പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

2001ലെ ഗാന്ധിജി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എൽ. മോഹനവർമ്മ

മുഖപ്രസംഗം

എന്റെ ഏഴാം പിറന്നാൾ ദിവസം ഒരു പരന്ന ചർക്ക എനിക്കായി സമ്മാനിച്ച്‌ അച്‌ഛൻ പറഞ്ഞു.

“ഇനി മുതൽ രാവിലെ എന്തെങ്കിലും കഴിക്കുന്നതിനു മുമ്പ്‌ അര മണിക്കൂർ നൂലു നൂൽക്കണം. മനസ്സിലായോ?”

അമ്പത്തഞ്ചു വർഷത്തിനുശേഷം പോർബന്ദറിലെ ഗാന്ധിജി ജനിച്ച കീർത്തിമന്ദിരത്തിൽ പ്രദർശനഹാളിന്റെ നടുവിൽ ആ ചർക്ക ഞാൻ കണ്ടു. എനിക്കു ദുഃഖം തോന്നി. ആ ചർക്കയിൽ ചരടില്ലായിരുന്നു.

ഗാന്ധിജിയെപ്പോലെ ചർക്കയും ഒരു പ്രദർശനവസ്‌തുവായി മാറിക്കഴിഞ്ഞിരുന്നു.

നിലത്തു ചടഞ്ഞിരിക്കുകയാണ്‌ ഗാന്ധിജി. മുട്ടു വരെയെത്തുന്ന ധോത്തിമാത്രമാണ്‌ വസ്‌ത്രം. വില കുറഞ്ഞ സാധാരണ കണ്ണട. കൈയിൽ ഒരു പിടി കടലാസുകൾ. വളരെ ശ്രദ്ധയോടെ വായിക്കുകയാണ്‌ അദ്ദേഹം. മുന്നിൽ പഴയ രീതിയിലുളള ചർക്ക. മിനുങ്ങുന്ന കടലാസിൽ ആധുനികസാങ്കേതികവിദ്യയുടെ എല്ലാ മിഴിവും കാട്ടുന്ന ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രം. ചിത്രത്തിന്റെ മുകളിൽ ഇടത്തെ മൂലയ്‌ക്ക്‌ സപ്‌തവർണ്ണങ്ങളിൽ ആപ്പിളിന്റെ ചെറിയ മൊണ്ടാഷ്‌. എന്നിട്ട്‌ താഴെ രണ്ടു വാക്കുകളും. തിംക്‌ ഡിഫറന്റ്‌. വ്യത്യസ്തമായി ചിന്തിക്കുക.

ആപ്പിൾ എന്ന അമേരിക്കയിലെ ഭീമൻകമ്പനിയുടെ പരസ്യമാണ്‌.

ഒറ്റ വാക്കിൽ ഏറ്റവും ശക്തിയായി നന്മയുടെയും സത്യത്തിന്റെയും വ്യത്യസ്‌തമായ ചിന്തയുടെയും സന്ദേശം ഉപഭോക്താക്കളിൽ എത്തിക്കാവുന്ന പരസ്യസ്ലോഗനായി മാറിയിരിക്കുകയാണ്‌ ഇന്ന്‌ മഹാത്മാഗാന്ധി.

ഗാന്ധി എന്ന പേരിന്‌ കമേഴ്‌സിയൽ രംഗത്തെക്കാൾ രാഷ്‌ട്രീയരംഗത്ത്‌ വിലയുണ്ട്‌.

ഇന്ത്യൻ ജനാധിപത്യം തടസ്സം കൂടാതെ മുന്നോട്ടു പോകുന്നത്‌ ഗാന്ധി എന്ന ആ പേരിനെ ഹൈജാക്ക്‌ ചെയ്‌ത കുടുംബാധിപത്യത്തിലൂടെയാണെന്നത്‌ ഒരു രസകരമായ വിരോധാഭാസമാണ്‌.

