പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

നമ്പൂർജിയും സർദാതിരിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

ജാതവേദൻ നമ്പൂതിരി തെക്കനാണ്‌. ഖുശ്‌വന്ത്‌സിങ്ങ്‌ വടക്കനും. തെക്കന്‌ നിറവും നീളവും പോര. കുക്ഷികൊണ്ട്‌ ന്യൂനതയ്‌ക്ക്‌ കുമ്പസാരിച്ചിട്ടുണ്ട്‌. അന്യത്ര കുത്രചിൽ. അണ്ണാച്ചികൾ കണ്ടാൽ കളിയാക്കി ചോദിക്കുംഃ പൊണ്ണയ്യ മാസം ഏന്നയ്യ?

വടക്കൻ ആറടിപ്പൊക്കൻ. നിറം ഇളനീർ ചിരണ്ടിയെടുത്ത ചിരട്ടയുടെ ഉൾനിറം. മൂക്കിനിരുവശവും ഓരോ അരിമ്പാറ കാണാം. കണ്ണേറ്‌ പറ്റാതിരിക്കാൻ തലേക്കെട്ടുണ്ട്‌. അവിടെ മൊട്ടുസൂചികളുടെ മൊട്ടുകൾ ഉളിയുന്നുണ്ട്‌. കയ്യിൽ ഉരുക്കുവളയുണ്ട്‌. കഴുത്തിൽ പട്യാലക്കെട്ടിൽ പുളിയിലക്കരയൻ ടൈ. അരക്കെട്ടിൽ പിത്തളയുടെ ഉറയുളള കൃപാണം. പറയാൻ വേറെയും പലതുമുണ്ട്‌. പക്ഷെ പോസ്‌റ്റ്‌ മോഡേൺസാഹിത്യത്തിൽ യഥാതഥ വിവരണത്തിന്‌ മാർക്കറ്റില്ലാത്ത കാലമാണ്‌.

പൂണൂലും തലേക്കെട്ടും സന്ധിക്കുന്നത്‌ പ്രശസ്‌തമായ ആഗ്രയിൽവെച്ച്‌. യു.പിയിലെ ആഗ്രക്ക്‌ പ്രശസ്‌തി വയാഗ്രയോളം സിദ്ധിക്കാൻ ചതുഷ്‌ടയകാരണോന്മാരുണ്ട്‌ഃ ജാട്ട്‌, ഊളമ്പാറ, ലൂ, താജ്‌മഹൽ.

സ്‌റ്റേഷനിലെ ക്ലോക്ക്‌ റോമനക്കത്തിൽ മണി പന്ത്രണ്ട്‌ കാണിച്ചതും ജാതവേദർക്ക്‌ ഹിന്ദിയിൽ വിസ്‌മയിക്കാൻ മനസ്സ്‌ വന്നതും ഒന്നിച്ചായിരുന്നുഃ

ബാരാ ബജ്‌ ഗയ!

പഗ്‌ഡി ചെരിഞ്ഞ്‌ പിസായിലെ ചാഞ്ഞ ഗോപുരമായി. അനാര്യൻ ആര്യനെ മനഃപ്പൂർവ്വം വടിയാക്കുകയാണോ? ഖുശ്‌വന്ത്‌സിംഗ്‌ നീറി. പന്ത്രണ്ടുമണിയുടെ കാര്യം സർദാർജിയോട്‌ ആരും സൂചിപ്പിക്കയില്ല. ടർബനുളളിലെ ചാരപദാർത്ഥം ഉരുകിപ്പടരുന്ന ഗുളികകാലമാണ്‌ മണി പന്ത്രണ്ട്‌.

മെം ബജേഗ തുമാര ബാജ.

(കഥ പുരോഗമിക്കുന്തോറും മുറയ്‌ക്കൊന്നു കൊട്ടിക്കൊണ്ട്‌ കൈത്തീർപ്പ്‌ തീർക്കാൻ കൈ തരിതരിക്കുന്നു, അളിയാ.)

അങ്ങനെ ഇരുട്ടിൽ ഹിന്ദിയിലും വെളിച്ചത്തിൽ ഇംഗ്ലീഷിൽ ഇങ്ങനെയും തലേക്കെട്ട്‌ തട്ടിവിട്ടുഃ

പരിചയപ്പെടുന്നതിൽ ഖുശിയുണ്ട്‌. ഞാൻ ഖുശ്‌വന്ത്‌സിംഗ്‌.

