പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഓണം ഒരു ഘടനാത്മക വിശകലനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രഞ്ജിത്ത്‌. പി.

ലേഖനം

കേരളത്തിലെ ആഘോഷങ്ങളെയും ഉത്സവങ്ങളെയുംപറ്റി നാം ഒരുപാട്‌ എഴുതുകയും സംസാരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും നമ്മുടെ നാടിന്റെ മണ്ണും കാലാവസ്ഥയും കൃഷിപ്പണിയും സാമൂഹ്യസാമ്പത്തിക ബന്ധങ്ങളുമൊക്കെയായി കൂട്ടിയിണക്കി ഉത്സവാഘോഷങ്ങളുടെ അർത്ഥവും പ്രസക്തിയും കണ്ടെത്താൻ ശ്രമിക്കുന്ന പഠനങ്ങൾ വിരളമാണ്‌. ആ വഴിക്കുളള ചെറിയൊരു പരിശ്രമമാണിവിടെ.

ഓണവുമായി ബന്ധപ്പെടുത്താവുന്ന എല്ലാ തലങ്ങളെയും കേരളത്തിന്റെ കാലാവസഥ, സസ്യവളർച്ച, ഓണത്തിന്റെ പാട്ടുകൾ, മിത്തുകൾ, ചടങ്ങുകൾ, കൃഷിരീതികൾ, കാർഷികബന്ധങ്ങൾ ഇവയുടെ ആധുനികരൂപങ്ങൾ തുടങ്ങി എല്ലാത്തിനെയും-വ്യത്യസ്‌തതയുളള ഘടകങ്ങളാക്കി വേർതിരിക്കുകയും അവയെ സമാന്തരമായി ക്രമീകരിക്കുകയും ചെയ്യുന്നു. ഈ ഘടനാക്രമീകരണത്തിൽ തെളിയുന്ന അടുപ്പവും അകൽച്ചയും വെച്ചുകൊണ്ട്‌ ഓണത്തിന്റെ ഓരോ അംശത്തെയും വ്യാഖ്യാനിക്കുകയാണ്‌. ഓണത്തിന്റെ ഉത്ഭവം, ചരിത്രപരമായ പരിണാമങ്ങൾ, സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്നീ കാര്യങ്ങളെപ്പറ്റിയുളള ഏതാനും നിഗമനങ്ങളിൽ ഒടുവിൽ എത്തിച്ചേരുന്നുണ്ട്‌. ഘടനാപരിണാമങ്ങളെ മുൻനിർത്തി പഠനത്തെ മൂന്ന്‌ തട്ടാക്കിതിരിക്കാം.

ഒന്ന്‌

സൂര്യനെകേന്ദ്രീകരിച്ചുളള കേരളത്തിന്റെ കാലാവസ്ഥ. മാവേലിയെപ്പറ്റിയുളള വ്യത്യസ്തമായ ഒരു മിത്ത്‌. പാണരുടെ തുയിലുണർത്തുപാട്ട്‌, മലയരുടെ ഓണപ്പൊട്ടൻ, കേരളത്തിലെ സസ്യവളർച്ച എന്നിവയുടെ ഘടനായാണിവിടെ താരതമ്യത്തിന്‌ വിധേയമാവുന്നത്‌.

കുംഭം, മീനം, മേടം മാസങ്ങളിലെ വേനൽക്കാലത്ത്‌ സൂര്യൻ തെളിഞ്ഞു കത്തും. എന്നാൽ മിഥുനം, കർക്കിടകമാസങ്ങളിലെ ശക്തമായ മഴക്കാലത്ത്‌ സൂര്യൻ കാർമേഘത്തിനുളളിൽ മറഞ്ഞിരിക്കും. പിന്നീട്‌ പൊന്നിൻചിങ്ങത്തിൽ അല്പകാലത്തേക്ക്‌ തെളിഞ്ഞ സൂര്യനെ കാണാം. ഇക്കാലത്തെ ചൂടുകുറഞ്ഞ സൂര്യരശ്‌മികളെ ഓണവെയിൽ എന്നു പറയാറുണ്ടല്ലോ. ചിങ്ങമാസത്തിൽ സൂര്യോദയത്തിൽ വിടരുന്ന പൂക്കളുടെ, ഒരു ചെറിയ പൂക്കാലവും ഉണ്ട്‌.

കേരളത്തിൽ സാർവ്വത്രികമായി പ്രചാരത്തിലുണ്ടായിരുന്ന ഓണപ്പാട്ടുകളിൽ വ്യത്യസ്‌തമായി മാവേലി പുരാവൃത്തമുളള പാട്ടുകളിൽ ഒന്ന്‌ മേൽപ്പറഞ്ഞതിനോട്‌ സമാന്തരമായി ചേർത്തുവെയ്‌ക്കാം.

“മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ...” എന്നു തുടങ്ങി സുപരിചിതമായ ഒട്ടേറെ വരികൾ ഈ പാട്ടിൽ കണ്ടെത്താം. പാട്ടിലെ ഇതിവൃത്തം ഇങ്ങനെ ആദ്യം മാവേലി വാഴും കാലത്തിന്റെ സുഖസമൃദ്ധികൾ. പിന്നെ മാവേലിത്തമ്പുരാൻ തീപ്പെട്ടപ്പോൾ - മരിച്ചുപോയപ്പോൾ ഉണ്ടായ ദുരിതകാലം. പരിഹാരം വേണമെന്ന ജനങ്ങളുടെ അപേക്ഷ. തുടർന്നുളള സംഭവങ്ങൾ നമുക്കു പരിചിതംതന്നെ. വാമനൻ എന്നൊരു കഥാപാത്രം ഇല്ലെന്നുളളതാണ്‌ ഇവിടുത്തെ സവിശേഷത. മധ്യകേരളത്തിലെ പാണരുടെ തുയിലുണർത്തുപാട്ടാണ്‌ ഇവിടെ പരിഗണിക്കേണ്ട മറ്റൊരു അനുഷ്‌ഠാനം.

കളളക്കർക്കിടകമാസത്തിലെ രാത്രികളിലാണ്‌ പാണൻ തുയിലുണർത്തുപാട്ടുമായി വീടുതോറും കയറിയിറങ്ങുന്നത്‌. ഓലക്കുടയും പിടിച്ച്‌ പാട്ടി (പാണത്തി)യോടൊപ്പം വരുന്ന പാണൻ തുടികൊട്ടി പാടി ഉറക്കമുണർത്തുന്നു. ഉറക്കമുണരാനുളള അപേക്ഷ തന്നെയാണ്‌ പാട്ടിലെ വിഷയം. മറ്റുകഥയൊന്നുമില്ല പാട്ടിൽ. വിഷ്‌ണു ഒരിക്കൽ മോഹാലസ്യത്തിൽപ്പെട്ടുവെന്നും അന്ന്‌ പാണനും പാട്ടിയുംകൂടി അദ്ദേഹത്തെ ഉണർത്തിയെന്നും ഉളള ഒരു കഥ പാണൻ പറയാറുണ്ട്‌. ചിലയിടത്ത്‌ വിഷ്‌ണുവിനു പകരം ശിവനാണ്‌ ഉറക്കമുണർത്തപ്പെടുന്നത്‌. അരിയും നെല്ലും മുണ്ടും പഴവുമൊക്കെ അവകാശമായി ഏറ്റുവാങ്ങിയാലേ പാണൻ തിരിച്ചുപോകൂ.

മലബാറിൽ മലയർ എന്ന സമുദായത്തിന്റെ ഓണേശ്വരൻ അഥവാ ഓണപ്പൊട്ടനും സമാനമായ ഒരനുഷ്‌ഠാനമാണ്‌. കുരുത്തോല തൂക്കിയ ഓലക്കുട പിടിച്ച്‌ വീടുകൾ തോറും കയറിയിറങ്ങുന്ന ഓണപ്പൊട്ടൻ അരിയും നെല്ലുമൊക്കെ തന്റെ ഓഹരിയായി സ്വീകരിക്കുന്നു.

കേരളത്തിലെ സസ്യങ്ങളുടെ ജീവിതചക്രവും കാലാവസ്ഥയുടെ ചാക്രികസ്വഭാവവും ഈ മിത്തുകളോടും അനുഷ്‌ഠാനങ്ങളോടുമൊപ്പം ചേർത്തു വെച്ചുനോക്കാം നമുക്ക്‌. വേനലറുതിയിൽ സസ്യങ്ങൾ ഫലസമൃദ്ധമായിത്തീരുകയും നെല്ല്‌, ചാമ, തിന, റാഗി പോലുളള ധാന്യങ്ങൾ പഴുത്തുണങ്ങുകയും പക്ഷിമൃഗാദികൾ ഈ സമൃദ്ധിയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു. തുടർന്ന്‌ മഴക്കാലത്ത്‌ സസ്യങ്ങൾ ചീഞ്ഞുമണ്ണടിയുകയും മണ്ണിൽ വീഴുന്ന ധാന്യങ്ങളും വിത്തുകളും പിന്നീടെല്ലാം വെയിൽ ലഭിക്കുകയും മുളച്ച്‌ പൊന്തുകയും ചെയ്യുന്നത്‌ നമുക്കിന്നും കാണാവുന്നതാണ്‌. വീണ്ടും തുലാവർഷക്കാലത്ത്‌ മഴയും വെയിലും മാറിമാറിവരുന്നത്‌ സസ്യവളർച്ചയ്‌ക്ക്‌ സഹായകമായിത്തീരുന്നു. മഞ്ഞുകാലത്തും തുടർന്നുളള വേനൽക്കാലത്തും പൂക്കലും കായ്‌ക്കലും കതിരുണ്ടാകലും നടക്കുന്നു. ഈയൊരു ചാക്രികഗതി ആയിരക്കണക്കിനു വർഷങ്ങളിലായി മലയാളിക്ക്‌ പരിചിതമാണ്‌.

