പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

അമ്മയും മക്കളും കൂടി മാളിവുഡ്‌ വില്പനയ്‌ക്ക്‌ വെക്കുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മലേഖനം

ഹോളിവുഡ്‌, ബോളിവുഡ്‌ എന്നൊക്കെപ്പോലെ താരപ്രഭയിൽ കണ്ണഞ്ചിപ്പിക്കുന്ന മലയാള സിനിമാ ലോകമാകുന്നു മാളിവുഡ്‌.

അമ്മ, താരം എന്തു സുന്ദരമായ പദം. കുരങ്ങിന്റെ കൈയിലെ മുല്ലമാലപോലെ ഈ സുന്ദരമായ പദങ്ങൾ അലങ്കരിക്കുന്നവരാകട്ടെ കണികണ്ടാൽ കണ്ണ്‌ കഴുകേണ്ട ഗണത്തിൽപ്പെട്ടവരും. ഒരു പുസ്‌തകത്തിന്റെ പേര്‌ ഓർമ്മ വരികയാണ്‌. ഷെൽഡൻ ബി കോപ്പ്‌ എഴുതിയ “ഈഫ്‌ യു മീറ്റ്‌ ദി ബുദ്ധ ഓൺ ദി റോഡ്‌ കിൽ ഹിം.” റോഡിൽ കണ്ടാൽ ഇപ്പറഞ്ഞതിലും കനത്തത്‌ കിട്ടുമെന്നുളളതുകൊണ്ടാണോയെന്ന്‌ അറിയില്ല താരങ്ങൾ മാനത്തും, നിഴലായി കടലിലുമാണ്‌ സഞ്ചാരം.

താരങ്ങൾ എന്നാൽ നക്ഷത്രങ്ങൾ. നക്ഷത്രങ്ങളെന്നാൽ നരവംശശാസ്‌ത്രപ്രകാരം മനുഷ്യവർഗ്ഗത്തിന്റെ ആദ്യത്തെ ഗൈഡ്‌ അഥവാ വഴികാട്ടി. പോർച്ചുഗീസുകാരൻ ഗാമ ഇങ്ങോട്ടെത്തിയതും ശതാബ്‌ദങ്ങൾ മുൻപ്‌ കേരളത്തിൽ നിന്ന്‌ ഉരുപ്പടികൾ അറേബ്യയിലെത്തിയതും നക്ഷത്രങ്ങൾ മനുഷ്യന്‌ വഴികാട്ടിയപ്പോഴാണ്‌.

മനുഷ്യനെ വഴിതെറ്റാതെ നോക്കുന്ന, പ്രകൃതിയുടെ വരദാനമാണ്‌ താരമെന്ന പ്രകാശസംഭവം. ഈ മനോജ്ഞപദം ആരാണാവോ മനുഷ്യനെ വഴിതെറ്റിക്കുന്ന ഈ ഇരുട്ടറകൾക്കിട്ടു കൊടുത്തത്‌? നാലഞ്ച്‌ കൊലപാതകം അഞ്ച്‌ പത്ത്‌ ബലാൽസംഗം പത്തഞ്ഞൂറ്‌ പിടിച്ചുപറി ഇതെല്ലാം നടത്തുന്നവന്‌ പേര്‌ ഹരിശ്ചന്ദ്രനെന്നോ മഹാത്മാഗാന്ധിയെന്നോ തന്നെ വേണോ? വേറെയെന്തെല്ലാം പേരുകൾ ഈ ഭൂമി മലയാളത്തിലുണ്ട്‌?

താരങ്ങൾ അമ്മയെ ബഹിഷ്‌കരിക്കുന്നു. (തന്തയില്ലാത്തതുകൊണ്ട്‌ തൽക്കാലം അതിനെ ബഹിഷ്‌കരിക്കേണ്ടതില്ല എന്നൊരാശ്വാസമുണ്ട്‌). മാക്‌ട താരങ്ങളെ ബഹിഷ്‌കരിക്കുന്നു. പിന്നെ താരനിശ ബഹിഷ്‌കരിക്കുന്നു. കേട്ടുകേട്ട്‌ ഒടുക്കം ഇന്ന്‌ ഒരു കടലാസിൽ കണ്ടത്‌, ചീങ്കണ്ണിയെ കണ്ട പിളളാരെപോലെ കുറെയെണ്ണം വായുംപിളർന്ന്‌ ഭൂമിതൊടാതെ കുലച്ച വില്ലുപോലെ നിൽക്കുന്നതാണ്‌. ആ നില്‌പോടുകൂടി മാക്‌ട ചുവടുമാറ്റി. താരനിശ ബഹിഷ്‌കരിക്കേണ്ടതില്ല.

