പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

നക്സൽബാരി മുതൽ മിനിസ്‌ക്രീൻ വരെ....ബാലചന്ദ്രൻ ചുളളിക്കാട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമിത്ര സത്യൻ

പ്രശസ്ത കവി ബാലചന്ദ്രൻ ചുളളിക്കാടുമായി നടത്തിയ അഭിമുഖം

ഒരു കവി മാനസാന്തരപ്പെടുകയാണിവിടെ....ഗസൽപ്പെരുക്കം നിറഞ്ഞ അമാവാസിരാവിലെ പ്രണയമഴ പെയ്‌തൊഴിഞ്ഞ ആകാശത്തിന്റെ ശാന്തതയ്‌ക്കൊപ്പമായി കവിയും അദ്ദേഹത്തിന്റെ സഞ്ചാരലോകവുമിപ്പോൾ...വിപ്ലവജീവിതം സമ്മാനിച്ചത്‌ വെറും സാങ്കല്പികസ്വത്വത്തെയെന്നത്‌ പുതിയ തിരിച്ചറിവ്‌. എഴുത്തും പേനയും പോലെ സുതാര്യബന്ധമായിരിക്കണം എഴുത്തുകാരനും ജീവിതവും തമ്മിലെന്നത്‌ അതിനനുബന്ധം.

ബാലചന്ദ്രൻ ചുളളിക്കാട്‌ എന്ന ആധുനികകാലകവി എഴുത്തുപുരയ്‌ക്ക്‌ പുറത്ത്‌ വരുന്നതിവിടം മുതലാണ്‌. കാലവും വ്യക്തിയും ജീവിതവും തമ്മിലൊരു കോർത്തിണക്കലുണ്ടാവണം. അല്ലെങ്കിൽ അതൊരു ചരിത്രപരമായ അനീതിയാവുമെന്നത്‌ വാസ്‌തവം. അപ്പോൾ എഴുത്തുമുറി, സ്വീകരണമുറിയിലും സ്വീകരണമുറി ഇല്ലാതെയുമാകുന്ന അവസ്ഥ. സീരിയൽ അഭിനയമെന്ന ജനകീയ പ്രസ്ഥാനത്തിന്റെ പുത്തൻതുടിപ്പുകളിലൊന്നാണിപ്പോൾ ഈ എഴുത്തുമുറി. അതിന്‌ അദ്ദേഹം നൽകുന്ന മറുപടി ഇതാണ്‌ഃ

“സമൂഹത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ സന്ധിചെയ്യാതെ നിലനിൽക്കാനാവില്ല. അങ്ങനെ സന്ധി ചെയ്‌താലും സാധ്യമായ മേഖലകളിൽ എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ പൊളളത്തരങ്ങളെയും അതിന്റെ പരിമിതികളെയും തുറന്ന്‌ കാണിക്കാനും എതിർക്കാനും ഞങ്ങൾക്ക്‌ കഴിയുന്നുണ്ട്‌. കഴിഞ്ഞിട്ടുമുണ്ട്‌.”

ബാലചന്ദ്രൻ ചുളളിക്കാടുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ നിന്ന്‌....

*ഒരു കാലഘട്ടം യുവത്വത്തിന്റെ കവിയായി അവരോധിച്ചാരാധിച്ച ബാലചന്ദ്രൻ ചുളളിക്കാട്‌ ഇന്ന്‌ കവിതയെഴുത്തിനെക്കാളേറെ സീരിയൽ അഭിനയത്തിന്‌ പ്രാധാന്യം നൽകുന്നതെന്ത്‌ കൊണ്ട്‌? ഈ മാറ്റം എങ്ങനെ വിലയിരുത്തുന്നു?