സമാന്തരമായി ചേർത്തുവെച്ച ഈ ഘടനകളുടെ താരതമ്യത്തിലൂടെ പുതുമയുളള ചില വ്യാഖ്യാനങ്ങൾ സാധ്യമാണ്‌. ‘മാവേലി നാടുവാണീടും കാല’മെന്നുളള നമ്മുടെ സമൂഹസ്വപ്‌നത്തിന്റെ ഏറ്റവും പ്രാചീനമായ അടിസ്ഥാനം സൂര്യപ്രകാശവുമായും സസ്യഫലസമൃദ്ധമായ കാലവുമായും ബന്ധപ്പെട്ടിരിക്കുന്നു. പെട്ടെന്നുവരുന്ന മഴക്കാലം, കാർമേഘത്തിൽ മറഞ്ഞ്‌ ചൈതന്യം നഷ്‌ടപ്പെട്ട സൂര്യന്റെ അവസ്ഥ എന്നിവയിൽനിന്ന്‌ മാവേലിത്തമ്പുരാന്റെ മരണമെന്ന ആശയം രൂപംകൊണ്ടിരിക്കണം. സസ്യങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, വിത്തുകൾ എന്നിവ മണ്ണിൽ കൊഴിഞ്ഞുവീണു നശിക്കുന്നതും മാവേലിയുടെ മരണമെന്ന്‌ പരികല്‌പനയുടെ അടിസ്ഥാനമാകാം. തുയിലുണർത്തുപാട്ടിന്റെ പശ്ചാത്തലമായ കർക്കിടകരാത്രിയും വിഷ്‌ണുവിന്റെയോ ശിവന്റെയോ തുയിൽ അഥവാ ഉറക്കവും മാവേലിയുടെ മരണത്തിന്റെ മറ്റൊരു രൂപഭേദമാണെന്നു പറയാം.

പ്രജകളുടെ അഭ്യർത്ഥനപ്രകാരം കൊല്ലത്തിലൊരിക്കൽ സന്ദർശിക്കാൻ വരുന്ന മാവേലിത്തമ്പുരാൻ ചിങ്ങമാസത്തിൽ ചൂടുകുറഞ്ഞ രശ്‌മികളുമായി പ്രത്യക്ഷപ്പെടുന്ന സൂര്യന്റെ സദൃശകല്‌പനയാണ്‌. മണ്ണിൽ വീണ ധാന്യങ്ങളിലും വിത്തുകളിലും ചിലതെങ്കിലും മുളക്കുന്നത്‌ ഈ കാലത്തെ നശിച്ചുപോയ സസ്യത്തിന്റെ പുനർജനനമായി, ഉയിർത്തെഴുന്നേൽക്കലായി വ്യാഖ്യാനിക്കാം. പാണരുടെ തുയിലുണർത്തുപാട്ടും മലയരുടെ ഓണേശ്വരനും സൂര്യന്റെയും സസ്യങ്ങളുടെയും പുനർജനനത്തിനുളള പ്രാർത്ഥനാപരമായ ആവിഷ്‌ക്കാരങ്ങളാണ്‌. പാണരും മലയരും വീടുകളിൽ കയറിയിറങ്ങുമ്പോൾ കയ്യിൽ ഓലക്കുടയുമുണ്ടായിരിക്കും. ഓലക്കുട ആദിമകാലത്ത്‌ സൂര്യന്റെയും പിന്നീട്‌ അധികാരത്തിന്റെയും സമ്പന്നതയുടെയും ചിഹ്നമായിത്തീരുന്നത്‌ നമുക്ക്‌ ചരിത്രത്തിൽ കാണാം

മാവേലിത്തമ്പുരാൻ പ്രജകളുടെ ആഗ്രഹപ്രകാരം ഏഴുനാൾ കൂടെ താമസിക്കുന്നതും ചെടികളുടെ പൂക്കലും കായ്‌ക്കലും കതിരുണ്ടാകലും മറ്റും ഉയിർത്തെഴുന്നേൽപ്പ്‌ എന്ന ഘടകത്തിന്റെ ആവർത്തനരൂപത്തിലുളള പരിണതിയാണ്‌. ഇതുപോലെത്തന്നെ ഓണക്കാലത്തെ ആഹ്ലാദത്തിമർപ്പും മത്സരസ്വഭാവമുളള ഓണക്കളികളും.

