പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഹൗസ്‌ഫുൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

കൊട്ടാരം കിണറിന്‌ നല്ല ആഴമാണ്‌. കോൽക്കണക്കിൽ ഇരുപത്തിനാല്‌ കോലിൽ കുറയില്ല. ആ കിണറ്റിലേക്കാണ്‌ ആർച്ചതമ്പുരാട്ടി പൂ പോലെ തുള്ളിയത്‌. തുള്ളിയപ്പോൾ തമ്പുരാട്ടിയുടെ വെണ്ണതോൽക്കുമുടലിൽ ഒരു പരുത്തിനൂലുപോലുമില്ലെന്നാണ്‌ ദൃക്‌സാക്ഷിക്കണക്ക്‌.

കേട്ടപാതി കേൾക്കാത്തപാതി, കിണറ്റിലേക്കെടുത്തുചാടിയ റെഡ്‌ ക്രോസ്‌ പടയിൽ കൊട്ടാരം ബ്യൂറോക്രസി മുഴുക്കെയുണ്ട്‌. മിനിസ്‌റ്റീരിയലും. സേനാപതിക്കു പുറമെ മന്ത്രിമാർ കോൽക്കാർ കുന്തക്കാർ കോശാദ്ധ്യക്ഷന്മാർ പല്ലക്കുതാങ്ങികൾ ഏറാൻമൂളികൾ രഹസ്യജാരന്മാർ പരസ്യചാരന്മാർ മേനോക്കികൾ വാനോക്കികൾ....

ഡൗൺജമ്പിന്റെ ലാളിത്യം പരുഷത ഇത്യാദിയൊക്കെ വളണ്ടിയർ ടീം നന്നായി അനുഭവിച്ചു. ജന്മാന്തരം, തങ്ങൾക്ക്‌ നീന്തം അറിയില്ലെന്ന വിദ്യ പലർക്കുമുദിച്ചത്‌ ജലാന്തരത്തിൽ വെച്ചാണ്‌. കുടുംബത്തിനു ആഴക്കരി പെൻഷൻ കിട്ടുമെന്ന ലോഭചിന്തയിൽ ചില ദരിദ്രവാസികൾ ശ്വാസം കിട്ടാതെ ജലബ്യൂഗിൾ മുഴക്കി. അടിത്തൂൺ പറ്റാതെ ഭവസാഗരം കടന്നു.

അഗ്നിശമനത്തിന്റെ ഫോൺ നമ്പ്രിനു താൻ ആരോടന്വേഷിക്കും.! തമ്പുരാൻ ആൾമറയ്‌ക്കു ചാരി തത്രപ്പെട്ടു. ആബാലവൃദ്ധം ഉദ്യോഗസ്ഥർക്കിന്ന്‌ ഡ്യൂട്ടി കിണറ്റിലാണല്ലോ. ആരവിടെ എന്ന്‌ പറയണമെങ്കിൽ ആരെങ്കിലും വേണ്ടേ എവിടെയെങ്കിലും ഈ ഗോൾഡൻ ഹില്ലിൽ!

ആർച്ചപണ്ടാരം നീന്തലിൽ അനഭിജ്ഞയായത്‌ തന്റെ സുകൃതവികാസമെന്നേ കരുതേണ്ടൂ. പുതിയൊരു ജീവിതം; പുതിയ ആകാശം. പുതിയൊരു വേളി; പുതിയ ഭൂമി. കാലഘട്ടത്തിന്റെ ധാതുക്ഷയത്തെക്കുറിച്ചും പാട്ടംവരവിലെ ഇടിച്ചിലിനെക്കുറിച്ചും പരിഹസിച്ച മന്ദോദരിയല്ലേ, വീണുകിടക്കട്ടെ കൂപത്തിൻ മണ്ഡൂകമായി. നേരത്തോടു നേരമാവുമ്പോൾ വിവർണ്ണയായി പൊങ്ങാതിരിക്കില്ല. ചുവപ്പുനാട കുരുക്കിമാത്രം പരിചയമുള്ള ബ്യൂറോക്രസി കാരുണ്യപ്രവർത്തനങ്ങളിൽ അസ്തുവാണെന്നതും തനിക്കനുകൂലമായ കാര്യമാണ്‌.

