പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അധിനിവേശത്തിന്റെ ‘മോഡലു’കൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

(പൊൻകുന്നം വർക്കിയുടെ ‘മോഡൽ’ എന്ന കഥയുടെ ഒരു പുനർവായന)

മരണംവരെയും ധിഷണയുടെ ധിക്കാരം കൈവെടിയാത്ത സാഹിത്യത്തെ മൂല്യവത്താക്കിമാറ്റിയ ലക്ഷ്യബോധമുളള രചനകൾ നൽകിയ പൊൻകുന്നം വർക്കി കഥാവശേഷനായി. ‘അന്തോണീ നീയുമച്ചനായോടാ’, ‘മോഡൽ’ തുടങ്ങിയ കഥകൾ നൽകിയ രാഷ്‌ട്രീയ വിവക്ഷകൾ ഇന്നും കാലഹരണപ്പെട്ടിട്ടില്ല. പുതിയ കാലത്ത്‌ വ്യത്യസ്തമായ തുടർവായനകൾ ആവശ്യപ്പെടുന്ന കഥകളാണവ. യാഥാസ്ഥിതിക മതമേധാവിത്വങ്ങൾക്കെതിരെ, അധികാര ദുശ്ശാഠ്യങ്ങൾക്കെതിരെ പൊൻകുന്നം വർക്കി നടത്തിയ സർഗ്ഗാത്മക പ്രതിരോധങ്ങളെക്കുറിച്ച്‌ ‘മോഡൽ’ എന്ന കഥയെ മുൻനിർത്തി സമകാലിക രാഷ്‌ട്രീയാന്തരീക്ഷത്തിൽ ഒരു പുനർവായനയ്‌ക്കുളള ശ്രമമാണിത്‌.

കക്ഷിരാഷ്‌ട്രീയത്തിന്റെ വക്താക്കളുടെ അധികാരകസർത്തുകളെ മാത്രം മുൻനിർത്തി പ്രത്യയശാസ്‌ത്രങ്ങളുടെ വിശാലഭൂമികയെ ആഴത്തിലറിയാതെ ഇടതും വലതും തമ്മിൽ യാതൊരു ഭേദവുമില്ലെന്ന അബദ്ധജഡിലമായ തിരിച്ചറിവിലെത്തിനിൽക്കുന്ന തികച്ചും ഉപരിപ്ലവമായ പുതിയ നിരൂപണങ്ങൾക്ക്‌ പൊൻകുന്നം വർക്കിയുടെ കഥകളെ ഉൾക്കൊളളാൻ കഴിയുകയില്ല. അധിനിവേശത്തിന്റെയും സാംസ്‌ക്കാരികാധിപത്യത്തിന്റെയും അദൃശ്യവും അശക്തവുമായ ചങ്ങലക്കണ്ണികൾ നമ്മളിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ രാഷ്‌ട്രീയ പരിസരത്തിലാണ്‌ ‘മോഡൽ’ എന്ന കഥയുടെ ഏറ്റവും അർത്ഥവത്തായ വായനയ്‌ക്ക്‌ ഏറെ സാധ്യതയുളളത്‌.