ഓണക്കാലത്തൊരുക്കുന്ന പൂക്കളം വ്യക്തമായിത്തന്നെ അതിപ്രാചീനമായ സൂര്യാരാധനയുടേയും സസ്യപുനർജനനത്തിന്റെയും ആവിഷ്‌ക്കരണമാണ്‌. പൂക്കളം വൃത്താകൃതിയിലായിരിക്കണമെന്നും മധ്യത്തിൽനിന്ന്‌ വിടർന്നുവരുന്ന മട്ടിലാകണമെന്നും തുമ്പയും മുക്കുറ്റിയും (വെളളയും മഞ്ഞയും) ഉണ്ടായിരിക്കണമെന്നുമുളള മുതിർന്നവരുടെ അനുശാസനങ്ങളെല്ലാം സൂര്യനുമായുളള ബന്ധത്തിലേക്ക്‌ നയിക്കുന്ന സൂചകങ്ങളാണ്‌. പൂക്കളോ ഇലകളോ മാത്രമേ ഉപയോഗിക്കാവൂ എന്നത്‌ സസ്യദേവതാരാധയുടെ ഫലമായുണ്ടായ നിബന്ധനയായിരിക്കണം.

രണ്ട്‌

കൃഷിരീതികളുടെ വ്യാപനം മുതൽ ആധുനികവൽക്കരണത്തിനു തൊട്ടു മുമ്പുവരെയുളള ഓണവുമായി ബന്ധമുളള മിത്തുകളും ചടങ്ങുകളും കൃഷിപ്പണിയും സാമൂഹ്യസമ്പദ്‌വ്യവസ്ഥയും ഘടനാപരമായി താരതമ്യപ്പെടുത്തുകയാണിവിടെ.

കൃഷിപ്പണിയുടെ വ്യാപനത്തിനുമുമ്പ്‌ കാർഷികവൃത്തിയിലേർപ്പെടാതെ തന്നെ ഭക്ഷണം ലഭ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നത്‌ ചരിത്രം. പിന്നീടുണ്ടായ സസ്യഭക്ഷണത്തിന്റെ കുറവ്‌ പരിഹരിക്കാനാണ്‌ മനുഷ്യൻ കൃഷിക്കാരനായി പരിണമിക്കുന്നത്‌. സസ്യങ്ങളുടെ ജീവിതചക്രം സൂക്ഷ്‌മമായി അനുധാവനം ചെയ്‌തുകൊണ്ട്‌ അതിന്റെ മാനുഷികമായ ഒരു പുനർനിർമ്മിതിയാണ്‌ കൃഷി. പലവിധത്തിൽ ശേഖരിക്കുന്ന വിത്ത്‌ ഇളക്കിയ മണ്ണിൽ നടുന്നതും വിത്ത്‌ മുളച്ചുപൊന്തുന്നതും വിളയ്‌ക്ക്‌ പരിചരണങ്ങൾ ചെയ്യുന്നതും വിളവെടുക്കുന്നതും-കൃഷിയുടെ ഈ പ്രധാനഘടകങ്ങളെ ഇനി പറയുന്ന മിത്തുകളും ചടങ്ങുകളുമായി ചേർത്തുവെച്ച്‌ വായിക്കേണ്ടതാണ്‌.

കൃഷിക്കും മിത്തിനുമിടയിൽ കണ്ടെത്താവുന്ന തലമാണ്‌ ഓണത്തിന്റെ ഭാഗമായ ചില ചടങ്ങുകളും അനുഷ്‌ഠാനങ്ങളും. നായർ മുതൽ നമ്പൂതിരി വരെയുളള ഉയർന്ന ജാതിസമൂഹങ്ങളെല്ലാം അനുഷ്‌ഠിക്കുന്ന ചടങ്ങുകളാണിവ. തറവാടിന്റെയോ ഇല്ലത്തിന്റെയോ മുറ്റത്തോ ചാണകമെഴുതിയ തറയിലോ കുഴച്ച പച്ചമണ്ണുകൊണ്ട്‌ ചതുഷ്‌കോൺ ആകൃതിയിൽ ഉണ്ടാക്കി പ്രതിഷ്‌ഠിച്ച്‌ പൂജിക്കുന്ന ‘തൃക്കാക്കരപ്പൻ’ പലയിടങ്ങളിലും ഇതോടൊപ്പമോ കന്നിമാസത്തിലെ ആയില്യം-മകത്തിനോ പ്രതിഷ്‌ഠിക്കുന്ന മാത്തടിയനും മുത്തിയും-എന്നിവ കൃഷിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ട ചടങ്ങുകളാണ്‌. തൃക്കാക്കരപ്പൻ ഒരിക്കലും ഒറ്റക്കല്ല പ്രതിഷ്‌ഠിക്കപ്പെടുന്നത്‌. മൂന്നോ അഞ്ചോ ഒമ്പതോ കോണാകൃതിയിലുളള മൺരൂപങ്ങൾ ഉണ്ടാകും. തുമ്പച്ചെടി, തുളസി, പൂക്കൾ എന്നിവകൊണ്ടുളള ഒരു ‘മുടി’യും ഇവർക്കുണ്ട്‌. ഓണക്കാലമായ ചിങ്ങമാസം വിതച്ചതോ നട്ടതോ ആയ നെല്ലിന്റെയും വാഴയുടെയും മറ്റും വിത്തുകൾ മുളക്കുന്ന സമയമാണ്‌. തൃക്കാരപ്പൻ അതിനാൽ തീർച്ചയായും ഒരു സസ്യദേവൻ തന്നെ. സസ്യത്തിന്റെ മുളയുമായുണ്ടായ രൂപപരമായ സാദൃശ്യവും ഈ നിഗമനത്തിലേക്ക്‌ നയിക്കുന്നു.

