പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

എല്ലാമറിയുന്ന വിജയനും ഒന്നുമറിയാത്ത പത്രക്കാരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജെയിംസ്‌, ആലുവ

ലേഖനം

“മാധ്യമങ്ങൾക്ക്‌ ഒരു ചുക്കുമറിയില്ല. എല്ലാം കെട്ടുകഥ”. സി.പി.എമ്മിലെ സ്ഥാനാർത്ഥി പ്രശ്‌നങ്ങളെപ്പറ്റി മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച്‌ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണമാണിത്‌. ഒറ്റയടിക്ക്‌ എല്ലാം ഒതുക്കിത്തീർക്കാം എന്ന എളുപ്പവഴി. നേരെ മറിച്ചു ചിന്തിച്ചാൽ, പിണറായി തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞതൊക്കെയും പച്ചവെളളം പോലെ വിഴുങ്ങാൻ സാധാരണ പാർട്ടിപ്രവർത്തകരും ജനങ്ങളും അത്രയ്‌ക്കു വിഡ്‌ഢികളാണെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടോ?

വിഷയം വി.എസിന്റെ സ്ഥാനാർത്ഥിത്വം തന്നെ. എല്ലാ കുറ്റങ്ങളും മാധ്യമങ്ങൾക്കുനേരെ ചാരി, വി.എസ്‌ മികച്ച പ്രതിപക്ഷ നേതാവെന്ന്‌ വ്യക്തമാക്കി പിണറായി വിജയൻ പത്രസമ്മേളനം നടത്തുമ്പോൾ ഉയർന്നുപൊന്തിയ ഒരു ചോദ്യത്തിന്‌ കൃത്യമായ ഉത്തരമില്ലാതെ പോയതെന്ത്‌? എന്തുകൊണ്ട്‌ വി.എസ്‌.യോഗ്യനല്ല? -നിങ്ങളുടെ ഉദ്ദേശ്യം മനസ്സിലായി എന്ന കറുത്ത പ്രതികരണം മാത്രമായിരുന്നു ബാക്കി.

വി.എസ്‌ എന്ന വ്യക്തിയോടുളള ആരാധനയല്ല ഇവിടെ പ്രശ്‌നം. പല നേതാക്കളെയും വെട്ടിവീഴ്‌ത്തിയ ചരിത്രവും വി.എസിനുണ്ട്‌. അതും മറക്കുന്നില്ല. അതെല്ലാം സിപിഎം എന്ന പാർട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങൾ മാത്രം. പക്ഷെ ഇന്നങ്ങനെയല്ല എന്നതാണ്‌ വിഷയം. വി.എസിനെ പുറത്താക്കൽ ഒരു പാർട്ടി ആഭ്യന്തര കാര്യമായി ഒതുക്കുവാൻ കഴിയില്ല. വി.എസ്‌ പാർട്ടിക്കുമേൽ വളർന്നു എന്നതാണ്‌ പ്രധാന ആരോപണം. പാർട്ടിക്കുമേൽ എങ്ങോട്ടു വളർന്നു എന്നതാണ്‌ നാം തിരിച്ചറിയേണ്ടത്‌. ഏത്‌ ഇടതുപക്ഷ വ്യതിയാനമാണ്‌ വി.എസ്‌ നടത്തിയത്‌. കരിമണൽ ലോബിയ്‌ക്കെതിരെ പ്രതികരിച്ചതോ? അതോ പെൺവാണിഭ മാഫിയകൾക്കെതിരെ സമരം ചെയ്തതോ, മതികെട്ടാനിലെ ഭൂമി കൈമാറ്റത്തിന്റെ കളളക്കളികൾ പുറത്തുകൊണ്ടു വന്നതോ... ഇത്തരം ഒരുപാട്‌ സാമൂഹികപ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവന്നതോ? സി.പി.എം എന്ന പാർട്ടിയിലെ ഏതു പ്രമുഖ നേതാവാണ്‌ വി.എസിനൊപ്പം ഇക്കാര്യങ്ങളിൽ നിന്നത്‌. ഈ സമരങ്ങളിലൊക്കെ വി.എസിനെ ആലുവ ശിവരാത്രി മണപ്പുറത്തു കണ്ട പരിചയം പോലും പല നേതാക്കളും കാട്ടിയില്ല എന്നതാണ്‌ സത്യം. ഇവിടെ ഉയരുന്ന ഒരേയൊരു ചോദ്യം സി.പി.എം ആർക്കുവേണ്ടിയാണ്‌ നിലകൊളളുന്നതെന്നാണ്‌. ഒരു സാമൂഹിക പ്രശ്‌നത്തിൽ പ്രതികരിക്കാതിരിക്കുന്നത്‌ തന്നെ ഒരു ഇടതുപക്ഷ പ്രസ്ഥാനമെന്ന നിലയിൽ സി.പി.എമ്മിന്റെ പരാജയമാണ്‌. ഇങ്ങനെ എത്ര മൗനങ്ങളാണ്‌ ഈ പാർട്ടിയിൽ നിന്നും ജനം അനുഭവിച്ചത്‌.

