പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

മോഡിവധം ബാലെ....ഒരു നനഞ്ഞ പടക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉപഗുപ്തൻ

എൽ.ഡി.എഫ്‌. സർക്കാർ അധികാരത്തിലെത്തിയാലുടൻ സ്വമേധയാ വന്ധ്യംകരിക്കപ്പെടുന്ന രണ്ട്‌ പ്രധാന വിപ്ലവസംഘടനകളാണ്‌ ഡി.വൈ.എഫ്‌.ഐ.യും എസ്‌.എഫ്‌.ഐ.യും. പണ്ട്‌ വിക്രമാദിത്യമഹാരാജൻ ചെയ്‌തിരുന്നതുപോലെ കാടാറുമാസം നാടാറുമാസം എന്നതാണ്‌ ഇവരുടെ ഒരു ലൈൻ. ഒരു വ്യത്യാസം മാത്രം. ആറുമാസത്തിനു പകരം അയ്യഞ്ചുവർഷം കൂടുമ്പോഴാണ്‌ ഈ മുങ്ങലും പൊങ്ങലും. താക്കോൽ കൊടുത്തുവിട്ട യന്ത്രം പോലെ കേരളജനത ഇടതുവലതു മുന്നണികളെ അഞ്ചുവർഷം വീതം കൂടുമ്പോൾ കൃത്യമായി തിരിച്ചും മറിച്ചുമിടുന്നതിനാൽ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഈ സംഘടനാ പരിപാടി തിരുത്തിയിട്ടുമില്ല.

യു.ഡി.എഫ്‌. ഭരിക്കുമ്പോൾ ഇരു സംഘടനകൾക്കും പിടിപ്പതു പണിയുണ്ട്‌. ചോരച്ചാലുകൾ നീന്തിക്കയറണം, കണ്ട പാമ്പിനെയും മുതലയേയുമൊക്കെ തല്ലിക്കൊല്ലണം, നഴ്‌സറിവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇടയ്‌ക്കിടെ സ്തംഭിപ്പിക്കണം. അങ്ങനെ നീളും വിപ്ലവ അജണ്ട. കേരളാ പോലീസിലെ ഒരാൾപോലും കുടവയറുമായി സ്‌റ്റേഷനിൽ കുത്തിയിരിക്കുന്ന അവസ്ഥയുണ്ടാവില്ലെന്നു ചുരുക്കം. എല്ലാവർക്കും എസ്‌.എഫ്‌.ഐ., ഡി.വൈ.എഫ്‌.ഐ സഖാക്കളുടെ മുമ്പിലോ പുറകിലോ ആയി ഓടാനേ നേരമുണ്ടാകൂ. ഈ കള്ളനും പോലീസും കളി പൊടിപൊടിച്ചങ്ങനെ അഞ്ചുവർഷം കഴിയുമ്പോഴേക്കും ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം കേൾക്കാറാവും. അതിനൊടുവിൽ ജനങ്ങളുടെ സർക്കാർ തിരുവനന്തപുരത്ത്‌ അധികാരത്തിലേറും. ജനകീയസർക്കാർ അധികാരം പിടിച്ചെടുത്താലുടൻ ബഹുജന സംഘടനകളെ പിരിച്ചുവിട്ട്‌ അംഗങ്ങളെ തൊഴിലിടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും തിരിച്ചുവിടണമെന്നാണ്‌ ചട്ടം. പക്ഷെ, കാലാകാലങ്ങളിൽ അധികാരത്തിലേറുന്ന വിപ്ലവനേതാക്കൾക്ക്‌ ദീർഘവീക്ഷണമുള്ളതിനാൽ ഈ ചട്ടം പാലിക്കപ്പെടാറില്ല. പകരം ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക്‌ സുഖചികിൽസക്കു വിടും. എന്നു പറഞ്ഞാൽ വീട്ടുകാര്യങ്ങൾ നോക്കി അത്യാവശ്യം ഗ്രൂപ്പുകളിച്ച്‌ വെറുതെയിരുന്നോളണം. അതല്ല എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്നാണെങ്കിൽ ഒഴിവുകാല വിനോദങ്ങൾ ധാരാളമുണ്ട്‌. മാനവീയം, വർഗീയതക്കെതിരെ സത്യഗ്രഹം, ആൾദൈവ വിരുദ്ധ(പാർട്ടിയിലെയല്ല) ആശയ പ്രചാരണം ഇവയിലേതെങ്കിലും പരീക്ഷിക്കാം. അല്ലാതെ പഴയ കളി വല്ലതുമായി റോഡിലേക്കിറങ്ങിയാൽ പോലീസ്‌ നോക്കി നിൽക്കുമെന്നു കരുതേണ്ട. ബൂർഷ്വാ സർക്കാറിന്റെ കാവൽനായ്‌ക്കളായ പഴയ പോലീസല്ല ഇത്‌. വിപ്ലവ ജനകീയ സർക്കാറിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന സാക്ഷാൽ ചുവപ്പൻ സൈന്യം. ലാത്തി പുറം ചൊറിയാനല്ല.

