പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഓം കൂർക്കായ......

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

കൂർക്കത്തിനു ഇന്ത്യൻ പീനൽ കോഡിൽ വകുപ്പൊന്നുമില്ല. പക്ഷെ ബെഡ്‌റൂമിൽ കൂർക്കത്തിന്റെ ബ്യൂഗിൾ മുഴക്കുന്ന പക്ഷം ഇനി ഒരു പൂശൽ പ്രതീക്ഷിക്കാം. വാരിയെല്ലിനിട്ടൊരു ബീക്ക്‌ഃ ഡിഷ്യം!

ഭാഗ്യത്തിന്‌ വീട്‌ നുറുശതമാനവും കൂർക്കം നിരോധിതമേഖലയല്ല. ബാത്ത്‌റൂമിന്‌ അവൾ ഇളവ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബാത്ത്‌ റൂം പറക്കുംകൂറപ്പടയാളികളുടെ അധിനിവേശകേന്ദ്രമാണ്‌. പോരാത്തതിന്‌ ആ കേന്ദ്രത്തിൽ ഒരു അഭയാർത്ഥിത്തവളയുമുണ്ട്‌. ഒരു കിംവദന്തിയനുസരിച്ച്‌ ഉറക്കത്തിൽ ഈ ലേഖകന്റെ വാ തുറന്നിരിക്കണമല്ലൊ. ബാത്ത്‌ റൂമിനെ കിടപ്പുമുറിയാക്കേണ്ടിവരുന്ന അടിയന്തരാവസ്‌ഥയിൽ വായിലൂടെ ആ തവളയെങ്ങാനും ഡൗൺ ജംപ്‌ പാസ്സാക്കിയാലോ.... പിന്നെ മാക്കിറിയെ വിസർജ്ജിപ്പിക്കേണ്ടുന്ന സർജൻ പാമ്പിനെ പാതിരക്ക്‌ ആരു പിടിച്ചു കൊണ്ടു വരും? ഒരു മണ്ണിരയെക്കണ്ടാൽ പയ്യാനമണ്ടലിയാണെന്നു കരുതി പേടിച്ചോടുന്ന ശ്രീമതിയിൽ നിന്ന്‌ വല്ല സഹായവും പ്രതീക്ഷിക്കാമൊ.

ഒരു കണക്കിനു ദൈവം മണ്ണിരയെയും പാമ്പിനെയും സൃഷ്‌ടിച്ചതു നന്നായി. ഈ ലൊഡുക്കുസ്‌ പെണ്ണുങ്ങളെ ഒരു പാഠം പഠിപ്പിക്കാമല്ലൊ.

പെണ്ണുങ്ങൾ പേടിയുള്ളവരായിരിക്കണം. അവർ ഹബ്ബിമാരെ ഭയപ്പെട്ടും ബഹുമാനിച്ചും നടക്കുകയാണെങ്കിൽ ആഗോളതാപനമേറ്റ്‌ വരണ്ടുകൊണ്ടിരിക്കുന്ന ലോകത്തിന്‌ ഏറിയോരു കുളിർമ്മ കിട്ടും. സർവ്വത്ര ഐശ്വര്യം. വസുധൈവകുടുംബകം.

ഹ്‌ർർർർ.............ഖ്‌ർർർർ............ഘ്‌ർർർർ...........ഹ്രോർർർർ......

ഡിഷ്യം!

ഇതേതു വകേലാ നൊന്ത വാരിയെല്ല്‌ തടവിക്കൊണ്ട്‌ ഞാൻ ചോദിച്ചപ്പോൾ ക്രൂര ഃ താലി കെട്ടിയ പെണ്ണിന്റെ ചെവിക്കല്ല്‌ പൊട്ടിച്ചില്ലേ, എൺപത്‌ ഡെസിബെല്ലിൽ അതിന്റെ കണക്കിൽ കൂട്ടിക്കൊ.

എൺപത്‌ ഡെസിബല്ലിലോ, എനിക്കു നിഷേധിക്കേണ്ടി വന്നു ഃ തവളയെ പിടിക്കും നാഗത്തെ പടച്ച നാഗരാജനെക്കുറിച്ചു ഞാൻ ചുമ്മാ ഓരോന്നു ഓർക്കുകയായിരുന്നു.