മാത്തടിയൻ ശിവലിംഗരൂപത്തിലാണ്‌. മുത്തി പാർവ്വതിയാണെന്നാണ്‌ വിശ്വാസം. ഇവരോടൊപ്പം വെച്ച്‌ ആരാധിക്കപ്പെടുന്ന ചില ഗാർഹികോപകരണങ്ങൾ-ഇവ നവീന ശിലായുഗത്തിലോ ആദിമ ഇരുമ്പുയുഗത്തിലോ ഉത്ഭവിച്ച്‌ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നതായിരിക്കണം. കൗതുകകരം മാത്രമല്ല ഈ സവിശേഷസന്ദർഭത്തിൽ വ്യാഖ്യാനം സുഗമമാക്കുന്നതുകൂടിയാണ്‌. അമ്മി-അമ്മിക്കുഴ, ആട്ടുക്കല്ല്‌-കുഴ, ഉരല്‌-ഉലക്ക, ചിരവ എന്നിവയുടെ മണ്ണിലുളള ചെറിയ പ്രതിരൂപങ്ങളാണ്‌ മാത്തടിയനും മുത്തിക്കുമൊപ്പം വെച്ച്‌ ആരാധിക്കുന്നത്‌. സ്‌ത്രീ-പുരുഷ ലൈംഗികതയുടെ പ്രതീകങ്ങളാണിവയെന്നതിൽ സംശയമില്ല. ഓണത്തിന്റെ ഉർവ്വരതാ സ്വഭാവം ഇവിടെ വ്യക്തമാക്കപ്പെടുന്നു.

ഒപ്പം വെച്ച്‌ പൂജിക്കപ്പെടുന്ന കൊളുത്തിയ നിലവിളക്ക്‌ ഗണപതിയുടെ പ്രതീകമെന്നാണ്‌ അറിയപ്പെടുന്നതെങ്കിലും ആദിമഘട്ടത്തിൽ ഇത്‌ സൂര്യപ്രതീക കല്പനയായിരിക്കാനാണ്‌ സാധ്യത. അട, പഴം, ശർക്കര എന്നിവയാണ്‌ പൊതുവായ നിവേദ്യങ്ങൾ. നിറ-ഉണക്കലരിയും നെല്ലും-സമീപത്തുണ്ടാവണം. കാർഷികോൽപ്പന്നങ്ങളുടേതായ ഈ ‘നിവേദ്യം’ അർത്ഥവത്താണല്ലോ.

ഓണക്കോടി നൽകൽ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പഴയ കാലത്തുണ്ടായിരുന്ന ചില പ്രത്യേകതകൾ- കസവുകരയോ മഞ്ഞക്കരയോ ഉളള വെളളമുണ്ട്‌-ഇപ്പോഴില്ല. ഇവിടെയും സൂര്യപ്രകാശവും കോടിവസ്‌ത്രവും തമ്മിലുളള ബന്ധം കണ്ടെത്താം. തുമ്പിതുളളലും ഓണത്തല്ലുമടങ്ങുന്ന കളികളുടെയും മത്സരത്തിന്റെയും വേദിയിൽ, പ്രകൃതിയിൽ ഇക്കാലത്തുണ്ടാകുന്ന ആഹ്ലാദം മനുഷ്യരും പങ്കുവെയ്‌ക്കുന്നതായി കാണാം.

