പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

യോഗാഭ്യാസിക്കും ഗ്യാസ്‌ട്രബ്‌ളോ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

ബൃഹത്തായ ഇന്ത്യൻ ഭരണഘടന മുഴുവനായും അരച്ചുകലക്കിക്കുടിച്ച ആളാണ്‌. ലോകക്ഷേമാർത്ഥം പണ്ട്‌ പരമശിവൻ കാളകൂടം കുടിച്ചപോലെ. ഭർത്താവിനെ രക്ഷിക്കുവാൻ ലോകചരിത്രത്തിലാദ്യമായി ഭാര്യ കഴുത്തിന്‌ പിടിച്ച സംഭവവും അരങ്ങേറിയത്‌ അന്നുതന്നെയായിരുന്നു. അങ്ങിനെ കാളകൂടം കയ്യാലപ്പുറത്തെ തേങ്ങപോലെ തൊണ്ടയിൽ വിശ്രമിച്ചു. മൂപ്പർ നീലകണ്‌ഠനായി. എന്നാൽ സോംനാഥ്‌ ചാറ്റർജി നീലകണ്‌ഠനും നിരുദ്ധകണ്‌ഠനും ബധിരകർണനുമൊന്നുമായില്ല. കുടിക്കുന്നതിനനുസരിച്ച്‌ കുഞ്ചൻ പറഞ്ഞതുപോലെ വിലങ്ങനെയങ്ങട്‌ വളർന്നു.

മേമ്പ്രൻമാരുടെ ആനുകൂല്യങ്ങളെപ്പറ്റി പറയുന്ന ഭാഗം വേണ്ടത്ര അരയാത്തതുകൊണ്ടോ മറ്റോ അതത്രകണ്ട്‌ ദഹിച്ചില്ല. അതുകൊണ്ടൊരു ദഹനക്കേടുണ്ടായി. യോഗാഭ്യാസി ഗ്യാസ്‌ട്രബ്‌ളിന്‌ ചികിത്സിക്കുകയോ? ചികിത്സിക്കുന്നതാണ്‌ അപമാനം. വാദ്യഘോഷങ്ങളോടുകൂടിയുളള ഗായത്രീമന്ത്രം കേട്ടിട്ടാണ്‌ നിത്യനുണർന്നത്‌ തന്നെ. മന്ത്രം ഒരു ടാപ്പുവഴി തുറന്നിടുവാനുളളതല്ല. മന്ത്രിക്കുവാനുളളതാണ്‌. ഇനി നിത്യനെപ്പോലുളള പോത്തിന്റെ ചെവിയിൽ ഗായത്രിമന്ത്രം കലക്കിയൊഴിച്ചാൽ തന്നെ മന്ത്രത്തിനെന്തെങ്കിലും തകരാറുവരികയല്ലാതെ നിത്യൻ നന്നാവുകയില്ല. അതുപോലെ തന്നെയാണ്‌ ഭരണഘടനാപാണ്ഡിത്യവും.

അന്യന്റെ മുതൽ കാംക്ഷിക്കരുതെന്ന്‌ മനസ്സിലാക്കുവാൻ ബൈബിൾ വായിക്കണമെന്നില്ല. പൊതുവഴിയിൽ കാണുന്ന തേങ്ങ ആരുടെ മുതലാണ്‌? തെങ്ങ്‌ വേണ്ടെന്നു പറഞ്ഞതുകൊണ്ടാണല്ലോ താഴെവീണത്‌. അതെടുത്തുകൊണ്ടുപോവുന്നത്‌ എങ്ങിനെയാണ്‌ അന്യന്റെ മുതൽ മോഷണമാവുക, ഭരണഘടനാലംഘനമാവുക. നിയമങ്ങൾ നാട്ടിൽ രണ്ടുകൂട്ടർക്കുവേണ്ടിയുളളതാണ്‌. ത്രാണിയില്ലാത്തവർക്ക്‌ അതനുസരിച്ച്‌ ജീവിക്കുവാനും മെയ്‌വഴക്കമുളളവർക്ക്‌ കടന്നുമറിയുവാനും.

