പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

പ്രശസ്‌ത ബാലസാഹിത്യകാരൻ സത്യൻ താന്നിപ്പുഴയുമായി അഭിമുഖം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. വിഷ്‌ണുനാരായണൻ

സാഹിത്യത്തിലേക്ക്‌ പ്രവേശിച്ച കാലഘട്ടത്തെക്കുറിച്ച്‌ വിശദീകരിക്കാമോ?

കാഞ്ഞൂർ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ഹൈസ്‌ക്കൂൾ എന്റെ മാതൃവിദ്യാലയമാണ്‌. ഹൈസ്‌കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളപാഠാവലിയിൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ “വെള്ളപ്പൊക്കത്തിൽ” എന്ന കഥ പഠിക്കുവാനുണ്ടായിരുന്നു. ആ കഥ എന്നെ വല്ലാതെ ആകർഷിച്ചു.

പെരിയാറിന്റെ തീരത്താണ്‌ എന്റെ വീട്‌. വർഷക്കാലമായാൽ ഞങ്ങളുടെ ഗ്രാമത്തിൽ രണ്ടു മൂന്നു പ്രാവശ്യമെങ്കിലും വെള്ളപ്പൊക്കമുണ്ടാകും. കൃഷിനാശം സംഭവിക്കും മറ്റു പലതരത്തിലുള്ള നാശനഷ്‌ടങ്ങളും ഉണ്ടാകും. കോഴി, പട്ടി, പൂച്ച, ആട്‌, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ വെള്ളം കയറാത്ത കുന്നക്കാട്ട്‌ കുന്നിൽ കൊണ്ടുപോയി ആക്കും... വെള്ളം ഇറങ്ങുമ്പോൾ തിരിച്ചു കൊണ്ടുവരും. ഇത്‌ എല്ലാവർഷവും പതിവാണ്‌.

തകഴിയുടെ കഥ പഠിച്ചപ്പോൾ ആ രീതിയിൽ ഞങ്ങളുടെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എന്റെ അനുഭവകഥ എഴുതി “മലവെള്ളം” എന്ന കഥ. ഞാൻ എഴുതിയ ആദ്യത്തെ കഥ അതാണ്‌. ആ കഥ വളരെക്കാലം എന്റെ കൈയിൽ ഇരുന്നു. പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞില്ല.

എഴുത്തിന്റെ കാര്യത്തിൽ ആരിൽ നിന്നെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ?

ഉണ്ട്‌. സ്‌ക്കൂൾ ലൈബ്രറിയിൽ നിന്നു കിട്ടുന്ന പുസ്‌തകങ്ങൾക്കു പുറമെ ധാരാളം പുസ്‌തകങ്ങൾ ഞാൻ അന്നു വായിക്കുമായിരുന്നു. ടാറ്റാപുരം സുകുമാരൻ എഴുതിയ പത്തുകഥാകാരന്മാർ, പത്തുകവികൾ എന്നീ കൃതികൾ വായിച്ചു. ടാറ്റാപുരത്തിന്റെ മേൽവിലാസം കിട്ടി. ഒരു കാർഡിൽ അദ്ദേഹത്തിന്‌ ഒരു കത്തെഴുതി. കഥ എഴുതുന്നകാര്യം സൂചിപ്പിച്ചുകൊണ്ട്‌. കത്തിനു മറുപടി കിട്ടി. മനോഹരമായ കൈയക്ഷരത്തിൽ കഥ അയച്ചുകൊടുത്താൽ വായിച്ചു നോക്കി വേണ്ട നിർദ്ദേശങ്ങൾ അറിയിക്കാമെന്ന്‌ എഴുതിയിരുന്നു. ‘ഇരമ്പുമറയ്‌ക്കുള്ളിൽ’ എന്ന കഥ അയച്ചു കൊടുത്തു.

ഏതു പ്രസിദ്ധീകരണത്തിലാണ്‌ ആദ്യരചന വന്നത്‌? എന്തു തോന്നി? ആദ്യ സമാഹാരം?

