പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

എന്നെ തഴുകി വരുന്ന ഒരു ഓണക്കാലത്തിന്റെ ഓർമ്മ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.പി.എ.കാസിം

ലേഖനം

കേരളീയർക്ക്‌ ആഘോഷങ്ങൾ പലതുണ്ടെങ്കിലും കാലാവസ്ഥ മാറ്റം അറിയിച്ചുകൊണ്ട്‌ വരുന്ന രണ്ട്‌ പ്രധാന ഉത്സവമാണ്‌ ഓണവും വിഷുവും. ഓണം കഴിഞ്ഞാൽ നേരം വെളുത്തു വിഷു കഴിഞ്ഞാൽ നേരം കറുത്തു എന്ന്‌ പഴമക്കാർ പറഞ്ഞുവന്നിരുന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്നുണർത്തുന്നത്‌ ഈ ഉത്സവത്തനിമയാണ്‌.

ഇരുണ്ട കാലത്തിലേക്കുളള പ്രയാണത്തെ അറിയിച്ചു വരുന്ന വിഷുവിനെക്കാളും എന്റെ മനസ്സിനെ തരളിതമാക്കിയിരുന്നത്‌ വെളുത്ത കാലത്തിന്റെ സൂചകമായി വരുന്ന ഓണമാണ്‌. മാനം മേഘക്കസവു നെയ്യുന്ന കാലം. ഭൂമി വർണ്ണക്കുപ്പായമണിയുന്ന കാലം. പക്ഷേ, വിധി വൈപരീത്യമെന്നു പറയാം എനിക്ക്‌ ആ കാലം ഏറെ ആസ്വദിക്കാൻ കഴിയാതെ പോയി. ഗൾഫിൽ ഇപ്പോൾ വിഷുവുണ്ട്‌, ഓണമുണ്ട്‌. ഓണക്കളം വരച്ചും സദ്യയുണ്ടും, കണികണ്ടും ആഘോഷം തട്ടുതകർപ്പൻ ആക്കാം. പക്ഷേ, ഭൂപ്രകൃതിയുടെ ഇടപെടൽ ഇല്ലായ്‌മ മൂലം തനിമ നഷ്‌ടപ്പെടുന്നു. ഇതൊന്നുമല്ലാതെ, ഓണക്കാലം ആഗതമാവുമ്പോൾ എന്റെ മനസ്സിൽ ഒരോർമ്മ തഴുകിയെത്താറുണ്ട്‌. അത്‌ ഓണപ്പൊട്ടന്റേതല്ല. ചിങ്ങത്തിൽ ചിനുങ്ങിച്ചിനുങ്ങി പെയ്യുന്ന വെളളിമഴയുടേതല്ല. പൊൻവെയിലിന്റേതല്ല.

ഹൈസ്‌ക്കൂളിൽ ഏത്‌ ക്ലാസ്സിലാണെന്നോർമ്മയില്ല. ഹിന്ദി മാഷ്‌ ക്ലാസ്സെടുക്കുന്നു. ചിരി ഘോരഘോരം മുഴങ്ങി. ‘കോയി’ എന്ന പദം ആരോ ഉപയോഗിച്ചതാണ്‌ കാരണം. മലബാർ ഭാഗത്ത്‌ കോഴിയെ കോയി എന്നാണ്‌ ഉച്ചരിക്കാറുളളത്‌. ആ അർത്ഥത്തിൽ ഹിന്ദി മാഷെ ‘കോയി ബാലൻ മാഷ്‌’ എന്ന്‌ വിദ്യാർത്ഥികൾ വിളിച്ചിരുന്നു. മലയാളം വാദ്ധ്യാർക്കും ഇങ്ങനെ ഓരോ പേരുണ്ട്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ചെയ്‌തുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക്‌ വാദ്ധ്യാന്മാരുടെ വേഷവും മട്ടും രസിക്കാത്തതുകൊണ്ടാവാം അവർ ഇങ്ങനെ ഓരോ പരിഹാസപ്പേർ നൽകിക്കൊണ്ടിരുന്നതെന്നും ഊഹിക്കാവുന്നതാണ്‌.

ബാലൻ മാഷ്‌ കൈചൂണ്ടി എന്നോട്‌ എഴുന്നേറ്റ്‌ നിൽക്കാൻ പറഞ്ഞു. എന്റെ നിരപരാധിത്വം എന്നെ അന്ധാളിപ്പിച്ചു. മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ ഒരുപാട്‌ കണ്ണുകൾ എന്നിൽ തറച്ചു. അവർ എന്റെ നിരപരാധിത്വം മാഷെ അറിയിച്ചെങ്കിലും. ഇവൻ തന്നെയാണ്‌ കലാപകാരിയെന്ന്‌ തനിക്ക്‌ നന്നായി അറിയാമെന്നും അഞ്ചാം ക്ലാസ്സിൽ നിന്നുതന്നെ താൻ അത്‌ മനസ്സിലാക്കിയിട്ടുണ്ടെന്നും മാഷ്‌ അവരെ ബോധ്യപ്പെടുത്തി.