ഇത്രയും ഭരണഘടനാവിശാരദൻമാർ സഭയിലും ആദിശേഷനെവരെ പോരിനുവിളിക്കാൻ ചങ്കുറപ്പുളള ഭരണഘടനാപയറ്റുവിദഗ്‌ദ്ധൻ ശേഷയ്യനെപ്പോലുളള യോഗ്യൻമാർ അതിന്റെ കോലായിലും പരശ്ശതം സിക്രട്ടറിമാർ ചേതിക്കും നിയമത്തിന്റെ തലനാരിഴകീറി റൊട്ടികട്ടവന്‌ ജീവപര്യന്തം വിധിക്കുന്ന യോഗ്യർ വേലിയിലുമിരുന്ന്‌ സംരക്ഷിക്കുന്ന സംഗതിയാണ്‌ ചിതലരിച്ചത്‌. നാലുഭാഗവും പോലീസുകാരാൽ ചുറ്റപ്പെട്ട കലക്‌ട്രേറ്റിലെ ചന്ദനമരം മോഷണംപോയതു സംബന്ധിച്ച്‌ വല്ല ഫയലും ഇനിയുണ്ടെങ്കിൽ അതൊക്കെ താമസിയാതെ ക്ലോസുചെയ്‌ത്‌ ആറടിമണ്ണിൽ കുഴിച്ചുമൂടുവാനും സകലമാന അഴിമതി കേസുകളും പിരിച്ചുവിട്ട്‌ പ്രതികളായവർക്കെല്ലാം അവരുടെ റിമാന്റ്‌ കാലം പരിഗണിച്ച്‌ പെൻഷൻ കൊടുക്കുവാനുമുളള സമയമാണ്‌ സമാഗതമായിരിക്കുന്നത്‌.

പത്തുനാല്‌പതു കൊല്ലത്തിലേറെയായി സഭയിലാണ്‌ വിപ്ലവപ്രവർത്തനം. ഒടുവിൽ അദ്ദേഹം ആ മഹാസത്യം കണ്ടെത്തി-പാർലിമെന്ററി ഡമോക്രസിയെ കവച്ചുവെക്കുവാൻ ഒരു സംഗതി ലോകത്ത്‌ വേറെയില്ല. ഈ വിവരം അഥവാ വിപ്ലവത്തിന്റെ ഐ.സി.യു പ്രവേശനം പാർട്ടിയെ ഇതിനകം അറിയിച്ചിട്ടുണ്ടാവുമെന്ന്‌ തോന്നുന്നു. ആശാൻ നാല്‌പതുവർഷം തികച്ച ശേഷം കണ്ടെത്തിയ മഹാസത്യമാണ്‌. ഇതോടുകൂടി വിപ്ലവപ്രവർത്തനങ്ങളുടെ നാല്‌പത്തൊന്നു കഴിഞ്ഞെന്നൊന്നും ആരും കരുതിക്കളയരുത്‌. ഇതെല്ലാം വിപ്ലവത്തിന്റെ ഓരോ ഘട്ടങ്ങളാണ്‌. സ്‌റ്റേറ്റ്‌ കൊഴിഞ്ഞുപോകുമെന്ന്‌ മാർക്‌സ്‌ പറഞ്ഞ അവസ്ഥയിലേക്ക്‌ പതിനെട്ട്‌ പടിയാണുളളത്‌. പതിനേഴാമത്തെ പടിയിൽ നില്‌ക്കുന്ന പോലീസുകാരന്‌ പടികൊടുത്താൽ പ്രാപിക്കാവുന്ന ഒടുക്കത്തെ പടിയിൽ നിന്ന്‌ ദർശിക്കാവുന്ന അവസ്ഥയാണത്‌. അതിലേക്കുളള ഒരു പടി കടന്നുകിട്ടി.