ഭാഗവതം അഷ്‌ടമസ്‌കന്ദത്തിലെ വാമനാവതാരകഥയും ഓണപ്പാട്ടുകളിലെ മാവേലിമിത്തും സമർത്ഥമായി കൂട്ടിയിണക്കിയ ഒരു കേരളീയ പുരാവൃത്തമാണ്‌ ഇന്ന്‌ സാർവ്വത്രീകമായിത്തീർന്നിട്ടുളള മഹാബലിയുടെ കഥ. ഭാഗവതത്തിലെ മഹാബലി എന്ന അസുരചക്രവർത്തി സ്വർഗ്ഗം ആക്രമിച്ച്‌ കീഴടക്കി ഇന്ദ്രനെ പുറന്തളളിയവനും ഭാർഗ്ഗവന്മാരുടെ സുഹൃത്തും നർമ്മദയുടെ വടക്കൻ തീരത്തെ ഭൃഗുകച്ഛത്തിൽ യാഗങ്ങൾ നടത്തിയവനുമാണ്‌. വൈഷ്‌ണവാവതാരമായ വാമനൻ മഹാബലിയുടെ യാഗശാലയിൽ ചെന്ന്‌ മൂന്നടിമണ്ണ്‌ യാചിച്ചതും ശുക്രാചാര്യരുടെ എതിർപ്പിനെ അവഗണിച്ച്‌ മഹാബലി അത്‌ വാഗ്‌ദാനം ചെയ്‌തതും മൂന്നാമത്തെ പാദം ബലിയുടെ ശിരസ്സിൽവെച്ച്‌ അദ്ദേഹത്തെ പാതാളത്തിലേക്ക്‌ താഴ്‌ത്തിയതും നമുക്ക്‌ പരിചിതമായ ഇതിവൃത്തമാണ്‌. ഭാഗവതത്തിലെ മഹാബലി വീണ്ടും പ്രജകളെ കാണാനായി വരുന്നില്ല. മറിച്ച്‌ വാമനന്റെ ജന്മദിനമോ അതിനടുത്ത ദിവസമോ ആണ്‌ തിരുവോണം. ഓണപ്പാട്ടിലെ മാവേലിത്തമ്പുരാന്റെ ഉയിർത്തെഴുന്നേൽപ്പ്‌ പ്രജകളുടെ ഓണാഘോഷം തുടങ്ങിയവയോട്‌ ഭാഗവതകഥ-വാമനാവതാരം-കൂട്ടിച്ചേർക്കപ്പെട്ടതാണ്‌. കേരളത്തിനുവേണ്ടി രൂപം കൊണ്ട ഈ മിത്ത്‌ പക്ഷേ അത്ര പുതിയതല്ല. ക്രിസ്‌തുവർഷം 4-​‍ാം ശതകത്തിനടുത്ത്‌ രചിക്കപ്പെട്ട മാങ്കുടിമരുതന്റെ തമിഴ്‌കൃതിയായ മധുരൈക്കാഞ്ചിയിൽ ഓണവുമായി ബന്ധപ്പെടുത്തി ഈ കഥയുടെ സൂചനയുണ്ട്‌.

കൃഷിപ്പണിയുടെ വ്യത്യസ്‌ത ഘട്ടങ്ങൾ ഈ പുരാവൃത്തവുമായി ഒത്തുപോകുന്നുണ്ട്‌. മഹാബലിയെ പാതാളത്തിലേക്ക്‌ ചവുട്ടിത്താഴ്‌ത്തിയതിനും വിത്ത്‌ നടുന്നതിനും തമ്മിലുളള സാദൃശ്യം തന്നെയാണ്‌, ബലി വർഷത്തിലൊരിക്കൽ സന്ദർശിക്കാൻ വരുന്നു എന്നതിനും വർഷത്തിലൊരിക്കൽ മുളയ്‌ക്കുന്ന ധാന്യവിത്തിനും തമ്മിൽ. സസ്യപുനർജനനത്തിന്റെ മറ്റൊരു തലത്തിലുളള ഘടനാപരമായ ആവർത്തനങ്ങളാണ്‌ തൃക്കാക്കരപ്പനിലും മഹാബലിയുടെ സന്ദർശനത്തിലും നാം കാണുന്നത്‌.