കുശവെന്തസിംഹമേ, ഗ്ലാഡ്‌ റ്റു മീറ്റ്‌ യു. പീപ്പ്യുൾ കാൾ മി ഏംപറർ ജാതവേദൻ അഷ്‌ടമൻ.

ജാടവേടർ, ഹായ്‌! ഹായ്‌! !

(പേരിൽത്തന്നെ ജാടയും വേട്ടത്തരവുമുളള മോനെ, ദളിതസിംഹങ്ങളുടെ അഭിമാനത്തെ കുത്തിനോവിപ്പിക്കാൻ ജനിച്ച കുറുനരിയല്ലേ താൻ. തന്റെ രുധിരം പരിശോധിച്ചാൽ ഏ ഗ്രൂപ്പാണെന്നു കണ്ടെത്താം. എന്റെ ബ്ലഡ്‌ഡും ഏ ഫോർ ആര്യൻ. എങ്കിലും മമദൃഷ്‌ടിയിൽ താൻ ഒരു രുധിരമണ്ടലിയാകുന്നു. ഗോത്രത്തിനു വെളിയിൽ ശൃംഗരിക്കുന്ന വിപ്രലോഭൻ.)

ഉയർന്ന ശ്രേണിക്കുളള വിശ്രമമുറിയിൽ മിനിയേച്ചർരൂപത്തിൽ ഒരിന്ത്യ; പൊളിറ്റിക്കലി സ്‌പീക്കിങ്ങ്‌, ഇൻക്രഡിബ്‌ളി അൺഅക്ക്ണ്ടിബ്‌ൾ. അവശന്മാർ ആർത്തന്മാർ ആലംബഹൂണന്മാർ. കാലം ചിലരുടെ നെറ്റിയിലെ തലവരകൾക്കുളളിൽ പച്ച കുത്തിയിട്ടുണ്ട്‌ ചില്വാനം സ്ലോഗൻസ്‌ഃ മാഫ്‌ കർദോ. ഹം മുസാഫിർ നഹി ഹൈ. അസ്‌സൽ സഞ്ചാരികൾ വിശ്രമിക്കുന്നെന്ന വ്യാജേന കണ്ണിമയ്‌ക്കുമ്പോൾ നാങ്കൾ അവരുടെ പെട്ടികൾ നീറ്റായി ഇസ്‌കും. നാങ്കൾ പെൻഷനില്ലാത്ത സ്‌മോൾ സ്‌കെയിൽ മോഷ്‌ടാക്കളാണേ. വയറ്റുപ്പിഴപ്പിനാണേ. കട്ടാൽ പാപം, പല്ലുമുറിയെ നിന്നുമുടിച്ച്‌ പാളത്തിനരികെ വിശാലമായി തൂറിവെച്ചാൽ തീരുന്നതേയുളളൂ. ക്ഷമിക്കണേ. കുംഭകോണേ കൃതം പാപം കുംഭകോണേ വിനശ്യതിയാണേ.

ഐ ഗോ ഫോർ പീസ്‌സ്‌ ഓർ റാദർ ഷിറ്റ്‌.

നമ്പൂതിരി സിംഹത്തോടു സംഗതി തുറന്നു പറഞ്ഞുഃ

ബ്രദർ, മി നോട്ട്‌ ഷിറ്റഡ്‌ കൺടിന്യുവസ്‌ലി ഫോർ ത്രീ ഡെയ്‌സ്‌.

ഇൻ ദിസ്‌ ഡർട്ടി വേൾഡ്‌, നോബഡി കാൻ ഷിറ്റ്‌ ഫോർ ഏനിബഡി, സർദാർ ഉപദേശിച്ചുഃ ലുക്ക്‌ ആഫ്‌ടർ യുവർ ആസ്‌സ്‌ ഏസ്‌ ഫാസ്‌റ്റ്‌ ഏസ്‌ ഏ സൂപ്പർഫാസ്‌റ്റ്‌.