ചെറുപ്പം മുതലേ നാടകങ്ങളിൽ ഞാൻ അഭിനയിക്കാറുണ്ട്‌. കോളജ്‌ തലത്തിൽ നായകനായി അഭിനയിച്ചിരുന്നു. സീരിയൽ പോപ്പുലറായ മാധ്യമം ആയതുകൊണ്ട്‌ ഇതിൽ അഭിനയിക്കുന്നു. ഇതിനെക്കാളേറെ എനിക്ക്‌ ആത്മാവിഷ്‌ക്കാരം തോന്നുന്നത്‌ തെരുവു പ്രാസംഗികനാവുമ്പോഴാണ്‌. വിദ്യാർത്ഥിയായിരുന്നപ്പോഴേ എനിക്ക്‌ പലതിലും താൽപ്പര്യമുണ്ടായിരുന്നു. അതിൽ ഒന്ന്‌ മാത്രമാണ്‌ അഭിനയം.

*ഒരു കാലത്ത്‌ ബാലചന്ദ്രനെ പോലുളള ഒരു കൂട്ടം ചെറുപ്പക്കാർ വ്യവസ്ഥിതികളോട്‌ എതിർത്ത്‌ ജീവിക്കുകയും അതിന്‌ വേണ്ടി ഇറങ്ങിപ്പുറപ്പെടുകയും ചെയ്‌തിരുന്നു. ഇന്ന്‌, ഇതിൽ നിന്ന്‌ വ്യത്യസ്തമായി വ്യവസ്ഥിതികളോട്‌ ചേർന്ന്‌ നിൽക്കുന്ന രീതിയാണ്‌ അവർക്കിടയിൽ കാണുന്നത്‌. ഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു?

അന്ന്‌ കുറെക്കൂടി ജനകീയമായിരുന്നു. ഞങ്ങളന്ന്‌ സായുധവിപ്ലവമെന്ന ആശയമാണ്‌ പ്രചരിപ്പിച്ചത്‌. ആ ആശയം ജനങ്ങൾ തളളിക്കളഞ്ഞു; ഇന്ത്യയിൽ പ്രായോഗികമല്ല എന്ന്‌ ബോധ്യപ്പെടുത്തി. ജനങ്ങൾ ഭൂരിപക്ഷവും ജനാധിപത്യം എന്ന ആശയമാണ്‌ സ്വീകരിച്ചത്‌. പാർലമെന്ററി ഡമോക്രസി എന്നതിലേയ്‌ക്ക്‌ എന്റെ ആശയം മാറി. സായുധ വിപ്ലവത്തിന്‌ ഇന്ത്യൻ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമേകാൻ കഴിയില്ല. ജനങ്ങൾ അംഗീകരിക്കുന്ന വ്യവസ്ഥ പാർലമെന്ററി വ്യവസ്ഥയാണെന്ന്‌ ബോധ്യപ്പെട്ടു.

*ഇതിനുളള വഴിത്തിരിവുകൾ വ്യക്തമാക്കാമോ?

ഇന്ത്യൻ നക്‌സൽ പ്രസ്ഥാനത്തിന്റെ പരാജയമാണ്‌ കാരണം. കേരളത്തിൽ പ്രത്യേകിച്ച്‌, കെ.വേണു ചെയർമാനായിരുന്ന നക്‌സൽ സംഘടനയുടെ അനുഭാവിയായിരുന്നു ഞാനും. ആ സംഘടന പിരിച്ചുവിട്ടു. വേണു ജനാധിപത്യത്തെ അംഗീകരിച്ചു. നക്‌സൽബാരിയുടെ പാത ഉപേക്ഷിച്ചു. കാരണം ജനങ്ങളത്‌ ഉപേക്ഷിച്ചു. ജനങ്ങളെ അനുസരിച്ച്‌ ഞങ്ങളും ഉപേക്ഷിച്ചു. രാഷ്‌ട്രീയമായിട്ട്‌ എനിക്കും ഒരുപാട്‌ മാറ്റങ്ങളുണ്ടായി. കുറെ ചെറുപ്പക്കാർ ഒന്നിച്ചാൽ മാറ്റാവുന്നതല്ല എസ്‌റ്റാബ്ലിഷ്‌മെന്റ്‌. എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ സങ്കീർണത വലുതാണ്‌. ചെറുപ്പക്കാരുടെ ആഗ്രഹചിന്തകൾക്ക്‌ ഇത്‌ തകർക്കാവുന്നതല്ല. പല മേഖലകളിലും, ഘട്ടങ്ങളിലും എസ്‌റ്റാബ്ലിഷ്‌മെന്റുമായി സന്ധി ചെയ്‌താൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്നവസ്ഥ വന്നു. അങ്ങനെ ഞാനുമിന്ന്‌ എസ്‌റ്റാബ്ലിഷ്‌മെന്റിലെ പല വശങ്ങളുമായി സന്ധി ചെയ്‌തിട്ടാണ്‌ ജീവിക്കുന്നത്‌. സമൂഹത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സന്ധിചെയ്യാതെ നിലനിൽക്കാനാവില്ല. അങ്ങനെ സന്ധി ചെയ്‌താലും സാധ്യമായ മേഖലകളിൽ എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ പൊളളത്തരങ്ങളെ, പരിമിതികളെ തുറന്ന്‌ കാണിക്കാനും എതിർക്കാനും ഞങ്ങൾക്ക്‌ കഴിയുന്നുണ്ട്‌.

