പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

സംഗീതത്തിൽ വൈകല്യം മറക്കുന്ന കൃഷ്ണമൂർത്തി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലക്ഷ്‌മീദേവി

അഭിമുഖം

ഏതു വൈകല്യങ്ങളെയും അതിജീവിച്ച്‌ ജീവിതവിജയം കൈവരിക്കുന്നവർ നിരവധിയുണ്ട്‌. എന്നാൽ ജന്മനാ കൈകാലുകൾ നഷ്‌ടപ്പെട്ടിട്ടും നിയതിയുടെ ക്രൂരതയിൽ അല്പംപോലും ദുഃഖം ഭാവിക്കാതെ സന്തോഷപൂർവ്വം ജീവിക്കുന്നതിന്‌ അസാധാരണമായ മനഃസ്ഥൈര്യം തന്നെവേണം. വിധി നൽകിയ ഹതഭാഗ്യവുമായി ജീവിതം നിരാശയിലേക്കു തളളിക്കളയാൻ കൂട്ടാക്കാത്ത ഒരു മഹാനുഭാവൻ. ശ്രീ.ടി.എസ്‌.കൃഷ്‌ണമൂർത്തി. ഗണിതശാസ്‌ത്രത്തിലും സംസ്‌കൃതത്തിലും ഹിന്ദിയിലും പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ സംഗീതാഭിരുചി നാടെങ്ങും പ്രശസ്തമാണ്‌. 40 വർഷത്തോളമായി ആയിരത്തോളം വേദികളിൽ ഇദ്ദേഹം സംഗീതക്കച്ചേരി നടത്തുന്നു. 23 വർഷമായി ചെമ്പൈ സംഗീതോത്സവത്തിന്‌ യാതൊരു മുടക്കവും കൂടാതെ ഗുരുവായൂരിലെത്തുന്നു. തിരുച്ചിറ ആകാശവാണിയിൽ ‘എ’ ഗ്രേഡ്‌ ഗായകനായ ഇദ്ദേഹത്തെ കാണുന്നവർ കൂടുതൽ സന്തോഷവാന്മാരാകും. അദ്ദേഹം എല്ലാവരോടും പറയും “അയാം ആൾവെയ്‌സ്‌ ഹാപ്പി.”

കൈകാലുകളില്ലെങ്കിലും അദ്ദേഹത്തിന്‌ ഒരു സമയവും വെറുതെയിരിക്കാനാവില്ല. ‘ഞാൻ വീട്ടിലാണെങ്കിൽ ഉരുണ്ടുകൊണ്ട്‌ എല്ലാ മുറികളിലും എത്തും. കിടന്നുകൊണ്ടെഴുതും, സ്വയം ഷേവ്‌ ചെയ്യും, കാരംസ്‌ കളിക്കും. മാസത്തിൽ ഒരു തവണ കോയമ്പത്തൂരിലെ വൃദ്ധസദനങ്ങളിലും, അനാഥശാലകളിലും പോയി പാടും. എന്റെ സാമീപ്യവും, സംഗീതവും അവർക്കാശ്വാസമാകും. കുറെ നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്‌. അവരെന്നെ വേദികളിലെത്തിക്കും.’ ശ്രീകൃഷ്‌ണമൂർത്തി പറഞ്ഞു.

‘ഗോവർദ്ധനഗിരീശം സ്മരാമി അനിശം... ’ എന്ന്‌ ഗുരുവായൂരപ്പ സന്നിധിയിൽ ഹിന്ദോളരാഗത്തിൽ പാടുമ്പോൾ ഞാനെല്ലാം മറക്കും. ത്യാഗരാജകൃതികളും, ദീക്ഷിതകൃതികളും, സ്വാതിതിരുനാൾ കൃതികളും എനിക്കേറെ പഥ്യമാണ്‌. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, മറാഠി ഭജനകൾ ഏറെ ഇഷ്‌ടമാണ്‌.‘ രാഗങ്ങളെക്കുറിച്ചദ്ദേഹം പറയുന്നുഃ ’യോഗവിദ്യപോലെയാണ്‌ രാഗങ്ങൾ. ആരോഗ്യത്തിന്‌ ഉത്തമമാണിത്‌. ഭൈരവിരാഗം ഉദരരോഗങ്ങൾക്ക്‌ ആശ്വാസമേകുന്നതുപോലെ കല്ല്യാണവസന്തരാഗം നീർവീഴ്‌ചയെ നിർവീര്യമാക്കും. സ്വരം ശുദ്ധമാവണം, അതോടൊപ്പം കേൾക്കുന്നവർക്കും, പാടുന്നവർക്കും ഏകാഗ്രതയും ഉണ്ടാവണം.“