താങ്ക്‌സ്‌ ഫോർ ദ മെറ്റാഫിസിക്കൽ കോച്ചിംഗ്‌, ജാതവേദർ വാചാലമൂർത്തിയായി ഃ ആൾ മൈ ബിലോങ്ങിസ്‌സ്‌ ​‍െഏ ലീവ്‌ ഇൻ യുവർ കസ്‌റ്റഡി. നോ യൂ പ്യൂപ്പ്‌ൾ ഡോൺട്‌ ചീറ്റ്‌. ഓണസ്‌റ്റ്‌ ലയൺസ്‌ ഓഫ്‌ ഫൈവ്‌ റിവേഴ്‌സ്‌. ഫേമസ്‌ ഫോർ ഷിറ്റിംഗ്‌ ഇൻ റിവേഴ്‌സ്‌. ഒഫ്‌ കോഴ്‌സ്‌ വി ഷുഡ്‌ സേവ്‌ വാട്ടർ ഫോർ പോസ്‌റ്ററിറ്റി. യു സി ദ നെക്‌സ്‌റ്റ്‌ വേൾഡ്‌ വാർ വുഡ്‌ ബി ഫോർ വാട്ടർ, ബട്ട്‌ നോട്ട്‌ ഫോർ ബ്ലഡ്‌.

മോനെ, ജാടവേടാ, അധികം തൂറ്റാതെ ചെന്നേടം ചെന്നു അണുബോംബിട്ടു വാ. (ഇല്ലത്ത്‌ മടങ്ങിച്ചെല്ലുമ്പം ദേഹത്ത്‌ പൂണൂലും പരുത്തിക്കോണോനുമുണ്ടെങ്കിൽ അത്‌ തന്റെ മഹാഭാഗ്യമായിരിക്കും. ജീവിതത്തിന്റെ ശേഷം ഭാഗം റേൽക്കോടതിയുടെ തിണ്ണേല്‌ താൻ കഥകളിയാടി മുടിയും.)

ജംഗമങ്ങളുടെയിടയിൽ സർദാർ മറ്റൊരു സ്ഥാവരമായി. മനസ്സ്‌ വാഹ്‌ ഗുരുവിനെ മറന്നു ചഞ്ചലപ്പെട്ടു. ഉപബോധത്തിൽനിന്നു ഭിന്ദ്രൻവാല ഉണർന്നു. യന്ത്രത്തിൽനിന്നു പണമെടുക്കാൻ സഹായിക്കും മന്ത്രമുണ്ടാകില്ലേ കാട്ടുമാടത്തിന്റെ സഞ്ചിയിൽ. അതിസ്‌ക്കണം. ഇസ്‌കിയാൽ തന്റെ താജ്‌ ട്രിപ്പ്‌ ഫ്രീ. ഈ വക ചിന്തനീയങ്ങളുടെ അന്തമില്ലാത്ത ന്യൂറോണുകൾ സർദാർജിയുടെ ടർബനുചുറ്റും സിംപോസിയം നടത്തവെ പത്ത്‌ റാത്തൽ ഭാരം നഷ്‌ടപ്പെട്ട ഒരു ജാതവേദർ പരോശപ്പെട്ട്‌ തിരിച്ചെത്തി.

പൊരിഞ്ഞ വിശപ്പ്‌, ജാതവേദർ ആരാഞ്ഞുഃ

ആഗ്രയിൽ ബ്രഞ്ചിനെന്തുകിട്ടും ആഹരിക്കാൻ?

ഉല്ലൂ ക പേട്ട്‌ഠ അഥവാ കുമ്പളങ്ങാക്കേൻഡി. സമോസ അഥവാ ആലുസ്‌നോസം. ലസ്‌സി അല്ലെങ്കിൽ പൂരി പിസ്‌സാ.

ഡബിളോശ കിട്ടുമൊ?

കിട്ടും, കടുകെണ്ണയിൽ ചുട്ട പുളിക്കാത്ത ദോശക്ക്‌ ആകൃതി സൗത്ത്‌ ആഫ്രിക്കയാകുമെന്നേയുളളൂ.