മറ്റൊരങ്കത്തിനുള്ള ബാല്യവ്യാമോഹം കനത്തപ്പോൾ തമ്പ്രാൻ അരപ്പെട്ടയിൽ നിന്നു യന്ത്രമെടുത്ത്‌ ബട്ടണുകളിൽ പത്തോട്ടം ഞെക്കി. അത്‌ വി. ദല്ലാൾക്കുവേണ്ടിയായിരുന്നു. അലവലാതി ദല്ലാൾപ്പണം പിരിച്ചെടുക്കാൻ വേണ്ടി ഒരാഡിറ്റോറിയനിൽ പെണ്ണിന്റെ കഴുത്തിൽ താലി വീഴുന്നതും നോക്കി ഓസിനു സർവത്തടിക്കയായിരുന്നു. അല്ലെങ്കിൽ മംഗല്യയോഗമില്ലാത്ത ഒരു കന്യകയുടെ അച്ഛൻ എന്ന കഞ്ചൂസിൽ നിന്ന്‌ വഴിച്ചിലവിനുള്ള കാശ്‌ പിഴിയുകയായിരുന്നു.

ലൈൻ കിട്ടിയപ്പോൾ തമ്പ്രാൻ ഃ ഒരു രണ്ടാം പുടമുറിക്ക്‌ മനസ്സുണ്ട്‌.

പ്രതിശ്രുതർ ആരാണാവൊ?

ഇളംകോലപടിമണിത്തമ്പ്രാൻ അവർകൾ.

വയസ്സ്‌?

ജാതകത്തിൽ അറുപത്‌, സർട്ടിഫിക്കറ്റിൽ അമ്പത്‌, ഈറ്റുപുരയുടെ ഭിത്തിയിലെഴുതിക്കണ്ടതു പ്രകാരം നാല്പത്‌. ആഫ്‌ടർ ഫോർട്ടി ഏ മാൻ ബിക്കംസ്‌ നോട്ടി!

നാല്പത്‌ വയസ്സ്‌ സ്ഥിരപ്പെടുത്തി സത്വരം നെറ്റിനു വെളിയിലും പുറത്തും അന്വേഷണം തുടരാം. പറ സാറെ, ജാതി നോ ബാറാണൊ?

രസച്ചരടിനു ഒരു ബാറ്‌ കിട്ടട്ടെ. പെൺജാതിതന്നെയാവട്ടെ. ഇനി വയസ്സുകാലത്ത്‌ ഹോമിയോചികിത്സ പറ്റില്ല.

വല്ല മതനിബന്ധനയും?

നോൺ സെക്യുലർ കുർപ്പാസമായിരിക്കണം; വലിച്ചാൽ വലിയണം, വലി വിട്ടാൽ ശുരുളണം. വളി വിട്ടാൽ നാല്പതടിയകലെ ഭ്രഷ്ട്‌ കൽപ്പിക്കരുത്‌.

പെണ്ണിൽ താങ്കൾ പ്രതീക്ഷിക്കുന്ന ഹോബികൾ?

പേൻനോക്കിയുള്ള നുണപറച്ചിൽ, വിളക്കുകെടുത്തൽ, പുരികധ്വംസനം. പുരികത്തിനപ്പുറം ഒന്നരക്കിലോ തൂക്കംവരുന്ന തലച്ചോറല്ലേ. അത്‌ പ്ലക്ക്‌ ചെയ്യാതെ സൂക്ഷിച്ചുവെക്കുന്നതും ഒരു ഹോബിയായ്‌ക്കോട്ടെ.

പഠിപ്പ്‌, ബി ടെക്ക്‌ ഏം ടെക്ക്‌?