നാല്‌പതുവർഷത്തെ നിസ്വാർത്ഥ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ആവശ്യമൊന്നുമില്ല. സഭ ഒന്ന്‌ കൺകുളിർക്കെ കണ്ടാൽതന്നെ ശിഷ്‌ടകാലം സുഭിക്ഷം കഴിയാനുളള വക മാനം മര്യാദയായിത്തന്നെ ലഭിക്കുന്ന ഏക തൊഴിൽ മേമ്പ്രൻ പണിയാണ്‌. പണിയൊന്നുമില്ല. നാവൊന്നനങ്ങണം. അനങ്ങിയില്ലെങ്കിലും കുഴപ്പമില്ല. ഭാരം താങ്ങാനാവാതെ കസാര കരയുന്നതാണ്‌ ചില മഹാൻമാർ വന്നിട്ടുണ്ടെന്നുളളതിനുളള ഏക തെളിവ്‌. അണ്ടിപ്പരിപ്പിന്റെ ഗോഡൗൺ കാലിയാവുന്നത്‌ ജീവിക്കുന്നുണ്ടെന്നതിനുളള തെളിവും. ശിഷ്‌ടകാലം കഴിഞ്ഞുകൂടുവാനുളള ആനുകൂല്യങ്ങളുടെ പട്ടികയെടുത്താൽ ചുരുങ്ങിയത്‌ കാശ്‌മീർ മുതൽ കന്യാകുമാരി വരെയുളള ദേശീയപാതയുടെ നീളം കാണും. അതാണ്‌ ഇന്ത്യൻ പാർലിമെന്റിന്റെ മഹത്വം. വിപ്ലവകാരി-ബൂർഷ്വാ വർഗഭേദങ്ങളില്ലാത്ത ഒന്നാംതരം സോഷ്യലിസം. സോഷ്യലിസം ഇന്ത്യയിൽ മറ്റൊരിടത്ത്‌ കാണണമെങ്കിൽ പിന്നെ ചാരായഷാപ്പിൽ പോകണം.

മൂപ്പർ പണ്ട്‌ പാർലിമെന്റിലെ ഗർജിക്കുന്ന സിംഹമായിരുന്നു. അന്നീ ഗർജനം കേട്ട്‌ കണക്കില്ലാത്തത്ര ബൂർഷ്വകൾ ആലിലപോലെ വിറച്ചു. അതിൽ ചിലർ മരിച്ചു എന്നതെല്ലാം ചരിത്രം. ബാക്കിയായ ചിലർ സഭവിട്ടോടി. അവരെയന്വേഷിച്ച്‌ പെൻഷൻ പിന്നാലെയോടി. ഗർജനത്തിന്റെയും ഓരിയിടലിന്റെയും അതിർവരമ്പുകൾ വളരെ നേർത്തതാണ്‌. മാനാപമാനങ്ങളുടെ അതിർവരമ്പുകൾ പോലെ. അർഹിക്കാത്തത്‌ കൈപ്പറ്റുന്നത്‌ അഴിമതിയാണെന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഭാരതഭൂവിഭാഗത്തെ എൺപതുശതമാനത്തിനും നാണം മറയ്‌ക്കുവാൻ ഒരുതുണിയല്ലാതെ മറ്റൊന്നില്ലാത്തതുകൊണ്ട്‌ തനിക്കും അതിനവകാശമില്ലെന്ന ഉത്തമബോദ്ധ്യമുളളതുകൊണ്ടാണ്‌ ഗാന്ധിജി ഒറ്റമുണ്ടുമുടുത്ത്‌ വെളളം കട്ടയാവുന്ന തണുപ്പിൽ ബിലാത്തിയിൽ വട്ടമേശസമ്മേളനത്തിനുപോയതും വിൻസ്‌റ്റൺ ചർച്ചിൽ വഴിനീളെ എയർകണ്ടീഷൻ ചെയ്യിച്ചതും. മറ്റുളളവരെപ്പോലെ ഒറ്റമുണ്ടുടുക്കുന്നത്‌ മഹാത്മജിക്ക്‌ അഭിമാനം. അത്‌ കോൺഗ്രസുകാർക്ക്‌ അപമാനം. യഥാർത്ഥ അഭിമാനം കോൺഗ്രസുകാർ കണ്ടെത്തുക അവന്റെ ഒറ്റമുണ്ടും പിടിച്ചുപറിക്കുന്നതിലാണ്‌.