വെറുതെ ചെന്ന്‌ പോലീസ്‌ സ്‌റ്റേഷനാക്രമിച്ച്‌ രക്തസാക്ഷിയാവുക എന്നതല്ല വിപ്ലവം. വിപ്ലവം നടത്തേണ്ടത്‌ ആത്യന്തികമായി ജനങ്ങളാണ്‌. അതിന്റെ ആവശ്യകത ഇവരെ ബോധ്യപ്പെടുത്തണമെങ്കിൽ അനേകം കാലത്തെ അനേകം തലമുറകളുടെ കൂട്ടായ യത്നം ആവശ്യമുണ്ട്‌.

*ആ കാലഘട്ടത്തിലെ തീവ്ര വിപ്ലവത്തിലേർപ്പെട്ടിരുന്നവരിൽ പലരുമിന്ന്‌ ബാലചന്ദ്രൻ അടക്കം; ഒരുപാട്‌ മാറ്റങ്ങൾക്ക്‌ വിധേയരായിരിക്കുന്നു. ആ മാറ്റങ്ങൾ സ്വയം വിലയിരുത്തുന്നതെങ്ങനെ?

ജീവിതാനുഭവങ്ങളിൽ മാറ്റം വരുമ്പോൾ, നമ്മുടെ വിശ്വാസങ്ങളിലും മാറ്റം വരും. ഇന്ത്യൻ യാഥാർത്ഥ്യങ്ങളും സോവിയറ്റ്‌ യൂണിയന്റെ തകർച്ചയും കമ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ വീഴ്‌ചകളും ഒക്കെ നമ്മുടെ അനുഭവത്തിന്റെ ഭാഗമാണ്‌. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നക്‌സലറ്റ്‌ അനുഭാവിയായിരുന്ന ഞാൻ കാലക്രമേണ ഒരു സോഷ്യൽ ഡമോക്രാറ്റായി മാറി. മതേതരത്വത്തിനും സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടി നിലക്കൊളളുന്ന ഒരു സോഷ്യൽ ഡമോക്രാറ്റാണ്‌ ഇന്ന്‌ ഞാൻ.

*ഒരു കവി എന്ന നിലയിൽ ധ്വന്യാത്മകശൈലിയിലുളള ബാലചന്ദ്രന്റെ കവിത ഇന്ന്‌ മാറ്റിയിട്ടുണ്ട്‌. ഇന്ന്‌ എഴുത്തും തീരെ കുറവ്‌. അതെന്തുപ്പറ്റി?

ഒരു കവി ജിവിതകാലം മുഴുവൻ ഒരേ കവിതശൈലി തുടരണമെന്നില്ല. ഞാൻ വളരെ കുറച്ച്‌ മാത്രമേ എഴുതിയിട്ടുളളൂ. 30 കൊല്ലത്തിനിടയിൽ 100 കവിതപോലും തികച്ചിട്ടില്ല. പ്രായം കൂടിയപ്പോൾ കവിത എഴുതാൻ തോന്നാതെയായി. അതുകൊണ്ട്‌ എഴുതുന്നില്ല.

