പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം- 02

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

ഭരതമുനിയുടെ നാട്യശാസ്ത്രം നൃത്തനൃത്യാദി കലകളുടെ ശാസ്ത്രം മാത്രമല്ല അക്ഷരങ്ങള്‍ മുതല്‍ വ്യാകരണവൃത്താലങ്കാരങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന ഭാഷാശാസ്ത്രം കൂടിയാണ്. ഛന്ദശ്ശാസ്ത്രത്തെ ഒരു വ്യാകരണശാസ്ത്രമായി മാത്രാ ഗണ വൃത്ത നിബന്ധനകളോടെ സമഗ്രമായി അവതരിപ്പിച്ച ആദ്യ ഗ്രന്ഥം ഭരതമുനിയുടെ നാട്യശാസ്ത്രമാണ്. പോള്‍ റെഞോ, പി വി കാണേ, ഹരിപ്രസാദ് ശാസ്ത്രി തുടങ്ങിയ പല ഗവേഷകന്മാരും ബി. സി. രണ്ടാം ശതകത്തോളം പഴക്കം ഈ ഗ്രന്ഥത്തിന് കണക്കാക്കിയിട്ടുണ്ട്. ക്രിസ്തുവിനുമുമ്പ് അഞ്ചാം ശതകത്തില്ത്തന്നെ ഭരതനാട്യം രചിക്കപ്പെട്ടിരിക്കാമെന്ന് അതിന്റെ അതി പ്രാചീനമായ ഭാഷയെ സാദൃശ്യപ്പെടുത്തി മനോമോഹന്‍ ഘോഷ് അഭിപ്രായപ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലും നാട്യശാസ്തവിധികളെക്കുറിച്ച് സൂചനയുണ്ടെന്നുള്ളതും നാട്യശാസ്തരത്തില്‍ വേദകഥകളെപ്പറ്റിയല്ലാതെ ഇതിഹാസകഥകളെക്കുറിച്ച് യാതൊരു പ്രതിപാദ്യവും കണ്ടെത്താന്‍ കിയില്ല എന്നതും നാട്യശാസ്തരത്തിന് ഇതിഹാസങ്ങളെക്കാള്‍ പഴക്കം കല്‍പ്പിക്കാമെന്നതിനു ദൃഷ്ടാന്തമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേദാരഭട്ടന്റെ വൃത്തരത്നാകരമുള്‍പ്പെടെയുള്ള വൃത്തശാസ്ത്രഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുള്ളത് നാട്യശാസ്ത്രത്തിനും എത്രയോ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്.

വൃത്തതാളങ്ങള്‍ -----------------

താളമില്ലാത്ത പുതുകവിതയുടെ കാലഘട്ടത്തില്‍ വൃത്തതാളങ്ങള്‍ക്ക് എന്തു പ്രസക്തി എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മലയാളകവിതയുടെ ഹൃദയം സ്പന്ദിക്കുന്നത് വൃത്തതാളങ്ങളിലായതിനാല്‍ ആസ്വാദനം പൂ‍ര്‍ണ്ണമാകണമെങ്കില്‍ വായനക്കാരനും അല്‍പ്പം വൃത്തബോധം ആവശ്യമാണ്.

മലയാളത്തിലെ ഉത്കൃഷ്ടകവിതകളെയാകെ 'ആകൃതിക്കവിത'കളെന്ന് മാറ്റിനിര്‍ത്തുന്നത് ഒരു പുതുകവിതാപ്രവണതയാവാം. എന്നാല്‍ ആസ്വാദകര്‍ ആരുടെയും ആജ്ഞാനുവര്‍ത്തിയല്ല. കവിതതേടി അവന് എഴുത്തച്ഛനിലും ആശാനിലും ചങ്ങമ്പുഴയിലുമൊക്കെ എത്തിച്ചേരാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ വൃത്തതാളങ്ങളുടെ പ്രസക്തി കാലികസാഹചര്യത്തിലും സജീവമായി നിലനില്‍ക്കുന്നുണ്ട്. പുത്തന്‍ താളങ്ങള്‍ തേടി പുതിയ തലമുറയിലെ കവികള്‍ ഇനിയും വന്നെത്തിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. ഗീതാഞ്ജലി വായിക്കാന്‍ ബംഗാളിഭാഷ പഠിക്കാന്‍ ആഗ്രഹിച്ച കഥ ഡബ്ല്യു. ബി. യേറ്റ്സ് ഗീതാഞ്ജലിയുടെ അവതാരികയില്‍ പറയുന്നുണ്ട്. കവിത നിലനില്ക്കുന്നേടത്തോളം വൃത്തപഠനവും അവസാനിക്കുന്നില്

03

"ന തജ്ജ്ഞാനം ന തച്ഛില്പം

ന സാ വിദ്യാ ന സാ കലാ

ന സൌ യോഗോ ന തത് കര്‍മ്മ

നാട്യേസ്മിന്‍ യന്ന ദൃശ്യതേ"

(ശാസ്ത്രവിജ്ഞാനമാകട്ടെ ശില്പ ചിത്രലേഖനാദി കലകളാവട്ടെ രജ്യതന്ത്രവിദ്യകളാവട്ടെ ഗീതാവാദ്യാദികളാവട്ടെ ഇവയുടെ സംയുക്തസൃഷ്ടികളാകട്ടെ യുദ്ധനിഗ്രഹാദി കര്‍മ്മങ്ങളാകട്ടെ യാതൊന്നുംതന്നെ ഈ നാട്യത്തില്‍ കാണാത്തതായിട്ടുണ്ടാവില്ല.)-

നാട്യശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായത്തിലെ 87ആം ശ്ലോകമാണിത്. ശാരീരികവും മാനസികവുമായ സകലവിധ കര്‍മ്മങ്ങളെയും ശാസ്ത്രീയമായി ചിട്ടപ്പെടുത്താനുള്ള സമഗ്രമായ ശാസ്ത്രവിധിയാണ് നാട്യശാസ്ത്രം എന്നാണ് ഭരതമുനി പറഞ്ഞുവെച്ചിട്ടുള്ളത്. വംശപരമ്പരകളിലുടെ അന്നോളം വികസിച്ചുവന്ന നാട്യശാസ്ത്രസംബന്ധിയായ വിഷയങ്ങളെയെല്ലാം വിവേചിച്ചു സ്വാംശീകരിച്ച് കൂടുതല് കാര്യങ്ങള് ചേര്ത്ത് അവതരിപ്പിച്ചതാണ് നാട്ട്യശാസ്ത്രം എന്നു കരുതപ്പെടുന്നു. അഭിനവഗുപ്തന്റെ നാട്യശാസ്ത്രവ്യാഖ്യാനം കണ്ടെത്തിയതിലൂടെയാണ് നാട്യശസ്ത്രത്തിന്റെ പ്രാധാന്യം ലോകമറിഞ്ഞത്. ലഭ്യമായ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് നാട്യശാസ്തം ആധുനികലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് F.Hall, Paul Regnaud, J. Grosset തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരാണ്.

04.

"യോയം സ്വഭാവോ ലോകസ്യ

സുഖദുഃഖസമന്വിതഃ

സോംഗാദ്യഭിനയോപേതോ

നാട്യമിത്യഭിധീയതേ"

(സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന ലോകസ്വഭാവമുണ്ടല്ലോ, അത് ആംഗികാദി അഭിനയങ്ങളോടു കൂടിച്ചേരുമ്പോള്‍ നാട്യമെന്നു പറയപ്പെടുന്നു-1/91.)

ആംഗികം വാചികം സാത്വികം ആഹാര്യം എന്നിവയാണ് നാട്യശാസ്ത്രവിധിപ്രകാരം അഭിനയത്തിനുള്ള ചതുരുപാധികള്‍. നവരസങ്ങള്‍ ഉണ്ടാവുന്നത് സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന ലോകസ്വഭാവത്തില്‍നിന്നുതന്നെ. അഭിനയവും ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുമ്പോള്‍ ജീവിതവു അഭിനയവും ത്മ്മിലുള്ള വ്യത്യാസമെന്തെന്നും ഈ ശ്ലോകത്തില്‍നിന്നും വായിച്ചെടുക്കാം.1894 ലാണ് ശിവദത്തനും കാശീനാഥ് പാണ്ഡുരംഗ് പരബും ചേര്‍ന്ന് ബോംബെയില്‍നിന്നും നാട്യശാസ്ത്രം പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. കേരളസാഹിത്യഅക്കാദമി നാട്യശാസ്ത്രത്തിന്റെ മലയാളവിവര്‍ത്തനം 1987ല്‍ പ്രസിദ്ധീകരിച്ചു. കെ.പി.നാരായണപ്പിഷാരടിയുടെ വിവര്‍ത്തനം സംശോധനം ചെയ്ത് അവതാരികയെഴുതിയത് ഡോ.കെ.വിജയനാണ്. സര്‍വതലസ്പര്‍ശിയായ അവതാരികയും കെ.പി.നാരായണപിഷാരടിയുടെ ദീര്‍ഘവും സമഗ്രവുമായ മുഖവുരയും പഠിതാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. മൂന്നും നാലും ശ്ലോകങ്ങളെ ചില സ്ഥലങ്ങളില്‍ ഒരേ നമ്പരില്‍ ക്രമീകരിച്ചതും വ്യത്യസ്ത പാഠങ്ങള്‍ നിലവിലുള്ളതുകൊണ്ടുമാകാം ശ്ലോകങ്ങളുടെ ക്രമനമ്പരിലും മറ്റും മൂലത്തില്നിന്നും വ്യത്യാസം കാണുന്നുണ്ട്.

5.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"വികൃഷ്ടശ്ചതുരശ്രശ്ച

ത്രശ്രശ്ചൈവ തു മണ്ഡപഃ

തേഷാം ത്രീണി പ്രമാണാനി

ജ്യേഷ്ഠം മദ്ധ്യം തഥാവരം"

(വികൃഷ്ടം, ചതരശ്രം, ത്ര്യശ്രം ഇങ്ങനെ മൂന്നാകൃതിയില്‍ കൂത്തമ്പലമുണ്ട്. അതിനു മൂന്നിനും ജ്യേഷ്ഠം, മദ്ധ്യം, കനിഷ്ഠം എന്നു മൂന്നളവുകളുണ്ട്.2/6)

പ്രസ്തുത ശ്ലോകത്തില്‍ ദീര്‍ഘചതുരം, സമചതുരം, ത്രികോണം എന്നിങ്ങനെ മുന്ന് ആകൃതികളിലുള്ള നാട്യഗൃഹങ്ങളെപ്പറ്റി പറയുമ്പോഴും വൃത്തം ഉള്‍പ്പെടുന്നില്ല. യവനിക എന്ന പദത്തെ ആസ്പദമാക്കി ഭാരതീയ നാട്യത്തില്‍ യവനനാടകസ്വധീനം ആരോപിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പണ്ഡിതന്മാരും അത് തള്ളിക്കളയുകയാണ് ചെയ്തത്. ബിസി രണ്ടാംനൂറ്റാണ്ടു കാലയളവില്‍ പാശ്ചാത്യര്‍ നാടകം കളിച്ചുതുടങ്ങിയിട്ടുപോലു മില്ലെന്ന് പുരാവസ്തുപഠനങ്ങള്‍ സൂചനനല്‍കുന്നുണ്ട്. പില്‍ക്കാലത്തും യവനനാടകങ്ങളില്‍ കര്‍ട്ടന്‍ ഉപയോഗിച്ചതായി തെളിവില്ല. യവനാടകങ്ങള്‍ അരങ്ങേറിയിരുന്നത് അരീന സമ്പ്രദായത്തിലുള്ള വേദികളിലായിരുന്നു. വൃത്താകൃതിയിലുള്ള സ്റ്റേഡിയത്തിനുനടുവില്‍ ഉയര്‍ത്തിക്കെട്ടിയ വൃത്താകൃതിയിലുള്ള സ്റ്റേ ജിലാണ് നാടകം അരങ്ങേറിയിരുന്നത്. സ്റ്റേ ജിനടിയിലുള്ള അണിയറയില്‍നിന്നും കോണിവഴിയാണ് കഥാപാത്രങ്ങള്‍ രംഗത്തേക്കു പ്രവേശിക്കുന്നത് .

6. നാട്യശാസ്ത്രത്തിലെ..

"ന ശക്യമസ്യ നാട്യസ്യ

ഗന്തുമന്തം കഥഞ്ചന

കസ്മാത്, ബഹുത്വം ജ്ഞാനാനാം

ശില്പാനാം വാപ്യനന്തതഃ"

(ഒരുവിധത്തിലും ഈ നാട്യത്തിന്റെ അവസാനമെത്തുവാന്‍ സാദ്ധ്യമല്ല. കാരണം, ജ്ഞാനങ്ങളുടെ ബഹുത്വവും ശില്പങ്ങളുടെ അനന്തതയും തന്നെ 6/6)

നാട്യഗൃഹനിര്‍മ്മിതിക്കുള്ള തച്ചുശാസ്ത്രവും അളവുകളും മുതള്‍ സര്‍വവിധ കലകളെയും അക്ഷരങ്ങള്‍ മുതല്‍ വ്യാകരണ വൃത്താലങ്കാരങ്ങള്‍വരെയുള്ള ഭാഷാ സിദ്ധാന്തങ്ങളെയും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ വിജ്ഞാനശേഖരമാണ് നാട്ട്യശാസ്ത്രം. ബഹുവിധമായ ഈ ജ്ഞാനങ്ങളോരോന്നും അനന്തമായ സാഗരങ്ങളാണ്. അവയില്‍ ഒരെണ്ണത്തിന്റെയെങ്കിലും അങ്ങേയറ്റെത്തെത്താന് അസാദ്ധ്യമാണ് എന്നെഴുതുമ്പോള്‍ സ്വന്തം പരിമിതികള്‍കൂടി എടുത്തുകാട്ടുന്നതുകൂടാതെ ആവിഷ്കാരത്തില്‍ കാലാനുസൃതമായ വികസനസാദ്ധ്യതകളും ഭരതമുനി സൂചിപ്പിക്കുന്നുണ്ട്. ഭാരതീയ കാവ്യകലാമീമാംസയുടെ ഹൃദയമായ രസ സിദ്ധാന്തത്തില്‍ നാട്യശാസ്ത്രത്തിനപ്പുറം പോകുവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതും വസ്തുതയാണ്. ശൃംഗാരം ഹാസ്യം കരുണം രൌദ്രം വീരം ഭയാനകം ബീഭത്സം അദ്ഭുതം എന്നീ എട്ടുരസങ്ങളാണ് നാട്യശാസ്തരത്തില്‍ സവിസ്‌തരം പ്രതിപാദിച്ചിട്ടുള്ളത്. ശാന്തരസവും ഇതില്‍ത്തന്നെ തന്നെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് പണ്ഡിതമതം.

7. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"രതിര്‍ഹാസശ്ച ശോകശ്ച

ക്രോധോത്സാഹൌ ഭയം തഥാ

ജുഗുപ്സാ വിസ്മയശ്ചേതി

സ്ഥായീഭാവാഃ പ്രകീര്‍ത്തിതാഃ"

(രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്സ, വിസ്മയം ഇവയാണ് എട്ടു രസങ്ങളുടെ സ്ഥായീഭാവങ്ങള്‍ )

ഈ സ്ഥായീഭാവങ്ങള്‍ക്ക് നിര്‍വേദം മുതലുള്ള മുപ്പത്തിമൂന്ന് സഞ്ചാരി വ്യഭിചാരിഭാവങ്ങളെയും ഭരതമുനി നിര്‍വചിച്ചിട്ടുണ്ട്. ഭാവാവിഷ്കരണത്തിലൂടെയാണ് രസപൂര്‍ത്തിയില്‍ എത്തിച്ചേരുന്നത്. സഞ്ചാരി വ്യഭിചാരി സ്ഥായീഭാവങ്ങളിലുടെ ആസ്വാദകനെ രസപൂര്‍ത്തിയിലേക്ക് നയിക്കുക എന്നതാണ് കലയുടെ പരമമായ ലക്ഷ്യം. രസവും സ്ഥായീഭാവവും ആത്യന്തികമായി ഒന്നുതന്നെയാണ്. അവസ്ഥാഭേദംകൊണ്ടുളവാകുന്ന സംജ്ഞാഭേദം മാത്രമാണുള്ളത്. രസങ്ങള്‍തന്നെയും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നു. മര്‍മജ്ഞനായ കലാകാരന്‍ ഇവയെ സമഞ്ജസമായി സംയോജിപ്പിച്ച് വ്യത്യസ്തമായ നിബന്ധങ്ങള്‍ക്കു രൂപം നല്‍കുന്നു. സ്ഥായീഭാവത്തെ പരിപോഷിപ്പിക്കുന്ന ഉപദംശങ്ങളായി ഇതരഭാവങ്ങള്‍ ഉപയോഗപ്പെടുത്തപ്പെടുന്നു. അംഗിരസ മേതായിരുന്നാലും, ബീഭത്സമോ ഭയാനകമോ ആകട്ടെ, രസപൂര്‍ത്തി കൈവരിക്കുന്പോഴുണ്ടാകുന്ന ആസ്വാദകാനുഭവം ആനന്ദംതന്നെ. നാട്യരസത്തെ ആഹാരരസവുമായി ഭരതമുനിതന്നെ ഉപമിച്ചിട്ടുണ്ട് .

വാചിയത്നസ്തു കര്‍ത്തവ്യോ

നാട്യസ്യൈഷാ തനുഃസ്മൃതാ

അംഗനൈപഥ്യസത്ത്വാനി

വാഗര്‍ത്ഥം വ്യഞ്ജയന്തി ഹി.

(വാക്കില്‍ പ്രയത്നം ചെയ്യണം നാട്യത്തിന്റെ ശരീരം വാക്കാണ്. ആംഗികം ആഹാര്യം സാത്വികം എന്നീ മൂന്നുവിധം അഭിനയങ്ങളും വാക്കിന്റെ അര്‍ത്ഥത്തെയാണല്ലോ പ്രകാശിപ്പികുന്നത്)

- നാട്യശാസ്ത്രത്തിലെ ഈ ശ്ലോകം അഭിനയത്തില്‍ വാക്കിനുള്ള പരമപ്രാധാന്യം വ്യക്തമാക്കുന്നതാണ്. വാക്കുകള്കൊണ്ടു നിര്‍മ്മിക്കപ്പെട്ട ശാസ്ത്രങ്ങള്‍ സ്ഥിതിചെയ്യുന്നതും വാക്കുകളില്‍ത്തന്നെയായതിനാല്‍ വാക്കിനുമീതെ ഒന്നുമില്ലെന്നും സര്‍വകാര്യങ്ങളുടെയും കാരണം വാക്കാണെന്നും ഭരതമുനി വ്യക്തമാക്കുന്നു. ബ്രഹ്മംതന്നെ നാദരൂപമാണെന്ന ദാര്‍ശനികവീക്ഷണമാണ് ഇവിടെ അഭിവ്യഞ്ജിക്കപ്പെട്ടിരിക്കുന്നത്. ആധനികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഭൌതികവാദപരമായ ഒരു നിലപാടാണിത്. നാദം എന്നത് ഒരു ഊര്‍ജ്ജരൂപമാണല്ലോ. ആപേക്ഷികമായി ഊര്ജ്ജവും പദാര്‍ത്ഥവും ഭിന്നമല്ല, അവസ്ഥാഭേദങ്ങള് മാത്രമാണെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഒന്ന് മറ്റൊന്നായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് സ്വാഭാവികം. പദാര്ത്ഥസൃഷ്ടിക്കു തുടക്കംകുറിച്ച മഹാസ്ഫോടനം നാദബ്രഹ്മത്തിന്റെ കമ്പനം തന്നെ. സൃഷ്ടിയുടെ ആരംഭമയി സര്‍വ മതങ്ങളും അംഗീകരിക്കുന്ന ആദിവചനവും നാദരൂപമാണല്ലോ.

9. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം.

"അകാരാദ്യാഃ സ്വരാജ്ഞേയാ

ഔകാരാന്തശ്ചതുര്‍ദ്ദശ

ഹകാരാന്താനി കാദീനി

വ്യഞ്ജനാനി വിദുര്‍ബുധാഃ"

(അകാരം മുതല്‍ ഔകാരംവരെയുള്ള പതിനാലക്ഷരങ്ങള്‍ സ്വരങ്ങളാണ്. കകാരം മുതല്‍ ഹകാരമടക്കം മുപ്പത്തിമൂന്നക്ഷരങ്ങള്‍ വ്യഞ്ജനങ്ങളുമാണ്.)

ശ്വാസധാരയിലൂടെ സ്വനപേടകത്തിന്റെ കമ്പനംമൂലമുണ്ടാകുന്ന നാദം മുഖാവയവങ്ങളുടെ വിവിധഭാഗങ്ങളില് സ്വേച്ഛാനുസരണം സ്പര്ശിച്ചു ഉച്ചാരണമായി പുറത്തുവരുന്നതാണ് അക്ഷരങ്ങള്. വ്യാകരണവിധിപ്രകാരം സ്വര വ്യഞ്ജനങ്ങളുടെ പ്രത്യേകതകളും അവചേര്‍ന്നുണ്ടാകുന്ന പദവിഭാഗങ്ങളും വിഭക്തി പ്രത്യയാദികളും വിശദമായി നിര്വചിക്കപ്പെട്ടിരിക്കുന്നു നാട്യശാസ്ത്രത്തില്‍. ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍മുതല്‍ ശിശു മാതൃഭാഷ പഠിക്കുന്നുണ്ട്. വിദ്യാലയത്തില് ചേര്‍ക്കുന്നതിനുമുമ്പുതന്നെ വ്യാകരണനിയമങ്ങളെല്ലാം കുട്ടി പഠിച്ചുകഴിഞ്ഞിരിക്കും. വ്യാകരണഭംഗമില്ലാതെ മാതൃഭാഷ സംസാരിക്കാനും മനസ്സിലാക്കാനുമുള്ള കഴിവാണിത്. സംസാരഭാഷയില്‍നിന്നാണ് എല്ലാ വ്യാകരണനിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. അതിലൂടെ രൂപപ്പെടുന്നത് പ്രദേശികഭേദങ്ങള്‍ക്കതീതമായ ഭാഷയുടെ സാമാന്യവല്കൃത രൂപമാണ്. വാചികാഭിനയത്തില്‍ ഇവ രണ്ടും സാന്ദര്‍ഭികമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

10.നാട്യശാസ്ത്രത്തിലെവൃത്തശാസ്ത്രം

"ഏതേ ഘോഷാഘോഷാഃ

കണ്ഠൌഷ്ഠ്യാ ദന്ത്യജിഹ്വാനാസിക്യാഃ

ഊഷ്മാണസ്താലവ്യ

വിസര്‍ജ്ജനീയാശ്ചബോദ്ധവ്യാഃ"

(ഘോഷങ്ങളും അഘോഷങ്ങളുമായ ഈ അക്ഷരങ്ങള്‍ കണ്ഠജന്യങ്ങള്‍ ഓഷ്ഠജന്യങ്ങള്‍ ദന്തജന്യങ്ങള്‍ ജിഹ്വാജന്യങ്ങള്‍ നാസികാജന്യങ്ങള്‍ ഊഷ്മാക്കള്‍ താലുജന്യങ്ങള്‍ വിസര്‍ഗ്ഗങ്ങള്‍ ഇങ്ങനെ പലവകയായിട്ടുണ്ട്.)

മുഖാവയവങ്ങളുടെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുണ്ടാവുന്ന അക്ഷരങ്ങളെ സൂക്ഷമമായി നിര്‍വചിക്കുകയും വര്‍ഗീകരിക്കുകയും ചെയ്തിരിക്കുന്നു തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍. വാചികാഭിനയത്തില്‍ ഉച്ചാരണശുദ്ധിക്കുള്ള പ്രാധാന്യവും നിരന്തരസാധനയിലൂടെ സ്വരസ്ഥാനങ്ങളെ സ്വാധീനമാക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ആദ്യാക്ഷരങ്ങള്‍ ഉരുവിടുന്ന ശിശുവിനെ സംബന്ധിച്ചിടത്തോളം സ്വാധീനമാക്കപെടുന്ന ഭാഷ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മാധ്യമം കൂടിയാണ്. മനസ്സിലാവുക എന്ന പ്രക്രിയതന്നെ മാതൃഭാഷയില്‍ അധിഷ്ടിതമാണ്. പിന്നീട് പഠിച്ചെടുക്കുന്ന ഭാഷകളെല്ലാംതന്നെ മാതൃഭാഷയുടെ അടിത്തറയിലാണ് സ്ഥിതിചെയ്യുന്നത്. ചിന്തിക്കുകയും സ്വപ്നം കാണുകയു ചെയ്യുന്ന ഭാഷയാണ് മാതൃഭാഷ എന്നു പറയുന്നത് അതുകൊണ്ടാണ്.

"ജനിച്ചനാളുതൊട്ടെന്‍റെ

മകനിംഗ്ലീഷുപഠിക്കണം

അതിനാല്‍ ഭാര്യതന്‍പേറ-

ങ്ങിഗ്ലണ്ടില്‍ത്തന്നെയാക്കിഞാന്‍"

-എന്ന കവിതയില്‍ പ്രസവം ഇംഗ്ലണ്ടിലാക്കിയാലും കുഞ്ഞിന്‍റെ മാതൃഭാഷ മാറ്റാന്‍ പ്രയാസമാണെന്നാണ് കുഞ്ഞുണ്ണിമാഷ് പരിഹസിക്കുന്നത്.

11.നാട്യശാസ്ത്രത്തിലെ...

"ഇത്ഥം വ്യഞ്ജനയോഗൈഃ

സ്വരൈശ്ച സാഖ്യാതനാമപദവിഹിതൈഃ

കാവ്യനിബന്ധാശ്ച സ്യുര്‍-

ദ്ധാതുനിപാതോപസര്‍ഗൈസ്തുഃ

(ഇപ്രകാരം വ്യഞ്ജനങ്ങളെക്കൊണ്ടും അവയുടെ യോഗങ്ങളെക്കൊണ്ടും സ്വരങ്ങളെക്കൊണ്ടും ക്രിയാപദങ്ങൾക്കും നാമപദങ്ങള്‍ക്കും വേണ്ടി വിധിക്കപ്പെട്ടിട്ടുള്ള ധാതുക്കള്‍ നിപാദങ്ങള്‍ ഉപസര്‍ഗ്ഗങ്ങള്‍ എന്നിവകൊണ്ടുമാണ് കാവ്യഗ്രന്ഥങ്ങള്‍ ഉണ്ടാവുന്നത്.

പ്രഥമമുതല്‍ സപ്തമിവരെ ഏഴു വിഭക്തികള്‍. കര്‍ത്താവ്, കര്‍മ്മം, കരണം, സമ്പ്രദാനം, അപാദാനം, അധികരണം എന്നു കാരകങ്ങള്‍ ആറ്. വര്‍ത്തമാനം, ഭൂതം, ഭാവി എന്നു മൂന്നു കാലങ്ങള്‍ക്കും വിധി, ആശിസ്സ് എന്നുള്ള അര്‍ത്ഥവിശേഷങ്ങള്‍ക്കും പ്രാധാന്യമുള്ള ക്രിയകള്‍ക്ക് സാധ്യക്രിയകള്‍ എന്നു പറയുന്നു. കര്‍ത്താദി കാരകങ്ങള്‍ക്കു പ്രാധാന്യമുള്ള ക്രിയകളാണ് സിദ്ധ്യക്രിയകള്‍. നാമം, ക്രിയ, ഉപസര്‍ഗ്ഗം, നിപാതം, തദ്ധിതാന്തങ്ങള്‍ഇങ്ങനെ അഞ്ചുവകയാണ് ശബ്ദങ്ങള്‍. അഞ്ഞൂറു ധാതുക്കള്‍ ഭരതന്റെ കാലത്തു പ്രസിദ്ധമായിരുന്നു. ഇപ്പോള്‍ രണ്ടായിരത്തോളം ധാതുക്കളുണ്ട്.- വിവര്‍ത്തകന്‍)

അക്ഷരങ്ങള്‍ചേര്‍ന്ന് വാക്കുകളാവുകയും വാക്കുകള്‍ചേര്‍ന്ന് ഗദ്യവും പദ്യവുമുണ്ടാവുകയും ചയ്യുന്ന വ്യാകണാധിഷ്ടിത സംയോഗതന്ത്രം വിശദമാക്കുകയാണ് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍.