ടെക്കും ടെക്കുമൊക്കെയായി ഹണിമൂൺ ഉടക്കാക്കണ്ട. തൽക്കാലം ഒപ്പിടാനറിയുന്ന ഒടിവിദ്യ മതിയെടോ. ഓർഗാസവിദ്യയിൽ പ്രതിശ്രുത ഒരനഭ്യസ്തയാകട്ടെ പിന്നെ ചിക്കൻഗുനിയ വന്ന്‌ കൊട്ടാരം കുശിനിസ്‌റ്റിനെ വിഴുങ്ങുന്ന കാലത്ത്‌ മാത്രം വല്ല വേരൊ കാണ്ഡമൊ ചെത്തിപ്പുഴുങ്ങാനറിഞ്ഞിരിക്കണം മൂധേവിക്ക്‌.

ചുരുക്കത്തിൽ ഒരു സപത്നിയെ വച്ചുപൊറുപ്പിക്കാനുള്ള ലാർജ്‌ ഹാർട്ടറ്റാക്ക്‌ ആർച്ചത്തമ്പ്രാട്ടിക്കു കാണുമൊ തമ്പ്രൻ?

ദുഷ്ടക്കതില്ലെങ്കിലും ദുഷ്ടയെ ഒരു ജലപ്പിശാചാക്കാനുള്ള വിശാലമനസ്ഥിതി കൊട്ടാരം കിണറ്റിനെങ്കിലും കാണാതിരിക്കുമോ, ദല്ലേ!

അലവലാതി പഞ്ചാബിയിൽ തട്ടി വിട്ടുഃ

ഭല്ലേ ഭല്ലേ!!

തമ്പ്രാൻ യന്ത്രത്തിലെ ചുവന്ന ചിഹ്‌നത്തിൽ ഞെക്കി ഡയലോഗ്‌ മുറിച്ചപ്പോൾ പരിസരത്ത്‌ ഒരു കളഭച്ചൂര്‌. സമ്മിശ്രശൈലിയുടെ സ്ഥിരംക്ലീഷേക്ക്‌. തുളസിക്കതിരിന്റെ നറുമണംകൂടി ചേർക്കാം. കോണകസ്ഥിരത അസാരം കുറവായ തിരുമേനിയും സംഭവസ്ഥലത്തെത്തിയിരിക്കയാണ്‌. അദ്ദേഹം ശിങ്കിടി ചാത്തൻനമ്പ്യാരെ ഡൗൺലോഡ്‌ ചെയ്ത്‌ മിലിട്ടറി അറ്റാച്ചേയാക്കിയിട്ടുണ്ട്‌.

കൊട്ടാരം ജലസംഭരണി ഹൗസ്‌ഫുൾ! ഓണക്കാലത്ത്‌ മമ്മൂട്ടിപ്പടമോടുന്ന തിയേറ്റർ കണക്കെ ഹൗസ്‌ഫുൾ!! സൂചിയിറക്കാനുള്ള പഴുതുപോലുമില്ല. ഹായ്‌! ഒരു അന്തർജ്ജനത്തെ രക്ഷിക്കാൻ തൃശൂർ പൂരത്തിനുപോന്നോളം അനൗദ്യോഗിക ഫയർഫോഴ്‌സ്‌! മാമലനാട്ടിൽ ആണത്തം മയ്യത്തായിട്ടില്ലെന്ന്‌ ധൈര്യായിട്ട്‌ പറയാം. ഹായ്‌! തിരുമേനിയുടെ അന്തരംഗം അഭിമാനഭരിതമായി. മേമ്പൊടിക്കു ലേശം അസൂയയും മുളപ്പിച്ചെടുത്തു പെരിഞ്ചെല്ലൂർ. സെക്ഷ്വൽ ജലസിയെന്നു പരന്ത്രീസ്‌. ഉപബോധത്തിന്റെ കടലിടുക്കിൽ ഒരധോജലനേരമ്പോക്കിന്റെ പവിഴപ്രലോഭനങ്ങൾ നുരച്ചുപൊങ്ങി.

ക്ഷീരമുള്ളോരകിടിന്റെ മൂട്ടിലും

മെനു മാംസംതന്നെ കാമപ്പിരാന്തന്‌!

തിരുമേനിയുടെ മനസ്സിലിരിപ്പറിഞ്ഞ ശിങ്കിടിച്ചാത്തൻ കുണ്‌ഠിതനായി തോറ്റംപാടി ഃ

ഒറ ഒരിടത്തും വാള്‌ മറ്റൊരിടത്തും.

