ഞങ്ങൾക്കുണ്ട്‌.

‘പുതിയ പദ്ധതികൾ?’

‘ടീച്ചിങ്ങ്‌ എയ്‌ഡ്‌’ എന്ന പദ്ധതിക്കു തുടക്കമിട്ടു കഴിഞ്ഞു. സ്വന്തം നാടായ പട്ടാമ്പിയിൽ ഒരു ഫാക്‌ടറി. എല്ലാ സൗകര്യങ്ങളുമുളള ഒരു ആംബുലൻസ്‌, അനാഥ കുട്ടികൾക്കായി ഒരു സംരക്ഷണകേന്ദ്രം ഇവയെല്ലാം മനസ്സിലുണ്ട്‌. “ഡർട്ടി തിയേറ്റർ ഔട്ട്‌, സ്‌റ്റിറൈൽ തിയേറ്റർ ഇൻ”-സ്‌റ്റെറിമെസ്‌ ഇൻകോർപറേറ്റിന്റെ മുദ്രാവാക്യം ഇതാണ്‌.‘

ലക്ഷ്‌മീദേവി

വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈൻ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.