പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന്....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
യു.എൻ. ഗോപിനായർ

നമ്മുടെ നാടിന്റെ പുരോഗതിയാകേണ്ട അജണ്ട മുന്നില്‍ കിടന്നിട്ടാണ് പ്രവാസി നിക്ഷേപകരെ തേടി കോടികള്‍ ചിലവാക്കി കേരളമന്ത്രിമാരും പരിവാരങ്ങളും ധൂര്‍ത്തടിക്കുന്നത്. വിദേശമലയാളികള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങളില്‍ നിന്ന് വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും അതിനെ മാറ്റി മറിക്കുന്ന സ്വര്‍ണ്ണ ഖനിയുണ്ട് കേരളത്തില്‍.

നമ്മുടെ കല്പ്പവൃക്ഷമായ തെങ്ങ് ഇന്‍ഡ്യയില്‍ നിന്നും ഏറ്റവും കൂടുതലായി കേരളത്തില്‍ ഉണ്ടായിട്ടും അതിനെ മുതലാക്കാത്തതാണ് കേരളത്തിന്റെ തീരാശാപം. നരച്ച താടിയും ജട പിടിച്ച മുടിയുമായി കട്ടന്‍ ചായ കുടിച്ചും ബീഡി പുകച്ചും നോക്കു കൂലിക്കു വേണ്ടി തോറ്റ വിപ്ലവങ്ങളുടെ കണക്കുകൂട്ടലുകള്‍ ഒരു വശത്ത്. സോളാര്‍ പാനലും സ്ത്രീവിഷയങ്ങളുമായി കോടികള്‍ കത്തിച്ചു കളഞ്ഞ വെള്ള ഖദര്‍ധാരികള്‍ മറുവശത്ത്. ഇവര്‍ ഇങ്ങനെ അടിപിടി കൂടി സമയം കളയുമ്പോള്‍ നമ്മുടെ തെങ്ങിന്റെ വില നമ്മള്‍ മനസിലാക്കേണ്ടത് ഇന്‍ഡോനേഷ്യ, ഫിലിപ്പെന്‍സ്, തായ് ലന്റ് ശ്രീലങ്ക, മലേഷ്യ, വിയറ്റ്നാം മുതലായ രാജ്യങ്ങള്‍ കേരോത്പന്നങ്ങള്‍ കൊണ്ട് കോടികളുടെ കയറ്റു മതി ചെയ്ത് ആ രാജ്യത്തെ രക്ഷിച്ചു നിറുത്തുന്നു. വര്‍ഷങ്ങളായി പരീക്ഷണം നടത്താതെ തെങ്ങിന്റെ നീരയെ കള്ളായി വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കി ഖദര്‍ധാരികള്‍ ജനമനസ്സുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. നീര പുളിപ്പിച്ച് ഉണ്ടാക്കുന്ന ഉല്പ്പന്നമാണ് കള്ള്. പാല്‍ പുളിച്ച് തൈര് ഉണ്ടാകുന്നതുപോലെ നീരയില്‍ മദ്യത്തിന്റെ അംശം പോലുമില്ലെന്ന് ലോക രാഷ്ട്രങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തിനു ഗുണപ്രദമായ ഒട്ടേറെ പോഷകഘടകങ്ങള്‍ നീരയിലുണ്ട്. കൂടാതെ അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, കാല്‍സ്യം , അയേണ്‍, പെട്ടാസ്യം, സോഡിയം ഇവയെല്ലാം നീരയില്‍ അതിസമ്പന്നമാണ്. കേര ശര്‍ക്കര, പഞ്ചസാര, സിറപ്പ്, വിനാഗിരി, വൈന്‍ കട് ലറ്റ്, ജ്യൂസ് തുടങ്ങി കണ്ടു പിടിക്കാത്ത പല ഉല്പ്പന്നങ്ങളും നീരയില്‍ ഉള്‍പ്പെടൂന്നുണ്ട്.

