പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഗൗതമൻ ഇപ്പോഴും സ്വപ്നങ്ങളിൽ ജീവിക്കുന്നു > കൃതി

രണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം പൊന്നൻ

നോവൽ

സുവോളജി ലാബിന്റെ ഇരുണ്ട ഇടനാഴിയിൽ നിന്നാണ്‌ ഗൗതമൻ ഭാഗ്യലക്ഷ്‌മിയെ ശേഖരിച്ചത്‌. അതൊരു നട്ടുച്ചയ്‌ക്കായിരുന്നു. മാനത്ത്‌ മഴമേഘങ്ങൾ കനത്തു വിങ്ങി മൂടിക്കെട്ടിയ നട്ടുച്ച. മഴക്കാറു കാണുമ്പോൾ ഗൗതമൻ ആകെ അസ്വസ്ഥനാകുമെന്ന്‌, ഭാഗ്യലക്ഷ്‌മി എങ്ങനെ അറിയാൻ....

റെക്കോഡു സൈൻ ചെയ്യിച്ച്‌ കൂട്ടുകാരിയോടൊപ്പം നടന്നെത്തിയ കോളേജ്‌ സുന്ദരി ഭാഗ്യലക്ഷ്‌മി ഗൗതമനെ കണ്ട്‌ പുഞ്ചിരിച്ചത്‌ അയാളറിഞ്ഞില്ല. കൂട്ടുകാരി അവളുടെ കാതിൽ ഗൗതമനെക്കുറിച്ച്‌ ഏതോ തമാശ പറഞ്ഞു. സ്വതവേ കിലുക്കാംപെട്ടിയും സൗന്ദര്യദേവതയെന്ന്‌ അഹങ്കരിക്കുകയും ചെയ്‌തിരുന്ന ഭാഗ്യലക്ഷ്‌മി പരിസരം മറന്ന്‌ ഉറക്കെയങ്ങ്‌ ചിരിച്ചു. ഗൗതമൻ അപ്പോഴാണവളെ കണ്ടത്‌. ഗൗതമന്‌ ഒരു വെളിപാടുണ്ടായി.

ഭാഗ്യലക്ഷ്‌മി വൈകാതെ കരഞ്ഞേക്കുമെന്ന്‌ ഗൗതമന്‌ തോന്നി. അതവളോട്‌ അപ്പോൾത്തന്നെ പറയണമെന്ന്‌ അവന്‌ ഒരുൾപ്രേരണ. അതിന്റെ ശക്തിയിൽ അവനവളോട്‌ പറഞ്ഞത്‌ പക്ഷേ, ഇങ്ങനെയായിപ്പോയി.

“കുട്ടിയിങ്ങനെ ചിരിയ്‌ക്കരുത്‌. നിന്റെ മുഖത്തിന്‌ ചിരി ചേരില്ല. കരച്ചിലാണു നിനക്ക്‌ യോജിക്കുക.”

“റബ്ബിഷ്‌” അവൾ മുഖമടച്ചാട്ടി. കൂട്ടത്തിൽ അമ്മയ്‌ക്ക്‌ കൂട്ടി ഒരു തെറി വിളിച്ചുവെന്നും കോളേജിൽ ഒരു ശ്രുതി പരന്നു. പക്ഷേ ആ നിമിഷം ഗൗതമൻ പുതിയ ചില അറിവുകൾ കൊണ്ട്‌ നിറയുകയായിരുന്നു. ഭാഗ്യലക്ഷ്‌മിയുടെ അമ്മയ്‌ക്ക്‌ എന്തോ അത്യാഹിതം സംഭവിച്ചതായി അയാൾ പകൽക്കിനാവ്‌ കണ്ടു. അവൾ നിർത്താതെ കരയുന്നതും. അതുപക്ഷേ അവളോടയാൾ പറഞ്ഞില്ല. അതിനിട കൊടുക്കാതെ ഗർവ്വോടെ ഭാഗ്യലക്ഷ്‌മി ഇടനാഴിയിൽ നിന്നും പുറത്തു കടന്നിരുന്നു.

അത്‌ ഒരു തുടക്കം മാത്രമായി. പിന്നീടങ്ങോട്ട്‌ ഇടനാഴിയിലെ ഇരുട്ടിൽനിന്നും സംഭവങ്ങൾ ഈയലുകളെപ്പോലെ പിറവിയെടുക്കാൻ തുടങ്ങി.

കോളേജ്‌ കാമ്പസിലെ മറ്റൊരു നട്ടുച്ച.

ഭാഗ്യലക്ഷ്‌മി ഗൗതമന്റെ മുന്നിൽ നിന്ന്‌ കരയുന്നത്‌ കണ്ട്‌ സഹപാഠികൾ അമ്പരന്നു. ഏറ്റവും വലിയ അമ്പരപ്പിന്റെ ‘തുഞ്ച’ത്തായിരുന്നു ഗൗതമന്റെ ഹൃദയം.

