പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ദൈവങ്ങൾ വരവായി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പി.ഗഫൂർ

ലേഖനം

കൊയ്‌ത്തും മെതിയും കഴിഞ്ഞു. വറുതിപെയ്‌ത കർക്കിടക കരിമേഘങ്ങൾ നീങ്ങി. ഇനി വടക്കൻ കേരളത്തിന്റെ രാപ്പകലുകൾക്ക്‌ കളിയാട്ടങ്ങളുടെ നാളുകൾ. തുലാപ്പത്തിൽ തുടങ്ങി ഇടവപ്പാതിവരെ ഇവിടെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും തെയ്യക്കോലങ്ങൾ തിമിർത്താടും.

ഉത്തരകേരളത്തിലെ അനുഷ്‌ഠാന നർത്തനകലകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്‌ തെയ്യവും തിറയും. ദേവതകളെ കോലമായി കെട്ടിയാടിക്കുകയാണതിന്റെ സ്വഭാവം. ഭഗവതിയും കാളിയും ചാമുണ്ഡിയും ശിവവൈഷ്‌ണവാദി മൂർത്തികളുടെ അംശഭൂതങ്ങളായ ദേവതകളും യക്ഷിയും ഗന്ധർവ്വനും, നാഗവും ഭൂതവും മൃഗവും പരേതരും മൺമറഞ്ഞ വീരപരാക്രമികളും പുരാണേതിഹാസ കഥാപാത്രങ്ങളുമെല്ലാം തെയ്യാട്ടത്തിലെയും തിറയാട്ടത്തിലേയും ദേവതകളാണ്‌.

സാധാരണക്കാരന്റെ ആരാധനാ സമ്പ്രദായങ്ങളാണ്‌ തെയ്യാട്ടവും തിറയാട്ടവും. കൽപ്രതിമകളിലും ദാരുശിൽപ്പങ്ങളിലും ലോഹവിഗ്രഹങ്ങളിലും ദേവതകളുടെ പ്രതിരൂപം കണ്ട്‌ ആരാധിക്കുന്ന രീതിയത്രെ വിഗ്രഹാരാധന. അതിനെക്കാൾ ലളിതമായൊരു സമാരാധനാ സമ്പ്രദായമാണിതെന്ന്‌ പറയാം. തെയ്യാട്ടത്തിലും തിറയാട്ടത്തിലും ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ദൈവങ്ങളെയാണ്‌ കാണുന്നത്‌. നിഗ്രഹാനുഗ്രഹ ശക്തിയുളളവനാണ്‌ തെയ്യങ്ങളും തിറകളുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. കെട്ടിയാടിച്ചു ആരാധിക്കുകയെന്ന കേവല ലക്ഷ്യം സാമാന്യതയുളളതാണ്‌. എന്നാൽ ചില പ്രത്യേക ഉദ്ദേശ്യങ്ങളെ മുൻനിർത്തി, ചില പ്രത്യേക കോലങ്ങളെ ചില പ്രത്യേക കാലങ്ങളിൽ കെട്ടിയാടിക്കാറുണ്ട്‌. വസൂരി തുടങ്ങിയ പകർച്ചവ്യാധികൾ പിടിപ്പെട്ടാൽ പുതിയ ഭഗവതി, വസൂരിമാല, ഘണ്ടകർണ്ണൻ തുടങ്ങിയ തെയ്യങ്ങളെ കെട്ടിയാടിക്കാറുണ്ട്‌. മാക്കപ്പോതി, നാഗപ്പോതി എന്നിവയെ സന്താനലാഭാർത്ഥം കെട്ടിയാടിക്കുന്നു.