പക്ഷെ ജനം തിരിച്ചറിയുന്നുണ്ട്‌, വി.എസ്‌ പുറത്തുപോകുന്നത്‌ വെറുമൊരു പിണറായിയുടേയോ കൊടിയേരിയുടെയോ മിടുക്കുകൊണ്ടല്ല. മറിച്ച്‌ കൃത്യമായി ലക്ഷ്യങ്ങൾ അടയാളപ്പെടുത്തി കേരളത്തിലെ രാഷ്‌ട്രീയ സാമ്പത്തിക നിയന്ത്രണങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങി നില്‌ക്കുന്ന ഒരു ദുർഭൂത കൂട്ടായ്‌മയുടെ മിടുക്കുകൊണ്ടാണ്‌. വി.എസ്‌ മുഖ്യനല്ലാതെയായാൽ, പാർട്ടിയിൽ ഒന്നുമല്ലാതെയായാൽ കരിമണൽ യഥേഷ്‌ടം വില്‌ക്കാം, ശാരിയേയും അനഘയേയും മൊഴിമാറ്റി പറയാൻ മാത്രം വിധിക്കപ്പെട്ട റെജീനയെയും നമുക്ക്‌ യഥേഷ്‌ടം സൃഷ്‌ടിക്കാം. മതികെട്ടാൻ പോലെ ഓരോ കാടും വിറ്റുതുലയ്‌ക്കാം. ആണ്ടുബലിപോലെ ഇടയ്‌ക്കിടയ്‌ക്ക്‌ യുവജന സംഘടനകളെകൊണ്ട്‌ ആലസ്യമകറ്റാൻ സമരം ചെയ്യിക്കാം.

ഏതായാലും വിപ്ലവം സംഘടിപ്പിക്കാൻ വാരിക്കുന്തവും ഒറ്റവെടിയുണ്ട തോക്കും തയ്യാറാക്കിയിരിക്കുകയല്ലല്ലോ നമ്മൾ. പാർലമെന്ററി വ്യവസ്ഥയിൽ വോട്ടുചോദിച്ച്‌ ഭരിക്കുകയും പ്രതിപക്ഷത്തിരിക്കുകയും ചെയ്യുകയല്ലേ. ഇവിടെ പാർട്ടിയോടു മാത്രമുളള കൂറുകൊണ്ട്‌ തീരുന്നില്ല, മറിച്ച്‌ ജനത്തിനെ വിശ്വാസത്തിലെടുക്കുകകൂടി വേണം. പാർട്ടി സെക്രട്ടറിയേറ്റിലെ തീരുമാനങ്ങൾക്കപ്പുറത്ത്‌ ജനത്തിനൊപ്പമെന്ന സത്യവും മനസ്സിൽ ഉണ്ടാകണം. പാർട്ടിയുടെ ആഗ്രഹത്തിനപ്പുറം ജനത്തിന്റെ ആഗ്രഹത്തിനുവേണ്ടിയും സമരം ചെയ്യേണ്ടിവരും. വിട്ടുവീഴ്‌ചകൾ ചെയ്തിട്ടില്ലയെങ്കിൽ ജനത്തിന്റെ ആഗ്രഹവും പാർട്ടിയുടെ ആഗ്രഹവും ഒന്നുതന്നെയായിരിക്കും. അതുകൊണ്ട്‌ വി.എസ്‌ ഉയർത്തിയ സമരങ്ങൾ ചെയ്യേണ്ടിവരും. ഇത്‌ പണ്ട്‌ പാർട്ടി കെട്ടിപ്പെടുത്തപ്പോൾ പാവപ്പെട്ടവരുടെ ഓലക്കുടിൽ മേയുന്നതുപോലെയും, ഒരുമിച്ച്‌ പാടത്ത്‌ പണിയെടുക്കുന്നതുപോലെയും, ബീഡി തെറുത്ത്‌ രാഷ്‌ട്രീയ പ്രബുദ്ധരാക്കുന്നതുപോലെയും തന്നെയാണ്‌. വി.എസ്‌ ചെയ്തതും ഇതൊക്കെയാണ്‌. ഇതൊക്കെ ചെയ്യാൻ കഴിയാത്തവരുടെ വൈഷമ്യമാണ്‌ പാർട്ടി വിരുദ്ധത എന്ന ഓമനപ്പേരിൽ പുറത്തുവരുന്നത്‌. ഇതൊക്കെ തിരിച്ചറിയാനുളള ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ട്‌ എന്നത്‌ പാർട്ടി നേതൃത്വം മനസ്സിലാക്കണം.

