പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ദേവസ്വമെന്ന വെളളാനയും പരിശുദ്ധ മതേതരവെളിപാടുകളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മലേഖനം

വഹ്നിസന്തപ്‌തലോഹസ്ഥാം ബുബുന്ദിനാ

ക്ഷണഭംഗുരം മർത്തൃജൻമം.

ചുട്ടുപഴുത്ത ഇരുമ്പിൻമേൽ പതിച്ച ജലകണികകൾ പോലെ മർത്തൃജൻമം നൈമിഷികമാണ്‌. നിത്യനല്ല ഭഗവാൻ പറഞ്ഞിട്ടുളളതങ്ങിനെയാണ്‌. അതിനുശേഷം പറഞ്ഞത്‌ വായിച്ചിട്ടില്ലെങ്കിലും വലിയ കുഴപ്പമില്ല. വായന തുടരുന്നതിലും നല്ലത്‌ ആ സമയം ദേവസ്വം ബോർഡിലേക്കോ മറ്റോ ആഴത്തിലിറങ്ങി സേവിക്കുകയാണ്‌. മഹാലക്ഷ്‌മീസേവ നടത്തുകയാണ്‌.

ജീവിതത്തിന്റെ നൈമിഷികത ഭഗവാനെക്കാളും അസ്സലായി മനസ്സിലാക്കിയവരാണ്‌ ദേവസ്വം മേമ്പ്രൻമാർ. ഭഗവാൻ പറഞ്ഞത്‌ ജീവിതത്തിൽ പകർത്തി ഭഗവാനുതന്നെ മാതൃക കാണിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. നമുക്ക്‌ ജീവിതമെന്നാൽ തന്നെ അധികാരമാണ്‌. മേമ്പ്രൻ പദവി നൈമിഷികമാണ്‌. എക്കാലത്തേക്കുമുളളതല്ല. സംഗതി നൈമിഷികമായതിനാൽ ഒന്നുകിൽ നമ്മൾ ചാകുന്നതിനുമുൻപ്‌ അല്ലെങ്കിൽ ബോർഡ്‌ അസ്‌തുവാകുന്നതിന്‌ മുൻപ്‌ അതുമല്ലെങ്കിൽ എന്നെങ്കിലും കണ്ണുതുറക്കുന്ന ദൈവം മനംമടുത്ത്‌ ആത്മഹത്യചെയ്യുന്നതിന്‌ മുൻപ്‌ അതുമല്ലെങ്കിൽ യുക്തിവാദികളുടെ കൈയ്യാൽ ബലിദാനിയാകുന്നതിനുമുൻപ്‌ കാട്ടിലെ മരം തേവരുടെ ആന വലിയെടാവലി നയം നടപ്പിലാക്കി നാലുമുക്കാലുണ്ടാക്കുക. ആയതിന്‌ ശേഷം സ്വർഗ്ഗം ഉറപ്പാക്കാൻ ഭക്തജനങ്ങൾക്ക്‌ അവലംബിക്കാവുന്ന ചില മാർഗ്ഗങ്ങളുണ്ട്‌.

കട്ടും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയതിൽ നിന്നും നാലുമുക്കാലെടുത്ത്‌ രണ്ട്‌ ട്യൂബും പട്ടീസും വാങ്ങി ട്യൂബിൽ നിന്നും വെളിച്ചം മാത്രം പുറത്തേക്കുവരാത്ത വിധത്തിൽ അംശം ദേശം താലൂക്ക്‌ സഹിതം സമ്പൂർണ്ണ ബയോഡാറ്റ രേഖപ്പെടുത്തുക. സ്ഥലം ആവശ്യത്തിനില്ലെങ്കിൽ ആരുടെ സ്‌മരണാർത്ഥം എന്നത്‌ ചുമരിലെഴുതിയാലും മതിയാവും. ഇലക്‌ട്രിക്‌ വെളിച്ചമില്ലാത്തതുകൊണ്ട്‌ ഭഗവാൻ വഴിപിഴച്ചുപോകുമെന്ന്‌ ഭയക്കേണ്ടതില്ല. ഭക്തജനങ്ങൾക്കും പ്രശ്‌നമുണ്ടാവുകയില്ല. ഇന്നോളം ട്യൂബ്‌, സി.എഫ്‌.എൽ ആദിയായ സംഗതികൾ ഉളളിലെ അന്ധകാരം നീക്കുക എന്ന ധർമ്മം നിർവ്വഹിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.