തെയ്യവും തിറയും പൂർണ്ണമായും അനുഷ്‌ഠാനപരമാണ്‌. മന്ത്രാനുഷ്‌ഠാനം, തന്ത്രാനുഷ്‌ഠാനം, കർമ്മാനുഷ്‌ഠാനം, വ്രതാനുഷ്‌ഠാനം എന്നീ അനുഷ്‌ഠാന ഭേദങ്ങളെല്ലാം ഈ കലയുമായി ബന്ധപ്പെട്ടിരിക്കുന്നു. കർമ്മിയും, സ്ഥാനികരും കോമരങ്ങളും തെയ്യം കെട്ടുന്ന കോലക്കാരുമെല്ലാം വ്രതശുദ്ധിയോട്‌ കൂടി ഇരിക്കണം.

ഉറഞ്ഞ്‌ തുളളുക, തിരുമുറ്റത്ത്‌ വട്ടത്തിൽ നർത്തനം ചെയ്യുക, നർത്തനം ചെയ്‌തുകൊണ്ട്‌ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുക, ശ്രീകോവിലിന്‌ നൃത്തപ്രദക്ഷിണം വെക്കുക, കലശത്തറ, തേങ്ങാക്കല്ല്‌ തുടങ്ങിയവക്ക്‌ ചുറ്റും നർത്തനം ചെയ്യുക, കലശമെഴുനുളളിക്കുമ്പോൾ പതിഞ്ഞമട്ടിലുളള ലാസ്യം ചെയ്‌തുകൊണ്ട്‌ നീങ്ങുക, പലതരത്തിലുളള കലാശം ചവിട്ടുക തുടങ്ങിയ നർത്തനവിശേഷങ്ങൾ തെയ്യാട്ടത്തിലും തിറയാട്ടത്തിലും കാണാവുന്നതാണ്‌.

വണ്ണാൻ, മലയൻ, പാണർ, മാവിലൻ, ചെറവൻ, ചിങ്കത്താൻ, വേലൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ, കോപ്പാളൻ, പുലയൻ, പറയൻ, കളനാടി പമ്പത്താർ, പരവർ എന്നീ സമുദായക്കാരാണ്‌ തെയ്യവും തിറയും കെട്ടിയാടുന്ന കലാകാരൻമാർ.

തെയ്യം-തിറകൾക്കും അവയ്‌ക്ക്‌ മുമ്പ്‌ പുറപ്പെടുന്ന വെളളാട്ടം എന്നിവയ്‌ക്കും പാടിവരുന്ന ഗാനങ്ങളെ പൊതുവെ തോറ്റംപാട്ടുകൾ എന്നാണ്‌ പറഞ്ഞുവരുന്നത്‌. ഇവ കേവല സ്തുതികളല്ല. ദേവതകളുടെ ഉൽഭവം, മാഹാത്മ്യം, സഞ്ചാരം, രൂപവിശേഷങ്ങൾ എന്നിവ തോറ്റംപാട്ടുകളിൽ വർണ്ണിക്കുന്നുണ്ട്‌. ദേവതയായി അവതരിച്ച്‌ മനുഷ്യരായി ജീവിതം നയിച്ചവർ, മനുഷ്യരായി ജനിച്ച്‌ മരിച്ച്‌ ദൈവികതയിലുയർന്ന്‌ ജീവിക്കുന്നവർ, മേൽലോകത്തിൽ നിന്ന്‌ കീഴ്‌ലോകത്തിൽ ഇറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്ത്‌ ജീവിക്കുന്നവർ, ഭൂലോകത്ത്‌ ജനിച്ച്‌ ആത്മഹൂതി ചെയ്‌ത്‌ ദേവലോകം പൂകി പിന്നീട്‌ ദേവതയായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപം ധരിച്ച്‌ സഞ്ചരിക്കുന്ന ദൈവങ്ങൾ, അന്യരക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രദേവതകൾ, അഗ്നിയിൽനിന്നും വെളളത്തിൽനിന്നും ചോരയിൽനിന്നും പാൽക്കടലിൽനിന്നും പൊട്ടിമുളച്ചവർ എന്നിങ്ങനെ അത്ഭുതവും വൈവിദ്ധ്യവും നിറഞ്ഞ അനേകം ദേവതകളുടെ ചരിത്രങ്ങൾ തോറ്റം പാട്ടുകളിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.