അതിനാൽ കുറച്ചുനാളുകളായി എസ്‌.എഫ്‌.ഐ.ക്കും ഡി.വൈ.എഫ്‌.ഐ.ക്കും സാധകം ചെയ്യാൻ അങ്ങനെ അവസരം കിട്ടാറില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യാം. പക്ഷേ എത്രനാൾ. ശിഖനെ ദർഹിയിൽ താങ്ങുന്നത്‌ നമ്മുടെ മൂത്താപ്പമാരാണെന്ന കാര്യം നമ്മളേക്കാൾ നന്നായി നാട്ടുകാർക്കറിയാം. അതുകൊണ്ട്‌ അതേൽക്കില്ല. പിന്നെയൊരാശ്വാസമുള്ളത്‌ കോടതിയാണ്‌. കോടതിവിധിക്കെതിരെ ഘോരഘോരം സമരം ചെയ്യാം. കോടതി പരിസരത്തേക്ക്‌ മാർച്ച്‌ - ജഡ്‌ജിയെ പ്രതീകാത്മകമായി നാടുകടത്തൽ. അങ്ങനെ എന്തെല്ലാം കലാപരിപാടികൾ. പക്ഷെ ഇതുകൊണ്ടെല്ലാം എന്താവാൻ. ഒരു യഥാർത്ഥ വിപ്ലവസംഘടനയുടെ സമരാവേശത്തെ തണുപ്പിക്കാൻ ഇതൊന്നും പോര സാറന്മാരെ.

അങ്ങനെ ചൊറികുത്താൻ തുടങ്ങുമ്പോഴാ വിപ്ലവയുവത്വത്തിന്‌ വല്ല്യേട്ടൻമാർ ചരിത്രപരമായ നിയോഗം ഏൽപ്പിച്ചുകൊടുത്തത്‌. സംഭവം വേറൊന്നുമല്ല. അവൻ വരുന്നു. അവനെന്നു പറഞ്ഞാൽ സാക്ഷാൽ നരേന്ദ്രമോഡി. ന്യൂനപക്ഷങ്ങളുടെ കൺകണ്ട അന്തകൻ. അവന്റെ വരവിനെതിരായ സമരത്തിന്‌ കണ്ട അണ്ടനും അടകോടനും നേതൃത്വം കൊടുക്കാനിടയുണ്ട്‌. അതുകൊണ്ട്‌ വേറൊന്നും ചെയ്യാനില്ല. തട്ടിയെടുക്കുക. സമരത്തെ തട്ടിയെടുക്കുക.