അടുത്തകാലത്തായി ഒരു താരം പറയുന്നത്‌ കേട്ടു. ഞാനൊരു രണ്ടാനമ്മയെ ഉണ്ടാക്കും എന്ന്‌. അതായത്‌ ഒരു പുതിയ സംഘടന. സാധിക്കാതിരിക്കില്ല. ആള്‌ പഴയ ദാസനും വിജയനൊന്നുമല്ല അഭിനവ നരസിംഹമൂർത്തിയും രാവണപ്രഭുവുമൊക്കെയാണ്‌. സംഘടനയിൽ ഒറ്റയാള്‌ തന്നെ ധാരാളം. നഞ്ചെന്തിന്‌ നാനാഴി?

നരസിംഹം തുടർന്നും ജിവിക്കും. നമ്മുടെ സിനിമാലോകത്തും കലാലോകത്തും ദശാവതാരമായ മനുഷ്യൻ പോകട്ടെ വാമനന്റെ ജനനത്തെപ്പറ്റിവരെ ചിന്തിക്കാൻ സമയമായിട്ടില്ല. മറ്റ്‌ മേഖലകളിലാവട്ടെ വാമനൻമാരുടെ വാഴ്‌ചയുമാണ്‌. ബാക്കി മേഖലകളിൽ അനുദിനം വർദ്ധിക്കുന്നത്‌ മൊബൈൽഫോണിന്റെയും മന്ദബുദ്ധികളുടെയും എണ്ണമാണ്‌. അല്ലെങ്കിൽ ഇക്കൂട്ടരെ ആരെങ്കിലും ദീപ്‌തിചൊരിയുന്ന നക്ഷത്രത്തോടുപമിക്കുമോ?

അങ്ങകലെ ഹോളിവുഡിൽ ആർനോൾഡ്‌ ഷ്വാസ്‌നെഗ്ഗർ (ഏണാങ്ക ശിവശങ്കരൻ എന്ന്‌ മലയാളം) അന്തകപരിവേഷ (ടെർമിനേറ്റർ)ത്തിലൂടെ നേടിയത്‌ കാലിഫോർണിയൻ ഗവർണർ സ്ഥാനമാണ്‌. പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ എന്നാണല്ലോ. ഏതാണ്ടതുപോലെ ഒരു പൊട്ടത്തോക്കും കൊണ്ട്‌ ടിക്കറ്റെടുത്തവന്റെ തലയ്‌ക്ക്‌ വിലപറയുന്ന മലയാളത്തിലെ ഒരു മഹാനടൻ ഇത്‌ കണ്ടിട്ട്‌ ഒരു ടിക്കറ്റിന്‌ ചോദിച്ചു നടപ്പ്‌ തുടങ്ങിയിട്ട്‌ കാലം കുറച്ചായി.

ഇത്രയും കാലം ജനത്തെ ടിക്കറ്റ്‌ കൗണ്ടർ വഴി സേവിച്ചതുകൊണ്ടൊന്നും തൃപ്‌തിയാവാതെയാണ്‌ മൂപ്പർ വാഴത്തോപ്പ്‌ കണ്ട ആനയെപ്പോലെ വെളിയിലിറങ്ങിയിട്ടുളളത്‌. പുളളിക്ക്‌ ടിക്കറ്റാണ്‌ പ്രധാനം. പാർട്ടി ഏതായാലും വലിയ പ്രശ്‌നമൊന്നുമില്ല. ജനത്തെ അല്പാല്പമായോ ഒന്നടങ്കമോ സേവിക്കുകയാണല്ലോ എല്ലാവരും. അതുകൊണ്ട്‌ പാർട്ടി ഏതെന്ന്‌ പ്രശ്‌നമാക്കേണ്ടതുമില്ല.