ഭാഗ്യലക്ഷ്‌മിയുടെ അമ്മ ഒരു കാറപകടത്തിൽ മരിച്ചുവത്രേ. കറുത്ത നിരത്തിൽ ഭാഗ്യലക്ഷ്‌മിയുടെ അമ്മയുടെ ചുവപ്പ്‌ രക്താണുക്കൾ കരിഞ്ഞു ചത്തു.

ഗൗതമനെ ചീത്ത വിളിച്ചതിന്‌ ഈശ്വരൻ കൊടുത്ത ശിക്ഷയായി അവളതിനെ വ്യാഖ്യാനിച്ചപ്പോൾ ഗൗതമന്റെയുളളിൽ ഒരു കവിത ഉറവ പൊട്ടി.

തുടർന്നയാൾ എപ്പോഴോ അറിയാതെ എഴുതിപ്പോയി. എഴുതിയതൊക്കെ പകർത്തിയതും പത്രമാസികകൾക്ക്‌ അയച്ചതും ഭാഗ്യലക്ഷ്‌മിയാണ്‌. ഗൗതമന്റെ വാടകമുറിയുടെ വാതിലുകൾ ചോദിക്കാതെ തുറക്കാൻ ധൈര്യപ്പെട്ട ഏക പെൺകുട്ടിയായി മാറി ഭാഗ്യലക്ഷ്‌മി.

ഒരു നാൾ വാതിൽ തളളിത്തുറന്ന്‌ കടന്നുവന്ന ഭാഗ്യലക്ഷ്‌മിക്ക്‌ ഗൗതമൻ തന്റെ പോക്കറ്റിൽ നിന്നും സ്വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ കൊടുത്തു. ചിന്തകളുടെ ഭാരം താങ്ങാനാവാതെ വരുമ്പോൾ ആരും കാണാതെ ഓരോ മിഠായി തിന്നുന്നത്‌ ഒരു ശീലമാക്കിയിരുന്നു ഗൗതമൻ.

“ഇതെന്തിന്റെ ചെലവാ?”

വീണ്ടും വീണ്ടുമവൾ ചോദ്യമാവർത്തിച്ചപ്പോൾ ഗൗതമൻ പറഞ്ഞത്‌ ഇന്നെനിക്കേറ്റവും വേണ്ടപ്പെട്ട ഒരാളുടെ ജന്മദിനമാണെന്നായിരുന്നു. അതുകേട്ട്‌ ഭാഗ്യലക്ഷ്‌മിയുടെ വലിയ കണ്ണുകൾ കൂടുതൽ വിടർന്നു. മൂക്കിൻ തുമ്പത്തെ വിയർപ്പു കണങ്ങൾ തിളങ്ങി. അവൾ ഗൗതമനെ കെട്ടിപ്പിടിച്ച്‌ ആഞ്ഞു ചുംബിച്ചു. ജീവിതത്തിലാദ്യമായി ഒരു പെൺകുട്ടിയുടെ മാന്ത്രികസ്പർശമേറ്റ്‌ ഗൗതമൻ ഒരു ബോധിവൃക്ഷത്തെപ്പോലെ വാടകമുറിയിലാകെ നിറഞ്ഞു വളർന്നു. അയാളവളെ ആർത്തിയോടെ കോരിയെടുത്തു പുണർന്നു.

കിതപ്പാർന്ന ശ്വാസസ്വരത്തിൽ അവൾ തിരക്കി.

“ഇന്നെന്റെ ബർത്ത്‌ഡേയാണെന്ന്‌ ഗൗതമൻ എങ്ങനെയറിഞ്ഞു?”

ബോധിവൃക്ഷശാഖകളിൽ വിസ്‌മയത്തിന്റെ പൂക്കൾ വിടർന്നു. ഒടുവിൽ മുജ്ജന്മബന്ധത്തിന്റെ തുടർച്ചയാണീ തിരിച്ചറിവുകൾ എന്ന്‌ അവൾ തന്നെ തീർച്ചയോടെ കണ്ടെത്തി. പരഹൃദയജ്ഞാനത്തിന്റെ ആകസ്മികതയിൽ സ്വയം നടുങ്ങാറുളള ഗൗതമനും അത്‌ വിശ്വസിച്ചു തുടങ്ങി. പിന്നീടെന്നും നട്ടുച്ച നേരങ്ങളിൽ വാടകമുറിയ്‌ക്കകത്ത്‌ ബോധിവൃക്ഷങ്ങളുടെ ഗൗതമവനം തിങ്ങിവളരാൻ തുടങ്ങി.

