പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

33 ശതമാനം വനിതാ സംഭരണം ഒരു സുഖപ്രസവം?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

സ്വതേ അബല പോരാത്തതിന്‌ ഗർഭിണിയും. ഇന്ത്യയുടെ ബലാൽസംഗ തലസ്ഥാനമെന്ന്‌ പുകഴ്‌പെറ്റ ദില്ലിയിലെ പാർലമെന്റ്‌ ഗർഭിണിയാണെന്നറിഞ്ഞതിൽ സന്തോഷം. സാധാരണ പ്രസവിച്ചശേഷം പേരിടലാണെങ്കിൽ ഇവിടെ പേരിട്ടശേഷം പ്രസവിക്കലാണെന്നൊരു വ്യത്യാസം മാത്രമുണ്ട്‌. ഒരശുഭമുഹൂർത്തത്തിൽ ജൻമമെടുക്കുവാൻ പോകുന്ന ആ നവജാതവൃദ്ധയാകുന്നു 33% വനിതാ സംവരണം.

ജനിതക കാരണങ്ങളാലോ മറ്റോ 33% വനിതകൾ സ്വമേധയാ മുന്നോട്ട്‌ വന്ന്‌ പാർലമെന്റിൽ ഇരിക്കുവാൻ തയ്യാറല്ലാത്ത ഒരവസ്ഥ സംജാതമായിക്കൂടെന്നുമില്ല. നിലവിൽ ഒരു നിശ്ചിത ശതമാനം തിരഞ്ഞെടുക്കപ്പെട്ട യോഗ്യൻമാരും തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാൽസംഗം തുടങ്ങിയ സുകുമാരകലകളിൽ പ്രാവീണ്യം നേടിയവരാണല്ലോ. അതുകൊണ്ട്‌ ഒരുമാതിരിപ്പെട്ട വനിതകളൊക്കെ രണ്ടാമതൊന്നാലോചിച്ചു കൂടായ്‌കയില്ല.

നിത്യൻ ആരെയും കുറ്റപ്പെടുത്തുകയല്ല. ഈ ഇന്ത്യാമഹാരാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാകുന്നു. സാക്ഷാൽ കർത്താവ്‌ സൃഷ്‌ടിച്ച്‌ നൻമയുടെ മാലാഖമാരുടെ കാവലോടെ ആദത്തിനും ഈവിനും രജിസ്‌റ്റർ ചെയ്‌തുകൊടുത്ത ഏദൻതോട്ടത്തിൽ ചെകുത്താനും ഒരു സ്ഥാനമുണ്ടായിരുന്നു. അല്ലെങ്കിൽ ഈവ്‌ തിരിച്ചറിവിന്റെ വിലക്കപ്പെട്ട കനി വെട്ടിവിഴുങ്ങുമായിരുന്നില്ല.

ലോകത്തിൽ തിൻമകളും കൊളളരുതായ്‌മകളും ഉണ്ടെന്ന്‌ കണ്ടുപിടിക്കാൻ മനുഷ്യനേ ഉണ്ടായുളളൂ. സുഭാഷിതങ്ങളും ധർമ്മസംഹിതകളും എഴുതിവെക്കാനും മറിച്ച്‌ ചെയ്യുവാനും മനുഷ്യൻ തന്നെ വേണ്ടിവന്നു. ദൈവം മാനവസൃഷ്‌ടി നടത്തിയത്‌ അങ്ങിനെയാണ്‌. ഒരു വാനരനിൽ ഒന്നര സൃഗാലബുദ്ധി സന്നിവേശിപ്പിച്ചിട്ടാണ്‌ ദൈവം മനുഷ്യനെ സൃഷ്‌ടിച്ചതെന്ന്‌ മനസ്സിലാവണമെങ്കിൽ സഭയ്‌ക്ക്‌ പുറത്തുനിന്ന്‌ അകത്തേക്കു നോക്കണം. 100 കോടിയെയും പഠിക്കുവാനുളള സംവിധാനമില്ലാത്തതുകൊണ്ട്‌ അവരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പഠിക്കുകയാണ്‌ ശാസ്‌ത്രീയമായ രീതി. എല്ലാതരം തിൻമകളുടെയും അതിവിശാലമായ ഷോറും. കാലുമാറ്റം, കൂറുമാറ്റം, കളളക്കടത്ത്‌, നികുതിവെട്ടിപ്പ്‌, കൊലപാതകം, ബലാൽസംഗം എന്നിവയ്‌ക്കായി പ്രത്യേകം പ്രത്യേകം ഫ്ലോറുകൾ.