അന്ന്‌ ഞങ്ങൾ കാഞ്ഞൂർ എസ്‌.എൻ. ആർട്ട്‌സ്‌ ക്ലബ്‌ രൂപീകരിച്ചു. അതിന്റെ ഉദ്‌ഘാടനത്തിനു വരണമെന്നു പറഞ്ഞ്‌ ഞാൻ ടാറ്റപുരത്തിനു കത്തയച്ചു. അദ്ദേഹം വന്നു. അന്നാണ്‌ അദ്ദേഹത്തെ നേരിൽ കാണുന്നത്‌. അദ്ദേഹം എനിക്ക്‌ ടാറ്റാകമ്പനി കോപ്പറേറ്റീവ്‌ സൊസൈറ്റി സോവനീർ തന്നു. സോവനീർ മറിച്ചുനോക്കിയപ്പോൾ ഞാൻ സന്തോഷം കൊണ്ട്‌ മതിമറന്നുപോയി. “ഇരുമ്പുമറയ്‌ക്കുള്ളിൽ” അതിൽ അച്ചടിച്ചു വന്നിരിക്കുന്നു. അച്ചടിച്ചു വന്ന എന്റെ ആദ്യത്തെ കഥ അതാണ്‌. 1956-ൽ പിന്നീട്‌ ടാറ്റാപുരത്തിന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ‘കലാരംഗം’ മാസികയിൽ കഥകളും ലേഖനങ്ങളും എഴുതി. തുടർന്ന്‌ കേരളപ്രഭ, ടെലഗ്രാഫ്‌, നിർമ്മല, സോഷ്യലിസ്‌റ്റ്‌നാദം, ശ്രീമതി തുടങ്ങിയ അന്നത്തെ പ്രസിദ്ധീകരണങ്ങളിൽ എഴുതി.

1955-ൽ എനിക്ക്‌ പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിൽ ജോലി ലഭിച്ചു. ജോലി കഴിഞ്ഞാൽ എന്റെ പ്രധാന കാര്യം പുസ്‌തകം വായനയായിരുന്നു. കാലടി എസ്‌.എൻ.ഡി.പി. ലൈബ്രറിയിൽ ഉണ്ടായിരുന്ന എസ്‌.കെ.പൊറ്റക്കാട്‌, തകഴി, വർക്കി, ദേവ്‌, ബഷീർ, കാരൂർ, പോഞ്ഞിക്കര റാഫി, ലളിതാംബിക അന്തർജനം, തുടങ്ങിയവരുടെ എല്ലാ പുസ്‌തകങ്ങളും വായിച്ചു തീർത്തു. നിരന്തരം എഴുതി കഥകൾ, ലേഖനങ്ങൾ, നിരൂപണങ്ങൾ, നോവൽ, നാടകം എന്നിവയെല്ലാം എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു.

1962-ൽ കേരളസാഹിത്യ സമിതി കോഴിക്കോട്‌ വച്ച്‌ ചെറുകഥാ പരിശീലന ക്യാമ്പ്‌ നടത്തി. കേരളത്തിലെ ഇരുന്നൂറോളം യുവകഥാകൃത്തുക്കൾ അയച്ചു കൊടുത്ത കഥകളുടെ നിലവാരം പരിശോധിച്ച്‌ അവരിൽ നിന്നും ഇരുപത്തിയാറു കഥാകൃത്തുക്കളെ പങ്കെടുപ്പിച്ച്‌ നടത്തിയ ശില്‌പശാലയിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. (കുറ്റിപ്പുഴ കൃഷ്‌ണപിള്ളയായിരുന്നു ക്യാമ്പ്‌ ഡയറക്‌റ്റർ. എം.ആർ.ചന്ദ്രശേഖരൻ, സമിതി സെക്രട്ടറിയും, പ്രെഫഃ ജോസഫ്‌ മുണ്ടശ്ശേരി, തകഴിശിവശങ്കരപ്പിള്ള, തായാട്ട്‌ ശങ്കരൻ, ചെറുകാട,​‍്‌ എൻ.എൻ.കക്കാട്‌, എം. അച്ചുതൻ, പുതുർ ഉണ്ണികൃഷ്‌ണൻ എന്നിവരാണ്‌ ക്ലാസ്സ്‌ എടുത്തത്‌.

1963-ൽ ഞാൻ വിവാഹിതനായി. ചാലക്കുടി പറമ്പിക്കാടൻ മാണിക്കന്റേയും ജാനകിടീച്ചറുടേയും മകൾ മഹേശ്വരി എന്ന കലാകാരിയാണ്‌ സഹധർമ്മണി. വിവാഹശേഷം കുടുംബകാര്യങ്ങളും ജോലിയും കൃഷിയുമായി നടന്നു. എഴുതാനും വായിക്കാനും സമയം കിട്ടാതായി. എഴുതിയിരുന്ന കഥകൾ ചേർത്ത്‌ “മറുനാടൻ മലയാളിപ്പെണ്ണ്‌” എന്ന ചെറുകഥാസമാഹാരം പാലക്കാട്‌ കിങ്ങിണി ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ചു. ഇതുവരെ സാഹിത്യ രചനയിൽ നിന്ന്‌ സാമ്പത്തിക നേട്ടം ഒന്നും ഉണ്ടായില്ല. പിന്നീട്‌ എഴുത്ത്‌ പൂർണ്ണമായി നിന്നു.