ആളെപ്പറ്റിച്ച്‌ നേടിയതിൽ നിന്നും നാലുമുക്കാലെടുത്ത്‌ കൊടിമരം അല്ലെങ്കിൽ പടി സ്വർണ്ണം പൂശുക. സർക്കാരും ദേവസ്വം ബോർഡും സഹായിച്ച്‌ ദൈവത്തിന്റെ കഥ ഭംഗിയായി കഴിയുന്നുണ്ടെന്നാണറിയുന്നത്‌. അതുകൊണ്ട്‌ ആർക്കും ഒരുപദ്രവവും ചെയ്യാത്ത ആ മഹാനും നാളെ ആദിവാസിയുടെ ധനസ്ഥിതി കൈവരുവാൻ സാധ്യതയുണ്ട്‌. ആദിവാസി വയറിളകി ചത്തുവെന്നു കേട്ടപ്പോൾ ഒരു ചങ്ങാതി അടുത്തിടെ പ്രതികരിച്ചത്‌ ഇങ്ങിനെയായിരുന്നു. ‘ആശ്വാസം, വല്ലതും കഴിച്ചിട്ടായിരിക്കുമല്ലോ വയറിളകിയത്‌’ എന്നായിരുന്നു. അങ്ങിനെയൊരു ഘട്ടം വരുമ്പോൾ കൊടിമരം വല്ല ലോർഡ്‌ കൃഷ്‌ണാ ബാങ്കിലോ മറ്റോ പണയം വച്ച്‌ ദൈവത്തിനെങ്കിലും പശിയടക്കാനാവുമല്ലോ?

കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഈശ്വരനല്ലോ എന്നത്‌ നിത്യന്‌ ശരിക്കും പിടികിട്ടിയത്‌ ഈയടുത്ത കാലത്താണ്‌. സകലദൈവങ്ങളും ഇങ്ങോട്ട്‌ കൈയ്യയഞ്ഞു സഹായിച്ചതുകൊണ്ട്‌ ഇന്നോളം സഹായാഭ്യർത്ഥനകളും കാണിക്കകളുമായി നിത്യന്‌ അങ്ങോട്ട്‌ പോകേണ്ടിവന്നിട്ടില്ല. നിത്യന്റെ ഗണത്തിൽപ്പെട്ടവർക്കാർക്കും നമ്മളൊന്നും ഭഗവാന്‌ കൊടുത്തില്ലല്ലോ എന്നൊരു തോന്നലിന്റെയും ആവശ്യവുമില്ല. കാരണം അടുത്ത കാലത്താണല്ലോ നമ്മുടെയെല്ലാം ആരാധ്യപുരുഷൻ വിജയ്‌മല്ല്യ ശബരിമലയിലെ കൊടിമരവും പടികളുമെല്ലാം സ്വർണം പൂശിയത്‌. ചെയ്‌തത്‌ മല്യയാണെങ്കിൽ മക്‌ഡോവലാണെ സത്യം അതിൽ നിത്യന്റെയൊരു പങ്കുണ്ട്‌. മാത്രമല്ല നിത്യനോടൈക്യദാർഢ്യം പ്രഖ്യാപിച്ച ഭൂമിമലയാളത്തിലെ മഹാഭൂരിപക്ഷത്തിന്റെ പങ്കുണ്ട്‌. തിരഞ്ഞെടുപ്പിൽ ജയിച്ചവന്റെ ഭൂരിപക്ഷം പോലുളള സാങ്കല്പിക കണക്കൊന്നുമല്ലിത്‌. ഇനി ആണുങ്ങളുടെ പങ്കു മാത്രമാണോ? അല്ല. ആണുങ്ങൾ രണ്ടടിച്ചാൽ കെട്ടിയോൾക്ക്‌ ഇരട്ടിയാക്കി നാലുകൊടുത്ത്‌ വീര്യം പ്രകടിപ്പിക്കാത്ത ഒരു ലോകത്തെപ്പറ്റി, മല്യയില്ലാത്ത ഒരിന്ത്യയെപ്പറ്റി സുഹൃത്തേ ആർക്കാണൂഹിക്കാനാവുക? അതുകൊണ്ട്‌ രണ്ടു പെഗ്ഗടിച്ചാൽ അവിൽ നിവേദ്യം കഴിച്ച ഫലമാണ്‌. കുടിക്കുന്നവന്‌ നിർവൃതി, ഒപ്പം സകുടുംബം ദൈവത്തിന്‌ കാണിക്കയും. ദൈവത്തിനുളള പങ്ക്‌ നമ്മൾ ചിന്തിക്കേണ്ടതില്ല. കാണിക്ക അറ്റ്‌ സോർസ്‌ ആയി മല്യ അത്‌ നേരിട്ടെത്തിച്ചുകൊളളും.

