പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

സി.ഐ.എയും മാധ്യമ സിണ്ടിക്കേറ്റും പിന്നെ തിരഞ്ഞെടുപ്പും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

പണ്ട്‌ സാമ്രാജ്യത്വം, വൻകിട കുത്തക ബൂർഷ്വാസി, പ്രതിവിപ്ലവകാരികൾ, ട്രാക്‌റ്റർ, കംപ്യൂട്ടർ തുടങ്ങിയ മാരകായുധങ്ങളെ മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു. ഇപ്പോഴും ലോകത്തെ മറ്റ്‌ വിപ്ലവ പാർട്ടികൾക്കെല്ലാം ഇത്രയും ശത്രുക്കളെയുളളൂ. എന്നാൽ അതുപോലെയാണോ കേരളം. കനപ്പെട്ട വിപ്ലവകാരികളെല്ലാം തമ്പടിച്ചിരിക്കുന്ന പ്രദേശമാണ.​‍്‌ അവരുടെയെല്ലാം അകമഴിഞ്ഞ പ്രവർത്തനം കൊണ്ട്‌ സംഗതി വിപ്ലവമില്ലാതെ തന്നെ ശുഭമായി പര്യവസാനിക്കുന്ന ലക്ഷണമാണ്‌.

ബൂർഷ്വാസിയും തൊഴിലാളിവർഗവും തമ്മിലുളള വ്യത്യാസം ഇല്ലായ്‌മ ചെയ്യുകയാണ്‌ വിപ്ലവത്തിന്റെ ലക്ഷ്യം. ഇവിടെ അതെന്നേ ഇല്ലാതായിക്കഴിഞ്ഞു. വിപ്ലവം സമ്പൂർണവിജയം. നേരിൽ കണ്ടാൽ ഏതു മുതലാളിയും നമസ്‌കരിച്ചുപോകുന്ന നിലയിലാണ്‌ നേതാക്കൻമാരുടെ വളർച്ച. മുരടിച്ചുപോയവരുടെ പേര്‌ പറയുകയാണ്‌ എളുപ്പം. അണികളുടെ ഉയർച്ചയെക്കുറിച്ചാരും ബേജാറാവേണ്ടതില്ല. തല്‌ക്കാലം താഴ്‌മതാൻ അഭ്യുന്നതി എന്നു കരുതിയാൽ മതി.

അപ്പോൾ ഒരു വിപ്ലവം കൂടി നടന്നാലുളള സ്ഥിതിയെന്തായിരിക്കും? നാളിതുവരെ ഭൂലോകത്ത്‌ കാണാത്ത അഭിവൃദ്ധിയായിരിക്കും. ആരു സഹിച്ചാലും നാടുനന്നാവുന്നത്‌ സി.ഐ.എ സഹിക്കുമോ? ഇവിടത്തെ എരണംകെട്ട മറ്റ്‌ വിപ്ലവകാരികൾക്കൊന്നും സി.ഐ.എ പിശാചിന്റെ പ്രവർത്തനങ്ങളെപ്പറ്റി വേണ്ട വിവരമില്ല. ആ മന്ദബുദ്ധി സഖാക്കൾക്കിടയിൽ ഇപ്പോഴും നുഴഞ്ഞുകയറി പ്രവർത്തിച്ചുകളയുകയാണ്‌ യാങ്കികൾ. കാശും കണ്ടമാനമിറക്കും. മണ്ണ്‌ വേണ്ടവന്‌ മണ്ണ്‌ പെണ്ണ്‌ വേണ്ടവന്‌ പെണ്ണ്‌. അങ്ങിനെ വിപ്ലവകാരികളെ വഴിതെറ്റിച്ചു കളയുകയാണ്‌ ചെയ്യുക.

സി.ഐ.എ ഡയറക്‌ടർ പണ്ട്‌ വേണുവിനോട്‌ ചോദിച്ചു, “കോമ്രേഡ്‌ വേണു, താങ്കൾക്ക്‌ മണ്ണാണോ പെണ്ണാണോ വേണ്ടത്‌?” അതിബുദ്ധിക്ക്‌ പണ്ടേ പേരുകേട്ട വേണുവിന്‌ തോന്നി രണ്ടും പോരട്ടേന്ന്‌. അതുകൊണ്ട്‌ മണ്ണും പെണ്ണും സമ്മേളിച്ച രണ്ട്‌ ചവുട്ടാത്ത പശുവായിക്കൊളളട്ടെയെന്ന്‌ മൂപ്പർ പറഞ്ഞുകാണും. ഓലക്കുടിലിലെ ചായ്‌പിൽ വേണുവിന്‌ രണ്ട്‌ കാമധേനുക്കളെ കുടിയിരുത്തിക്കിട്ടിയത്‌ അങ്ങിനെയാണ്‌. പിന്നീട്‌ വെച്ചടി വെച്ചടി കേറ്റം. ഈയിടപാടിന്റെ ആധികാരിക രേഖകളെല്ലാം കൈയ്യിലുളളതുകൊണ്ടായിരുന്നു നമ്മൾ വേണുവിന്‌ സി.ഐ.എയുമായുളള ബന്ധത്തെപ്പറ്റിയും മറ്റും പ്രസംഗിച്ചത്‌.

