പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

തോപ്പിൽ ഭാസിയുടെ മകൻ സോമൻ എഴുതിയ ‘അച്ഛൻ കൊമ്പത്ത്‌’ എന്ന കൃതിയെക്കുറിച്ച്‌ അസുഖകരമായ ഒരു ചിന്ത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇലിപ്പക്കുളം രവീന്ദ്രൻ

ലേഖനം

തോപ്പിൽ ഭാസിയും അദ്ദേഹത്തിന്റെ നാടകങ്ങളും സാമൂഹികപുരോഗതിക്ക്‌ നല്‌കിയ സംഭാവനകളെ അണുപോലും കുറച്ചുകാണാനല്ല ഈ കുറിപ്പ്‌. കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ഭാസിക്ക്‌ ഏറെ സംഭാവന ചെയ്‌തു; പ്രസ്ഥാനത്തിന്‌ ഭാസിയും. ഈയൊരു സമഞ്ഞ്‌ജസമ്മേളനം ആ കാലഘട്ടം സമ്മാനിച്ചതാണ്‌. നിസ്വരായ മനുഷ്യപക്ഷത്തുനിന്ന്‌ ജീവിതാന്ത്യംവരെ അവർക്കുവേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്‌ത ആ മഹാനായ പ്രതിഭയെ കാലം ആദരിക്കുമെന്നുറപ്പാണ്‌. ഒപ്പം ഭാസിയും അദ്ദേഹത്തിന്റെ നാടകങ്ങളുമാണ്‌ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ അധികാരത്തിൽ വരാൻ ഇടയാക്കിയതെന്ന നിഗമനം ചരിത്രവസ്‌തുതകൾ വളച്ചൊടിക്കലാണെന്ന്‌ ഓർക്കാവുന്നതുമാണ്‌.

ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിലെ പിളർപ്പിനെ അധികരിച്ച്‌ ഒരു ലഘുനാടകം ഇതിലുണ്ട്‌. പിളർപ്പിനെക്കുറിച്ചുളള സോമന്റെ കാഴ്‌ചപ്പാട്‌ കൂപമണ്ഡൂകബുദ്ധിയെ ഓർമ്മപ്പെടുത്തുന്നു. വ്യക്തിനിഷ്‌ഠ ഇച്ഛകളല്ലല്ലോ ചരിത്രസൃഷ്‌ടിക്ക്‌ നിമിത്തമാകുന്നത്‌. മൂന്ന്‌ പതിറ്റാണ്ടിനപ്പുറം നടന്ന ആ വേദനിപ്പിക്കുന്ന സംഭവത്തിന്റെ അനിവാര്യത, തുടർന്നുവന്ന ഇന്ത്യൻ രാഷ്‌​‍്‌ട്രീയത്തിന്റെ ഗതിവിഗതികൾ പഠിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടേണ്ടതാണ്‌. വസ്‌തുനിഷ്‌ഠമായി പ്രശ്‌നത്തെ സമീപിക്കാതെ വ്യക്തിനിഷ്‌ഠ ആഗ്രഹങ്ങളുടെ സഫലീകരണം പൂർണ്ണമാവണമെന്ന്‌ വിലപിച്ചുകൊണ്ടിരിക്കുന്നതിൽ ആർക്കാണൊരു നേട്ടം. ജീവന്‌ ഭീഷണിയാകുന്ന ശരീരാവയവം വേദനാജനകമെങ്കിലും മുറിച്ചുമാറ്റുകയേ മാർഗ്ഗമുളളു.

ഇന്ദ്രൻ, യമൻ, ചന്ദ്രഗുപ്‌തൻ, കമ്മ്യൂണിസ്‌റ്റ്‌ നേതാക്കൾ തുടങ്ങിയവരുടെ വായിൽ സോമൻ തിരുകിക്കയറ്റുന്ന വാക്കുകൾ ആത്മനിഷ്‌ഠമാണ്‌; അതുകൊണ്ട്‌ ചരിത്രനിഷേധവും. (ഭാസിയുടെ വാക്കുകളാകട്ടെ, ‘ഒളിവിലെ ഓർമ്മകളി’ലും നാം വായിച്ചറിഞ്ഞതാണ്‌.) നിങ്ങളാരെ കമ്മ്യൂണിസ്‌റ്റാക്കി എന്നൊരു തൃശൂർക്കാരൻ ചോദിച്ച ചോദ്യം മറ്റൊരു രീതിയിൽ സോമനും ചോദിക്കുന്നു.

