പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഗൗതമൻ ഇപ്പോഴും സ്വപ്നങ്ങളിൽ ജീവിക്കുന്നു > കൃതി

ആറ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം പൊന്നൻ

നോവൽ

അന്ന്‌ ആശുപത്രിയുടെ ആകാശത്തിന്‌ തലേന്നത്തേക്കാൾ പ്രസരിപ്പും പ്രഭയുമുണ്ടായിരുന്നു. ഉണർവ്വിന്റെ കരുത്തുമായി ഒരു കൂട്ടം വെൺകൊക്കുകൾ കിഴക്കു നോക്കിപ്പറന്നു. ചിറകുകൾക്കു താഴെ ചരിക്കുന്ന തലതിരിഞ്ഞ മനുഷ്യകുലത്തെക്കുറിച്ചോർത്ത്‌ അവ അടക്കിപ്പിടിച്ചു ചിരിച്ചു.

വിതയ്‌ക്കുകയും കൊയ്യുകയും ചെയ്യുന്ന നിർഭാഗ്യരുടെ കുലം...!

“കനകം മൂലം... കാമിനി മൂലം...”

അവ മൂളിപ്പാട്ടോടെ പരിഹസിച്ച്‌ പറന്നകന്നു.

ഡോക്‌ടർ രമേഷിന്‌ അന്ന്‌ പതിവിലേറെ ക്ഷീണം തോന്നി. ഒരു മൂന്നുനാലു മണിക്കൂറുകൾകൂടി ഉറങ്ങിത്തീർത്താലെ ഈ ക്ഷീണം മാറൂ. പക്ഷേ, ഇനി കിടന്നാൽ പറ്റില്ല. അയാളെഴുന്നേറ്റ്‌ പ്രഭാതകൃത്യങ്ങൾ തീർത്തപ്പോഴേക്ക്‌, ഡ്യൂട്ടിനേഴ്‌സ്‌ വന്ന്‌ കതകിൽ മുട്ടി.

വാതിൽ തുറന്ന ഡോക്‌ടറോട്‌ അവൾ പരിഭ്രാന്തി കലർന്ന ശബ്‌ദത്തിൽ പറഞ്ഞു.

“ഡോക്‌ടർ, ...ഗൗതമൻ...”

“ഗൗതമൻ..?”

“ഗൗതമൻ വല്ലാതെ വയലന്റാകുന്നു. പെട്ടെന്ന്‌ വരൂ. അയാളൊരാത്മഹത്യയ്‌ക്കുളള ഒരുക്കത്തിലാണ്‌.”

ഡോക്‌ടർ രമേഷ്‌ സ്‌റ്റെത്ത്‌ എടുക്കാൻ മറന്ന്‌ ഓടി. ദൂരെ നിന്നേ ഗൗതമന്റെ ഒച്ചയും വിളിയും കേട്ടു. ആരൊക്കെയോ ചേർന്ന്‌ കട്ടിലിൽ മലർത്തിക്കിടത്തി തുണികൊണ്ട്‌ കൈയ്യും കാലും കട്ടിലിനോട്‌ ചേർത്തുകെട്ടി കീഴ്‌പ്പെടുത്തിയ മട്ടിലായിരുന്നു ഗൗതമൻ. അയാൾ ഡോക്‌ടറെ കാണാൻ വാശിപിടിക്കുന്നുണ്ടായിരുന്നു. ഡോക്‌ടറെ കണ്ടപാടെ ഗൗതമന്റെ ശബ്‌ദം താഴ്‌ന്നു. ചോരച്ച കണ്ണുകളിൽ എന്തൊക്കെയോ പറയുവാനുളള വെമ്പലായിരുന്നു. ഡോക്‌ടർ സാവധാനം അയാൾക്കു സമീപമിരുന്നു.

ഗൗതമൻ ശബ്‌ദമടക്കി പറഞ്ഞു.

“ഡോക്‌ടർ... ഞാനവളെ കണ്ടെത്തി. എന്റെ ഭാഗ്യലക്ഷ്‌മിയെ...”