ആയതിനാൽ ലക്ഷണമൊത്ത ജനാധിപത്യം പടർന്ന്‌ പന്തലിക്കുവാൻ സഭയിൽ ഒരു സഭയിലും ഇരുത്താൻ പറ്റാത്തവരുടെ പ്രതിനിധികളും അനിവാര്യമാണ്‌. ഭൂരിഭാഗം അത്തരത്തിലുളളവരാവുമ്പോൾ അതിനർത്ഥം അവർ ഭൂരിഭാഗത്തിന്റെ പ്രതിനിധികളാണെന്നു തന്നെയാണ്‌. കാലത്തിന്‌ മുൻപേ നടന്ന കുഞ്ചൻ നമ്പ്യാർ പണ്ട്‌ പാടിയത്‌ “ലക്ഷം മാനുഷർ കൂടും സഭയിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ” എന്നായിരുന്നു. അതാണ്‌ പറഞ്ഞത്‌ നരിമടയിൽ സുഭാഷിതത്തിന്‌ തയ്യാറായി 33 ശതമാനം വനിതകൾ ധൈര്യപ്പെട്ടാൽ സംഗതി ഓകെ. അതുണ്ടാകാത്ത പക്ഷം പേരിനൊരു ചെറിയ ഭേദഗതിയാവാം-33% വനിതാസംഭരണം. കുത്തക റബ്ബർ സംഭരണം പോലെ.

ഇനി നിത്യന്‌ മനസ്സിലാവാത്തൊരു കാര്യം. ശാസ്‌ത്രപ്രകാരവും ജാതകപ്രകാരവും സ്‌ത്രീകൾക്ക്‌ 90 ശതമാനത്തിന്റെ അവകാശമുണ്ട്‌. ദൈവം സഹായിച്ച്‌ വനിതകൾ ജനസംഖ്യയുടെ പകുതിയിലേറെയുണ്ട്‌. പിന്നെ ജൻമം കൊണ്ട്‌ ആണും കർമ്മം കൊണ്ട്‌ പെണ്ണുമായ ഒരിരുപത്‌ ശതമാനം വേറെ. പോരാഞ്ഞ്‌ ഒരിരുപത്‌ ശതമാനം ആണുങ്ങളും വാക്കിന്‌ വിലയില്ലാത്തവരാണ്‌. ആണിന്‌ വാക്കിനും പെണ്ണിന്‌ അത്‌ മാറ്റുന്നതിനുമാണ്‌ വില. ഇപ്പം നടപ്പിലാക്കും വനിതകളെ ഇരുത്തിയിട്ടേ വിശ്രമമുളളു എന്നൊക്കെ സഭയിലെ ആണുങ്ങൾ പറയാൻ തുടങ്ങിയത്‌ ഇന്നോ ഇന്നലെയോ അല്ല. സഭയുടെ അത്രതന്നെ പ്രായം ഈ പറച്ചിലിനും കാണും. പറഞ്ഞവർ ആണുങ്ങളുടെ ഗണത്തിലല്ലെന്ന്‌ തെളിഞ്ഞുവെന്ന്‌ മാത്രം. അപ്പോൾ മൊത്തം ജനസംഖ്യയിൽ 90 ശതമാനം. പിന്നെയെവിടെ നിന്നാണ്‌ വനിതകൾക്ക്‌ ബാറ്റയുടെ റേറ്റ്‌ പോലെ ഈയൊരു 33 ശതമാനം കിട്ടിയത്‌.