ഈയടുത്തകാലത്തായി സാംസ്‌കാരിക കേരളത്തിന്‌ കനത്ത നഷ്‌ടം വരുത്തിക്കൊണ്ടൊരാൾ കടന്നുപോയി. തീർത്തും ഒരു ഷേക്‌സ്‌പീരിയൻ നാടകംപോലെ. അന്ത്യരംഗം അദ്ദേഹം അഭിനയിച്ചത്‌ വെളളിത്തിരയിലും. പ്രൊഫസർ നരേന്ദ്രപ്രസാദ്‌. അതുവരെ ഇറങ്ങുന്ന മുഴുവൻ സിനിമകളുടെയും അവിഭാജ്യഘടകമായിരുന്ന ആ മഹാനടന്റെ ശരീരം പി.വി.എസിൽ വിറങ്ങലിച്ചു നില്‌ക്കുമ്പോൾ ഒരു മുരളിയല്ലാതെ ഭരതമഹർഷി തോറ്റുപോകുന്ന അഭിനവ ഭരത്‌പട്ടം കെട്ടിയ നരവീരൻമാരുടെയൊന്നും നാവ്‌ ഒരു പ്രസ്‌താവനയ്‌ക്കുപോലും വായിലുണ്ടായിരുന്നില്ല. അങ്ങ്‌ ഒരാളുടെ പതിനാറടിയന്തിരത്തിനുശേഷം കഴിക്കുന്ന ഇരുപത്തഞ്ചാമത്‌ അടിയന്തിരം പൊടിപൊടിക്കുകയായിരുന്നു. നിങ്ങളുടെ പോക്കറ്റില്ലാതെ എനിക്കെന്താഘോഷം എന്ന പരസ്യം ആർക്കെങ്കിലും മറക്കാനാവുമോ?

ഇന്നത്തെ സൂപ്പർ മെഗാ ജെഗാ ലൊട്ട്‌ലൊടുക്ക്‌ താരങ്ങൾ യാചിച്ചുനേടി വളർന്നവരാണെങ്കിൽ പ്രസാദ്‌ തനിക്കായി ഒഴിച്ചിട്ട സിംഹാസനത്തിലേക്ക്‌ സ്വതസിദ്ധമായ ഗാംഭീര്യത്തോടെയും പൗരുഷത്തോടെയും നടന്നുകയറി, അവിടം വാണ്‌ പടിയിറങ്ങിപ്പോയതാണ്‌. നന്ദികേടിനും തലക്കനത്തിനും പണംകൊണ്ട്‌ കൈയ്യും കാലും പണിതാൽ മാളിവുഡായിയെന്ന്‌ തെളിയിച്ച സംഗതികൾ ഇങ്ങിനെ എത്രയോ ഉണ്ട്‌. ആദ്യത്തെ മലയാളചിത്രത്തിലെ നടി ‘അമ്മ’യുടെ മകളായിരുന്നില്ല. അങ്ങിനെ ഒരു നടിയും ഒരു മലയാളചിത്രവും ഉളളകാര്യം തന്നെ മാളിവുഡിന്റെ ബോധമണ്‌ഡലത്തിലില്ലായിരുന്നു.

ഒരമ്മയുടെ മക്കളിൽ എല്ലാവരും തുല്യരാണെങ്കിലും ഈയമ്മയുടെ ഭവനത്തിൽ രണ്ട്‌ പന്തിയിലാണ്‌ ഊണ്‌. താരത്തിനൊന്ന്‌ ധൂമകേതുവിന്‌ വേറൊന്ന്‌. ഒന്നുകിൽ താരങ്ങൾ ഇക്കളി നിർത്തുക. അല്ലെങ്കിൽ താരങ്ങളുടെ ബഹിഷ്‌കരണംപോലെ ജനം താരങ്ങളെ മൊത്തമായങ്ങ്‌ ബഹിഷ്‌കരിക്കുക.

കേരളരാഷ്‌ട്രീയത്തിലെ സൂപ്പർതാരത്തിന്റെ കളിപോലെയാണ്‌ മാളിവുഡിലെ കാര്യങ്ങളും. പൊതുജനം എന്നൊരു ജീവജാലം അവശേഷിക്കുന്നുണ്ടെന്നൊരു ബോധം മൂപ്പരിൽ നിന്നും അപ്രത്യക്ഷമായതുപോലെ ജനങ്ങളും സിനിമാശാലകളും ഭൂമുഖത്തുണ്ടെന്ന കാര്യം താരങ്ങളും ധൂമകേതുക്കളും ഒക്കെ ഓർക്കുന്നത്‌ നന്ന്‌.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.