മഹാത്മാഗാന്ധി റോഡില്ലാത്ത ഒരു നഗരവും ഇന്ന്‌ ഇന്ത്യയിലില്ല. അതുപോലെ മഹാത്മാഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളില്ലാത്ത ഒരു പ്രദേശവും ഇന്ത്യയിലില്ല. അഞ്ചക്കത്തിൽ കുറഞ്ഞ തുകയ്‌ക്ക്‌ അവിടെ കയറുന്ന ഒരു രോഗിയ്‌ക്കും ജീവനോടെയോ അല്ലാതെയോ രക്ഷപ്പെടാൻ സാധ്യമല്ല. അഞ്ചക്കം പോയിട്ട്‌ ദാരിദ്ര്യരേഖയ്‌ക്കു താഴെയുളളവർക്കായി പ്രത്യേകം അനുവദിച്ച ഒരു കിലോ അരി വാങ്ങാൻ നൽകേണ്ട അഞ്ചു രൂപാപോലും കൈയിലില്ലാത്ത പാവപ്പെട്ട ഇന്ത്യൻ ഗ്രാമീണർ. അവന്റെ ആരോഗ്യത്തിന്‌ ഈ സൂപ്പർ സ്‌പെഷ്യാലിറ്റികൾ ഉതകുകയില്ല.

ഗാന്ധിജി പറയുമായിരുന്നു.

അനാരോഗ്യത്തിൽ നിന്നും ഭാരതത്തിലെ കോടിക്കണക്കിന്‌ ദരിദ്രജനങ്ങളുടെ മോചനമാർഗ്ഗമായി ഗാന്ധിജി കണ്ടുപിടിച്ചത്‌ കൂറ്റൻ ആശുപത്രികളോ വിലപിടിച്ച മരുന്നുകളോ അല്ല. ഒമ്പതിഞ്ചു നീളമുളള അറ്റം കൂർത്ത ഒരു കമ്പ്‌. പരിശുദ്ധങ്ങളായ നദിക്കരകളും ഗ്രാമപരിസരവും മനുഷ്യവിസർജ്ജ്യം മൂലം ഈച്ചകളുടെയും രോഗങ്ങളുടെയും താവളങ്ങളായി മാറുന്നു. കമ്പുപയോഗിച്ച്‌ മണ്ണിൽ ഒരു ചെറിയ കുഴിയുണ്ടാക്കി അതിൽ വിസർജ്ജിക്കുക; എന്നിട്ട്‌ മണ്ണിട്ടു മൂടുക. ദിവസങ്ങൾക്കുളളിൽ അത്‌ അമൂല്യമായ വളമായി മാറും. രോഗങ്ങളിൽ നിന്ന്‌ ജനങ്ങൾക്ക്‌ മോചനവും ലഭിക്കും.

ഗാന്ധിജി 1947 ആഗസ്ത്‌ 15നുമുമ്പു തന്നെ മരിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു.

ഇന്ത്യ വിഭജിക്കരുത്‌. ഇന്ത്യയുടെ നേതൃത്വം ജിന്നയ്‌ക്കു കൊടുക്കു. ഒരു ഭരണാധികാരി എന്ന നിലയിൽ ജിന്നയ്‌ക്ക്‌ ഹിന്ദുക്കളോടും മുസ്ലിങ്ങളോടും വിവേചനം കാട്ടാൻ പറ്റുകയില്ല.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പിരിച്ചുവിടൂ. ആ പാർട്ടിയുടെ ദൗത്യം അവസാനിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യസമരത്തിനായി വളർത്തിയ ആ പാർട്ടി ഭരിക്കാനായി പിറന്നവനല്ല.

ആരും കേട്ടില്ല.

ഫലം ലക്ഷക്കണക്കിന്‌ ഹിന്ദുക്കളും മുസ്ലിങ്ങളും അന്യോന്യം വെട്ടി മരിച്ചു. ലോകം കണ്ട ഏറ്റവും വലിയ കുടിപ്പകയുമായി ഇന്നും ഒരേ നിറവും ഭാഷയും ഭക്ഷണരീതിയുമുളള ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും കുടിവെളളത്തിനും സ്ലേറ്റിനും വീടുകളുടെ കൂരയ്‌ക്കും ചിലവാക്കേണ്ട പണത്തിന്‌ തോക്കുകൾ വാങ്ങി കാട്ടുന്നു. അമ്പതു വർഷം. ഇന്നും ഈ ഭാരതവർഷത്തിലെ മൂന്നു രാജ്യങ്ങളിലെയും ഭൂരിപക്ഷം പൗരൻമാരും ലോകത്തിലെ ഏറ്റവും ദരിദ്രരുടെ കൂട്ടത്തിൽ പെടുന്നു.