ഡിഷ്യം ഡിഷ്യം!

ഇതിപ്പൊ ഏതു വകേലാ?

പച്ചക്കള്ളം തട്ടിവിട്ടതിന്‌ അവൾ തുടർന്നു ഃ റം കുടിക്കുന്ന രാമനും ആട്ടിൻകുട്ടിയുടെ കരൾ വറുത്തു കഴിക്കുന്ന കോമനും ഈശ്വരനെക്കുറിച്ച്‌ ചിന്തിക്കുവാൻ ന്യായമില്ല.

വലത്തെ പള്ള നീറുന്നുണ്ട്‌. നഖങ്ങൾ ഉരഞ്ഞതാകാം. അവൾ നീട്ടി വളർത്താറാണ്‌ പതിവ്‌. വൃത്തിയിൽ ചന്ദ്രക്കലയുടെ ആകാരത്തിൽ വെട്ടി പോളീഷ്‌ പൂശി വെക്കും.

സ്ന്ദര്യത്തിന്റെ പുകമറയ്‌ക്കപ്പുറം പക്ഷെ മറ്റേതുണ്ട്‌ഃ വയലൻസ്‌.

ജീവിതത്തിൽ ഈ നഖങ്ങൾ കഴിഞ്ഞാൽപ്പിന്നെ എനിക്കിഷ്‌ടം ചേട്ടനെയാ. അവൾ കണ്ണുകളിൽ ശകലം റൊമാന്റിസം വരുത്തിയിട്ട്‌ ഒരിക്കൽ തുറന്നു പറയുകയുണ്ടായി. ഇവ പെട്ടാതെ നോക്കുന്നതിൽ ചേട്ടനും ഒരു റോളുണ്ട്‌.

ഇപ്പറഞ്ഞതിന്റെ ധ്വനി സ്‌പഷ്‌ടം. ചപ്പാത്തിക്കുള്ള മാവ്‌ കുഴക്കേണ്ട ചുമതല അവൾക്കല്ല. അമ്പടി, പൊങ്ങച്ചഭരിതയായ ദുരഭിമാനത്തിടമ്പേ! സന്മനസ്സോടെ കുഴച്ചാൽ പൊട്ടാതെ വട്ടത്തിൽ പരത്തിയെടുക്കാൻ പറ്റുമെന്നാണ്‌ തിടമ്പിന്റെ കണ്ടെത്തൽ.

പുള്ളിക്കാരി ചുട്ടെടുക്കുന്ന ചപ്പാത്തിക്ക്‌ എന്തു ടേസ്‌റ്റാണെന്നൊ. തവയിൽ ഓരോ ചപ്പാത്തിയും പപ്പടംപോലെ പൊള്ളിവരും. അവളുടെ സ്‌പെഷ്യലാണ്‌ ഞാൻ. അതുകൊണ്ട്‌ എന്റെ ചപ്പാത്തികൾ പശുവിൻനെയ്യിന്റെ ഡ്രസ്സിങ്ങോടെ അന്തസ്സിലാണ്‌ വരിക...

ഒരിക്കൽ ഒരത്‌ഭുതം. ചപ്പാത്തിയിൽ ഒരു മിറാക്ക്‌ൾ. ഓം. ലിഖിതരൂപത്തിൽ. അടുക്കളയിൽ ഒരു കന്നുകുട്ടിയെപ്പോലെ തുള്ളിച്ചാടി.

ദാ, നോക്കൂ; തളിപ്പറമ്പത്തപ്പൻ എന്റെ വിളി കേട്ടു ചേട്ടാ!

ചപ്പാത്തിയോടു സ്‌നേഹം തോന്നാൻ തളിപ്പറമ്പത്തപ്പനെന്താ ഒരു ഹിന്ദിവാലെയൊ! വിശക്കുന്ന കേരളീയന്റെ ഈശ്വരൻ മൊരിഞ്ഞവതരിക്കേണ്ടത്‌ ഒരു സാദാ ദോശയിലാണ്‌. ഇങ്ങനെ ഓർത്തതിനുശേഷം ഞാൻ പ്രതിയായ അത്‌ഭുതചപ്പാത്തിയെ ഒരു നിരീക്ഷണത്തിനു വിധേയമാക്കി. ഇടത്തെ പള്ളയിൽ ശകലം കരിഞ്ഞ പാടുണ്ട്‌. ആര്യവംശത്തിൽ പിറന്ന ഒരു മ്‌ളേച്ഛരുടെ ഹീനതാഗ്രന്ഥിയാണ്‌ മുഖത്തെഴുത്ത്‌.