അത്യുദാത്തമായ സൗന്ദര്യമന്വേക്ഷിക്കുന്ന കലയും ആത്യന്തിക സത്യമന്വക്ഷിക്കുന്ന മതവും ഒത്തുച്ചേരുന്ന അനുഷ്‌ഠാനകലകൾ നമ്മുടെ സാംസ്‌കാരിക ഭണ്ഡാഗാരത്തിലെ ഈടുവെപ്പുകളാണ്‌. തെയ്യം തുടങ്ങിയ അനുഷ്‌ഠാനകലകളിൽ ആര്യവും ആര്യേതരവുമായ വ്യത്യസ്ഥ മൂല്യങ്ങൾ കാണാം. ഉദാഹരണത്തിന്‌ ജന്തുബലിയും രക്തതർപ്പണവും തെയ്യാട്ടത്തിലെ പ്രധാനമായ ഒരു അനുഷ്‌ഠാനമാണ്‌. പക്ഷെ പിന്നീട്‌ വന്ന സാംസ്‌കാരിക പരിവർത്തനത്തിൽ സാത്ത്വിക പ്രധാനമായ രക്തതർപ്പണമുപേക്ഷിച്ച തെയ്യങ്ങളും നമുക്ക്‌ കാണാവുന്നതാണ്‌. നരി, പുലി തുടങ്ങിയ മൃഗങ്ങളെ ദേവതകളായി ആരാധിക്കുന്ന സമ്പ്രദായവും പുരാണപ്രകീർത്തിതമായ ത്രിമൂർത്തികളെ അവലംബിച്ചുളള ശൈവവൈഷ്‌ണവാരാധന സമ്പ്രദായവും തെയ്യാട്ടത്തിൽ ഒത്തുച്ചേർന്നു കാണാം. ഈ സമന്വയങ്ങളാണ്‌ തെയ്യത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം.

ഏകദേശം 465 തെയ്യക്കോലങ്ങൾ ഉണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാൽ സാധാരണയായി ക്ഷേത്രങ്ങളിലും തറവാടുകളിലും കെട്ടിയാടിച്ചുവരുന്നത്‌ 112 തെയ്യക്കോലങ്ങൾ മാത്രമാണ്‌. തെയ്യങ്ങളുടെ വേഷങ്ങൾ, ചമയങ്ങൾ, അവതരണം തുടങ്ങിയവ ഏറെ മനോഹരവും ഒപ്പം കൗതുകകരവുമാണ്‌. തെയ്യങ്ങളുടെ വേഷങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്‌ മുഖത്തെഴുത്താണ്‌. തെയ്യങ്ങൾ ആൺകോലമെന്നോ പെൺകോലമെന്നോ നിർണ്ണയിക്കുന്നത്‌ മുഖത്തെഴുത്താണ്‌. മനയോല, ചായില്ല്യം, മഷി എന്നിവയാണ്‌ തെയ്യത്തിന്റെ മുഖത്തെഴുത്തിനും മെയ്‌ക്കെഴുത്തിനും ഉപയോഗിക്കുന്ന ചായങ്ങൾ. ചായം കൂട്ടുന്നതിൽ പച്ചവെളളം, വെളിച്ചെണ്ണ മുതലായവ ഉപയോഗിക്കുന്നു. അരിപൊടിച്ചു പച്ചവെളളത്തിൽ കുതിർത്തുണ്ടാക്കുന്ന അരിച്ചാന്തും ഉരലിൽ പൊടിച്ചെടുക്കുന്ന മഞ്ഞൾപൊടിയും ചൂളയിൽ വേവിച്ചെടുത്തുണ്ടാക്കുന്ന നൂറും ഉപയോഗിച്ചാണ്‌ ചായം നിർമ്മിച്ചിരുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ പറിച്ചെടുത്ത്‌ അതുകൊണ്ടാണ്‌ എഴുത്തുകാർ ബ്രഷ്‌ നിർമ്മിക്കുന്നത്‌.