എന്നാൽ ലഗ്‌നാധിപൻ ഒരു കാര്യം ചെയ്യാം. റിഫ്രഷ്‌മെന്റ്‌ കിയോക്‌സിൽ ചെന്നു റ്റയിൽ അവസാനിക്കുന്ന പലഹാരങ്ങൾ വാങ്ങി വരാം. അതായത്‌ കട്‌ലറ്റ്‌, ബിസ്‌ക്കറ്റ്‌, ഓംലറ്റ്‌, ബുളളറ്റ്‌, ബയനറ്റ്‌. ഇടവേളയിൽ എന്റെ പ്രിയ ജംഗമങ്ങളെ താങ്കൾ പൊന്നുപോലെ കാത്തുസൂക്ഷിക്ക. സുഗ്രീവന്റെ വംശവിത്താം അടിയൻ അവ്‌ടത്തെ ആജ്ഞ സുഗ്രീവാജ്ഞ ശിരസാ വഹിക്കുന്നു. ഡും ഡും ഡും!

പ്ലാറ്റ്‌ഫോമിൽ ചിനക്കത്തൂർപ്പൂരത്തിന്റെ തിരക്ക്‌. യാത്രക്കാരിൽ വിദേശസന്ദർശകരും നാൽക്കാലികളുമുണ്ട്‌. നാൽക്കാലികൾ പ്ലാസ്‌റ്റിക്‌ സൂടോത്രങ്ങളോടുളള മോഹം നിമിത്തം പ്ലാറ്റ്‌ഫോമിൽ ടിക്കറ്റെടുക്കാതെ പ്രവേശിച്ച അലവലാതികളാകാം. ഗോമൂത്രത്തിന്റെ സ്‌പ്രേ സ്‌റ്റേഷനു പുണ്യാഹമാകാം. വടക്കുനിന്ന്‌ ഒരു സൂപ്പർഫാസ്‌റ്റ്‌ വന്നു നിന്നതിന്റെ ഹിമാലയൻ ദുർഗന്ധം മൂക്കില്ലാത്തവർക്കു ഒരു വൻനഷ്‌ടമാകാം.

ഉച്ചഭാഷിണിയിലൂടെ പൊട്ടിത്തെറിച്ചു വന്ന ഹിന്ദി അറിയിപ്പുകൾ ആഗ്രൻലുവടിച്ച്‌ പരവശകളായ വിദേശിണികളെ നിർദ്ദാക്ഷിണ്യം പിരാന്തിണികളാക്കി വിട്ടിരുന്നു.

കട്‌ലറ്റ്‌, ഓംലറ്റ്‌, ബിസ്‌ക്കറ്റ്‌... ബുളളറ്റും ബയനറ്റുമൊഴിച്ചു ബാക്കി വട്ടങ്ങളെല്ലാം കിട്ടി. വാറ്റടക്കം മൊത്തം റേറ്റ്‌ നിന്നിയാൻവെ റുപ്പയ്യ. വെയിറ്റിങ്ങ്‌ റൂമിലേക്കു തിരിക്കവെ, ജാതവേദരുടെ മനസ്സിൽ റുപ്പികയെ പ്രതിയാക്കിയുളള ലോഭചിന്തകൾ പടം വിരുത്തി. മർക്കടന്റെ സൂട്ട്‌കേസിലുണ്ടാകും യന്ത്രത്തിൽനിന്നു പണമെടുത്തുകൊണ്ടുവരുന്ന റേഷൻകാർഡ്‌. അതിസ്‌കണം. ഇസ്‌കന്തറായി ഇസ്‌കിയാൽ താജ്‌ ട്രിപ്പ്‌ ഫ്രീ! ജീവിതം മസ്‌ത്‌ കലന്തർ.

ന്യൂറോണുകൾ ജാതവേദരുടെ പൂവട്ടയിൽ പിന്നെയും യോഗം ചേർന്നു. മൂന്നാം വട്ടത്തിൽ കരട്‌ പ്രമേയം പാസായി. കട്ടുമുടിച്ച മുഗളന്റെ ബിൽഡിംഗ്‌ കാണുംമുമ്പ്‌ ഒരുത്തനെയെങ്കിലും പിടിച്ചുപറിച്ച്‌ ചരിത്രത്തിന്റെ സിലബസിനോട്‌ ഇത്തിരി നീതി പുലർത്തണം. മയക്കാൻ ബിസ്‌ക്കറ്റ്‌ കൊടുക്കാം. പുതിയ ഫൈബർ ബ്രാൻഡാണെന്നു പറയാം. നോം ഡയബറ്റിയായതിനാൽ ബിസ്‌ക്കോത്ത്‌ നിനക്ക്‌. കട്‌ലറ്റ്‌ ഏനിക്ക്‌. ബുളളറ്റും ബയനറ്റും തൽക്കാലം ആഗ്ര പോലീസിന്റെ തോക്കിലിരിക്കട്ടെ. ഓംലെറ്റ്‌ ചിലവിന്റെ ശൈലിയിൽ പങ്കിടാം, ഫിഫ്‌ടി ഫിഫ്‌ടി.