കാണേണ്ടതു കാണില്ല; എപ്പഴും ഇങ്ങനെയാ, അവൾ പരിഭവം നടിച്ചുകൊണ്ട്‌ പറഞ്ഞു. എങ്ങനെ കാണാനാ നിങ്ങൾക്കും നിങ്ങളൂടെ വീട്ടുകാർക്കും ഈശ്വരവിചാരം കുറച്ചധികാണല്ലോ.

എന്റെ വിട്ടുകാരെ വിഷയത്തിൽ ഉൾപ്പെടുത്താതെ കാര്യം പറഞ്ഞാട്ടെ.

ഓം, നിങ്ങൾ ഓമിന്റെ പടം കണ്ടില്ലേ. ഞാൻ ചുട്ട ചപ്പാത്തിയിലാ ഓം അവതരിച്ചിരിക്കുന്നത്‌. ഈ വിശുദ്ധ ചപ്പാത്തി നെയ്യ്‌ തളിച്ച്‌ തളിപ്പറമ്പത്തപ്പന്റെ നടയിൽ വെക്കണം.

അപ്പോൾ എനിക്കുള്ള സ്‌ഥാനം നഖങ്ങൾക്കും തളിപ്പറത്തപ്പനും ശേഷമാണ്‌, അല്ലേ. എങ്കിലും സമ്മതിച്ചു കൊടുത്തു. കരളേ, ആദ്ധ്യാത്‌മികചിന്താമണേ, അ പ്ലസ്‌ ഉ പ്ലസ്‌ മ തന്നെ ( ശരിക്കും കാണാനും ഭക്തി മൂത്തുവരാനും ഒരു ശാസ്‌ത്രജ്ഞന്റെ മൈക്രോസ്‌കോപ്പ്‌ വേണ്ടി വരുമെന്ന്‌ പറഞ്ഞാൽ നീ എന്നെ ബാക്കി വെച്ചേക്കില്ല. പരംപ്യാരെ ദുഷ്‌ടേ!)

ഭർത്താക്കന്മാർ പ്രകാശത്തിൽ ഇങ്ങനെ കാര്യങ്ങൾ സമ്മതിച്ചു കൊടുക്കുന്നതാണ്‌ ഭംഗി. ഭാര്യമാർക്ക്‌ ജീവിക്കാനുള്ള പ്രചോദനം കിട്ടുമല്ലൊ.

നട്ടുച്ചവെയിലത്ത്‌ നിന്നിട്ട്‌ ബഹുമാനപ്പെട്ട ഭാര്യമാർ ചുറ്റം നറുനിലാവാണെന്നു മന്ത്രിച്ചെന്നുവെക്കൂ, പെട്ടെന്നു യെസ്‌ മൂളുന്നതിൽ ഒരു തെറ്റുമില്ല. പാലൈസായ വെയിലല്ലേ നിലാവ്‌. ഹോട്ടായ നിലാവല്ലേ നട്ടുച്ചവെയിൽ.

യൂറേഷ്യ ഏഷ്യയിലാണെന്നു വാദിച്ച്‌ മർക്കടമുഷ്‌ടി പിടിച്ചാൽ അതും പെട്ടെന്ന്‌ അംഗീകരിച്ചു കൊടുക്കാം. യൂറേഷ്യ മലേഷ്യയിലായാലെന്ത്‌, യൂറേഷ്യ പേർഷ്യയിലായാലെന്ത്‌, നമുക്കൊരു കുഴപ്പവുമില്ല. നമുക്ക്‌ ഊണ്‌ തരമാക്കുന്നത്‌ യൂറേഷ്യയാണൊ, നമുക്ക്‌ ഇസ്‌ത്രിയിട്ട്‌ തരുന്നത്‌ യൂറേഷ്യയാണൊ, നമുക്ക്‌ പനിക്കുമ്പോൾ നനച്ച ശീല നെറ്റിയിൽ വെച്ചു തരുന്നത്‌ യൂറേഷ്യയാണൊ.