മധ്യകാല കേരളീയ സമൂഹത്തിലെ ജാതിയിൽ അധിഷ്‌ഠിതമായ മേൽകീഴ്‌സാമ്പത്തിക വ്യവസ്ഥയെ ഘടകങ്ങളായി അഴിച്ച്‌ മേൽപ്പറഞ്ഞ ഘടനയോട്‌ താരതമ്യം ചെയ്യാം. മാനുഷരെല്ലാരുമൊന്നുപോലെ ആയിരുന്ന ഭൂതകാലം മധ്യകാല കേരളീയ സമൂഹത്തിലെ ഒരു സമൂഹസ്വപ്നമായി മനസ്സിലാക്കാം. മഹാബലിയുടെ ഭരണകാലത്തിനു തുല്യം തന്നെ ഇത്‌. ഈയവസ്ഥക്കു വിരുദ്ധമായ അക്കാലത്തെ യാഥാർത്ഥ്യങ്ങൾ ഉടൻതന്നെ അഭിമുഖമായി വരുന്നു. നാടുവാഴികളും ഊരാളരും കരാളരുമാകുന്ന മേലാളർ കുടിയാരും അടിയാരും കമ്മാളരുമാകുന്ന തൊഴിൽകാരെക്കൊണ്ട്‌ കാർഷിക വിഭവോല്‌പാദനം നടത്തിയും കൈത്തൊഴിലുകൾ ചെയ്യിച്ചും അതാതിന്റെ പങ്ക്‌ സ്വീകരിച്ചുകൊണ്ട്‌ നിലനിൽക്കുന്നു. വർഷത്തിലൊരിക്കൽ വരുന്ന ഓണക്കാലം മാനുഷരെല്ലാരുമൊന്നുപോലെ ആയിരുന്ന വിദൂരഭൂതകാലത്തിന്റെ പുനർജനനമാണ്‌. സസ്യത്തിന്റെ പുനർജനനംപോലെ. മാവേലിയുടെ സന്ദർശനം പോലെ. കീഴാളർക്ക്‌ ഓണവും ഒരു ഉയിർത്തെഴുന്നേൽപ്പ്‌ തന്നെ. വർഷം മുഴുവൻ-പ്രത്യേകിച്ചും മിഥുനം-കർക്കിടകം മാസങ്ങളിൽ- നീണ്ടുനില്‌ക്കുന്ന ദുരിതങ്ങളിൽനിന്നും വറുതിയിൽനിന്നും ഉളള തൽക്കാലരക്ഷയാണത്‌. കീഴാളർ മേലാളർക്ക്‌ വെക്കുന്ന ഓണക്കാഴ്‌ചകളും-നെല്ല്‌, വാഴക്കുല, കൈത്തൊഴിൽ ഉല്‌പന്നങ്ങൾ എന്നിവ- മേലാളർ നൽകുന്ന ‘അവകാശ’ങ്ങളും - ഓണക്കോടി, ഓണസദ്യ തുടങ്ങിയവ-വിഭവങ്ങൾ പങ്കുവെയ്‌ക്കുമ്പോഴുണ്ടാകുന്ന താൽക്കാലിക തുല്യതാബോധം സൃഷ്‌ടിക്കുന്നതിനൊപ്പം തന്നെ അധികാരത്തിന്റെയും വിധേയത്വത്തിന്റെയും സൂചകങ്ങളായും മാറുന്നുണ്ട്‌.

മൂന്ന്‌

ഓണത്തെ ആധുനികവും നാഗരികവുമായ കേരളീയസമൂഹവും പരദേശ-വിദേശ മലയാളികളും ഇന്ന്‌ തിരിച്ചറിയുന്നതെങ്ങനെ എന്നാണ്‌ നമുക്കിനി പരിശോധിക്കാനുളളത്‌.

മാവേലി നാടുവാണീടും കാലമെന്ന സമൂഹസ്വപ്‌നം ഇന്നത്തെ നാഗരികനായ മലയാളിക്ക്‌ ഭൂതകാല ഗ്രാമീണ സമൃദ്ധിയെപ്പറ്റിയുളള വിശ്വാസമായി രൂപം മാറുന്നുണ്ട്‌. പരദേശമലയാളികൾക്കാകട്ടെ കേരളത്തനിമയെപ്പറ്റിയുളള ഉർവ്വരമായ ഓർമ്മകളായി ഇത്‌ അനുഭവപ്പെടുന്നു. ഭരണകൂടവും സമ്പന്നരും ചേർന്ന്‌ സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളുടെമേൽ ചെലുത്തുന്ന അധികാരം വാമനൻ മഹാബലിയെ ചവുട്ടിത്താഴ്‌ത്തിയതുമായി ചേർത്തുവെക്കാം. വാമനസ്വരൂപമാർന്നു നിൽക്കുന്ന അധികാരരാഷ്‌ട്രീയ സമ്പദ്‌വ്യവസ്ഥക്ക്‌ കീഴ്‌പെട്ട്‌ സാധാരണക്കാരന്റേയും ദരിദ്രന്റേയും ശിരസ്സ്‌ കുനിഞ്ഞുതാഴുന്നത്‌ നമുക്ക്‌ ദൃശ്യവൽക്കരിക്കാൻ കഴിയും. പരദേശ മലയാളികൾക്കാണെങ്കിൽ നാട്ടിൽ നിന്നുളള അകൽച്ചയും സ്വത്വബോധം മറയ്‌ക്കുന്ന വിദേശ പരിതഃസ്ഥിതിയും ആണ്‌ ഈ സ്ഥാനത്ത്‌ അനുഭവപ്പെടുന്നത്‌.

