പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

‘ഉടയോനും’ - മോഹൻലാൽ എന്ന താരരാജാവിന്റെ പതനവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.ടി. ബിനു

നോട്ടം

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ഉടയോൻ’ കാണുവാൻ ഒരു സുഹൃത്തിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നുഃ “ഒരു മോഹൻലാലിനെ സഹിക്കാൻ വയ്യ പിന്നെയല്ലേ രണ്ടെണ്ണം”.

മോഹൻലാൽ എന്ന നടന്റെ ഗ്രാഫ്‌ ഇപ്പോൾ വളരെ താഴെയാണ്‌. അടുത്തിടെ റിലീസ്‌ ചെയ്‌ത എല്ലാ ലാൽചിത്രങ്ങളും വൻസാമ്പത്തിക പരാജയമായിരുന്നു (പല നിർമ്മാതാക്കളും ലാലിനെവച്ച്‌ പടമെടുക്കാൻ വിമുഖത കാണിക്കുകവരെ ചെയ്‌തു.) മീശപിരിപ്പൻ ചിത്രങ്ങളായിരുന്നു ഇക്കൂട്ടത്തിലധികവും. മോഹൻലാൽ എന്ന സ്വതസിദ്ധ നടനശൈലിയുളള കലാകാരന്റെ നടനവ്യക്തിത്വത്തെയും കരിയറിനെയും വികലമാക്കിയത്‌ വലിയൊരളവിൽ ആ നടന്റെ അമാനുഷിക കഥാപാത്രങ്ങളുടെ ആവർത്തന പാത്രസൃഷ്‌ടികളാണ്‌-ഉടയോനിലും ഈ മീശപിരിപ്പും അറുബോറൻ നാട്യരീതികളും കാണാം.

‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുകയും പിന്നീട്‌ സൂപ്പർതാരമായി ഉദയം ചെയ്യുകയും ചെയ്‌ത ലാൽ മലയാള സിനിമയ്‌ക്ക്‌ മറക്കാനാവാത്ത വ്യത്യസ്‌ത കഥാപാത്രങ്ങളെ സമ്മാനിച്ച നടനവിസ്‌മയമാണ്‌.

സത്യൻ അന്തിക്കാട്‌ സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളിലൂടെയാണ്‌ ലാൽ ജനപ്രിയ താരമാകുന്നത്‌. പ്രിയദർശൻ, സിബി മലയിൽ, ഐ.വി.ശശി തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ ലാലിന്റെ ജനപ്രിയ സ്ഥാനം ഊട്ടിയുറപ്പിക്കപ്പെടുകയും സൂപ്പർതാര പരിവേഷത്തിലേക്ക്‌ ഉയരുകയും ചെയ്‌തു.

സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ പൂർണ്ണമായ അർത്ഥത്തിലും അതാതു കാലഘട്ടത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. സമകാലിക മലയാളി യുവാവിന്‌&യുവതിക്ക്‌ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്‌ അവയിലെല്ലാം. അതിഭാവുകത്വമോ കല്പനകളോ ഇല്ലാതെ പച്ചയായ ജീവിത മുഹൂർത്തങ്ങളാണ്‌ ആ ചിത്രങ്ങളെല്ലാം രേഖപ്പെടുത്തുന്നത്‌. വരവേൽപ്പ്‌, വെളളാനകളുടെ നാട്‌, ടി.പി.ബാലഗോപാലൻ എം.എ., ഗാന്ധിനഗർ സെക്കന്റ്‌ സ്‌ട്രീറ്റ്‌ തുടങ്ങിയവ ലാലിന്റെ കരിയറിലെ സുപ്രധാന ജനപ്രിയ ചിത്രങ്ങളാണ്‌.

‘വരവേൽപ്പ്‌’ എന്ന ചിത്രം ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്‌. ഗൾഫിൽ നിന്നും മടങ്ങിയെത്തിയശേഷം അയാൾ ഗൾഫ്‌ മോട്ടോഴ്‌സ്‌ എന്ന പേരിൽ ബസ്സ്‌ സർവ്വീസ്‌ തുടങ്ങുന്നു. തുടർന്ന്‌ തൊഴിലാളികളിൽ നിന്നും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളിൽനിന്നും ബ്യൂറോ ക്രാറ്റുകളിൽനിന്നും ഒരു വ്യവസായ സംരംഭകന്‌ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളിലേക്കാണ്‌ ഈ ചിത്രം വെളിച്ചം വീശുന്നത്‌. വെളളാനകളുടെ നാട്‌ ഒരു കോൺട്രാക്‌ടറുടെ ജീവിതമാണ്‌ പറയുന്നത്‌. അത്ര രാഷ്‌ട്രീയ സ്വാധീനമോ പണക്കാരനോ അല്ലാത്ത ഒരു സാധാരണക്കാരനായ ഒരു കോൺട്രാക്‌ടറെ അതിൽ വരച്ചിടുന്നു.