എന്റെ ഓർമ്മ അഞ്ചാം ക്ലാസ്സിലേക്ക്‌ കടന്നു. സചീന്ദ്രൻ നന്നായി പഠിക്കുന്ന വിദ്യാർത്ഥി. അവൻ മുന്നിലത്തെ ബെഞ്ചിലാണ്‌ ഇരിക്കുക. കൊച്ചു പയ്യൻ. നീളം കൂടുതൽ ഉളളവനും അവനെക്കാൾ ഓന്നോ രണ്ടോ വയസ്സ്‌ അധികമുളളവനുമായ ഞാൻ ചില മരമണ്ടന്മാരോടൊപ്പം പിന്നിലത്തെ സീറ്റിലും. സചീന്ദ്രൻ എന്നും ഒന്നാമനാണെങ്കിൽ രണ്ടോ മൂന്നോ റാങ്കിൽ കവിഞ്ഞിട്ട്‌ ഞാൻ പിന്നോട്ട്‌ പോകാറില്ല. ഒരു ദിവസം ബാലൻമാഷ്‌ സചീന്ദ്രനെ വാരി ആശ്ലേഷചുംബനങ്ങൾ നല്‌കുന്നത്‌ കണ്ടിട്ട്‌ ഹാരിസ്‌ കലാപക്കൊടിയുയർത്തി. സംഗതി പ്രധാന അദ്ധ്യാപകന്റെ ചെവിട്ടിലെത്തി. അദ്ധ്യാപകനെ വിളിപ്പിച്ച്‌ താക്കീത്‌ നൽകി. പക്ഷേ, എന്തിനും കലാപക്കൊടി ഉയർത്തുന്ന ഹാരിസ്‌ പിന്നെ ഹൈസ്‌ക്കൂളിന്റെ പടി ചവിട്ടാൻ കഴിയാതെ പളളിക്കൂടത്തോട്‌ വിട പറയുകയായിരുന്നു. ഹാരിസിന്റെ മനസ്സിൽ എന്നും പുകയായിരുന്നു. എന്തിനും എരിയുന്ന പുക.

അങ്ങനെ, ഒരു തെറ്റിദ്ധാരണയിൽ ബാലൻ മാഷ്‌ എന്നെ ക്ലാസ്സിൽ നിന്ന്‌ പുറത്താക്കി. ആദ്യത്തെ പുറത്താക്കലിന്റെ അസ്വസ്ഥയിൽ ക്ലാസ്സിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ അതാ വരുന്നു എനിക്ക്‌ പിന്നാലെ പിൻബഞ്ചിലിരുന്നിരുന്ന എന്റെ സഹപാഠികൾ-കനകൻ, ജനാർദ്ദനൻ, മുസ്തഫ, ശിവദാസ്‌.

കനകൻ ചിലപ്പോഴൊക്കെ തമാശകൾ പറഞ്ഞ്‌ സ്വയം ചിരിക്കുന്ന കുഴപ്പക്കാരനല്ലാത്തവൻ.

ജനാർദ്ധനൻ മറ്റുളളവരുടെ മേലിൽ രസത്തിനു കയ്യാങ്കളി കളിച്ച്‌ ആനന്ദം അനുഭവിക്കുന്നവൻ.

മുസ്തഫ വൾഗർ കോമാളിത്തം കാണിച്ച്‌ സഹപാഠികളെ കൈയിലെടുക്കുന്നവൻ.

പ്രസംഗകനായ ശിവദാസ്‌ കുഞ്ചൻ നമ്പ്യാരുടെ പദ്യ ശകലങ്ങൾ ചൊല്ലി വിദ്യാർത്ഥികളെ രസിപ്പിച്ചുകൊണ്ടിരുന്നു.

ഇവർക്കെല്ലാം ഞാൻ ഒരു പാട്ടുകാരൻ, വരയ്‌ക്കുന്നവൻ.

