പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സ്വര്‍ണ്ണത്തെ കുറിച്ച് ഒരു അക്ഷരം മിണ്ടരുത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്

വനിതാ കമ്മീഷന്റെ സുവര്‍ണ ശുപാര്‍ശ

.....

പെണ്മക്കളുള്ള നിര്‍ദ്ധന രക്ഷകര്‍ത്താക്കളെ കടക്കെണിയിലേക്കും ജീവിത പ്രതിസന്ധിയിലേക്കും ഒരു പക്ഷേ ആത്മഹത്യയിലേക്ക് പോലും തള്ളിവിടുന്നതില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടുത്താന്‍ കഴിയുന്നതും എന്നാല്‍ എക്കാലത്തും, മുതലാളി പക്ഷത്ത് മാത്രം നില്‍ക്കുന്നവരാണ് സര്‍ക്കാരുകള്‍ എന്നതിനാല്‍ അവര്‍ക്കൊരിക്കലും അംഗീകരിച്ചു കൊടുക്കുവാന്‍ കഴിയാത്തതുമാണ്, സര്‍ക്കാരിനോടുള്ള വനിതാ കമ്മീഷന്റെ ശുപാര്‍ശ ! അതുകൊണ്ടുതന്നെ ശരവേഗത്തില്‍ ആ ശുപാര്‍ശ തള്ളപ്പെടുകയും ചെയ്തു ! വധുവിന് പരമാവധി പത്ത് പവന്‍ , വരന് അഞ്ച് പവന്‍, വിവാഹത്തിനും നിശ്ചയത്തിനും ഒന്നില്‍ കൂടുതല്‍ ചടങ്ങുകള്‍ പാടില്ല, വിവാഹനിശ്ചയത്തിന് വരന്റേയും വധുവിന്റേയും വീട്ടില്‍ നിന്നും 25 പേര്‍ വീതം മാത്രം, സ്വര്‍ണവും പട്ടുമില്ലെങ്കില്‍ വിവാഹം പൂര്‍ണമാകില്ലെന്ന തരത്തിലുള്ള പരസ്യങ്ങള്‍ നിരോധിക്കുക, ക്ഷണക്കത്ത് ഒരെണ്ണത്തിന് 25 രൂപവരെ പാടുള്ളൂ തുടങ്ങി ലളിത ജീവിതത്തെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കടക്കെണിയില്‍ അകപ്പെടാതിരിക്കാനും സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങളാണത്രേ ശുപാര്‍ശയിലുള്ളത്.

വിവാഹ വേളയിലെ ആര്‍ഭാടം അധികരിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും വധു പത്തുപവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കുകയാണെങ്കില്‍ അധിക സ്വര്‍ണം കൊടുത്തവരില്‍നിന്നും വാങ്ങിയവരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കണമെന്നും വനിതാ കമ്മീഷന്റെ ശുപാര്‍ശയിലുണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യയിലാകമാനം സ്വര്‍ണ്ണക്കച്ചവടക്കാരുമായി ഹൃദയബന്ധമുള്ളവരാണ് പത്ര - ദൃശ്യ മാധ്യമങ്ങള്‍ എന്നത് കൊണ്ട്, വനിതാ കമ്മീഷന്റെ ഈ ശുപാര്‍ശക്ക് വേണ്ടത്ര വാര്‍ത്താ പ്രാധാന്യം പോലും ലഭിക്കില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയും അല്ലാതെയും വിദേശത്തുനിന്ന് യഥേഷ്ടം സ്വര്‍ണ്ണം ഇറക്കുന്നവരുമായി രാഷ്ട്രീയ നേതാക്കള്‍ക്കുള്ള അചഞ്ചലമായ ബന്ധം കാരണം രാഷ്ട്രീയമായ പരിരക്ഷയും കിട്ടില്ല. അതുകൊണ്ടുതന്നെ, വനിതാകമ്മീഷന്റെ ശുപാര്‍ശ ചര്‍ച്ചകള്‍ക്ക് പോലും വേദിയാകില്ലെന്നതിനാല്‍, തല്‍ക്കാലം ആ ആഗ്രഹം കരഞ്ഞു തീര്‍ക്കുക! സ്വര്‍ണ്ണക്കച്ചവട മേഖലയിലെ തട്ടിപ്പുകളും വെട്ടിപ്പുകളും അറിയുന്നവര്‍ക്ക് പോലും പുറത്ത് പറയാന്‍ അവസരം നല്‍കാത്ത വിധം വശ്യമാണതിന്റെ വിസ്മയാവഹമായ പരസ്യവിതാനവും കച്ചവട സംവിധാനവും ! ഒട്ടുമിക്ക വാര്‍ത്താ മാധ്യമങ്ങളും നിലനിന്നു പോകുന്നത് പരസ്യങ്ങള്‍ കൊണ്ട് മാത്രമാണെന്നതിനാല്‍, വിപുലമായ സ്വര്‍ണ്ണ വ്യവസായ സഞ്ചയങ്ങളുള്ള പരസ്യ ദാതാക്കളെ ഒരു സെന്‍സേഷണല്‍ ന്യുസും ഒരു അന്യേഷണാത്മക റിപ്പോര്‍ട്ടും ആലോസരപ്പെടുത്തുകയുമില്ല.