1985-ൽ കമ്പനി ലോക്കട്ട്‌ ചെയ്‌തു. ജോലിയില്ലാതായി. പത്രപ്രവർത്തനം തുടങ്ങി. എഴുത്ത്‌ പുനരാരംഭിച്ചു. തൃശൂർ നിന്ന്‌ തരംഗിണി വാരിക ആയിടെ ഇറങ്ങുന്നുണ്ടായിരുന്നു. “മലയാറ്റൂർ പൊന്നുംകുരിശുമുത്തപ്പൻ” എന്ന ഫീച്ചർ വാരികക്ക്‌ അയച്ചു കൊടുത്തു. ഫീച്ചർ പ്രസിദ്ധീകരിച്ച ലക്കം വാരികയുമായ പത്രാധിപർ യതീന്ദ്രൻകാരയിൽ, സഹപത്രാധിപർ മുഹമ്മദ്‌ എന്നിവർ അന്വേഷിച്ച്‌ വീട്ടിൽ വന്ന്‌ ഇരുന്നൂറ്‌ രൂപ ഫീച്ചറിന്‌ പ്രതിഫലം തന്നു. രൂപ കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. സാഹിത്യസൃഷ്‌ടിക്ക്‌ എനിക്കു ലഭിച്ച ആദ്യത്തെ പ്രതിഫലമായിരുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സന്തോഷകരമായ ഒരനുഭവമാണിത്‌.

നീണ്ട ഇടവേളയക്ക്‌ ശേഷം വീണ്ടും വിശ്രമമില്ലാതെ എഴുതി. തരംഗണി, കുങ്കുമം, കുമാരി, സുനന്ദ, സഖി, പൗരദ്ധ്വനി, മാമാങ്കം, വീക്ഷണം, കേരളഭൂഷണം, കേസരി, ജയദ്ധ്വനി, മാവേലിക്കരമെയിൽ, ജന്മഭൂമി, സൗഹൃദം എന്നീ ആനുകാലികങ്ങളിലെല്ലാം കഥകളും ലേഖനങ്ങളും ഫീച്ചറുകളും നിരൂപണങ്ങളും നോവലുമെഴുതി.

ബാലസാഹിത്യത്തിലേക്ക്‌ വഴിതിരിച്ചുവിട്ടത്‌ പ്രൊഫ. ഗീതാലയം ഗീതാകൃഷ്‌ണൻ സാറാണ്‌. പ്രൊഫഃഗീതാലയം ഗീതാകൃഷ്‌ണൻ സാറിന്റെ നിർദ്ദേശപ്രകാരം “ലാലുലീല”യിൽ കുട്ടികൾക്കുവേണ്ടി കഥകൾ എഴുതി. കഥകൾക്കു ലഭിച്ച പ്രതിഫലം ബാലസാഹിത്യരംഗത്ത്‌ നിലയുറപ്പിക്കുന്നതിന്‌ പ്രചോദനമായി. തുടർന്ന്‌ കുട്ടികൾക്കുള്ള എല്ലാമാസികകളിലും കുട്ടികൾക്കുവേണ്ടി കഥകളെഴുതി. പിന്നീട്‌ ബാലസാഹിത്യരംഗത്തു മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്‌ എഴുതിവരുന്നു.

1991-ൽ ജോലിയിൽ നിന്നു വിരമിച്ചു. അതിനു മുൻപ്‌ ഒരു കൃതിമാത്രമെ പ്രസിദ്ധീകരിച്ചിരുന്നൊള്ളൂ. വിരമിച്ചതിനു ശേഷം ഇരുപത്തിനാലു കൃതികൾ പ്രസിദ്ധീകരിച്ചു. ആറു കൃതികൾ അച്ചടിയിലുമുണ്ട്‌.

കവിതകൾ ചെലവാകാൻ പ്രയാസാമാണെന്ന്‌ അഭിപ്രായം എത്രകണ്ട്‌ ശരിയാണ്‌? കാരണം?

കവിതകൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ കുറവാണ്‌. എന്റെ അനുഭവം പറയാം. എന്റെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രാസാധകന്റെ അടുത്ത്‌ എന്റെ ഒരു സുഹൃത്തിന്റെ കവിതാസമാഹാരവുമായി ചെന്നു. അദ്ദേഹം പറഞ്ഞു “കവിത പ്രസിദ്ധീകരിച്ചാൽ പുസ്‌തകം ചെലവാകുകയില്ല കഥകൾ കൊണ്ടുവന്നാൽ പ്രസിദ്ധീകരിക്കാം.” കഥാസമാഹാരം കൊണ്ടുചെന്നു കൊടുത്തു അതു പ്രസിദ്ധീകരിച്ചു.

ബാലസാഹിത്യവും കവിതയും ഒരുപോലെ കൊണ്ടുപോകുന്നത്‌ പ്രയാസമല്ലേ? പലരും പറയുന്നത്‌ ഇത്‌ സ്‌പെഷ്യലൈസേഷന്റെ കാലമാണെന്നാണ്‌?

ഞാൻ കവിതയെഴുത്ത്‌ നിറുത്തി. ഇത്‌ സ്‌പെഷൈലസേഷന്റെ കാലമാണെന്നു പറയുന്നത്‌ ശരിയാണ്‌. ഏതെങ്കിലും ഒരു സാഹിത്യശാഖയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു രചനനടത്തിയാൽ വിജയിക്കാം എന്നാണ്‌ എന്റെ അനുഭവം എന്ന പഠിപ്പിച്ചത്‌. ഞാൻ ബാലസാഹിത്യത്തിൽ മാത്രം ഉറച്ചു നിന്ന്‌ രചന നടത്തിയപ്പോൾ വായനക്കാർ ധാരാളമുണ്ട്‌. പുസ്‌തകം പ്രസിദ്ധീകരിക്കുവാൻ പ്രസാധകരുണ്ട്‌. കുട്ടികൾ പുസ്‌തകം വായിച്ച്‌ ടെലഫോൺ വഴി കഥകൾ ഇഷ്‌ടപ്പെട്ടു എന്നു പറയാറുണ്ട്‌.. പുതിയ കഥാപുസ്‌തകങ്ങൾ അയച്ചുകൊടുക്കണമെന്ന്‌ പറയാറുണ്ട്‌ ചിലർക്ക്‌ അയച്ചു കൊടുക്കാറുമുണ്ട്‌. കുട്ടികൾക്ക്‌ എന്റെ കഥകൾ ഇഷ്‌ടപ്പെട്ടു എന്ന വിവരം അറിയിക്കുമ്പോൾ ഞാൻ അത്യധികം സന്തോഷിക്കാറുണ്ട്‌. അവാർഡു കിട്ടുന്നതിനേക്കാൾ സന്തോഷം തോന്നാറുണ്ട്‌ കുട്ടികളുടെ ഫോൺ വിളി കേൾക്കുമ്പോൾ.

കവിതയ്‌ക്കാണോ ബാലസാഹിത്യത്തിനാണോ വായനക്കാർ കൂടുതലുള്ളത്‌?

ബാലസാഹിത്യത്തിനാണ്‌ വായനക്കാർ കൂടുതലുള്ളത്‌. കുട്ടികളോടൊപ്പം മുതിർന്നവരും ബാലസാഹിത്യം വായിക്കുന്നുണ്ട്‌. വായനാശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ ബാലസാഹിത്യം ഉപകരിക്കും.

രചനയുടെ കാര്യത്തിൽ ഏതു ശാഖയാണ്‌ എളുപ്പം?

സാഹിത്യസൃഷ്‌ടി വളരെ ലാഘവത്തോടെ ചെയ്യേണ്ട കാര്യമല്ല. ഏതു ശാഖയായാലും വളരെ ഗൗരമായി കൈകാര്യം ചെയ്യണം. ഏതു സൃഷ്‌ടിക്കും അതിന്റേതായ വേദനയുണ്ട്‌. ബാലസാഹിത്യശാഖയാകുമ്പോൾ വായനക്കാർ കുട്ടികളാണെന്ന്‌ കാര്യം ഓർക്കണം. കുട്ടികൾ നാളത്തെ പൗരന്മാരാണ്‌ അവരുടെ മുൻപിൽ നന്മയുടെ വിത്തുകൾ മാത്രമെ ഇട്ടുകൊടുക്കാവൂ. അതുകൊണ്ടു തന്നെ ബാലസാഹിത്യരചന എളുപ്പമല്ല.