അഭിപ്രായസ്വാതന്ത്ര്യം എന്നതുകൊണ്ട്‌ കമ്മ്യൂണിസ്‌റ്റായ സോമൻ എന്താണ്‌ ഉദ്ദേശിക്കുന്നത്‌. ബൂർഷ്വാപാർട്ടിയും തൊഴിലാളിവർഗ്ഗപാർട്ടിയും വ്യത്യസ്‌ത ധാരയിലൂടെയാണ്‌ നീങ്ങുന്നതെന്ന വസ്‌തുത സോമന്‌ അറിയില്ലെന്നുണ്ടോ? കമ്യൂണിസ്‌റ്റ്‌ പാർട്ടിയോളം പ്രായമുണ്ട്‌ ഈ ആരോപണത്തിനും. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുളള ശുദ്ധകലാവാദികളുടെ മേനിപറച്ചിൽ ഇന്ന്‌ ജീർണ്ണാവസ്ഥയിലാണ്‌.

വിപ്ലവകാരികളുടെ കുടുംബം അവർക്കുശേഷം അവരോടുപോലും നീതികാണിക്കുന്നില്ലെന്നുളളത്‌ നമ്മെ നീറ്റുന്ന ഒരു പ്രശ്‌നമാണ്‌. (താത്‌പര്യമുളളവർക്ക്‌ ഗവേഷണം നടത്താൻ പറ്റിയ ഒരു വിഷയമാണിത്‌. ഡോക്‌ടറേറ്റ്‌ കിട്ടാൻ വേണ്ടിയല്ലെങ്കിലും ഈയുളളവൻ അങ്ങനെയൊരു ശ്രമം ആരംഭിച്ചിട്ടുണ്ട്‌.) സഖാവ്‌ നായനാരുടെ ഭാര്യ ശാരദടീച്ചറെ ഓർത്ത സോമൻ ശ്രീമതി അമ്മിണിയമ്മയെ മറന്നതിലാണ്‌ വിഷമം. ആ അമ്മതന്നെ സാക്ഷ്യപ്പെടുത്തുന്നത്‌ നോക്കുകഃ

“എന്റെ സഖാവ്‌ (ഭാസി) മരിച്ചതിനുശേഷം എനിക്ക്‌ പെൻഷന്‌ അപേക്ഷിക്കാൻ സഖാഃ പുതുപ്പളളി അദ്ദേഹത്തിന്റെ ജയിൽരേഖയും മറ്റും തന്നിരുന്നു. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ്‌ ഞാൻ അപേക്ഷിച്ചത്‌. സ്ഥലത്തെ പാർട്ടിക്കാർക്ക്‌ അതൊന്നും രസിച്ചിട്ടില്ല. കാമ്പിശ്ശേരിയുടെ ഭാര്യ ഒരു ദിവസം വീട്ടിൽവന്ന്‌ എന്നോട്‌ പറഞ്ഞു, ‘അവർ രണ്ടുപേരും കൂടി (കാമ്പിശ്ശേരിയും ഭാസിയും) വേണ്ടെന്ന്‌ വച്ചതിന്‌ നമുക്ക്‌ രണ്ടുപേർക്കും അപേക്ഷിക്കാം.’ (പുതുപ്പളളി രാഘവൻ സ്‌മരണിക-2003. പേജ്‌ഃ 128) ശാരദടീച്ചർ, അമ്മിണിയമ്മ, കാമ്പിശ്ശേരിയുടെ ഭാര്യ-ശരിയേത്‌ തെറ്റേത്‌ എന്ന വിചിന്തനം ഈ കുറിപ്പിൽ പ്രസക്തമല്ലാത്തതുകൊണ്ട്‌ വിടുന്നു.

ദീർഘിപ്പിക്കുന്നില്ല; പ്രശസ്‌തരായവരെക്കുറിച്ചെഴുതി പ്രശസ്‌തരാവാൻ ശ്രമിക്കുന്നവരുടെ പട്ടിക സോമനോടുകൂടി തുടങ്ങുന്നതും ഒടുങ്ങുന്നതും അല്ല എന്നതുകൊണ്ട്‌ ‘അച്‌ഛൻ കൊമ്പത്ത്‌’ എന്ന കൃതിയുടെ കർത്താവ്‌ മാപ്പിനർഹനാണ്‌. ഈ കുറിപ്പ്‌ വായിച്ച്‌ ഈർഷ്യവേണ്ട, ഉദ്ദേശ്യശുദ്ധിയാണിതിനു പിന്നിൽ.

(കടപ്പാട്‌ ഃ ഉൺമ മാസിക)

ഇലിപ്പക്കുളം രവീന്ദ്രൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.