ന്യായമായും തൊണ്ണൂറുശതമാനം അർഹതയുളളപ്പോഴാണ്‌ വെറും 33 ശതമാനത്തിനായി വനിതകൾ പാർലമെന്റ്‌ മാർച്ച്‌ നടത്തുന്നത്‌. ഇനി ആണുങ്ങൾ ശ്രദ്ധിക്കുക. നിത്യൻ നല്ലതിനുവേണ്ടി പറഞ്ഞുതരികയാണ്‌. ജനാധിപത്യസൗധത്തിന്റെ വേണ്ടാത്ത രണ്ട്‌ തൂണുകളായ ജുഡീഷ്യറിയും മാദ്ധ്യമവും ഉളളകാലത്തോളം ചില പ്രതിനിധികൾ അകത്തെത്തിപ്പോവാനുളള സാധ്യത തളളിക്കളയാവുന്നതല്ല.

അത്തരം ഒരപൂർവ സന്ദർഭത്തിലായിരുന്നല്ലോ ഇന്ത്യ കണ്ട എക്കാലത്തെയും വലിയ മതേതരപ്രതിഭ സാക്ഷാൽ ലാലുയാദവൻ അഴിക്കുളളിലായിപ്പോയത്‌. അന്ന്‌ റാബ്രിദേവി എന്ന ധീരവനിത ബീഹാറിനെ രക്ഷിക്കാൻ മുന്നോട്ടുവന്നിരുന്നില്ലെങ്കിൽ യാദവൻമാരുടെ സ്ഥിതി എന്താകുമായിരുന്നു. ഏത്‌ സംവരണത്തിന്റെ ബലത്തിലാണ്‌ റാബ്രി മുഖ്യമന്ത്രിയായത്‌? അതുകൊണ്ട്‌ നല്ലത്‌ 50 ശതമാനം തന്നെയങ്ങ്‌ കൊടുത്തേക്കലാണ്‌. ഒരു ചുക്കും സംഭവിക്കുകയില്ല. നമുക്ക്‌ അഴിക്കുളളിലിരിക്കുവാനോ മറ്റോ ചാൻസ്‌ തരപ്പെടുകയാണെങ്കിൽ റാബ്രിമാർ രാജ്യം ശരിപ്പെടുത്തിക്കൊളളും. ലാത്തിയെടുത്തു കൊടുക്കുവാൻ റാബ്രിമാരും തല്ലുകൊളളുവാൻ ജാനുമാരും എന്ന രീതിയിൽ കാര്യങ്ങൾ നീങ്ങിക്കൊളളും.

കൈയ്യിലെ വിരലും കാലിന്റെ വിരലും തീർന്നാൽ ഗണിതശാസ്‌ത്രം അവസാനിക്കുന്ന ഒരു വനിത കെ.ടി.ഡി.സി കുളം തോണ്ടിയത്‌ ഏത്‌ സംവരണം കൊണ്ടാണ്‌? മറ്റൊരു ധീരവനിത ഒരു രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ അന്തസ്സുളള ആണുങ്ങളെ മുഴുവൻ അകത്തിട്ട്‌ മൂക്കുകൊണ്ട്‌ ക്ഷ എഴുതിച്ചത്‌ ഏത്‌ സംവരണം കൊണ്ടായിരുന്നു? ഭൂരിഭാഗത്തിന്റെയും യോഗ്യത ഒന്നുകിൽ അച്‌ഛന്റെ അല്ലെങ്കിൽ കെട്ടിയോന്റെ ആസനത്തിലെ തഴമ്പായിരുന്നു. നിങ്ങൾ ആരുടെയും പിന്നിലോ മുൻപിലോ അല്ലെന്നുറപ്പുണ്ടെങ്കിൽ വനിതകളെ ചോദിച്ച്‌ വാങ്ങിക്കേണ്ടത്‌ സംവരണമല്ല. ചാടിവീഴേണ്ടത്‌ ഡ്രൈവിംഗ്‌ സീറ്റിലേക്കാണ്‌.