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ബയോഡാറ്റ എന്താണെന്ന്‌ കേരളത്തിലെ എല്ലാവർക്കുമറിയാം. ഏതു വിഷയത്തിലാണ്‌ അദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷനെന്നുമറിയാം. സ്വാഭാവികമായും ഗുരുജി ഗോൾവാർക്കറുടെ ജന്മശതാബ്ദി ആർ.എസ്‌.എസ്‌.സംഘടിപ്പിക്കുമ്പോൾ ഉദ്‌ഘാടകനായെത്തേണ്ടതും മോഡി തന്നെയാണ്‌. ആർഷഭാരതത്തിന്റെ വീരപുത്രനെ കാണാനും ആ വചനമാധുരി ആസ്വദിക്കാനും ഇങ്ങു തെക്കേയറ്റത്തു കിടക്കുന്ന കേരളത്തിലെ ജനങ്ങൾക്കും ഒരവസരമുണ്ടാക്കിക്കൊടുക്കേണ്ട. ഇല്ലെന്നു പറയാൻ ആർക്കും കഴിയില്ല. അച്യുതാനന്ദനുപോലും. മോഡി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്‌. കണാകുണാ ന്യായം പറഞ്ഞ്‌ അങ്ങേരെ തടയാനാവില്ല. തടഞ്ഞാൽ വിവരമറിയും. അഖണ്ഡഭാരതത്തിന്റെ ഫെഡറൽ സ്വഭാവം അട്ടിമറിഞ്ഞ്‌ താഴെവീഴും. പിന്നെ കേന്ദ്രം ഇടപെട്ടിട്ട്‌ വേണ്ടിവരും ഫെഡറലിസത്തെ പുനഃസ്ഥാപിക്കാൻ.

ഈ പുകിലൊക്കെ അറിയാവുന്നതുകൊണ്ട്‌ മോഡിയുടെ വരവ്‌ നിരോധിക്കുന്ന കാര്യം ചിന്തിക്കാൻ പോലുമാകില്ല. പിന്നെന്തുവഴി. പഹയൻ വന്നാൽ ന്യൂനപക്ഷത്തെ ചുട്ടുകരിച്ച നരാധമൻ മോഡിക്ക്‌ ചുവപ്പു പരവതാനി വിരിച്ച സർക്കാരേ എന്ന വിളിപ്പേര്‌ ആചന്ദ്രതാരം നിലനിൽക്കുകയും ചെയ്യും. വഴിയൊന്നേയുള്ളൂ. പണ്ടൊരു കള്ളൻ പ്രയോഗിച്ച ചെറിയൊരു ട്രിക്കാണ്‌. നാട്ടുകാർ കള്ളൻ കള്ളൻ എന്നു വിളിച്ച്‌ പുറകേ ഓടിയപ്പോൾ പാവം കള്ളനും വിളിച്ചു കള്ളൻ....കള്ളൻ.....അതോടെ നാട്ടുകാർ മുന്നിലുണ്ടായിരുന്ന കള്ളനെ വിട്ട്‌ സാങ്കല്പിക കള്ളനെ തേടിപ്പോയെന്ന്‌ ചരിത്രം. ചരിത്രം ആവർത്തിക്കാനുള്ളതാണെന്ന്‌ മാർക്‌സിയൻ സൈദ്ധാന്തിക മണ്ഡലത്തിൽ വിഹരിക്കുന്ന ആർക്കുമറിയാവുന്ന കാര്യമാണ്‌. ചരിത്ര നിയോഗം എസ്‌.എഫ്‌.ഐ.യും ഡി.വൈ.എഫ്‌.ഐ.യും തിരിച്ചറിഞ്ഞു. നരാധമൻ മോഡിയുടെ സന്ദർശനത്തിനെതിരെ കേരളത്തിന്റെ തെരുവീഥികൾ പോസ്‌റ്റർ കൊണ്ടു നിറഞ്ഞു. കോർണർയോഗങ്ങളിൽ മോഡിയുടെ പാർട്ടിയും പോലീസും നടത്തിയ മനുഷ്യമേധം ഗദ്‌ഗദകഥകളായിപ്പരന്നു.

