പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

മാട്രിമോണിയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

ഹോം സയൻസിലോ ഹോമൊലെസ്‌ബിയനിസത്തിലോ ഒരു ഡോക്‌ടറേറ്റ്‌ ബിരുദം അഭിലഷണീയമാണ്‌. ജാതിമത നിബന്ധനയില്ല. സംവരണമുളള പെൺജാതിയായാൽ നന്ന്‌. മീശയുണ്ടെങ്കിൽ പ്ലക്ക്‌ ചെയ്‌തിരിക്കണം. സുന്ദരിയാണെങ്കിൽ സ്വർണ്ണമരാളം പോലിരിക്കണം. വിരൂപിണിയാണെങ്കിൽ മാംസമദ്‌ദളം.

സ്‌ത്രീയല്ലേ. ഇസ്‌ത്രിയിടാനുളള കഴിവ്‌ ജന്മനാ കാണുമല്ലോ. പുറമെ, ഡിവിഡിയിൽ സിഡിയിടാനും ഗ്യാസ്‌ പൂട്ടാനും അലക്കുമെഷിനിൽ വിഴുപ്പിടാനും അറിഞ്ഞിരിക്കണം. കണ്ട വസ്‌തുക്കളിൽ ആകാംക്ഷ പൂണ്ട്‌ കണ്ടമാനം പാടരുത്‌ കൊണ്ടു വാ കൊണ്ടു വാ. ഏറിവന്നാൽ ഷോപ്പിംഗ്‌, മാർജിൻ ഫ്രീയുടെ വിൻഡോയിൽ ഒതുക്കുക.

പെണ്ണെന്ന വർഗ്ഗംതന്നെ ഒരു മൂലാധാരമായിരിക്കുന്ന കാലഘട്ടത്തിൽ നഃ പുരുഷഃ സ്‌ത്രീധനമർഹതഃ സ്‌ത്രീയുടെ ജഘനം തന്നെയാണ്‌ ധനം. സമൂഹത്തെ ബാധിച്ചിരിക്കുന്ന മറ്റൊരർബ്ബുദമാണ്‌ സ്‌ത്രീധനം. ചികിത്സിച്ചു ഭേദപ്പെടുത്തുക അസാദ്ധ്യമെങ്കിലും നിവാരണത്തിനായി നല്ലൊരു തുക ബജറ്റിൽ കുട്ടിച്ചോറാക്കേണ്ടിവരും. ചെറ്റകളാണ്‌ സ്‌ത്രീധനമോഹികൾ. മാർക്കറ്റിൽ മണ്ണെണ്ണയുടെ വില കൂട്ടുന്നത്‌ ഒപ്പെക്കല്ല, അവറ്റകളാണ്‌. എന്നിരുന്നാലും ഒപ്പിട്ട ഒരു ബ്ലാങ്ക്‌ചെക്ക്‌ മുൻകൂറായി നൂറ്റൊന്നുപവന്റെ താലത്തിൽ കിട്ടുകയാണെങ്കിൽ, വിവാഹാനന്തരജീവിതത്തിൽ പീഡനം താഡനം മോചനം എന്നീ ദുരന്തങ്ങൾ ഉണ്ടാവില്ലെന്നു കരുതാം.

ഊട്ടി, സിംല, മസ്സൂറി തുടങ്ങിയ ലൊക്കേഷനുകളിൽ ഹണിമൂൺ സ്വപ്‌നം കാണുന്ന ഒരു ജോഡി വെളളാരങ്കണ്ണുകളും, കൊഴിയാത്ത ചപ്രച്ച സ്വർണ്ണത്തലമുടിയും കുട്ടിക്കൊരു മേന്മയാകും. ഭർത്താവൊന്നു കൊഞ്ഞനംകാട്ടിപ്പോയാൽ ഉടനെ ആറ്റിലെക്കെടുത്തുചാടുന്ന സ്‌പോർട്ട്‌സ്‌പിരിറ്റ്‌ ഒരിരട്ടിമധുരത്തിന്റെ മേന്മയാകാതിരിക്കില്ല. സ്വന്തം വിധുരന്റെ ഒന്നാംവിവാഹത്തിലെ പോരായ്‌മകൾ രണ്ടാമത്തേതിലും ആവർത്തിക്കുവാൻ ആ ധുരന്ധരനെ പ്രേരിപ്പിക്കുന്ന ഒരു വിപ്ലവചിന്താഗതി വേണം വുമൺലിബ്ബുകാരിക്ക്‌.