12.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ഏഭിഃശബ്ദവിധാനൈര്‍-

വ്വിസ്താരവ്യഞ്ജനാര്‍ത്ഥസംയുക്തൈഃ

പദബന്ധാ: കര്‍ത്തവ്യാ

നിബദ്ധബന്ധാസ്തു ചൂര്‍ണ്ണാ വാ.

(സവിസ്തരങ്ങളും വ്യഞ്ജനയുക്തങ്ങളും അര്‍ത്ഥയുക്തങ്ങളുമായ മേല്‍ക്കാണിച്ച ശബ്ദവിധികളനുസരിച്ച് പദബന്ധങ്ങള്‍ (വാക്യമഹാവാക്യാദികള്‍) നിര്‍മ്മിക്കേണ്ടതാണ്. വാക്യങ്ങള് വൃത്തനിബന്ധങ്ങളായിട്ടുമാകാം, ചൂര്‍ണ്ണങ്ങളായിട്ടുമാകാം)

വൃത്തനിബദ്ധം, ചൂര്‍ണ്ണം (പദ്യം, ഗദ്യം) എന്നു രണ്ടുവിധ്ത്തിലാണ് പദബന്ധത്തിലൂടെ വാക്യങ്ങള്‍ രൂപപ്പെടുന്നത്. ഛന്ദസ്സില്‍ ബന്ധിക്കപ്പെടാത്തതും അക്ഷരനിബന്ധയില്ലാത്തതുമായ വാക്യമാണ് ചൂര്‍ണ്ണം. നിബദ്ധപദം (പദ്യം) ഛന്ദോബന്ധവും വൃത്തനിയമമനുസരിച്ച അക്ഷരങ്ങളെ ക്രമീകരിച്ചിട്ടുള്ളതും യതികളില് മുറിയുന്നതുമായ പദസംഘാതങ്ങളാണ്. ജീവികളുടെയെല്ലാം ശബ്ദങ്ങള് നിശ്ചിതമാത്രകളിലുള്ള ആവര്‍ത്തനങ്ങളാണല്ലോ. മനുഷ്യശിശുവിന്റെ കരച്ചിലും ആദ്യാക്ഷരങ്ങളുടെ കൊഞ്ചലുകളും മാത്രാബന്ധിതമായ ആവര്‍ത്തനതാളങ്ങളാണ്. അദ്ധ്വനത്തോടൊപ്പവും വിനോദത്തോടൊപ്പവും മനുഷ്യര്‍ പുറപ്പെടുവിക്കുന്ന വായ്ത്താരികളും ഛന്ദോബദ്ധമാണ്. അതിനാല്‍ മനുഷ്യഭാഷയുടെ ആദിരൂപവും ഛന്ദോബദ്ധിതമാണെന്നുവേണം കരുതാന്‍. ഗദ്യം വികസിതമായ ഭാഷയുടെ സൃഷ്ടിയാണ്.

13.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം.

നാട്യത്തില്‍ നാദത്തിനുള്ള പരമപ്രാധാന്യം കണ്ടറിഞ്ഞ ഭരതമുനി സപ്തസ്വരങ്ങളിലധിഷ്ഠിതമായ സംഗീതത്തെയും ചര്‍മ്മ തന്ത്രി സുഷിര വാദ്യങ്ങളെയും അക്ഷര മാത്രാ ഗണാധിഷ്ടിതമായ ച്ഛന്ദശ്ശസ്ത്രത്തെയും രസാലങ്കാരാധിഷ്ടിമായ ആവിഷ്ക്കാരത്തെയും നാട്യശാസ്ത്രത്തില്‍ ചിട്ടപ്പടത്തിയിരികുന്നു.

ദിഗ്ലേ/ദിഗ്ലേ/ഝണ്ടും/ഝണ്ടും/

ജംബുക/വലിതക/തേതേ/ജാഃ

(വൃത്തനിബദ്ധമായ ഈ വായ്ത്താരിക്കാണ് ശുഷ്ക്കാ വകൃഷ്ട എന്നു പേര് ഇതില്‍ ഗുരുക്കളേയും ലഘുക്കളേയും മാത്രമേ വേര്‍തിരിച്ചു കാണിച്ചിട്ടുള്ളൂ. നീണ്ട വര ഗുരുവിനേയും വളഞ്ഞവര ലഘുവിനേയും കീഴ്മേലുള്ള വര മാത്രാവസാനത്തേയും കുറിക്കുന്നു.5/95)

നാദത്തെ വര്‍ണ്ണമായും വര്‍ണ്ണങ്ങളെ അക്ഷരങ്ങളായും അക്ഷരങ്ങളെ ലഘുഗുരുക്കളായും വിവേചിച്ചറിയുവാന്‍ പൂര്‍വ്വരംഗവിധാനത്തിലെ ഈ വായ്ത്താരി സഹായിക്കും. ലഘുഗുരുക്കള്‍ക്ക് മാത്രകളെയും മാത്രകള്‍ ചേര്‍ത്ത് ഗണങ്ങളെയും ഗണങ്ങള്‍ ചേര്‍ത്ത് പാദങ്ങളെയും നിജപ്പെടുത്തിയിരിക്കുന്നു. രണ്ടാം പാദത്തില്‍ ഒരു മാത്ര കുറഞ്ഞ തരംഗിണിയുടെ ആലാപനതാളമാണ് ഈ വായ്ത്താരി. ശ്രീശങ്കരാചാര്യരുടെ സൌന്ദര്യലഹരിയുടെ "ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ" എന്ന പല്ലവി ഈ താളത്തിലാണ്.

14

നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"ഛന്ദോഹീനോ ന ശബ്ദോസ്തി

ന ഛന്ദഃ ശബ്ദവര്‍ജ്ജിതം

ഏവം തുഭയസംയോഗോ

നാട്യസ്യോ ദ്യോദകഃ സ്മൃതഃ"

(ഛന്ദസ്സില്ലാതെ ശബ്ദമില്ല. ശബ്ദം കൂടാതെ ഛന്ദസ്സുമില്ല. ഛന്ദസ്സിന്റെയും ശബ്ദത്തിന്റെയും സംയോഗമാണ് നാട്യത്തെ പ്രകാശിപ്പിക്കുന്നത്).

നടന്‍ പുറപ്പെടുവിക്കുന്ന നിയതാക്ഷരമല്ലാത്ത വായ്ത്താരികള്‍പോലും ഛന്ദോബദ്ധമായിരിക്കുന്നത് എങ്ങനെയെന്ന് കണ്ടുവല്ലോ. അര്‍ത്ഥങ്ങള്‍ ഉള്‍ച്ചേര്‍ന്ന അക്ഷരങ്ങളാല്‍ തീര്‍ത്ത നാലു പാദങ്ങളോടുകൂടിയ നിബന്ധത്തെയാണ് വൃത്തമെന്നു പറയുന്നത്. നിശ്ചിത അക്ഷരസംഖ്യകളടങ്ങിയ പാദങ്ങളാണ് ഛന്ദസ്സുകള്‍. നാലുപാദങ്ങള്‍ ചേര്ന്ന വൃത്തങ്ങളില്‍ മൂന്നുവിധത്തില്‍ ഛന്ദസ്സുകള്‍ ക്രമീകരിക്കുന്നു. തുല്യമായ ഗണനിബന്ധനയിലുള്ള ഛന്ദസ്സുകളെ തുല്യമായി നിരത്തിയ നാലടികളാണ് സമവൃത്തങ്ങള്‍. വിഷമപാദങ്ങളും സമപാദങ്ങളും മാത്രം തുല്യമായവൃത്തങ്ങള്‍ അര്‍ദ്ധസമവൃത്തങ്ങളും, നാലു പാദങ്ങളും വ്യത്യസ്തമായവ വിഷമവൃത്തങ്ങളുമാണ്. ഒന്നുമുതല് ഇരുപത്തിയാറുവരെ അക്ഷരങ്ങള്‍ ചേരുന്ന പാദങ്ങളെയാണ് ഛന്ദസ്സായി പരിഗണിക്കുന്നത്. അതില് കൂടുതല്‍ അക്ഷരങ്ങള്‍ വരുന്ന പാദങ്ങള്‍ ദണ്ഡകങ്ങളാണ്. ഒരക്ഷരമുള്ള ഉക്ത മുതല്‍ 26 ഛന്ദസ്സുകക്കും പേരുകളും നല്‍കിയിട്ടുണ്ട്.

15.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"ഏകാക്ഷരം ഭവേദുക്ത-

മത്യുക്തം ദ്വക്ഷരം ഭവേത്

മദ്ധ്യം ത്ര്യക്ഷരമിത്യാഹുഃ

പ്രതിഷ്ഠാ ചതുരക്ഷരാ."

(പാദത്തില്‍ ഒരക്ഷരമുള്ള ഛന്ദസ്സിന് ഉക്തമെന്നു പേര്. രണ്ടക്ഷരമായ ഛന്ദസ്സ് അത്യുക്തം. മൂന്നക്ഷരമുള്ളിന്റെ പേര് മദ്ധ്യമെന്നാണ്. നാലക്ഷരമുള്ളതു പ്രതിഷ്ഠ. 15/46)

ഒരക്ഷരം മുതല്‍ നാലക്ഷരം വരെയുള്ള ഛന്ദസ്സുകളുടെ പേരുകളാണ് ഈ ശ്ലോകത്തിന്റെ നാലടികള്‍ കൊണ്ടു സൂചിപ്പിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ശ്ലോകങ്ങളിലും നാലുവീതം ഛന്ദസ്സുകളുടെ പേരുകളായി ഇരുപത്തിയാറു ഛന്ദസ്സുകളുടെയും നാമകരണം നിര്‍വ്വഹിച്ചിരിക്കുന്നു. ഒരക്ഷരം മാത്രം ഉച്ചരിക്കുമ്പോഴും അത് ഒരു ഛന്ദസ്സാണ്. ഭാഷയുടെ ആരംഭത്തിനുമുമ്പുള്ള ആവര്‍ത്തനതാളങ്ങള്‍ പോലും ഛന്ദോബദ്ധമായിരുന്നു എന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. ഈ ആവര്‍ത്തനതാളങ്ങളെ മനസ്സില്‍ സൂക്ഷിക്കുകയും സാന്ദര്‍ഭികമായി പുനഃസൃഷ്ടിക്കുകയും ചെയ്തതിലൂടെയാണ് മനുഷ്യഭാഷ രൂപംകൊണ്ടത്. അദ്ധ്വാനത്തോടും വിനോദത്തോടുമൊപ്പമാണ് ആവര്ത്തനതാളങ്ങള്‍ ഉണ്ടാവുന്നത്. ഉദാഹരണമായി നായാട്ടുവേളയില്‍ ഒരു മൃഗത്തെ ‘മാന്‍’ എന്നശബ്ദത്തില്‍ ബിംബപ്പെടുത്തുമ്പോള്‍ ആ ശബ്ദത്തിന്റെ ആവര്‍ത്തനം ആശയവിനിമയത്തിനുള്ള ഉപാധിയായിത്തീരുകയാണ്.

16."നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"സുപ്രതിഷ്ഠാ ഭവേദ് പഞ്ച-

ഷട് ഗായത്രീ ഭവേദിഹ

സപ്താക്ഷരാ ഭവേദുഷ്ണി-

ഗഷ്ടൌ ചാനുഷ്ടുബിഷ്യതേ.

നവാക്ഷരാ തു ബൃഹതീ

പംക്തിശ്ചൈവ ദശാക്ഷരാ

ഏകദശാക്ഷരാ ത്രിഷ്ടു-

ബ്ജഗതി ദ്വാദശാക്ഷരാ."

(5സുപ്രതിഷ്ട, 6ഗായത്രി, 7ഉഷ്ണിക്ക്, 8അനുഷ്ടുപ്പ്, 9ബൃഹതി, 10പംക്തി, 11ത്രിഷ്ടുപ്പ്, 12ജഗതി- ഇങ്ങനെ അഞ്ചുതൊട്ട് പന്ത്രണ്ടുവരെ അക്ഷരസംഖ്യയുള്ള ഛന്ദസ്സുകളുടെ പേരുകള്‍)

രസഭാവങ്ങള്‍ക്കും മുദ്രകള്‍ക്കുമെന്നപോലെ ഛന്ദസ്സുകള്‍ക്കും ഗണങ്ങള്‍ക്കും വൃത്തങ്ങള്‍ക്കും നാട്യശാസ്ത്രത്തില്‍ സംജ്ഞകള്‍ നിശ്ചയിച്ചിരിക്കുന്നു. ശബ്ദങ്ങള്‍ ആവര്‍ത്തനതാളങ്ങളായും താളങ്ങള്‍ വായ്തത്താരികളായും വായ്തത്താരികള്‍ പൊരുളുകള്‍ ചേര്‍ന്ന നാമങ്ങളായും രൂപം പ്രാപിച്ചത് സ്വനാവയവങ്ങളുടെ ക്രമാനുഗതമായ വികാസത്തിലൂടെയാണ്. ഒരു സംജ്ഞ തനിച്ച് ഗദ്യമാവില്ലെങ്കിലും ഒരക്ഷരം ഒരു ഛന്ദസ്സാണ്. മനുഷ്യകരങ്ങളുടെയും തലച്ചോറിന്റെയും പരസ്പരപൂരകമായ വികാസത്തില്‍ പങ്കുവഹിച്ചത് നിരന്ത രമായ അദ്ധ്വാനമാണ്. അദ്ധ്വാനവേളയില്‍ ഒരുസംജ്ഞ ആവര്‍ത്തിക്കുമ്പോള്‍ വിവരക്കൈമാറ്റത്തോടൊപ്പം ഛന്ദോബദ്ധമായ താളവും രൂപം കൊള്ളുന്നുണ്ട്. ഭാഷ യുടെ രൂപീകരണത്തെക്കുറിച്ചുള്ള 'ഐലസാ'സിദ്ധാന്തത്തിന്റെ അടിസ്ഥാനമിതാണ്. ഭാരഠ വലിക്കുമ്പോഴും തണ്ടുവലിക്കുമ്പോഴുമെല്ലാം സ്വാഭാവികമായി ഉണ്ടാകുന്ന ആവര്‍ത്തനതാളമാണല്ലോ ‘ഐലസാ’

17. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം -------------------------------

ത്രയോദശാതിജഗതി

ശക്വരീ തു ചതുര്‍ദ്ദശാ

ദശപഞ്ചാതിശക്വര്യാ

അഷ്ടിഃ സ്യാത് ഷോഡശാക്ഷരാ .

(13അതിജഗതി, 14ശക്വരി, 15അതിശക്വരി, 16അഷ്ടി.)

തഥാ സപ്തദശാത്യഷ്ടിര്‍

ധൃതിരഷ്ടാദശാക്ഷരാ

ഏകോനവിംശാതിധൃതിഃ

കൃതിര്‍വ്വിംശതിരേവ ച

(17അത്യഷ്ടി, 18ധൃതി, 19അതിധൃതി, 20കൃതി- അക്ഷരസംഖ്യയനുസരിച്ചുള്ള ഛന്ദോനാമങ്ങള്‍ തുടരുന്നു.)

മനുഷ്യമനസ്സില്‍ ബിംബങ്ങളായി ഓര്‍ത്തുവയ്ക്കാനും ആശയങ്ങളായി വിനിമയംചെയ്യാനും പര്യാപ്തമാംവണ്ണം രൂപപ്പെട്ട അര്‍ത്ഥമുള്‍ക്കൊള്ളുന്ന ആദ്യപദങ്ങള്‍ നാമരൂപങ്ങളാണെന്നു കണ്ടുവല്ലോ. ബിംബവത്കരിക്കപ്പെട്ട ഒരു നാമത്തെ ‘നരി നരി നരി’ എന്നിങ്ങനെ പലതവണആവര്‍ത്തിച്ചാലും ഛന്ദോബദ്ധമായ വരികള്‍ കിട്ടും. 'നരി പോയി' എന്നു പറയുമ്പോള്‍ ഭാഷ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതു കാണാം. പോയി എന്നത് അമൂര്‍ത്തമായ ഒരു ബിംബമാണ്. ക്രിയയോടൊപ്പം കാലഭേദങ്ങള്‍ കൂടി തിരിച്ചറിഞ്ഞാലേ അര്‍ത്ഥം പൂര്‍ത്തിയാവുകയുള്ളു. അമൂര്‍ത്തബിംബങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തക്കവിധം മസ്തിഷ്കം വികാസംപ്രാപക്കുമ്പോള്‍ വികസിതമാകുന്ന ഭാഷ മസ്തിഷ്കവികാസത്തെ തിരിച്ചും സഹായിക്കുന്നു. ‘നരി പോയി’ ‘കുയില്‍ പാടി’, ‘മയിലാടി’ തുടങ്ങിയ നാമ-ക്രിയകള്‍ മനസ്സില്‍ രൂഢമൂലമായ ആവര്‍ത്തനതാളങ്ങളോടു ചേര്‍ന്നുണ്ടായതാണ് കവിതയുടെ പ്രാഥമികരൂപമായ നാടന്‍പാട്ടുകള്‍.

18.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം ------------------------

പ്രകൃതിശ്ചൈകവിംശത്യാ

ദ്വാവിംശത്യാകൃതിസ്തഥാ

വികൃതിഃസ്യാത് ത്രയോവിംശാ

ചതുര്‍വിംശാപി സംസ്കൃതിഃ

(21പ്രകൃതി, 22ആകൃതി, 23വികൃതി, 24സംസ്കൃതി.)

പഞ്ചവിംശത്യാഭികൃതിഃ

ഷഡ്വിംശത്യക്ഷരോത്കൃതിഃ

അധോ/ധികാക്ഷരം ഛന്ദോ

മാലാവൃത്തമിതിസ്മൃതം.

(25അഭികൃതി, 26ഉത്കൃതി.

ഇരുപത്തിയാറക്ഷരങ്ങളില്‍ കൂടുതലുള്ള ഛന്ദസ്സുകളെ മാലാവൃത്തങ്ങള്‍ എന്നു പറയുന്നു)

മരം എന്നത് ഒരു നാമരൂപമാണല്ലോ. നിരവധി ബിംബങ്ങളെയും ആശയങ്ങളെയും ഓര്‍മ്മകളെയും മനസ്സിലുണര്‍ത്താന്‍ ഈ രണ്ടക്ഷരങ്ങള്‍ക്ക് കഴിവുണ്ട്. എന്നാല് 'മര' എന്നത് ഒരു വായ്ത്താരി മാത്രമാണ്. ‘മരാമരാമരാ....’ എന്ന വായ്ത്താരി ആവര്‍ത്തിക്കുമ്പോള്‍ ‘രാമരാമ.....’ എന്ന നാമജപമായി മാറുന്നു. ആവര്ത്തനതാളങ്ങളുടെ വാല്മീകത്തില്‍നിന്നും ആദികാവ്യം ഉരുത്തിരിഞ്ഞുവരുന്നതെങ്ങനെ എന്നാണ് നാമിവിടെ കാണുന്നത്. കണ്ടെടുക്കപ്പെട്ട ആദ്യസാഹിത്യരൂപങ്ങളായ ഋഗ്വേദവും ഗില്ഗാമെഷുമെല്ലാം ഏറെക്കുറെ പദ്യരൂപത്തിലായിരുന്നുവെന്നത് വസ്തുതയാണ്. ഛന്ദസ്സുകള്‍ക്കപ്പുറത്തുള്ള മാലാവൃത്തങ്ങള്‍ വ്യാകരണനിബദ്ധവും ആശയങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളാനും വിനിമയംചയ്യാനും പര്യാപവുമായ ഗദ്യത്തിന്റെ വികാസത്തിലേയ്ക്കാണ് വഴിതുറക്കുന്നത്.

19. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം.

ഛന്ദസ്സാം തു തഥാ ഹ്യേഷാം

ഭേദാഃ പ്രസ്ഥാരയോഗതഃ

അസംഖ്യേയപ്രമാണാനി

വൃത്താന്യാഹുരതോ ബുധാഃ

(ഈ ഇരുപത്താറു ഛന്ദസ്സുകള്‍ക്ക് പ്രസ്ഥാരംകൊണ്ട് (ഗുരുലഘുവിന്യാസഭേദം കൊണ്ട്) അനേകം ഭേദങ്ങള്‍ സംഭവിക്കുന്നു. അതിനാന്‍ വൃത്തങ്ങളിത്രയെന്നുകണക്കാന്‍ പ്രയാസമമെന്നു പറയുന്നു, പണ്ഡിതന്മാര്‍.)

ഒന്നുമുതല്‍ ഇരുപത്താറുവരെ അക്ഷരസംഖ്യകളിലുള്ള ഛന്ദസ്സുകളില്‍ ലഘുഗുരുക്കളുടെ വിന്യാസഭേദംമൂലമുണ്ടാവുന്ന വ്യത്യസ്ത താളത്തിലുള്ള വരികളാണ് വൃത്തങ്ങള്‍. അസംഖ്യം എന്നാണ് ശ്ലോകത്തില്‍ പറഞ്ഞിട്ടുള്ളതെങ്കിലും സമവൃത്തങ്ങളുടെ മാത്രം എണ്ണം കണക്കകാന്‍ ശ്രമിച്ച ഭരതമുനിയെ കൊണ്ടെത്തിച്ചത് അതിഭീമമായ ഒരു സംഖ്യയിലാണ്. ഗുരു ലഘു എന്നിങ്ങനെ രണ്ടുവിധം അക്ഷരങ്ങളുള്ളതില്‍ ഗുരു രണ്ടുമാത്രകളുള്ള ദീര്‍ഘാക്ഷരങ്ങളും ലഘു ഒരുമാത്ര വരുന്ന ഹ്രസ്വാക്ഷരങ്ങളുമാണ്. ഉച്ചരിക്കുമ്പോഴുണ്ടാകുന്ന ശ്വാസധാരയുടെ ദൈര്‍ഘ്യം അളക്കുന്ന തോതാണ് മാത്ര. ദീര്‍ഘത്തെ 'ഗം' കൊണ്ടും ഹ്രസ്വത്തെ 'ല' കൊണ്ടും അടയാളപ്പെടുത്തിയാല്‍ അവയുടെ മാത്രയും കൃത്യമായിരിക്കും. ഛന്ദസ്സില്‍ കാവ്യാക്ഷരങ്ങള്‍ക്കുപകരം 'ഗംല'കള്‍ നിരത്തിയാല്‍ അതേ വൃത്തത്തിന്റെ ചൊല്ത്താളംതന്നെ കിട്ടുന്നതാണ്.

20. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"വൃത്താനി ച ചതുഷ്ഷഷ്ടിര്‍

ഗായത്ര്യാം കീര്‍ത്തിതാനി വൈ

ശതം വിംശതിരഷ്ടൌ ച

വൃത്താന്യുഷ്ണിഹ്യഥോച്യതേ".

(പാദത്തില്‍ ആറക്ഷരമുള്ള ഗായത്രീഛന്ദസ്സിന് അറുപത്തിനാലു വൃത്തങ്ങള്‍ വരും. ഏഴക്ഷരമുള്ള ഉഷ്ണിക്ച്ഛന്ദസ്സില്‍ സൂറ്റിരുപത്തെട്ടു വൃത്തങ്ങളുണ്ടാകും)

ആറക്ഷരങ്ങളുള്ള ഗായത്രീഛന്ദസ്സുമുതല് ഇരുപത്തിയാറ് അക്ഷരങ്ങളുള്ള ഉത്കൃതി വരെയുള്ള ഛന്ദസ്സുകളില്‍ വരുന്ന വൃത്തങ്ങളുടെ എണ്ണമാണ് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ ഭരതമുനി നിര്‍ണ്ണയിച്ചിട്ടുള്ളത്. ഉക്ത ഛന്ദസ്സില്‍ ഒരക്ഷരമാണല്ലോ. ഗുരുവായും ലഘുവായും രണ്ടുവൃത്തങ്ങള്‍ ഇതില്‍ വരാം.

ഗം

താന്‍

ശ്രീ

യാം

എന്ന് ‘ശ്രീ’ വൃത്തത്തിനു കേരളപാണിനിയുടെ ലക്ഷ്യലക്ഷണം.

രണ്ടക്ഷരമുള്ള അത്യുക്ത ഛന്ദസ്സില്‍

ഗംഗം

ഗംല

ലഗം

ലല

എന്നിങ്ങനെ നാലു വൃത്തങ്ങള്‍ കാണും.

മൂന്നക്ഷരമുള്ള മധ്യ ഛന്ദസ്സിന്

ഗംഗംഗം

ഗംലല

ഗംഗംല

ലഗംഗം

ലലഗം

ലഗംല

ഗംലഗം

ലലല

എന്നീ എട്ടു വൃത്തങ്ങളായി ഗുരു- ലഘുക്കളെ ക്രമീകരിക്കാം. ഈ തോതനുസരിച്ച് നാലക്ഷരമുള്ള പ്രതിഷ്ഠയില്‍ പതിനാറും അഞ്ചക്ഷമുള്ള സുപ്രതിഷ്ഠയില്‍ മുപ്പത്തിരണ്ടും വൃത്തങ്ങള്‍ വരും. ഇപ്രകാരം ഇരട്ടപ്പെരുപ്പമായാണ് ഭരതമുനി ഛന്ദസ്സുകളില്‍ വരാവുന്ന വൃത്തസംഖ്യകളെ ഗണിച്ചു തിട്ടപ്പെടുത്തിയിട്ടുള്ളത്.

21. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

സര്‍വ്വേഷാം ഛന്ദസാമേവം

വൃത്താനി കഥിതാനി വൈ

തിസ്രഃ കോട്യോ ദശ തഥാ

സഹസ്രാണാം ശതാനി തു

ചത്വാരിംശത്തഥാ ദ്വേ ച

സഹസ്രാണി ദശൈവ തു

സപ്തഭിഃ സഹിതാന്യേവ

സപ്ത ചൈവ ശതാനി ച

ഷഡ്വിംശതിരിഹാന്യാനി

വ്യാഘ്യാതാനി സമാസതഃ

സമാനി ഗണനായുക്തി-

മാശ്രിത്യ കഥിതാനി വൈ.

(എല്ലാ ഛന്ദസ്സുകളുടെയും വൃത്തങ്ങളെ ഒരുമിച്ചു കൂട്ടുമ്പോള്‍ പതിമൂന്നു കോടി നാല്പത്തിരണ്ടുലക്ഷത്തി പതിനേഴായിരത്തി എഴുനൂറ്റിരുപത്താറ് (13,42,17726)വൃത്തങ്ങള്‍ ഉണ്ടാകുന്നതാണ്. സമവൃത്തങ്ങളുടെ മാത്രം കണക്കാണ് ഇവിടെപ്പറഞ്ഞത്.15/73) കമ്പ്യൂട്ടറുകള്‍ക്കുപോലും ശ്രമകരമായ ഈ ഗണനക്രിയ 2500 ഓളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരതമുനി നടത്തിയത് ഗ്രന്ഥത്തിന്റെ ശാസ്ത്രപൂള്‍ത്തിക്കുവേണ്ടിയാണ്. ലഘുഗുരുക്കളുടെ മാത്രം വിന്യാസഭേദംകൊണ്ട് ഛന്ദസ്സുകളില്‍ ഇത്രയും വൃത്തങ്ങള്‍ സൃഷ്ടിക്കാമെങ്കിലും താളലയങ്ങള്‍ ഒത്തിണങ്ങിയ ഏതാനും വൃത്തങ്ങള്‍മാത്രമേ കവികള്‍ ഉപയോഗിച്ചിട്ടുള്ളൂ. അത്തരം വൃത്തങ്ങള്‍ മാത്രമേ നാമകരണം ചെയ്യപ്പെട്ടിട്ടുമുള്ളൂ. പ്രതിഭാധനരായ കവികള്‍ക്ക് മുങ്ങിയെടുക്കാന്‍ ഛന്ദസാഗരത്തില്‍ല്‍ ഒളിഞ്ഞുകിടക്കുന്ന അചുംബിതങ്ങളായ വൃത്തരത്നങ്ങള്‍ എത്രയോ ബാക്കിയുണ്ട്.

22. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം.

ഗുരുപൂര്‍വ്വോ ഭകാരഃസ്യാ-

ന്മകാരസ്യ ഗുരുത്രയം

ജകാരോ ഗുരുമദ്യസ്തു

സകാരോന്തഗുരുസ്തഥാ

ലഘുമദ്യസ്തു രേഫഃ സ്യാത്

തകാരോന്തലഘുസ്തഥാ

ലഘുപൂര്‍വോ യകാരസ്തു

നകാരസ്തു ലഘുത്രയം

ഏതേ ഹൃഷ്ടൌ ത്രികാ നാമ്നാ

വിജ്ഞേയാ ബ്രഹ്മസംഭവാഃ

(ആദിഗുരു ഭഗണം, സര്‍വ്വഗുരു മഗണം, മദ്ധ്യഗുരു ജഗണം, അന്ത്യഗുരു സഗണം, മദ്ധ്യലഘു രഗണം, അന്തലഘു തഗണം, ആദിലഘു യഗണം, സര്‍വ്വലഘു നഗണം. ബ്രഹ്മാവിൽനിന്നുണ്ടായ എട്ടു ത്രികങ്ങളുടെ പേരുകളാണ് മേല്‍പ്പറഞ്ഞത്. )

ഛന്ദസ്സുകളില്‍ ലഘുഗുരു വിന്യാസങ്ങളിലൂടെ വൃത്തകോടികള്‍ സൃഷ്ടിക്കപ്പെടുന്നത് കണ്ടുവല്ലോ. 'ത്രിക'ങ്ങളായി (മൂന്നക്ഷരഗണങ്ങളായി) തിരിച്ചാണ് ഛന്ദസ്സുകളിലെ വർണ്ണവൃത്തങ്ങളില്‍ ലക്ഷണം നിര്‍ണ്ണയിക്കുന്നത്.മൂന്നക്ഷരങ്ങളെ ലഘു ഗുരു ക്രമത്തില്‍ എട്ടുതരത്തില്‍ വിന്യസിക്കാം. എട്ടു ഗണങ്ങളുടെ ലഘു ഗുരുവിന്യാസക്രമവും പേരുകളുമാണ് രണ്ടു ശ്ലോകങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. വൃത്തമഞ്ജരിയില്‍ കേരളപാണിനി ലളിതവും സംക്ഷിപ്തവുമായി ഇതിനെ ആശയാനുവാദംചെയ്തിട്ടുള്ളത് ഇങ്ങനെയാണ്-

"ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍

ലഘുക്കള്‍ 'യരത'ങ്ങളില്‍

ഗുരുക്കള്‍ 'ഭജസ'ങ്ങള്‍ക്ക്

'മന'ങ്ങള്‍ ഗലമാത്രമാം."

23.നാട്യശാസ്ത്രത്തിലെ വൃത്തശാസ്തം

ഗുര്‍വ്വേകം ഗിതി വിജ്നേയം

തഥാ ലഘു ലിതി സ്മൃതം

നിയതഃ പദവിച്ഛേദോ

യതിരിത്യഭിധീയതേ

(ഒരു ഗുരുവിന് ഗ് എന്നും ഒരു ലഘുവിന് ല് എന്നും പറയുന്നു. പാദങ്ങളില്‍ നിയതമായി പദം മുറിയേണ്ടുന്ന സ്ഥാനങ്ങള്‍ക്ക് യതി എന്നു പേര്‍.15/79)

ഛന്ദോവിഭാഗം, വൃത്തവിധി എന്നീ പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളിലാണ് പ്രധാനമായും വൃത്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിക്കുന്നത്. 'ഛന്ദോവിഭാഗം', ആവര്‍ത്തനതാളങ്ങളില്‍നിന്നും അക്ഷരങ്ങളും അക്ഷരങ്ങളില്‍നിന്നും വാക്കുകളും അതില്‍നിന്നും ഛന്ദസ്സുകളും അവയില്‍ ലഘുഗുരു വിന്യാസംമൂലം ഗണങ്ങളും ഗണങ്ങള്‍ ചേര്‍ന്ന് വൃത്തങ്ങളും രൂപംകൊള്ളുന്നതെങ്ങനെയെന്ന് വിശദമാക്കുന്നു. നാട്യത്തിലുപയോഗിക്കുന്ന അമ്പത്തിമൂന്ന് സമവൃത്തങ്ങളുടെ ലക്ഷ്യ ലക്ഷണങ്ങളാണ് 'വൃത്തവിധി'യിലെ പ്രതിപാദ്യം. ഇതില്‍ പലതും വൃത്തരത്നാകരമുള്‍പ്പെടെയുള്ള വൃത്തശാസ്ത്രഗ്രന്ഥങ്ങളിലൊന്നും പ്രതിപാദിക്കപ്പെടാത്ത വൃത്തങ്ങളാണെന്നത് വൃത്തപഠനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭരതമുനി ഉദാഹരണമായി നല്‍കിയ ശ്ലോകങ്ങള്‍ ലഘുഗുരു വിന്യസക്രമത്തിലെ വ്യത്യസ്തതകളില്നിന്നും അപൂര്‍വവും മനോഹരവുമായ താളങ്ങള്‍ സൃഷ്ടിക്കുന്നതിന് കവികള്‍ക്കുള്ള പാഠങ്ങളാണ്.

24. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ഹ്രസ്വം ദീര്‍ഘം പ്ലുതം ചൈവ

ത്രിവിധഞ്ചാക്ഷരം സ്മൃതം

ശ്വേതാദയസ്തഥാ വര്‍ണ്ണാ

വിജ്ഞേയാശ്ഛന്ദസാമിഹ

(ഹ്രസ്വം ദീര്‍ഘം പ്ലുതംഎന്നിങ്ങനെ ഛന്ദസ്സുകളില്‍ അക്ഷരങ്ങള്‍ മൂന്നുവിധമാണ്. ഗായത്രി മുതലായ ഛന്ദസ്സുകൾക്ക് വെളുപ്പ് തുടങ്ങിയ നിറങ്ങളും പ്രാതിശാഖ്യത്തിലും മറ്റും വിവരിച്ചിട്ടുണ്ട്)

വേദങ്ങളിലെ ഋക്കുകളുടെ ഉച്ചാരണപാഠങ്ങള്‍ വിശദമാക്കുന്ന ഗ്രന്ഥമാണ് പ്രാതിശാഖ്യം. ഹ്രസ്വം ഒരുമാത്രയും ദീര്‍ഘം രണ്ടുമാത്രയുമാണല്ലോ ആലാപനദൂരം. രണ്ടുമാത്രകളില് കൂടുതല്‍ വരുന്ന ദീര്‍ഘങ്ങളെയാണ് പ്ലുതം എന്നു പറയുന്നത്. പ്ലുതങ്ങള്‍ ശബ്ദമാത്രകളായും നിശ്ശബ്ദമാത്രകളായും വരാം. നീട്ടി ഉച്ചരിക്കുന്ന പ്ലുതങ്ങളാണ് ശബ്ദമാത്രകള്‍. ആലാപനങ്ങളിലും സംബോധനകളിലും പ്ലുതങ്ങള്‍ വരാറുണ്ട്. ചിന്തുകളിലും വൃത്തതാളങ്ങളിലുംമറ്റും കാണുന്ന നിശ്ശബ്ദമാത്രകള്‍ പരമായിവരുന്ന അക്ഷരത്തെയും പ്ലുതമായി കണക്കാക്കാം. ഉദാഹരണത്തിന് "അമ്പിളിയമ്മാവാ താമരക്കുമ്പിളിലന്തുണ്ട്" എന്നവരിയില്‍ 'അമ്പിളിയമ്മാവാ' കഴിഞ്ഞ് നിശ്ശബ്ദമാത്രകള്‍വരുന്നതിനാല്‍ 'വാ' രണ്ടില്‍ കൂടുതല്‍ മാത്രകളുള്ള ദീര്‍ഘമാണ്. ത്രികങ്ങളായി ലക്ഷണം ചെയ്യുന്ന വര്‍ണ്ണവൃത്തങ്ങളില്‍ പ്ലുതങ്ങള്‍ പരിഗണിക്കാറില്ല.

25.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ഗുരു ദീര്‍ഘം പ്ലുതം ചൈവ

സംയോഗപരമേവ ച

സാനുസ്വാരവിസര്‍ഗ്ഗം ച

തഥാന്ത്യം ച ലഘു ക്വചിത്

(ദിര്‍ഘം പ്ലുതം കൂട്ടക്ഷരത്തിനുമുമ്പുള്ള ലഘു അനുസ്വാരമോ വിസഗ്ഗമോ ചേര്‍ന്ന ലഘു ഇവയെല്ലാം ഗുരുവാണ്. പാദാവസാനത്തില്‍ വരുന്ന ലഘ്വക്ഷരവും അതായത് ഹ്രസ്വവും ചില വൃത്തങ്ങളില്‍ ഗുരുവാകുന്നതാണ്.)

ഹ്രസ്വാക്ഷരങ്ങള്‍ ഗുരുവാകുന്ന സാഹചര്യങ്ങളെപ്പറ്റിയാണ് ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതെങ്കിലും ചില്ലുകളുടെ സാന്നിദ്ധ്യം വിട്ടുപോയിട്ടുണ്ട്. വര്‍ണ്ണവൃത്തങ്ങളില്‍ അക്ഷരങ്ങളെ ത്രികങ്ങളായി തിരിച്ച് ഗണത്തിന്റെ പേര് നിര്‍ണ്ണയിക്കുന്നവിധം സൂചിപ്പിച്ചുവല്ലോ. ഒരു പാദത്തെ ത്രികങ്ങളായിവിഭജിച്ച് ബാക്കിവരുന്ന അക്ഷരങ്ങളെ ഗുരുവാണെങ്കില്‍ ഗ എന്നും ലഘുവാണെങ്കില ല എന്നും വൃത്തലക്ഷണത്തില്‍ അടയാളപ്പെടുത്താം. ഋക്കുകളിലെ പാദങ്ങളിലെ അക്ഷരവ്യത്യാസത്തിനനുസരിച്ച് അവയെ സ്വരാട്ട്, വിരാട്ട്, ഭുരുക്ക്, നിവൃത്ത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഛന്ദസ്സുകള്‍ക്ക് നിറങ്ങളും, കാലഭേദവും അര്‍ത്ഥഭേദവും പാത്രഭേദവും അനുസരിച്ചുള്ള തരംതിരിവുകളും നാട്ട്യശാസ്ത്രത്തില്‍ കാണാം. നാടന്‍കലകളായ പൂരക്കളിയിലും മറ്റും ചൊല്ലുവരികളെ നിറങ്ങളായി തരംതിരിക്കാറുണ്ട്.

26.

നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

മാത്രാസംഖ്യാവിനിര്‍ദ്ദിഷ്ടോ

ഗണോ മാത്രാവികല്പിതഃ

മിശ്രൌ ഗ്ലാവിദി വിജ്ഞേയൌ

പൃഥഗ് ലക്ഷ്യവിഭാഗതഃ

(മാത്രകളുടെ സംഖ്യകൊണ്ടു കല്പിച്ചിട്ടുള്ളതാണു മാത്രാപ്രസ്താരത്തിലുള്ള ഗണം. ലക്ഷ്യഭേദമനുസരിച്ച് അതില്‍ ലഘുഗുരുക്കള്‍ മിശ്രങ്ങളായി വരും.15/107)

അക്ഷരഗണങ്ങളില്‍ മൂന്നക്ഷരങ്ങളാണു ഒരു ഗണം. മാത്രാവൃത്തങ്ങളില്‍ രണ്ടുമാത്രകള്‍മുതല്‍ പലതരത്തിലുള്ള ഗണങ്ങളുണ്ട്. ചൊല്ത്താളമനുസരിച്ചാണ് മാത്രാവൃത്തങ്ങളില്‍ ഗണത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നത്. ദ്വിമാത്രാഗണങ്ങളില് ഒരു ഗുരുവോ രണ്ടു ലഘുക്കളോ ഒരു ഗണമാകുന്നു. തരംഗിണിയിലും മറ്റും ദ്വിമാത്രാഗണങ്ങളാണല്ലോ. ആര്യ, ഗീതകം, വൈതാളികം എന്നീ മാത്രാവൃത്തവിഭാഗങ്ങളെയാണ് ഭരതമുനി പരിചയപ്പെടുത്തുന്നത്. നാലുമാത്രാഗണങ്ങളായാണ് ആര്യാവൃത്തങ്ങളുടെ പ്രസ്താരം. ഗീതകങ്ങളിലും മറ്റും അഞ്ചുമാത്രാഗണങ്ങളുമുണ്ട്. ആറും അതിലധികവു മാത്രാഗണങ്ങളിലുള്ള വൈതാളീയവൃത്തങ്ങളെപ്പറ്റിയും നാട്യശാസ്തത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ദ്രാവിഡവൃത്തങ്ങളും മാത്രകളെ അടിസ്ഥാനമാക്കിയാണല്ലോ. ഏഴും എട്ടും മാത്രാഗണങ്ങളിലുള്ള താളങ്ങളെ വൃത്തതാളങ്ങള്‍ എന്ന ലേഖനത്തില്‍ ഞാന്‍തന്നെ ലക്ഷണംചെയ്തിട്ടുണ്ട്.

വൃത്തവിധി

==================

27.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ഛന്ദാംസ്യേവം ഹി യാനീഹ

മയോക്താനി ദ്വിജോത്തമാഃ

വൃത്താനി തേഷു നാട്യേസ്മിന്‍

പ്രയോജ്യാനി നിബോധത

(ബ്രാഹ്മണോത്തമന്മാരേ! ഇങ്ങനെ ഇവിടെ ഞാന്‍ പറഞ്ഞ ഛന്ദസ്സുകളില്‍ നാട്യപ്രയോഗാര്‍ഹങ്ങളായ വൃത്തങ്ങളേതൊക്കെയെന്നു നിങ്ങള്‍ മനസ്സിലാക്കുവിന്‍.)

ഛന്ദോവിഭാഗം എന്ന അദ്ധ്യായത്തെത്തുടര്‍ന്ന് വൃത്തവിധി എന്ന അദ്ധ്യായത്തില്‍ നാട്യപ്രയോഗാര്‍ഹങ്ങളായ 53 സമവൃത്തങ്ങളുടെയും ഏതാനും അര്‍ദ്ധസമ, വിഷമ, ആര്യാ വൃത്തങ്ങളുംടെയും ലക്ഷണങ്ങള്‍ ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. ത്രികങ്ങളായി തിരിച്ച ഗണനാമങ്ങള്‍ ഉപയോഗിച്ചല്ല, പാദങ്ങളിലെ അക്ഷരസംഖ്യാക്രമത്തില്‍ ലഘുഗുരുക്കളെ തരംതിരിച്ചാണ് ഭരതമുനി വൃത്തലക്ഷണം നിര്‍ണ്ണയിച്ചിരിക്കുന്നത്. അക്ഷരസംഖ്യാക്രമത്തില്‍ 'ഗംല' കള്‍ നിരത്തിയാല്‍ അതേ വൃത്തത്തിന്റെ ലക്ഷ്യ ലക്ഷണത്തില് പാദം ലഭിക്കുമല്ലോ. 'ഗം' എന്ന അക്ഷരം അനുസ്വാരം ചേരുന്നതുകൊണ്ട് ഗുരുവും 'ല' എന്ന അക്ഷരം ലഘുവുമാണ്. അതിനാല് മറ്റൊരു ഉദാഹരണശ്ലോകം ഇല്ലെങ്കിലും ഈ 'ഗംല' കളുടെ ചൊല്‍വടിവില്‍ അതേ വൃത്തത്തില്‍ ശ്ലോകങ്ങള്‍ രചിക്കുവാന്‍ പ്രയാസമില്ല. 'ഗംല' കളെ ത്രികങ്ങളായി (മൂന്നക്ഷരഗണങ്ങളായി) തിരിച്ച് ഗണനാമങ്ങള് കണ്ടുപിടിക്കാനും എളുപ്പമാണ്. ഭരതമുനിയുടെ വൃത്തലക്ഷണത്തില്‍നിന്നും ചൊല്‍വടിവ് കണ്ടെത്താനും അപൂര്‍വ്വവൃത്തങ്ങള്‍ക്ക് ലക്ഷ്യലക്ഷണം ചമയ്ക്കാനും ഞാന്‍ ഈരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. .

28. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"ആദ്യേ പുനരന്ത്യേ

ദ്വേ ദ്വേ ഗുരുണീ ചേത്

സാ സ്യാത്തനുമദ്ധ്യാ

ഗായത്രസമുത്ഥാ "

(ആദ്യത്തിലും അവസാനത്തിലും ഈരണ്ടു ഗുരുക്കളോടുകൂടി ഗായത്രീഛന്ദസ്സിലുളവാകുന്ന വൃത്തത്തിനു 'തനുമദ്ധ്യ' എന്നു പേര്. ആറക്ഷരമുള്ള ഈ വൃത്തത്തില്‍ രണ്ടറ്റത്തും ഈരണ്ടക്ഷരങ്ങള്‍ ഗുരുക്കളെന്നു പറഞ്ഞതുകൊണ്ട് ശിഷ്ടമുള്ള നടുവിലെരണ്ടക്ഷരം ലഘുവാണെന്നു സിദ്ധിക്കുന്നു. മദ്ധ്യം കൃശമായതുകൊണ്ടാണ് തനുമദ്ധ്യ എന്ന് ഈ വൃത്തത്തിന് പേരുവന്നത്.)

ഭരതമുനി നിര്‍ദ്ദേശിച്ചവിധത്തില്‍ ഗുരുലഘുക്കളുടെ സ്ഥാനക്രമത്തില്‍ 'ഗംല'കളെ നിരത്തിയാല്‍ കിട്ടുന്ന 'ഗംഗംല|ലഗംഗം' എന്ന വരിയെ മൂന്നക്ഷരഗണങ്ങളായി തിരിച്ചാല്‍ ഒരു 'ത' ഗണവും ഒരു 'യ' ഗണവും കിട്ടുമല്ലോ. ഈ പാദം ഈ വൃത്തത്തിന്റെ ലക്ഷണവും ഉദാഹരണവുമായതിനാല്‍ ഇതിന്റെ ചൊല്ലുവടിവില്‍ ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ വിഷമമില്ല.

"തൊണ്ടും മണലുംകൊ-

ണ്ടന്നും നടകൊണ്ടു

തണ്ടും തടിയൊത്തോന്‍

മണ്ടന്‍ സുകുമാരന്‍"

എന്ന് ഉദാഹരണമെഴുതിയാല്‍ അതിനും ഒരു ചെണ്ടത്താളമുണ്ട്.

"തംയം തനുമദ്ധ്യാ"

എന്നാണ് ഗായത്രീഛന്ദസ്സിലെ ഈ വൃത്തത്തിന് വൃത്തമഞ്ജരിയില്‍ ലക്ഷ്യലക്ഷണമായി നല്‍കിയിട്ടുള്ളത്.

29. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"ലഘുഗണ ആദൌ

ഭവതി ചതുഷ്കഃ

ഗരുയുഗമന്തേ

മകരകശീര്‍ഷാ"

(ആദ്യം നാലുലഘു ഒടുവില്‍ രണ്ടു ഗുരു ഈ വൃത്തത്തിന് 'മകരകശീര്‍ഷം' എന്നു പേര്‍.)

മകരകശീര്‍ഷത്തിന്റെ ലക്ഷണം 'ഗംല'കളായി എഴുതിയാല്‍ 'ലലല|ലഗംഗം' എന്ന താളം ലഭിക്കം. മൂന്നക്ഷരഗണങ്ങളായി ഇതിനെ തിരിച്ചാല്‍ 'ന' 'യ' എന്നീ ഗണങ്ങള്‍ ലഭിക്കുന്നു. 'മകരകശീര്‍ഷം' എന്ന വൃത്തനാമംകൊണ്ടുതന്നെ വൃത്തലക്ഷ്യം പൂര്‍ത്തിയാകുന്നതിനാല്‍ ഒറ്റവരിയില്‍ ഗണനാമങ്ങള്‍ ഉള്‍പ്പെടുത്തി ലക്ഷണമെഴുതാന്‍ സാദ്ധ്യമല്ല. ആയതിനാല്‍

"ഗണമതു നംയം

മകരകശീര്‍ഷം"

എന്നു ലക്ഷ്യലക്ഷണത്തെ രണ്ടുപാദങ്ങളില്‍ എഴുതേണ്ടിവരും. നാട്യത്തിനനുയോജ്യമായതും വാദ്യതാളങ്ങള്‍ക്കും അംഗചലനതാളങ്ങള്‍കും ഇണങ്ങുന്നതും രസഭാവങ്ങളില്‍ സന്ദര്‍ഭാനുസരണം പ്രയോഗിക്കാവുന്നതുമായ താളഗരിമയുള്ള വൃത്തങ്ങളെയാണ് ഭരതമുനി നാട്യശാസ്ത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.

'സ്വയമുപയാന്തം

ഭജസി ന കാന്തം

വരതനു! കിം ത്വം

മകരകശീര്‍ഷാ'

എന്നാണ് വൃത്തത്തിന് നാട്യശാസ്തരത്തില്‍ കൊടുത്തിട്ടുള്ള ഉദാഹരണം.

'സ്വയമുപയാന്തം

ഭജസി ന കാന്തം

ഭയകരി കിം ത്വം

മകരകശീര്‍ഷാ'

എന്ന പാഠഭേദവും വിക്കിപീഡിയയിലുള്ള മലയാളംപതിപ്പില്‍ കാണുന്നുണ്ട്.

സ്വയമണയുന്നൂ

നിനവിലെ നാഥന്‍

ഭയമിനിയയെന്തേ

മകരകശീര്‍ഷേ.’

30.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

"ഏകമാത്രം ഷട്ക്കേ

സ്യാത് ദ്വിതീയം പാദേ

ഖ്യാതരൂപാ വൃത്തേ

മാലിനീസാ നാമ്നാ"

(ആറക്ഷരമുള്ള പാദത്തില്‍ രണ്ടാമത്തെ അക്ഷരം മാത്രം ലഘുവാണെങ്കില്‍ ആ വൃത്തത്തിന്റെ പേര്‍ 'മാലിനി' എന്നാണ്.)

പതിനഞ്ചക്ഷരമുള്ള അതിശക്വരി ഛന്ദസ്സിലും 'മാലിനി' എന്നപേരില്‍ ഒരു വൃത്തമുണ്ട്.

"നനനയയുഗമെട്ടില്‍ തട്ടണം മാലിനിക്ക്"

എന്നാണ് ഈതിന് വൃത്തമഞ്ജരിയിലുള്ള ലക്ഷ്യലക്ഷണം. ആറക്ഷരഗണത്തില്‍ രണ്ടാമത്തെ അക്ഷരം മാത്രം ലഘുവാകുമ്പോള്‍

'ഗംലഗം|ഗംഗംഗം'

എന്ന താളം ലഭിക്കും. ഇതിനെ ഗണംതിരിച്ചാല്‍ കിട്ടുന്നത് ഒരു 'ര' ഗണവും ഒരു 'മ' ഗണവുമാണ്.

മാലിനിക്കാ'രാമം'-

എന്നെഴുതിയാല്‍ ഈ വൃത്തത്തിന്റെ ലക്ഷ്യലക്ഷണമാകുന്നു. ഭരതമുനി ലക്ഷണമായി നല്‍കിയ ശ്ലോകത്തിന്റെ വൃത്തം 'മാലിനി'തന്നെയാണെങ്കിലും

"സ്നാനഗന്ധസ്രഗ്ഭിര്‍

വസ്ത്രഭൂഷായോഗൈഃ

വ്യക്തമേവൈഷാ ത്വം

മാലിനീ പ്രഖ്യാതാ."

എന്ന ഉദാഹരണ ശ്ലോകവും നല്‍കുന്നുണ്ട്. വൃത്തനാമം ശ്ലോകത്തില്‍ത്തന്നെ സൂചിപ്പിക്കുന്നത് 'മുദ്രാലങ്കാരം'എന്ന അലങ്കാരമാണ് തുടര്‍ന്നുള്ള വൃത്തങ്ങള്‍ക്കും നല്‍കപ്പെട്ട ഉദാഹരണശ്ലോകങ്ങളില്‍ നായികാനാമമായി വൃത്തനാമം തന്നെ ഉപയോഗിച്ചിട്ടുള്ളതായി കാണാം.

31.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം.

ദ്വിതീയം പഞ്ചമം ചൈവ

ലഘു യത്ര പ്രതിഷ്ഠിതം

ശേഷാണി ച ഗുരൂണി സ്യുര്‍-

മാലതീ നാമ സാ യഥാ.

(രണ്ടും അഞ്ചും അക്ഷരങ്ങള്‍ ലഘു, മറ്റു നാലും ഗുരു. ഇങ്ങനെയുള്ള വൃത്തത്തിന് മാലതി എന്നു പേര്‍)

ഇതേവരെ പറഞ്ഞ അഞ്ചു വൃത്തങ്ങളുടെയും ലക്ഷണം അതേ വൃത്തത്തില്‍ത്തന്നെയാണ് നല്കിയിരിക്കുന്നതെങ്കില്‍ ഈ വൃത്തലക്ഷണം അനുഷ്ടുപ്പിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അതിനാല്‍ ഉദാഹരണങ്ങളുടെ അഭാവത്തില്‍ താളം കണ്ടുപിടിക്കാന്‍ 'ഗംല'കളെത്തന്നെ ആശ്രയിക്കേണ്ടിവരും. ലക്ഷണത്തില്‍ പറഞ്ഞവിധത്തില്‍ 'ഗംല'കള്‍ ഉപയോഗിച്ചാല്‍

'ഗംലഗം|ഗംലഗം'

എന്ന താളം ലഭിക്കുന്നു. മൂന്നക്ഷരഗണങ്ങളായി തിരിച്ചാല്‍ രണ്ടു 'ര' ഗണങ്ങളിലുള്ള ഈ വൃത്തത്തിന്

'രംര'മായ് മാലതീ.

എന്നു ലക്ഷ്യലക്ഷണമെഴുതാം. അറുപത്തിനാലു വൃത്തങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഗായത്രീ ഛന്ദസ്സില്‍ നാട്യത്തിനനുയോജ്യമായ ആറു വൃത്തങ്ങളുടെ ലക്ഷണോദാഹരണങ്ങളാണ് ഭരതമുനി നല്‍കിയിട്ടുള്ളത്. ഛന്ദസ്സുകളിലെ അക്ഷരസംഖ്യകള്‍ക്കു തുല്യമായി 'ഗംല'കള്‍ നിരത്തി ചൊല്‍ത്താളമറിഞ്ഞ് അചുംബിതങ്ങളായ വൃത്തങ്ങള്‍ പരീക്ഷിക്കാന്‍ പുതിയ കവികള്‍ക്കും ശ്രമിക്കാവുന്നതാണ്.

