പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

മുഷ്‌റഫിന്റെ കണ്ണുതളളിച്ച കേരളമോഡൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

ജനറൽ പർവേശ്‌ മുഷറഫ്‌ വീണ്ടും ഭാരതം സന്ദർശിച്ചു. ഇരുഭാഗത്തെയും മഹാരഥൻമാർ ഒരു മേശ അതിർത്തിയായി നിശ്ചയിച്ച്‌ അതിന്നപ്പുറവും ഇപ്പുറവും ഇരുന്ന്‌ ഭാവികാര്യങ്ങൾ കൂടിയാലോചിച്ചു. ഷുഗർപ്രഷർ ഭേദമന്യേ യഥേഷ്‌ടം അണ്ടിപ്പരിപ്പും ഷുഗറുളളവർ അതില്ലാത്ത പിണ്ണാക്കും ഉളളവർ അതുളള പിണ്ണാക്കും വിഷയത്തിന്റെ കാഠിന്യത്തിനനുസരിച്ച്‌ വെട്ടി. കാർഗിലിലെ വെടിവഴിപാടുപോലെ പ്ലാസ്‌റ്റിക്‌ കുപ്പികളും ബിസ്‌ക്കറ്റുകവറുകളും കൊണ്ട്‌ അതിർത്തി ശോഭിച്ചു. അതിരു മാത്രം കണ്ണിന്‌ കണ്ടുകൂടാത്ത ജനറൽ സംതൃപ്‌തനായി. ഒരു യുദ്ധം വിജയിച്ച സംതൃപ്‌തി വദനത്തിങ്കൽ വിളയാടി.

തിറ നിശ്ചയിക്കുന്നപോലെയാണ്‌ പരിപാടി. അടിയുറപ്പ്‌. പണ്ട്‌ വാജ്‌പേയി സമാധാന കാഹളം മുഴക്കി. സാക്ഷാൽ ശ്രീകൃഷ്‌ണഭഗവാന്റെ ശംഖിന്റെ നാദമാധുരി. അപ്പുറത്ത്‌ സമാധാനത്തിന്റെ മയിലുകൾ അതിർത്തിയിൽ ആനന്ദനടനം ആടിനാൻ-ആ...ന...ന്ദ... വൈകിയില്ല ലാഹോറിൽ നിന്നും ബസ്‌ പുറപ്പെട്ടു. അഞ്ഞൂറ്റിച്ചില്വാനം ആളുകൾക്ക്‌ കയറികിടന്നുറങ്ങുവാൻ പറ്റിയ എയർകണ്ടീഷൻഡ്‌ ബസ്‌ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ യാത്ര അത്യാവശ്യക്കാർക്കുമാത്രമായി നിജപ്പെടുത്തി. വാജ്‌പേയിയുടെ യാനപാത്രം മഞ്ഞുരുകാൻ കാക്കാതെ മഞ്ഞുരുക്കിക്കൊണ്ട്‌ മുന്നോട്ടു കുതിച്ചു.

വാജ്‌പയി തിരിച്ച്‌ അതിർത്തിക്കെത്തുന്നതിനുമുൻപേതന്നെ സമാധാനകാംക്ഷികൾ സകല അതിരുകളും ലംഘിച്ച്‌ യാതൊരു വാഹനത്തിന്റെ പിൻബലവുമില്ലാതെ കുത്തനെ കുന്നുകയറി. നായും കുറുക്കനും ചർച്ച പന്നി കുന്നു കയറിയെന്നപോലെ. അണ്ടിപ്പരിപ്പുതിന്നു ചാകുവാൻ യോഗമില്ലാത്ത പട്ടാളക്കാർ ക്ഷാമമില്ലാതെ കിട്ടിയ വെടിയുണ്ടകൊണ്ടു മരിച്ചു. നായും കുറുക്കനും പന്നിയുമൊക്കെ ചരിത്രത്തിൽ സമാധാനകാംക്ഷികളായും വിമോചനപ്പടയാളികളായും സ്ഥാനം ഉറപ്പിച്ചു. ഇനിയൊരു നോബൽ സമ്മാനത്തിന്റെ അഭാവമേയുളളൂ. അതുകൂടി കിട്ടിയാൽ സംഗതി ശുഭം.