അനുരാഗത്തിന്റെ മാരിവില്ല്‌കൊണ്ട്‌ കിരീടം ചൂടേണ്ടവർ ചെറിയ അഭിപ്രായവിത്യാസങ്ങളുടെ പേരിൽ മാരാമാരിയാകരുത്‌. ഒന്നാകാൻ വിധിക്കപ്പെട്ടവർ രണ്ടായിപ്പിരിഞ്ഞു പോകണൊ. ദാമ്പത്യത്തിൽ കൊസ്രക്കൊള്ളികൾ ആരാണ്‌ ഇഷ്‌ടപ്പെടുക. അവ ക്ഷണിക്കാതെ കടന്നുവരികയല്ലേ.

ഉദാഹരണത്തിനു നശിച്ച ഈ കൂർക്കം!

മാരകശബ്‌ദവ്യാധി അവളുടെ രാത്രികളെ മെഗാ ശിവരാത്രിയാക്കയാണ്‌. ഞാനാണ്‌ പ്രതി. എന്നുവെച്ചാൽ എന്റെ മൂക്ക്‌, തൊണ്ട, വായ.....

ഒരു നരനായി ധരയിൽ ഈ ലേഖകൻ ജനിച്ചതു തന്നെ കൂർക്കംവലിക്കാനാണെന്നാണ്‌ അവളുടെ പരാതി. കിടപ്പുമുറിയിലൂടെ പാതിരക്ക്‌ ഒരു ഗൂഡ്‌സ്‌ ചീറിപ്പായുന്നുണ്ടെന്ന്‌ അവൾ ഗവേഷിച്ചു കണ്ടെത്തി. അത്‌ ഒരു ഭ്രമം മാത്രമായിക്കൂടെ. ഹാല്യൂസിനേഷൻ. ചിലപ്പോൾ ഒരു ഹൈവേ ട്രാഫിക്കിന്റെ ഇരമ്പം പോലിരിക്കുമത്രെ സംഭവം. ഇതിലിത്തിരി റിയാലിറ്റിയുണ്ട്‌. എൻ എച്ച്‌ പതിനേഴിനരികെയാണ്‌ വീട്‌. പുലർച്ചെ കിളികളുടെ ഓർക്കെസ്‌ട്രക്കുപകരം അവളെ വെളിച്ചത്തിലേക്കു നയിക്കുന്നത്‌ ഒരു മുക്രയാണത്രെ. അയൽക്കാരനായ വറീതുചേട്ടന്റെ കാളയ്‌ക്ക്‌ എന്താ മുക്രിയിടാൻ പാടില്ലേ.

പ്രസ്‌തുത കൂർക്കമൊ മുക്രയൊ കേൾക്കാൻ എന്റെ ചെവിക്ക്‌ ഭാഗ്യം ഉണ്ടായിട്ടില്ല. ഗുഡ്‌സ്‌ വണ്ടി, ഹൈവേ ട്രാഫിക്ക്‌ ഇവയിലൊന്നും വിശ്വാസം വരുന്നില്ലെങ്കിലും ഞാൻ ഭാര്യക്ഷേമം മുൻനിർത്തി യുദ്ധാടിസ്‌ഥാനത്തിൽ ശബ്‌ദമഹാവ്യാധിയ്‌ക്ക്‌ ചികിത്‌സിക്കാൻ തന്നെ നിശ്‌ചയിച്ചു.

സ്വമേധയാ വെറ്റ്‌ പാർട്ടികളിൽ നിന്നു അകന്നു മാറി. മദ്യവിരുദ്ധറാലികളിൽ ആവേശത്തോടെ മദ്യം മദ്യം മൂർദ്‌ദാബാദ്‌ എന്ന്‌ വിളിച്ചു നടന്നു. ഉറങ്ങുമ്പോൾ മലർന്നു കിടക്കുന്നതിനുപകരം ബുദ്ധനെയനുകരിച്ച്‌ വലത്തോട്ട്‌ ചരിഞ്ഞു കിടന്നു. തലയ്‌ക്ക്‌ വെക്കാൻ തടിയൻ തലയണ കീറിപ്പൊളിച്ച്‌ ചെറുതാക്കി തുന്നിയെടുത്തു. സന്നിഗ്‌ദ്ധമായ ചില രാത്രികളിൽ കിടക്കും മുമ്പ്‌ വായക്കു പ്ലാസ്‌റ്ററിട്ടു. രാവിലെ തണുത്ത വെള്ളത്തിൽ ഒരു ടീസ്‌പൂൺ തേൻ ചേർത്ത്‌ വെറും വയറ്റിൽ കഴിച്ചു. മൂന്നുമാസം തുടർച്ചയായി കഴിച്ചു. ദേഹത്തിന്റെ ഭാരം എൺപതിൽ നിന്നു അമ്പതു കിലൊയായി കുറഞ്ഞു.

