പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരൻ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റഫീഖ്‌ പന്നിയങ്കര

ലേഖനം

ഇനിയും പാടിത്തീരാത്ത വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരൻ. മലയാള സിനിമാഗാനങ്ങൾ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്‌മരിക പ്രഭാവത്താൽ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവർത്തി എം.എസ്‌. ബാബുരാജ്‌. ഭാവസാന്ദ്രമായ കവിതാശകലങ്ങൾ ശ്രവണമധുരമായി, കേട്ടാലും കേട്ടാലും മതിവരാത്ത ഗാനത്തിൻ മണിമുത്തുകളാക്കി കൈരളിയുടെ കാതിന്‌ വിരുന്നൂട്ടിയ ആ വിഷാദഗായകൻ എവിടെയോ മറഞ്ഞിരുന്ന്‌ ആസ്വാദകർക്കിഷ്‌ടമുളള മധുര ലളിതഗാനങ്ങൾ നീട്ടിമൂളുന്നുണ്ടാവണം. പ്രണയാർച്ചനപ്പൂക്കളിറുത്ത്‌ വിളിച്ചിട്ടും വിളിച്ചിട്ടും വരാത്ത വിരുന്നുകാരനുവേണ്ടി പൗർണ്ണമി സന്ധ്യയിൽ പാലാഴി നീന്തിവരുന്ന, മുരളികയൂതുന്ന ആട്ടിടയൻ..

അന്യഭാഷാ ഗാനങ്ങളുടെ ഈണമനുസരിച്ച്‌ വരികൾ ചിട്ടപ്പെടുത്തി യാന്ത്രികമായ ആലാപനത്തിന്റെ വിരസതയനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മലയാള സിനിമാ സംഗീതത്തിന്‌ വ്യതിരിക്‌തമായ ഭാവതലങ്ങൾ സമ്മാനിച്ച ആ വലിയ കലാകാരൻ... കോഴിക്കോട്ടുകാരുടെ ‘ബാബുക്ക’യെന്ന ബാബുരാജ്‌.

ഉത്തരേന്ത്യക്കാരനായ സംഗീതകാരൻ ജാൻമുഹമ്മദ്‌ കോഴിക്കോട്ടെ സംഗീതസദസ്സുകളിൽ നിത്യസാന്നിദ്ധ്യമായിരുന്ന കാലം. പട്ടണത്തിന്റെ സംഗീത സംസ്‌ക്കാരം ഇഷ്‌ടപ്പെട്ട്‌ കോഴിക്കോട്‌ തന്നെ സ്ഥിരമായി തങ്ങാൻ തീരുമാനിച്ചു. അവിടുന്ന്‌ ഒരു സ്‌ത്രീയെ വിവാഹം ചെയ്‌ത്‌ ജീവിതമാരംഭിച്ചു. ആ ദമ്പതികൾക്ക്‌ പിറന്ന മകനാണ്‌ ബാബുരാജ്‌.

കാലങ്ങൾക്കുശേഷം സ്ഥിരമായി കച്ചേരികൾ കിട്ടാതായപ്പോൾ ഉത്തരേന്ത്യയിലേക്ക്‌ തന്നെ തിരിച്ചുപോയ ജാൻമുഹമ്മദ്‌ പിന്നീട്‌ കോഴിക്കോട്ടേക്ക്‌ വന്നില്ല. അതുകൊണ്ടുതന്നെ ബാബുരാജിനെ സംബന്ധിച്ചിടത്തോളം കഷ്‌ടപ്പാടിന്റേതായിരുന്നു ബാല്യകാലം. വിശപ്പിന്റെ വിളിക്കുത്തരം നൽകാൻ കോഴിക്കോട്ടെ തെരുവിൽ വയറ്റത്തടിച്ചു പാടി നടന്ന കൊച്ചുപയ്യനിലെ പ്രതിഭാതിളക്കം സഹൃദയനായ ഒരു പോലീസ്‌ കോൺസ്‌റ്റബിൾ തിരിച്ചറിയുംവരെ ദുരിതപൂർണ്ണമായിരുന്നു ആ ജീവിതം.

ആ പോലീസുകാരൻ സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുകയും അവനിലെ പ്രതിഭയ്‌ക്ക്‌ വേണ്ടതായ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുമ്പോൾ മലയാളികൾ എന്നും മൂളി നടക്കുന്ന കുറെ ഗാനങ്ങളുടെ രാജശിൽപ്പിയായി മാറും ഇതെന്ന്‌ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

മലയാള സിനിമാരംഗം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തേൻതുളളിയിറ്റിച്ച്‌ ചാലിച്ചെടുത്ത മധുരഗാനങ്ങൾ കാലത്തെ അതിജീവിച്ച്‌ നിലനിൽക്കുന്നതിന്റെ രഹസ്യം ലാളിത്യത്തിന്റെ പട്ടുറുമാലിൽ പൊതിഞ്ഞ രാഗധാരയിൽ സമ്പുഷ്‌ടമാണ്‌ എന്നതുതന്നെ. (നിമിഷമാത്രയിൽ മിന്നിമറയുന്ന ലജ്ജാവതികൾ വർത്തമാനകാല യാഥാർത്ഥ്യമായി മുന്നിൽ മുഴങ്ങുമ്പോൾ ഉദാഹരണങ്ങളായി വിവരിക്കാൻ വേറെ ചിത്രങ്ങൾ തേടേണ്ടതില്ലല്ലോ.) ശാസ്‌ത്രീയമായി സംഗീതപഠനം നടത്തുകയോ അക്കാദമിക്‌ തലത്തിൽ ബിരുദമെടുക്കുകയോ ചെയ്യാത്ത അദ്ദേഹത്തിന്റെ കഴിവുകൾ ജന്മസിദ്ധമാണെന്നതാണ്‌ ഇതിനു നിദാനം.