ആ വാക്കുകളിലെ സത്യസന്ധത തിരിച്ചറിയാൻ കഴിഞ്ഞ ഡോക്‌ടർ ചുറ്റും നിന്നവരെ മുറിക്കു പുറത്താക്കി വാതിൽ ചേർത്തടച്ചശേഷം ഗൗതമന്റെ കണ്ണുകളിലേയ്‌ക്കുറ്റു നോക്കി ചോദിച്ചു.

“എവിടെ... എവിടെയാണവൾ...എപ്പോഴാ...ഗൗതമൻ കണ്ടത്‌?”

തന്റെ വാക്കുകൾ ഡോക്‌ടർ വിശ്വസിക്കുന്നുവെന്നറിഞ്ഞ്‌ ഗൗതമൻ ആഹ്ലാദത്തിന്റേയും ഉന്മാദത്തിന്റേയും ഹിമാലയങ്ങളിലേയ്‌ക്ക്‌ പറന്നു. ഒതുക്കിയ ശബ്‌ദത്തിൽ; പളുങ്കുഭരണികൾ നിലത്തേയ്‌ക്ക്‌ വയ്‌ക്കുന്നത്ര സൂക്ഷ്മമായി അയാൾ വാക്കുകൾ നിരത്തി.

“ഡോക്‌ടർ എന്നെ വിശ്വസിക്കണം. ഈ ഹോസ്‌പിറ്റലിൽ വന്ന ദിവസം തന്നെ ഞാനവളെ കണ്ടിരുന്നു. പക്ഷേ എനിക്ക്‌ തീർച്ചയുണ്ടായിരുന്നില്ല. എന്നാലിന്ന്‌ വെളുപ്പിന്‌ എന്റെ ഊഹം ശരിയായിരുന്നുവെന്ന്‌ ഞാൻ മനസ്സിലാക്കി. എന്റെ ഭാഗ്യലക്ഷ്‌മിയെ ഞാൻ തിരിച്ചറിഞ്ഞു. അവളിവിടെയുണ്ട്‌ ഡോക്‌ടർ...ഈ ഹോസ്‌പിറ്റലിൽ..!”

“ഇവിടെയോ?” ഡോക്‌ടർ രമേഷിന്റെ തൊണ്ടയിൽ ആരോ കൊളുത്തിപ്പിടിച്ചു. എന്നിട്ടും അയാൾ പറഞ്ഞൊപ്പിച്ചു.

“ഗൗതമൻ പറഞ്ഞോളൂ. നിങ്ങളവളെ കണ്ടതു സത്യമെങ്കിൽ ഞാനവളെ നിങ്ങൾക്കു നേടിത്തരും. ഉറപ്പ്‌. പറയൂ...അവളാരാണ്‌? എവിടെയുണ്ട്‌?”

ഗൗതമൻ കണ്ണീരും സ്വപ്നങ്ങളും കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.

“എനിക്കും നിങ്ങൾക്കുമിടയിൽ ഒരു മാലാഖയുടെ വിശുദ്ധിയോടെ അവളുണ്ട്‌ ഡോക്‌ടർ. എന്നെ പരിചരിക്കാൻ നിങ്ങളേർപ്പെടുത്തിയ ആ ഡ്യൂട്ടിനേഴ്‌​‍്‌സ്‌ എന്റെ ഭാഗ്യലക്ഷ്‌മിയാണ്‌. അയാം ഷുവർ.”

ഡോക്‌ടർ രമേഷ്‌ നടുങ്ങിപ്പോയി.

ഒരക്ഷരം ഉരിയാടാനില്ലാതെ നിശ്ചലനായി നിൽക്കുന്ന ഡോക്‌ടറെ കണ്ട്‌ ഗൗതമൻ വിറയാർന്ന ചുണ്ടുകളുമായി സ്വപ്നങ്ങളിലേയ്‌ക്ക്‌ കിടന്നു.

Previous Next

ശ്രീമൂലനഗരം പൊന്നൻ

വിലാസംഃ

ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പി.ഒ.

പിൻ - 683 580.

(പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.)


Phone: 9847724618




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.