‘ടി.പി. ബാലഗോപാലൻ എം.എ’, ‘ഗാന്ധിനഗർ സെക്കന്റ്‌ സ്‌ട്രീറ്റ്‌’, ‘നാടോടിക്കാറ്റ്‌’ തുടങ്ങിയ ചിത്രങ്ങൾ അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്റെ തൊഴിലന്വേഷണങ്ങളേയും ജീവിതസമരങ്ങളേയും ആവിഷ്‌കരിക്കുന്നു.

ആ കാലഘട്ടത്തിലെ ഏതു സംവിധായകന്റെ ചിത്രത്തിലായാലും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, കിലുക്കം, തേൻമാവിൻ കൊമ്പത്ത്‌ (പ്രിയദർശൻ), കിരീടം, ഹിസ്‌ ഹൈനസ്‌ അബ്‌ദുളള (സിബി മലയിൽ), അഗ്നിദേവൻ, ലാൽസലാം, സുഖമോ ദേവി (വേണു നാഗവളളി) പത്‌മരാജന്റെ തൂവാനത്തുമ്പികൾ, അങ്ങനെയങ്ങനെ ചിത്രങ്ങളുടെ പട്ടിക എത്ര വേണമെങ്കിലും ദീർഘിപ്പിക്കാം. അതിനെല്ലാം ഒരു പൊതുസ്വഭാവമുണ്ട്‌. സാധാരണക്കാരനായ ധാർമ്മികമൂല്യങ്ങളുളള മാനുഷിക വികാരങ്ങളുളള കഥാപാത്രങ്ങളെയാണ്‌ കാണാനാവുക.

‘ഭരത്‌’ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക്‌ അർഹനായ ഈ നടന്റെ പതനം എവിടെ നിന്നാണ്‌ ആരംഭിക്കുന്നത്‌?

ലാലിന്റെ സിനിമാജീവിതത്തെ പൊതുവെ ‘ദേവാസുര’ത്തിനു മുമ്പും ശേഷവും എന്ന്‌ വിഭജിക്കാം. ‘ദേവാസുരം’ സാമ്പത്തിക വിജയം കൊയ്‌ത ബോക്‌സ്‌ ഓഫീസ്‌ ഹിറ്റാണ്‌. വാണിജ്യത്തിനാവശ്യമായ ഘടകങ്ങളെല്ലാം ചേർത്ത ഒരു മിക്‌സഡ്‌ ജ്യൂസാണ്‌ ഈ ചിത്രം. താന്തോന്നിയായ ഒരു മാടമ്പിയാണ്‌ ഇതിലെ കേന്ദ്ര കഥാപാത്രം. അയാളും ശിങ്കിടികളും കൂടി ആടിത്തകർക്കുന്ന ചട്ടമ്പിത്തരങ്ങളാണ്‌ ഈ സിനിമ. ഐ.വി. ശശി സംവിധാനം നിർവ്വഹിച്ച ഈ ചിത്രം ലാലിന്റെ കരിയറിൽ നിർണ്ണായക സ്ഥാനം വഹിച്ചു.

ദേവാസുരത്തെ തുടർന്ന്‌ ലാലിന്റെ ചിത്രങ്ങളെല്ലാം ദേവാസുരത്തിന്റെ പാറ്റേണിലുളള നിർമ്മിതികൾ തന്നെയായിരുന്നു. സ്‌ഫടികം, ആറാം തമ്പുരാൻ, ഉസ്താദ്‌, നരസിംഹം, ദേവാസുരത്തിന്റെ തുടർച്ചയായ രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾ സാമ്പത്തിക നഷ്‌ടങ്ങളുണ്ടാക്കിയില്ലെങ്കിലും അതിലധികം ചിത്രങ്ങൾ നാട്ടിൻപുറം ഭാഷയിൽ പറഞ്ഞാൽ ‘എട്ടുനിലയിൽ പൊട്ടി മടക്കിക്കെട്ടേണ്ടി വന്നു’. താണ്ഡവം, ചതുരംഗം, പ്രജ, ചന്ദ്രോത്സവം, മിസ്‌റ്റർ ബ്രഹ്‌മചാരി, ഒളിമ്പ്യൻ അന്തോണി ആദം, ഹരിഹരൻപിളള ഹാപ്പിയാണ്‌, വാമനപുരം ബസ്‌റൂട്ട്‌ തുടങ്ങിയവ. ഇവയെല്ലാം അക്കൂട്ടത്തിലെ ചിലതാണ്‌.