വാലന്റൈൻ ഡേകളിൽ കൂട്‌ വിട്ട്‌ കൂട്‌ മാറരുത്‌. എട്ടും പൊട്ടും തിരിയാത്ത കുട്ടിച്ചാത്തയാകരുത്‌. ഡേറ്റിങ്ങിനു ക്ഷണം കിട്ടിയാൽ വിപ്ലവത്തിന്റെ ഡേറ്റിൽ അനാശാസ്യം വയ്യെന്നു പറഞ്ഞൊഴിയണം. ചഞ്ചലചിത്തത്തെ അചലഹിമാലയമാക്കണം. അതിൽ മറ്റൊരു പാർവ്വതിയായി മറ്റൊരു പരമശിവനുവേണ്ടി തപസ്സനുഷ്‌ഠിക്കണം. ഭക്തി മൂക്കുമ്പോൾ പുരാണസീരിയലുകളിലൂടെ കലിയുഗത്തിൽനിന്നു പേ ചാനലിലേക്കു പലായനം ചെയ്യാം.

വീട്ടിൽ കിറ്റി പാർട്ടിക്കാർ വന്നാൽ, അവരോട്‌ ചായയോ കാപ്പിയൊ ബൂസ്‌റ്റൊ ഹോർലിക്‌സോയെന്നു ഭംഗിവാക്ക്‌ മൊഴിയുകയല്ലാതെ തല മറന്ന്‌ അതൊന്നും ഇട്ടേക്കരുത്‌. ടി വി കണ്ടുകൊണ്ടിരിക്കുന്ന ഭർത്താവിന്റെ കയ്യിൽനിന്നു റിമോട്ട്‌ തട്ടിപ്പറിക്കുന്നത്‌ സുജനമര്യാദയാവില്ല. ഹ്യൂമൺ റൈറ്റ്‌സ്‌ കമ്മീഷന്റെ റിപ്പോർട്ട്‌ പ്രകാരം. ഒരു ഭർത്താവിന്റെ കയ്യിരിപ്പവകാശമത്രെ റിമോട്ട്‌ കൺട്രോൾ. ഭർത്താവെന്ന ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടിവിയുടെ യഥാർത്ഥ റിമോട്ട്‌ കൺട്രോൾ ആരാണെന്നു ആർക്കാണറിഞ്ഞുകൂടാത്തത്‌! ക്രിക്കറ്റ്‌ ഫൈനലിന്റെ ലൈവ്‌ ടെലികാസ്‌റ്റ്‌ നടന്നു കൊണ്ടിരിക്കവെ, ഉപ്പില്ല അരിയില്ല മുളകില്ല എന്ന അശരീരിയുടെ ബ്രോഡ്‌കാസ്‌റ്റ്‌ കേൾപ്പിക്കരുത്‌. ശീതങ്കങ്ങളിൽ ക്രിസ്‌റ്റൽ കട്ട്‌ലറി ചപ്പാത്തിക്കോൽ ബ്രഹ്‌മാസ്‌ത്രം എന്നിവ ഒരു കാരണവശാലും ഉപയോഗിച്ചു കൂടാ. പോളിമർ തലയണ മാത്രം നിയമത്തിനു ഒരപവാദമായെടുക്കാം. പറയൻതുളളലും ഓട്ടൻതുളളലും നാല്‌ ചുവരിനകത്തായിരിക്കണം. അയൽക്കാർക്ക്‌ കൈ കൊട്ടിച്ചിരിക്കാൻ തക്ക പാകത്തിൽ പുരക്ക്‌ ചുറ്റുമാകരുത്‌.