"നിന്‍മിഴിക്കോണിലും

മീന്‍തുടിക്കോളുകളള്‍

മാന്‍പിടപ്പേടികള്‍

ഞാന്‍വരാന്‍വൈകിയോ?" (സ്വന്തം)

- എന്ന് ഉദാഹരണമാകാം

32. നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ദ്വിതീയം ച ചതുര്‍ത്ഥം ച

പഞ്ചമം ച യദാ ലഘു

യസ്യാഃ സപ്താക്ഷരേ പാദേ

സാ ജ്ഞേയാ തുദ്ധതാ യഥാ

(രണ്ട് നാല് അഞ്ച് എന്നീ അക്ഷരങ്ങൾ ലഘു മറ്റു നാലക്ഷരം ഗുരു ഏഴക്ഷരമുള്ള പാദങ്ങളോടുകൂടി ഈ വൃത്തത്തിന് ഉദ്ധതയെന്നു പേര്‍ )

ഏഴക്ഷരങ്ങളുള്ള ഉഷ്ണിക്ക് ഛന്ദസ്സിലെ ഉദ്ധത എന്ന വൃത്തത്തിന്റെ ലക്ഷണം അനുഷ്ടുപ്പിലാണ് നല്‍കിയിട്ടുള്ളത്. നിര്‍ദ്ദിഷ്ടക്രമത്തില്‍ ഗംലകളെ വിന്യസിച്ചാല്‍ താളം 'ഗംലഗം|ലലഗം|ഗം' എന്നാണ്. ത്രികങ്ങളായി പരിശോധിച്ചാല്‍ ഒരു 'ര'ഗണവും ഒരു 'സ'ഗണവും ഒരു ഗുരുവും ലഭിക്കും. ഈ ഗണക്രമത്തിന് അതേ താളത്തില്‍ ലക്ഷണമെഴുതിയാല്‍ കിട്ടുന്ന

"ഉദ്ധതക്കുരസംഗം"

എന്നരസകരമായ പാദം അക്ഷരവിന്യാസത്തിലൂടെ ദ്വയാര്‍ത്ഥം ധ്വനിപ്പിക്കുന്നതാണ്. അവസാനം വരുന്ന 'രസംഗം' എന്ന അക്ഷരങ്ങളില്‍ 'രസം' 'സംഗം' എന്നീ വാക്കുകളുണ്ട്. ഇതുരണ്ടും 'ഉദ്ധത' യായ നായികയില്‍ ആരോപിച്ചാല്‍ ഒരു വെണ്മണിശൃംഗാരത്തിന്റെ വ്യംഗ്യഭാവമുണ്ട്.

"ദന്തകുന്തകൃതാന്തം

വ്യാകുലാളകശോഭം

ശംസതീവ തവാസ്യം

ഹ്യുദ്ധതം രതയുദ്ധം"

എന്ന ഭരതമുനിയുടെ ഉദാഹരണശ്ലോകവും ശൃംഗാരവര്‍ണ്ണന തന്നെ.

‘പല്ലിനാല്‍ ക്ഷതമേറ്റും

തെല്ലുചായലുലഞ്ഞും

ചൊല്ലിടും മുഖഭാവം

ഉദ്ധതം രതിസംഗം’

എന്ന് ഈ ശ്ലോകത്തെ ആശയാനുവാദം ചെയ്യാം

33.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ആദൌദ്വേ നിധനേ ചൈവ

ഗുരുണീ യത്ര വൈ തദാ

പാദേ സപ്താക്ഷരേ ജ്ഞേയാ

നാമ്നാ ഭ്രമരമാലിക

(ഏഴക്ഷരമുള്ള പാദത്തില്‍ ആദ്യത്തെ രണ്ടും ഒടുവിലത്തെ രണ്ടുമായി നാലക്ഷരം ഗുരു മറ്റു മൂന്നും ലഘു. ഇങ്ങനെയുള്ള വൃത്തത്തിന് ഭ്രമരമാലിക എന്നു പേർ)

തുടക്കവുമൊടുക്കവും ഈരണ്ടു ഗുരുക്കളും നടുവില്‍ മൂന്നു ലഘുക്കളുമുള്ള ഈ വൃത്തത്തിന്റെ താളം-

'ഗംഗംല|ലലഗം|ഗം'.

ഈ 'ഗംല'കളെ മൂന്നക്ഷര ഗണങ്ങളായി തിരിക്കുമ്പോള്‍ ഒരു 'ത' ഗണവു ഒരു 'സ' ഗണവും ഒരു 'ഗുരു' വുമാണ് കിട്ടുന്നത്. വര്‍ണ്ണഗണ വിധിപ്രകാരം അതേ വൃത്തത്തില്‍ ലക്ഷണമെഴുതിയാല്‍ വൃത്തനാമവും 'തസഗ'വും ചേരുമ്പോള്‍ ഏഴക്ഷരത്തില്‍ കൂടുതല്‍ വരുന്നതുകൊണ്ട് ഒരു പാദത്തില്‍ ഒതുക്കുവാന്‍ സാദ്ധ്യമല്ല.

'തംസംഭ്രമരമാലി-

കയ്ക്കും ഗുരുവതന്ത്യം'

എന്ന് രണ്ടു പാദത്തില്‍ ലക്ഷണമെഴുതിയാലും വൃത്തമൊപ്പിക്കാന് യതിഭംഗവും അന്ത്യാക്ഷരം ഗുരുവായി പരിഗണിക്കാമെന്ന ആനുകൂല്യവും കയ്പ്പായവശേഷിക്കും.

"നാനാകുസുമചിത്രേ

പ്രാപ്തേ സുരഭിമാസേ

ഏഷാ ഭ്രമതി മത്താ

കാന്തേ ഭ്രമരമാലാ"

എന്ന ഭരതമുനി നല്‍കിയ ഉദാഹരണ ശ്ലോകത്തിലും വൃത്തനാമം പൂര്‍ണ്ണമായി എഴുതാന്‍ കഴിയാതിരുന്നത് 'ഭ്രമരമാലിക' വൃത്തത്തില്‍ ഒതുങ്ങാ ത്തതിനാലാണ്.

34.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം.

ആദ്യം തൃതീയമന്ത്യം ച

പഞ്ചമം സപ്തമം തഥാ

ഗുരൂണ്യഷ്ടാക്ഷരേ പാദേ

സിംഹലീലേതി സാ സ്മൃതാ

(എട്ടക്ഷരമുള്ള പാദത്തില്‍ ഒന്ന് മൂന്ന് അഞ്ച് ഏഴ് എട്ട് എന്നീ അക്ഷരങ്ങള്‍ ഗുരുക്കളാണെങ്കില്‍ ആ വൃത്തത്തിന് സിംഹലീലയെന്നു പേര്‍)

അനുഷ്ടുപ്പ് ഛന്ദസ്സിലുള്ള ഈ വൃത്തത്തിന്റ താളം ലക്ഷണക്രമത്തില്‍ എഴുതിയാല്‍

‘ഗംലഗം|ലഗംല|ഗംഗം’

എന്നാണല്ലോ. ഒരു 'ര' ഗണവും ഒരു 'ജ' ഗണവും രണ്ടു 'ഗുരു' ക്കളുമാണ് ഇത് മൂന്നക്ഷഗണങ്ങളായി തിരിച്ചാല്‍ കിട്ടുക.

'സിംഹലീല രംജ ഗംഗം'

എന്ന് ഈ വൃത്തത്തിനു ലക്ഷണമെഴുതാം. ഇതേ ഗണക്രമത്തില്‍ അന്താക്ഷരം മാത്രം ലഘുവായ

'രം സമാനികാ ജഗംല'

എന്ന ലക്ഷ്യലക്ഷണമായി 'സമാനിക' എന്ന വൃത്തം വൃത്തഞ്ജരിയിലുണ്ട്. സിംഹലീല എന്നത് കാമശാസ്ത്രപ്രകാരമുള്ള ഒരു രതിതന്ത്രവുമാണ്.

യത് ത്വയാ ഹ്യനേകഭാവൈ

ശ്ചേഷ്ടിതം രഹസ്സുഗാത്രി!

തന്മനോ മമ പ്രവിഷ്ടം

വൃത്തമത്ര സിംഹലീലം

എന്നു ഭരതമുനി നല്‍കുന്ന ഉദാഹരണശ്ലോകത്തിലും ഈ അര്‍ത്ഥഭേദങ്ങള്‍ ദര്‍ശിക്കാം.

സിംഹരൂപമാര്‍ന്ന മദ്ധ്യം

അംഗമോ മൃഗാംഗബിംബം

അംഗനേ രഹസ്സില്‍മാത്രം

സംഗമത്ര സിംഹലീല !

പാദത്തിലെ അന്ത്യലഘു ഗുരുവായി പരിഗണിക്കാമെന്ന വൃത്തവിധിപ്രകാരം സമാനികയും സിംഹലീലതന്നെ.

35.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ചതുര്‍ത്ഥം ച ദ്വിതീയം ച

ഷഷ്ഠമഷ്ടമമേവച

ഗുരൂണ്യഷ്ടാക്ഷരേ പാദേ

യത്രതന്മത്തചേഷ്ടിതം

(രണ്ട് നാല് ആറ് എട്ട് എന്നീ അക്ഷരങ്ങള്‍ എട്ടക്ഷരമുള്ള പാദത്തില്‍ ഗുരുവായിവന്നാല്‍ ആ വൃത്തം മത്തചേഷ്ടിതം)

ഒന്നിടവിട്ടുള്ള അക്ഷരങ്ങള്‍ ഗുരുവായി വരുന്ന താളം

'ലഗംല|ഗംലഗം|ലഗം' എന്നു വരും.

മൂന്നക്ഷരഗണങ്ങളായി തിരിച്ചാല്‍ 'ജരംലഗം' എന്നു കിട്ടും. വൃത്തനാമവും 'ജരംലഗ'വും ചേരുമ്പോള്‍ ഒന്‍പതക്ഷരം വരുന്നതിനാല്‍ അതേ വൃത്തത്തില്‍ ലക്ഷണമെഴുതാന്‍ ഒരക്ഷരം കുറച്ചാലേ സാദ്ധ്യമാവൂ. 'ലഗ'ങ്ങളെ 'ല്''ഗ്' എന്നും അടയാളപ്പെടുത്താമെന്ന് ഭരതമുനി പറഞ്ഞിട്ടുണ്ട്. 'ഗ്' എന്ന് അര്‍ദ്ധാഷ്കരം ചേര്ത്ത്

'ജരംലഗ് മത്തചേഷ്ടിതം'

എന്നു ലക്ഷണം എട്ടക്ഷരത്തിലൊതുക്കാം. വൃത്തമഞ്ജരിയില്‍ ഈ വൃത്തത്തിന്റെ പേര് പ്രമാണിക എന്നാണ്. 'ജരംജരംജഗം നിരന്നു' വരുന്ന അഷ്ടി ഛന്ദസ്സിലെ പഞ്ചചാമരത്തിന്റെ പാതി തന്നെയാണ് ഈ വൃത്തം.

‘മദാവഘൂര്‍ണ്ണിതേക്ഷണം

വിലംബിതാകുലാളകം

അസംസ്ഥിതൈഃ പദൈഃ പ്രിയാ

കരോതി മത്തചേഷ്ടിതം’ -എന്നു ഭരതമുനിയും

‘പ്രമാണികര്‍ക്കുമുത്തമ-

പ്രമാണമാം ഭവല്‍ പദം

വണങ്ങിടുന്നു ഞാനിതാ

വണക്കമോടു ഭാരതീ’ -എന്നു കേരളപാണിനിയും ഉദാഹരണം നല്കിയിരിക്കുന്നു.

36.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

അഷ്ടാക്ഷരകൃതേ പാദേ

സര്‍വ്വാണ്യേവ ഭവന്തി ഹി

ഗുരൂണി യസ്മിന്‍ സാ നാമ്നാ

വിദ്യുന്മാലേതി കീര്‍ത്തിതാ

(എട്ടക്ഷരമുള്ള പാദത്തില്‍ എല്ലാ അക്ഷരങ്ങളും ഗുരുക്കളായ വൃത്തത്തിനു വിദ്യുന്മാല എന്നു പേര്)

എട്ടക്ഷരവും സര്‍വ്വഗുരുവായ ഈ വൃത്തത്തിന്റെ ചൊല്‍ത്താളം

'ഗംഗംഗം|ഗം ഗംഗം|ഗംഗം'

എന്നാകയാല്‍ വര്‍ണ്ണഗണപ്രകാരം 'മമഗഗ' എന്നു കിട്ടുന്നു.

'മംമംഗംഗം വിദ്യുന്മാലാ'

എന്നു ലക്ഷ്യ ലക്ഷണം വൃത്തമഞ്ജരിയിലും കാണാം. മദ്ധ്യത്തില്‍ യതി വേണമെന്നും കേരളപാണിനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

"സാംഭോഭാരൈരാനര്‍ദ്ദദ്ഭിഃ

ശ്യാമാംഭോദൈര്‍വ്യാപ്തേ വ്യോമ്നി

ആദിത്യാംശുസ്പര്‍ദ്ധിന്യേഷാ

ദിക്ഷു ഭ്രാന്താ വിദ്യുന്മാലാ"

എന്ന ഭരതമുനിയുടെ ഉദാഹരണശ്ലോകം വൃത്തനാമവും പദാര്‍ത്ഥവും അന്വര്‍ത്ഥമാക്കുന്നതാണ്.

("നീരുള്‍ക്കൊണ്ടേറ്റം ഗര്‍ജ്ജിക്കും

നീലക്കാര്‍ തിങ്ങീ വിണ്ണാകേ

ആദിത്യാംശുസ്പര്‍ദ്ധാപൂര്‍വ്വം

മിന്നിപ്പാഞ്ഞൂ വിദ്യുന്മാലാ" -എന്നു വിവര്‍ത്തകന്‍)

‘കൊണ്ടയ്ക്കുണ്ടേ ചെണ്ടും വണ്ടും

വേണ്ടും പണ്ടം തീണ്ടും കണ്ഠം

മിണ്ടാനുണ്ടാ ചുണ്ടില്‍ തണ്ടും

കണ്ടാ മണ്ടും കുണ്ടാ മണ്ടി’ -(സ്വന്തം)

37.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

പഞ്ചമം സപ്തമം ചാന്ത്യം

ഗുരു പാദേഷ്ടകേ തഥാ

ഛന്ദോജ്ഞൈര്‍ജ്ഞേയമേതത്തു

വൃത്തം ചിത്തവിലാസിതം.

(എട്ടക്ഷരമുള്ള പാദത്തില്‍ അഞ്ച് ഏഴ് എട്ട് എന്നീ മൂന്നക്ഷരങ്ങള്‍ ഗുരുവായിട്ടുള്ള വൃത്തത്തിനു 'ചിത്തവിലാസിത' മെന്നു പേര്)

'ലലല|ലഗംല|ഗംഗം'

എന്നു താളം വരുന്ന 'ചിത്തവിലാസിതം' വര്‍ണ്ണഗണനിയമപ്രകാരം ഒരു 'ന'ഗണവും ഒരു 'ജ'ഗണവും രണ്ടു ഗുരുക്കളും ചേര്‍ന്ന വൃത്തമാണ്.

"സ്മിതവശവിപ്രകാശൈര്‍

ദശനപദൈരമീഭിഃ

വരതനു പൂര്‍ണ്ണചന്ദ്രം

തവ മുഖമാവൃണോതി"

- എന്ന ഭരതമുനിയുടെ ഉദാഹരണശ്ലോകത്തിര്‍ വൃത്തനാമം ഇല്ലെന്നത് ശ്രദ്ധേയമാണ്. എട്ടക്ഷരമുള്ള വൃത്തത്തില്‍ ആറക്ഷരമുള്ള വൃത്തനാമവും 'നജഗഗ' എന്ന ഗണസൂചകങ്ങളും ഒരു പാദമായി നിബന്ധിക്കാന്‍ സാദ്ധ്യമല്ലെന്നു വ്യക്തമാണല്ലോ. ഈവൃത്തത്തില്‍ നാലു പാദങ്ങളുള്ള ശ്ലോകത്തില്‍പ്പോലും 'ചിത്തവിലാസിതം' എന്ന പദം ഉള്‍പ്പെടുത്താന്‍ അസാദ്ധ്യമായവിധത്തിലാണ് അതിന്റെ ഗുരു-ലഘൂ ഘടന. അതിനാല്‍ ലക്ഷ്യവും ലക്ഷണവും ഒരേ വരികളിലുള്‍പ്പെടുത്താന്‍ ഒരു ഗുരു ലഘുവാക്കി-

"നജഗഗമൊത്തു ചിത്ത-

വിലസിത മാര്‍ന്ന വൃത്തം"

എന്നു രണ്ടുപാദങ്ങളിലെഴുതാം . ഇതില്‍ 'ലാ'കാരത്തെ 'ല'കാരമാക്കിയ അപരാധതിന് ഗുരോ! മാപ്പുനല്‍കിയാലും.

38.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

നവാക്ഷരകൃതേ പാദേ

ത്രീണി സ്യുര്‍നൈധനാനിതു

ഗുരൂണി യസ്യാഃ സാ നാമ്ന

ജ്ഞേയാ മധുകരീ യഥാ.

(ഒമ്പതക്ഷരമുള്ള പാദത്തില്‍ ഒടുവിലത്തെ മൂന്നക്ഷങ്ങളും ഗുരുക്കളായിട്ടുള്ള വൃത്തത്തിനു മധുകരി എന്നു പേര്)

ഒന്‍പതക്ഷരമുള്ള ബൃഹതീഛന്ദസ്സില്‍ മധുകരി എന്ന ഒരു വൃത്തത്തിനുമാത്രമേ ഭരതമുനി ലക്ഷണം നിര്‍ണ്ണയിച്ചിട്ടുള്ളൂ. ഒടുവിലത്തെ മൂന്നക്ഷരങ്ങള്‍ ഗുരുക്കളായാല്‍ താളം

'ലലല|ലലല|ഗംഗംഗം'

എന്നാണല്ലൊ. ചൊല്ലാനും നല്ല ശബ്ദഭംഗിയുള്ള ഒരു താളമാണിത്. ഇതിന്റെ ഗണക്രമം ത്രികങ്ങളായി രണ്ടു സര്‍വ്വലഘുവും ഒരു സര്‍വ്വഗുരുവുമായതിനാല്‍ 'നനമ' എന്നുകിട്ടും. വര്‍ണ്ണഗണവിധിയനുസരിച്ച് ഈ വൃത്തത്തിന്റെ ലക്ഷണം

'മധുകരി നനമം പാദം' -എന്നെഴുതാം.

കുസുമിതമപി പശ്യന്തി

വിവിധതരുഗണൈ ശ്ഛന്നം

വനമതിശയഗന്ധാഢ്യം

ഭുമതി മധുകരീ ഹൃഷ്ടാ

എന്ന വനവര്‍ണ്ണനയാണ് ഭരതമുനി ലക്ഷണമായി നല്‍കിയിട്ടുള്ളത്. ചടുലതാളത്തിലുള്ള ഈ വൃത്തത്തില്‍ ഒരു സ്വയംകൃതി ഇങ്ങനെയും ചൊല്ലാം-

കലപിലപലനാദത്തില്‍

കലരുമൊരുവിഭാതത്തില്‍

കിളികള്‍ പകരുമീണത്തില്‍

കുതുകമധുരമീ ഗാനം!

അഞ്ഞൂറ്റിപ്പന്ത്രണ്ടു വൃത്തങ്ങളടങ്ങിയതാണ് ബൃഹതി ഛന്ദസ്സ്. മധുകരി വൃത്തത്തിന് ശിശുഭൃത എന്നും പേരുണ്ട്.

39.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ദശാക്ഷരകൃതേ പാദേ

ത്രീണ്യാദൌ ത്രീണി നൈധനേ

യസ്യാ ഗുരൂണി സാ ജ്ഞേയാ

പങ്തിരുത്പലമാലികാ

(പത്തക്ഷരമുള്ള പാദത്തില്‍ ആദിയിലും ഒടുവിലും മുമ്മൂന്നക്ഷരങ്ങള്‍ ഗുരുക്കളായിട്ടുള്ള പങ്തി ഛന്ദസ്സില്‍പ്പെട്ട വൃത്തത്തിന് 'ഉല്‍പലമാലിക' അതായത് 'കുവലയമാല' എന്നു പേര്)

ലഘൂഗുരുക്കളെ വായ്ത്താരിയില്‍ ക്രമീകരിച്ചാല്‍ ചൊല്‍ത്താളം

'ഗംഗംഗം|ലലല|ലഗംഗം|ഗം'

എന്നുവരും. അക്ഷരങ്ങള്‍ വ്യത്യാസപ്പെടുത്തി

'തെയ്തെയ്തെയ് തകതക തെയ്തെയ്തയ്'

എന്നിങ്ങനെ പലവിധത്തില്‍ വായ്ത്താരികള്‍ നാടന്‍പാട്ടുകളിലും മറ്റും കാണാറുണ്ട്. താളത്തില്‍ അര്‍ത്ഥവും ഭാവവുമുള്‍ക്കൊള്ളുന്ന അക്ഷരങ്ങള്‍ ചേരുമ്പോള്‍ അതു കവിതയാവുന്നു. 'മനയഗ' എന്ന ഗണനിബന്ധനയില്‍ വരുന്ന ഈ വൃത്തം 'കുവലയമാല'യാണ്.

'മംനംയം കുവലയമാലാ ഗം'

എന്ന് ലക്ഷണമെഴുതാം.

അസ്മിംസ്തേ ഭ്രമരനിഭേ കാന്തേ!

നാനാരത്നരചിതഭൂഷാഢ്യേ

ശോഭാമാവഹതി ശുഭാം മൂർധ്നി

പ്രോത്ഫുല്ലാ കുവലയമാലേയം

എന്നാണ് ഉദാഹരണശ്ലോകം.

രത്നത്തിന്നണികളിണങ്ങീടും

വണ്ടാര്‍പൂങ്കുഴലിലെടോ! കാന്തേ

ചേലേന്തും കുവലയമാലയ്ക്കു-

ണ്ടത്യന്തം മണമൊടു സൌഭാഗ്യം

എന്ന് നാരായണപിഷാരടിയുടെ വിവര്‍ത്തനം. ഉല്പലമാലിക എന്നും പേരുകാണാമെങ്കിലും ‘ലഗ’ങ്ങള്‍ ഇടകലര്‍ന്നു വരുന്നതിനാല്‍ ലക്ഷ്യലക്ഷണത്തില്‍ ആപദം ഉള്‍പ്പെടുത്തുക അസാദ്ധ്യമാണ്.

‘കണ്ടാല്‍ നീയൊരു കണിമന്ദാരം

കേട്ടാല്‍ കോകില കളസംഗീതം

കൊണ്ടാല്‍ കൌസ്തുഭ മണിമാംഗല്യം

പൂണ്ടാല്‍ മഞ്ജുള മദനാരാമം!’ -(സ്വന്തം) .

40.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ദ്വിതീയ ച ചതുര്‍ത്ഥം ച

ഷഷ്ഠമഷ്ടമമേവ ച

ഹ്രസ്വം ദശാക്ഷരേ

പാദേ യത്ര സാ ശിഖിസാരിണീ.

(പത്തക്ഷരമുള്ള പാദത്തില്‍ രണ്ട് നാല് ആറ് എട്ട് എന്നു നാലക്ഷരം ലഘുവായിട്ടുള്ള വൃത്തത്തിന് ശിഖിസാരിണി അഥവാ മയൂരസാരിണി എന്നു പേര്)

ശിഖിസാരിണി, മയൂരസാരിണി എന്നീ പേരുകള്‍ ഈ വൃത്തത്തിനു നല്‍കിയിട്ടുണ്ടെങ്കിലും ‘ഗംല’കള്‍ ഇടവിട്ടുവരുന്നതിനാല്‍ ശിഖിരസാരിണി എന്ന പേര് ലക്ഷ്യവും ലക്ഷണവും ചേര്‍ന്നുവരുന്ന ഒരു പാദത്തില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രയാസമാണ്. ലക്ഷണശ്ലോകത്തില്‍ നിര്‍ദ്ദേശിച്ചപ്രകാരം പത്തക്ഷരങ്ങളും ‘ഗംല’കളാക്കിയാല്‍ ചൊല്‍ത്താളം

'ഗംലഗംലഗംലഗംലഗംഗം'

ആയിരിക്കുമെന്നതിനാല്‍ വൃത്തത്തിന്റെ ഗണനിബന്ധന 'രജരഗ' . ഇതിനെ വൃത്തനാമം ചേര്‍ത്ത് അതേ വൃത്തത്തില്‍ ലക്ഷണമെഴുതിയാല്‍

'രംജരം മയൂരസാരിണീ ഗം'

എന്നായിരിക്കും.

ഈ വൃത്തത്തിന് ഭരതമുനി നല്‍കിയിരിക്കുന്ന ഉദാഹരണം രസകരമാണ്.

‘നൈവതേസ്തി സംഗമോ മനുഷ്യര്‍-

ന്നാപി കാമഭോഗചിഹ്നമന്ന്യൽ

ഗര്‍ഭിണീവ ദൃശ്യസേ ഹ്യനാര്യ!

കിം മയൂരസാരിണീ ത്വമേവം.’

നാരായണപിഷാരടിയുടെ വിവര്‍ത്തനം ഇങ്ങനെ-

‘മര്‍ത്ത്യരോടു സംഗമം നിനക്കി-

ല്ലില്ല കാമഭോഗചിഹ്നമേതും

ഗര്‍ഭമുള്ളപോലെ കാണ്മു നിന്നെ

യേല്പിതോ മയൂരസാരിണീത്വം.’

‘ഇന്നുരാവില്‍ മെല്ലെ മെല്ലെ വന്നു

എന്റെ ചില്ലുജാലകം തുറന്നു

മഞ്ഞുതുള്ളിയെന്‍ മുഖത്തെറിഞ്ഞു

പോകയോ പിരിഞ്ഞുനീ ഡിസംബര്‍?’

-എന്ന് ഒരു സ്വയംകൃതിയുമാവാം

41.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ആദ്യം ചതുര്‍ത്ഥമന്ത്യം ച

സപ്തമം ദശമം തഥാ

ഗുരുണീ ത്രൈഷ്ടുഭേ പാദേ

യത്ര സ്യുര്‍ദോധകം തു തത്

(പതിനൊന്നക്ഷരമുള്ള ത്രിഷ്ടുപ്ഛന്ദസ്സിലെ പാദത്തില്‍ ഒന്ന് നാല് ഏഴ് പത്ത് പതിനൊന്ന് എന്നീ അക്ഷരങ്ങള്‍ ഗുരുക്കളാണെങ്കില്‍ ആ വൃത്തത്തിനു ദോധകം എന്നു പേര്)

ചടുലമായ നടനതാളമുള്ള ഒരു വൃത്തമാണ് ദോധകം. ലക്ഷണശ്ലോകമനുസരിച്ച് ഇതിന്റെ താളം

'ഗംലല|ഗംലല|ഗംലല|ഗംഗം'

എന്നു രേഖപ്പെടുത്താം. മൂന്നു ഭഗണങ്ങളും രണ്ടു ഗുരുക്കളും വരുന്ന ഗണനിബന്ധനയില്‍ ലക്ഷ്യലക്ഷണം

'ഭംഭഭ|ഗംഗുരു| ദോധക|വൃത്തം'

എന്നെഴുതാം.ഉദാഹരണശ്ലോകത്തില്‍ ഒരു മദയാനയുടെ ഗതിയോടാണ് ഭരതമുനി ഈ വൃത്തത്തെ ഉപമിച്ചിട്ടുള്ളത്.

'പ്രസ്ഖലിതാഗ്രപദപ്രവിചാരം

മത്തവിഘൂര്‍ണ്ണിതഗാത്രവിലാസം

പശ്യ വിലാസിനി! കുഞ്ജരമേതം

ദോധകവൃത്തഗതിം പ്രകരോതി'

ഗണസംജ്ഞ വിശദമാക്കുന്ന പ്രസിദ്ധമായ പദ്യം സംസ്കൃതത്തിലുള്ളത് ഈ വൃത്തത്തിലാണ്- (വൃത്തമഞ്ജരി അടിക്കുറിപ്പ്).