വി.എസ്‌ മത്സരരംഗത്ത്‌ ഉണ്ടാകില്ല എന്നറിഞ്ഞപ്പോൾ തെരുവിലിറങ്ങി പ്രകടനം നടത്തിയവരും, പോസ്‌റ്ററൊട്ടിച്ചവരും പാർട്ടിക്കാരല്ല വഴിപോക്കരാണെന്ന പിണറായിയുടെ ഒറ്റയടി പ്രസ്താവന മുഴുക്കെ വിഴുങ്ങുന്ന ചില പാർട്ടിക്കാർ കാണുമായിരിക്കും. ഇങ്ങനെ ഇറങ്ങിയത്‌ പാർട്ടിക്കാരല്ലെങ്കിലും കാര്യങ്ങൾ തിരിച്ചറിയുന്നവരാണെന്ന ബോധ്യം വേണം. ദേശാഭിമാനിയും കൈരളിയും അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ ജനം അറിയുന്നുണ്ട്‌. മനോരമയും വീക്ഷണവും മാത്രമല്ലല്ലോ ഈ വഴിയിലൂടെ പോകുന്നത്‌. വേറെയും കുറെ സാധനങ്ങൾ അച്ചടിച്ചിറക്കുന്നുണ്ടല്ലോ പോരെങ്കിൽ സഖാക്കളുടെ മുഖത്തെ വികാരങ്ങൾ അതേപോലെ പകർത്തുന്ന ടി.വി ചാനലുകാരും. കതിനവെടി പൊട്ടുമ്പോൾ ഇതെന്താ പുകയെന്നു ചോദിക്കുന്നത്‌ ഇ.കെ.ജി സെന്ററിലെ അടച്ചുപൂട്ടിയ ഇ.സി മുറിയിൽ ഇരിക്കുന്നതുകൊണ്ടാണോ എന്ന്‌ തിരിച്ചു ചോദിക്കാൻ ചിലരെങ്കിലും മുതിരുമെന്ന്‌ തീർച്ച.

ഒരു കോളേജു വിദ്യാർത്ഥി ബസ്സിലിരുന്ന്‌ പറയുന്ന രസകരമായ കമന്റാണിപ്പോൾ ഓർമ്മവരുന്നത്‌. പാർട്ടിയെന്തിനാ പത്രക്കാർക്കു നേരെ കുതിര ചാടുന്നത്‌. ഇന്ത്യൻ പാർലമെന്റ്‌​‍്‌ നടപടികൾവരെ ചാനലിലൂടെ കാണിക്കുന്നു. എന്നാൽപ്പിന്നെ സി.പി.എമ്മുകാരുടെ പ്രധാന കമ്മറ്റികളെല്ലാം ഇങ്ങനെ കാട്ടികൂടായോ... ഏതായാലും ഇന്ത്യയെ പൊളിച്ച്‌ വില്‌ക്കുന്ന കാര്യമൊന്നുമല്ലല്ലോ ചർച്ച ചെയ്യുന്നത്‌. അല്ലെങ്കിൽ വിപ്ലവം അടുത്തൊന്നും എത്തിയിട്ടില്ലല്ലോ... ഇതെല്ലാം ചാനലുകാർക്കും പത്രക്കാർക്കും തുറന്നു കൊടുക്കണം. മൂടിവെച്ച്‌ ചർച്ചചെയ്യുന്നതാണ്‌ വൃത്തികേട്‌. വെറുതെയല്ല ആളുകൾ ഒളിഞ്ഞ്‌ നോക്കുന്നത്‌. അവിടെയെന്തോ ചീത്തക്കാര്യം നടക്കുന്നുവെന്ന്‌ തീർച്ച.

ഏതായാലും മാധ്യമങ്ങളെ അപ്പാടെ ക്രൂശിച്ച പിണറായി വിജയൻ ഒന്നോർക്കണം. ഇടയ്‌ക്കു മയങ്ങിപ്പോകുന്ന അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന കോൺഗ്രസുകാരനെയും ബി.ജെ.പിക്കാരനെയും ക്യാമറയിൽ പകർത്തി ‘സാക്ഷി’യെന്ന പേരിൽ ഫോർവേഡും റീവൈന്റും ചെയ്ത്‌ അപമാനിക്കുന്ന കൈരളീ ചാനലിനെക്കാൾ മാന്യത മറ്റു പല മാധ്യമങ്ങൾക്കുമുണ്ട്‌.

ഞാൻ പറയുന്നത്‌ മാത്രമാണ്‌ ശരി, മറ്റുളളവർക്ക്‌ ഒരു ചുക്കുമറിയില്ല. ഞങ്ങൾ കറക്‌ടാണ്‌. എല്ലാം ഭദ്രം. ഇതുമാത്രം വിശ്വസിച്ചാൽ മതി.... തിരിച്ചുപറഞ്ഞാൽ ഔട്ട്‌ ഇങ്ങനെയൊക്കെ പറയുന്നതുതന്നെയാണ്‌ സഖാവേ ഈ ഫാസിസമെന്നൊക്കെ പറയുന്നത്‌.

ജെയിംസ്‌, ആലുവ


E-Mail: chaliyam25@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.