ഇപ്പോൾ വീണ്ടും സി.ഐ.ഐ നാലു പാക്ക്‌ ഡോളറുമായി ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്‌. ഈ വരവിന്റെ കൃത്യമായ വിവരം ലോകത്ത്‌ ചോർത്തുവാൻ കഴിഞ്ഞത്‌ ഒരേയൊരാൾക്കാണ്‌. ഭാവിയുടെ വരദാനങ്ങളായ പിളേളർക്കാണ്‌ മൂപ്പർ ഈ വിവരം പകർന്നുകൊടുത്തിട്ടുളളത്‌. അതായത്‌ സി.ഐ.എയെ മുഖ്യശത്രുവായി മനസ്സിൽ കുറിച്ചിടുക. വിപ്ലവത്തെ കേരളത്തിലേക്കാനയിക്കുവാൻ കല്ലുകളയക്കുമ്പോഴാണ്‌ ആ ഉപദേശം ഉപകരിക്കുക. ലക്ഷ്യം തെറ്റി കല്ലുകൾ പോലീസുകാരന്റെ ഉണ്ടപോലെ അപഥസഞ്ചാരം നടത്തുകയില്ല. കിറുകൃത്യമായി കെ.എസ്‌.ആർ.ടി.സിയുടെ ചില്ലുകളിൽ. അല്ലെങ്കിൽ ബൂർഷ്വാസിയുടെ തലയിൽ. തടിക്കൊത്തൊരു തലയാണെന്നത്‌ പണ്ടേ പ്രസിദ്ധം. ആ തലയിൽ ഇത്തിരി ഹാസ്യവുമുണ്ടെന്ന്‌ സഖാവ്‌ ഇപ്പോൾ തെളിയിച്ചു.

തീവ്ര ഇടതുപക്ഷക്കാർ ഇതിനകം അസ്‌തുവായിക്കഴിഞ്ഞു. വേണുവിനെപ്പോലെ ശോഷിച്ചവർ കാമധേനുക്കൾ ചുരത്തുന്നതുമൂറ്റി സുഭിക്ഷം കഴിയുന്നു. യഥാർത്ഥ വിപ്ലവകാരികളായ നമ്മൾ ഇന്നും തൊഴിലാളികളുടെയും കർഷകരുടെയും ബീഡിത്തൊഴിലാളികളുടെയും മരിക്കാത്ത ഓർമ്മകളുമായി എ.സി. മുറികളിൽ കഴിയുന്നു. ഫ്ലൈറ്റുകളിൽ പറക്കുന്നു. ജലദോഷത്തിന്‌ സൂപ്പർസ്‌പെഷ്യാലിറ്റികളിൽ ചികിത്സ തേടുന്നു. പനി കൂടിയുണ്ടെങ്കിൽ വിദേശത്തേക്ക്‌ പറക്കുന്നു. തുച്ഛമായ മുന്നൂറുനാനൂറു രൂപ ചിലവാക്കി ഒഴിവുസമയം ആസ്വദിക്കുവാൻ അമ്യൂസ്‌മെന്റ്‌ പാർക്കുകൾ അവർക്കായി നിർമ്മിച്ചു കൊടുക്കുന്നു. അക്കൂട്ടർക്കുവേണ്ടി നിത്യേന 1000-2000 രൂപ ചെലവിൽ വിദഗ്‌ദ്ധവധം നടത്തിക്കൊടുക്കുന്ന സൂപ്പർസ്‌പെഷ്യാലിറ്റി ആതുരാലയങ്ങൾ കെട്ടിപ്പൊക്കുന്നു.

എങ്ങിനെയൊക്കെ സേവിച്ചിട്ടും വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ശനിയുടെ നിഴലിൽ. വിപ്ലവം രാമേശ്വരത്തു പോയി നടത്തേണ്ട ഗതിയാണ്‌. ഒടുവിൽ ആചാര്യൻമാർ ഗണിച്ചു കണ്ടെത്തി. വിപ്ലവത്തിന്റെ രാജപാതയിൽ ഒരു വർഗ്ഗശത്രുകൂടി ഉരുളൻകല്ലുമായി കാത്തിരിക്കുന്നു. ആ ശത്രുവിനാണ്‌ മാധ്യമ സിണ്ടിക്കേറ്റ്‌ എന്നുപറയുക. വെറും മാധ്യമ സിണ്ടിക്കേറ്റല്ല. സി.ഐ.എ അകമ്പടിയോടുകൂടിയുളളതാണ്‌. ലെനിൻ, സ്‌റ്റാലിൻ, മാവോ തുടങ്ങിയ മഹാരഥൻമാരുടെ കാലത്ത്‌ വർഗ്ഗശത്രുക്കളായി മാധ്യമങ്ങൾ മാത്രമേ ഉണ്ടായിരുന്നുളളൂ.