ദോധകവൃത്തത്തില്‍ തനി മലയാളത്തില്‍ ഒരു പദ്യം-

കാട്ടിലലച്ചുമദിച്ചുകുതിക്കേ

കെട്ടിയണച്ചു പിടിച്ചു പിഴിഞ്ഞു

നൂണ്ടുകടന്നു പതുങ്ങി നടക്കേ

പൂഴി കടത്തിയ കുണ്ടിലുമാഴ്ത്തി. -(സ്വന്തം)

തരംഗിണിത്താളവുമായി അടുത്തുനില്ക്കുന്നൂ ദോധകം.

42.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ആദൌ ദ്വേ പഞ്ചമം ചൈവാ-

പ്യഷ്ടമം നൈധനം തഥാ

ഗുരൂണ്യേകാദശേ പാദേ

യത്ര തന്മോടകം യഥാ

(ഒന്ന് രണ്ട് അഞ്ച് എട്ട് പതിനൊന്ന് എന്നീ അക്ഷരങ്ങള്‍ ഗുരുക്കളായിട്ടുള്ളതും പാദത്തില്‍ പതിനൊന്നക്ഷരമുള്ളതുമായ വൃത്തത്തിനു മോടകം എന്നു പേര്‍)

പദ്യത്തില്‍ പറഞ്ഞപ്രകാരം ത്രിഷ്ടുപ്പ് ഛന്ദസ്സിലുള്ള ഈ വൃത്തത്തിന്റ ഗുരുലഘുക്രമം

'ഗംഗംലലഗംലല ഗംലലഗം' എന്നു കിട്ടുന്നു.

ഈ താളക്രമത്തെ മൂന്നക്ഷരഗണങ്ങളായി തിരിച്ചാല്‍ 'തജജലഗം' എന്നാണല്ലോ. അതുപ്രകാരം ലക്ഷ്യവും ലക്ഷണവും ഒരു പാദത്തില്‍ നിബന്ധിച്ചാല്‍

'തംജംജലഗംകൃതിമോടകമാം'

എന്നു വരുന്നു. മലയാളകവിതയില്‍ വളരെ വിരളമായിമാത്രമേ നാട്യശാസ്ത്രത്തില്‍ മാത്രം കാണുന്ന അപൂര്വ്വവൃത്തങ്ങള്‍ ഉപയോഗപെടുത്തപ്പെട്ടിട്ടുള്ളു.

ഇമ്പംതരുമീ മധുയൌവനവും

സമ്പത്തുമനിത്യമെടോ സകലം

ശംഭുസ്തുതി ചെയ്യുക ചൂതമര

ക്കൊമ്പില്‍ക്കുടിയാര്‍ന്ന കരുങ്കുയിലേ

എന്ന കുമാരനാശാന്റെ ശ്ലോകം മോടകത്തിലാണ്.

ഏഷോ$മ്ബുദനിസ്സ്വനതുല്യരവഃ

ക്ഷീബഃ സ്ഖലമാനവിളംബഗതിഃ

ശ്രുത്വാ ഘനഗര്‍ജ്ജിതമദ്രിതടേ

വൃക്ഷാല്‍ പ്രതിമോടയതിദ്വിരദഃ

എന്നു മേഘഗര്‍ജ്ജനം കേട്ടു വിരണ്ട ആനയുടെ സ്വഭാവോക്തിവര്‍ണ്ണനയാണ് ഭരതമുടെ ലഉദാഹരണ ശ്ലോകം

43.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

'നവമം സപ്തമം ഷഷ്ഠം

തൃതീയം ച ഭവേല്ലഘു

ഏകാദശാക്ഷരേ പാദേ

ഇന്ത്രവജ്രേതി സാ യഥാ'

(പതിനൊന്നക്ഷരമുള്ള പാദത്തില്‍ മൂന്ന്, ആറ്, ഏഴ്, ഒമ്പത് എന്നീ നാലക്ഷരങ്ങള്‍ ലഘുവാണെങ്കില്‍ ആ വൃത്തത്തിന് ഇന്ത്രവജ്ര എന്നു പേര്).

താളം- 'ഗംഗംലഗംഗംലലഗംലഗംഗം' (ജ ത ജ ഗ)

'ഏഭിരേവ തു സംയുക്താ

ലഘുഭിസ്ത്രൈഷ്ടുഭീ യദാ

ഉപേന്ദ്രവജ്രാ വിജ്ഞേയാ

ലഘ്വാദാവിഹ കേവലം'

(ത്രിഷ്ടുപ്ഛന്ദസ്സിലുള്ള ഉപേന്ദ്രവജ്രാവൃത്തത്തിന് ഇന്ദ്രവജ്രയില്‍ പറഞ്ഞ ലഘുക്കളൊക്കെ വേണം ആദ്യത്തെ അക്ഷരം കൂടി ലഘുവാകണമെന്നു മാത്രമേ ഇതില്‍ വിശേഷമുള്ളൂ.)

അപ്പോള്‍ താളം-

'ലഗംലഗംഗംലലഗംലഗംഗം' (ത ത ജ ഗ)

ആദ്യാക്ഷരമായ ഗുരുവും ലഘുവാകുന്നു എന്ന വ്യത്യാസമേ ഉപേന്ദ്രവജ്രയ്ക്ക് ഇന്ദ്രവജ്രയുമായുള്ളൂ. ഒരു ശ്ലോകത്തില്‍ ഈ രണ്ടു വൃത്തങ്ങളും കലര്‍ന്നുവരുമ്പോള്‍ 'ഉപജാതി'യാകുന്നു. ഇന്ദ്രവജ്രയുടെയും ഉപേന്ദ്രവജ്രയുടെയും ഉപജാതിയുടെയും ലക്ഷണവും ഉദാഹരണവും ഒറ്റ ശ്ലോകത്തില്‍ ഒതുക്കിയിരിക്കുന്നൂ കേരളപാണിനി വൃത്തമഞ്ജരിയില്‍-

'കേളിന്ദ്രവജ്രക്കു തതംജഗംഗം

ഉപേന്ദ്രവജ്രക്കു ജതംജഗംഗം

അത്രേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര

കലര്‍ന്നുവന്നാലുപജാതിയാകും ,

(വൃത്തമഞ്ജരി -page- 32)

44.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

'ആദ്യം തൃതീയമന്ത്യം ച

സപ്തമം നവമം തഥാ

ഗുരൂണ്യേകാദശേ പാദേ

യത്ര സാ തു രഥോദ്ധതാ'

(പതിനൊന്നക്ഷരമുള്ള പാദത്തില്‍ ഒന്ന്, മൂന്ന, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നീ അക്ഷരങ്ങള്‍ ഗുരുക്കളാണെങ്കില്‍ ആ വൃത്തത്തിന് 'രഥോദ്ധത' എന്നു പേര്)

ഈ ക്രമത്തില്‍ ‘ഗംല’കള്‍ നിരത്തിയാല്‍

'ഗംലഗം|ലലല|ഗംലഗം|ലഗം'

എന്നാണല്ലോ താളം. ഈതിനെ മൂന്നക്ഷരഗണങ്ങളായി തിരിച്ചാല്‍ 'ര ന ര ല ഗ' എന്നു ഗണക്രമം. വൃത്തമഞ്ജരിയില്‍

'രംനരംല ഗുരുവും രഥോദ്ധത'

എന്ന് കേരളപാണിനി രഥോദ്ധതയ്ക്കു ലക്ഷ്യലക്ഷണം നല്‍കിയിട്ടുണ്ട്.

'തന്നതില്ലപരനുള്ളു കാട്ടുവാന്‍

ഒന്നുമേ നരനുപായമീശ്വരന്‍

ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ!

വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍'

തുടങ്ങിയ കുമാരനാശാന്റെ ആശയഗംഭീരങ്ങളായ വരികള്‍ രഥോദ്ധതയിലുണ്ട്.

'കിം ത്വയാ സുഭടവര്‍ജ്ജിതാത്മനാ

നാത്മനോ ന സുഹൃദാം പ്രിയം കൃതം

യത് പലായനപരായണസ്യ തേ

യാതി ധൂളിരധുനാ രഥോദ്ധതാ'

എന്ന ഭരതമുനി നല്‍കിയ ഉദാഹരണത്തിന്

'എന്തു നീ ബത തനിയ്ക്കുമിഷ്ടനും

ചെയ്തതില്ല സുഭടോചിതം പ്രിയം

പൊങ്ങിടുന്നിത കുതിച്ചുപാഞ്ഞിടു-

ന്നോരു നിന്നുടെ രഥോദ്ധതപ്പൊടി'

എന്ന് നാരായണപിഷാരടി വിവര്‍ത്തനം നല്‍കിയിരിക്കുന്നു.

45.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ആദ്യം തൃതീയമന്ത്യം ച

സപ്തമം ദശമംഗുരു

യസ്യാസ്തു ത്രൈഷ്ടുഭേ പാദേ

വിജ്ഞേയാ സ്വാഗതാ ഹി സാ

(ത്രിഷ്ടുപ് ഛന്ദസ്സിലെ പതിനൊന്നക്ഷരമുള്ള പാദത്തില്‍ ഒന്ന് മൂന്ന് ഏഴ് പത്ത് പതിനൊന്ന് എന്നീ അക്ഷരങ്ങള്‍ ഗുരുവായിട്ടുള്ള വൃത്തത്തിനു സ്വാഗത എന്നു പേര്)

ലക്ഷണത്തിള്‍ പറഞ്ഞപ്രകാരം ലഘുഗുരുക്കളെ ഗംലകളായി നിബന്ധിച്ചാല്‍

'ഗംലഗംലലലഗംലലഗംഗം'

എന്നു താളക്രമം. 'ര ന ഭ ഗ ഗ' എന്നു മൂന്നക്ഷര ഗണങ്ങ ളിലുള്ള ഈ വൃത്തം സ്വാഗതയാണ്.

'സ്വാഗതയ്ക്കു രനഭം ഗുരു രണ്ടും'

തമ്പുരാന്‍പണിത ലക്ഷണലക്ഷ്യം

വൃത്തമഞ്ജരിയതെത്ര സുവ്യക്തം

ഹൃദ്സ്ഥമാക്കിടുകിലോ മമ മോക്ഷം!

എന്ന് കേരളപാണിനിയുടെ ലക്ഷ്യലക്ഷണവും എന്റെ ഉദാഹരണവും ശ്ലോകത്തില്‍ കഴിക്കാം.

ആദ്യ മേ സഫലമായതനേത്രേ

ജീവിതം മദനസംശ്രിതഭാവം

ആഗതാസി ഭവനം മമ യസ്മാത്

സ്വാഗതം തവ വരോരു നിഷീദ

എന്നാണ് ഭരതമുനി സ്വാഗതയ്ക്ക് നാട്യശാസ്ത്രത്തില്‍ നല്‍കിയ ഉദാഹരണം. പതിനാറു മാത്രയുള്ള സ്വാഗതയിലെ രണ്ട് ലഘുക്കളെ ഒരു ഗുരുവാക്കി നാലുമാത്രാഗണതാളത്തില്‍ ആലപിച്ചാല്‍ മാത്രാവൃത്തമാണിത്.

'ചിങ്ങമാസവും ചീതവുംവന്നൂ

കുംഭമാസവും കുമ്പലുംവന്നൂ'

തുടങ്ങിയ നാടന്‍പാട്ടുകള്‍ ഈ ഈണത്തിലുണ്ട്.

46.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ശാലിനി:

'ഷഷ്ഠം ച നവമം ചൈവ

ലഘുനീ ത്രൈഷ്ടുഭേ യദി

ഗുരുണ്യന്യാനി പാദേഷു

സാ ജ്ഞേയാ ശാലിനീ യഥാ'

(ത്രിഷ്ടുപ് ഛന്ദസ്സില്‍ ആറും ഒന്‍പതും അക്ഷരങ്ങള്‍ ലഘുക്കള്‍. മറ്റുള്ളവ ഗുരുക്കള്‍. ഇങ്ങനെയുള്ള വൃത്തത്തിന് ശാലിനി എന്നു പേര്‍)

ഈ വൃത്തത്തിന്റെ ഗംലകളില്‍ വരുന്ന താളം

'ഗംഗംഗം|ഗം ഗംല|ഗം ഗംല|ഗംഗം'

എന്നാണ്. 'മ ത ത ഗ ഗ' എന്നു ത്രികഗണനിബന്ധനയില്‍ വരുന്ന ഈവൃത്തത്തിന്

'നാലേഴായ് മം| ശാലിനീ |തംതഗംഗം'

എന്ന് വൃത്തമഞ്ജരിയില്‍ ലക്ഷ്യ- ലക്ഷണം നല്‍കിയിരിക്കുന്നു. നാലിലും ഏഴിലും യതിയുണ്ടെന്നാണ് കേരളപാണിനി പറഞ്ഞിട്ടുള്ളത്.

ശീലഭ്രഷ്ടേ നിര്‍ഗ്ഗുണേ പാപകേ വാ

ലോകേ ധൈര്യാദപ്രിയം ന ബ്രവീഷി

തസ്മാച്ഛീലം സാധ്വി! ഹേ തേ$നുവൃത്തം

മാധുര്യാഢ്യാ സര്‍വ്വദാ ശാലിനീ ത്വം

എന്നു ഭരതമുനിയുടെ ഉദാഹരണം

‘നീവന്നാല്‍ പോരില്ല, പോരല്ല തമ്മില്‍

നീചൊന്നാല്‍ കേള്‍ക്കില്ല വാക്കില്ല നാക്കില്‍

നീയൊന്നും ചേരില്ല ചേലില്ല കണ്ണില്‍

നീയിന്നും നില്ക്കേണ്ട കാക്കേണ്ട മേലില്‍’

ഈവിധം ത്രികങ്ങളായി യതി ചേര്‍ത്തും പച്ചമലയാളത്തിലും ശാലിനീയെ കല്ല്യാണരൂപിയുമാക്കാം. മറ്റു വൃത്തങ്ങള്‍ക്കും യതിസ്ഥാനങ്ങള്‍ ഊഹിച്ചുകൊള്ളണമെന്ന് തമ്പുരാന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

47.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

തോടകം:

തൃതീയം ചൈവ ഷഷ്ഠം ച

നവമം ദ്വാദശം തഥാ

ഗുരൂണി ജാഗതേ പാദേ

യത്ര തത്തോടകം ഭവേത്.

(പന്ത്രണ്ടക്ഷരമുള്ള ജഗതി ഛന്ദസ്സിലെ പാദത്തില്‍ മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് എന്നീ നാലക്ഷരങ്ങള്‍ ഗുരുക്കളായ വൃത്തത്തിനു തോടകമെന്നു പേര്‍.)

വൃത്തമഞജരിയില്‍ ലക്ഷ്യ-ലക്ഷണം ചെയ്യപ്പെട്ട വൃത്തമാണ് തോടകവും. ഭരതമുനി നിര്‍ദ്ദേശിച്ച ലക്ഷണനിര്‍ണ്ണയരീതിയനുസരിച്ച് ജഗതിയില്‍ 'ഗംല'കളെ നിരത്തിയാല്‍ ചൊല്‍ത്താളം-

'ലലഗം| ലലഗം| ലലഗം| ലലഗം'

എന്നു വരും. എം എസ്സ്. സുബ്ബലക്ഷ്മിയുടെ സ്വര്‍ഗ്ഗീയനാദത്തില്‍ പ്രഭാതകീര്‍ത്തനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന നാലു 'സ' ഗണങ്ങളിലുള്ള ഈ ഈണത്തിന്-

'സഗണം കില നാലിഹ തോടകമാം'

എന്നാണ് തമ്പുരാന്‍ ലക്ഷ്യ-ലക്ഷണം കല്പ്പിച്ചിരിക്കുന്നത്. തോടകത്തിന് ഭരതമുനി നല്‍കിയഉദാഹരണം ഇങ്ങനെയാണ്:-

'കിമിദം കപടാശ്രയദുര്‍വ്വിഷഹം

ബഹുശാഠ്യമതോല്ബണരൂക്ഷകഥം

സ്വജനപ്രിയസജ്ജനഭേദകരം

നനു തോടകവൃത്തമിദം കുരുഷേ'

നാരായണപിഷാരടിയുടെ വിവര്‍ത്തനം:-

'കപടാന്വിതമായതിദുസ്സഹമായ്

ശഠഭാവമൊടും കടുവാക്യമൊടും

സ്വജനപ്രിയസജ്ജനഭേദകമായ്

ബത തോടകവൃത്തമിതോലുകയോ?'

സങ്കീര്‍ത്തനത്തിനു മാത്രമല്ല ശകാരത്തിനും തോടകം. കൊള്ളാം! 'ഗംഗംലലഗംലല ഗംലലഗം' എന്ന താളത്തില്‍ വരുന്ന മോടകവും ലലഗം എന്ന താളത്തില്‍ വരുന്ന തോടകവും തമ്മില്‍ ഛന്ദസ്സില്‍ വ്യത്യാസമുണ്ടെങ്കിലും ചൊല്‍വടിവിലുള്ള വിപരീതസാമ്യം ശ്രദ്ധേയമാണ്.

48.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

കുമുദപ്രഭ

ആദ്യം ത്രിതീയമന്ത്യം ച

പഞ്ചമം ഷഷ്ഠമേവ ച

തഥോപാന്ത്യം ജഗത്യാം ച

ഗുരുചേത് കുമുദപ്രഭാ

(ജഗതി ഛന്ദസ്സിലെ പാദത്തില്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ്, പതിനൊന്ന്, പന്ത്രണ്ട് എന്നീ ആറക്ഷരങ്ങള്‍ ഗുരുക്കളായിട്ടുള്ള വൃത്തത്തിന് കുമുദപ്രഭ എന്നു പേര്)

ഭരമുനിയുടെ ലക്ഷണശ്ലോകത്തില്‍ പറഞ്ഞപ്രകാരം ജഗതി ഛന്ദസ്സിലുള്ള ഈ വൃത്തത്തിന്റെ പന്ത്രണ്ടക്ഷരങ്ങളേയും 'ഗംല'കളായി നിരത്തിയാല്‍

'ഗംലഗം|ലഗംഗം|ലലല|ലഗംഗം'

എന്ന ചൊല്‍വടിവ് ലഭിക്കും. ഇതിനെ മൂന്നക്ഷരഗണങ്ങളായി തിരിച്ചാല്‍ 'രയനയ' എന്ന ഗണക്രമമാണ് കിട്ടുന്നത്. വര്‍ണ്ണഗണരീതിയില് കുമുദപ്രഭയ്ക്ക്

'രംയനംയവൃത്തം കുമുദപ്രഭായാം'

എന്ന് ലക്ഷ്യലക്ഷണം ചമയ്ക്കാം ('പ്ര' കൂട്ടക്ഷരംപോലെ ഉച്ചരിക്കരുത്)

മന്മഥേന വിദ്ധാ സലളിതഭാവാ

നൃത്തഗീതയോഗാ പ്രവികസിതാക്ഷീ

നിന്ദ്യമദ്യ കിം ത്വം വിഗളിതശോഭാ

ചന്ദ്രപാദയുക്താ കുമുദവതീ ച

എന്ന ഭരതമുനിയുടെ ഉദാഹരണശ്ലോകത്തിന്

കാമബാണമേറ്റും ലളിതത ചേര്‍ന്നും

നൃത്തഗീതമാർന്നും മിഴികള്‍ വിടര്‍ന്നും

നിന്ദ്യമെന്തു നീയിന്നൊളി കുറവായി

ചന്ദ്രരശ്മി ചേരും കുമുദിനിതാനും

-എന്ന് നാരായണപിഷാരടി വിവര്‍ത്തനം നല്‍കിയിരിക്കുന്നു.

49.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ചന്ദ്രലേഖ

ദ്വാദശാക്ഷരകേ പാദേ

സപ്തമം ദശമം ലഘു

ആദൌ പഞ്ചാക്ഷരേ ഛേദ-

ശ്ചന്ദ്രലേഖാ തു സാ യഥാ

(പന്ത്രണ്ടക്ഷരമുള്ള പാദത്തില്‍ ഏഴ്, പത്ത്, എന്ന രണ്ടക്ഷരം മാത്രം ലഘു. ആദ്യത്തില്‍ അഞ്ചക്ഷരം കഴിഞ്ഞാല്‍ യതി വേണം. ഇങ്ങനെയുള്ള വൃത്തത്തിന് ചന്ദ്രലഖ എന്നു പേര്. )

ജഗതി ഛന്ദസ്സില്‍ നാലായിരത്തി തൊണ്ണൂറ്റിയാറ് സമവൃത്തങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ഭരതമുനി കണക്കാക്കിയിട്ടുള്ളത്. ഈ വൃത്തത്തിന്റെ ചൊല്‍ത്താളം

'ഗംഗംഗം|ഗംഗംഗം|ലഗംഗം|ലഗംഗം'

എന്നാണല്ലോ. ത്രികങ്ങളായി പരിശോധിച്ചാല്‍ 'മ മ യ യ' എന്നാണ് ഇതിന്റെ വര്‍ണ്ണഗണരൂപം. ഈ വൃത്തത്തിന് ഒരു ലക്ഷ്യലക്ഷണം രേഖപ്പെടുത്തുകയാണെങ്കില്‍

'മംമംയംയംനില്‍|പ്പഞ്ചിലായ് ചന്ദ്രലേഖാ'

എന്ന് അഞ്ചില്‍ യതിയും ചേര്‍ത്ത് ഇങ്ങനെയാവാം.

വക്ത്രം സൌമ്യംതേ പത്മപത്രായതാക്ഷം

കാമസ്യാവാസം സുഭ്രു! നോച്ചപ്രഹാസം

കാമസ്യാപീദം കാമമാഹർത്തു കാമം

കാന്തേ! കാന്ത്യാ ത്വം ചന്ദ്രലേഖേവഭാസി

ഭരതമുനിയുടെ ഈ ഉദാഹരണശ്ലോകത്തിന്

സൌമ്യം നിന്‍വക്ത്രം പത്മപത്രായതാക്ഷം

കാമത്തിന്‍ഗേഹം തന്വി! മന്ദപ്രഹാസം

കാമന്നും കാമം ചേര്‍പ്പതിന്നോര്‍ത്തിടുന്നു

കാന്തേ സൌന്ദര്യംകൊണ്ടുനീ ചന്ദ്രലേഖ

എന്നു നാരായണപിഷാരടിയുടെ വിവര്‍ത്തനം.

50.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

പ്രമിതാക്ഷര:

തൃതീയമന്ത്യം നവമം

പഞ്ചമം ച യദാഗുരു

ദ്വാദശാക്ഷരകേ പാദേ

യത്ര സാ പ്രമിതാക്ഷരാ

(പന്ത്രണ്ടക്ഷരമുള്ള പാദത്തില്‍ മൂന്ന്, അഞ്ച്, ഒന്‍പത്, പന്ത്രണ്ട് എന്നീ നാലക്ഷരങ്ങള്‍ ഗുരുവായിട്ടുള്ള വൃത്തത്തിന് 'പ്രമിതാക്ഷര' യെന്നു പേര്)

'ലലഗം|ലഗംല|ലലഗം|ലലഗം'

എന്നാണ് ഈ വൃത്തത്തിന് ഭരതമുനി ലക്ഷണത്തില്‍ നിര്‍ദ്ദേശിച്ചപ്രകാരം ഗുരു-ലഘുക്കളെ വിന്യസിച്ചാല്‍ കിട്ടുന്ന ആലാപനരീതി. ഇതിനെ മൂന്നക്ഷരഗണങ്ങളാക്കിയാല്‍ 'സ ജ സ സ' എന്ന ഗണക്രമമാണ് കിട്ടുക. വൃത്തമഞ്ജരിയിലും വൃത്തരത്നാകരത്തിലും ലക്ഷ്യലക്ഷണം ചെയ്യപ്പെട്ട വൃത്തമാണ് പ്രമിതാക്ഷരയും. വര്‍ണ്ണഗണനിബന്ധനയനുസരിച്ച് വൃത്തമഞ്ജരിയില്‍

'പ്രതിമാക്ഷരയ്ക്കു സജ ചേര്‍ന്നു സസാ'

എന്നു കേരളപാണിനിയുടെ ലക്ഷ്യലക്ഷണമുണ്ട്.

'സ്മിതഭാഷിണീ ഹ്യ ചപലാപരുഷാ

നിഭൃതാപവാദസുമുഖീ സതതം

അഭികസ്യചിദ്യുവതിരസ്തി സുഖാ

പ്രമിതാക്ഷരാ സ ഹി പുമാന്‍ ജയതി'

എന്ന ഭരതമുനിയുടെ ഉദാഹാണശ്ലോകത്തിന്

'സ്മിതമഞ്ജുവാണിയൊടചഞ്ചലയാ-

യപവാദമെന്നി സുകുമാരിയുമായ്

പ്രമിതാക്ഷരത്വമൊടുമിങ്ങൊരുവ-

ന്നൊരു നാരി ചേരുകിലവന്‍ സുകൃതി'

എന്ന് നാരായണപ്പിഷാരടി മൊഴിമാറ്റം നല്കിയിരിക്കുന്നു.

51.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

വംശസ്ഥ

ദ്വിതീയമന്ത്യം ദശമം

ചതുര്‍ത്ഥം പഞ്ചമാഷ്ടമേ

ഗുരുണീ ദ്വാദശേ പാദേ

വംശസ്ഥാ ജഗതീ തു സാ

(ജഗതി ഛന്ദസ്സില്‍ പന്ത്രണ്ടക്ഷരമുള്ള പാദത്തില്‍ രണ്ട്, നാല്, അഞ്ച്, എട്ട്, പത്ത്, പന്ത്രണ്ട് എന്നീ ആറക്ഷരങ്ങള്‍ ഗുരുക്കളായിട്ടുള്ള വൃത്തത്തിന് വംശസ്ഥ എന്നു പേര്)

ലക്ഷണത്തില്‍ പറഞ്ഞപ്രകാരം പന്ത്രണ്ടക്ഷരങ്ങളെയും ഗരു ലഘുക്കളായി നിബന്ധിച്ചാല്‍

'ലഗംല|ഗംഗം ല|ലഗംല|ഗംലഗം'

എന്നായിരിക്കുമല്ലോ ആലാപനതാളം. ഇതു ത്രികങ്ങളായി തിരിച്ചു പരിശോധിച്ചാല്‍ 'ജതജര' എന്നീ വര്‍ണഗണങ്ങളെയാണ് കിട്ടുന്നത്.

'ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും'

എന്നാണ് വൃത്തമഞ്ജരിയിലെ ലക്ഷ്യലക്ഷണം. 'തതജര' എന്ന ഗണനിബദ്ധത്തിലുള്ള ‘ഇന്ദ്രവംശ’ ‘വംശസ്ഥ’വുമായി ചേര്‍ന്ന് ഉപജാതിയുമുണ്ടാകുമെന്ന് തമ്പുരാര്‍ ചൂണ്ടിക്കാട്ടുന്നു.

ന മേ പ്രിയാ ത്വം ബഹുമാനവര്‍ജ്ജിതൈഃ

കൃതാപ്രിയാ തൈഃ പരുഷാതിഭാഷണൈഃ

തഥാ ച പശ്യാമ്യഹമദ്യ വിഗ്രഹം

ധ്രുവം ന വംശസ്ഥമതിം കരിഷ്യസി

എന്ന് ഭരതമുനിയുടെ ഉദാഹരണം.

കലമ്പു കൂട്ടുന്ന ദുഷിച്ച പെണ്ണുമായ്

കഴിഞ്ഞുകൂടാനിനിയും പറഞ്ഞിടാ

തുലഞ്ഞുപോമെന്നുടെ ശിഷ്ടജീവിതം

പിരിഞ്ഞുപോകുന്നതുതന്നെയുത്തമം

എന്ന് കുടുംബക്കോടതിയില്‍ കേട്ടത് ഈ ശ്ലോകത്തിന്റെ തര്‍ജ്ജമയല്ല.