സി.പി.ഫ്രാൻസിസ്‌ എന്ന തയ്യൽക്കടക്കാരന്റെ അരികിൽ (അമേരിക്കയടക്കമുളള വിദേശരാജ്യങ്ങളിൽനിന്ന്‌ വിദഗ്‌ദ്ധവും ശാസ്‌ത്രിയവുമായ തയ്യൽ അയാൾ പഠിച്ചിട്ടുണ്ടത്രേ) ഷർട്ട്‌ തയ്പിക്കാൻ നൽകുന്ന പാപ്പൻ എന്ന സാധാരണ മനുഷ്യന്റെയും ഒരുകാലഘട്ടത്തിന്റെ സാമൂഹ്യസ്പന്ദനങ്ങളുടെയും നേർവായനയാണ്‌ ‘മോഡൽ’. പാപ്പൻ ആവശ്യപ്പെട്ട രീതിയിലുളള ഷർട്ടായിരുന്നില്ല തയ്യൽക്കാരനായ ഫ്രാൻസിസ്‌ തയ്‌ച്ചുവച്ചത്‌. നിരാശിതനായ പാപ്പൻ തയ്യൽക്കാരനോട്‌ ശഠിക്കുകയും തനിക്കുചേർന്ന ഉടുപ്പുതന്നെ വേണമെന്ന്‌ തറപ്പിച്ചു പറയുകയും ചെയ്‌തു. പക്ഷേ രണ്ടാം ഉത്സവദിനത്തിനും ഉടുപ്പുകിട്ടാത്തതിനാൽ ഫ്രാൻസിസിന്റെ തയ്യൽക്കടയിൽ കയറി അയാളെ അമ്പരപ്പിച്ചുകൊണ്ട്‌ താൻ ആവശ്യപ്പെട്ട മോഡലിലുളള ഒരുടുപ്പ്‌ സ്വയം തിരഞ്ഞെടുത്ത്‌ പുറത്തേക്കിറങ്ങുന്നതാണ്‌ കഥയുടെ ചുരുക്കം. 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥയ്‌ക്ക്‌ ആ കാലഘട്ടത്തിലുണ്ടായിരുന്ന രാഷ്‌ട്രീയ പ്രാധാന്യം ഏറെ ചർച്ചചെയ്യപ്പെട്ടതാണ്‌. 1946 ജനുവരി 16 ന്‌ പ്രഖ്യാപിക്കപ്പെട്ട സി.പിയുടെ അമേരിക്കൻ മോഡൽ ഭരണപരിഷ്‌ക്കാരങ്ങളും അനുബന്ധവിവാദങ്ങളുമായി ചേർത്തുവായിക്കപ്പെട്ട ഒരു കഥയാണിത്‌.

നമ്മുടെ താത്‌പര്യങ്ങൾ, നമ്മുടെ സ്വപ്‌നങ്ങൾ എല്ലാം ‘റെഡിമെയ്‌ഡാ’യി ലഭിക്കുന്ന ഒരു ഉപഭോഗ സംസ്‌ക്കാരത്തിന്റെ കാലഘട്ടത്തിൽ ‘മോഡൽ’ എന്ന കഥ പ്രസക്തമാകുന്നു. കഥയിലെ തുന്നൽക്കാരനും തുന്നൽ എന്ന ജോലിയും പൊൻകുന്നം വർക്കിയുടെ പ്രതീകാത്മക ഭാഷാപ്രയോഗത്തിന്റെ ഉദാഹരണങ്ങളാണ്‌. സാമ്രാജ്യത്വം അധിനിവേശത്തിന്റെ നിക്ഷിപ്ത താത്‌പര്യങ്ങളാണ്‌ പുതിയ ‘ട്രൻഡുക’ളായും വസ്‌ത്രധാരണരീതികളായും നാം നമ്മുടേതെന്നതുപോലെ ഏറ്റവും കൂടുതൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന വസ്‌തുത സമൂഹത്തിന്റെ മനഃശാസ്‌ത്രം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവർക്കെല്ലാം മനസ്സിലാക്കാവുന്നതേയുളളൂ. മലയാളിയുടെ മാറുന്ന വസ്‌ത്രസങ്കല്പം, ഭക്ഷണമാതൃകകൾ, ലൈംഗികസദാചാരബോധങ്ങൾ, ചലച്ചിത്രാസ്വാദനരീതി, രാഷ്‌ട്രീയ അപഗ്രഥനരീതി... അങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ പരിസരങ്ങളിലും പുതിയ ‘മോഡലു’കൾ രൂപപ്പെട്ടുവരുന്നു. തുന്നൽക്കാരൻ സി.പി.ഫ്രാൻസിസ്‌ ‘തയ്‌ച്ചുതരുന്ന’ ഏതുവസ്‌ത്രവും ധരിക്കാൻ പുതിയ മലയാളി തയ്യാറാണ്‌! പുരുഷന്റെ വസ്‌ത്രധാരണരീതിയിൽ സ്‌ത്രൈണതയുടെ അശ്ലീലാംശങ്ങൾ കലർത്തിയതാരാണ്‌? സ്വവർഗ്ഗരതിയുടെ വക്താക്കളായി പ്രമുഖരായ സാഹിത്യകാരൻമാർ തന്നെ രംഗത്തിറങ്ങുന്ന ഒരു പുതിയ ‘സദാചാരസംഹിത’ മലയാളിയ്‌ക്ക്‌ നൽകിയതാരാണ്‌? അനുകരണത്തെ (മിമിക്രിയെ) ഒരു ദേശീയ കലയാക്കി മാറ്റാൻ ശ്രമിക്കുന്ന മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ മൂലധനതാത്‌പര്യങ്ങളെന്താണ്‌? അരാഷ്‌ട്രീയവാദം ഒരു യുവത്വത്തിനിടയിൽ ഇതേ ആഴത്തിൽ വേരോടുന്നതിന്റെ കാരണമെന്ത്‌? താരാരാധനയും ഒളിഞ്ഞുനോട്ടത്തിന്റെ അശ്ലീലതയും കമേഴ്‌സ്യൽ സിനിമാസ്വാദനത്തിന്റെ അളവുകോലായി മാറിപ്പോയതെന്തുകൊണ്ടാണ്‌?