ആളുകൾ ഭയന്നുവിറക്കുക, നവാഗതർ ഭയന്നുവിറച്ച്‌ ഇറങ്ങിയോടുക തുടങ്ങിയ പല കാരണങ്ങളും കണക്കിലെടുത്ത്‌ രാജ്യതാത്‌പര്യാർത്ഥം പാർട്ടി അടുത്ത കാലത്തായി ഒരു തീരുമാനമെടുത്തു. സോംനാഥ്‌ തല്‌ക്കാലം ഇനി ഗർജിക്കേണ്ടതില്ല. ഇനിയങ്ങോട്ട്‌ പണി ചെയറിലിരിപ്പ്‌. സായിപ്പ്‌ പോകുമ്പം ഇവിടെയിട്ടുപോയ മൂന്നുനാലു തലേക്കെട്ടുകൾ കിണറ്റിനുവേലികെട്ടിയപോലെ ചുറ്റിലുമുണ്ടാവും. അവർക്കിടയിൽ അവരിലൊരാളായല്ലാതെ അന്തസ്സിലങ്ങിനെ ഇരിക്കുക. ഇടയ്‌ക്കിടക്ക്‌ ഇടക്കവാദനം പോലെ താളാത്മകമായ സാർ വിളിയിൽ മനസ്സ്‌ ആനന്ദനൃത്തം ചവിട്ടിയാൽ മാത്രം മതി. അപ്പോൾ മൺമറഞ്ഞുപോയ, പലപ്പോഴും കഴുത്തിന്‌ മീതെ തലയുണ്ടോയെന്ന്‌ തപ്പി നോക്കേണ്ടിവന്ന പൂർവ്വസൂരികൾക്ക്‌ നന്ദിപറയുകയുമാവാം. നിർബന്ധമൊന്നുമില്ല. അദ്ധ്യക്ഷോദ്യോഗം എന്നാണതിനു പറയുക. ലോകത്തിന്‌ ഈ പണി സംഭാവന ചെയ്‌തതും നമ്മളാണ്‌.

വായക്ക്‌ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന ചൊല്ല്‌ മൂപ്പരെ സംബന്ധിച്ചിടത്തോളം മുഴുവനായും ശരിയാണെന്ന്‌ സുഹൃത്തുക്കൾ കൂടി പറയുകയില്ല. പാർലിമെന്ററി ജനാധിപത്യത്തിലും നല്ലൊരു സംഗതി ഭൂമിമലയാളത്തിലില്ല എന്നാണ്‌ മൂപ്പർ പറഞ്ഞിട്ടുളളത്‌. ഇതൊക്കെയാണെങ്കിലും ഒരുകാര്യം മൂപ്പരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. ജനാധിപത്യത്തിന്റെ കാവൽമാലാഖമാരുടെ സഭയെ യുവാക്കൾ അത്രകണ്ട്‌ നമ്പുന്നില്ലെന്നൊരു തോന്നലാണ്‌ ഇപ്പോഴത്തെ ഏക ദുഃഖം. അതിനൊരു പ്രതിവിധിയും മൂപ്പർ വിധിച്ചിട്ടുണ്ട്‌. ചെറുപ്പക്കാരെ വിശ്വാസത്തിലെടുക്കാൻ സഭ അവർക്കായി എന്തെങ്കിലും ചെയ്‌തുകൊടുക്കണം.

