പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഗോതുരുത്തിന്റെ ചവിട്ടുനാടകക്കാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തമ്പി പയ്യപ്പിളളി

ലേഖനം

ചെറുപ്പം മുതൽക്കേ, ചവിട്ടുനാടകം പഠിപ്പിക്കുന്ന ആശാന്മാരുടെ കളരികളിൽ പോയി നോക്കി നില്‌ക്കുമായിരുന്നു. അതിലെ ആടയാഭരണങ്ങളും താളവും ആട്ടവുമെല്ലാം അന്നേ എന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു.

പയ്യപ്പിളളി പാപ്പു എന്നായിരുന്നു എന്റെ അപ്പന്റെ പേര്‌, അദ്ദേഹവും ഈ കലയുമായി ഏറെ അടുപ്പമുളള ആളായിരുന്നു. എന്നെ ചവിട്ടുനാടകം പഠിപ്പിക്കുന്നതിൽ അപ്പനോ അമ്മച്ചി ക്കോ എതിർപ്പില്ലായിരുന്നു. അങ്ങിനെയാണ്‌ പതിനെട്ടാമത്തെ വയസ്സിൽ പ്രശസ്ത ചവിട്ടുനാടക ആചാര്യനായ ജോർജുകുട്ടി ആശാന്റെ കീഴിൽ ഈ കല അഭ്യസിക്കാൻ തുടങ്ങിയത്‌.

1984-ലാണ്‌ എന്റെ അരങ്ങേറ്റം, സത്യപാലൻ എന്ന ആ നാടകത്തിൽ താരോർ രാജാവിന്റെ ഭടനായും, വിറകുവെട്ടി യുടെ മകനായും ഡബിൾ റോളിലായിരുന്നു ആദ്യ പ്രകടനം.

എന്റെ നാട്‌ വടക്കൻ പറവൂരിനടുത്തുളള ഗോതുരുത്താണ്‌. ചവിട്ടുനാടക പ്രസ്ഥാനത്തിന്റെ കേന്ദ്രം എന്നുതന്നെ പറയാം. ഇവിടെ ഒരുപാട്‌ ആശാന്മാർ ഉണ്ടായിരുന്നു. പൗലോസ്‌ ആശാന്റെ ഹാർമോണിസ്‌റ്റ്‌ ഭാഗവതർ, പത്രോസ്‌ ആശാൻ, എന്റെ ആശാനായ ജോർജു കുട്ടി ആശാൻ അങ്ങിനെ ഒരുപാട്‌ പേർ. മട്ടാഞ്ചേരിയാണ്‌ ഈ കലാരൂപത്തിന്റെ വളർച്ചയ്‌ക്ക്‌ ഏറ്റവും കൂടുതൽ സഹായകരമായ സ്ഥലമെങ്കിലും, ഒരു ദ്വീപി ന്റെ പരിമിതികളും, ഗ്രാമീണതയും ഒത്തുച്ചേർന്ന ഗോതുരു ത്താണ്‌ ഈ കലയെ ഏറ്റവും ആത്മാർത്ഥമായി സ്‌നേഹിച്ച തെന്നു പറയാം.

ഏതാണ്ട്‌ 1950-52 കാലത്ത്‌ സെബീന റാഫി ടീച്ചറിന്റെ നേതൃത്വത്തിലാണ്‌ ഈ പ്രസ്ഥാനം ഇവിടെ വളരുവാൻ തുടങ്ങിയത്‌. പിന്നീട്‌ ചവിട്ടുനാടകത്തെ ഗോതുരുത്തിലെ കലാകാ രൻമാർ പാരമ്പര്യമായി കൈമാറിക്കൊണ്ടിരുന്നു. പക്ഷെ ഇന്ന്‌ സ്ഥിതി കുറച്ച്‌ പരിതാപകരമാണ്‌.

ഈ ദ്വീപ്‌ ഗ്രാമത്തിലെ കളിക്കാരും ആശാൻമാരും, പണ്ട്‌ കയറുപിരിച്ചും, മീൻ പിടിച്ചും അത്‌ വിറ്റും ജീവിച്ചിരുന്നവരാണ്‌. അസ്സൽ കൂലിപ്പ ണിക്കാർ തന്നെ. അവരുടെ ജീവിതത്തിന്‌ ഈ കലകൊണ്ട്‌ യാതൊരു ഗുണവും ഉണ്ടായിട്ടില്ല. എങ്കിലും ഈ കലയോടുളള അവരുടെ ആത്മബന്ധം വളരെ വലുതാ യിരുന്നു. ഇപ്പോ തന്നെ ഈ നാട്ടിലെ ച വിട്ടുനാടകക്കാർക്കെല്ലാം അവരുടെ പേരിനൊപ്പം അവർ അവതരിപ്പിച്ച കഥാപാത്ര ങ്ങളുടെ പേരുകളും വിളിക്കും. ചെകുത്താനായി അഭിനയിച്ച തൊമ്മനെ ചെകുത്താൻ തൊമ്മനെന്നും, മന്ത്രിയായി സ്ഥിരമായി അഭി നയിച്ച മിഖായേലിനെ മന്ത്രി മിഖായേലെ ന്നുമൊക്കെയാകും വിളിക്കുന്നത്‌. ഇത്‌ ഒരു നാട്‌ ഈ കലയെ എത്രത്തോളം ഉൾക്കൊ ണ്ടിരുന്നു എന്നതിന്റെ തെളിവാണ്‌.