ഓണക്കാലം അധികാരസമ്പദ്‌വ്യവസ്ഥയിൽനിന്നുളള താൽക്കാലിക മോചനമാണ്‌ എന്നുപറയുന്നത്‌ ഭാഗികവും ദുർബ്ബലവുമായ ഒരു സത്യം മാത്രമേ ആകുന്നുളളു. ഇന്ന്‌ നമുക്ക്‌ ഓണം അവധിക്കാലമായും ഓണം ബോണസ്സായും തുണിത്തരങ്ങളുടെ റിബേറ്റ്‌ ആയും ഓണച്ചന്തയായും ഓണം ബംബർ ആയും പൂക്കളമത്സരമായും ആഘോഷിക്കപ്പെടുന്നുവെങ്കിലും ഇതെല്ലാം ഉപഭോക്തൃസമ്പദ്‌വ്യവസ്ഥയുടെ കാൽച്ചുവട്ടിൽ ശിരസ്സുകുനിച്ചുളള ഇരിപ്പുതന്നെയാണ്‌. സാധാരണക്കാർ ഉപഭോഗവസ്‌തുക്കൾ വാങ്ങിക്കൂട്ടുന്നതിലൂടെ സമ്പന്നർക്ക്‌ ലഭിക്കുന്ന ലാഭം തന്നെയാണവരുടെ ഓണക്കാഴ്‌ച. കൈക്കൂലിയുടെ മറ്റൊരു രൂപമായി പഴയ ഓണക്കാഴ്‌ച ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്‌. പരദേശമലയാളികളുടെ കാര്യത്തിൽ ഒത്തുകൂടുന്നതിനും വസ്‌ത്രധാരണം, പൂക്കളം, ഓണസദ്യ, കലാമത്സരങ്ങൾ എന്നിവയിലൂടെ കേരളീയത പരസ്‌പരം പങ്കുവെയ്‌ക്കാനുളള അവസരമാണ്‌ ഓണം. ചിലർക്ക്‌ ഓണം നാട്ടിലേക്കുളള സാങ്കല്‌പികമോ യഥാർത്ഥമോ ആയ മടക്കമായും അനുഭവപ്പെട്ടേക്കാം.

നിഗമനങ്ങൾ

1. ഓണാഘോഷത്തിന്റെ ഉല്‌പത്തി കാർഷികസമൂഹങ്ങളും കാർഷികവിദ്യയും വ്യാപിക്കുന്നതിനുമുമ്പേ സൂര്യനും കാലാവസ്ഥയും സസ്യവളർച്ചയുമായി ബന്ധപ്പെട്ടായിരിക്കണം. പക്ഷേ ഇന്നത്തെ ഓണത്തിൽ നിന്നും വ്യത്യസ്‌തമായ ഒന്നായിരുന്നിരിക്കാം അത്‌. വാമനൻ എന്ന ഘടകത്തിന്റെ അഭാവം ശ്രദ്ധേയമാണ്‌.

2. വാമനൻ വരുന്നത്‌ കാർഷിക പ്രകൃതിയുമായി ബന്ധപ്പെട്ടാണ്‌. ഒരുപക്ഷെ വാമനന്‌ കേരളീയമായ ഒരു ആദിരൂപം ഉണ്ടോ എന്നറിയില്ല. ഇന്ന്‌ അറിയപ്പെടുന്ന വാമനൻ ബ്രാഹ്‌മണവൽകൃതമായ സങ്കല്പമാണ്‌. ബ്രാഹ്‌മണവൽക്കരണത്തിന്റെ ഏറ്റവും ആദിമഘട്ടത്തിൽ തന്നെ കേരളത്തിലത്‌ എത്തിയിരിക്കണം.

3. ഇന്നലെയുണ്ടായിരുന്ന ഓണാഘോഷത്തിന്റെ ഘടനക്ക്‌ കാർഷികവൃത്തിയുമായിട്ടാണ്‌ വ്യക്തമായ സമാനതയുളളത്‌. അതിനാൽ ഓണം ഒരു കാർഷികാഘോഷമായിരുന്നു എന്നുപറയുന്നതിൽ തെറ്റില്ല.

4. ഓണാഘോഷത്തിന്റെ വ്യാപ്‌തിക്കും ജനകീയതക്കും അടിസ്ഥാനകാരണം കേരളത്തിന്റെ കാലാവസ്ഥ, സസ്യവളർച്ച, കൃഷിരീതികൾ, കാർഷികബന്ധങ്ങൾ, എന്നിവയുടെ ഘടനയുമായി ഓണത്തിന്റെ മിത്തിനും ചടങ്ങുകൾക്കുമുളള സമാനതയാണ്‌.

5. ആധുനികകാലത്ത്‌ ഓണത്തിന്റെ ഘടന വെച്ചുമാറിയ രൂപത്തിൽ നിലനിൽക്കുന്നു. ഇന്നത്തെ കച്ചവടസമൂഹത്തിന്റെ സ്വാധീനം ഓണാഘോഷത്തിന്റെ എല്ലാ ഘടകങ്ങളിലും വ്യക്തമാണ്‌.

രഞ്ജിത്ത്‌. പി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.