ചിലമ്പ്‌, പറ്റുംപാടകം, മണിക്കയല്‌ എന്നിവ കാലുകൾക്കും ചൂടകം, കടകം, വള എന്നിവ കൈകൾക്കും, തലപ്പാളി, ചെന്നിമലർ എന്നിവ നെറ്റിയിലും ഏത്‌ തെയ്യകോലങ്ങളുടെയും ചമയങ്ങളാണ്‌. കൂടാതെ കവുങ്ങിൻ പാളകൊണ്ട്‌ നിർമ്മിക്കുന്ന (ഓട്‌, വെളളി, മരം മുതലായവയും ഉപയോഗിക്കുന്നു) പൊയ്‌മുഖങ്ങൾ അണിയുന്ന തെയ്യകോലങ്ങളുമുണ്ട്‌. മുഖത്ത്‌ താടിമീശ കെട്ടുന്നവയും വായിൽ എകിറു കടിച്ചുപിടിക്കുന്നവയും കണ്ണിന്‌ പൊയ്‌കണ്ണ്‌ കെട്ടുന്നവയുമായി വിവിധ തെയ്യക്കോലങ്ങളെ സർവ്വസാധാരണമായി കാണാം. മിക്ക തെയ്യങ്ങളും ആയുധം കൊണ്ട്‌ പയറ്റുന്നവരാണ്‌ (ആകാശഗന്ധർവ്വൻ മാത്രമെ അതിൽനിന്നും വ്യത്യസ്ഥമായിട്ടുളളു. വാൽക്കണ്ണാടിയാണ്‌ ഗന്ധർവ്വന്റെ വസ്‌ത്രാലങ്കാരം) ഭഗവതിയും ഘണ്ടകർണ്ണനും വാളോടുകൂടി തന്നെ വരുന്നു. പലതരം വാളുകൾ ത്രിശൂലം, ദണ്‌ഡ്‌ മുതലായവ തെയ്യങ്ങൾ ആയുധങ്ങളായി ഉപയോഗിക്കുന്നു.

‘ദൈവ’ ശബ്‌ദത്തിൽ നിന്നാണ്‌ തെയ്യമെന്ന പദത്തിന്റെ നിഷ്‌പത്തി. പഴയങ്ങാടി പുഴക്ക്‌ വടക്ക്‌ കോലം-കളിയാട്ടമെന്നും, പഴയങ്ങാടിക്ക്‌ തെക്ക്‌ വളപട്ടണം വരെ തെയ്യമെന്നും അവിടുന്ന്‌ തെക്ക്‌ കോഴിക്കോട്‌ വരെ ‘തിറ’യെന്നും ഈ ആരാധന അറിയപ്പെടുന്നു.

ഭക്തിയുടെയും ഉൽസവത്തിന്റെയും നാളുകളിലേക്ക്‌ വടക്കൻ കേരളമുണരുമ്പോൾ നീലേശ്വരത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. തെയ്യാട്ടത്തിന്റെ ആദ്യ ചെണ്ടമേളമുണരുന്നത്‌ ഇവിടെയാണ്‌-അഞ്ഞുറ്റമ്പലം വീർക്കാവിൽ. മൂവാളംകുഴി ചാമുണ്ഡിയും മറ്റ്‌ തെയ്യക്കോലങ്ങളും കെട്ടിയാടുന്ന വീർക്കാവിലെ കളിയാട്ടത്തോടെയാണ്‌ വടക്കൻ കേരളത്തിലെ തെയ്യകോലങ്ങൾ ഉറഞ്ഞ്‌ തുളളാനരംഭിക്കുന്നത്‌. തെയ്യങ്ങൾ കലാശം ചവിട്ടുന്നതും ഇവിടെതന്നെ നീലേശ്വരം മന്നംപുറത്ത്‌ കാവിലെ കലശമഹോൽസവത്തിൽ. അതോടെ ഈ വർഷത്തെ തെയ്യാട്ടം അവസാനിക്കുകയായി.

