പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ശ്രീനാരായണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

അല്ല, ജാതി പറയുന്നതിൽ വിരോധമുണ്ടോ?

ചോദിച്ചതിൽ ശ്ശി വിരോധമുണ്ട്‌. എങ്കിലും ഫുൾവോള്യത്തിൽ തുറന്നുപറയാം, കൊട്ടുന്നതല്ല.

ശ്ശോ! നവോത്ഥാനകേരളമാ, ഒന്നു മെല്ലെപ്പറ മാഷേ.

പൂണുലിട്ടതല്ല, തീയ്യാടിയതല്ല, വെട്ടുന്നതുമല്ല.

തൂലികാനാമത്തിനു പിറകെ പിന്നെ ജാതകത്തിലില്ലാത്ത ആ വാലെന്തിനാ? ഹനുമാനെപ്പോലെ ക്ഷണിക്കാത്തിടത്ത്‌ കേറിച്ചെന്ന്‌ ക്ഷിപ്രസിംഹാസൻ പണിയാനൊ?

വാഹ്‌ വാഹ്‌, വ്യംഗൻ കസറീ​‍ീ​‍ീ​‍ീ. ഇവിടത്തെ ലൈനെന്നാൽ വേറൊന്നാണ്‌. ജാതിയെ ജാതികൊണ്ട്‌ തൂത്തിവാരിയെറിഞ്ഞ്‌ മനുഷ്യജാതിയായി വാണിരിക്കണം.

സമീപകാലചരിത്രത്തിലെ മകുടോദാഹരണം സഖാവ്‌ ഈയെമ്മസ്സ്‌ നമ്പൂതിരിപ്പാട്‌!

നമ്പൂതിരിക്കുശേഷമെന്തിനാ ഒരു പാടിന്റെ വാല്‌, മാഷേ?

സംവരണം കിട്ടാത്തതിന്റെ കഷ്ടപ്പാടാവും. അല്ലെങ്കിൽ ചരിത്രാതീതകാലത്തോളം ത്രിവർണ്ണത്തെ ഞെക്കിപ്പിഴിഞ്ഞതിന്റെ ഗോത്രസ്മരണ.

ചോദിക്കരുത്‌ പറയരുത്‌. ഇങ്ങനെ പറയുന്ന നമ്പ്യാന്മാർ ഏട്ടില്ലക്കാരൊ പത്തില്ലക്കാരൊ, മാഷേ?

അരുവിപ്പുറത്തു വീട്ടിൽ ശ്രീ നാരായണൻ നമ്പ്യാർ ഈ വിഷയത്തിൽ പണ്ടെന്തോ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ഉണ്ട്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌.

ആ മഹാവാക്യത്തിനു അടിവരയിട്ടു പറയുകയാണ്‌, ദൈവത്തിൽ നമ്പുന്നവരൊക്കെ ഇല്ലം കാണാത്ത നമ്പ്യാന്മാരാണ്‌!

പുലയൻ നമ്പ്യാരാണൊ?

അതെ.

നമ്പ്യാർ ദളിതനാണോ മാഷേ?

ചാവേറിനു പോകുന്നവനും കണ്ടംകൊത്താൻ പോകുന്നവനും ദളിതനല്ലെങ്കിൽ പിന്നെയാരാണെടോ ഭൂമിയിൽ ദളിതൻ.

മിഴാവും മാലയും ദളിതമല്ല, പറയപ്പറയും ദർഭപ്പുല്ലും പക്ഷെ ശുദ്ധദളിതമാണ്‌.

നമ്പൂതിരി നമ്പ്യാരാണോ മാഷെ?

നൂറിൽ നൂറ്റൊന്നു ശതമാനം. ദൈവത്തിൽ നമ്പുമെങ്കിൽ ഒരു മൂരിയും അപ്രകാരം തന്നെ. മൂരിയും നമ്പൂരിയും നമ്പ്യാരും മനുഷ്യനും തമ്മിൽ ഒരു വ്യത്യാസവുമില്ല. പൂർവ്വാശ്രമത്തിൽ ഒക്കെയും വിത്തുകാളകളാ അല്ലെങ്കിൽ മൊച്ചക്കുരങ്ങുകൾ. ഡയലോഗിൽ ഒരു വ്യതിചലനത്തിനുവേണ്ടി ഉദ്ധരിക്കാമോ അരുവിപ്പുറത്തിന്റെ മറ്റൊരു സൂത്രവാക്യം?

ഉവ്വ്‌. മതമേതായാലും കീശ നന്നായാൽ മതി.

കീശയ്‌ക്കുപകരം പ്രകൃതത്തിൽ മറ്റൊരു പദമാണല്ലേ പാഠം?

അതെ. എങ്കിലും ആധുനിക മനുഷ്യനിൽ മനുഷ്യത്വം കുറവും കീശ അധികവുമായതിനാൽ പാരഡിപ്രയോഗം സാധുവായി കരുതുമാറാകണം.

മതേതരത്വത്തിന്റെ സ്വഭാവം അപ്പോൾ മാറില്ലേ?

മാറിക്കോട്ടെ. നന്മയിൽ മനുഷ്യരാശിയുടെ അചഞ്ചലമായ വിശ്വാസം മാറാതിരുന്നാൽ മതി. അപ്പഴേ ഭൂമി മലയാളത്തിൽ മാറാടുകൾ ആവർത്തിക്കാതിരിക്കൂ, മാഷേ.

ഈശ്വരയള്ളാ തേരേ നാം സബ്‌കൊ സന്മതി ദേ ഭഗവൻ! മാറാടുകൾ ആവർത്തിക്കാതിരിക്കട്ടെ. കുഞ്ഞാടുകൾ തോലുരിച്ച നിലയിൽ കൊളുത്തുകളിൽ തൂക്കപ്പെടാതിരിക്കട്ടെ. മിനാരങ്ങൾ ആകാശത്തെ കോർക്കാതിരിക്കട്ടെ. താഴികക്കുടങ്ങൾ ഭൂമിയെ വിഴുങ്ങാതിരിക്കട്ടെ.

ഈ പ്രകരണം അവസാനിപ്പിക്കും മുമ്പ്‌ ഒരു ചോദ്യംകൂടിയുണ്ട്‌. ദിവംഗതനായ നമ്മുടെ നായനാർ മക്കത്ത്‌ പോയി തൊപ്പിയിട്ട പെരുംനമ്പ്യാരാണോ?

അല്ലേയല്ല, ഭൂമിയിലെന്നപോലെ മേലെയും ഓറ്‌ കേശാദിപാദം ബോൾഷെവിക്കാ!

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.