ബാലസാഹിത്യശാഖയിൽ വേണ്ടത്ര നിരൂപണദൃഷ്‌ടി പതിഞ്ഞിട്ടുണ്ടോ? കാരണം?

ബാലസാഹിത്യം വലിയനിരൂപകന്മാർ നിരൂപണമെഴുതി അധികം കാണാറില്ല. ബാലസാഹിത്യത്തിന്‌ അവഗണനയായിരുന്നു. ഇപ്പോൾ അത്‌ മാറി വരുന്നുണ്ട്‌. ബാലചസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തിനുശേഷം.. ഇനിയും പ്രോത്സാഹനം വേണ്ടമേഖലയാണ്‌ ബാലസാഹിത്യശാഖ.

ബാലസാഹിത്യശാഖയിൽ പ്രവർത്തിക്കുന്ന എഴുത്തുകാരെക്കുറിച്ചും അവരുടെ രചനകളെക്കുറിച്ചും.

ബാലസാഹിത്യശാഖയിൽ പ്രഗൽഭരായ എഴുത്തുകാർ ധാരാളമുണ്ട്‌.... അവരുടെ അനവധി ഉൽകൃഷ്‌ട കൃതികളുമുണ്ട്‌. ബാലസാഹിത്യം ഇന്ന്‌ മറ്റ്‌ ഏതു സാഹിത്യശാഖ പോലെ സമ്പന്നമാണ്‌. ബാലസാഹിത്യത്തിന്‌ കേരളസാഹിത്യ അക്കാദമി ഒരു വലിയ അവാർഡ്‌ ഏർപ്പെടുത്താത്തത്‌ എന്താണെന്ന്‌ മനസ്സിലാകുന്നില്ല.

ഒരു പ്രൊഫഷൻ എന്ന നിലയിലാണോ എഴുത്തിനെ കാണേണ്ടത്‌?

ഞാൻ അങ്ങിനെ കാണുന്നില്ല. കുട്ടികളുടെ മനസ്സിലേക്ക്‌ നന്മയുടെ വിത്തുകൾ പകാൻപറ്റിയ ഒരു കഥ എന്റെ മനസ്സിൽ രൂപം കൊണ്ടാൽ മാത്രമേ ഞാൻ എഴുതാറുള്ളൂ. പണത്തിനുവേണ്ടിയും എഴുതാറില്ല. ഞാൻ എഴുതിയ കഥ കുട്ടികളെ ഒരു തരത്തിലും വഴിതെറ്റിക്കുകയില്ലെന്ന്‌ പൂർണ്ണബോദ്ധ്യം ഉണ്ടെങ്കിൽ മാത്രമേ പ്രസിദ്ധീകരണത്തിന്‌ അയക്കാറുള്ളൂ.

പുതിയ എഴുത്തുകാർക്കായി താങ്കൾക്കു നൽകുവാനുള്ള സന്ദേശം?

ഇന്ന്‌ എല്ലാ രംഗങ്ങളിലും മൂല്യശോഷണം സംഭവിച്ചിരിക്കുകയാണ്‌. കുടുംബജീവിതത്തിലും വ്യക്തിബന്ധങ്ങളിലുമെല്ലാം. കഷ്‌ടപ്പെട്ട്‌ വളർത്തി പഠിപ്പിച്ച്‌ നല്ലനിലയിൽ എത്തിച്ച മാതാപിതാക്കളെ മക്കൾ വാർദ്ധക്യകാലത്ത്‌ തിരിഞ്ഞുനോക്കാതെ വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കുന്നു. ഇതിനു ഒരു പരിഹാരം കാണാൻ പുതിയ എഴുത്തുകാർ അവരുടെ തൂലിക പടവാളാക്കി മാറ്റണം.

ബാലസാഹിത്യശാഖയുടെ വായനക്കാരായ കുട്ടികളോട്‌ എന്തെങ്കിലും പറയാനുണ്ടോ?

നാളെത്തെ പൗരന്മാരായ നിങ്ങൾ നല്ല സ്വപ്‌നങ്ങൾ കാണുക. മനസ്സിൽ നന്മ നിറക്കുക. സൽകർമ്മങ്ങൾ ചെയ്യുക. സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക്‌ ഒരിക്കലും ദുഷ്‌ഫലം ഉണ്ടാകുകയില്ല. നമുക്ക്‌ സ്വയം നന്നാവാനും ഈ ലോകം മുഴുവനും നന്നാക്കുവാനും ഒരു മന്ത്രം ശ്രീനാരായണഗുരുദേവൻ പറഞ്ഞുതന്നിട്ടുണ്ട്‌. അത്‌ നിങ്ങൾ നിത്യവും ഉരുവിടുക. മന്ത്രം ഇതാണ്‌.

“അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ്‌ വരേണം”

നമ്മുടെ ആത്‌മസുഖത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക്‌ ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്‌. അവർക്കും സുഖം ഉണ്ടാകുന്നപ്രവർത്തിയെ ചെയ്യാവൂ. ഇങ്ങനെ ചെയ്യാനുള്ള മനോഭാവം നമ്മൾ വളർന്നുവന്നാൽ സമൂഹത്തിൽ വഴക്കും വയ്യാവേലിയും ഒന്നും ഉണ്ടാകുകയില്ല.

ഇതുവെരെ പ്രസിദ്ധീകരിച്ച കൃതികൾ പുരസ്‌ക്കാരങ്ങൾ?

അമ്മൂമ്മയുടെ കോഴി, ആനപ്പാപ്പാൻ, അണ്ണാറക്കണ്ണനും പൂച്ചക്കുറിഞ്ഞിയും, സ്വർണ്ണക്കടുക്കൻ, മിന്നാമിനുങ്ങും തവളയും, കുഞ്ഞാറ്റക്കുരുവികൾ, മറുനാടൻ മലയാളിപ്പെണ്ണ്‌, ശ്രീനാരായണഗുരു, ഗുരുദേവൻ കഥകളിലൂടെ, ഗുരുദേവന്റെ അത്ഭുതകഥകൾ, സ്വാമി വിവേകാനന്ദ കഥകൾ, ചെമ്മീന്റെ വിമാനയാത്ര, കുട്ടികൾക്കുള്ള രസകരമായ കഥകൾ, എലിയുടെ സൂത്രം, പൂവും പൂമ്പാറ്റയും, ആമയും അരയന്നങ്ങളും, കുറുക്കന്റെ കൗശലം, പല്ലിക്കുഞ്ഞും ചക്കിപ്പൂച്ചയും, ഗ്രാമത്തിലിറങ്ങിയ സിംഹം, പൂവമ്പഴത്തിന്റെ വിനോദയാത്ര, പൂച്ചയ്‌ക്ക്‌ മണികെട്ടി, ആട്‌വളർത്തിയ കുരങ്ങ്‌, മുത്തശ്ശിയുടെ ചിരി, നുണപറയാത്ത പെൺകുട്ടി, ആദിവാസി പറഞ്ഞ കഥ, കാക്കക്കൂട്ടിൽ കുയിൽക്കുഞ്ഞുങ്ങൾ, മണ്ണപ്പവും പഴത്തൊലിയും, അപ്പൂപ്പനും പേരക്കുട്ടിയും.

ഗുരുചൈതന്യ അവാർഡ്‌, സൗഹൃദംലിറ്റററി അവാർഡ്‌, ആശാൻ സ്‌മാരക സാഹിത്യവേദി പുരസ്‌ക്കാരം, ഗുരുദർശന അവാർഡ്‌, തൂമ്പായിൽ ട്രസ്‌റ്റ്‌ സാഹിത്യ അവാർഡ്‌, ബാലസാഹിത്യസമിതി പുരസ്‌ക്കാരം, ഗരുരത്‌നം അവാർഡ്‌, എന്നീ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. ആകാശവാണിയിലും, പുഴ.കോമിലും കുട്ടികൾക്കുവേണ്ടി കഥകൾ അവതരിപ്പിക്കാറുണ്ട്‌.

കുടുംബം - ഭാര്യഃ മഹേശ്വരി സത്യൻ, മക്കൾഃ ബൈജു, സതീശ്‌, മരുക്കൾഃ ജയന്തിബൈജു, പ്രിയസതീശ്‌, പേരക്കുട്ടികൾഃ സൂര്യബൈജു, ആര്യബൈജു, കൃഷ്‌ണപ്രസാദ്‌, കൃഷ്‌ണേന്ദു.

വിലാസംഃ സത്യൻതാന്നിപ്പുഴ, തുമ്പായിൽ, ഒക്കൽ.പി.ഒ, - 683 550, കാലടി, എറണാകുളം. ഫോൺ - 0484 -2462084. മൊബഃ9846924830.

കെ. വിഷ്‌ണുനാരായണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.