52.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ഹരിണപ്ലുത

ചതുര്‍ത്ഥമന്ത്യം ദശമം

സപ്തമം ച യദാ ഗുരു

ഭവേദ്ധി ജാഗതേ പാദേ

തദാ സ്യാദ്ധരിണപ്ലുതാ

(പന്ത്രണ്ടക്ഷരമുള്ള ജഗതി ഛന്ദസ്സിലെ പാദത്തില്‍ നാല്, ഏഴ്, പത്ത്, പന്ത്രണ്ട് എന്നീ നാലക്ഷരങ്ങള്‍ മാത്രം ഗുരുവായിട്ടുള്ള വൃത്തത്തിനു ഹരിണപ്ലുതയെന്നു പേര്. ഭൂതവിളംബിതം എന്ന വൃത്തം തന്നെയാണിത്)

'ലലല|ഗംലല|ഗംലല|ഗംലഗം'

എന്നാണ് ഈ വൃത്തത്തിന്റെ 'ഗംല'കളിലുള്ള ആലാപനതാളം. ഈ ഗംലകളെ മൂന്നക്ഷരഗണങ്ങളായി തിരിച്ചാല്‍ 'ന ഭ ഭ ര' എന്നാണ് കിട്ടുന്നത്. വൃത്തമഞ്ജരിയില്‍

"വിഷമേ സസസം ലഗവും, സമേ

നഭഭരം ഹരിണപ്ലുതയാമിഹ"

എന്ന അര്‍ദ്ധസമവൃത്തമാണിത്. ഇതിന്റെ സമപാദം മാത്രമാണ് ഭരതമുനി ലക്ഷണവും ഉദാഹരണവും നല്‍കിയിരിക്കുന്ന ഹരിണപ്ലുത. ഭൂതവിളംബിതം എന്ന ഒരു പേരുകൂടി കാണുന്നതുകൊണ്ട് ഈ സമവൃത്തത്തിനു മാത്രമായി-

‘നഭഭ\രംവരു\ ഭൂതവി\ളംബിതം’

എന്നു ഒരു ലക്ഷ്യ-ലക്ഷണം കൂടി ഉണ്ടായിരിക്കുന്നതില്‍ തെറ്റില്ല. പതിനെട്ടക്ഷരമുള്ള ധൃതി ഛന്ദസ്സില്‍ ഹരിണപ്ലുതം എന്ന പേരില്‍ ഒരു വൃത്തം ഉള്ളതുകൊണ്ടു പ്രത്യേകിച്ചും.

പരുഷവാക്യകശാഭിഹതാത്വയാ

ഭയവിലോകനപാര്‍ശ്വനിരീക്ഷണാ

വരതനുഃ പ്രതതപ്ലുതസര്‍പ്പണൈ-

രനുകരോതി ഗതൈര്‍ഹരിണപ്ലുതം

എന്ന ഭരതമുനിയുടെ ഉദാഹരണത്തിന് വിവര്‍ത്തകന്‍ മൊഴിമാറ്റം നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്:

'പരുഷവാക്കു ഭവാന്‍ പറയുന്നകേ-

ട്ടധികഭീതി കലര്‍ന്നു നതാംഗിയാള്‍

വിറയല്‍ പൂണ്ടു തിരിഞ്ഞിഹ പാര്‍ത്തുകൊ-

ണ്ടനുകരിപ്പിതഹോ ഹരിണപ്ലുതം'

സുന്ദരി അനുകരിച്ചു എന്നുപറഞ്ഞതുകൊണ്ട്

"വിറയലും മൌനമാമിഴിഭീതിയും

ഹരിണഭാവമഹോ! തനിനാടകം"

എന്നു സംശയിച്ചുപോയാര്‍ കുറ്റം പറയാന്‍ കഴിയില്ല

53.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം.

കാമദത്ത

സപ്തമം നവമം ചാന്ത്യ-

മുപാന്ത്യം ച യദാ ഗുരു

ദ്വാദശാക്ഷരകേ പാദേ

കാമദത്തേതി സാ സ്മൃതാ

(പന്ത്രണ്ടക്ഷരമുള്ള പാദത്തില്‍ ഏഴ് ഒന്‍പത് പതിനൊന്ന് പന്ത്രണ്ട് എന്നീ നാലക്ഷരം ഗുരുവായിട്ടുള്ള വൃത്തത്തിന് കാമദത്ത എന്നു പേര്)

ഈ വൃത്തത്തിന്റെ ചൊല്‍ത്താളം ഗുരുലഘുക്കളില്‍

'ലലല|ലലല|ഗംലഗം|ലഗംഗം'

എന്നു കിട്ടുന്നു. മൂന്നക്ഷര ഗണങ്ങളാക്കി മാറ്റിയാല്‍ 'നനരയ' എന്നക്രമത്തിലാണ് വരുന്നത്. വൃത്തമഞ്ജരിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത വൃത്തങ്ങളിലൊന്നാണ് കാമദത്ത. ഇതിന്

'നനര|യമിതു|കാമദ|ത്തവൃത്തം'

എന്നു ഭാഷയില്‍ ലക്ഷ്യലക്ഷണമെഴുതാം.

‘കരജപദവിഭൂഷിതാ യഥാ ത്വം

സുദതി! ദശനവിക്ഷതാധരാ ച

ഗതിരപി ചരണാവലഗ്നമന്ദാ-

ത്വമസി മൃഗനിഭാക്ഷി! കാമദത്താ’

എന്ന നാട്യശാസ്ത്ര പദ്യത്തിന് വിവര്‍ത്തകന്‍

'നഖപദനിരയങ്ങണിഞ്ഞുകൊണ്ടും

മതിമുഖി! ദശനക്ഷതങ്ങള്‍കൊണ്ടും

മൃദുമൃദുഗതിയായ് വരുന്ന നീ താന്‍

ഹരിണശിശുനിഭാക്ഷി! കാമദത്ത'

എന്നു മൊഴിമാറ്റം നല്‍കിയിട്ടുണ്ട്.

'നനരയ വിഷമത്തിലും സമത്തില്‍\ പുനരിഹ നംജജരംഗ പുപിതാഗ്ര' \എന്നു കേരളപാണിനി ലക്ഷ്യലക്ഷണം നല്‍കിയിട്ടുള്ള അര്‍ദ്ധസമവൃത്തമായ പുഷ്പിതാഗ്രയുടെ വിഷമപാദം ഇതു തന്നെ.

54.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

പത്മിനി

ദ്വിതീയം പഞ്ചമം ചൈവ

ഹൃഷ്ടമൈകാദശേ തഥാ

പാദേ യത്ര ലഘൂനി സ്യുഃ

പത്മിനീ നാമ സാ യഥാ

(ഒരു പാദത്തില്‍ രണ്ട് അഞ്ച് എട്ട് പതിനൊന്ന് എന്നീ അക്ഷരങ്ങള്‍ ലഘുക്കളായ വൃത്തത്തിന് പത്മിനി എന്നു പേര്. സ്രഗ്വിണീവൃത്തം തന്നെയാണിത്)

വര്‍ണ്ണഗണവിധിപ്രകാരം 'ര ര ര ര' വരുന്ന ഈ വൃത്തത്തിന്

'നാലുരേഫങ്ങളാല്‍ സ്രഗ്വിണീവൃത്തമാം'

എന്നു വൃത്തമഞ്ജരിയില്‍ തമ്പുരാര്‍ ലക്ഷ്യലക്ഷണം നല്‍കിയിട്ടുണ്ട്. ഭരതമുനി നിര്‍ദ്ദേശിച്ചപ്രകാരം പന്ത്രണ്ടക്ഷരങ്ങളില്‍ ഗുരുലഘുക്കളെ നിരത്തിയാല്‍

'ഗംലഗം|ഗംലഗം|ഗംലഗം|ഗംലഗം'

എന്നാണല്ലോ ആലാപനതാളം. ഇതിനു

‘രംരരംരങ്ങളാല്‍ പത്മിനീവൃത്തമാം’

എന്ന ഒരു ലക്ഷ്യലക്ഷണവും ചമയ്ക്കാനവുന്നതാണ്. ഈ വൃത്തത്തിനു ഭരതമുനി നല്‍കിയ ഉദാഹരണം ഇതാണ്-

ദേഹതോയാശയാ വക്ത്രപത്മോജ്വലാ

നേത്രഭൃംഗാകുലാ ദന്തഹംസൈസ്സിതാ

കേശപാശച്ഛദാ ചക്രവാകസ്തനീ

പത്മിനീവ പ്രിയേ!ഭാസി മേ സര്‍വ്വദാ.

ഈ ശ്ലോകത്തിന് നാരായണപിഷാരടിയുടെ വിവര്‍ത്തനം-

ഗാത്രമാം വെള്ളവും വക്ത്രമാം പത്മവും

നേത്രഭൃംഗങ്ങളും ദന്തഹംസങ്ങളും

പായലാം കൂന്തലും കോകമാം കൊങ്കയും

പാര്‍ത്തുനോക്കീടവേ നീ പ്രിയേ പത്മിനി.

കാമശാസ്ത്ര വിധിപ്രകാരം അംഗവടിവില്‍ പ്രഥമസ്ഥാനത്തുനില്ക്കുന്ന സ്ത്രീരത്നമാണ് പതമിനി. ജഡയിലിരിക്കുന്ന ഗംഗക്കുറിച്ച് ശിവപാര്‍വതിമാരുടെ ഒരു സംവാദ ശ്ലോകത്തില്‍ ഈ ആശയമുണ്ട്.

55.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

അപ്രമേയ

ആദ്യം ചതുര്‍ത്ഥം ദശമം

സപ്തമം ച യഥാ ലഘു

പാദേ തു ജാഗതേ യസ്യാ

അപ്രമേയാ തു സാ യഥാ

(ജഗതി ഛന്ദസ്സിലെ പാദത്തില്‍ ഒന്ന് നാല് ഏഴ് പത്ത് എന്നീ നാലക്ഷരം മാത്രം ലഘുവായിട്ടുള്ള വൃത്തത്തിന് അപ്രമേയ എന്നു പേര്)

പന്ത്രണ്ടകഷരങ്ങളുള്ള പാദത്തില്‍ ശ്ലോകത്തില്‍ സൂചിപ്പിച്ച നാലക്ഷരം ലഘുവായാല്‍

ലഗംഗം|ലഗംഗം|ലഗംഗം|ലഗംഗം

എന്നാണ് ആലാപനതാളം. വര്‍ണ്ണഗണലക്ഷണപ്രകാരം നാലു 'യ' ഗണങ്ങളായാണ് ഈ ചൊല്‍വടിവ്. വൃത്തമഞ്ജരിയില്‍ കാണുന്ന 'ഭുജംഗപ്രയാതം' എന്ന വൃത്തം തന്നയാണിത്.

'യകാരങ്ങള്‍ നാലോ ഭുജംഗപ്രയാതം'

എന്ന് കേരളപാണിനി ലക്ഷ്യലക്ഷണം നല്‍കിയിട്ടുണ്ട്.

‘യകാരങ്ങള്‍ നലായ് വരും അപ്രമേയ’ -എന്നുമാവാം

‘ന തേ കാചിദന്യാ സമാ ദൃശ്യതേ സ്ത്രീ

നൃലോകേ വിശിഷ്ടാ ഗുണൈരദ്വിതീയൈ

ത്രിലോക്യാം ഗുണാഗ്ര്യാല്‍ സമാഹൃത്യ സര്‍വ്വാന്‍

ജഗത്യപ്രമേയാസി സൃഷ്ടാ വിധാത്രാ’

എന്നാണ് അപ്രമയയ്ക്ക് ഭരതമുനിയുടെ ഉദാഹരണം

നിനക്കൊത്ത നന്വംഗിയെക്കാണ്മതില്ലീ

നൃലോകത്തില്‍ ഞാന്‍ സല്‍ഗ്ഗുണ സര്‍വ്വമൊത്തോള്‍

വിരിഞ്ചന്‍ ജഗത്തില്‍ഗ്ഗുണം കണ്ടതെല്ലാ -

മെടുത്തപ്രമേയത്വമോടെ ചമച്ചോള്‍

എന്ന് മലയാളം. ഒരു വൃത്തലക്ഷണത്തില്‍ വ്യത്യസ്ത വൃത്തനാമങ്ങളും വ്യത്യസ്ത ലക്ഷണങ്ങള്‍ക്ക് ഒരേ വൃത്തനാമവും അപൂര്‍വ്വമായി കാണാറുണ്ട്. ആചാര്യന്‍മാര്‍ പരസ്പരമറിയാതെ നാമകരണം ചെയ്തതിനാലാവാം ഇത്.

56.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

പടു

ആദൌ ഷട് ദശമം ചൈവ

പാദേ യത്ര ലഘൂന്യഥ

ശേഷാണി തു ഗുരൂണി സ്യുര്‍

ജ്ജഗതേ പടുസംജ്ഞിതാ

(ജഗതീഛന്ദസ്സിലെ പാദത്തില്‍ ആദ്യത്തില്‍ ആറക്ഷരവും പത്താമക്ഷരവും ലഘുക്കളും മറ്റുള്ളവയെല്ലാം ഗുരുക്കളുമായ വൃത്തത്തിന് പടു എന്നു പേര്)

ഈ 12 അക്ഷരങ്ങളെ ഗുരുലഘുക്കളായി ക്രമീകരിച്ചാല്‍

'ലലല|ലലല|ഗംഗംഗം|ലഗംഗം'

എന്നാണ് ചൊല്‍വടിവ്. അക്ഷരങ്ങളെ ത്രികങ്ങളായി തിരിച്ചാല്‍ 'നനമയ' എന്ന ഗണനാമങ്ങളിലായിരിക്കും.

'നനമയ പടുവാകാം നാലുമെട്ടും'

എന്ന് വര്‍ണ്ണഗണനിയമപ്രകാരം ലക്ഷണമെഴുതാം. ലക്ഷണത്തില്‍ നാലിലും എട്ടിലും യതിസ്ഥാനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

‘ഉപവനസലിലാനാം ബാലപദ്മൈര്‍

ഭ്രമരപരഭൃതാനാം കണ്ഠനാദൈഃ

മദനമദവിലാസൈഃ കാമിനീനാം

കഥയതി പടുവൃത്തം പുഷ്പമാസഃ’

എന്ന ഉദാഹരണത്തിലും പതിവുപോലെ നാട്യശാസ്ത്രകാരന്‍ വൃത്തനാമം നിബന്ധിച്ചിട്ടുണ്ട് .

‘അരുണിമ കലരും നിന്‍ കണ്ണു രണ്ടും

പരിഭവമിനിയെന്നോടൊന്നു ചൊല്ലൂ

അമൃതമൊഴുകിയെത്തും നിന്റെ നാദം

സഹിയരുതിനിയൊട്ടും കോപമൌനം’- (സ്വം)

എന്ന ഒരുദാഹരണം കൂടി ആകാം.

'നനമയപുടമ|താമേഴുമഞ്ചും'

എന്ന ഒരുലക്ഷണം വൃത്തമഞ്ജരിയിലുണ്ട്. ഏഴും അഞ്ചുമായി അക്ഷരങ്ങളുള്ള ഈ പാദം 'നനയയ' എന്ന ഗണനിബന്ധനയിലാണ്. തിരുത്തുപ്പെടാതെ തുടരുന്ന ഒരു അച്ചടിത്തെറ്റാണ് അതെന്ന് തോന്നുന്നു.

57.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

പ്രഭാവതീ

ദ്വിതീയാന്ത്യേ ചതുര്‍ത്ഥം ച

നവമൈകാദശേ ഗുരു

വിച്ഛേദോ$തിജഗത്യാം തു

ചതുര്‍ഭിഃ സാ പ്രഭാവതീ

(പാദത്തില്‍ പതിമൂന്നക്ഷരമുള്ള അതിജഗതി ഛന്ദസ്സില്‍ രണ്ട് നാല് ഒന്‍പത് പതിനൊന്ന് പതിമൂന്ന് എന്നീ അക്ഷരങ്ങൾ ഗുരുവായിട്ടുള്ള വൃത്തത്തിന് പ്രഭാവതി എന്നു പേര്‍. ഇതില്‍ നാലാമക്ഷരത്തില്‍ മുറിയണം. അതിരുചിരാവൃത്തമാണിത്)

ലക്ഷണപ്രകാരകുള്ള ഗംലതാളം

'ലഗംല|ഗംലല|ലലഗം|ലഗംല|ഗം' –എന്നുവരും.

(ജഭംസജം|ഗമിതണിയും പ്രഭാവതി എന്നു ലക്ഷ്യ ലക്ഷണം.)

'ജഭസജഗം' എന്ന ഗണനിബന്ധനയിലുള്ള ഈ വൃത്തത്തിന് തമ്പുരാന്‍ വൃത്തമഞ്ജരിയില്‍ ലക്ഷ്യലക്ഷണം ചെയ്തിരിക്കുന്നത്-

'ചതുര്യതിര്ഹ്യതിരുചിരാജഭസ്ജഗം' എന്നാണ്.

കഥം ന്വിദം കമലവിശാലലോചനേ

ഗൃഹം ഘനൈഃ പിഹിതകരേ നിശാകരേ

അചിന്തയന്ത്യഭി നവവര്‍ഷവിദ്യുത-

സ്ത്വമാഗതാ സുതനു! യഥാ പ്രഭാവതീ!

എന്ന ഭരതമുനിയുടെ ഉദാഹരണശ്ലോകത്തിന് നാരായണപിഷാരടി ഇങ്ങനെ വിവര്‍ത്തനം നല്‍കിയിരിക്കുന്നു-

ഇതെങ്ങനേ കമലവിശാലലോചനേ

മൃഗാങ്കനെജ്ജലദകുലം മറയ്ക്കവേ

തടിത്തുമപ്പുതുമഴയും നിനച്ചിടാ-

തണഞ്ഞുനീ സുതനു !ഗൃഹം പ്രഭാവതീ!

ജഗതിയില്‍ 'നജനസചേരുകിലതിരുചിരം' എന്നും പ്രകൃതി ഛന്ദസ്സില്‍ 'ഇരുപതുലഘുവൊരുഗുരുവൊടൊടുവിലതിരുചിരമതാം' എന്നും അതിരുചിരം എന്ന സമാനനാമവൃത്തങ്ങളുണ്ട്!

58.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

പ്രഹര്‍ഷിണി

ത്രീണ്യാദാവഷ്ടമം ചൈവ

ദശമം നൈധനദ്വയം

ഗുരൂണ്യതിജഗത്യാം തു

ത്രിദിശ്ചേദൈ പ്രഹര്‍ഷിണീ

(അതിജഗതി ഛന്ദസ്സില്‍ ആദ്യത്തെ മൂന്ന് എട്ട് പത്ത്, ഒടുവിൽ രണ്ട് ഇങ്ങനെ ഏഴക്ഷരം ഗുരുക്കളായിട്ടുള്ള വൃത്തം പ്രഹര്‍ഷിണി.)

ഈവിധത്തില്‍ പാദത്തില്‍

ഗുരുലഘുക്കളെ നിരത്തിയാല്‍ കിട്ടുന്ന ചൊല്‍വടിവ്

'ഗംഗംഗം|ലലല|ലഗംല|ഗംലഗം|ഗം'

എന്നു കിട്ടുന്നു. മനജരഗം എന്ന ഗണക്രമത്തിലുള്ള ഈ വൃത്തത്തിന്

'ത്രിച്ഛിന്നം| മനജരഗം| പ്രഹര്‍ഷിണിക്ക്'

എന്ന് മൂന്നായിമുറിച്ച് യതിഭംഗമില്ലാതെ കേരളപാണിനി ലക്ഷ്യലക്ഷണം നല്‍കിയിട്ടുണ്ട്.

ഭാവസ്ഥെര്‍മ്മധുരകളൈഃ സുഭാഷിതൈസ്ത്വം

സാടോപസ്ഖലിതവിളംബിതൈര്‍ഗ്ഗതൈശ്ച

ശോഭാഢൈര്‍ഹരസിമനാംസി കാമുകാനാം

സുവ്യക്തം ഹൃതിജഗതീ പ്രഹര്‍ഷിണീത്വം

എന്ന നാട്യശാസ്ത്രത്തിലെ ഉദാഹരണത്തിന്

പ്രേമത്താല്‍ മൊഴിവു സുഭാഷിതങ്ങള്‍ നീയി

ങ്ങാടോപത്തൊടു നടകൊള്‍വു മന്ദമന്ദം

കൈക്കൊള്ളുന്നിതു ബത കാമുകാന്തരംഗം

വ്യക്തം നീയതിജഗതി പ്രഹര്‍ഷിണീ കേള്‍!

എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നു.

('ത്രിച്ഛിന്നം മനഭരംഗ സുഹര്‍ഷിണിക്ക്'

എന്ന് ജഗണം ഒരു ഗുരുവിന്റെ സ്ഥാനം മാറ്റി യഗണ മാക്കിയാല്‍ താളഭംഗിയുള്ള മറ്റൊരു വൃത്തം ലഭിക്കും)

59.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

മത്തമയൂരം

ഷഷ്ഠം ച സപ്തമം ചൈവ

ദശമേകാദശേ ലഘു

ത്രയോദശാക്ഷരേ പാദേ

ജ്ഞേയം മത്തമയൂരകം

(പതിമൂന്നക്ഷരമുള്ള പാദത്തില്‍ ആറ് ഏഴ് പത്ത പതിനൊന്ന്എന്നീ നാലക്ഷരങ്ങള്‍ ലഘുക്കളായുള്ള വൃത്തത്തിന് മത്തമയൂരമെന്നു പേര്)

ഗംലകളില്‍ ഈ വൃത്തത്തിന്റെ താളം

'ഗംഗംഗം|ഗംഗംല|ല ഗംഗം|ലലഗം|ഗം'

എന്നാണല്ലോ വർണ്ണഗണനിയമമനുസരിച്ച് ത്രികങ്ങളായി തിരിച്ചാൽ 'മതയസഗം' എന്നാണ് കിട്ടുക.

'നാലാല്‍ഛിന്നം മത്യസഗം മത്തമയൂരം'

(നാലില്‍ യതിയോടേ മതയസഗങ്ങളെന്നര്‍ത്ഥം) എന്ന് ലക്ഷ്യലക്ഷണം വൃത്തമഞ്ജരിയില്‍ കേരളപാണിനി നല്‍കിയിട്ടുണ്ട്.

ഭരതമുനിയുടെ ഉദാഹരണം-

വിദ്യുന്നദ്ധാഃസേന്ദ്രധനൂരഞ്ജിതദേഹാ

വാതോദ്ധൂതാഃ ശ്വേതവലാകാകൃതശോഭാഃ

ഏതേമേഘാ ഗര്‍ജ്ജിതനാദോജ്ജ്വലചിഹ്നാഃ

പ്രാവൃട്കാലം മത്തമയൂരം കഥയന്തി

വിവര്‍ത്തനം-

മിന്നല്‍ച്ചാര്‍ത്തുണ്ടിന്ദ്രധനുസ്സുണ്ടുലസിപ്പൂ

കാറ്റാല്‍ നീങ്ങും കാറുകളുണ്ടുണ്ടു വലാക

കേട്ടാല്‍ ഞെട്ടും കൂട്ടിടിവെട്ടുണ്ടു നിനച്ചാല്‍

മാരിക്കാലം മത്തമയൂരം മുതിരുന്നൂ

വണ്ടും ഞണ്ടും കേളികളാടും ചെറുകണ്ടം

തണ്ടുംകെട്ടിപ്പാട്ടിനുപോകും പുഴവള്ളം

കണ്ടുംകൊണ്ടാ ദൂതുവരുംമത്തമയൂരം

കണ്ടാല്‍ വമ്പന്‍ കുക്കുടവീരന്നിടയാമോ? –സ്വം

60.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

വസന്തതിലക.

ആദൌ ദ്വേ ച ചതുര്‍ത്ഥം ചാ

പൃഷ്ടമൈകാദശേ ഗുരു

അന്ത്യോപാന്ത്യേ ച ശക്വര്യാം

വസന്തതിലകാ യഥാ

(പാദത്തില്‍ പതിനാലക്ഷരമുള്ള ശക്വരീ ഛന്ദസ്സില്‍ ഒന്ന് രണ്ട് നാല് എട്ട് പതിനൊന്ന് പതിമൂന്ന് പതിനാല് എന്നീ ഏഴക്ഷരങ്ങൾ ഗുരുവായിട്ടുള്ള വൃത്തത്തിനു വസന്തതിലകയെന്നുപേര്.)

ഇതിനെ ഗംലകളില്‍ വിന്യസിച്ചാല്‍

'ഗംഗംല|ഗംലല|ലഗംല|ലഗംല|ഗംഗം'

എന്നു ചൊല്‍വടിവുള്ള വൃത്തത്തിന് 'തഭജംജഗംഗം' എന്നാണ് വര്‍ണ്ണഗണക്രമം.

'ചൊല്ലാം വസന്തതിലകം തഭജംജഗംഗം'

എന്നാണ് കേരളപാണിനിയുടെ ലക്ഷ്യലക്ഷണം. ഈ വൃത്തത്തിന് സിംഹോന്നത, ഉദ്ധര്‍ഷിണി, സിഹോദ്ധത, വസന്തതിലകാ തുടങ്ങി പല പേരുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭരതമുനിയുടെ ഉദാഹരണം-

ചിത്തൈര്‍വ്വസന്തകുസുമൈഃ കൃതകേശഹസ്താ

സ്രഗ്ദാമമാല്യരചനാസുവിഭൂഷിതാംഗീ

നാഗാവതംസകവിഭൂഷിതകര്‍ണ്ണപാളീ

സാക്ഷാദ്വസന്തതിലകേവ വിഭാതി നാരീ.

വിവര്‍ത്തനം-

പൂഞ്ചായലാല്‍ മുടിയില്‍ നല്‍ കുസുമങ്ങള്‍ ചൂടി-

പ്പൂമാലനീളെയുടല്‍തന്നിലണിഞ്ഞു ചേലില്‍

നാഗാവതംസമതു കാതിലയോടു ചേര്‍ത്തു

സാക്ഷാല്‍ വസന്തത്ലകയ്ക്കു സമം ലസിപ്പൂ.

ഭാഷയില്‍ 'വീണപൂവ്', 'ഒരു വിലാപം' തുടങ്ങിയ പ്രസിദ്ധകൃതികള്‍ ഈ വൃത്തത്തിലാണ്.

61.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

അസംബാധ

പഞ്ചാദൌ ശക്വരീപാദേ

ഗുരുണി ത്രീണി നൈധനേ

പഞ്ചാക്ഷരാദൌ ച യതി-

രസംബാധാ തു സാ സ്മൃത

(പതിനാലക്ഷരമുള്ള ശക്വരീഛന്ദസ്സിന്റെ പാദത്തില്‍ ആദ്യത്തെ അഞ്ചും ഒടുക്കത്തെ മൂന്നുമായി എട്ടക്ഷരം ഗുരുവും ഇടയില്‍ ആറക്ഷരം ലഘുവുമായിട്ടുള്ള വൃത്തത്തിന് അസംബാധ എന്നു പേര്. അഞ്ചാമത്തെ അക്ഷരത്തില്‍ യതി വേണം)

ആദ്യത്തെ അഞ്ചും ഒടുവിലത്തെ മൂന്നും ഗുരുവായി പതിനാലക്ഷരങ്ങളെ ഗംലകളില്‍ നിരത്തിയാല്‍ ആലാപനതാളം

'ഗംഗംഗം|ഗംഗം ല|ലലല|ലലഗം|ഗംഗം'

എന്നു കിട്ടും. 'മംതനസഗഗ' എന്നു വർണ്ണഗണക്രമമുള്ള വൃത്തത്തിന്

'അഞ്ചില്‍ത്തട്ടുംമം| തനസഗഗഅസംബാധ'

എന്നു തമ്പുരാന്‍ ലക്ഷ്യലക്ഷണം നല്‍കിയിട്ടുണ്ട്. ഈ വൃത്തത്തിന് ഭരതമുനി നല്‍കിയ ഉദാഹരണം-

മാനീലോകജ്ഞഃ ശ്രുതബലകുലശീലാഢ്യോ

യസ്മിന്‍ സമ്മാനം ന സദൃശമനുപശ്യേദ്ധി

ഗച്ഛേത്തം തൃക്ത്വാ ദ്രുതഗതിരപരം ദേശം

കീര്‍ണ്ണാ നാനാര്‍ത്ഥൈരവനിരിയമസംബാധാ.

