പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

പ്ലാസ്‌റ്റിക്‌ പൂപ്പൊലി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

പിയെസ്‌സിയെഴുതിയെഴുതി വിരല്‌ തേഞ്ഞു. അഭിമുഖത്തിലിരുന്ന്‌ മുഖം മാഞ്ഞു. തരപ്പെടേണ്ടത്‌ തരപ്പെടാതെ വന്നപ്പോൾ തട്ടകത്തിലെല്ലാവർക്കും ഞാനൊരു തൊന്തരവ്‌.

വീടിനരികെ പുഴയുണ്ട്‌. പുഴയോടു വഴി തിരക്കി. പുഴ വഴി പറഞ്ഞുതന്നു. പുഴയോടൊപ്പമൊഴുകിയുമെത്താം. പുഴക്കരയിലൂടെ നടന്നുമെത്താം.

തൊഴിൽ തെണ്ടിത്തെണ്ടി മുട്ടിനു കീഴെ ഒന്നും ശേഷിച്ചിരുന്നില്ല. ദേശീയ-അന്തർദ്ദേശീയക്കമ്പനികളുടെ വാതിലിൽ മുട്ടി മുട്ടി, മുഷ്ടി മാത്രമല്ല കയ്യാകെത്തന്നെ ഉടലിൽ നിന്നു പറിഞ്ഞുപോയിരുന്നു. അതുകൊണ്ട്‌ ഞാൻ കരുതി. മല്ലിടാനൊന്നും പോകണ്ട, പുഴയെ താൽക്കാലിക വീടാക്കുന്ന ഒരനാഥശവത്തെപ്പോലെയൊഴുകാം.

അങ്ങനെയൊഴുകിയൊഴുകി അഴിമുഖവും കടന്നപ്പോൾ കണ്ടു സ്ഥലജലസമാധിയിലിരിക്കുന്ന ദയാപരനെ.

“ഉദാരതയുടെ വസന്തകാലമല്ലേ” ഞാൻ ഉണർത്തിച്ചു.

“അങ്ങുന്ന്‌ ഉദാരമായി ഒന്നു സഹായിക്കണം”

“തെറ്റ്‌, ഉദരംഭരികളുടെ ശിശിരകാലമാണിത്‌. പോട്ടെ, എന്താ വേണ്ടത്‌”

“ഒരു തൊഴിൽ”

2

“കടലിലെ അയക്കൂറകൾ അദ്ധ്വാനിക്കുന്നില്ല. ആകാശത്തിലെ പറവകൾ എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിൽ പേർ രജിസ്‌റ്റർ ചെയ്യുന്നുമില്ല. എന്നിട്ടും അവ പുലരുന്നില്ലേ. പിന്നെ തനിക്കെന്തിനാടൊ വേവലാതി”

“പണിയുണ്ടെങ്കിലേ പണം കിട്ടൂ സാറെ. പണം കൊണ്ടേ പട്ടണി മാറൂ. പട്ടിണി മാറ്റാൻ ഒരു പണിവേണം”

“തന്റെയൊരു പ പ പ. ഒരൈഡിയ! പൂവിൽ പയുണ്ട്‌. പ പ പ്ലാസ്‌റ്റിക്‌. പ്ലാസ്‌റ്റിക്‌ പൂ”

“പ്ലാസ്‌റ്റിക്‌ പൂ തിന്നാൽ മനുഷ്യന്റെ വിശപ്പ്‌ മാറുമൊ?”

“തിന്നാനാരു പറഞ്ഞു. താൻ പ്ലാസ്‌റ്റിക്‌ പൂ പ്ലാസ്‌റ്റിക്‌ മനുഷ്യർക്ക്‌ വിൽക്കൂ. എന്നിട്ട്‌ പ്ലാസ്‌റ്റിക്‌ ലാഭം കൊയ്ത്‌ ജീവിക്കൂ”

“പ്ലാസ്‌റ്റിക്‌ പൂവിനു മണമുണ്ടോ? അതുണ്ടൊ കൊഴിയുന്നു. ഒരാൾ ഒരു പൂ വാങ്ങിച്ചാൽപ്പിന്നെ ആയുസ്സുകാലത്ത്‌ പൂക്കടയിൽ കേറില്ല”

“എടാ പൊട്ടാ ഈ ഭൂമിയിലെ പൂവുകളൊക്കെ സൃഷ്ടിച്ചതാരാ?”

“അങ്ങുന്ന്‌”

“പൂവുകൾക്കൊക്കെ വാസന നൽകിയതാരാ?”

“അങ്ങുന്ന്‌”

“എന്നെ കണ്ടിട്ട്‌ താനും പഠിക്ക്‌. ഇപ്പോൾ ഭൂമിയിലെ പ്ലാസ്‌റ്റിക്‌ പൂവുകൾക്കു മണമില്ല. എപ്പോഴുമങ്ങനെയാകണമെന്ന ശാഠ്യം തനിക്കെന്തിനാ”

“ഞാനെന്തു ചെയ്യണമെന്നാ അങ്ങുന്ന്‌ പറയുന്നത്‌”

3

“പ്ലാസ്‌റ്റിക്‌ പൂവുകൾ നിൽക്കുന്ന തണ്ടിൻകമ്പികളിലൂടെ താൻ പർഫ്യൂം കടത്തിവിടണം. ഫ്ലവർപോട്ടിന്റെ അടിവശത്ത്‌ രഹസ്യമായി ഒരു സുഗന്ധക്കുപ്പി ഒളിപ്പിച്ചുവെച്ചാൽ മതി. ചെറിയൊരു ഡോസിൽ വിദ്യുച്ഛക്തി കടത്തിവിട്ടാൽ കാലാകാലങ്ങളിൽ പൂക്കളെ വീഴ്‌ത്തുകയും ചെയ്യാം”

“വാസനിക്കുന്ന പ്ലാസ്‌റ്റിക്‌ റോസാ! പ്ലാസ്‌റ്റിക്‌ മുല്ല! പ്ലാസ്‌റ്റിക്‌ താമര! കൊള്ളാം, യമണ്ടനൈഡിയ! !”

“ഒന്നു മുഴുമിക്കാൻ വിടെടോ. എന്റെ പരാധീനം മുല്ലക്ക്‌ മുല്ലയുടെ മണം മാത്രമേ കൊടുക്കാൻ കഴിയൂ എന്നതാണ്‌. താൻ തന്റെ സ്രഷ്ടാവിനെക്കാൾ സ്വതന്ത്രനാണല്ലോ. വേണമെങ്കിൽ തനിക്കു മുല്ലക്ക്‌ റോസിന്റെ മണം നൽകാൻ കഴിയും”

“പ്ലാസ്‌റ്റിക്‌ മുല്ലക്ക്‌ താമരയുടെ മണം, പ്ലാസ്‌റ്റിക്‌ താമരയ്‌ക്ക്‌ റോസിന്റെ മണം. ഇങ്ങനെ ചിന്തിക്കുന്നവൻ അമേരിക്കയിൽപ്പോലുമില്ല. ഈ ലൈനിൽ ചിന്തിക്കുന്ന ഭൂമിയിലെ ആദ്യത്തെ മനുഷ്യൻ ഞാനാണ്‌, ഞാൻ”

“വല്ല യാങ്കിയും വന്ന്‌ ഐഡിയ മോഷ്ടിക്കും മുമ്പ്‌, താൻ അത്‌ പ്രാവർത്തികമാക്കാൻ നോക്കൂ, മനുഷ്യാ!

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.