അധികാരത്തിൽ വന്നശേഷം അവർക്ക്‌ മാധ്യമങ്ങളെക്കൊണ്ടും മാധ്യമങ്ങൾക്ക്‌ അവരെക്കൊണ്ടും യാതൊരു ഉപദ്രവവും ഉണ്ടായതായി കേട്ടിട്ടില്ല. എഴുത്തിനെക്കൊണ്ടുളള ഉപദ്രവം എഴുത്തുകാർക്കും. നിർബന്ധമായും എഴുതിയേ അടങ്ങൂ എന്നുളളവർ തലയില്ലാതെ കൈകൊണ്ടെഴുതി അല്ലെങ്കിൽ അതിരുകടന്നെഴുതി. അതായിരുന്നു എഴുത്തിന്റെ സുവർണകാലം. കല കലക്കുവേണ്ടിയോ കൊലക്കുവേണ്ടിയോ ആദിയായ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാം ജീവിതത്തിനുവേണ്ടി.

ഇനി ഈ സി.ഐ.എ പിന്തുണയുളള മാധ്യമ സിണ്ടിക്കേറ്റുകാരെല്ലാം കൂടി ചെയ്യാൻ പോകുന്ന കാര്യമാണ്‌ അതീവ രഹസ്യം. അച്ചുതാനന്ദന്റെ നേതൃത്വത്തിലുളള എൽ.ഡി.എഫിനെ കേരളത്തിൽ ജയിപ്പിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതായത്‌ യഥാർത്ഥ വിപ്ലവകാരികളെ അഴിയെണ്ണിക്കുവാൻ പറ്റിയ സുവർണാവസരം. അകത്തുറങ്ങുന്നവനെ സുരക്ഷിതമാക്കി പുരക്ക്‌ തീവെക്കാൻ കഴിയാത്തതുകൊണ്ട്‌ യു.ഡി.എഫിനെക്കൊണ്ട്‌ അതു സാധിക്കുകയില്ല. ഇനി ഉറങ്ങുന്നവനും ചത്തോട്ടെ എന്ന്‌ കോൺഗ്രസുകാർ തീരുമാനിക്കുകയാണെങ്കിൽ തന്നെ മാഡത്തിനോട്‌ പറഞ്ഞ്‌ ഒരു കൂട്ടവംശഹത്യ ഒഴിവാക്കാവുന്നതേയുളളൂ.

അപ്പോൾ എന്തുകൊണ്ടും നല്ലത്‌ സി.ഐ.എ പിന്തുണയുളള മാധ്യമ സിണ്ടിക്കേറ്റിന്റെ ലക്ഷ്യത്തെ തകർക്കുകയാണ്‌. പൊട്ടിത്തെറിക്കാൻ വിശേഷിച്ച്‌ സമയമൊന്നുമില്ലാത്ത അച്ചുതാനന്ദൻ എന്ന എവർടൈംബോംബിനെ മലമ്പുഴയിൽ മുക്കി നിർവീര്യമാക്കുകയാണ്‌ വിപ്ലവം സുഗമമാക്കുവാനുളള ഒരു മാർഗ്ഗം. പണ്ട്‌ മുക്കിയതുപോലെ ഇനി അതു സാധിക്കുകയില്ലെങ്കിൽ മാത്രം ഒരു കൂട്ട ആത്മഹത്യയെപ്പറ്റി ചിന്തിക്കുക. ഇ.എം.ആചാര്യൻ കാട്ടിയ പാതയിലൂടെ സഖാക്കളേ, നാം മുന്നോട്ട്‌.

ആ കാർപെറ്റ്‌ ബോംബിന്‌ വലിയ മുടക്കുമുതലൊന്നും ആവശ്യമില്ല. ഒരു കേവല സത്യമാണ്‌ ആകെ വേണ്ടത്‌. പറ്റിയ ഒരനവസരത്തിൽ അതങ്ങട്ട്‌ പ്രയോഗിക്ക്യാ. ‘കുമാരനാശാനും മറ്റു ചില ശ്രീനാരായണ ശിഷ്യൻമാരും രാജാവിന്റെ പാദസേവകരായിരുന്നു.’ പറഞ്ഞത്‌ സത്യം. പോയത്‌ നാല്‌ വാക്ക്‌. കൊണ്ടുപോയതാകട്ടെ അച്ചുതാനന്ദന്റെ മോഹങ്ങളെയും. അതുപോലൊരു നമ്പർ വീണ്ടുമിറക്കുക.

സെക്യൂലറിസം ഒന്നുകൂടി പുഷ്‌ടിപ്പെടുത്തുന്നതിന്റെ ഭാഗമായി സവർണർക്ക്‌ ജാതിസംവരണം ഏർപ്പെടുത്തും എന്നൊരൊറ്റ പ്രഖ്യാപനം-ഗുണം ചെയ്യാതിരിക്കില്ല. നിത്യൻ നല്ലതിനുവേണ്ടി പറഞ്ഞുതരികയാണ്‌. അച്ചുതാനന്ദൻ മലമ്പുഴയിൽ ഒടുങ്ങും. ഇനി ഒരുവിധം നീന്തി കരപറ്റിയാൽ തന്നെ കയറിക്കിടക്കാൻ ചായ്‌പുണ്ടാവുകയില്ല.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.