പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

ഇന്ന്‌ കേരളത്തിലെ ഭർത്താക്കന്മാരിൽ എൺപതു ശതമാനവും പെണ്ണാളന്മാരാണത്രെ. അവന്മാർ ഭാര്യമാരുടെ കോന്തലയിൽ തൂങ്ങി ഞെളിയുന്നവരാണത്രെ; കളത്രങ്ങളുടെ റിമോട്ടിലെ ഞെക്കലിനനുസരിച്ച്‌ ആടിത്തുള്ളുന്നവരാണത്രെ. ഹിഹിഹി! ഈ ഉദീരണം കേട്ട്‌ ആരും ചിരിക്കുകയോ വൈക്ലബ്യപ്പെടുകയോ വേണ്ട. മഹാനായ അക്‌ബറിന്റെ കാലത്ത്‌ ദില്ലിയിൽ കാനേഷുമാരിയുടെ ശതമാനം വിഷയത്തിൽ നൂറിൽ ശതമായിരുന്നല്ലോ.

ഒരുദിവസം അക്‌ബറിന്റെ ഉപദേശിയും റഷ്യൻ സർക്കസ്സിൽ പാർട്ട്‌ ടൈം കോമാളിയുമായ ബീർബൽ ഉവാചഃ

ദില്ലിയിൽ മൊത്തം പുരുഷന്മാരെയും ഭരിക്കുന്നതു ലേഡീസാ. ലേഡീസ്‌ ഫസ്‌റ്റ്‌.

വീരബലഭദ്രാ, ഇതൊരു സാമാന്യവാദമായിപ്പോവില്ലേ?

അക്‌ബർ സംശയിച്ചുഃ

പറഞ്ഞതിനു അപവാദമായി രാജധാനിയിൽ ചുണയുള്ള നാലഞ്ചു പൂവൻസ്‌ കാണാതിരിക്കുമോ.

ഈ നവരത്നക്കമ്പനി ഉഷ്ണിച്ച്‌ കണ്ടെത്താറുള്ള ശരി തെറ്റിപ്പിഴച്ച ചരിത്രമുണ്ടോ, രാജൻ?

എങ്കിലും ഗസറ്റിൽ പരസ്യപ്പെടുത്തും മുമ്പ്‌ കാര്യം ഒന്നുകൂടി ഗുരുതരമായി അന്വേഷിക്കുന്നതാകും ഭംഗി.

ചരിത്രം ഉരുട്ടിക്കൊല്ലാത്ത മുഗൾരാജൻ ദിശാനിർദ്ദേശം നൽകിഃ

കുറെ പിടക്കോഴികളേയും ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കുതിരകളേയും തരാൻ ഏർപ്പാടാക്കാം. കണ്ടുമുട്ടുന്ന പെണ്ണാളന്മാർക്ക്‌ ഒരു പിടക്കോഴി വീതമിരിക്കട്ടെ. പെണ്ണാളന്മാരല്ലാത്ത ഭർത്താക്കന്മാരുണ്ടെങ്കിൽ ആ ഭാഗ്യവാന്മാർക്ക്‌ ഇഷ്ടപ്പെട്ട ഓരോ കുതിരയെ സ്വന്തമാക്കാം. പെൺകോന്തന്മാരില്ലാത്ത ഒരു ദില്ലിയാണെന്റെ സ്വപ്നം. കുതിരയ്‌ക്കുള്ള പുല്ലും വെള്ളവും കൊട്ടാരം ഖജനാവിൽ നിന്ന്‌. ടാസ്‌ക്‌ഫോഴ്‌സും പാൻ പരാഗുമായി താൻ എന്നാൽ ഇറങ്ങിക്കോ. ബെസ്‌റ്റ്‌ ഓഫ്‌ ലക്ക്‌!