അങ്ങനെ കഴിയവെ ആ വിപ്ലവം സംഭവിച്ചു. ഖരോട്ട ഗായബ്‌ ഹോ ഗയ. ടേൺടടേം. ഹിന്ദിക്കാർ വിവരമുള്ള വരായിരിക്കണം. ഏതോ ഹിന്ദിവാല ഉച്ചസ്‌ഥായിയിൽ കൂർക്കം വിട്ടതിനെ തുടർന്ന്‌ അയാളുടെ മേൽപ്പുരക്ക്‌ ഒരു ഓട്ട സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടാകാം അവർ കൂർക്കത്തിനു ഖരോട്ട എന്ന പദംതന്നെ കണ്ടുപിടിച്ചത്‌. ഖർ എന്ന്‌ വെച്ചാൽ വീട്‌. ഓട്ട എന്ന്‌ വെച്ചാൽ ഓട്ട.

വീണ്ടും ദൈവം എന്റെ വിളി കേട്ടിരിക്കുന്നു. അവളുടെ കമന്റ്‌ ഇപ്പോൾ സുഖസുന്ദരമായി ഉറങ്ങാൻ കഴിയുന്നുണ്ട്‌.

എനിക്കാണെങ്കിൽ ഒരു സ്വസ്‌ഥതയുമില്ല, ഞാൻ പരവശപ്പെട്ടു പറഞ്ഞു.

വിഡ്രോവൽസിൻഡ്രോമായിരിക്കും കൂർക്കത്തിന്റെ

സിൻഡ്രോമും ഏറോഡ്രോമൊന്നുമല്ല, ഞാൻ വിശദികരിച്ചു. ബ്രാഹ്‌മമുഹൂർത്തത്തിൽ ഉണരാറുള്ള നീ ഈയിടെയായി എണീക്കുന്നത്‌ എട്ടു മണിക്കാ. ആദ്യത്തെ ചായക്ക്‌ നാല്‌ മണിക്കൂർ ഞാൻ തപസി​‍്സരിക്കണം.

ചായ ചേട്ടന്റെ ഗാസ്‌ട്രിക്കിനു നന്നല്ല, ഓർത്തോ.

എന്നാൽ കൂർക്കംവലി നിന്റെ ചക്കപ്പല്ലിനും അത്ര നന്നല്ല. ആ ബാധ നിന്റെ ദേഹത്ത്‌ കൂടോത്രമായിട്ടുണ്ടെടീ. കഷ്‌ടം, ഇന്നലെ രാത്രി ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല.

ബോസ്‌ തന്ന ഫയറിങ്ങിന്റെ കാര്യം ഓർത്തോർത്ത്‌ കിടന്നാൽ ചേട്ടനു എങ്ങനെയാ ഉറക്കം വരുന്നത്‌. ആണുങ്ങളായാൽ ആപ്പീസിലെ കാര്യം ആപ്പീസിൽ വെച്ചിട്ട്‌ വീട്ടിൽ വരാൻ പഠിക്കണം.

അതൊക്കെ പഠിച്ചോളാമെടി. പക്ഷെ രാത്രി കിടക്കയിൽ എന്റെ ആപ്പീസ്‌ പുട്ടിക്കുന്നതാരാ. ഞാൻ ദേഷ്യപ്പെട്ടു. ഈയിടെയായി അവിടെ നിന്റെ സ്വരയോഗഹംസാധകമല്ലേ അരങ്ങേറുന്നത്‌. പച്ചമണിപ്രവാളത്തിൽ പറഞ്ഞാൽ, അഖിലാണ്ഡമണ്ഡലകൂർക്കംവലി!