ചരിത്രം എന്നത്‌ ഒരു തുടർച്ചയാണ്‌. ഭരണവും. വാജ്‌പയി ഇട്ടിടത്തുനിന്നു മൻമോഹൻ ചുമക്കുന്നു എന്നത്‌ വ്യത്യാസം. കാലമാകുന്ന കൊല്ലന്റെ ആലയിൽ വലിച്ചുനീട്ടപ്പെടുന്ന ഭൂതമാണ്‌ ഭാവി. എന്നുവെച്ച്‌ ചരിത്രം ആവർത്തിച്ചുകൊളളണമെന്നില്ല. തടുക്കാവുന്നതേയുളളു. എന്നാൽ ചരിത്രം എപ്പോഴുമാവർത്തിക്കുക വിഡ്‌ഢികളുടെ തലയിലാണെന്ന്‌ ആരോ പറഞ്ഞിട്ടുളളതും ഓർമ്മവരുന്നു.

അളളയും അന്തകനും സംയുക്തമായി വിചാരിച്ചാലും നീട്ടിക്കിട്ടാത്ത വസ്‌തുവാണ്‌ ആയുസ്സെന്നൊരു ധാരണയുണ്ടായിരുന്നു. മൻമോഹൻ രണ്ടുകൊല്ലം അതും നീട്ടിക്കൊടുത്തു. വെറും ജനറൽയോഗം മാത്രമല്ല രാജയോഗം തന്നെയുളള ജൻമം. നല്ല ഒരു കണിശനെക്കൊണ്ട്‌ ജാതകം എഴുതിക്കൊടുക്കുവാനുളള ഏർപ്പാട്‌ പ്രതിപക്ഷനേതാവിന്‌ വിട്ടുകൊടുക്കാനുളള സന്മനസ്സൊക്കെയുളളയാളാണ്‌ സർദാർജി. നിത്യനൊരാഗ്രഹമേയുളളൂ. എല്ലാം ഒരു സർദാർഫലിതം പോലെയാവരുതേയെന്ന ഒരൊറ്റയാഗ്രഹം.

കേന്ദ്രമന്ത്രി അഹമ്മദ്‌ കേരളമെന്നൊരു ഭൂവിഭാഗം ഭാരതത്തിൽ ഉണ്ടെന്നും അവിടം മഹാബലി വാണിരുന്ന സ്ഥലമായിരുന്നെന്നും പിന്നീട്‌ അത്‌ കടലിൽ താണുപോയതാണെന്നും സമീപകാലത്ത്‌ പരശുരാമൻ ഒരൊറ്റ മഴുവെറിഞ്ഞ്‌ അതിനെ കരക്കുകയറ്റിയെന്നും ഇന്ന്‌ അത്‌ ലോകത്തിനുമുൻപിൽ തലയുയർത്തി നിൽക്കുന്നത്‌ സമ്പൂർണ സാക്ഷരതയും ഉയർന്ന വിദ്യാഭ്യാസ നിലവാരവും കൊണ്ടാണെന്നും മറ്റും ബോധ്യപ്പെടുത്തിക്കൊടുക്കുകയുണ്ടായി.

നേരാംവണ്ണമുളള ഒരൊറ്റ അതിരും കണ്ണിനുകണ്ടുകൂടാത്ത ജനറലിന്‌ സകല അതിരുകളും ലംഘിച്ചുകൊണ്ടുളള കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ പോക്ക്‌ നന്നേ ബോധിച്ചു. ചാർളി ചാപ്ലിന്റെ സിനിമ കാണുന്ന സംതൃപ്‌തിയോടെയാണ്‌ അയമ്മദ്‌മന്ത്രിയുടെ വിദ്യാഭ്യാസം തുളളൽ ജനറൽ ശ്രവിച്ചത്‌. വിദ്യാഭ്യാസമേഖല കണലെടുത്ത മടലുപോലെയാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച രാഷ്‌ട്രീയക്കാരെയും തൊട്ടുതാഴെ നിൽക്കുന്ന വിദ്യാഭ്യാസമുതലാളിമാരെയും അതിനുതാഴെ നിൽക്കുന്ന അദ്ധ്യാപഹയരെയും പറ്റി സുദീർഘമായ ഒരു ബോധവൽക്കരണക്ലാസുതന്നെയാണ്‌ മന്ത്രി ജനറലിന്‌ കൊടുത്തത്‌.