നിത്യനും അതുതന്നെയാണ്‌ പറയുവാനുളളത്‌. അബദ്ധത്തിൽ പോലും അത്‌ ഉപകാരത്തിനാവുകയില്ലെന്നുറപ്പുവരുത്തുവാൻ ഒരു പാർലിമെന്ററി കമ്മിറ്റിയെ ആദ്യം നിയമിക്കണം. പണ്ടൊരു മൃഗസ്‌നേഹി പട്ടിക്കെറിഞ്ഞുകൊടുത്ത ഇറച്ചിക്കഷണത്തിന്റെ ശില്‌പത്തെ മാതൃകയാക്കിയായിരിക്കണം പരമാവധി സഹായം.

ലക്ഷങ്ങൾ പ്രതിമാസം സേവനത്തിനുളള പ്രതിഫലവും പതിനായിരങ്ങൾ പണ്ടുചെയ്‌തു കൊടുത്ത പലേ ഉപകാരങ്ങൾക്കുളള പെൻഷനായും വാങ്ങി രാജ്യസേവനത്തിന്‌ ഒരുദാത്തമാതൃക സൃഷ്‌ടിക്കുന്ന യോഗ്യൻമാരെ യുവാക്കൾ മാതൃകയാക്കാത്തതിന്റെ കാരണമാണ്‌ നിത്യനിനിയും പിടികിട്ടാത്തത്‌. ഗർജനത്തിന്റെ എണ്ണം വച്ച്‌ കാശുവാങ്ങുന്ന വിപ്ലവകാരികൾ നയിക്കാനുളളപ്പോൾ യുവാക്കൾ എന്തിങ്ങനെ വഴിപിഴച്ചുപോവുന്നു?

സഭക്ക്‌ അന്തസ്സുണ്ടെങ്കിലും സഭാവാസികൾക്കെല്ലാവർക്കും അന്തസ്സ്‌ വേണമെന്നില്ല. അന്തസ്സൊരു പകർച്ചവ്യാധിയല്ല. സഭയുടെ അന്തസ്സ്‌ കണ്ണിലെ കൃഷ്‌ണമണിപോലെ സൂക്ഷിക്കുന്നവർ കുറച്ചേ കാണുകയുളളൂ. അങ്ങിനെയുളള മഹാരഥൻമാരുടെ ഗാലറിയിലാണ്‌ മൂപ്പരുടെ സ്ഥാനം. ഭയങ്കര പ്രതിപക്ഷ ബഹുമാനവുമാണ്‌. വാദിപക്ഷത്തുതന്നെയായിക്കിട്ടിയത്‌ ഇപ്പോഴടുത്താണ്‌. അങ്ങിനെയുളള അവസ്ഥയിൽ പ്രതിപക്ഷത്തുളളവരെക്കാണുമ്പോൾ ശരിക്കും വേണ്ടത്‌ പുറംകാൽ കൊണ്ട്‌ രണ്ടു കൊടുക്കുകയാണ്‌. പക്ഷേ മൂപ്പർ അത്തരക്കാരനൊന്നുമല്ല. ഋഷിതുല്യമായ മനസ്സാണ്‌. തെന്നിന്ത്യൻ വിപ്ലവവും കഴിഞ്ഞെത്തിയ ഹനുമാനെ എന്തെടേയ്‌ കുരങ്ങാ എന്നുവിളിക്കാതെ ഹരേ! എന്നു സംബോധനചെയ്‌ത ശ്രീരാമന്റെ മനസ്സ്‌. ആ വലിയ മനസ്സിനുമുന്നിൽ ഹനുമാന്റെ വാൽ അപ്രത്യക്ഷമായി. ഡാർവിന്റെ പണി എളുപ്പവുമായി.