നരേന്ദ്രമോഡി വന്നയന്ന്‌ രാവിലെ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റ്‌ നടയിൽ എല്ലാ സംഘടനകളുടേയും ചെറുപൂരങ്ങൾ കൊട്ടിക്കയറി. പ്രകടനം, കോലം കത്തിക്കൽ തകൃതി. മോഡി എത്തിയത്‌ ഉച്ചക്കുശേഷമാണ്‌. ഉച്ചക്കുശേഷം വേഷംകെട്ടാൻ വന്നാൽ മുട്ടുതല്ലിയൊടിക്കുമെന്ന്‌ പോലീസ്‌ എല്ലാ സംഘടനകളെയും നേരത്തേ അറിയിച്ചിരുന്നു. അതിനാൽ പരിപാടികളെല്ലാം കാലത്തേ തീർത്തു. ഉച്ചയ്‌ക്കുശേഷം മോഡി വന്നു. വന്നപോലെ പോയി. ശുഭം. എസ്‌.എഫ്‌.ഐ.ക്കും ഡി.വൈ.എഫ്‌.ഐ.ക്കും സന്തോഷം. നാട്ടുകാർക്കു പെരുത്തു സന്തോഷം.

കഷ്ടകാലത്തിന്‌ ആന്റണി ഭരിക്കുമ്പോഴാണ്‌ മോഡിക്ക്‌ വരാൻ തോന്നിയതെങ്കിലോയെന്ന്‌ ഗുപ്തൻ ഓർത്തുപോവുകയാണ്‌. എന്തായിരുന്നേനെ പുകില്‌. തിരുവനന്തപുരം കുറഞ്ഞപക്ഷം നിന്നു കത്തിയേനെ. വഴിക്കോട്ടകളുണ്ടാക്കി ചുണക്കുട്ടികൾ പോലീസിനെ തെരുവുകളിൽ നേരിടും. ആദർശധീരൻ നേരിട്ടുപോയി ക്ഷണിച്ചുകൊണ്ടുവന്നതാണ്‌ മോഡിയെ എന്നുവരെ പിണറായി പറഞ്ഞുകളഞ്ഞേനെ. ഭാഗ്യവശാൽ അതുപോലൊരു യോഗം അച്യുതാനന്ദനുണ്ടായില്ല. എന്താ കാരണം. മുന്നിൽ നിന്ന്‌ സമരം നടത്താൻ എസ്‌.എഫ്‌.ഐ.യും ഡി.വൈ.എഫ്‌.ഐ.യും കൂട്ടിന്‌ എ.ഐ.വൈ.എഫും ഉണ്ടായിരുന്നു. വെടക്കാക്കി തനിക്കാക്കി. പിന്നെ വേറെയാരിറങ്ങും മോഡിവിരുദ്ധ സമരത്തിന്‌. വന്ധ്യംകരിക്കപ്പെട്ടുവെന്നൊക്കെ അസൂയാലുക്കൾ പറയുമെങ്കിലും ഒരാവശ്യം വന്നപ്പോൾ ഡി.വൈ.എഫ്‌.ഐ.യും എസ്‌.എഫ്‌.​‍െ.എ.യും ഉപകരിച്ചതെങ്ങനെയെന്ന്‌ ഇനിയെങ്കിലും മൂത്തസഖാക്കൾ ശ്രദ്ധിക്കണം.

വാൽക്കഷ്‌ണം ഃ

പക്ഷേ ഇതുകൊണ്ടൊന്നുമല്ല കേട്ടോ യു.ഡി.എഫ്‌. മോഡി വിരുദ്ധസമരത്തിനിറങ്ങാതിരുന്നത്‌. മോഡിവരുന്ന വിവരം ഞങ്ങൾ അറിഞ്ഞില്ലെന്നതാണ്‌ വാസ്‌തവം. വർഷം മുഴുവനും കിടന്നുറങ്ങിയാലും വർഷാവസാന പരീക്ഷയ്‌ക്ക്‌ പാസ്‌മാർക്കു കിട്ടുമെങ്കിൽ ആരാണിഷ്ടാ കുത്തിയിരുന്ന്‌ പഠിക്കാൻ പോണത്‌. ഞങ്ങളൊന്നുറങ്ങട്ടെ. കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചു ക്ഷീണിച്ചതാണ്‌ ശല്യപ്പെടുത്തരുത്‌..പ്ലീസ്‌.

ഉപഗുപ്തൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.