വിവാഹ വേദികളില്‍ ആര്‍ഭാടം കാണിക്കുന്നതിനാല്‍ വധുവിന്റെ യഥാര്‍ത്ഥ സൗന്ദര്യം ശ്രദ്ധിക്കാതെ പോകുന്നുവെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടിയുടെ അഭിപ്രായത്തിന് വധുക്കളാകാന്‍ പോകുന്ന പെണ്‍കുട്ടികളുടെ പോലും പിന്തുണ ലഭിക്കില്ലെങ്കിലും, പത്തു പവനില്‍ കൂടുതല്‍ സ്വര്‍ണ്ണം ധരിക്കുന്നത് കുറ്റകരമാക്കണമെന്ന ആവശ്യത്തിന് സാധാരണ ജനങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും ലഭിക്കാന്‍ സാധ്യതയുണ്ട്. മദ്യ നിരോധന നിയമം വന്നപ്പോഴേക്ക്‌ മന്ത്രിമാര്‍ കോടിപതികളാവുകയും മന്ത്രിസഭ പൂസായതുമല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല എന്നതു പോലെ, ഏതു സര്‍ക്കാരാണോ ഈ സുവര്‍ണ്ണ നിയമം (പാവങ്ങള്‍ക്ക്) നടപ്പാക്കാന്‍ ശ്രമിക്കുന്നത് അവര്‍ സ്വര്‍ണ്ണംകൊണ്ട് മൂടപ്പെടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. നിയമനിര്‍മ്മാണത്തിനപ്പുറത്ത്, ജനകീയമായ ചെറുത്തുനില്‍പ്പിലൂടെയോ ധൂര്‍ത്തിനെതിരെയുള്ള ബോധനങ്ങളിലൂടെയോ വൈയക്തികമായ തിരിച്ചറിവിലൂടെയോ പത്ത് പവനില്‍ കൂടിയ സ്വര്‍ണ്ണാഭരണം ധരിക്കല്‍ അഭംഗിയും അമാന്യവുമായി കരുതപ്പെടാന്‍ തുടങ്ങിയാല്‍ തന്നെ, ഭാവിയില്‍ വിലകൂടിയ വാഹനം, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിനെതിരെയായിരിക്കും വനിതാ കമ്മീഷന്‍ ഇടപെടേണ്ടി വരിക. മതനേതൃത്വങ്ങളില്‍ നിന്നായിരുന്നു ഇത്തരമൊരു ആവശ്യം ഉണ്ടാകേണ്ടിയിരുന്നത് എങ്കിലും, അവരാണ് ഉന്നയിച്ചിരുന്നതെങ്കില്‍ പോലും കിട്ടുമായിരുന്നതിനേക്കാള്‍ സ്വീകാര്യത വനിതാകമ്മീഷന് കിട്ടുമെന്നതിനാല്‍, പ്രസ്തുത ശുപാര്‍ശ സ്വീകരിക്കപ്പെടുന്നത് വരെ, പ്രലോഭനങ്ങളില്‍ പെടാതെ മുന്നോട്ടു കുതിക്കാന്‍ വനിതാ കമ്മീഷന് കഴിയട്ടെ. വനിതാകമ്മീഷന്റെ ഈ ശുപാര്‍ശക്ക് എതിരെ സ്വര്‍ണ്ണ മുതലാളിമാരുടെ പടയൊരുക്കമുണ്ടാകുമെന്നതിനാല്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടെ അനുഭാവ പൂര്‍ണ്ണമായ ഒരു നോട്ടം പോലും പ്രതീക്ഷിക്കരുത്; സ്വര്‍ണ്ണക്കടത്തുകാരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹകരണമോ കോടതിയില്‍നിന്ന് അനുകൂലമായ വിധിയോ കാംക്ഷിക്കരുത്.

മതമെന്നാല്‍ വെറും ആരാധനയും പാതിരാ പ്രഭാഷണങ്ങളും മതം മാറ്റലും മത വാപ്പസിയും മാത്രമല്ല, കാലിക പ്രശ്നങ്ങളോടുള്ള ക്രിയാത്മക ഇടപെടലും കൂടിയാകണം എന്നതിനാല്‍, മത നേതൃത്വങ്ങളും ലളിത ജീവിത പ്രചാരകരും വനിതാകമ്മീഷനൊപ്പം ചേര്‍ന്ന് സ്ത്രീധനത്തിനെതിരെയും ദുര്‍വ്യയ വിവാഹ മാമാങ്കങ്ങള്‍ക്കെതിരെയും ആര്‍ഭാടമായും ആഭാസമായും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെയും ധരിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കെതിരെയും ബോധവല്‍ക്കരണം നടത്തുകയും വേണ്ടിവന്നാല്‍ ബഹിഷ്കരണത്തിന്റെയോ ഊരുവിലക്കിന്റെയോ പാത സ്വീകരിക്കുകയും ചെയ്യുക. ഏതു രാഷ്ട്രീയപ്പാര്‍ട്ടി ഭരിച്ചാലും സാധാരണ ജനങ്ങളുടെ നന്മക്ക് ഉതകുന്നതും കോര്‍പറേറ്റുകള്‍ക്ക് വിരുദ്ധമാകുന്നതുമായ ഒരു നിയമനിര്‍മ്മാണവും നാട്ടില്‍ നടപ്പിലാക്കപ്പെടുകയില്ലെന്ന അനുഭവങ്ങളോര്‍ത്ത്, സഹജീവികളുടെ ജീവനും നിലനില്‍പ്പിനും വേണ്ടി സമരസപ്പെടാത്ത സമരങ്ങള്‍ക്ക് സജ്ജരാവുക നാം.

എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്


E-Mail: ata_karuvarakundu@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.