*മുമ്പ്‌ രാഷ്‌ട്രീയധീഷണശാലിയും വിപ്ലവകാരിയുമായ കവി ഇന്ന്‌ പുതിയ ആഗോളവൽക്കരണത്തിന്റെ ഓരം ചേർന്ന്‌ ജീവിക്കുന്നതെങ്ങനെ?

അങ്ങനെയെന്നില്ല. ലോകത്തിലെ എല്ലാ ഭൂരിപക്ഷം ജനങ്ങളും വളരെ പ്രയാസപ്പെട്ട്‌ വ്യവസ്ഥിതിക്ക്‌ എതിരായും വ്യവസ്ഥിതിയോട്‌ പൊരുത്തപ്പെട്ടുമാണ്‌ ജീവിക്കുന്നത്‌. അവരുടെ കൂട്ടത്തിൽ സാധാരണക്കാരനായി ജീവിക്കുമ്പോൾ, അതിൽ ഒരു നാണക്കേട്‌ എനിക്ക്‌ തോന്നിയിട്ടില്ല. കഴിഞ്ഞ 17 വർഷമായി എൻ.ജി.ഒ യൂണിയൻ അംഗമാണ്‌. ഇക്കാലയളവിൽ എൻ.ജി.ഒ യൂണിയൻ നടത്തിയ എല്ലാ സമരങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്‌. എൻ.ജി.ഒ യൂണിയന്റെ കഴിഞ്ഞ സമരക്കാലത്ത്‌ എനിക്കെതിരെ എസ്‌മാപ്രകാരം അറസ്‌റ്റ്‌ വാറണ്ടുണ്ടായി. യൂണിയന്റെ നിർദ്ദേശപ്രകാരം രണ്ടാഴ്‌ച ഒളിവിൽ കഴിയേണ്ടിവന്നു. എസ്‌റ്റാബ്ലിഷ്‌മെന്റിനോട്‌ ചേർന്ന്‌ ജീവിക്കുമ്പോഴും എസ്‌റ്റാബ്ലിഷ്‌മെന്റിനോട്‌ പൊരുതുകയും ചെയ്യുന്നുണ്ട്‌ ഞാൻ.

സായുധകലാപം മാത്രമല്ല സമരം. ജനാധിപത്യപരമായ സമരങ്ങളും പോരാട്ടത്തിന്റെ ഭാഗങ്ങളാണ്‌. ഇപ്പോൾ ഇന്ത്യയിൽ വർഗ്ഗീയതയ്‌ക്കും ആഗോളവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും എതിരായി ജനാധിപത്യപരമായി പോരാടുന്ന ജനലക്ഷങ്ങളിൽ ഒരാൾ ഞാനാണ്‌. ഒരു തെരുവുപ്രാസംഗകൻ എന്ന നിലയിലാണ്‌ കേരളത്തിലെന്റെ പോരാട്ടം.

*പ്രണയാനുഭവം. അതിന്റെ തീവ്രത അറിഞ്ഞയാളല്ലേ! ഇന്നത്തെ പ്രണയത്തെക്കുറിച്ചെന്ത്‌ പറയുന്നു?

പ്രണയം എന്നാൽ ജന്മവാസനയാണ്‌. അതിന്‌ ക്ഷയം ഉണ്ടാവില്ല. അതിന്റെ രീതി മാറും. എന്റെ തലമുറയുടെ രീതികളല്ല ഇന്നത്തെ തലമുറയ്‌ക്ക്‌. ഓരോ തലമുറയും അവരുടേതായ രീതികളിൽ ജീവിക്കുന്നു. അതിനാൽ അതേക്കുറിച്ച്‌ വിമർശനമില്ല. എന്തായാലും പ്രണയം മനുഷ്യന്റെ അടിസ്ഥാനാവശ്യമാണ്‌. അതൊരിക്കലും ക്ഷയിക്കുകയില്ല. ലോകത്തിന്റെ അടിസ്ഥാനവും അതുതന്നെയാണ്‌. പ്രണയത്തിന്‌ എന്റെ തലമുറ നൽകിയിരുന്ന കാല്‌പനിക പരിവേഷമൊന്നും ഇപ്പോഴില്ല. കുറച്ചുകൂടി യാഥാർത്ഥ്യബോധവും സത്യസന്ധതയുമുണ്ടതിന്‌. എന്റെ തലമുറ കാമം തുടങ്ങിയ വികാരങ്ങളെ ഒളിച്ച്‌ പാട്ടുകൊണ്ട്‌ പ്രണയം കപടമായി ആദർശവൽക്കരിച്ചിരുന്നു. പുതിയ തലമുറ ഇത്തരക്കാരല്ല.