വല്ലതും തരണേ

സമൃദ്ധമായ വസൂരിക്കലയുളള ഒരു യുവാവ്‌ പാട്ട നീട്ടി ശോകഗാനം ആലപിക്കയാണ്‌ ഃ

രണ്ട്‌ കണ്ണും കാണാത്ത അന്ധനാണേ

രാഷ്‌ട്രഭാഷയെ ഇങ്ങനെ വധിക്കണൊ, ജാതവേദർ വിമർശിച്ചു ഃ

പ്രയോഗത്തിൽ പുനരുക്‌തിയുടെ കല്ലുകടിയുണ്ട്‌ സൂർദാസേ.

മൃഗശാലയിലെ മെരുങ്ങാത്ത സിംഹം പോലെ പ്ലാറ്റ്‌ഫോം മുരണ്ടുകൊണ്ടേയിരുന്നു. കാലില്ലാത്തതിനാൽ രാജാപ്പാർട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയുണ്ടായില്ല. സിംഹളഭാഷയിലുളള അലർച്ച വാലിൽ ശ്രീലങ്കൻ പാസ്‌പോർട്ട്‌ ചുരുട്ടിവെച്ചിരുന്ന പുലികൾ കേട്ടു കാണുമൊ ആവൊ.

ജാതവേദർ വിശ്രമമുറിയിലെ ക്ലോക്കിനു ചുവട്ടിലെത്തിയപ്പോഴേക്കും സൂചികൾ ദുരന്തസൂചകമായി ഹർത്താലിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു.

സ്ഥലത്ത്‌ പഗ്‌ഡിയില്ല, കീർപ്പാണമില്ല, പൊക്കണമില്ല. സർദാറില്ല. ന്റെ കൊട്ടിയൂരപ്പാ, പരദേശപ്പെരുവഴിക്കൊരു തുണയാകാതെ ഇങ്ങനെ കൊട്ടിയനെന്തേ! ജാതവേദരുടെ കണ്ണിൽ ഇരുട്ടടിച്ചു കയറി. പൾപ്പിറ്റേഷൻ കൂടി. തന്റെ പെട്ടിയും പ്രമാണങ്ങളും കാണ്‌മാനില്ല. പട്ടാപ്പകൽ കുത്തിക്കവർന്നു തലേക്കെട്ട്‌ മുങ്ങി. വിശ്വസിച്ചവൻ ചതിച്ചു. ചതിക്കാൻ തക്കം പാർത്തവനെ അവിശ്വാസി ചതിച്ചു. താപനം ആത്‌മാവോളം. ക്രൂരലോകമേ, തനിക്കിനി വലിയ ആയുസ്സില്ല!

പാവം കുറ്റാന്വേഷണക്കമ്മിറ്റിക്കുവേണ്ടി ഒരു കൊച്ചു വയ്‌ക്കോൽത്തുറുവെങ്കിലും ഘാതകൻ പാതകസ്‌ഥലിയിൽ ഇട്ടേച്ചു പോകണമല്ലോ. അതുപ്രകാരം സംഭവസ്ഥലത്ത്‌ന്ന്‌ ജാതവേദർക്കു ഒരു ഓല കണ്ടുകിട്ടി ഃ