ക്ലാസ്സ്‌ കട്ടുചെയ്‌ത്‌ ഭാഗ്യലക്ഷ്‌മി ആ വനത്തിൽ തപസ്സാരംഭിച്ചു. പുറത്ത്‌ ഉച്ചവെയിലിൽ മൃഗതൃഷ്‌ണകൾ കാടിനെ എരിക്കുന്ന അഗ്നിജ്വാലകളായ്‌ ഉയർന്നു കൊണ്ടിരുന്നു. നട്ടുച്ചകൾ സർപ്പഗന്ധമേറ്റ്‌ ത്രസിച്ചു. ക്യാമ്പസിൽ ഗൗതമബുദ്ധന്റെ കഥ അങ്ങനെ പുതിയൊരു പാഠാവലിയായി.

ഫൈനൽ എക്സാം കഴിഞ്ഞു പുറത്തിറങ്ങുംമുമ്പേ ഗൗതമന്റെ കവിതാസമാഹാരങ്ങൾ പുറത്തിറങ്ങി. അവയിൽ പലതും അയാൾ സമർപ്പിച്ചിരുന്നത്‌; ഭാഗ്യലക്ഷ്‌മിയുടെ കവിത പകർത്തിയ നേർത്ത വിരലുകൾക്കും നട്ടുച്ചകളിൽ വാടകമുറിയിൽ പൂത്ത വിസ്‌മയപുഷ്പങ്ങളുടെ സർപ്പഗന്ധത്തിനുമായിരുന്നു. ധാരാളം വിറ്റുപോയ കവിതകൾ ഗൗതമനെ പഠനം കഴിഞ്ഞിറങ്ങും മുമ്പേ ധനവാനാക്കിത്തുടങ്ങി. അമ്മയ്‌ക്ക്‌ വസ്‌ത്രങ്ങളും കരിമണി മുത്തുപാകിയ സ്വർണ്ണമാലയും വാങ്ങി അയച്ചപ്പോൾ ഭാഗ്യലക്ഷ്‌മിക്ക്‌ ഒരു പൊൻമോതിരം കൂടി വാങ്ങാൻ ഗൗതമൻ മറന്നില്ല. അതുമായി അവളെ കാത്തു നിന്ന്‌ ഗൗതമൻ നിരാശനായി. അന്നവൾ കോളേജിലെത്തിയില്ല. പിറ്റേന്നും വന്നില്ല. പിറ്റേന്നും.... പിന്നീടൊരിക്കലും.

ഭാഗ്യലക്ഷ്‌മി എഴുതിയകറ്റിയ കവിതയായിപ്പോയെന്നറിഞ്ഞ്‌ ഗൗതമൻ പരീക്ഷയെഴുതാൻ പോലും മറന്ന്‌ അവളെത്തേടിയലഞ്ഞു. ബോധിവൃക്ഷച്ചില്ലകളിൽ വന്നിരുന്ന പ്രതീക്ഷകളുടെ പക്ഷികൾ മടുപ്പോടെ നിർത്താതെ സ്വയം പ്രാകി.

പരീക്ഷ വന്നതും കോളേജടച്ചതും ഗൗതമനറിഞ്ഞില്ല. ഭാഗ്യലക്ഷ്‌മിയും അച്ഛനും വീടു മാറിപ്പോയെന്നറിഞ്ഞ്‌ അയാൾ അവരെത്തേടി ലക്ഷ്യമില്ലാതെ അലയുകയായിരുന്നു. ഒരിടത്തും അവളെ കണ്ടില്ല. അലച്ചിലിനൊടുവിൽ പ്രാകൃതനായി ഗൗതമൻ വീട്ടിൽ തിരിച്ചെത്തി.

അമ്മയുടെ കണ്ണീരിൽ കുളിച്ച്‌ വൃത്തിയായി; അമ്മയുടെ മടിയിൽത്തന്നെ കിടന്ന്‌ മൂന്നുനാലു ദിവസം തുടർച്ചയായി അയാൾ ഉറങ്ങി. ഉണർന്നെണീറ്റപ്പോൾ കാരണങ്ങളില്ലാതെ ദേഷ്യപ്പെടാനും ഒറ്റയ്‌ക്കിരുന്ന്‌ കരയാനും പഠിച്ചു.

ഗൗതമൻ മനോവിഭ്രാന്തികളുടെ വേലിയേറ്റങ്ങളിലാറാടി. അമ്മ അയലത്തെ പെൺകുട്ടിയോടും അവളുടെ അമ്മയോടും ഗൗതമനെക്കുറിച്ച്‌ പറഞ്ഞ്‌ കരഞ്ഞു. അവൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ കൂടെ കരഞ്ഞു. സർപ്പക്കാവിൽ തിരിവച്ച്‌ നിത്യവും ആ പെൺകുട്ടി ഗൗതമന്‌ വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി.

നാഗലോകത്ത്‌ അവളുടെ എണ്ണമറ്റ പ്രാർത്ഥനകൾ ചിതൽപ്പുറ്റുപോലെ മുളച്ചു പൊന്താൻ തുടങ്ങി.

Previous Next

ശ്രീമൂലനഗരം പൊന്നൻ

വിലാസംഃ

ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പി.ഒ.

പിൻ - 683 580.

(പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.)


Phone: 9847724618




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.