തമിഴ്‌നാട്ടിലെ ധാരാപുരം സൂര്യനെല്ലൂരിലെ രാമസ്വാമിയുടേയും, നാമഗിരി അമ്മാളിന്റെയും എട്ടാമത്തെ മകനാണ്‌ ശ്രീകൃഷ്‌ണമൂർത്തി. ‘സഹോദരി മീനാക്ഷിയമ്മാൾ പാട്ടുപഠിക്കുന്ന സമയത്ത്‌ അടുത്തു പോയിരുന്നു കേൾക്കുക എന്റെ പതിവായിരുന്നു. എന്റെ താല്പര്യം കണ്ട ആശാൻ വരദാചാരിയാണ്‌ എന്റെ സംഗീത താല്പര്യത്തെ ഉണർത്തിയത്‌. ഒരിക്കൽ ഗുരുവായൂരേകാദശി കാലത്ത്‌ പാടാനെത്തിയപ്പോൾ സംഗീതജ്ഞനായ പഴയന്നൂർ പരശുരാമൻ എന്നെ തൃശൂർ ആകാശവാണിയുടെ സംഗീത പരീക്ഷയിൽ പങ്കെടുപ്പിച്ചു. തുടർന്ന്‌ 3 വർഷം ഇവിടെ ജോലി നോക്കി. പിന്നീടാണ്‌ തിരുച്ചിയിലെ ആകാശവാണിയിൽ ജോലി നോക്കി തുടങ്ങിയത്‌. തുടർന്ന്‌ ആറേഴുവർഷം സംസ്‌കൃതം പഠിച്ചു. ഹിന്ദിയിൽ പ്രവീണും, വിശാരദും പാസായി. ചുണ്ടും, വായും ഉപയോഗിച്ച്‌ പേന തോളെല്ലിനും താടിക്കുമിടയിൽ ചേർത്തുപിടിച്ചാണ്‌ എഴുതിയത്‌.”

കരുത്തേറിയ ഉൽക്കർഷേച്ഛയും, ആത്മവിശ്വാസവും അദ്ദേഹത്തിന്റെ വൈകല്യത്തെ മായ്‌ക്കുന്നു. ശ്രോതാക്കളുടെ പ്രോത്സാഹനം അദ്ദേഹത്തിന്‌ എന്നും തുണയാകുന്നു. ’ഇനി ഒരാശകൂടി ബാക്കിയുണ്ട്‌. ഒരു തവണ വിദേശത്തുപോയി പാടണം.‘ അദ്ദേഹം പറഞ്ഞു.

കർണ്ണാടക സംഗീത അക്കാദമിയുടെ സംഗീതഭൂഷൻ, മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടെ മികച്ച സംഗീതജ്ഞനുളള അവാർഡ്‌, ബോംബെ ഷൺമുഖാനന്ദ സഭയുടെ ലയലക്ഷണവിദ്വാൻ, തമിഴ്‌നാട്‌ കൾച്ചറൽ അക്കാദമിയുടെ കലൈമൃദുമണി, കോയമ്പത്തൂർ റോട്ടറി ക്ലബ്ബിന്റെ വിശിഷ്‌ടസേവന പുരസ്‌കാരം എന്നീ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌.

ലക്ഷ്‌മീദേവി

വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈൻ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.