ഓക്‌സിജൻ എന്നുകേട്ടാൽ അതെന്തോന്ന്‌ സാധനം എന്നു പലരും ചോദിച്ചേക്കാം. എം.സി എന്നുകേട്ടാൽ ഒരു ലഹരി തലവഴി ആത്മാവിലേക്കിറങ്ങി മുഖം പ്രകാശമാനമാകാത്തവരായി ആരുണ്ട്‌? സമ്പൂർണ്ണ സാക്ഷരതക്ക്‌ സ്വന്തം പേര്‌ മലയാളത്തിൽ എഴുതാനും വായിക്കുവാനും അറിയണമെന്നേയുളളു. മദ്യസാക്ഷരതയിൽ എന്തെല്ലാം ഇംഗ്രീസാണ്‌ പഠിക്കേണ്ടത്‌. ഒരൊറ്റ കുപ്പിയുടെ പേര്‌ മലയാളത്തിലില്ല. പാലളക്കുമ്പോലെ ഒയക്ക്‌, ആയക്ക്‌, ഉരി അളവുകളില്ല. സ്‌മാൾ, പെഗ്‌, ലാർജ്‌, ഡബ്‌ൾലാർജ്‌, അനന്തരം ഓഫ്‌. ഇതെല്ലാം പഠിക്കുന്നതാകട്ടെ ബ്രാഹ്‌മണൻ ഋഗ്വേദം പഠിക്കുന്ന പോലെയാണ്‌. ഓതി പഠിക്കലാണ്‌ ഏതി പഠിക്കലല്ല. അത്‌ ചില്ലറ സാഹസമാണോ? അത്രക്ക്‌ ഇംഗ്ലീഷ്‌ പഠിച്ചാൽ ശരിക്കും ഇംഗ്ലീഷിൽ ഡോക്‌ടറേറ്റ്‌ കൊടുക്കേണ്ടതാണ്‌. പാണക്കാട്ടെ തങ്ങൾക്ക്‌ ഡോക്‌ടറേറ്റ്‌ കൊടുക്കാമെങ്കിൽ ഇവർക്ക്‌ കൊടുക്കാത്തതിന്റെ കാരണമാണ്‌ കാലിക്കൂത്ത്‌ വി.സി ബോധിപ്പിക്കേണ്ടത്‌.

അതുകൊണ്ട്‌ വെളളമടിക്കാത്ത ഒന്നിനും കൊളളാത്ത ന്യൂനപക്ഷം കൃത്യമായി പോവുക. കാണിക്ക മുടക്കാതിരിക്കുക. ദൈവത്തെ പറ്റിച്ചാലും സർക്കാരിനെ പറ്റിക്കരുത്‌. സർക്കാരിന്‌ അതാവശ്യമായി വന്നേക്കും. ആവശ്യം പിന്നെ പറയാം.

ദേവസ്വത്തിനാര്‌ മണികെട്ടും എന്ന ദാർശനീക പ്രശ്‌നത്തിൽ ഒരു ഭാഗത്ത്‌ വകുപ്പ്‌ മന്ത്രിയും മറുഭാഗത്ത്‌ നായൻമാരുടെ പണിക്കരും രണ്ടറ്റവും ആളുമ്പോൾ നടുപിടിക്കാൻ ഈഴവരുടെ ആത്മീയനേതാവ്‌ നടേശഗുരുവും അണിനിരന്ന കാഴ്‌ചയാണ്‌, കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന സംഭവവികാസങ്ങളാണ്‌ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. പേരുപോലെ പണിക്കർ സ്വയം ചെണ്ടകൊട്ടുന്ന ആളല്ല. മൂപ്പരുടെ കഴിവ്‌ മുഴുവൻ പ്രകടമാവുന്നത്‌ കൊട്ടുന്നതിലല്ല കൊട്ടിക്കുന്നതിലാണ്‌. കേരളത്തിലെ വിപ്ലവപ്രതിഭകൾ തൊട്ട്‌ വിപ്ലവകാരികളുടെ ഇപ്പോഴത്തെ ആത്മീയ നേതാവും പൂർവ്വാശ്രമത്തിൽ കരിങ്കാലിയുമായിരുന്ന മഹാൻ വരെ എത്രപേരാണ്‌ പണിക്കർക്കുമുന്നിൽ നിന്നാഞ്ഞു കൊട്ടിയത്‌. പുണ്യവാളൻമാരും അപവാദമല്ല. മൊത്തത്തിൽ വഞ്ചനയിൽ കാപട്യമില്ലെന്ന സമുദായപ്രേമത്തിൽ അധിഷ്‌ഠിതമായ ചേരിചേരാനയമാണ്‌ നടേശന്റെയും പണിക്കരുടെയും ജീവിതവിജയം.