ഒരു അവിവാഹിത വിവാഹിതയാവുന്നത്‌ ഭർത്താവിനെക്കൊണ്ട്‌ പാത്രം മോറിക്കാനാണെന്നു പറയുന്നവരുണ്ടാകാം. അത്‌ കാര്യമാക്കേണ്ടതില്ല. സംസാരം എപ്പോഴും ഇരട്ടനാക്കിലായിരിക്കണം. ഉദാഹരണത്തിന്‌ ‘ന്താ ഇന്നൊരു പുന്നാരം’ എന്ന്‌ പ്രകാശത്തിൽ മൊഴിയുമ്പോൾത്തന്നെ, ഉളളിൽ സൗണ്ട്‌ പ്രൂഫായി മന്ത്രിക്കണംഃ ‘ദുഷ്‌ടനെപ്പോഴും സെക്‌സിന്റെ വിചാരം.’ ‘സത്യം പറ, നിങ്ങൾക്കെന്നോട്‌ സ്‌നേഹമുണ്ടോ’ എന്ന അന്വേഷണത്തിന്റെ അഗാധതയിൽ ‘വിഷുവിനു ഡയമണ്ട്‌ നെക്‌ലേസ്‌ വാങ്ങിച്ചു തരുമോ ചേട്ടാ’ എന്ന ഒരു യമണ്ടൻധ്വനിയുണ്ടാവണം. ‘ആലുക്കാസിലേക്കൊ, ഒരു മിനുട്ട്‌! പുതിയ സാരിയുമുടുത്ത്‌ ഞാനിതാ വന്നു’ എന്ന അറിയിപ്പിനു ‘ഷൂസഴിച്ചുവെച്ച്‌ ഭവാൻ ബ്രിട്ടാനിക്ക എൻസൈക്ലോപ്പീഡിയ നാൽപ്പതു വാല്യവും വായിക്കാനിരുന്നോളൂ’ എന്ന പിൻസ്‌ക്രിപ്‌റ്റുണ്ടായിരിക്കണം.

പണവും പൊന്നുമല്ല, ലജ്ജയാണ്‌ ഒരു പെണ്ണിന്റെ സമ്പത്ത്‌. മാർവിടത്തിലെ ലജ്ജാകലശങ്ങൾ പൂർണ്ണമായും മറഞ്ഞിരിക്കണം. എന്നുവെച്ച്‌ കടുകിനെ കുന്നാക്കുന്ന കഞ്ചുകം വേണ്ട. അതൊക്കെയണിഞ്ഞ്‌ പരപുരുഷരെ വടിയാക്കരുത്‌. അവയവത്തെ സമനിലക്കു ഹൊറിസോണ്ടലാക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കേണ്ട ഗതികേടുമുണ്ടാകരുത്‌.

ലജ്ജയുടെ ശത്രുവാണ്‌ ഇക്കിളി. രണ്ടാംവട്ടവും ഇക്കിളി വന്നില്ലെങ്കിൽ ഒന്നാമത്തെ തവണ ലജ്ജിക്കാൻ മടിക്കണ്ട. ഒന്നാംവട്ടം ഇക്കിളി വന്നില്ലെങ്കിൽ രണ്ടാമത്തെ തവണയും നാണം വിട്ട്‌ ലജ്ജിക്കണം. ഇക്കിളിയുടെ മനഃശാസ്‌ത്രത്തെക്കുറിച്ച്‌ കൂടുതലറിയാൻ പൈങ്കിളി വാരിക മറിച്ചുനോക്കാം. ഒരു ശിശുവിനുപോലും മണിമണിയായി ഉത്തരം നൽകുവാൻ കഴിയുന്ന സിൻഡ്‌റോംപ്രശ്‌നങ്ങൾക്ക്‌ പംക്തിക്കാരൻ കൊടുക്കുന്ന പരിഹാരവാക്യം ഇപ്രകാരമാകും. വീടിനടുത്ത്‌ മുഴുപട്ടിണി പ്രാക്‌ടീസ്‌ ചെയ്യുന്ന ഒരു മനഃശാസ്‌ത്രജ്ഞൻ കാണില്ലേ, താങ്കളുടെ വിലയേറിയ സംശയങ്ങൾക്ക്‌ അദ്ദേഹത്തെ സമീപിക്കാം.

Or_gaasamenthennangngOr_kkarriyaam_aa, anjjanam_pOle veLuththirikkum. chilappOL addEham iddEham thanneyaakaan vazhiyoNT~.