പലപ്പോഴും തേങ്ങയിടാന്‍ ആളെ കിട്ടാതെ വേരോടെ വെട്ടി മാറ്റുന്ന അവസ്ഥയാണിപ്പോള്‍ കേരളത്തില്‍ നില നില്‍ക്കുന്നത്. ഈ കല്പ്പവൃക്ഷത്തിന്റെ തായ് വേര് വെട്ടാതെ വ്യവസായികാടിസ്ഥാനത്തില്‍ ഒരു തെങ്ങില്‍ നിന്ന് പ്രതിമാസം ഉടമസ്ഥന് ആയിരം രൂപയ്ക്കു മേല്‍ ലഭിക്കുമെന്ന കണ്ടു പിടുത്തങ്ങള്‍ കേരളത്തില്‍ തെളിഞ്ഞു കിടപ്പുണ്ട്. ട്രാവന്‍കൂര്‍ മേഖലയില്‍ റബ്ബര്‍ കര്‍ഷകനു കിട്ടുന്ന നൂറിരട്ടി പൊന്നിന്‍ വിലയാണ് കേരളത്തിനു ലഭിക്കേണ്ടിയിരുന്നത്. ലക്ഷക്കണക്കിനു തൊഴിലവസരങ്ങളും ലഭിക്കും. കോലാര്‍ സ്വര്‍ണ്ണ ഖനിയേക്കാള്‍ സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ കഴിയുന്ന നീരക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാമ്പത്തികാവസ്ഥ മാറ്റിമറിക്കാന്‍ കഴിയും. കേര ഉല്പ്പന്നമായ നീരയെ കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും ടി വി ചാനലുകളില്‍ നേര്‍ക്കാഴ്ചയായി എന്തു കൊണ്ട് സംഘടിപ്പിക്കുന്നില്ല?

അമേരിക്ക കാനഡ ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക നിര കയറ്റുമതി ചെയ്ത് ഇന്‍ഡ്യയെ പോലും വിറപ്പിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നീര കൊണ്ട് അവര്‍ ഉണ്ടാക്കുന്ന ഉല്പ്പന്നങ്ങളും നാളികേരം ശര്‍ക്കര , പഞ്ചസാര, ബിസ്ക്കറ്റ് , ഐസ്ക്രീം, ഇരുനൂറില്‍ പരം മിഠായികള്‍. ഇവയെല്ലാം കേരളത്തില്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ഈ രൂപത്തില്‍ സ്വര്‍ഗം ആകേണ്ട കേരളം സ്വര്‍ണ വാതിലുകള്‍ തുറന്ന് സൂര്യരശ്മികളുടെ വെള്ളീച്ചിറകുകളുമായി എത്തുന്ന ധനദേവതയെ വരവേല്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ ഒരു ദേവാലയത്തിന്റെയും ആവശ്യമില്ല. കൂലിപ്പണിക്കാര്‍,കൊള്ളപ്പലിശക്കാര്‍,വിദ്യാഭ്യാസലോണ്‍ നല്‍കുന്നവര്‍, ഡോക്ടര്‍,എഞ്ചിനീയര്‍,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ഇങ്ങനെ ആര്‍ക്കും എന്തിനും പണമുണ്ടാക്കാന്‍ ഒരു കുറുക്കുവഴിയുടേയും ആവശ്യം കേരം തിങ്ങും കേരളത്തിനില്ല. വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അയല്‍‍ സംസ്ഥാനങ്ങളില്‍ ഒന്നു പോയി നോക്കണം.അവര്‍ നമ്മളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും.നേരെ മറിച്ച് നമ്മുടെ കേരളത്തിലോ?

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും ദേശ സ്നേഹത്തോടെ ഒരുമിച്ചു നിന്നാല്‍ മാതൃകാവ്യവസായം ആരംഭിച്ച് ലക്ഷക്കണക്കിനു തൊഴില്‍ നല്‍കുന്ന വാണിജ്യ വ്യവസായം കൊണ്ട് കേരളത്തിന് കോലാര്‍ ഖനിയെ വെല്ലാന്‍ സാധിക്കും. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ പരസ്യ വാചകത്തിന് ഇവിടെ പ്രസക്തിയേറുന്നു .. വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന്......

കടപ്പാട് - ജ്വാല മാസിക

യു.എൻ. ഗോപിനായർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.