അയ്യേ! ഞാൻ കൂർക്കം വലിക്ക്യേ. എന്റെ തറവാട്ടിൽ വലിയുടെ പാരമ്പര്യമൊന്നുമില്ല. അതൊക്കെ നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കുമല്ലേ.

വെയിറ്റ്‌...... വെയിറ്റ്‌....... സത്യത്തിനു സാക്ഷിയുണ്ട്‌. കുഞ്ഞെ.

ഞാൻ മൊബൈൽ ഓണാക്കി. രണ്ട്‌ മെഗാപിക്‌സലിന്റെ യന്ത്രമാണ്‌. മെമ്മറിയിൽ പോയി ഇമേജിൽ ഞെക്കി. നൂറ്റെട്ടാമത്തെ ഫ്രെയിമിലാണ്‌ രഹസ്യം. ഒപ്‌ഷനിൽ പോയി ഞെക്കി കളർഫോട്ടോയെ ഫുൾ സ്‌ക്രീനിലാക്കി

തുറന്ന പോസിൽ സുന്ദരമായ വായ

പണ്ടത്തെ കവികൾ തൊണ്ടിപ്പഴമെന്നു വിശേഷിക്കാറുള്ള ശരീരത്തിന്റെ സ്‌പേർപാർട്ട്‌.

അത്‌ കണ്ടിട്ട്‌ അവൾ നിർത്താതെ പൊട്ടിച്ചിരിച്ചു.

കള്ളത്തിക്കുട്ടിക്ക്‌ തോൽക്കാൻ മനസ്സുണ്ടാവില്ല. ഞാൻ ഓർത്തു. വല്ല മുടന്തൻ ന്യായവും ഊന്നുവടികളോടെ അവതരിപ്പിക്കാൻ വേണ്ടിയാകും ഈ പൊട്ടിച്ചിരിയുടെ കമേർഷ്യൽ ബ്രേക്ക്‌

രാത്രി ഒരു ജപം പതിവുള്ളതാ. ശൈവനിശാപഞ്ചാക്ഷരീജപം, അവൾ ചിരി നിർത്തിക്കൊണ്ട്‌ ചോദിച്ചു. ഞാൻ ഓം ഉച്ചരിക്കാൻ വാ തുറന്നപ്പൊ, ഞാനറിയാതെ ചേട്ടൻ എടുത്തതല്ലേ ഈ പടം?

അതെ.

അപ്പോൾ കൂർക്കം വലിയുടെ ആരോപണം അടിസ്‌ഥാനരഹിതമല്ലേ?

അല്ല, തനിക്ക്‌ ഒരു ബീക്ക്‌ സ്‌ഥാനത്ത്‌ കിട്ടാനിരിക്കുന്നേയുള്ളൂ.

ഞാൻ പടം ക്ലോസ്‌ ചെയ്‌തു. വീഡിയൊ ക്ലിപ്പുകളിലേക്കു പോയി. മൂന്ന്‌ മിനിട്ട്‌ ദൈർഘ്യമുളള അഞ്ചാം ക്ലിപ്പ്‌ തുറക്കാൻ സുന്ദരമായി ഞെക്കി.

ടേൺടടേം!

കിടപ്പറയിലെ രംഗം മിന്നിത്തെളിഞ്ഞു

ചലനമുണ്ട്‌, ശബ്‌ദമുണ്ട്‌, ചിത്രമുണ്ട്‌.

തുറന്നു പിടിച്ചിരിക്കുന്ന വായ. സും ചെയ്‌തിട്ടെടുത്തതാ. പശ്‌ചാത്തലത്തിൽ ശബ്‌ദരേഖയുണ്ട്‌. വചനങ്ങളില്ലാത്ത ബ്യൂഗിൾ കേട്ടാൽ തലയുടെ ആണിയിളകിപ്പോവും. ദുരൂഹതയുടെ നിലയത്തിൽ നിന്നുള്ള മാരകമായ ശബ്‌ദരേഖയാണ്‌.

ഹ്‌ർർർ...... ഖ്‌ർർർർ............ഘ്‌ർർർ.........ഹ്രോർർർർർ.........!

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.