ഗാന്ധിജി ഇന്ത്യയുടെ നേതൃത്വം വഹിക്കാൻ വെമ്പുന്ന ചെറുപ്പക്കാരോട്‌ പറഞ്ഞു.

ഞാൻ നിങ്ങൾക്കൊരു രക്ഷ കെട്ടിത്തരാം. നിങ്ങൾ സംശയഗ്രസ്‌തനാകുമ്പോഴോ അഹന്ത നിങ്ങളിൽ അതിരു കവിയുമ്പോഴോ ഈ ഉപായം പരീക്ഷിച്ചു നോക്കിയാൽ മതി. നിങ്ങൾ കണ്ടിട്ടുളളതിൽ വച്ച്‌ ഏറ്റവും ദരിദ്രനായ നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കൽപ്പിച്ചു നോക്കൂ. എന്നിട്ട്‌ നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാൾക്കെന്തെങ്കിലും രീതിയിൽ പ്രയോജനപ്പെടുമോ എന്ന്‌ സ്വയം ചോദിച്ചു നോക്കുക. അപ്പോൾ സംശയങ്ങൾ ഇല്ലാതാകുന്നതായും അഹന്ത അലിഞ്ഞുപോകുന്നതായും നിങ്ങൾക്ക്‌ അനുഭവപ്പെടും.

ചെറുപ്പക്കാർ നേതൃത്വത്തിന്റെ കവറായി ഈ ഉപദേശത്തിനു പകരം വെളള ഖദർ വസ്‌ത്രങ്ങൾ ധരിച്ചു. വിപ്ലവകാരികളും ബുദ്ധിജീവികളും കാവി ഖദർവസ്‌ത്രങ്ങളും തങ്ങളുടെ യൂണിഫോറമാക്കി. എല്ലാവരും ഇന്ന്‌ ഗാന്ധിഭക്തന്മാരാണ്‌. മാർക്‌സിസ്‌റ്റ്‌ പാർട്ടിയും, ആർ.എസ്‌.എസ്സും, കോൺഗ്രസ്സും എല്ലാം ഗാന്ധിജിയെ പിടിച്ച്‌ ആണയിടും. ഇക്കണക്കിന്‌ പോയാൽ ഏറെ താമസിയാതെ ഗാന്ധിക്ഷേത്രങ്ങളും അവിടെയെല്ലാം പൂജയും ഉത്സവവും പൂജാരികളും ഉണ്ടാകും.

ഗാന്ധിജിയുടെ സത്യാന്വേഷണപരീക്ഷകൾ എന്ന ആത്മകഥ മലയാളത്തിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്‌തകമാണ്‌. മൂന്നു ലക്ഷം കോപ്പികൾ. അത്‌ എത്ര പേർ പൂർണ്ണമായും വായിച്ചിട്ടുണ്ട്‌ എന്നു ചോദിച്ചാൽ എനിക്ക്‌ ഒരു ഊഹം പറയാൻപോലും ഭയമാണ്‌.

ഗാന്ധിജി ഇനി വരുംകാലം ഇന്ത്യൻ സമൂഹത്തിലെ ശക്തമായ ഒരു സ്വാധീനമായിരിക്കുമോ?

ആധുനിക സാങ്കേതികവിദ്യകൾ നൽകുന്ന സുഖസൗകര്യങ്ങളും, പണവും, അധികാരവും സൃഷ്‌ടിക്കുന്ന ആകർഷണവലയത്തിൽ നിന്ന്‌ രക്ഷപ്പെടാൻ ആർക്കും കഴിയുകയില്ല. ലളിതമായ സമൂഹത്തിലെ ലളിതമായ ജീവിതം ഇനിയുളള കാലത്ത്‌, തികഞ്ഞ ഗാന്ധിയന്മാർക്കുപോലും സാധ്യമാകുമോ? എനിക്കു സംശയമാണ്‌.

പക്ഷെ ഒന്നെനിക്കു തീർച്ചയാണ്‌. ഗാന്ധിജിയെ ഭാരതം ഒരിക്കലും കൈവെടിയുകയില്ല.

ശ്രീ ബുദ്ധനെപ്പോലും നമ്മൾ ഒമ്പതാമത്തെ അവതാരമാക്കി ഒതുക്കി പ്രതിഷ്‌ഠിച്ചവരാണല്ലോ.

കെ.എൽ. മോഹനവർമ്മ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.