വയലാർ-ബാബുരാജ്‌ കൂട്ടുകെട്ടിൽ നിന്നും ജന്മം കൊണ്ട നദികളിൽ സുന്ദരി യമുന, ഗംഗയാറൊഴുകുന്ന നാട്ടിൽ, വെളളിച്ചിലങ്കയണിഞ്ഞും കൊണ്ടാരു പെണ്ണ്‌, ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന, സൂര്യകാന്തീ സൂര്യകാന്തീ... സ്വപ്‌നം കാണുവതാരെ... ആ നിര നീളുകയാണ്‌. പി.ഭാസ്‌ക്കരൻമാസ്‌റ്ററുടെ ഒട്ടനവധി വരികൾക്ക്‌ ഈണം പകരാൻ ഏറെ ഭാഗ്യം ലഭിച്ചതും എം.എസ്‌. ബാബുരാജിനുതന്നെ.

അഞ്ഞ്‌ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി..., വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ്‌ കണ്ടു..., താമരക്കുമ്പിളല്ലോ മമഹൃദയ...., പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...., അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല..., ഒരു പുഷ്‌പം മാത്രമെൻ പൂങ്കുലയിൽ..., കൺമണി നീയെൻ കരം പിടിച്ചാൽ...., തളിരിട്ട കിനാക്കൾ തൻ..., താമസമെന്തേ വരുവാൻ പ്രാണസഖി..., പാതിരാവായില്ല പൗർണ്ണമി കന്യയ്‌ക്ക്‌..., ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ.... തുടങ്ങിയ ഗാനങ്ങൾ ഒരു കാലഘട്ടത്തിന്റെ സ്‌പന്ദനങ്ങളായി ഇന്നും നിലനിൽക്കുന്നു.

ഇന്നും നമ്മളൊക്കെ കേൾക്കാനിഷ്‌ടപ്പെടുന്ന അകലെയകലെ നീലാകാശം..., കടലേ... നീലക്കടലേ... തുടങ്ങി എത്ര ഗാനങ്ങളാണ്‌ അദ്ദേഹം സമ്മാനിച്ചത്‌. ദരിദ്രമായ അവസ്ഥകളിലൂടെ വളർന്ന്‌ പ്രശസ്‌തിയുടെ കൊടുമുടികളിൽ വിരാജിക്കുമ്പോഴും വിനയം കൈവെടിയാതെ ഒരു സാധാരണക്കാരനായി തന്നെ സ്‌നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം ജീവിച്ചു. സ്‌നേഹിക്കുന്നവർക്കുവേണ്ടിയും സ്‌നേഹം നടിച്ചവർക്കുവേണ്ടിയും കയ്യയച്ച്‌ സഹായങ്ങൾ നൽകി. കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന അപൂർവ്വം അവസരങ്ങൾ ഉത്സവമായ്‌ ആഘോഷിച്ചു. മറ്റുളളവർക്കുവേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിന്റെ ശോഭനമായ ഭാവിക്ക്‌ അദ്ദേഹം ഊന്നൽ നൽകിയില്ല. അതുകൊണ്ടുതന്നെ പ്രശസ്‌തനായ ആ സംഗീതകാരന്റെ കുടുംബം കോഴിക്കോട്‌ പന്നിയങ്കരയിലെ കൊച്ചുഭവനത്തിൽ സാധാരണക്കാരായി ജീവിക്കുന്നു. പിതാവിന്റെ വഴിയിൽ ഒരു മകൻ (സുൽഫീക്കർ) മാത്രം. കോഴിക്കോട്ടെ സാംസ്‌ക്കാരിക സംഘടനകൾ ഒരുക്കുന്ന ഗാനമേളകളിൽ ഈ യുവാവ്‌ സജീവമാണ്‌.

പണ്ട്‌ ബാബുരാജ്‌ അവസരമുണ്ടാക്കി കൊടുത്തതിനാൽ വളർന്ന പലരും ഈ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥയെന്തെന്ന്‌ അന്വേഷിക്കുവാൻ (ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ്‌ ഇതിനപവാദമാണ്‌) സമയം കണ്ടെത്താറില്ലെന്നത്‌ കലാരംഗത്തുളള പലരുടെയും അനുഭവചരിത്രത്തിന്റെ ആവർത്തനമാവാം.

കാലത്തിന്റെ മലവെളളപ്പാച്ചിലിലും മലയാളമനസ്സിന്റെ ഉളളറകളിൽ നിന്നും മാഞ്ഞുപോവാത്ത ഗാനങ്ങൾക്ക്‌ ഈണം പകർന്ന സംഗീതചക്രവർത്തി മുഹമ്മദ്‌ സഹീർബാബു എന്ന എം.എസ്‌.ബാബുരാജ്‌. വിഷാദഗാനങ്ങളുടെ ഒത്തിരി പുഷ്‌പങ്ങൾ ബാക്കിവെച്ച്‌ നമ്മിൽ നിന്നും വേർപിരിഞ്ഞിട്ട്‌ ഒക്‌ടോബർ ഏഴിന്‌ ഇരുപത്തിയേഴ്‌ വർഷം തികയുന്നു.

റഫീഖ്‌ പന്നിയങ്കര

ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌.

ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം)

സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു.


Phone: 00966 553 363 454
E-Mail: panniyankara@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.