* * * * * *

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യഭിചരിക്കപ്പെടുന്ന പദമേതെന്ന്‌ ചോദിച്ചാൽ ഒറ്റയുത്തരമേയുളളൂ-മതേതരത്വം. ന്യൂനപക്ഷം, ഹിന്ദുവർഗ്ഗീയത, ഹൈന്ദവഫാസിസം എന്നിങ്ങനെ നൂറ്റൊന്നു പ്രാവശ്യം ഉരുവിട്ടാൽ ആളസ്സൽ മതേതരവാദി. അപ്പോഴും ദൈവമെന്ന ഊന്നുവടിയുടെ സഹായമില്ലാതെയും ഒരു മതാചാരപ്രകാരവും ജീവിക്കാത്തതുമായ നിത്യൻ മതേതരനായിക്കൊളളണമെന്നില്ല. മതേതരം പറയാത്തതുകൊണ്ട്‌ യുക്തിവാദപ്പട്ടവും ലഭിക്കുകയില്ല. ഒരു ദൈവവിശ്വാസിക്ക്‌ അല്ലെങ്കിൽ ഒരു മതവിശ്വാസിക്ക്‌ എങ്ങിനെയാണ്‌ മതേതരനാവാൻ കഴിയുക. മതവിശ്വാസിയായ മതേതരവാദിയുമായി താരതമ്യം ചെയ്യാൻ ഭ്രാന്തില്ലാത്ത ഭ്രാന്തൻനായയല്ലാതെ മറ്റെന്താണുളളത്‌?

നമ്മൾ തീർത്തും മതേതരരാവുന്നതിന്റെ ചില ലക്ഷണങ്ങളാണ്‌ ഇനി പറയുന്നത്‌.

* ദൈവസഹായത്തിന്‌ കൈനീട്ടുകയോ ദൈവത്തിന്‌ തന്നാലാവുന്ന സഹായം ചെയ്യുകയോ ചെയ്യാത്ത നിത്യനടക്കമുളളവരുടെ നികുതിപ്പണമെടുത്ത്‌ ഇസ്ലാമിൽ വിശ്വസിക്കുന്നവനെ സർക്കാർ ചിലവിൽ ഹജ്ജിനയക്കുമ്പോൾ

* മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെയും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരുടെയും കാശെടുത്ത്‌ മുക്രിക്കും അളളാക്കും പളളിക്കും ചിലവിന്‌ കൊടുക്കുമ്പോൾ

* വഖഫ്‌ ബോർഡിലും ക്രൈസ്‌തവസഭകളിലും അന്യമതവിശ്വാസികൾക്ക്‌ പ്രവേശനമില്ലാത്തപ്പോൾ ദേവസ്വം ബോർഡിലേക്ക്‌ ഏത്‌ ജാതിക്കാരനെയും അയക്കുമ്പോൾ

ദരിദ്രവാസികൾ പോകേണ്ടതില്ല. ജീവിതത്തിൽ സമ്പാദ്യമുളളവർ ജീവിത സായാഹ്നത്തിൽ അതെല്ലാം ദാനം ചെയ്‌ത്‌ സ്വയം പരമകാരുണ്യകനായ അളളാവിലർപ്പിച്ച്‌ അനുഷ്‌ഠിക്കേണ്ട പരിശുദ്ധ ഹജ്ജ്‌ കർമ്മത്തിന്‌ സർക്കാർ സബ്‌സിഡി എന്നുകേട്ടാൽ വായനക്കാരാ എവിടെയോ ഒരു മതേതര വിഡ്‌ഢിച്ചിരി മുഴങ്ങുന്നില്ലേ? മുസ്ലീം മതതീവ്രവാദികൾ വാഴുന്ന പാക്കിസ്ഥാനിൽപോലും കേട്ടുകേൾവിയില്ലാത്ത സംഗതിയാണ്‌ ഹജ്ജിന്‌ സബ്‌സിഡിയെന്നറിയുമ്പോൾ മതതീവ്രവാദികളെക്കാൾ തല്ലിപ്പൊളികൾ മതേതരവാദികളാവുകയല്ലേ ചെയ്യുന്നത്‌?

അതുകൊണ്ട്‌ വിശ്വാസികൾ മെക്കയിലെ സാങ്കല്പിക ചെകുത്താനെ കല്ലെറിയാൻ വരട്ടെ, പോകുന്നതിനുമുൻപ്‌ ഒരു വലിയ ഉരുളൻ കല്ല്‌ ഇവിടുളള മതേതര ശെയ്‌ത്താന്റെ തലക്കിട്ടാൽ അത്രയെങ്കിലും പുണ്യം കിട്ടാതിരിക്കില്ല.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.