ഭദ്രന്റെ, മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രമാണ്‌ ‘ഉടയോൻ’. പഴയ മാടമ്പി സ്വത്വത്തിന്റെ പുനരവതരണം തന്നെയാണ്‌ ഈ ചിത്രവും. മണ്ണിനെയല്ലാതെ മക്കളെപ്പോലും സ്‌നേഹിക്കാത്ത കർക്കശക്കാരനായ വാർദ്ധക്യത്തിലും പത്തു-പതിനഞ്ചു മല്ലൻമാരെ അടിച്ചുവീഴ്‌ത്തുന്ന ‘കുഞ്ഞ്‌’ -ഇയാളുടെ വിപരീതസ്വഭാവക്കാരനായ മകൻ ‘പാപ്പോയി’- എന്ന ഇരട്ട കഥാപാത്രങ്ങളെയാണ്‌ ലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. അപ്പന്റെ വിൽപത്രം തിരുത്തി കുഞ്ഞ്‌ തന്റെ പെങ്ങളുടെ ഭാഗമായ അഞ്ച്‌ ഏക്കർ ഭൂമി കൈക്കലാക്കുന്നു. ഈ ഭൂമിക്കുവേണ്ടി പെങ്ങളുടെ മക്കളും കുഞ്ഞും തമ്മിലുളള സംഘർഷങ്ങളാണ്‌ ഈ ചിത്രത്തിന്റെ കാതൽ. മേമ്പൊടിക്ക്‌ മകൻ ലാലിന്റെ -പാപ്പോയി- മീശപിരിപ്പും കൂട്ടത്തല്ലും പ്രേക്ഷകരുടെ കോരിത്തരിപ്പിനായി തിരുകിക്കയറ്റിയിരിക്കുന്നു. കുഞ്ഞിന്റെ ഇളയ മകന്റെ കൊലയോടുകൂടി ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ തുടങ്ങുകയായി. തന്റെ ഇളയ മകന്റെ ഘാതകനായ പെങ്ങളുടെ മകന്റെ ഭാര്യാസഹോദരനെ കുഞ്ഞ്‌ കൊല്ലുന്നു.

കുഞ്ഞ്‌ പണികഴിപ്പിച്ച ‘ആയുസിന്റെ കട്ടിലിൽ’ കൊച്ചുകുട്ടിയായ ഇളയ മകന്റെ ജഡം കിടത്തി, വർക്ക്‌ ചെയ്‌ത്‌ താറുമാറാക്കിയ ക്ലൈമാക്‌സിൽ, മണ്ണിന്റെ ഉടയോൻ താനല്ലെന്നും ദൈവമാണെന്നും പ്രഖ്യാപിക്കുകയും, പെങ്ങൾക്ക്‌ തന്റെ കഴുത്തിൽ ചരടിൽ കോർത്തിട്ട തന്റെ സ്വത്തുക്കളുടെ താക്കോൽ കൊടുത്ത്‌ പെങ്ങളോട്‌ ക്ഷമ പറയുകയും സ്വിച്ചിട്ടാൽ വിടരുന്ന കുടപോലെ കൈപ്പിടിയിൽ അമർത്തിയാൽ വടിവാൾ പുറത്തുവരുന്ന ഉടയോന്റെ ‘ചെങ്കോലായ’ വാക്കിംഗ്‌ സ്‌റ്റിക്ക്‌ ‘ബാറ്റൺ’ കൈമാറുന്നതുപോലെ പാപ്പോയിക്ക്‌ കൈമാറുകയും തുടർന്ന്‌ പോലീസ്‌ ജീപ്പിലിരുന്ന്‌ ‘ദൈവമേ... ദൈവമേ’ എന്ന്‌ നിലവിളിച്ചുകൊണ്ട്‌ ജയിലിലേക്ക്‌ പോകുന്നതോടെ ചിത്രം അവസാനിക്കുന്നു.

കുഞ്ഞ്‌ എവിടെപ്പോയാലും പരിചാരകൻ അയാൾക്കു പിറകെ ചുമന്നോണ്ടു നടക്കുന്ന കസേര-‘ഉടയോൻ സിംഹാസനം’-ആർക്കും കൈമാറുന്നതായി കാണിക്കുന്നില്ല. അതുകൂടി കാണിക്കാമായിരുന്നു. എങ്കിൽ ക്ലൈമാക്‌സ്‌ ഒന്നുകൂടി കൊഴുക്കുമായിരുന്നു.

പി.ടി. ബിനു

വിലാസം

പാലക്കുന്നേൽ ഹൗസ്‌, പല്ലാരിമംഗലം പി.ഒ., അടിവാട്‌ , എറണാകുളം.

686671




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.