ഞങ്ങൾ അഞ്ചംഗ സംഘം ഴാന്താർക്കിന്റെയും മറിയാന്നിന്റെയും പ്രതിമകൾ നോക്കി ചബോക്ക്‌ മരത്തിന്റെ തണലിൽ ശീൽക്കാര കാറ്റേറ്റ്‌ പാതാറിൽ ഇരുന്നു. എന്നും പാതാറിന്റെ കൂട്ടായിരുന്ന കുഞ്ഞിത്തല രവി പതാറിൽ ചുറ്റി നടക്കുന്നുണ്ടായിരുന്നു. പാതാർ രവിയുടെതാണ്‌. രവി പാതാറിന്റെതാണ്‌. പാതാറിൽ വരുന്നവർ അവനെ വിളിച്ച്‌ ‘കുരങ്ങുകളി’ കളിപ്പിച്ച്‌ സമയം കൊല്ലും. പിന്നെ, വിട പറഞ്ഞ പരന്ത്രീസ്സുകാരുടെ ഓർമ്മയിൽ അവരുടെ കാസത്തൊപ്പിയും കോട്ടും കാൽശരായിയും ധരിച്ച്‌ എപ്പോഴും പുഴയിൽ ചൂണ്ടയിട്ട്‌ മീൻ പിടിച്ചുകൊണ്ടിരിക്കുന്ന നാടൻ സായിപ്പും പാതാറിൽ വന്നിരിക്കുന്നവർക്ക്‌ മറ്റൊരു കാഴ്‌ചയാകുന്നു.

രവി ഞങ്ങളുടെ കൂടെ പഠിക്കുന്ന മിത്രന്റെ ഏട്ടൻ. ഒരു സാധാരണ മനുഷ്യനേക്കാളും ചെറിയ തലയുളള, വളർച്ച മുരടിച്ച ഒരു യുവാവ്‌. ഞങ്ങൾ അവനെ അടുത്തു വിളിച്ച്‌ കുശലം പറഞ്ഞു. ഒടുവിൽ, മുസ്തഫ ആവശ്യപ്പെട്ട മാത്രയിൽ അവൻ നിക്കർ അഴിച്ച്‌ ഒരു സങ്കോചവുമില്ലാതെ അവന്റെ ഗുഹ്യപ്രദേശം വെളിയിലാക്കി. പലരും അവനെക്കൊണ്ട്‌ ചെയ്യിക്കുന്ന പണി. പക്ഷേ, അവനില്ലാത്തത്‌ ഞങ്ങൾക്കില്ലായിരുന്നു. ഞങ്ങൾക്കില്ലാത്തത്‌ അവനുമില്ലായിരുന്നു. അല്ലെങ്കിൽ, അവനുളളതേ ഞങ്ങൾക്കുണ്ടായിരുന്നുളളൂ; ഞങ്ങൾക്കുളളതേ അവനുമുണ്ടായിരുന്നുളളൂ എന്ന്‌ ഞങ്ങൾ അറിഞ്ഞു. പിന്നെ കൊച്ചു കല്ലുകളെടുത്ത്‌ മയ്യഴിപ്പുഴയുടെ ഓളങ്ങളിലേക്കെറിഞ്ഞു. അറബിക്കടലിൽ നിന്ന്‌ മയ്യഴിപ്പുഴയിൽ കൂടി മലക്കം മറിഞ്ഞ്‌ ഗമിക്കുന്ന ഏടിയെ നോക്കി രസം പറഞ്ഞു. മൂപ്പൻ സായിപ്പിന്റെ കുന്നിന്മേൽ ചെന്ന്‌ കോയ്യോത്തി പൂക്കൾ പെറുക്കി. കുന്നിന്മേലാണ്‌ പെൺകുട്ടികളുടെ സ്‌കൂൾ. അതൊരു വിഭജനത്തിന്റെ ഓർമ്മ മനസ്സിൽ കൊണ്ടിട്ടു. മാഹെദെ ലബൂർദനെ കോലീജിൽ നിന്ന്‌ പെൺകുട്ടികളെ വേർപ്പെടുത്തി ഗേൾസ്‌ ഹൈസ്‌ക്കൂൾ എന്ന കെട്ടിടത്തിലേക്ക്‌ മാറ്റപ്പെട്ടതിന്റെ കഥ പറയുകയായിരുന്നു മുകുന്ദൻ പിന്നീട്‌ ‘വിഭജനം’ എന്ന ശീർഷകത്തിൽ എഴുതിയ കഥയിൽ കൂടി.