ബീർബൽ വീണ്ടും നഗരം അരിച്ചുപെറുക്കാൻ തുടങ്ങി. യാ അള്ളാ, ചില കസബകളിൽ പട്ടന്മാർ പട്ടത്തികളുടെ തലയിൽ പേനെടുക്കയാണ്‌. രജപുത്രന്മാർ രജപുത്തിണികളുടെ വായിൽ പാൻ വച്ചുകൊടുക്കയാണ്‌. കാബൂൾവാലകൾ കാബൂൾവാലികൾക്കുവേണ്ടി ബുൾബുളിനെപ്പോലെ പാടുകയാണ്‌. യു.പി വാലകൾ തങ്ങളുടെ വാലികൾക്കുവേണ്ടി ചപ്പാത്തിക്കുള്ള മാവ്‌ കുഴക്കുകയാണ്‌. ധോബിണികൾ യമുനാതീരേ കാറ്റുകൊണ്ട്‌ രസിക്കുമ്പോൾ, ധോബികൾ ദില്ലിയിലെ മൊത്തം സ്ര്തീപ്രജകളുടെയും വിഴുപ്പലക്കി നടു പൊട്ടിക്കയാണ്‌. വംഗന്മാർ വംഗത്തികളുടെ സ്ഥൂലാംഗങ്ങളിൽ കൊട്ടൻചുക്കാദികൊണ്ട്‌ ഉഴിയുകയാണ്‌.

ചെന്നിടത്തെല്ലാം പിടക്കോഴി തന്നെ സമൃദ്ധമായി ചിലവായി. ഒരിടത്ത്‌ ഒരു ഫയൽവാന്റെ വീട്ടിൽ മാത്രം ബീർബൽ പ്രതിസന്ധിയിൽ പെട്ടു. വെയിലത്തിരുന്ന്‌ മസിലിനു കടുകെണ്ണ തേച്ചു പിടിപ്പിക്കുകയായിരുന്നു ജാട്ട്‌. അയാളോട്‌ ബീർബൽ പൂച്ചിഃ

എടാ കൂവേ, ഒരു സാദാ ദില്ലീവാലയെപ്പോലെ താനും ഒരു പെങ്കോന്തനല്യോ?

ഫയൽവാൻ ഊരക്കു രണ്ടടിയടിച്ച്‌ മുഷ്ടി ചുരുട്ടി കക്ഷഭാഗത്തെ മസിൽ ഉണ്ടക്കായപോലെയാക്കി കാട്ടിക്കൊടുത്തു. മനുഷ്യത്വം കുറവും മസിൽ ഏറെയും. ബീർബലിന്റെ കണ്ണ്‌ തള്ളിപ്പോയി.

ഫയൽ ഉവാചഃ ഈ കയ്യിലൊന്നു തൊട്ട്‌ കാണിച്ചു തരാവോ

ബീർബൽ ഹസ്തദാനത്തിനായ്‌ നീട്ടിയ വലംകൈപ്പത്തി തടിമാടൻ രണ്ടുടൺ കുതിരശക്തിയിൽ ഞെരുക്കി. വേദനകൊണ്ട്‌ ബീർബൽ ബറാബറായി പുളഞ്ഞു; ജന്മരക്തത്തിൽ ഒരു വിദൂഷകനാകകൊണ്ട്‌ കരഞ്ഞതിനുശേഷം കരച്ചിലിനെ ചിരിയിലേക്കു ട്രാൻസ്‌ഫ്യൂസ്‌ ചെയ്ത്‌ ഒരു ഇളി ഇളിച്ചു.

അഭി യേ സവാൽ മേരെ സെ ദൂ ബാരാ ഫിർ പൂച്‌നാ നഹി!

ടിവി കമേർഷ്യയിലെ പാൻകടഹീറോയെപ്പോലെ ഫയൽവാൻ പ്രസ്താവിച്ചുഃ

ഇന്ദിരാഗാന്ധിക്കുമുമ്പ്‌ എന്നെ ഭരിക്കാനൊരുത്തിയും വരില്ല ഈ ഹിന്ദുസ്ഥാനിൽ.

മെലിഞ്ഞു കിളരം കുറഞ്ഞ ഒരു സ്ര്തീ അകത്ത്‌ പണിയെടുക്കുന്നുണ്ട്‌. തടിമാടന്റെ ചെറുവിരൽ മതി. അവളെ കശക്കി ആകാശത്തേക്കെറിയാം. അത്രയ്‌ക്കും അശുവാണ്‌ പുരാവസ്തു.

ബീർബൽ ആരാഞ്ഞുഃ

അകത്തുള്ളയാൾ ഇവിടെയില്ലേ?

അകത്ത്‌ മാവ്‌ കുഴക്കുന്നതു അവളല്ല്യോ. (പൂതനയെ കൺകുളിർക്കെ കണ്ടോ. തൊട്ടാൽ തന്റെ എല്ലൊടിക്കും!)

ഒരു നോക്കിനു ബീർബലിന്റെ കണ്ണ്‌ രണ്ടും വരണ്ടു. മുഖം താർ മരുഭൂമിയായി.

