പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ജീവിതമേ നാടകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലക്ഷ്‌മീദേവി

ലേഖനം

അതൊരു ഹോളിദിവസമായിരുന്നു. പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു സന്നിഹിതനായിരിക്കുന്ന വേദിയിലാണ്‌ നാടകം അരങ്ങേറണ്ടത്‌. അഭിനയത്തിനിടയിൽ നൃത്തമാടിയപ്പോൾ തലകറങ്ങി സ്‌റ്റേജിൽ വീണു. വീണ്ടും എഴുന്നേറ്റ്‌ കർട്ടൻ വിടുന്നതുവരെ അഭിനയിച്ചു. തീർന്നപ്പോൾ ബോധമറ്റു. അഭിനയ മുഹൂർത്തത്തിനിടയിലെ വേദന പങ്കവെക്കുകയായിരുന്നു അറുപത്തൊന്നാം വയസ്സിലും നാടകവേദിയെ സാർത്ഥകമാക്കിയ ബിയാട്രിസ്‌ എന്ന അഭിനേത്രി.

ജീവിതം മുഴുവനും അരങ്ങുകളിൽനിന്നും അരങ്ങുകളിലേക്ക്‌ പായുന്ന ഈ കലാകാരിക്ക്‌ ഫോർട്ട്‌കൊച്ചിയിലുളള തന്റെ വസതിയിലെത്താൻ ചുരുക്കം സമയമേ ലഭിക്കാറുളളു.

1938-ൽ എലഞ്ഞിക്കൽ വതോറിന്റെയും മറിയയുടെയും മകളായി ജനിച്ചു. അച്‌ഛനും, സഹോദരന്മാരും കലാപ്രേമികളായിരുന്നതുകൊണ്ട്‌ എട്ടുവയസ്സുമുതൽ അഭിനയരംഗത്തെത്തി. പാലാ നാരായണമേനോന്റെ ‘കവിയുടെ മകൾ’ എന്ന നാടകത്തിൽ ഒരു ബാലികയുടെ വേഷത്തിൽ തുടക്കമിട്ടു. പിന്നീട്‌ പ്രശസ്ത കലാകാരനും, സിനിമാനടനുമായിരുന്ന പി.ജെ.ആന്റണിയുടെ ചാരിതാർത്ഥ്യം, വിശപ്പ്‌, ഞങ്ങളുടെ മണ്ണ്‌ എന്നീ നാടകങ്ങളിൽ അഭിനയിച്ചു.

‘അന്നെനിക്ക്‌ 15 വയസ്സാണ്‌. എന്റെ യഥാർത്ഥ ഗുരുനാഥൻ പി.ജെ.ആന്റണിയാണ്‌. ലോകപ്രശസ്ത മോഹിനിയാട്ട നർത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയോടൊപ്പം നൂറോളം നാടകങ്ങളിലഭിനയിച്ചു. ഇതെത്തുടർന്ന്‌ നാടകത്തിൽ നൃത്തം ആവശ്യമാവുമെന്നു കണ്ടപ്പോൾ ഒരു വർഷം കലാമണ്ഡലത്തിൽ രാജരത്നംപിളളയുടെ കീഴിൽ നൃത്തം പരിശീലിച്ചു. മഹാകവി വളളത്തോൾ നാരായണമേനോന്റെ മുമ്പിൽ ഇതെത്തുടർന്ന്‌ ഒരു വർണ്ണം അരങ്ങേറാനുളള അവസരം ലഭിച്ചു. കെ.പി.എ.സി നൃത്തം കൂടി വശമാക്കിയ പെൺകുട്ടികളെ തേടിയ കാലത്താണ്‌ ഞാനിതുമായി ബന്ധപ്പെട്ടത്‌. സാമൂഹ്യവും, സാംസ്‌കാരികവും, രാഷ്‌ട്രീയവും കൂട്ടിയിണക്കിയ നാടകങ്ങളായിരുന്നു അന്ന്‌ കെ.പി.എ.സിയുടേത്‌. തോപ്പിൽ ഭാസിയുടെ സർവ്വേക്കല്ല്‌, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി, പുതിയ ആകാശം പുതിയ ഭൂമി എന്നീ നാടകങ്ങളിൽ ഒ.മാധവൻ, കെ.എസ്‌.ജോർജ്ജ്‌, കെ.പി.എ.സി. സുലോചന, അടൂർ ഭവാനി എന്നിവരോടൊപ്പം അഭിനയിച്ചു. മുടിയനായ പുത്രനിൽ ഒരു നൃത്തം അവതരിപ്പിക്കാനുളള അവസരവും ലഭിച്ചു.’ ബിയാട്രീസ്‌ തന്റെ ജീവിത കഥ പറഞ്ഞുതുടങ്ങി.