ഈ ശ്ലോകത്തിന് നാരായണപിഷാരടിയുടെ വിവര്‍ത്തനം-

മാന്യന്‍ ലോകജ്ഞന്‍ ശ്രുതബലകുലശീലാഢ്യന്‍

മാനിച്ചീടുന്നില്ലൊരുവനുമവനേയെന്നാല്‍

അദ്ദേശംവിട്ടിട്ടവനുടനടി പോകേണം

നാനാര്‍ത്ഥം ചേര്‍ന്നോരവനിതലമസംബാധം.

സ്വം-

വാനം വേവുന്നൂ നരമുകിലതുമില്ലാതെ

വേനല്‍ കത്തുന്നൂ കരിയിലവനമാണെങ്ങും

കാനല്‍നീര്‍വറ്റീ പുഴയുരുകിയ മണ്‍ചാലായ്

ദീനം കേഴുന്നൂ മലമുകളിലെ വേഴാമ്പല്‍

62.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ശരഭ

ചത്വാര്യാദൌ ഗുരൂണി സ്യുര്‍

ദശമൈകാദശേ തഥാ

അന്ത്യോപാന്തേ ച ശക്വര്യാഃ

പാദേതു ശരഭാ യഥാ

(ശക്വരീ ഛന്ദസ്സില്‍ പാദത്തിലാദിയില്‍ നാലും, പത്തും പതിനൊന്നും ഒടുവില്‍ രണ്ടുമായി എട്ടക്ഷരങ്ങള്‍ ഗുരുവായിട്ടുള്ള വൃത്തത്തിന് ശരഭയെന്നു പേര്‍)

ഈ ലക്ഷണപ്രകാരം വൃത്തത്തിന്റെ ചൊല്‍വടിവ്-

'ഗംഗംഗം|ഗംലല|ലലല|ഗംഗംല|ഗംഗം'

എന്നു വരും. വൃത്തമഞജരിയില്‍ കാണാത്ത ഈ വൃത്തത്തിനു മയാളത്തില്‍

'മംഭംനംതം ഗഗ ശരഭ നാലില്‍ത്തൊടേണം'

എന്നു നാലുകഴിഞ്ഞ് യതിയും ഉള്‍പ്പെടുത്തി ലക്ഷ്യലക്ഷണമെഴുതാം. ശരഭയ്ക്ക് ഭരതമുനി നല്‍കിയ ഉദാഹരണം-

ഏഷാകാന്താ വ്രജതിലളിതം വേപമാനാ

ഗുല്മൈശ്ചന്നം വനമഭിനവൈഃ സംപ്രവിദ്ധം

ഹാഹാ കഷ്ടം കിമിദമിതി നോ വേദ്മി മൂഢോ

വ്യക്തം കാന്തേ! ശരഭലളിതം ത്വം കരോഷി

വിവര്‍ത്തനം ഇങ്ങനെ-

പോയീടുന്നൂ വിറയലൊടുമിക്കാന്ത പൊന്ത

കൂട്ടം തിങ്ങും വനതരുതലം നോക്കി മന്ദം

അയ്യോ കഷ്ടം ചെറുതുമറിയുന്നീല മൂലം

വ്യക്തം കാന്തേ! ശരഭഗതിതാന്‍ ചെയ്കയാം നീ

പതിനാലക്ഷരങ്ങളുള്ള ശക്വരി ഛന്ദസ്സില്‍ വസന്തതിലക അസംബാധ ശരഭ എന്നീ മൂന്നു വൃത്തങ്ങളെ മാത്രമേ ഭരതമുനി പരിചയപ്പെടുത്തുന്നുള്ളൂ

സമസ്യ

മെട്രോറൈലില്‍ ദ്രുതശകടമോടുന്നകാലം

63.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

നാന്ദീമുഖീ

ആദൌ ഷട് ദശമം ചൈവ

ലഘൂനി സ്യുസ്ത്രയോദശം

യത്രാധിശക്വരേ പാദേ

ജ്ഞേയാ നാന്ദീമുഖീ തു സാ.

(പതിനഞ്ചക്ഷരമുള്ള അതിശക്വരീഛന്ദസ്സിലെ പാദത്തില്‍ ആദ്യം ആറും, പത്ത് പതിമൂന്ന് എന്നീ എട്ടക്ഷരം ലഘുവായിട്ടുള്ള വൃത്തത്തിനു നാന്ദീമുഖി എന്നു പേര്‍. വൃത്തരത്നാകരത്തില്‍ ഈ വൃത്തത്തിനു മാലിനി എന്നാണു പേര്‍.)

അതിശക്വരി ഛന്ദസ്സിലുള്ള ഈ വൃത്തത്തിലെ അക്ഷരങ്ങളെ ഗംലകളായി നിരത്തിയാല്‍

'ലലല|ലലല|ഗംഗംഗം|ലഗംഗംലഗംഗം'

എന്ന് ആലപിക്കാം. 'നനമയയ' എന്നു വർണ്ണഗണക്രമമുള്ള ഈ വൃത്തത്തിന് എട്ടില്‍ യതിയുൾപ്പെടെ

'നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക്'

എന്നു വൃത്തമഞ്ജരിയില്‍ ലക്ഷ്യലക്ഷണം നല്‍കിയിട്ടുണ്ട്. നാട്യശാസ്തത്തിലെ ഉദാഹരണം-

ന ഖലു തവ കദാചിത് ക്രോധതാമ്രായതാക്ഷം

ഭ്രുകുടിവലിതഭംഗം ദൃഷ്ടപൂർവ്വം മയാസ്യം

കിമിഹ ബഹുഭിരുക്തൈര്യാ മമേച്ഛാ ഹൃദിസ്ഥാ

ത്വമസി മധുരവാക്യാ ദേവി! നാന്ദീമുഖീവ

വിവര്‍ത്തനം-

‘ഒരുപൊഴുതിലുമീ ഞാന്‍ കണ്ണു കോപാല്‍ തുടുത്തും

പുരികമതു വളഞ്ഞും നിന്മുഖം കണ്ടതില്ലാ

പലതുമിഹ പറഞ്ഞീടുന്നതെന്തിന്നു കാന്തേ!

സുമധുരമൊഴി! നീ കൈക്കൊള്‍ക നാന്ദീമുഖീത്വം ‘

സമസ്യ-

'മനമതിലിനിയും നീ ബാക്കിവയ്ക്കല്ലെ പൊന്നേ'

64.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ഗജവിലസിതം

ആദ്യം ചതുര്‍ത്ഥം ഷഷ്ഠം ച

നൈധനം ച യദാ ഗുരു

ഷോടശാക്ഷരകേ പാദേ

ഗജം വിലസിതം തു തത്

(പതിനാറക്ഷരമുള്ള പാദത്തില്‍ ഒന്ന്, നാല്, ആറ്, പതിനാറ് എന്നീ നാലക്ഷരങ്ങള്‍ മാത്രം ഗുരുവായിട്ടുള്ള വൃത്തത്തിന് 'ഗജവിലസിത'മെന്നു പേര്‍. 'ഗജം വിലസിതം' എന്നു വൃത്തത്തിനുവേണ്ടി മാറ്റിയതാണ്.)

അഷ്ടി ഛന്ദസ്സിലെ പതിനാറക്ഷരങ്ങളെ ഇപ്രകാരം ഗംലകളില്‍ നിരത്തിയാല്‍

'ഗംലല|ഗംലഗം|ലലല|ലലല|ലലല|ഗം'

എന്നു ചൊല്‍ത്താളം 'ഭരനനനഗം' എന്നു വര്‍ണ്ണഗണക്രമത്തില്‍ വരുന്ന ഗജവിലസിതം വൃത്തമഞ്ജരിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മലയാളത്തില്‍ ഈ വൃത്തത്തിന്റെ ലക്ഷണംഇപ്രകാരമെഴുതാം-

'ഭംരനനാനഗം വരുമതുഗജവിലസിതം'.

ഇവിടെ ആറില്‍ യതിയും വരുന്നുണ്ട്.

ഗജവിലസിതത്തിനു ഭരതമുനി നല്‍കിയ ഉദാഹരണം-

തോയധരഃ സുധീരഘനപടുപടഹരവഃ

സർജ്ജകദംബനീപകുടജകുസുമസുരഭിം

കന്ദളസേന്ദ്രഗോപകരചിതമവനിതലം

വീക്ഷ്യ കരോത്യസൌ വൃഷഭഗജവിലസിതകം

നാരായണപിഷാരടിയുടെ വിവർത്തനം-

അംബുധരം സുധീരഘനപടുപടഹരവം

സര്‍ജ്ജകദംബനീപകുടജകുസുമയുതമായ്

കന്ദളമിന്ദ്രഗോപവുമരുളുമഴകിനോടേ

കണ്ടവനീതലംസുഗജവിലസിതമണവൂ.

സമസ്യ-

സങ്കടമെന്തെടോ സജലനയനമരുതുമേല്‍.

65.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

പ്രവരലളിതം

ആദ്യാത് പരാണി പഞ്ചൈവ

ദ്വാദശം സത്രയോദശം

അന്ത്യോപാന്തേ ച ദീര്‍ഘാണി

പ്രവരം ലളിതം ഹി തത്

(രണ്ടുമുതല്‍ അഞ്ചക്ഷരങ്ങള്‍ പന്ത്രണ്ട് പതിമൂന്ന് ഒടുവില്‍ രണ്ടക്ഷരം ഇങ്ങനെ ഒമ്പതക്ഷരം ഗുരുവായിട്ടുള്ള, പാദത്തില്‍ പതിനാറക്ഷരമുള്ള വൃത്തത്തിന് പ്രവരലളിതം എന്നു പേര്‍. 'പ്രവരം ലളിതം' എന്ന് വൃത്തമനുസരിച്ചു ചേര്‍ത്തിട്ടുള്ളതാണ്)

ഈവൃത്തത്തിന്റെ 'ഗംല' താളം

ലഗംഗം|ഗംഗംഗം|ലലല|ലലഗം|ഗംലഗം|ഗം

എന്നുവരും. വര്ണ്ണഗണവിന്യാസം 'യമനസരഗം' എന്നാണ്.

ഭരതമുനിയുടെ ഉദാഹരണം-

നഖാലീഡം ഗാത്രം ദശനവിഹതം ചൌഷ്ടകാണ്ഡം

ശിരഃ പുഷ്പോന്മിശ്രം പ്രവിലുളിതകേശാളകാന്തം

ഗതിഃ ഖിന്നാ ചൈവം വദനമപി സംഭ്രാന്തനേത്രം

അഹോ ശ്ലാഖ്യം വൃത്തം പ്രവരലളിതം കാമചേഷ്ടം

(നഖപ്പാടും മയ്യില്‍ ചൊടിയതിലതാ ദന്തചിഹ്നം

മലര്‍ച്ചാര്‍ത്തേന്തീടും തലമുടിയുലഞ്ഞിട്ടു കാണ്മൂ

നടക്കാനും ക്ഷീണം മിഴിയിണ ചുഴന്നുള്ള വക്ത്രം

മഹാകേമം വൃത്തം പ്രവരലളിതം കാമചേഷ്ടം)

വൃത്തമഞ്ജരിയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഈ വൃത്തത്തിന് ഭാഷയില്‍ ഒരു ലക്ഷ്യലക്ഷണം ഇങ്ങനെയാവാം-

'യമംനംസംരംഗം പ്രവരലളിതം വൃത്തമാകും'

സമസ്യ-

‘പണംതന്നേ പഥ്യം സകലഗണിതം തെറ്റുമപ്പോള്‍’

66.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ശിഖരിണി

ആദ്യാത് പരാണി പഞ്ചാഥ

ദ്വാദശം സത്രയോദശം

അന്ത്യം സപ്തദശേ പാദേ

ശിഖരിണ്യാം ഗുരൂണി ച

(പതിനേഴക്ഷരമുള്ള പാദത്തില്‍ രണ്ടുമുതല്‍ അഞ്ചക്ഷരവും പന്ത്രണ്ടും പതിമൂന്നും പതിനേഴുമായി എട്ടക്ഷരം ഗുരുവായിട്ടുള്ള വൃത്തത്തിന് 'ശിഖരിണി' എന്നു പേര്‍)

അത്യഷ്ടിഛന്ദസ്സിലെ പതിനേഴക്ഷരങ്ങള്‍ ഇപ്രകാരം ഗംലകളായി നിരത്തിയാല്‍

'ലഗംഗം|ഗംഗംഗം|ലലല|ലലഗം|ഗംലല|ലഗം'

എന്നുകിട്ടും. ഈ ചൊല്‍വടിവിനെ ത്രികങ്ങളായി തിരിച്ചാല്‍ 'യമനസഭലഗം' എന്നു വരും.

'യതിക്കാറില്‍ത്തട്ടും യമനസഭലംഗം ശിഖരിണീ'

എന്ന് ഈ വൃത്തത്തിന് വൃത്തമഞ്ജരിയില്‍ ലക്ഷ്യലക്ഷണമുണ്ട്.

ഭരതമുനി നല്കിയ ഉദാഹരണം-

മഹാനാദ്യാഭോഗേ പുളിനമിവ തേ ഭാതി ജഘനം

തഥാസ്യം നേത്രാഭ്യാം ഭ്രമരസഹിതം പങ്കജമിവ

തനുസ്പര്‍ശശ്ചായം സുതനുസുകുമാരോ ന പുരുഷഃ

സ്തനാഭ്യാം തുംഗാഭ്യാം ശിഖരിണിനിഭാ ഭാസി ദയിതേ

നാരായണപിഷാരടിയുടെ വിവര്‍ത്തനം-

നിതംബം ശോഭിപ്പൂ പെരിയപുഴതന്‍ സൈകതനിഭം

മുഖം നേത്രംമൂലം ഭ്രമരസഹിതാംബോരുഹസമം

ശരീരത്തില്‍ സ്പര്‍ശം സുതനു സുകുമാരം സ്തനയുഗം

സുതുംഗം കാണുമ്പോള്‍ ശിഖരിണിയെടോ നീ പ്രിയതമേ!

സമസ്യ പൂരിപ്പിക്കുക-

ശ്രമിച്ചാലെന്തെന്തും കരഗതമതാകും ശുഭകരം

67.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

വൃഷഭലളിതം

യത്ര പഞ്ച ലഘൂന്യാദൌ

ത്രയോദശ ചതുര്‍ദ്ദശേ

ഷോഡശൈകാദശേ ചൈവ

വൃഷഭം ലളിതം തു തത്

(പതിനേഴക്ഷരമുള്ള പാദത്തില്‍ ആദ്യം അഞ്ച് പതിനൊന്ന് പതിമൂന്ന് പതിനാല് പതിനാറ് എന്നീ ഒമ്പതക്ഷങ്ങള്‍ ലഘുവായിട്ടുള്ള വൃത്തത്തിന് ഹരിണി എന്നാണു പേര്)

അത്യഷ്ടി ഛന്ദസ്സിലെ ഈ അക്ഷരങ്ങളെ ലഘുഗുരുക്കളായി നിരത്തിയാല്‍

'ലലല|ലലഗം|ഗംഗംഗം|ഗംലഗംലലഗം|ലഗം'

എന്ന് ആലാപനതാളം. 'നസമരസലഗം' എന്നു വര്‍ണ്ണഗണനിബന്ധനയില്‍ വരുന്ന ഈ വൃത്തം 'ഹരിണി' എന്ന പേരിലാണ് വൃത്തമഞ്ജരിയിലും മറ്റും ലക്ഷണം ചെയ്യപ്പെട്ടിട്ടുള്ളത്.

"നസമ ഹരിണി|ക്കാറും പത്തും| മുറിഞ്ഞു രസംലഗം"

എന്നാണ് തമ്പുരാന്റെ ലക്ഷ്യലക്ഷണം.

ഭരതമുനി നല്‍കിയ ഉദാഹരണശ്ലോകം-

ജലദനിനദം ശ്രുത്വാ ഗര്‍ജ്ജന്‍ മദോച്ചയദര്‍പ്പിതോ

വിലിഖതി മഹീം ശൃംഗാക്ഷേപൈർവൃഷഃ പ്രതിനദ്യ ച

സ്വയുവതിവൃതോ ഗോഷ്ഠാദ് ഗോഷ്ഠം പ്രയാതി ച നിര്‍ഭയോ

വൃഷഭലളിതം ചിത്രം വൃത്തം കരോതി ച ശാദ്വലേ

വിവര്‍ത്തനം-

ജലദനിനദം കേള്‍ക്കെഗ്ഗര്‍ജ്ജിച്ചിടുന്നിതു ഗര്‍വ്വിതന്‍

നിലമതു പിളര്‍ക്കുന്നൂ കൊമ്പാല്‍ വൃഷം മുരളുന്നിതാ

ഭയവിരഹിതന്‍ പൈക്കൂട്ടത്തോടിണങ്ങി നടപ്പിതാ

വൃഷഭലളിതം വൃത്തം പുല്‍ത്തട്ടിലുണ്ടു വിചിത്രമായ്.

68.വൃത്തശാസ്ത്രം

ശ്രീധരാ

ചത്വാര്യാദൌ ച ദശമം

ഗുരു യത്ര ത്രയോദശം

ചതുര്‍ദ്ദശം തഥാന്ത്യേ ദ്വേ

ചൈകാദശമതാപി ച

യദാ സപ്തദശേ പാദേ

ശേഷാണി ച ലഘൂന്യഥ

ഭവന്തി യസ്മിന്‍ സാ ജ്ഞേയാ

ശ്രീധരാ നാമതോ യഥാ

(പതിനേഴക്ഷരമുള്ള പാദത്തില്‍ ആദ്യത്തില്‍ നാല്, പത്ത്, പതിനൊന്ന്, പതിമൂന്ന്, പതിനാല്, പതിനാറ്, പതിനേഴ് ഇങ്ങനെ പത്തക്ഷരം ഗുരുവും ബാക്കി ഏഴക്ഷരം ലഘുവുമായിട്ടുള്ള വൃത്തത്തിനു ശ്രീധര എന്നു പേര്‍. (മന്ദാക്രന്ത)

മന്ദാക്രാന്തഎന്നു കേട്ടാല്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനേയും മയൂരസന്ദേശവുമാണ് ഓര്‍മ്മവരിക.

വൃത്തത്തിന്റെ ഗംല താളം-

ഗംഗംഗംഗംലലലലലഗംഗംലഗംഗംലഗംഗം

എന്നാണ്.

വര്‍ണ്ണഗണക്രമം 'മഭനതതഗംഗം'എന്നു വരും. കേരളപാണിനി നല്‍കിയ ലക്ഷ്യലക്ഷണം

'മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം'

എന്നാണ്.

ഭരതമുനിയുടെ ഉദാഹരണം-

സ്നാനൈശ്ചൂര്‍ണൈഃ സുഖസുരഭിഭിര്‍ ഗ്ഗണ്ഡലേപൈശ്ചധൂപൈഃ

പുഷ്പൈശ്ചാന്യൈഃ ശിരസി രചിതൈര്‍ വസ്ത്രയോഗൈശ്ച തൈസ്തൈഃ

നാനാരത്നൈഃ കനകഖചിതൈ രംഗസംഭോഗസംസ്ഥൈര്‍

വ്യക്തം കാന്തേ കമലനിലയാ ശ്രീധരേവാതിഭാസി

ഭാഷ-

ചൂര്‍ണ്ണം രമ്യം സുഖസുരഭിലം ഗണ്ഡലേപങ്ങള്‍ ധൂപം

കൂന്തല്‍ച്ചാര്‍ത്തില്‍ക്കുസുമനിചയം വസ്ത്രയോഗം വിശേഷാല്‍

നാനാരത്നം കനകഖചിതം കാണ്മിതംഗങ്ങള്‍ തോറും

വ്യക്തം നീ ശ്രീധരയൊടുസമം കാന്തിയേന്തുന്നു കാന്തേ

69.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

വംശപത്രപതിതം

ആദ്യം ചതുര്‍ത്ഥം ഷഷ്ഠം ച

ദശമം നൈധനം ഗുരു

തദ്വംശപത്രപതിതം

ദശഭിഃ സപ്തഭിര്യതിഃ

(പതിനേഴക്ഷരമുള്ള പാദത്തില്‍ ഒന്ന് നാല് ആറ് പത്ത് പതിനേഴ് ഇങ്ങനെ അഞ്ചക്ഷങ്ങള്‍ ഗുരു. ബാക്കി പന്ത്രണ്ടക്ഷരവും ലഘു. ഇങ്ങനെയുള്ള വൃത്തത്തിന് വംശപത്രപതിതം എന്നു പേര്.)

ഇതിനെ ഗംലകളില്‍ നിബന്ധിച്ചാല്‍

'ഗംലല|ഗംലഗം|ലലല|ഗംലല|ലലല|ലഗം'

എന്ന് ചൊല്‍ത്താളം. 'ഭരനഭനലഗം' എന്നു ത്രികങ്ങളില്‍ വര്‍ണ്ണഗണക്രമം വരുന്ന ഈ വൃത്തത്തിനു വൃത്തമഞ്ജരിയില്‍

'പത്തിനുവംശപത്രപതിതം| ഭരനഭനലഗം'

എന്നു ലക്ഷ്യലക്ഷണമുണ്ട്.

ഭരതമുനിയുടെ ഉദാഹരണശ്ലോകം-

ഏഷഗജോദ്രിമസ്തകതടേ കളഭപരിവൃതഃ

ക്രീഡതി വൃക്ഷഗുല്മഗഹനേ കുസുമഭരനതേ

മേഘരവം നിശമ്യമുദിതഃ പവനസമജവഃ

സുന്ദരി! വംശപത്രപതിതം പുനരപി കുരുതേ

വിവര്‍ത്തനം-

ആനയിതാ മലയ്ക്കുമുകളില്‍ കളഭപരിവൃതന്‍

കേളികള്‍ചെയ് വു പൂക്കള്‍നിറയും വനമതിനിടയില്‍

മേഘരവങ്ങള്‍കേട്ടു മുദിതന്‍ പവനസമജവന്‍

ചെയ് വിതു വംശപത്രപതിതം പരിചൊടു സുമുഖി!

മറ്റൊരു ഉദാഹരണം

(കൂട്ടിനിണക്കിളി ശ്രുതിയിലും പ്രണയപരിമളന്‍

വീട്ടിനു നായകന്‍ സഹൃദയന്‍ പരമരസികനും

കേട്ടതു വിശ്വസിച്ചിതുവിധം കലഹഗമിതനായ്

കൂ ട്ടിനുവീണ്ടുമെത്തിയിടുമോവിരഹവിവശനായ്?)-സ്വം

70.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

വിളംബിതഗതി

ദ്വിതീയമന്ത്യം ഷഷ്ഠം ചാ-

പ്യഷ്ടമം ദ്വാദശം തഥാ

ചതുര്‍ദ്ദശം പഞ്ചദശം

പാദേ സപ്തദശാക്ഷരേ

ഭവന്തി യത്ര ദീര്‍ഘാണി

ശേഷാണി ച ലഘൂന്യഥ

വിളംബിതഗതിഃ സാ തു

വിജ്ഞേയാ നാമതോ യഥാ

(രണ്ട് ആറ് എട്ട് പന്ത്രണ്ട് പതിനാല് പതിനഞ്ച് പതിനേഴ് എന്നീ ഏഴക്ഷരങ്ങള്‍ ഗുരുവായും ബാക്കി പത്തെണ്ണം ലഘുവായും, പാദത്തില്‍ പതിനേഴക്ഷരമുള്ള വൃത്തത്തിന് 'വിളംബിതഗതി' എന്നു പേര്.)

ചൊല്‍വടിവ്

'ലഗംല|ലലഗം|ലഗംല|ലലഗം|ലഗംഗം|ലഗം'

എന്നും വര്‍ണ്ണഗണക്രമം 'ജസജസയലഗം' എന്നും വരും. ഇതുപ്രകാരം മലയാളത്തില്‍ ലക്ഷണമെഴുതിയാല്‍

'വിളംബിതഗതീ ജസം|ജസയലംഗമായെട്ടിലും'

എന്നു ലക്ഷ്യവും നേടാം.

വിഘൂര്‍ണ്ണിതവിലോചനാ പൃഥുവിഘൂര്‍ണ്ണഹാരാ പുനഃ

പ്രലംബരശനാചലത്സ്ഖലിതപാദമന്ദക്രമാ

നമേ പ്രിയമിദം ജനസ്യബഹുമാനരാഗേണയ-

ന്മദേന വിവശാ വിളംബിതഗതിഃ കൃതാത്വം പ്രിയേ

എന്ന ഭരതമുനിയുടെ ഉദാഹരണത്തിന് വിവര്‍ത്തനം ഇങ്ങനെ-

ചുഴന്ന നയനങ്ങളോടിളകിടുന്ന ഹാരങ്ങളും

കിഴിഞ്ഞൊരരഞ്ഞാണുമങ്ങിടറിടുന്ന കാല്‍വെപ്പുമായ്

വിളംബിതഗതിക്രമത്തൊടു വരുന്നു നീ വല്ലഭേ

മദിച്ചു വിവശത്വമാര്‍ന്നിതു രസിച്ചിടുന്നില്ല മേ

ഇതൊരു സമസ്യ തന്നെ. ആട്ടക്കാരിയാണോ ഈ നായിക?

ഉദാഹരണം (സ്വന്തം)

വരുന്നതു തരാതരം റയിലുമന്ത്രി മാസാന്തരം

സമാന്തര പലായനം നരകപാള ശോച്യായനം

നിരക്കതിനൊരേനയം ഉയരുമെന്നതേ നിശ്ചയം

നിരന്തരമൊരേതരം ശകടപത്ര പാരായണം

71.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ചിത്രലേഖാ

പഞ്ചാദൌ പഞ്ചദശകം

ദ്വാദശൈകാദശേ ഗുരു

ചതുര്‍ദ്ദശം തഥാന്ത്യേ ദ്വേ

ചിത്രലേഖാ ധൃതൌ സ്മൃതാ

(പാദത്തില്‍ പതിനെട്ടക്ഷരമുള്ള ധൃതി ഛന്ദസ്സില്‍ ആദ്യത്തിലഞ്ച്, പിന്നെ പതിനൊന്ന് പന്ത്രണ്ട് പതിനാല് പതിനഞ്ച് പതിനേഴ് പതിനെട്ട് ഇങ്ങനെ പതിനൊന്നക്ഷരം ഗുരുവായിട്ടള്ള വൃത്തത്തിനു ചിത്രലേഖാ എന്നു പേര്)

ഈ ലക്ഷണത്തെ ഗംലകളില്‍ നിരത്തിയാല്‍

'ഗംഗംഗം|ഗംഗംല|ലലല|ലഗംഗം|ലഗംഗം|ലഗംഗം'

എന്നു ചൊല്‍ത്താളം. ഇതിന്റെ വർണ്ണഗണക്രമം 'മതനയയയ' എന്നുവരും. വൃത്തമഞ്ജരിയില്‍ 'കുസുമിതലത' എന്നപേരാണുള്ളത്.

'മംതംനംയംയം|യതികളതില| ഞ്ചാറുമായ്ചിത്രലേഖാ'

എന്നു ലക്ഷ്യലക്ഷണമെഴുതാം.