എൽ.പി.സ്‌കൂൾ മുതൽ സർവ്വകലാശാലകൾ വരെ രാജ്യത്തെ ആദ്യത്തെ നൂറിൽ വരുന്ന ഒരൊറ്റയെണ്ണം വരെ കേരളത്തിലില്ലാതാക്കാൻ പെട്ട പാട്‌ സാഹിബ്‌ അസ്സലായി വിവരിച്ചുകൊടുത്തു. സബാഷ്‌! ജനറൽ പുറത്തുതട്ടി അഭിനന്ദിച്ചിരിക്കണം. മന്ത്രി വിദ്യാഭ്യാസത്തെ ജനറലിന്‌ മനസ്സിലാവുന്ന വിധം ഉപമിച്ചുകൊടുത്തത്‌ കേരളത്തിലെ നാൽപത്തിനാല്‌ നദികളോടും ഉന്നതവിദ്യാഭ്യാസത്തെ ഉപമിച്ചത്‌ ഭാരതപ്പുഴയോടുമാണ്‌. ഉപമാ കാളിദാസസ്യ എന്ന ചൊല്ല്‌ ഉപമാ അയമ്മദസ്യ എന്നാക്കണമെന്നാർക്കെങ്കിലും തോന്നിപ്പോയെങ്കിൽ തെറ്റുപറയാനില്ല. അത്രക്ക്‌ നല്ല ഉപമ. നമ്മളിവിടുളള കാലത്തോളം വിദ്യാഭ്യാസം രക്ഷപ്പെടുന്ന പ്രശ്‌നമില്ലെന്ന ഉറപ്പ്‌. ഭാരതപ്പുഴപോലെ. നിളയുടെ മാറിൽ അക്കേഷ്യ നട്ട നമ്മുടെ ബുദ്ധിയാണ്‌ ബുദ്ധി. വിദ്യാഭ്യാസം മുസ്ലീമിനും ക്രിസ്‌ത്യാനിക്കും ഹിന്ദുവിനും തീറെഴുതിക്കൊടുത്ത ബുദ്ധിയാണ്‌ ബുദ്ധി.

എസ്‌.എസ്‌.എൽ.സി. പരീക്ഷയുടെ ചോദ്യപേപ്പർ തികഞ്ഞ ജനാധിപത്യമര്യാദ പ്രകാരം ആവശ്യക്കാർക്കെത്തിച്ചു കൊടുത്തു. ഇവിടെ മലമറിഞ്ഞുപോയോ? ഒരു ചുക്കും സംഭവിച്ചില്ല. വിദ്യാഭ്യാസമന്ത്രിമാരുടെ കസേര-പി.പി. ഉമ്മർകോയയും ജോസഫ്‌ മുണ്ടശ്ശേരിയും ഇരുന്ന കസാരയായിരുന്നു. പിന്നെയിരുന്നവർ ആ കസാര വൃത്തികേടാക്കിയതിന്റെ കഥയും ജനറലിന്‌ നന്നേ ബോധിച്ചു.

കഴിഞ്ഞ തവണത്തെ മന്ത്രി ശ്രേഷ്‌ഠാചാര്യൻ സൂപ്പിയുടെ അപദാനങ്ങൾ വാഴ്‌ത്താൻ വാക്കുകളില്ലാതെ പോയ മന്ത്രിക്ക്‌ തുണയായത്‌ ഈദിഅമീനായിരുന്നു. പണ്ടിങ്ങനെയൊരു അവാർഡ്‌ മൂപ്പർക്ക്‌ കിട്ടിയിരുന്നു. വിക്‌ടോറിയാ ക്രോസ്‌ അവാർഡ്‌. അവാർഡ്‌ സ്ഥാപിച്ചത്‌ ഈദി അമീൻ. അവാർഡ്‌ കമ്മിറ്റിയും ഈദി അമീൻ. അവാർഡ്‌ നേടിയതും ഈദി അമീൻ.

ഇത്ര യോഗ്യൻമാർക്ക്‌ പാക്കിസ്ഥാനിൽപോലും ക്ഷാമം നേരിടുകയാണെന്ന വസ്‌തുത ജനറൽ സമ്മതിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി പഠിക്കുവാൻ ഒരു ഉന്നതതലസംഘത്തെ ഇങ്ങോട്ടയക്കാനുളള ഏർപ്പാട്‌ ഇവിടെനിന്നു തന്നെ ചെയ്‌തിട്ടുണ്ട്‌.

ഈ തലമുറ കുറ്റിയറ്റുപോകുന്നതിന്‌ മുൻപുതന്നെ സംഘം ഇവിടെയെത്തിയാൽ പാക്കിസ്ഥാനിലെ വിദ്യാഭ്യാസം രക്ഷപ്പെട്ടു.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.