പ്രിയ തിരുമേനി,

താങ്കളിതു വായിക്കുമ്പോൾ ഞാൻ ഒരു ഇനോവക്കാറിൽ ഫത്തേപ്പൂർ സിക്രിയിലേക്കു പറക്കുകയായിരിക്കും. പറ്റിക്കേണ്ടിവന്നതിൽ നിർവ്യാജം ഖേദിക്കുന്നു. ഏന്റെ പേര്‌ കുശവെന്തസിംഹമെന്നല്ല. ഇനിയും എഴുതിക്കിട്ടാത്ത ജാതകപ്രകാരം കുഞ്ഞിക്കുട്ടൻ അടിയോടിയെന്നാണ്‌. കുട്ടിക്കാലത്ത്‌ രണ്ടാനച്ചന്റെ അടി സഹിയാഞ്ഞു മദ്ധ്യകേരളത്തിലെ കുന്നംകുളം വിട്ട്‌ ഓടിയതാണ്‌. ഇപ്പോഴും ഓട്ടം തുടരുന്നു. മുഖ്യജീവനമാർഗ്ഗം ആൾമാറാട്ടമാണ്‌. വിനോദത്തിനു കൊല്ലും കൊലയുമുണ്ട്‌. ഫത്തേപ്പൂർ സിക്രിയിൽ ഒരാഴ്‌ച ഒളിവിൽ പാർത്തതിനുശേഷം ആഗ്രയിലെ തേജോമഹാലയത്തിൽ ശിവദർശനത്തിനു പോവും. കുത്തിക്കവർച്ചക്കു മറുവിഷം സഗുണഭക്‌തി. ഉദാഹരണം സ്വർഗ്ഗത്തിലുണ്ട്‌ഃ ലേറ്റ്‌ വീരപ്പൻ മുതലാളി. വിധിയുടെ വിതാനപ്രകാരം നമ്മുടെ വഴികൾ ഇവിടെ വെച്ചു പിരിയട്ടെ. ഭാഗ്യമുണ്ടെങ്കിൽ അവ ഒരുവട്ടംകൂടി കൊളൂഷ്യനാകും യമുനാതീരെ സംഗ്‌മർമർ വിരിഞ്ഞുനിൽക്കുന്ന മക്‌ബറകളിൽ, ധീരസമീരേ. അപ്പോൾ മുഖത്ത്‌ ടോർച്ചടിച്ച്‌ ഒരു ജോഡി മറുകന്വേഷിക്കരുതേ. പുതിയ അവതാരത്തിൽ ഞാൻ മറുകില്ലാത്ത ഒരു തലശ്ശേരി മോഡൽ സർക്കസുകാരനായിരിക്കും - കോമ്രേഡ്‌ ഇച്ചിലം ചിലചിലോവ്‌ ബ്ലണ്ടറോവ്‌സ്‌കി.

എന്നു വിധേയൻ

കുഞ്ഞിക്കുട്ടൻ അടിയോടി

എഫ്‌ ഐ ആർ ലോഡ്‌ജ്‌ ചെയ്യാൻ പോയാൽ പോലീസ്‌ അച്ചാറാക്കി പച്ചോലക്കെട്ടിൽ കെട്ടിത്തൂക്കും. ബയനറ്റിന്റെ മുനകൊണ്ട്‌ മൂക്കിളയെടുപ്പിക്കും. മൂക്ക്‌കൊണ്ട്‌ കൈവെളളയിൽ ക്ഷയെഴുതിപ്പിക്കും. അതുകൊണ്ട്‌ ജനക്കോടതിയെ സമീപിക്കാം. കൈ നീട്ടിപ്പിടിച്ചും കൃഷ്‌ണമണികൾ മേൽപ്പോട്ടുയർത്തിയും ശേഷം വെളള കാണിച്ച്‌, അര ടിക്കറ്റെടുത്ത യാത്രക്കാരെ പേടിപ്പിച്ചും ജാതവേദർ തപ്പിത്തപ്പി പ്ലാറ്റ്‌ഫോമിലേക്കിറങ്ങി.

വല്ലതും തരണേ

രണ്ട്‌ കണ്ണും കാണാത്ത അന്ധനാണേ.

ആ ശോകഗാനം പ്ലാറ്റ്‌ഫോമിലെ കാക്കകളും കേട്ടിരിക്കണം. എന്തെന്നാൽ ഒരു കാകൻ ജാതവേദരുടെ പൂവട്ടയിൽ നാണയവട്ടത്തിൽ ഇത്തിരി....

രണ്ട്‌ കണ്ണും കാണാത്ത അന്ധനാണേ

വല്ലതും തരണേ

മനസ്സാക്ഷി ഒന്നാമൻ മന്ത്രിച്ചുഃ

ഒരു പതുക്കെ. പ്രയോഗത്തിൽ പുനരുക്‌തിയില്ലേ.

മനസ്സാക്ഷി രണ്ടാമൻ തർക്കിച്ചുഃ

അറാംജാതേ, ഇത്‌ വ്യാകരണമല്ല, ജീവിതമാണ്‌. കാകപുരീഷം!

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.