നമുക്ക്‌ ഹനുമാന്റെ വാലുവിട്ട്‌ മൂപ്പരിലേക്കുതന്നെ മടങ്ങാം. റൈറ്റ്‌ റ്റു ഇൻഫർമേഷൻ എന്ന ഹലാക്കിന്റെ സാധനമെടുത്ത്‌ ഒരു പൗരൻ തൊടുത്തു. അതു പതിച്ചതാകട്ടെ മൂപ്പരുടെ മേശപ്പുറത്തും. പുളളിക്കാരന്‌ സഭയിലെ ചിലരുടെ മൊത്തം ആസ്‌തിയുടെ കണക്ക്‌ കിട്ടണം. ആളു സഭയിലിരുത്താൻ കൊളളാത്ത കൂട്ടത്തിലുളളതാവാനാണ്‌ സാധ്യത. അതുകൊണ്ട്‌ കിട്ടിയേ അടങ്ങൂ എന്നൊന്നും ഗർജിച്ചതുകൊണ്ട്‌ കാര്യവുമില്ല. അസ്‌ഥിയുടെ കാര്യമാണ്‌ ചോദിച്ചതെങ്കിൽ കൃത്യമായി 206 എന്നോ മറ്റോ ഒരുത്തരമുണ്ടെന്ന്‌ കരുതാം. ആസ്‌തിയുടെ കണക്ക്‌ സാക്ഷാൽ നാന്മുഖൻ വിചാരിച്ചാലും എടുക്കാൻ പറ്റാത്തപരുവത്തിലാണ്‌. അതുകൊണ്ട്‌ മൂപ്പർ സഭാനേതാവിനോടും പ്രതിപക്ഷ നേതാവിനോടും കൂടിയാലോചിച്ച്‌ ഹൃദയവിശാലതയും നൈർമ്മല്യവും സത്യസന്ധതയും നിസ്വാർത്ഥതയും എല്ലാം ഒന്നുകൂടി തെളിയിച്ചുകൊണ്ട്‌ ആസ്‌തിയുടെ കാര്യത്തിൽ ഒരഭിപ്രായ സമന്വയമുണ്ടാക്കി. കണക്ക്‌ കൊടുത്തതായി ഹിന്ദുവുമായുളള അഭിമുഖത്തിലെവിടെയും പറയുന്നില്ല. അതുകൊണ്ട്‌ വിവരാവകാശം ഒരവകാശമല്ല അതൊരൗദാര്യമാണെന്നുകൂടി തെളിയിച്ചിരിക്കാനാണ്‌ സാധ്യത.

ശമ്പളം, ഒരിക്കൽ ശമ്പളം വാങ്ങിയ മേമ്പ്രൻമാർക്ക്‌ ആയുഷ്‌ക്കാലം പെൻഷൻ ഉറപ്പാക്കൽ, ആയുഷ്‌കാലം ജോലിചെയ്‌ത ജീവനക്കാർക്കുളള പെൻഷൻ നിർത്തലാക്കൽ തുടങ്ങിയ രാജ്യതാല്‌പര്യ വിഷയങ്ങളിലാണ്‌ ഇങ്ങിനെയുളള അഭിപ്രായ ഐക്യമുണ്ടാവുക.

സംഘപരിവാരങ്ങളുടെ നാവുകേട്ട്‌ ഈയടുത്ത്‌ ഒരിക്കൽ സേവനം അവസാനിപ്പിച്ചാലോ എന്നുപോലും മൂപ്പർ ചിന്തിച്ചിരുന്നു. തീരുമാനം പെട്ടെന്നുതന്നെ മാറ്റിയതുകൊണ്ട്‌ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. അഞ്ഞൂറുകോടി ജനങ്ങളുടെയും മഹാഭാഗ്യം എന്നല്ലാതെന്തുപറയുവാൻ. മൊത്തം ഇന്ത്യക്കാരെയും ഭാഗ്യം ഒറ്റയടിക്കനുഗ്രഹിച്ച ഏകാവസരം. ജനകോടികൾ പെരുവഴിയിലായില്ല. ജനാധിപത്യം പടുകുഴിയിലായില്ല. ഇന്ത്യൻ വിപ്ലവം റെയിലിൻമേൽ കയറുകയും ചെയ്‌തു.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.