ഹിന്ദുസ്ഥാൻ ലിവറിന്റെ ഉല്‌പന്നങ്ങൾ വാങ്ങി പുരട്ടി നടക്കാനുളള ആർജവമല്ല വേണ്ടത്‌. ഭൂലോകത്തെ പെണ്ണുങ്ങളുടെ ഇല്ലാത്ത പോക്കറ്റുകൊണ്ട്‌ ഉല്പന്നമിറക്കുന്ന, ഡയറക്‌ടർ ബോർഡിൽ ഒരൊറ്റ പെണ്ണുപോലുമില്ലാത്ത കമ്പനിയെ ബഹിഷ്‌ക്കരിക്കാനുളള ആർജവമാണ്‌. കോള കുടിക്കുന്ന ഐശ്വര്യയെ അനുകരിക്കാനുളള കണ്ണല്ല വേണ്ടത്‌. വേണ്ടത്‌ കോളയെയും ഐശ്വര്യയെയും തളളി പെരുമാട്ടിയിലെ അമ്മമാരെ കാണാനുളള കണ്ണാണ്‌. ഇതില്ലാത്ത കാലത്തോളം നൂറുശതമാനം കിട്ടിയിട്ടും കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല.

ഇന്ത്യൻ സ്‌ത്രീത്വം നേർക്കുനിന്നാൽ മുട്ടുകുത്താതിരിക്കാൻ ചങ്കൂറ്റമുളള ആണുങ്ങളുടെ സർക്കാർ ഉണ്ടാവാനുളള സാധ്യത ഏതായാലുമില്ല. കമ്പനികളും. ആനയെപ്പോലെയാണ്‌ ഇന്ത്യൻ സ്‌ത്രീത്വം. ഊക്കുണ്ട്‌ മരംവലിക്കുവാൻ മാത്രം. പ്രതികരിക്കുവാൻ നഹി.

വൃന്ദ കാരാട്ട്‌ ആവേശത്തോടുകൂടി 33 ശതമാനം ആവശ്യപ്പെട്ടുകൊണ്ട്‌ മാർച്ച്‌ നയിക്കുന്ന പടം കണ്ട്‌ നിത്യൻ ഞെട്ടി. അബദ്ധത്തിലെങ്ങാനും മാർക്‌സ്‌ എവിടെയെങ്കിലും സാർവരാജ്യവനിതകളെ സംഘടിക്കുവിൻ എന്നോ മറ്റോ എഴുതിപ്പോയോ ആവോ? ഗ്രന്ഥത്തിലില്ലാത്തതൊന്നും ചെയ്യുന്ന പതിവ്‌ സാധാരണ മാർക്‌സിസ്‌റ്റുകാർക്കുമില്ല. ജന്നി മാർക്‌സിന്‌ തുല്യയാണോ മേലെയാണോ താഴെയാണോ എന്നൊന്നും മാർക്‌സ്‌ ചിന്തിക്കാനിടയില്ല. തുല്യതാബോധം ഹൃദയത്തിലാണുണ്ടാവുക. അതില്ലാത്ത നിത്യൻ നിത്യകാമുകിയുടെ സ്ഥാനമളക്കാനുളള ചങ്ങലയും കൊണ്ടുനടക്കും.

സ്‌ത്രീയും പുരുഷനും തുല്യരാണെന്ന്‌ സഖാവ്‌ പറയും. സ്‌ത്രീയും പുരുഷനും തുല്യരായതുകൊണ്ട്‌ വനിതാസംവരണം ഉടൻ വേണമെന്നും സഖാവ്‌ പറയും. രണ്ടുനാവുകൊണ്ടല്ല. ഇതുരണ്ടും ഒരുനാവുകൊണ്ടുതന്നെയാണ്‌ പറയുക. ഇതിനാണ്‌ റിവല്യുഷണറി ടങ്ങ്‌ എന്നു പറയുക. തുല്യത കൈവരുത്തുവാൻ സംവരണം എന്നു കേട്ടിട്ടുണ്ട്‌. തുല്യതയുളളതുകൊണ്ട്‌ സംവരണം എന്ന്‌ നടേശനോ പണിക്കരോ അവർ സംയുക്തമായോ പറഞ്ഞുകേട്ടില്ല.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.