*നടൻ എന്ന നിലയിൽ ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രമെന്താണ്‌?

അങ്ങനെയൊന്നില്ല. നടൻ എന്ന നിലയിൽ താഴെപ്പടിയിൽ എത്തിയിട്ടുളള ഒരാളാണ്‌ ഞാൻ. ഒരുപാട്‌ ഒരുപാട്‌ പരിമിതികളെനിക്കുണ്ട്‌. അതുകൊണ്ട്‌ അത്രവലിയ സ്വപ്‌നങ്ങളെനിക്കില്ല. അഭിനയത്തിന്‌ വാസന മാത്രം പോരാ, നല്ല പരിശീലനവും ആവശ്യമാണ്‌. ശരീരത്തിന്റെയും ശബ്‌ദത്തിന്റെയും പരിമിതികളുണ്ട്‌. ആ രണ്ട്‌ പരിമിതികളെയുൾക്കൊളളുന്ന കഥാപാത്രത്തെ അഭിനയിപ്പിക്കാനേ ഒരു നടന്‌ പറ്റുകയുളളൂ. പക്ഷേ സാധ്യതകളുടെ, സാധ്യതകളെ പരമാവധി കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിലാണ്‌ നടന്റെ വിജയം. അതീതമായ കഥാപാത്രങ്ങളെ കണ്ടെത്തിയല്ല.

*ഇന്ന്‌ കേരളമൊട്ടാകെ സാംസ്‌കാരിക പോരാട്ടത്തിനുളള യാത്രയിലാണല്ലോ. ഇതിനിടെ നേരിടേണ്ടി വരുന്ന എതിർപ്പുകളെ, ഭീഷണികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു?

എതിർപ്പുകൾ രണ്ടുതരത്തിലുണ്ട്‌. വ്യക്തിപരമായത്‌ അവഗണിക്കും. ആശയപരമായ എതിർപ്പ്‌ അതിനെ നേരിടും. ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്‌തും മറ്റും എഴുതി, എന്റെ വിശ്വാസ്യത ഇല്ലാതാക്കാൻ ശ്രമിക്കുന്ന കൂട്ടരുണ്ട്‌. അവരെയെല്ലാം അവഗണിക്കുകയാണ്‌. നാം ഒരാശയം പ്രചരിപ്പിക്കുമ്പോൾ, എതിരാളികൾ അതിനെതിരെ നീങ്ങും.

ഞാൻ മതേതര ആശയങ്ങൾ ജീവിതത്തിൽ ആചരിച്ചുകൊണ്ട്‌ വർഗ്ഗീയതയെ നേരിടും. നമുക്ക്‌ ജീവിച്ചു കാണിക്കാനെ സാധിക്കൂ. ആത്യന്തികമായി നമ്മുടെ വിശ്വാസങ്ങളെ ജനങ്ങളാണ്‌ വിലയിരുത്തുന്നത്‌. അതിനുളള ഉത്തരം അവരാണ്‌ പറയേണ്ടത്‌.

സുമിത്ര സത്യൻ

Media Manager,

Spectrum Softtech Solutions Pvt Ltd,

Spectrum Junction,

Mahakavi G Road,

Kochi-682011.


Phone: 0484 4082000 , 9037896667
E-Mail: sumithra_2257@spectrum.net.in,sumithrakv2007@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.