പക്ഷെ ഇന്ന്‌ അവസ്ഥയൊക്കെ മാറി, ചെറുപ്പക്കാർ പലരും ഈ രംഗത്തേക്ക്‌ കട ന്നുവരുവാൻ മടിക്കുകയാണ്‌. അതുകൊണ്ടു തന്നെ ചവിട്ടുനാടകത്തിന്റെ പാട്ടുകളും താ ളങ്ങളും ചുവടുകളും കവിത്തങ്ങളും കലാശ ങ്ങളുമൊക്കെ കൈമോശം വന്നുകൊണ്ടി രിക്കുകയാണ്‌. ഇത്‌ ക്രൈസ്തവ മതവുമായി ബന്ധപ്പെട്ട്‌ ഉണ്ടായ കലാരൂപമാണന്ന്‌ എല്ലാവർക്കുമറിയാം. എങ്കിലും ഇതിന്റെ വളർച്ചയ്‌ക്കായി സഭാ മേലധികാരികളുടെ ഭാഗത്തുനിന്നും യാതൊരു സഹായവും ഉണ്ടാകുന്നില്ല. ചരിത്രത്തിൽ കുറിച്ചിട്ട ഈ കലാരൂപത്തിന്റെ ഗതികേടിൽ മനംനൊ ന്താണ്‌ ഞങ്ങളെല്ലാ വരും കൂടി യുവജന ചവിട്ടു നാടക കലാസമിതി രൂപീകരിച്ചത്‌. ഇതിൽ കുറെ ചെറുപ്പക്കാരും പഴയ ആശാൻമാരും സഹകരിക്കുകയും ചെയ്‌തു. അ ങ്ങിനെ ഞങ്ങൾ യാക്കോബിന്റെ മക്കളും കാറൽസ്‌മാനും അടക്കം പല നാടകങ്ങളും ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. നാടകപ്രേമി കളിൽ നിന്നും വളരെ നല്ല പ്രതികരണമാണ്‌ കിട്ടിയത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങ ളിലായി ഒട്ടേറെ വേദികളിൽ ഞങ്ങൾ നാടകം അവതരിപ്പിക്കുന്നു.

ചവിട്ടു നാടകത്തിന്റെ ശാസ്‌ത്രീയമായ വിശകലനം നടത്തുന്നതിനായി ചെറുപുഷ്പം മാസികയിലൂടെ ഒരു ലേഖനപരമ്പര തന്നെ തയ്യാറാക്കുന്നുണ്ട്‌. ഇത്‌ ഒരു ക്രിസ്തീയ കലാ രൂപം എന്നതിലുപരി ഒരു നാടിന്റെ സ്പന്ദന ങ്ങൾ അറിഞ്ഞ ഒന്നാണെന്ന തിരിച്ചറിവിൽ കുറച്ചു പരീക്ഷണങ്ങൾ കൂടി നടത്താൻ ഞങ്ങൾ തയ്യാറാകുകയാണ്‌. ശ്രീ അയ്യപ്പചരിതം ചവിട്ടുനാടകരൂപത്തിൽ അവതരിപ്പി ക്കാനുളള തയ്യാറെടുപ്പിലാണ്‌ ഞങ്ങൾ. അ തിന്റെ ചുവടി (സ്‌ക്രിപ്‌റ്റ്‌) തയ്യാറായി കഴി ഞ്ഞു. ഇത്‌ ഈ രംഗത്ത്‌ വലിയൊരു മാറ്റത്തി ന്‌ തുടക്കം കുറിക്കുമെന്നാണ്‌ പ്രതീക്ഷ.

ഈ നാടകരൂപത്തെക്കുറിച്ച്‌ കൂടുതൽ പഠനങ്ങളും മറ്റും വരണമെന്നാണ്‌ ഞങ്ങ ളുടെ ആഗ്രഹം. ഒരു കല നശിക്കുമ്പോൾ ഒരു സംസ്‌കാരം തന്നെ നശിച്ചുപോകും എന്നതാണ്‌ ശരി. ചെന്തമിഴിൽ പാടി ആടു ന്ന ഈ കലാരൂപം നമ്മൾ അറിയുന്നതി നേക്കാളേറെ ആഴത്തിലും പരപ്പിലും ചരി ത്രത്തിൽ അടയാളങ്ങൾ നല്‌കിയിട്ടുണ്ട്‌ എന്നതാണ്‌ സത്യം.

തമ്പി പയ്യപ്പിളളി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.