നാനാരത്നാഢ്യൈര്‍ബ്ബഹുഭിരധികം ഭൂഷണൈരംഗസംസ്ഥൈര്‍

നാനാഗന്ധാഢൈര്‍മദനജനനൈരംഗരാഗൈശ്ചഹൃദൈഃ

കേശൈഃ സ്നാനാര്‍ദ്രൈഃ കുസുമഭരിതൈര്‍വസ്ത്രരാഗൈശ്ചതൈസ്തൈഃ

കാന്തേ! സംക്ഷേപൈഃ കിമിഹിബഹുനാ ചിത്രലേഖേവ ഭാസി

എന്ന ഭരതമുനിയുടെ ഉദാഹരണത്തിന് നാരായണപിഷാരടിയുടെ വിവര്‍ത്തനം-

നാനാരത്നാഢ്യം പലപലതരം ഭൂഷണം മെയ്യിലെല്ലാം

നാനാഗന്ധാഢ്യം മദനജനനം ഹൃദ്യമാമംഗരാഗം

കേശം സ്നാനാര്‍ദ്രം കുസുമഭരിതം വസ്ത്രരാഗം വിചിത്രം

കാന്തേ! സംക്ഷേപിച്ചിഹ പറകിലോ നീ തനിച്ചിത്രലേഖ.

72.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ശാര്‍ദ്ദൂലവിക്രീഡിതം

അന്ത്യം സപ്തദശം ചൈവ

ഷോഡശം ച ചതുര്‍ദ്ദശം

ത്രയോദശം ദ്വാദശം ച

ഷഷ്ഠമഷ്ടമമേവ ച

ത്രീണ്യാദൌ ച ഗുരൂണി സ്യു-

ര്യസ്മിം സ്ത്വേകോനവിംശകേ

പാദേ ലഘൂനി ശേഷാണി

ശാര്‍ദ്ദൂലക്രീഡിതം തു തത്

(പത്തൊമ്പതക്ഷരമുള്ള പാദത്തില്‍ ആദ്യമൂന്ന് 6,8,12,13,14,16,17,19 ഇങ്ങനെ പതിനൊന്നക്ഷരം ഗുരുവും എട്ടക്ഷരം ലഘുവുമായിട്ടുള്ള വൃത്തത്തിന് ശാര്‍ദ്ദൂലവിക്രീഡിതം എന്നു പേര്)

ഗംലതാളം

'ഗംഗംഗംലലഗംലഗംലലലഗംഗംഗംലഗംഗംലഗം'

എന്നും വർണ്ണഗണക്രമം 'മസജംസതംതഗം' എന്നും വരുന്ന ഈ വൃത്തത്തിന്

'പന്ത്രണ്ടാല്‍ മസജംസതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം'

എന്നു തമ്പുരാന്‍ ലക്ഷ്യലക്ഷണം ചെയ്തിട്ടുണ്ട്.

നാനാശാസ്ത്രശതഘ്നിതോമരഹതാഃ പ്രഭ്രഷ്ടസര്‍വ്വായുധാ

നിര്‍ഭിന്നോദരപാദബാഹുവദനാ നിര്‍ന്നാശിതാഃ ശത്രവഃ

ധൈര്യോത്സാഹപരാക്രമ പ്രഭൃതിഭി സ്തൈസ്തൈര്‍വ്വിചിത്രൈര്‍ഗുണൈര്‍-

വ്വൃത്തംതേ രിപുഘാതിഭാതിസമരേ ശാര്‍ദ്ദൂലവിക്രീഡിതം.

( നാനാവിധത്തിലുള്ള ശസ്ത്രങ്ങളാല്‍ മുഖവും കൈകാലുകളും വയറും പിളര്‍ന്ന് ശത്രുസംഘത്തെ നശിപ്പിക്കുന്ന നായകന്റെ ധൈര്യോത്സാഹപരാക്രമത്തെ ശാര്‍ദ്ദൂലവിക്രീഡിതത്തോടാണ് കവി രൂപകം ചെയ്തിട്ടുള്ളത്. )

73.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

സുവദന

ചത്വാര്യാദൌ ച ഷഷ്ഠം ച

സപ്തമം ച ചതുര്‍ദ്ദശം

തഥാ പഞ്ചദശം ചൈവ

ഷോഡശം നൈധനം തഥാ

ഏതാനി തു ഗുരൂണി സ്യുഃ

ശേഷാണി തു ലഘൂന്യഥ

പാദേ യത്ര കൃതൌ ജ്ഞേയാ

നാമ്നാ സുവദനാ തു സാ

(പാദത്തില്‍ ഇരുപതക്ഷരമുള്ള കൃതിഛന്ദസ്സില്‍ ആദ്യനാല്, 6,7,14,15,16,20 ഇങ്ങനെ പത്തക്ഷരം ഗുരുവും ബാക്കി പത്തക്ഷരം ലഘുവുമായിട്ടുള്ള വൃത്തത്തിന് സുവദനയെന്നു പേര്)

'ഗംഗംഗം|ഗംലഗം|ഗംലല|ലലല|ലഗംഗം|ഗംലല|ലഗം'

എന്നു ഗംലതാളത്തില്‍ വരുന്ന വൃത്തത്തിന്റെ വർണ്ണഗണക്രമം 'മരഭനയഭലഗം' എന്നാണ്.

'ഏഴേഴാറായി നില്ക്കും മരഭനയഭവും ലംഗംസുവദന'

എന്നു കേരളപാണിനി ലക്ഷ്യലക്ഷണം ചെയ്തിട്ടുണ്ട്.

ഭരതമുനിയുടെ ഉദാഹരണം-

നേത്രേ ലീലാലസേ തേ കമലദളനിഭേ ഭ്രൂചാപവിനതേ

ഗണ്ഡോഷ്ഠം പീനമദ്ധ്യം സമസഹിതഘനാഃ സ്നിഗ്ദ്ധാശ്ചദശനാഃ

കര്‍ണ്ണാവംസപ്രലംബൌ ചിബുകമപി നതം ഘോണാ സുരുചിരാ

വ്യക്തം ത്വം മര്‍ത്യലോകേ വരതനു! വിഹിതാസ്യേകാ സുവദനാ

(ലീലാലസ്യമാര്‍ന്ന കമലദളനയനങ്ങള്‍, വില്ലുപോലെ പുരികം, തുടുത്ത കവിള്‍ത്തടങ്ങള്‍, ചുണ്ടുകള്‍, തിളങ്ങുന്ന പല്ലുകള്‍, ലക്ഷണമൊത്ത കാതുകള്‍, നാസിക, ഉരുണ്ടുയര്‍ന്ന താടിത്തുഞ്ചം- വരതനുവായ നായികയുടെ സുവദനത്തിന്റെ വിസ്തരിച്ചുള്ള വര്‍ണ്ണനതന്നെ ഈ ശ്ലോകം.)

74.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

സ്രഗ്ദ്ധര

ചത്വാര്യാദൌ തഥാഷഷ്ഠം

സപതമം ച ചതുദ്ദശം

അഷ്ടാദശം സപ്തദശം

താഥാ പഞ്ചദശം പുനഃ

അന്ത്യോപാന്ത്യേ ഗുരൂണ്യത്ര

ലഘൂന്യന്യാനി സര്‍വ്വദാ

ഏകവിശതികേ പാദേ

സ്രഗ്ദ്ധരാ നാമ സാ യഥാ

(ഇരുപത്തൊന്നക്ഷരമുള്ള പാദത്തിൽആദ്യനാല്, 6,7,14,15,17,18,20,21 ഇങ്ങനെ പന്ത്രണ്ടക്ഷരംഗുരുവും ബാക്കി ഒമ്പതക്ഷരംലഘുവുമായ വൃത്തത്തിനു സ്രഗ്ദ്ധര എന്നു പേര്)

'ഗംഗംഗംഗംലഗംഗംലലലലലലഗംഗംലഗംഗംലഗംഗം'

എന്നു ഗംലതാളവും 'മരഭനയയയം'എന്നു വര്‍ണ്ണഗണക്രമവും വരുന്ന ഈ വൃത്തത്തിനു

'ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം ശ്രഗ്ദ്ധരാവൃത്തമാകും'

എന്നു കേരളപാണിനിയുടെ ലക്ഷ്യലക്ഷണം.

ഭരതമുനിയുടെ ഉദാഹരണം-

ചൂതാശോകാരവിന്ദൈഃ കുരവകതിലകൈഃ കര്‍ണ്ണികാരൈഃ ശിരീഷൈ

പുന്നാഗൈഃ പാരിജാതൈര്‍ബ്ബുകുളകുവലയൈഃ കിംശുകൈഃ സാതിമുക്തൈഃ

ഏതൈര്‍ന്നാനാപ്രകാരൈരധികസുരഭിഭിര്‍വിപ്രകീര്‍ണ്ണൈശ്ച തൈസ്തൈര്‍-

വ്വാസന്തൈഃ പുഷ്പവൃന്ദൈര്‍നരവര!വസുധാ സ്രഗ്ദ്ധരേവാദ്യ ഭാതി

(മാമ്പൂ താമര അശോകം കൊന്ന ശിരീഷം പുന്നാഗം പാരിജാതം കുവലയം കിശുകം സാതിമുക്തം തുടങ്ങി വര്‍ണ്ണാഭമായ സുഗന്ധപുഷ്പങ്ങള്‍ വിരിയിച്ച് വസന്തം വ്യാപിച്ചുനില്‍ക്കുന്ന ഭൂമി സ്രഗ്ദ്ധരാതുല്യം ശോഭിക്കുന്നു,)

75.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

മദ്രകം

ചതുര്‍ത്ഥമാദ്യം ഷഷ്ഠം ച

ദശമം ദ്വാദശം തഥാ

ഷോഡശാഷ്ടാദശേ ചൈവ

നൈധനം ച ഗുരൂണ്യഥ

ദ്വാവിംശത്യക്ഷരേ പാദേ

ശേഷാണി തു ലഘൂനി ച

ഭവന്തി യത്ര തൽജ്ഞേയം

മദ്രകം നാമതോ യഥാ

(ഇരുപത്തിരണ്ടക്ഷരമുള്ള പാദത്തില്‍ 1,4,6,10,12,16,18,22 ഇങ്ങനെ എട്ടക്ഷരം മാത്രം ഗുരുവും ബാക്കി പതിമൂന്നും ലഘുവുമായിട്ടുള്ള വൃത്തത്തിന് 'മദ്രക'മെന്നു പേര്)

ആകൃതിഛന്ദസ്സില്‍

'ഗംലലഗംലഗംലലലഗം|ലഗംലലലഗംലഗംലലലഗം'

എന്നു ഗംലതാളവും 'ഭരനരനരനഗ' എന്നു വര്‍ണ്ണഗണക്രമവും വരുന്ന വൃത്തത്തിന് 'ഭദ്രകം' എന്നപേരില്‍

'ഭദ്രകവൃത്തമാകുമിഹ ഭം|രനംരനരനംഗ പത്തിലറുകിൽ'

എന്നു വൃത്തമഞ്ജരിയില്‍ ലക്ഷ്യലക്ഷണമുണ്ട്.

ഭരതമുനിയുടെ ശ്ലോകം-

ഉദ്യതമേകഹസ്തചരണം ദ്വിതീയകരരേചകം സുവിനതം

വംശമൃതംഗവാദ്യമധുരം വിചിത്രകരണാന്വിതം ബഹുവിധം

മദ്രകമേതദദ്യ സുഭഗേ! വിദഗ്ദ്ധഗതിചേഷ്ടിതൈഃ സുലളിതൈര്‍

നൃത്ത്യസി വിഭ്രമാകുലപദം വരോരു! ലളിതക്രിയം സമരസം.

(മുരളീമൃദംഗാദികളുടെ മധുരവാദ്യാനുസരണം കരചരണങ്ങളുയര്‍ത്തിയും ഇളക്കിയും വിചിത്രവും ബഹുവിധവുമായ വിദഗദ്ധഗതിചേഷ്ടകളോടുകൂടിയ വിഭ്രമാകുലനടനം സുന്ദരീ നിനക്ക് അയത്നലളിതവും സമതുലിതവുമായ മദ്രകം തന്നെ)

76.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

അശ്വലളിതം

അന്ത്യമേകോനവിംശം ച

സപ്തമം സത്രയോദശം

ഏകാദശം സപ്തദശം

പഞ്ചമം ച ഗുരൂണ്യഥ

ശേഷാണി ച ലഘൂനിസ്യുര്‍-

വ്വികൃത്യാശ്ചരണേ ബുധൈഃ

വൃത്തം തദശ്വലളിതം

വിജ്ഞേയം നാമതോ യഥാ.

(പാദത്തില്‍ ഇരുപത്തിമൂന്നക്ഷരമുള്ള വികൃതിഛന്ദസ്സില്‍ 5,7,11,13,17,19,23 എന്നീ ഏഴക്ഷരം ഗുരുവും ബാക്കി ലഘുവുമായ വൃത്തത്തിന് അശ്വലളിതമെന്നു പേര്)

'ലലലലഗംലഗംലലലഗംലഗംലലലഗംലഗംലലലഗം'

എന്നു ഗംലതാളത്തില്‍ വരുന്നതും 'നജഭജഭജഭലഗം' എന്നു വര്‍ണ്ണഗണക്രമവും വരുന്ന വികൃതി ഛന്ദസ്സിലുള്ള വൃത്തത്തിന്

'ഇഹപതിനൊന്നില്‍നിന്നു നജഭം|ജഭംജഭംലഗങ്ങളശ്വലളിതം'

എന്നു തമ്പുരാന്‍ ലക്ഷ്യലക്ഷണം നല്‍കിയിട്ടുണ്ട്.

ഭരതമുനിയുടെ ശ്ലോകം-

രഥഹയനാഗയൌധപുരുഷൈഃ സുസങ്കുലമലം ബലം സമുദിതം

ശരശതശക്തികുന്തപരിഘാ സിയഷ്ടിവിതതം ബഹുപ്രഹരണം

രിപുശതമുക്തശസ്ത്രരവഭീത ശങ്കിതഭടം ഭയാകുലദിശം

കൃതമഭിവീക്ഷ്യ സംയുഗമുഖേ സമീപ്സിതഗുണം ത്വയാശ്വലളിതം.

(ബഹുവിധമായ അസ്ത്രകുന്തഗദാതി ശസ്ത്രങ്ങളാല്‍ സുസജ്ജമായ ചതുരംഗസേനയുടെ പ്രഹരമേറ്റ് നിരായുധരാക്കപ്പെട്ട് ഭയാക്രാന്തരായി തിരിഞ്ഞോടുന്ന ശത്രുനിരയോടുകൂടിയ യുദ്ധമുഖത്തുനില്ക്കുന്ന നായകന്‍ അശ്വലളിതസമാനന്‍ തന്നെ.)

78.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

മേഘമാല

ഷടാദാവഷ്ടമം ചൈവ

ഹ്യേകാദശചതുര്‍ദ്ദശേ

വിംശം സപ്തദശം ചൈവ

ത്രയോവിംശം തഥൈവച

ഏതാനി ച ലഘൂനി സ്യുഃ

ശേഷാണി ച ഗുരൂണ്യഥ

ചതുര്‍വ്വിംശാക്ഷരേ പാദേ

മേഘമാലേതി സാ യഥാ

(ഇരുപത്തിനാല ക്ഷരമുള്ള പാദത്തില്‍ ആദ്യ ആറ് 8,11,14,17,20,23 ഇങ്ങനെ പന്ത്രണ്ടക്ഷരം ലഘുവും ബാക്കി പന്ത്രണ്ട് ഗുരുവുമായിട്ടുള്ള വൃത്തത്തിനു മേഘമാലയെന്നു പേര്)

സംസ്കൃതി ഛന്ദസ്സിലുള്ള വൃത്തത്തിന്റെ ഗംലതാളം

'ലലലലലലഗംലഗംഗംലഗംഗംലഗംഗംലഗംഗംലഗംഗംലഗം'

എന്നും വണ്ണഗണക്രമം 'നനരരരരരര' ന്നും വരും. ഇരുപത്തിനാലക്ഷരങ്ങളില്‍ ലക്ഷണം ഇങ്ങനെയെഴുതാം-

'നനര രരര രംരമാ|യൊന്‍പതില്‍ നിര്‍ത്തണം മേഘമാലയ്ക്കിതാം ലക്ഷ്യവും'

ഭരതമുനി-

പവനബലസമാഹൃതാ തീവ്രഗംഭീരനാദാ വലാകാവലീമേഖലാ

ക്ഷിതിധര സദൃശോച്ചരൂപാ മഹാനീലധൂമാഞ്ജനാഭാംബുഗര്‍ഭോദ്ഭവാ

സുരപതിധനുരുജ്ജ്വലാ ബദ്ധകക്ഷ്യാതടിദ്ദ്യോതസന്നാഹപട്ടോജ്ജ്വലാ

ഗഗനതലവിസാരിണീ പ്രാവൃഷേണ്യോന്നതാ മേഘമാലാധികം ശോഭതേ

(കാറ്റിന്‍ കരുത്ത് തീവ്രഗംഭീരനാദം പര്‍വ്വതാകാരം നീലാഞ്ജനധൂമാഭം സമുദ്രോദ്ഭവം ഇന്ദ്രധനുസ്സ് ഇടിമിന്നല്‍ എന്നിവയാല്‍ ഉജ്വലം, വെള്ളില്‍പ്പറവകള്‍ വിഹരിക്കുന്ന മേഖലയില്‍ ഗഗനതലവിസാരിയായ മേഘമാലാവിലാസം മേല്‍ക്കുമേല്‍ വിളങ്ങുന്നു)

79.നാട്യശാസ്ത്രത്തിലെ വൃത്തശസ്ത്രം

ഭുജംഗവിജൃംഭിതം

അഷ്ടാവാദൌ ഗുരൂണിസ്യു

സ്തഥാചൈകോനവിംശകം

ഏകവിംശംതഥാ ചൈവം

ചതുര്‍വ്വിംശം സനൈധനം

ഏതാനി ഗുരുസംജ്ഞാനി

ശേഷാണ്യഥ ലഘൂനി ച

ഷഡ്വിംശത്യക്ഷരേ പാദേ

തദ് ഭുജംഗവിജൃംഭിതം

(ആദ്യഎട്ട് പിന്നെ 19.21.24.26.ഇങ്ങനെ പന്ത്രണ്ടക്ഷരം ഗുരുവും ബാക്കി ലഘുവുമായി ഇരുപത്താറക്ഷരമുള്ള വൃത്തത്തിന് ഭുജംഗവിജൃംഭിതമെന്നു പേര്)

'ഗംഗംഗംഗംഗംഗംഗംഗംലലലലലലലലലലഗംലഗംലലഗംലഗം'

എന്നു ഗംലതാളവും 'മമതനനനരസലഗം' എന്നു വര്‍ണ്ണഗണക്രമവും വരുന്ന വൃത്തത്തിന്

'എട്ടാല്‍ മൂവാറോടൊന്നാലും|മമത നയുഗ നരസ ലഗം|ഭുജംഗവിജൃംഭിതാ'

എന്നു തമ്പുരാന്‍ ലക്ഷ്യലക്ഷണം ചെയ്തിട്ടുണ്ട് (8,19യതി).

ഭരതമുനി-

രൂപോപേതാം ദേവൈഃസൃഷ്ടാം സമദഗജവിലസിതഗതീം നിരീക്ഷ്യ തിലോത്തമാം

പ്രാദക്ഷണ്യാത് പ്രാപ്താം ദ്രഷ്ടും ബഹുവദനമചലനയനം ശിരഃ കൃതവാന്‍ ഹരിഃ

ദീര്‍ഘം നിശ്വസ്യന്തര്‍ഗൂഢം സ്തനവദനജഘനരുചിരാം നിരീക്ഷ്യ തഥാ പുനഃ

പൃഷ്ഠേന്യസ്തം ദേവേന്ദ്രേണ പ്രവരമണികനകവലയം ഭുജംഗവിജൃംഭിതം

(രൂപവതിയായീശ്വരന്‍ തീര്‍ത്ത തിലോത്തമ മദഗജഗമനയായി പ്രദക്ഷണംചെയ്തെത്തുമ്പോള്‍ കണ്ണുതുറിച്ച് ഗൂഢനിശ്വാസമുതിര്‍ത്ത ദേവേന്ദ്രന്‍, സ്തന വദന ജഘന വടിവൊത്ത സുന്ദരി കടാക്ഷമയക്കവേ ഭുജംഗവിജൃംഭിതമായ പ്രവരരത്നകനകവലയം അവളുടെ പിന്നില്‍ ചേര്‍ത്തു)

(സ്വം)-

നീലാകാശം പാരാവാരം നരനരനുരനുരരജതം ജലാന്തമേഘാലയം

നീവായിക്കും വീണാനാദം സരിഗമപധനിസ സുരവം സുഖാമൃതാലേപനം

നീയും ഞാനും ചേരുന്നേരം പുളകിതരതപരിസരവും തുടുത്തു വർണ്ണാഭമായ്

നീളുംനേരം താരാജാലം ഒളിമിഴികളെറിയുവതുനീയറിഞ്ഞു മിണ്ടാഞ്ഞതോ?

80.നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം

ഇരുപത്തിയാറ് ഛന്ദസ്സുകളിലായി 53 സമവൃത്തങ്ങളുടെ ലക്ഷണങ്ങളാണ് ഉദാഹരണസഹിതം നാട്യശാസ്ത്രത്തില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ പലതും മറ്റു വൃത്തശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാത്തവയായതിനാല്‍ അതീവ പ്രാധാന്യമുള്ളതാണ്. ഏതാനും അസമവൃത്തങ്ങളുടെയും ലക്ഷണോദാഹരണങ്ങള്‍ ഭരതമുനി നല്‍കിയിട്ടുണ്ട്. അസമവൃത്തങ്ങള്‍ അര്‍ദ്ധസമം, വിഷമം എന്നിങ്ങനെ രണ്ടുവിധത്തിലുണ്ട്. വിഷമപാദങ്ങളും സമപാദങ്ങളും രണ്ടുതരം വൃത്തങ്ങള്‍കൊണ്ട് തീര്‍ത്തതാണ് അര്‍ദ്ധസമവൃത്തങ്ങള്‍. വിഷമവൃത്തങ്ങള്‍ നാലു പാദങ്ങളും വ്യത്യസ്ത വൃത്തങ്ങള്‍കൊണ്ടുള്ളതാണ്. സമവൃത്തങ്ങളെക്കാള്‍ എത്രയോ ഇരട്ടി അസമവൃത്തങ്ങള്‍ ഛന്ദസ്സുകളില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഭരതമുനി കാട്ടിത്തരുന്നുണ്ട്. അവയുടെ സംഖ്യ കണക്കാകാനുള്ള ഗണിതശാസ്ത്രവും നാട്യശാസ്ത്രത്തില്‍ കാണാം. വര്‍ണ്ണഗണക്രമത്തില്‍ വിഷമവൃത്തമായ അനുഷ്ടുപ്പിന്റെ ഏതാനും രൂപങ്ങള്‍ പരിശോധിക്കപെട്ടിട്ടുണ്ട്. പുഷ്പിതാഗ്ര മുതലുള്ള അസമവൃത്തങ്ങള്‍ വൃത്തമഞ്ജരിയില്‍ ലക്ഷണം ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ സമവൃത്തങ്ങളുടെ ഭാഗം കഴിഞ്ഞ് ഈ പഠനം തത്ക്കാലം നിര്‍ത്തുകയാണ്. മലയാളത്തിലെ വൃത്തശാസ്ത്രവിശാരദന്മാര്‍ നാട്യശാസ്ത്രത്തിലേക്ക് ഏറെയൊന്നും കണ്ണയച്ചിട്ടില്ല എന്നുകൂടി ചൂണ്ടിക്കാണിക്കട്ടെ.

=========================================

ഇല്ല കാലഗണിതം, കടന്നു പല കൊല്ല, മെത്ര യറിവില്ലതും|

തെല്ലൊരോര്‍മ്മയതു നൂറുചെന്നദിനമാളുകൂടിയതുമാത്രവും|

തോലുമെല്ലുമിനി ബാക്കി കൊല്ലുവതിനില്ലകാല,നവനും ശുഭം!|

കാലകാലനുടെ കാലിണയ്ക്കടിയിലാണു കാണുവതൊരാശ്രയം!|

നീവന്നാല്‍ പോരില്ല, പോരല്ല തമ്മില്‍

നീചൊന്നാല്‍ കേള്‍ക്കില്ല വാക്കില്ല നാക്കില്‍

നീയൊന്നും ചേരില്ല ചേലില്ല കണ്ണില്‍

നീയിന്നും നില്ക്കേണ്ട കാക്കേണ്ട മേലില്‍

4.അറിഞ്ഞുനിന്റെ കൈകളെന്‍ മുറിഞ്ഞനെഞ്ചകംതൊടും

പറഞ്ഞുനീസ്വകാര്യമായ് 'വരും തിരിച്ചുവീണ്ടുമീ-

വരണ്ടഭൂവില്‍ സ്നേഹനീരുറന്നിടുന്ന നാളതില്‍

അവന്റെരാജ്യമാകു,മന്നു സ്വര്‍ഗ്ഗരാജ്യമീയിടം'

*ക്രിസ്മസ് ആശംസകള്‍*

6. എഴുത്തച്ഛന്

മണിമണികള്പോലെഴും മണികാഞ്ചി കൊണ്ടു ഞാൻ

മൊഴിമണികള് കോര്ക്കുവാനുദ്യമിച്ചീടവേ

അണിയണിനിരയ്ക്കുമീ പൊരുൾമണികളീ വിധം

അതിശയകരം ഭവാനടിമലരില് വെച്ചിടാം

ബ്രാഹ്മി 1.

അശോക ബ്രാഹ്മി (വടക്കന്) തമിഴ് ബ്രാഹ്മി (തെക്കന്) എന്നിങ്ങനെ രണ്ടു വകഭേദങ്ങള് ബ്രാഹ്മി ലിപിയില് കണ്ടെത്തിയിട്ടുണ്ട്. ബ്രാഹ്മി ലിഖിതങ്ങളുടെ ഗ്യലറി എന്നറിയപ്പെടുന്ന എടക്കല് ഗുഹയില് ഒരേ കാലത്ത് എഴുതപ്പെട്ട വടക്കന് ബ്രാഹ്മിയുടെയും തമിഴ് ബ്രാഹ്മിയുടെയും ലിപിഭേദങ്ങള് വായിച്ചെടുക്കപ്പെട്ടിട്ടുണ്ട്. സിന്ധു നാഗരികതയില്നിന്നും കണ്ടെടുക്കപ്പെട്ട ലിപിമുദ്രകള് ഇതേവരെ പൂര്ണ്ണമായും വായിച്ചെടുക്കാന് കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. സിന്ധുനദീതടത്തില് പ്രചാരത്തിലുണ്ടായിരുന്ന പുരാതനലിപികളില്നിന്നും പരിണമിച്ചുണ്ടായതാണ് ബ്രാഹ്മി എന്ന വാദത്തിനാണ് കൂടുതല് പ്രചാരം. ബി. സി. ആറാംനൂറ്റാണ്ടുമുതല് എ. ഡി. നാലുവരെ ബ്രാഹ്മി വ്യവഹാരത്തിലുണ്ടായിരുന്നു. ഇതു ക്രമേണ രണ്ടു പ്രമുഖശാഖകളായി പരിണമിച്ചു. ഉത്തരശാഖയില്നിന്നും ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരേന്ത്യന് ഭാഷകള്ക്കടിസ്ഥാനമായ ദേവനാഗരിയും ദക്ഷിണശാഖയില്നിന്നും ദ്രാവിഡ, സിഹള ലിപികളും ഉണ്ടായതായി കരുതുന്നു. ബ്രാഹ്മി കാലഘട്ടത്തില്ത്തന്നെ ഖരോഷ്ഠി ലിപികളും കണ്ടെത്തിയിട്ടുണ്ട്. അരാമിക്- സെമിറ്റിക് ഗോത്രത്തോടാണ് ഖരോഷ്ഠി ലിപികള്ക്കു സാമ്യം.

സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല.


Phone: 9495723832




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.