തിര അലതല്ലുന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഇറങ്ങി വന്ന്‌ പിന്നെയും പാതാർ കടന്ന്‌ പബ്ലിക്ക്‌ ലൈബ്രറിയിൽ ചെന്നു. മേശമേൽ നിരത്തിയിട്ടിരുന്ന പത്രങ്ങൾ അലസം വായിച്ചു. അപ്പോൾ, കുറച്ചു കൊച്ചു പെൺകുട്ടികൾ ലൈബ്രറിയുടെ മുകളിൽ നിന്ന്‌ ഏണിപ്പടികൾ ഇറങ്ങി വരുന്നതു കണ്ടു. അവർ ആരെയോ പ്രതീക്ഷിക്കുന്നതായി തോന്നി. ഞങ്ങൾ ഏണിപ്പടികൾ കയറി മുകളിലേക്ക്‌ ചെന്നു. അതൊരു മൂന്നാം ക്ലാസാണ്‌. മുകുന്ദന്റെ കഥയിലെ മഞ്ഞച്ചായം തേച്ച കെട്ടിടം ഉടച്ച്‌ പുതിയ കെട്ടിടം തുടങ്ങാനുളള പദ്ധതിയിൽ ലബുർദാനെയുടെ ഭാഗമായ ‘അനെക്‌സ്‌’ കെട്ടിടത്തിൽ ഹൈസ്‌​‍്‌ക്കൂൾ പ്രവർത്തിക്കുകയും അനെക്‌സിലെ കൊച്ചു ക്ലാസുകൾ അടുത്തുളള എക്കോൽ ദ ഫീ (പെൺകുട്ടികളുടെ ഫ്രഞ്ച്‌ സ്‌ക്കൂൾ)യിലേക്ക്‌ മാറ്റുകയും ചെയ്‌തിരുന്നു. കുട്ടികളുടെ കൈകളിൽ ടിന്നിലും സഞ്ചിയിലുമായി കൊണ്ടുവന്ന പൂക്കൾ. ഞങ്ങൾ അവർ കേൾക്കെ, അവരെ നോക്കി പൂവേ പൊലി പാടി. തൃക്കാക്കര പൂവില്ലാഞ്ഞ്‌ തിരുനക്കരെ പൂവില്ലാഞ്ഞ്‌ മയ്യഴിയുടെ അതിരു കടന്ന്‌ പൂ പെറുക്കി നടന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നല്ലോ.

പൂക്കൾ കൊണ്ട്‌ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന കുട്ടികളെ ഞങ്ങൾ സഹായിക്കാമെന്നേറ്റു. ടാഗോറിന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ ചിത്രം വരച്ച്‌ സമ്മാനം വാങ്ങിയ എന്നെ കുട്ടികൾക്ക്‌ എന്തെങ്കിലും വരച്ചു കൊടുക്കാൻ കൂട്ടുകാർ നിയോഗിച്ചു. കനകൻ പറഞ്ഞു. ങാ, ടാഗോറിനെ തന്നെ വരക്ക്‌.

വേണ്ട, കണ്ണടയിട്ട ഗാന്ധിജിയെ വരക്ക്‌-ശിവദാസൻ

രണ്ടും വേണ്ട, രവിയുടെ നഗ്നത വരക്ക്‌ - മുസ്തഫ

ഓണപ്പൊലിമയ്‌ക്ക്‌ ഇപ്പറഞ്ഞതൊന്നും ശരിയാവില്ല എന്ന എന്റെ ചിന്തയിൽ പെട്ടെന്നുദിച്ചത്‌ ഒരു നിലവിളക്കായിരുന്നു. കുട്ടികളിൽ നിന്ന്‌ ചോക്ക്‌ വാങ്ങി അതു ഞാൻ നിലത്തു വരച്ചു.

കുട്ടികൾ പൂവിട്ടു. ചില തിരുത്തലുകൾ മാത്രം ഞങ്ങൾ നടത്തി.

സ്‌കൂളിൽ നിന്ന്‌ ബെല്ലടി മുഴങ്ങി. ഇന്റർവെല്ലിനുശേഷം അടുത്ത പിരീയഡിന്റെ ഊഴമായി. ഞങ്ങൾ ക്ലാസിലേക്ക്‌ കടന്നു.

പൂക്കളത്തിനു കുട്ടികൾക്ക്‌ മൂന്നാം സമ്മാനം കിട്ടി. കുട്ടികൾ ഞങ്ങൾക്ക്‌ മിഠായി തന്നു.

ഇന്നും ഓണക്കാലം വരുമ്പോൾ ആ കൊച്ചുകുട്ടികളുടെ മുഖം എന്നിൽ തെളിഞ്ഞുവരും അവരുടെ മന്ദസ്‌മിതം. അവരുടെ കുട്ടിത്തം. അവരുടെ സ്‌നേഹവായ്‌പ്‌. ഗൾഫിലെ പൊന്നുരുകും വെയിലുമപ്പോൾ കുളിർ ചൊരിയും ഓണനിലാവായി മാറുന്നു.

എം.പി.എ.കാസിം

വിലാസം

എം.പി.എ.കാസിം,

ചാലിൽ ഹൗസ്‌,

ചൊമ്പള പി.ഒ.

673 308
Phone: 0091 496 3890
E-Mail: mpakasim@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.