എന്തുകൊണ്ടും സങ്കല്പത്തിലെ മിസിസ്സ്‌, മിസ്‌ യൂണിവേഴ്‌സിനെ തോൽപ്പിച്ച്‌ തുന്നം പാടിക്കുന്ന ഒരു തികഞ്ഞ ലജ്ജാവതിയാകട്ടെ. ഭാരതീയപാരമ്പര്യം അതാണല്ലോ അനുശാസിക്കുന്നത്‌. കേരളത്തനിമയും മറ്റൊന്നല്ലല്ലൊ. താലിബാൻകുട്ടികൾ ഇച്ഛിക്കുന്നതും ഡിറ്റോ. നമ്മുടെ മിസിസ്സ്‌ നമ്പ്യാർ അമ്മയുടെ സ്ഥാനത്ത്‌ ഒരമ്മിഞ്ഞമ്മയും വെളുത്തേടത്തിയുടെ സ്ഥാനത്ത്‌ ഒരു കറുത്തേടത്തിയും കുശിനിക്കാരിയുടെ സ്ഥാനത്ത്‌ ഒരു ഭദ്രകാളിയുമാകണം. ഭർത്താവിന്റെ കൺമുന്നിൽവച്ച്‌ കാലനു കീഴടങ്ങുന്ന അബലയാകരുത്‌. ബലാബലമറിയാൻ വീടിനെ വാസ്‌തുഹാരപ്രകാരം, കുറ്റിയടിച്ച്‌ ലാബാക്കിപ്പണിയുന്ന ഒരു ശാസ്‌ത്രകുതുകിണിയാവണം അമ്മിണി സഹധർമ്മിണി ഭാവിയിലെ നമ്മുടെ മാഡം ക്യൂറിണി.

ഭാര്യയെ ആവശ്യമുണ്ട്‌. മാട്രിമോണിയലിന്റെ തലക്കെട്ട്‌ ബോൾഡിൽ അങ്ങനെ. ഉടനെ അപേക്ഷിക്കുക പോ ബോ ട്രിപ്പിൽ ഫൈവ്‌. ഇങ്ങനെ ഇറ്റാലിക്‌സിൽ വാൽക്കെട്ടും. പരസ്യത്തിന്റെ ചൂടാറുംമുമ്പ്‌ പരസ്യക്കാരന്‌ നൂറിൽപ്പരം കത്തുകൾ വന്നു. ആലോചനയുമായി മുന്നോട്ടു വന്നതെല്ലാം പാവം ഭർത്താക്കന്മാർ! അസംഘടിതർ ആർത്തന്മാർ ആലംബഹീനന്മാർ! ! ഉളളടക്കത്തിൽ മിക്ക കത്തുകളും വിസ്‌തരിക്കുന്നത്‌ ഒരെ രാഗം. തെളിവിനു ചില സാമ്പിൾകത്തുകൾ ചുവടെ ചേർക്കുന്നുഃ

“അജ്‌ഞ്ഞാതസുഹൃത്തേ, താങ്കൾ എന്നോട്‌ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും ഇത്‌.”

“മടക്കിത്തരില്ലെന്ന കരാറിൽ വിട്ടു തരാൻ സന്തോഷമുണ്ട്‌.”

“ചക്കച്ചുളപ്പല്ലിച്ചിയെ സൗജന്യമായി പോസ്‌റ്റ്‌ ബോക്‌സിലോ വീട്ടിലൊ എത്തിച്ചു തരാം.”

“ഏസ്‌ ഈസ്‌ വേർ ഈസ്‌ ബേസിസ്സിൽ എടുത്തു കൊണ്ടുപോയി ചുട്ടു തിന്നോ. പ്രസവം കഴിഞ്ഞാൽ, സ്ഥലത്തെ പോസ്‌റ്റ്‌മാനെ വിവരമറിയിക്കാൻ മറക്കരുത്‌. മലബാറിന്റെ തീരപ്രദേശങ്ങളിൽ ഇന്നും പേരിടാനുളള അവകാശം കുഞ്ഞിന്റെ അച്ഛനാണ്‌.”

“വാനാറ്റവും പേന്തലയുമുളള ബലാലിനെ ഏട്‌ക്കാനും ആള്‌ണ്ടായി. പടച്ചോന്റെ കിറുപ. ഞമ്മൻ രച്ചപ്പെട്ട്‌. നല്ല മനിസനായ ങ്ങക്ക്‌ പെരുത്ത്‌ നിസ്‌ക്കാരം. കുദാ ഹഫീസ്‌!”

“അവസാനം മയ്യഴിമാതാവിനു വിളി കേൾക്കാൻ മനസ്സ്‌ വന്നല്ലോ. അടുത്ത പെരുന്നാളിനു നൂറ്റൊന്നു മെഴുകുതിരി കത്തിക്കാം. താങ്കളോട്‌ നന്ദി പറയുവാൻ വാക്കുകളില്ല. വൈകിയാണെങ്കിലും എന്റെ ജീവിതത്തിൽ വന്ന ഒരു മിശിഹായാണ്‌, താങ്കൾ, മിശിഹാ!”

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.