മലയാളിയുടെ ഉളളിലെ ‘പാപ്പൻ’ മരിച്ചുപോയി എന്നതുതന്നെയാണ്‌ മുകളിൽ കൊടുത്ത ചോദ്യങ്ങൾക്കുളള ലളിതമായ ഉത്തരം.

“ഈ മോഡൽ നിശ്ചയിക്കുന്നത്‌ ആരാണ്‌? നിങ്ങളോ ഞാനോ?”

പാപ്പൻ അഭിമാനത്തോടുകൂടി ചോദിച്ചു. ആ ചോദ്യത്തിനുമുന്നിൽ ഫ്രാൻസിസിന്റെ തയ്യൽക്കട ഞടുങ്ങിപ്പോയി. (മോഡൽ എന്ന കഥയിൽ നിന്ന്‌)

പാപ്പന്റെ ചോദ്യത്തിനുമുന്നിൽ ഫ്രാൻസിസിന്റെ തയ്യൽക്കട ഞടുങ്ങിപ്പോയി എന്ന പ്രയോഗം ശ്രദ്ധിക്കുക. നമ്മുടെ ഇഷ്‌ടാനിഷ്‌ടങ്ങൾപോലും മൂലധന താത്‌പര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന കാലത്ത്‌ ‘പാപ്പന്റെ ചോദ്യങ്ങൾ’ വീണ്ടും ഉയർന്നു വരേണ്ടതാണ്‌. തുന്നൽക്കാരനും തയ്യൽക്കടയും മാറിയിട്ടുണ്ടെന്നതല്ലാതെ പാകമാകാത്ത ഉടുപ്പുകൾ തയ്‌പ്പിച്ചു തന്ന്‌ നമ്മെ അസ്വസ്ഥമാക്കുന്ന അവസ്ഥാവിശേഷങ്ങൾ മാറിയിട്ടില്ല. അധിനിവേശത്തിന്റെയും മൂലധന താത്‌പര്യങ്ങളുടെയും പുതിയ ‘തുന്നൽക്കട’കൾ ഇന്നും പ്രവർത്തനക്ഷമമാണെന്നുളള അസ്വസ്ഥജനകമായ കാലത്താണ്‌ പൊൻകുന്നം വർക്കി എന്ന കഥാകാരൻ ഏറ്റെടുത്ത സാമൂഹികദൗത്യങ്ങളുടെ പ്രസക്തിയും അദ്ദേഹത്തിന്റെ കഥകൾ അവശേഷിപ്പിക്കുന്ന വിശാലവും സ്വതന്ത്രവുമായ രാഷ്‌ട്രീയലക്ഷ്യങ്ങളും വായനക്കാർ ആഴത്തിൽ മനസ്സിലാക്കേണ്ടത്‌.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.