ഫയൽവാൻ പറഞ്ഞു ഃ

രണ്ടാളെയും കണ്ടില്ലേ, ഇനി പറ ആരാ ഈ വീട്ടിലെ യജ്‌മാൻ? ഞാനൊ ലവളൊ?

ഒരു സംശയവുമില്ല, ബീർബൽ അറിയിച്ചു ഃ

ഫയൽവാൻ തന്നെ. അക്‌ബർ രാജാവിന്റെ വക ഇനി ഒരു സമ്മാനമുണ്ട്‌. ഫയൽവാന്‌ ഈ ചുണക്കുതിരകളിൽ ഒന്നിനെ തെരഞ്ഞെടുക്കാം.

ഭാഗ്യവതി!

ഫയൽവാന്‌ വെപ്രാളം.

ഏതു കുതിരയെ എടുക്കും. ഓടുംകുതിര ചാടുംകുതിര

വെള്ളം കണ്ടാൽ നിൽക്കും അറബിക്കുതിര. എനിക്കൊരു തിരിപാടും കിട്ടുന്നില്ല. മുതിര വിറ്റും കുതിരയെ പോറ്റേണ്ടി വരുമോടി. (നിന്റെ വരുതിയിൽ നിന്ന്‌ സീതാമയ്യ എന്ന രക്ഷിക്കുന്നതെന്നാണാവോ)

കറുത്തതിനെയും കൊണ്ട്‌ കേറി വാ; പറഞ്ഞില്ലെന്നു വേണ്ട, ഇന്ന്‌ രാത്രി ഫയൽവാന്റെ കിടത്തം മെയിൻറോട്ടിലായിരിക്കും.

ചിരട്ട പാറയ്‌ക്കിട്ടുരക്കും വടിവിൽ ഭാഗ്യവതി ശബ്ദിച്ചു. അന്തരീക്ഷത്തിന്‌ ഒരു അപസ്വരഛായ.

ഗുസ്സ മത്‌ കരോ ജാൻ, നമ്മുടെ ഭൂമിയിൽ കുതിരകൾ ഉണ്ടാവുന്നതെങ്ങനെയാ?

ഷണ്ഡമഹാരാജ്‌, അത്‌ മരുഭൂമിയോട്‌ ചെന്ന്‌ ചോദിക്ക്‌.

പുല്ല്‌ കൊട്ടാരം ഖജനാവ്‌ന്നാത്രെ, അതിന്‌ ഖജാനാവെപ്പഴാ കാട്‌ കേറ്യത്‌?

തേരാ ദിമാഗ്‌ മേം ഭൂസാ ഹൈ ഭൂസാ (തന്റെ തലയ്‌ക്കകത്ത്‌ നിറച്ചും പുല്ലാ പുല്ലേ. അക്‌ബറുടെ സമ്മാനക്കുതിരയ്‌ക്കു പുല്ലരിയാൻ ഇനി അന്യരുടെ തൊടിയിലും റിസർവ്‌ വനത്തിലേക്കൊന്നും പോകേണ്ട).

ഫയൽ യാചിച്ചു ഃ

ഒന്നു തെളിച്ചു പറ, എന്റെ പൊന്നുഭാഗ്യം.

എത്ര പറഞ്ഞാലും ബേക്കൂഫിനു മനസ്സിലാവത്തില്ല. എനിക്ക്‌ വെളുപ്പാണിഷ്ടം. എന്റെ ചൊൽപ്പടിക്ക്‌ കഴിയുന്നതാ തനിക്ക്‌ നല്ലത്‌. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഇവിടെ എന്റെ ഇഷ്ടമേ നടക്കത്തുള്ളൂ.

ഉള്ളംകയ്യിലെ അംലക്കായപോലെ ബീർബലിനു സംഗതി മനസ്സിലായി. കയ്യൂക്കുണ്ടായിട്ടെന്താ കാര്യം, ഒരു ഫയൽവാനുപോലും സ്വന്തം പെണ്ണ്‌ വരച്ച റിങ്ങിനകത്തെ ഗുസ്തി വിധിച്ചിട്ടുള്ളൂ.

കയ്യിലുള്ള അവസാനത്തെ പിടയെ ഫയൽവാന്‌ നീട്ടിക്കൊണ്ട്‌ ബീർബൽ പറഞ്ഞു ഃ

ഇനി തന്റെ പുരയിലും പിടക്കോഴി തന്നെ കൂവട്ടെ!

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.