ഒരു ചതുരംഗപ്പിരാന്തൻ കൂടിയായ തിരുമേനി ദ്രുതത്തിൽ കരു നീക്കിഃ

ഒറയിലല്ലാത്ത വാളിനാ മൂർച്ച കൂടുതൽ നമ്പ്യാരെ.

കണ്ടമാനം കുത്തിയാല്‌ കേട്‌ വാളിനല്ല. ഒറയ്‌ക്കാ. കേക്ക്‌ണ്‌ണ്ടൊ.

ഡാ പ്യാരെ, നോം രഹസ്യമായി ധർമ്മാശുപത്രിയിൽച്ചെന്ന്‌ ഓസിനു പാസ്സായിട്ടുണ്ട്‌ ടെസ്‌റ്റ്‌. തനിക്ക്‌ അഹങ്കരിക്കാം. തന്റെ ബോസ്‌ എച്ച്‌ ഐ വി നെഗറ്റീവാ.

ജാംബവാന്റെ കാലംതൊട്ടേ തമ്പ്രാൻ നെഗറ്റീവാണല്ലോ. വിശേഷിച്ചും ശമ്പളം മുഴുവനും തരാതെ സ്വന്തം ശിങ്കിടിയെ ഡൗൺലോഡ്‌ ചെയ്യുന്ന കാര്യത്തിൽ.

സമീപത്തായി വേറൊരു കിണർ. കലാപാടം ഓടുന്ന കൊട്ടക കണക്കെ. ആഴം നാല്‌ കോൽ വരും. ഉത്തരാധുനികമല്ല, ഉതുപ്പാന്റെ കിണറാണ്‌.

ആയകാലത്ത്‌ ഹൃദിസ്ഥമാക്കിയ ഒരു ശൃംഗാരശ്ലോകം തിരുമേനിയുടെ നാക്കിൽ കിളി പൈങ്കിളിയായി തത്തിക്കളിച്ചു ഃ

കാമിനികായകാന്താരേ കുചപർവ്വത ദുർഗമേ

മാ സംചര മനഃ പാന്ഥ തത്രാസ്തേ സ്മര തസ്‌ക്കര

(ചുറ്റിത്തിരിയുന്ന വേതാളചിത്തമേ, സ്തനങ്ങളാകുന്ന കൊച്ചുമൊട്ടക്കുന്നുകൾക്കിടയിലൂടെ കന്യാവനത്തിലേക്കു കടക്കുമ്പോൾ ചരിതിക്കുമല്ലോ. അവിടെയാണ്‌ കള്ളക്കാമപ്പുലയരുടെ ഏറുമാടം)

വികാരത്തള്ളിച്ചയാൽ പൊറുതിമുട്ടിയ തിരുമേനി പിന്നെ ഒട്ടും അമാന്തിച്ചില്ല; ഉന്തും തള്ളുമില്ലാത്ത ഉതുപ്പാന്റെ പൊട്ടക്കിണറ്റിലേക്ക്‌ ഒറ്റ ഡൈവ്‌.

ന്റെ കണ്ടനാർകേളാ,

ശിങ്കിടി തലയിൽ കൈവെച്ച്‌ നിലവിളിച്ചുഃ ചതിച്ചല്ലോ!

ഒപ്പം മറ്റൊരു നിലവിളിയും ഒരു വാരക്കപ്പുറം ഉയർന്നുകേട്ടു. അത്‌ കൊട്ടാരം തമ്പ്രാന്റെ വകയായിരുന്നു. ഒറിജിനൽ കിണറ്റിൻവക്കത്ത്‌ ആർച്ചത്തമ്പുരാട്ടി ചേമന്തിപ്പൂപോലെ പ്രകാശം പരത്തുകയാണ്‌. ജീവിതത്തിന്റെ മുന്തിരിച്ചാർ മൊത്തിമൊത്തി ആസ്വദിക്കാനുള്ള അമിതാവേശം ആ ഈറൻമിഴികളിൽ തിളങ്ങുന്നുണ്ടായിരുന്നു.

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.