വിവാഹത്തോടെ അഭിനയത്തോടു വിടപറഞ്ഞ ബിയാട്രിസിന്‌ ജീവിതം ചുരുങ്ങിയ കാലയളവിൽതന്നെ ഒരു ചോദ്യചിഹ്നമായി. ഭർത്താവിന്റെ തളർവാതം, രണ്ടുകൈക്കുഞ്ഞുങ്ങൾ. അദ്ദേഹം മരിച്ചതോടെ 1971-ൽ കെ.പി.എ.സിയിലെ പോറ്റിസാർ വന്നുവിളിച്ചു. ‘കുടുംബത്തിലേയ്‌ക്കല്ലേ വീണ്ടും പോരൂ’. നാടകം തന്റെ ജീവിതനിയോഗമാണെന്നുതന്നെ അറിഞ്ഞു. ഡൽഹി, ബോംബെ, കൽക്കത്ത, മൂർക്കല, ജംഷദ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശ്രമമില്ലാതെ നാടകാഭിനയം. 1979 ആയപ്പോഴേക്കും കെ.പി.എ.സിയിൽനിന്ന്‌ വിടപറഞ്ഞു. പൂഞ്ഞാറിലെ നവധാര, തിരുവനന്തപുരത്തെ ആരാധന, ചേർത്തലയിലെ സൂര്യസോമ, തൃശൂരിലെ ചിന്മയി, വൈക്കത്തെ മാളവിക എന്നീ സംഘടനകളോടൊപ്പം പ്രവർത്തിച്ചു. ഇപ്പോൾ അഞ്ചുവർഷത്തോളമായി അങ്കമാലിയിലെ പൂജാതിയേറ്റേർസിനുവേണ്ടിയാണ്‌ അഭിനയിക്കുന്നത്‌. രംഗനാഥിന്റെ സ്വർണ്ണകമലമായിരുന്നു ആദ്യനാടകം. തുടർന്ന്‌ ജയൻ തിരുമനയുടെ ദേശവിളക്ക്‌ എന്ന നാടകത്തിൽ മുത്തശ്ശിയുടെ അഭിനയത്തിന്‌ സംസ്ഥാന അവാർഡ്‌ ലഭിച്ചു. അതു നീണ്ട നാല്‌പതുവർഷത്തെ അഭിനയജീവിതത്തിനു ലഭിച്ച അംഗീകാരമായിരുന്നു.

അറുപതാം വയസ്സിലും അരങ്ങുകളിൽ ചുറുചുറുക്കോടെ അഭിനയിക്കുന്ന ഈ കലാകാരി പറയുന്നു. ‘ഇപ്പോഴെല്ലാം ഞാൻ നാടകത്തിൽ അഭിനയിക്കയല്ല. കഥാപാത്രവുമായി ഇഴുകിച്ചേർന്ന്‌ ജീവിക്കയാണ്‌. ചില മാസങ്ങളിൽ മുപ്പതുദിവസവും നാടകമുണ്ടാവും. ഉറക്കമൊഴിവും ഒരു പ്രശ്‌നമല്ലാതായിത്തീർന്നിരിക്കുന്നു.’

ബിയാട്രിസിന്റെ ഏറ്റവും പുതിയ നാടകമാണ്‌ അമ്മൂമ്മക്കിളി. സ്‌നേഹബന്ധങ്ങളും, ഫലിതവും നിറഞ്ഞ ഒരു കുടുംബകഥയാണ്‌. ഇതിൽ ‘ക്ലാര’ എന്ന കഥാപാത്രത്തെ ബിയാട്രീസ്‌ സജീവമാക്കുന്നു.

ലക്ഷ്‌മീദേവി

വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈൻ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.