തെയ്യങ്ങൾ ഇന്ന്‌ കാണുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തത്‌ കരിവെളളൂർ മണക്കാടൻ ഗുരുക്കളാണെന്നാണ്‌ സങ്കല്പം. പിലാവരപ്പേൽ, ബാലപെരുമലയൻ തുടങ്ങിയവരും തെയ്യാട്ടത്തിൽ ഗുരുസ്ഥാനിയർ തന്നെ. വിദഗ്‌ദ്ധ തെയ്യാട്ടക്കാർക്ക്‌ അവരുടെ മികവിനെ പരിഗണിച്ച്‌ പണിക്കർ, പെരുമലയൻ, പെരുവണ്ണാൻ, നേഞ്ഞിക്കം, കരണമൂർത്തി തുടങ്ങിയ സ്ഥാനപ്പേരുകൾ ‘വള’ നൽകി വിളിച്ചുപോരുന്നു.

അനുഷ്‌ഠാനങ്ങളിലും ആചാരങ്ങളിലും പ്രാചീനതയും ഹൈന്ദവനുഷ്‌ഠാനങ്ങളും കാത്ത്‌ സൂക്ഷിക്കുമ്പോഴും മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം, മാപ്പിള ചാമുണ്ഡി തുടങ്ങിയ മാപ്പിള തെയ്യങ്ങൾക്ക്‌ ഏറെ പ്രാധാന്യം നൽകുന്നുവെന്നത്‌ തെയ്യാട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്‌. ഭഗവതിക്കാവിന്റെ തിരുനടയിൽ മുസ്ലീം തെയ്യക്കോലം ഉറഞ്ഞ്‌ തുളളുമ്പോൾ മുസ്ലീമും ഹിന്ദുവും ഉൾപ്പെട്ട നാനാജാതി മതസ്ഥർ ദൈവത്തിന്റെ മുന്നിൽ ജാതിമതങ്ങളുടെ അതിർവരമ്പുകൾ അവഗണിച്ച്‌ കൈക്കൂപ്പി നിൽക്കുന്ന കാഴ്‌ച വടക്കൻ കേരളത്തിന്റെ തെയ്യങ്ങളുടെ സംഭാവനയാണ്‌.

വർണ്ണശബളമായ മുഖത്തെഴുത്തും, വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളും ഓലത്തുമ്പിൽ ശില്പചാതുരി തുളുമ്പുന്ന തിരുമുടിയും ചിലമ്പണിക്കാലിൽ നൃത്തഭംഗി ഊർന്നിറങ്ങുന്ന വാദ്യമേളങ്ങളുമായി ഓലച്ചൂട്ടിന്റെ കനകാഭയിൽ ഇരുൾ മുറിച്ചൊഴുകിവരുന്ന ‘തെയ്യക്കോലം’ ആകർഷിക്കപ്പെടാത്ത മനുഷ്യഹൃദയമുണ്ടാകുമോ എന്ന്‌ സംശയമാണ്‌. എല്ലാ ഉൽസവങ്ങളും ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളാണ്‌. ജനങ്ങളുടെ ആവേശനിർഭരവും ഉൽസാഹഭരിതവുമായ ജീവിതത്തിന്റെ പ്രതിഫലനമാണിവ. സാമൂഹികമായ കൂട്ടായ്‌മയുടെയും ഐക്യത്തിന്റെയും സന്ദേശമാണ്‌ ഇത്തരം മഹോൽസവങ്ങളിലൂടെ യാഥാർത്ഥ്യമാവുന്നത്‌.

കെ.പി.ഗഫൂർ

വിലാസംഃ കെ.പി. ഗഫൂർ, ഐഷാസ്‌, ഒളവറ, ഉടുമ്പുംതല പി.ഒ., കാസർഗോഡ്‌ - 671 350.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.